കടുത്ത നിരാശ്ശയോടെ സുദേവ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. തികട്ടി വന്ന അമർഷം കടിച്ചമർത്തി അയാൾ സിഗരറ്റിനു തിരി കൊളുത്തി.
ഒരു വർഷം കഴിഞ്ഞു രേഖയെ ഇങ്ങനൊന്നു അടുത്ത് കിട്ടിയിട്ട്. അപ്പോഴേക്കും കുഞ്ഞു കരഞ്ഞു ബഹളമുണ്ടാക്കി. ദേവേട്ടാ മോളു എണിറ്റു ഞാൻ നോക്കട്ടെയെന്നു പറഞ്ഞു അവൾ എണിറ്റു പോയി.
ഇന്നലെയും ഇങ്ങനെ തന്നെ…അയാൾക്ക് അരിശം കൂടി വന്നു. അതിനേക്കാൾ അയാളെ നിരാശനാക്കിയത്, അവൾക്കു…രേഖക്ക് വന്ന മാറ്റങ്ങളാണ്…
എന്തു സുന്ദരിയായിരുന്നു അവൾ, മുല്ലപ്പൂ പോലെ വെളുത്ത നിറവും, കരിനീല കണ്ണുകളും, വടിവൊത്ത ശരീരവും, ഇട തോർന്ന മുടികളും എല്ലാം അയാളെ മത്തു പിടിപ്പിച്ചിരുന്നു. അവളുടെ ആ സൗന്ദര്യം തന്നെ ആയിരുന്നു തുടക്കത്തിൽ അയാളെ അവളിലേക്ക് അടുപ്പിച്ചത്.
കല്യാണം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞു പോയപ്പോഴേക്കും അവൾക്കു വിശേഷമായിരുന്നു. പോകാൻ അയാൾക്ക് തീരെ മനസ്സില്ലായിരുന്നു. എന്നെ തന്നെ ഇട്ടിട്ടു പോകല്ലേ എന്നു പറഞ്ഞു…എയർപോർട്ടിൽ തല കറങ്ങി വീണ രേഖയുടെ രൂപം ഇപ്പോഴും മനസ്സിലുണ്ട്.
അതിനുശേഷം ഇപ്പൊ ഒരു വർഷം കഴിഞ്ഞിരിക്കുന്നു. പ്രസവം കഴിഞ്ഞിപ്പോ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് താൻ നാട്ടിലേക്കു എത്തിയത് ഇന്നലെയാണ്. വന്നപ്പോൾ കണ്ട രേഖയുടെ മാറ്റങ്ങൾ അക്ഷരാർത്ഥത്തിൽ അയാളെ നിരാശനാക്കി എന്നു വേണം പറയാൻ.
കൊലുന്നനെ നീണ്ടിരുന്ന അവളിപ്പോൾ ബോൾ പോലെ ഉരുണ്ടു വീർത്തിരിക്കുന്നു. താൻ വട്ടം ചുറ്റി പിടിച്ചിരുന്ന ആലില വയർ അരിസഞ്ചി പോലെ വീർത്തു തൂങ്ങിയിരിക്കുന്നു.
അതിന്മേലാണെങ്കിലോ…ചുക്കി ചുളിഞ്ഞു കുറെ വരയും കുറിയും. തന്നെ എന്നും വികാര പരവശനാക്കിയിരുന്ന മാറിടങ്ങൾ ഇപ്പോൾ ആകാര ഭംഗി നഷ്ടപ്പെട്ടു ഇടിഞ്ഞു പോയിരിക്കുന്നു.
സുന്ദരമായിരുന്ന മുഖവും കഴുത്തുമൊക്കെ പാടുകൾ വന്നു അഭംഗി ആയിരിക്കുന്നു. ഓർക്കും തോറും അയാൾക്ക് നിരാശ വർദ്ധിച്ചു വന്നു.
മനം മയക്കുന്ന കാച്ചെണ്ണയുടെയും അത്തറിന്റെയും മണവും ആയി തന്നെ മോഹിപ്പിച്ചിരുന്നവൾക്കു ഇപ്പോൾ പാലിന്റെ വല്ലാത്തൊരു മണവും, കുഞ്ഞിന്റെ മൂത്രത്തിന്റെ മണവും ആണ്.
അവളുടെ കുഴിഞ്ഞു പോയ കണ്ണുകളും, മുഖത്തും, ശരീരത്തും വന്ന പാടുകളും അയാളിൽ ഒരു നിമിഷത്തേക്കെങ്കിലും വെറുപ്പുളവാക്കി…ദേവേട്ടാ എന്നു വിളിച്ചു പിറകെ നടന്നവൾക്കിപ്പോ തന്നെ കണ്ട ഭാവമില്ല, ഒന്നടുത്തു വിളിച്ചാൽ, കെട്ടി പിടിച്ചാൽ അപ്പോൾ കുഞ്ഞുണരും…
എന്തിനും ഏതിനും കുഞ്ഞു…കുഞ്ഞ്…തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യം…ചിലപ്പോ സ്വയം കണ്ണാടിയിൽ നോക്കി വിഷമിച്ചു നിൽക്കുന്നത് കാണാം…
പ്രസവ രക്ഷ എന്ന പേരിൽ കണ്ടതെല്ലാം തിന്നു വീർത്തിട്ടു ഇനി കണ്ണാടിയിൽ നോക്കിയിട്ടെന്താ അയാൾ ചോദിക്കേം ചെയ്തു…അവൾക്കു ഇപ്പൊ വൃത്തിയില്ല, വെടുപ്പില്ല, നന്നായൊന്നു ഒരുങ്ങി നടക്കില്ല അങ്ങനെ നൂറു കുറ്റങ്ങൾ അയാളുടെ മനസ്സിലേക്കു വന്നു…
ഓരോന്ന് ആലോചിച്ചാലോചിച്ചു ബാൽക്കണിയിൽ കിടന്ന ചാരു കസേരയിൽ ഇരുന്നു അയാൾ ഉറങ്ങി പോയി…അർദ്ധ രാത്രിയിലെപ്പോഴോ കുഞ്ഞ് കരയുന്ന ശബ്ദം കേട്ടു, ഉറക്കം നഷ്ടപെട്ട ദേഷ്യത്തോടെയാണ് അയാൾ റൂമിലേക്ക് ചെന്നതു…
കരഞ്ഞ കുഞ്ഞിനെ എടുത്തു സമാധാനിപ്പിച്ചു മുലയൂട്ടുകയാണ് അവൾ. പാല് കുടിച്ചു സുഖമായി ഉറങ്ങുകയാണെന്റെ കുഞ്ഞ് കാന്താരി…ഒരു നിമിഷം കുറ്റബോധം കൊണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു….
പത്തു മാസം വയറ്റിൽ ചുമന്നു തന്റെ മോളെ തന്നെ ഏൽപ്പിച്ച, അവളെ മനസ്സിലാക്കാൻ തനിക്കയില്ലല്ലോ എന്നു കുറ്റബോധത്തോടെ അയാൾ ഓർത്തു. താനൊപ്പമില്ലാതെ ഗർഭകാലം അവളെത്ര കഷ്ടപെട്ടിരിക്കും, ഒരു ആശ്വാസ വാക്കായി പോലും അവൾക്കൊപ്പമിരിക്കാൻ തനിക്കായിട്ടില്ല, എത്ര വേദന തിന്നാണവൾ പ്രസവിച്ചത്, ഇതുപോലെ എത്ര എത്ര രാത്രികളിൽ അവൾക്കു ഉറക്കം നഷ്ടപെട്ടിരിക്കാം…
തനിക്കോ…തനിക്കെന്തു നഷ്ടമാണ് ഉണ്ടായതു…കുറ്റബോധത്തോടെ അയാളോർത്തു. ഒന്നും നഷ്ടപ്പെടാതെ തന്റെ പൊന്നോമനയെ കിട്ടി. പക്ഷെ അവളോ, തന്റെ കുഞ്ഞിന് ജന്മം നൽകാൻ അവൾ പകരം നൽകിയത് അവളുടെ ശരീരമാണ്…അവളുടെ മനസ്സാണ്…
അവൾ അവളെ തന്നെ നോവിച്ചാണ് കുഞ്ഞിനെ പ്രസവിച്ചത്. പ്രസവശേഷം ഉണ്ടാകുന്ന ഹോർമോണൽ ഇമ്പാലൻസ് കൊണ്ട് ഡിപ്രെഷൻ വന്നു ആത്മഹത്യ ചെയ്ത സ്ത്രീയെ പറ്റി ഫേസ്ബുക്കിൽ കണ്ട പോസ്റ്റിനു സഹതാപത്തോടെ കമന്റ് ചെയ്ത തന്നോട് തന്നെ അയാൾക്ക് പുച്ഛം തോന്നി.
എന്നിട്ടും സ്വന്തം ഭാര്യയെ മനസിലാക്കാൻ സാധിക്കാത്തൊരു വൻ പരാജയമാണ് താനെന്നയാൾ തിരിച്ചറിഞ്ഞു…കുഞ്ഞിനെ ഉറക്കി സാവധാനം എണീറ്റ രേഖയുടെ പിന്നാലെ ചെന്ന് ചുറ്റി പിടിച്ചപ്പോൾ, വിട് ദേവേട്ടാ മോളുന്ന് പറഞ്ഞവൾ ചിണുങ്ങി.
ഇനി കുറച്ചു നേരം അമ്മയെ അച്ഛൻ എടുക്കട്ടെ മോളെന്നു പറഞ്ഞു അയാൾ അവളെ ഇറുക്കി പിടിച്ചു നെറുകയിൽ ചുംബിച്ചപ്പോൾ….അയാളും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു ഭാര്യയിൽ നിന്ന് അമ്മയിലേക്കുള്ള ദൂരം പറഞ്ഞറിയിക്കാൻ പറ്റാത്ത വണ്ണം കല്ലും മുള്ളും നിറഞ്ഞതാണെന്ന്…അതു താണ്ടുക നിസ്സാരമല്ലെന്നു.