എന്റെ കണ്ണുനീർ തുടച്ചവൾ പറഞ്ഞു, അമ്മയെ നശിപ്പിച്ച അയാളെ ഞാൻ വെറുതെ വിടില്ല

രചന: Shahida Ummarkoya

അയാളുടെ അരയിലെ തുണി കുത്തിൽ കുത്തി പിടിച്ചവൾ അലറി…അമ്മേ അടിക്ക് ഇയാളെ…

മകളുടെ പതറാത്ത സ്വരത്തിന്റെ അലർച്ചയിൽ, അറിയാതെ കരണം നോക്കി പൊട്ടിച്ചു ഞാനയാളെ…തീ പാളുന്ന എന്റെ മകളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു, എനിക്ക് പിഴച്ചില്ല, നിന്നെ വളർത്തുന്നതിൽ മാത്രം…

ഞാൻ വളർന്നത് പിഴവുകളോടെ ആയതുകൊണ്ടാവാം മോളെ…ചെറുചിരിയാൽ മുഖം വിടർത്തി എന്റെ നെഞ്ചിലമർന്ന് കൊണ്ടവൾ ദൃഢസ്വരത്തിൽ പറഞ്ഞു…

അമ്മയിലെ ഈ ധൈര്യമില്ലായ്മയാണ് എന്നെ കരുത്തുറ്റവളാക്കി വളർത്താൻ അമ്മയെ സഹായിച്ചത്. ഇനി ഞാനുണ്ട് ധൈര്യമായ് അമ്മയിൽ. അപ്പോഴെക്കും മോൾ വിളിച്ചു പറഞ്ഞതു പ്രകാരം പോലിസ് വീട്ടിലെത്തി കഴിഞ്ഞിരുന്നു.

അന്ന് ഇരുപതു വർഷങ്ങൾക്ക് മുമ്പ്, ഇതു പോലെ തന്നെ ഈ മന്ത്രവാദി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ…താൻ ഇതു പോലെ പ്രതികരിച്ചിരുന്നെങ്കിൽ എന്നെ പോലുള്ള എത്ര പെൺകുട്ടികൾ ഇയാളുടെ ഇരയായി തീരില്ലായിരുന്നു…

അതെങ്ങെനെ, പെൺകുട്ടികൾ അധികം സംസാരിക്കാൻ പാടില്ല, ഉമ്മറത്ത് ആണുങ്ങൾ ഉണ്ടെങ്കിൽ വരാൻ പാടില്ല, ഒറ്റക്ക് യാത്ര ചെയ്യാൻ പാടില്ല, എന്ന എന്റെ അമ്മയുടെ ഈ ശാസനകൾ കേട്ടല്ലെ കണ്ണില്ലാതെ, ഒന്നിനും കാതു കൊടുക്കാതെ, അനുസരണയുള്ള കുട്ടിയായി അന്നു ഞാൻ വളർന്നത്…

കല്ല്യാണം കഴിച്ച് ആ വീട്ടിൽ ചെന്നപ്പോൾ എല്ലാരുടെയും പ്രിയപ്പെട്ടവൾ ആവാനും അതു തന്നെ കാരണം. ആരും എന്ത് പറഞ്ഞാലും അനുസരിക്കുന്നവൾ, അച്ചടക്കമുള്ളവൾ…സൽപേരിനുള്ളിൽ പ്രതികരണ ശേഷിയില്ലാതെ ഞാൻ ഒതുങ്ങുമ്പോൾ പല അവസരങ്ങളിലും എന്നിൽ തന്നെ ഞാൻ പരാജയപ്പെട്ടു.

കല്ല്യാണം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞി കാലു കാണാൻ ഭാഗ്യമുണ്ടായില്ല, എന്ന സങ്കടത്തിന്റെ അന്വഷണ ഭാഗമായാണ് ഈ മന്ത്രവാദിയെ അമ്മായി അച്ചനും, അമ്മയും അന്നു കണ്ടു പിടിക്കുന്നത്…പേരുകേട്ട അഗ്രകണ്ഡം രാമസ്വാമി ബ്രഹ്മചാരി…

സുന്ദരൻ, ചെറുപ്പക്കാരൻ…തനിക്ക് സന്താനസൗഭാഗ്യം ഉറപ്പു വരുത്താൻ ഏഴു ദിവസത്തെ പൂജ അയാൾ അന്നു കൽപിച്ചു. എഴാമത്തെ ദിവസം അവിടെ താമസിച്ച് ക്രിയകൾ ചെയ്യണം…

അനുസരണയുള്ള അച്ചടക്കമുള്ള ഞാൻ പ്രതികരിക്കാതെ ആയാളുടെ ഏഴാമത്തെ ദിനത്തിലെ ക്രിയകളിൽ എന്നെ പൂർണമായും അയാൾക്ക് സമർപ്പിച്ചു…പലവട്ടം…

വിദേശത്തേക്ക് പോയ തന്റെ ഭർത്താവിനോട് തന്റെ ദയനീയ അവസ്ഥ തുറന്നു പറയാൻ ശ്രമിച്ചെങ്കിലും, ദൈവതുല്ല്യനായി കരുതുന്ന ബ്രഹ്മചാര്യക്ക് എതിരെ ശബ്ദിച്ചാൽ ദൈവകോപം വരും എന്ന കുടംബത്തിന്റെ വാക്കുകൾ നാവിനെ കെട്ടിയിട്ടു…

പിന്നെ ഉറക്കമില്ലാത്ത രാത്രികളിൽ മന്ത്രവാദി തന്റെ സ്വപ്നങ്ങളിൽ വരുമ്പോൾ താൻ അലമുറയിട്ട് റൂമിലൂടെ ഓടി നടന്നു. കയ്യിൽ കിട്ടിയതെല്ലാം വാരിയെറിഞ്ഞു…ആ അനുഭവം തനിക്ക് സമ്മാനിച്ചത്, മരുന്നുകളുടെ ഗന്ധമുള്ള ആശുപത്രി കിടക്കയിൽ ആറു മാസം.

അടുത്തിരുന്ന് അമ്മായി അമ്മ, അമ്മയോട് അന്ന് പറഞ്ഞത് ഇന്നും ഓർക്കുന്നു…നല്ല അനുസരണയുള്ള കുട്ടിയാ അവൾ, പക്ഷെ രണ്ടു വർഷമായിട്ടും മക്കളില്ലാത്ത സങ്കടമായിരിക്കാം അവളെ ഈ മാനസിക നിലയിലെത്തിച്ചത്…

എന്തൊക്കെയോ തുറന്നു പറയാൻ ആഗ്രഹിച്ചെങ്കിലും ഒന്നു പറയാനാവാതെ ഏട്ടന്റെ കൂടെ ദുബായിലേക്ക് തിരിച്ച വർഷങ്ങൾ…മനസിന് സുഖമുള്ളതായിരുന്നതിനാൽ…രണ്ടു വർഷങ്ങൾക്കിടയിൽ ഞങ്ങൾക്ക് ഒരു മോൾ പിറന്നു…

പിന്നെയുള്ള എന്റെ ജീവിതം അവളായിരുന്നു. എന്നിലെ പരാജയം അറിയാവുന്നത് കൊണ്ട് ഒരു വിജയി ആക്കാൻ അവളെ എനിക്കു കഴിഞ്ഞു. ഒരിക്കലും അനുസരണയും അച്ചടക്കവും അവളെ ഞാൻ അടിചേൽപിച്ചില്ല. ഒരാൺകുട്ടിയെ പോലെ ഞാനവളെ വളർത്തി.

ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും നാട്ടിലേക്ക്, സ്ഥിരതാമസമാക്കാൻ തിരിച്ചു വരുമ്പോൾ മോൾ സുന്ദരിയായ കല്ല്യാണ പ്രായക്കാരി ആയിരുന്നു…അവളെ നാട്ടിൽ വെച്ച് കല്യാണം കഴിപ്പിച്ച് അയക്കണം, കുറെ ഏറെ പ്രതീക്ഷകളോടെ ആയിരുന്നു വരവ്.

നാട്ടിൽ…മാറ്റങ്ങളില്ലാത്ത തറവാടും ആചാരങ്ങളും പ്രായമായ അച്ചന്മമാരും…വീണ്ടും പണ്ടത്തെ ചിന്തകൾ മനസ് ഒന്നു തളർത്തി…പ്രതികരണ ശേഷിയുള്ള പെൺകുട്ടികൾക്ക്‌ നമ്മുടെ നാട്ടിൽ മാർക്കറ്റ് കുറവായത് കൊണ്ട് മോളുടെ കല്ല്യാണലോചനകൾ മുടങ്ങാൻ തുടങ്ങി.

തന്റേടിയായ പെണ്ണ് ആൺകുട്ടികളെ പോലെ ബൈക്ക് എല്ലാം ഓടിച്ച് ഒറ്റക്ക് യാത്ര ചെയ്യുന്നവൾ. തെറ്റ് കണ്ടാൽ എതിർക്കുന്നവൾ…വീട്ടിൽ ഒതുങ്ങില്ല അവൾ…നാട്ടുകാരിൽ കുറ്റങ്ങൾ ഏറെ ആയിരുന്നു മോൾക്ക്…

അപ്പോഴാണ് അമ്മായി അമ്മ ആ പഴയ പ്രസിദ്ധനായ ബ്രഹ്മചാര്യയെ കൊണ്ട് പ്രശ്നം വെപ്പിച്ചാൽ എല്ലാത്തിനും പരിഹാരം ഉണ്ടാവുമെന്ന് കണ്ടു പിടിക്കുന്നുത്…

അതു കേട്ടതും പണ്ടത്തെ ചിന്തകൾ, തന്നെ വലിഞ്ഞു മുറുകി. ഇനി തന്റെ മകളും, ദൈവമെ എന്തൊരു വിധി…അത് സംഭവിക്കാൻ പാടില്ല…അന്നു രാത്രി മകളെ വിളിച്ച്, ഇത് വരെ ആരോടും പറയാൻ ധൈര്യം കിട്ടാത്ത…ആ പറയാൻ അറക്കുന്ന കാര്യങ്ങൾ മുഴുവൻ അവളോട് പറഞ്ഞു…

കാരണം അവൾ, എന്നിൽ ഇല്ലാതെ പോയ, ഞാൻ ഉണ്ടാക്കിയെടുത്ത ധൈര്യം ആയിരുന്നു…എന്റെ കണ്ണുനീർ തുടച്ചവൾ പറഞ്ഞു, അമ്മയെ നശിപ്പിച്ച അയാളെ ഞാൻ വെറുതെ വിടില്ല…നാളെ ആയാളെ വരുത്തണം…ആയാളുടെ ചേഷ്ടകൾ ഈ വിഡീയോയിൽ പകർത്തി ഞാനീ ലോകത്തെ കാണിക്കും…

അതെ എന്റെ മോൾ ആ വലിയ കാര്യം ചെയ്തിരിക്കുന്നു…അല്ല…അവളിലൂടെ ഞാനത് ചെയ്തു. പോലീസ് ആ മന്ത്രവാദിയെ കൈയ്യാമം വെച്ച് കൊണ്ട് പോവുമ്പോൾ മനസിൽ പറഞ്ഞു…

നന്മകൾ മരിക്കില്ല…കാത്തിരുന്നാൽ കാലം കഥ പറയും.