ലില്ലി ഇടതു കൈകൊണ്ട് റോസിന്റെ രണ്ടു കവിളുകളിലും അമർത്തിപ്പിടിച്ച് അവളുടെ മുഖം പിടിച്ചുലച്ചു…

കൊലുസ്സ്

രചന: ദേവാ ഷിജു

:::::::::::::::::

“ദാ ഇട്ടു നോക്ക്…. നെന്റെ കാലില് പാകാണോന്ന്….”

പഴക്കം ചെന്ന തടി മേശയിലേക്കു വീണ പിങ്കുനിറമുള്ള വർണ്ണക്കടലാസ്സിന്റെ പൊതി ഇങ്ങേയറ്റം വരെ നിരങ്ങിവന്ന് താഴേക്കു വീണു.

നിലത്തു വീണു തുറന്ന പൊതിയിൽ നിന്നും മുത്തുമണികൾ കിലുക്കിക്കൊണ്ട് ഒരു വെള്ളിക്കൊലുസ് പുറത്തേക്കു വീണു.

റോസിന്റെ കണ്ണുകൾ കൊലുസ്സിലേക്കും അതു മേശപ്പുറത്തേക്കു വലിച്ചെറിഞ്ഞ അമ്മയിലേക്കും മാറി മാറി വീണു.

“നീയെന്തടീ കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കുവാണോ… നിന്നോടതെടുത്തു കാലേലിടാനല്ലേ പറഞ്ഞത്….?”

പിന്നിലേക്ക് അഴിഞ്ഞു കിടന്നിരുന്ന തലമുടി കൈകൊണ്ട് വാരിയൊതുക്കി മുകളിലേക്ക് ഉയർത്തിക്കെട്ടിക്കൊണ്ട് ലില്ലി മകളുടെ നേർക്കു നടന്നു ചെന്നു.

റോസ് നിന്നിടത്തു നിന്നും അനങ്ങിയില്ല. കണ്ണുകളിൽ ചെറിയൊരു മാറ്റം പോലുമില്ലാതെ അവൾ അമ്മയെ തുറിച്ചു നോക്കി.

ലില്ലി ഇടതു കൈകൊണ്ട് റോസിന്റെ രണ്ടു കവിളുകളിലും അമർത്തിപ്പിടിച്ച് അവളുടെ മുഖം പിടിച്ചുലച്ചു. പക്ഷേ റോസിന്റെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല.

“എന്തോന്നാടീ ഇവിടെ….? മനുഷ്യനെ സ്വസ്ഥമായി കുറച്ചു നേരം ഉറങ്ങാനും സമ്മതിക്കില്ലേ…?”

കിടപ്പു മുറിയുടെ വാതിൽ തുറന്ന് ബിനോയി പുറത്തേക്കു വന്നു. അയാളുടെ കണ്ണുകളിൽ ഉറക്കച്ചടവുണ്ടായിരുന്നു. വാരിച്ചുറ്റിയ കൈലി മുണ്ട് മാത്രമായിരുന്നു വേഷം.

അമ്മയെയും മകളെയും മാറി മാറി നോക്കിയിട്ട് അയാൾ അടുക്കളവശത്തേക്കു നടന്നു.

ലില്ലി മകളുടെ മുഖത്തു നിന്നും കൈ അയച്ചു. എന്നിട്ട് തല കുനിച്ച് അവളുടെ മുഖത്തേക്കു തറപ്പിച്ചു നോക്കി.

“ഞാൻ പറഞ്ഞതു കേട്ടല്ലോ….മര്യാദയ്ക്ക് ആ കൊലുസ്സെടുത്ത് ഇട്ടോണം….ഇല്ലെങ്കിപ്പിന്നെ നീ ത ള്ളേ കാണൂല്ല..!” ലില്ലിയുടെ കണ്ണുകളിൽ കോപം കത്തി നിന്നിരുന്നു.

“സമയമെന്നായി ലില്ലിയെയ്….?”

മുഖം കഴുകിയിട്ട് ഉടുത്തിരുന്ന കൈലിയുടെ തുമ്പുയർത്തി തുടച്ചു കൊണ്ട് ബിനോയി അടുക്കളയിൽ നിന്നും അവർക്കരുകിലേക്കു വന്നു.

“ആ… മൂന്നു മണിയായിക്കാണും..” ലില്ലി മുഖം കോട്ടിക്കൊണ്ട് അടുക്കളയിലേക്കു നടന്നു.

“അപ്പൊ നീയിന്നു പണിക്കു പോയില്ലേ…?”

തന്റെ ചോദ്യത്തിനു മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ ബിനോയി തിരിഞ്ഞു ലില്ലിയെ നോക്കിക്കൊണ്ടു തുടർന്നു.

“….. അല്ലാ നിങ്ങളു തമ്മിലെന്നാ പ്രശ്നം…? മോളെന്തിനാ കെറുവിച്ചു നിക്കുന്നേ…?”

അയാൾ റോസിനരുകിലേക്കു നടക്കാൻ തുടങ്ങുമ്പോഴേക്കും ഉടുത്തിരുന്ന സാരി എളിയിലേക്ക് ഉയർത്തിക്കുത്തിക്കൊണ്ട് ലില്ലി പുറത്തേക്കു വന്നു.

“ബാക്കിയൊള്ളോനേ കൊറച്ചു ദെണ്ണവൊണ്ട്…. കൊറച്ചു നാളായി കൊലുസ്സു വേണം കൊലുസ്സു വേണം എന്നുമ്പറഞ്ഞ് ഒരുത്തിയിവിടെ ഒറ്റക്കാലേൽ നിക്കാൻ തൊടങ്ങീട്ട്…ഒരോസത്തെ പണീം കളഞ്ഞ് ചന്തയ്ക്കു പോയി മേടിച്ചോണ്ടു കൊടുത്തപ്പോ അവക്കതു കെട്ടാൻ പറ്റൂലാന്ന്……!!” ലില്ലി കലി തുള്ളി.

ബിനോയി അപ്പോഴാണ് നിലത്തു കിടന്ന കൊലുസ്സിന്റെ പൊതി കണ്ടത്.

മുത്തുമണികൾക്കൊപ്പമുള്ള അലങ്കാരത്തിൽ പിങ്കും പച്ചയും പൊട്ടുകളുള്ള മനോഹരമായ വെള്ളിക്കൊലുസ്സ് അയാൾ കുനിഞ്ഞെടുത്തു.

“അതിനിപ്പോ നീയിങ്ങനെ കെടന്ന് അലറേണ്ട കാര്യവൊണ്ടോ ലില്ലിയെയ്..അവളു കൊച്ചല്ലേ….അവക്കത് ഇഷ്ടപ്പെട്ടു കാണൂല..!!”

“ഓ പിന്നേ….!! കൊച്ച്..!! വയസ്സു പതിനൊന്നായി…എന്നെക്കൊണ്ട് അധികമൊന്നും പറയിപ്പിക്കല്ലേ…!!”

ലില്ലി ചാടിത്തുള്ളിക്കൊണ്ട് പിന്നെയും അടുക്കളയിലേക്കു പോയി. പോകുന്ന പോക്കിൽ റോസിനെ നോക്കി ചൂണ്ടു വിരൽ കൊണ്ട് ഒരാംഗ്യം കാട്ടി. റോസ് തല വെട്ടിച്ചു കളഞ്ഞു.

“നല്ല ഭംഗിയുണ്ടല്ലോ റോസേ…. മോളു കാലേൽ ഇട്ടേ… അപ്പാ കാണട്ടെ…!!” ബിനോയി തന്റെ കയ്യിലിരുന്ന വർണ്ണക്കടലാസ്സിന്റെ പൊതി റോസിനു നേരെ നീട്ടി.

അവൾ അയാളുടെ നേരെ ഒന്നു നോക്കിയിട്ട് ആ പൊതി തട്ടിക്കളഞ്ഞു. മുറിക്കകത്തു ദൂരേക്കു തെറിച്ചു വീണ പൊതിയിൽ നിന്നും കൊലുസ്സുകൾ പുറത്തേക്കു തെറിച്ചു.

ഒരു നിമിഷം ബിനോയിയുടെ നിയന്ത്രണം വിട്ടുപോയി. അയാളുടെ കൈത്തലം റോസിന്റെ കവിളിൽ ശക്തിയായി പതിച്ചു.

പക്ഷേ റോസ് കരഞ്ഞില്ല. ദേഷ്യവും സങ്കടവും കലർന്ന തീഷ്ണമായ ഒരു നോട്ടം അയാളുടെ നേരെ നോക്കിയിട്ട് അവൾ പുറത്തേക്ക് ഓടി.

മുറ്റത്തിനു താഴെ നിര നിരയായി നട്ടു പിടിപ്പിച്ചിരുന്ന ഏലത്തിനിടയിലൂടെ ചെടികൾ വകഞ്ഞു മാറ്റിക്കൊണ്ട് മകൾ ഓടിപ്പോകുന്നത് ബിനോയി നോക്കി നിന്നു.

അയാൾ ആകെ അമ്പരന്നു പോയിരുന്നു. ആദ്യമായിട്ടാണ് മോളെ ഇങ്ങനെ തല്ലുന്നത്.

അടിയുടെ ശബ്ദം കേട്ട് ലില്ലി വെളിയിലേക്കു വന്നു.

ലില്ലിയുടെയും ബിനോയിയുടെയും ഒരേ ഒരു മോളാണ് റോസ്. വീടിനടുത്തുള്ള ഏലത്തോട്ടത്തിലെ പണിക്കാരാണ് രണ്ടു പേരും.

ഏലക്ക ഉണങ്ങുന്ന സ്റ്റോറിലാണ് ബിനോയി പണിയെടുക്കുന്നത്. രാത്രി ഉറക്കമിളച്ച് സ്റ്റോറിലെ പണിയും കഴിഞ്ഞു വന്നാൽ മിക്കവാറും പകൽ അയാൾ ഉറക്കം തന്നെയായിരിക്കും.

ലില്ലിക്ക് ഏലച്ചെടികൾ ഒരുക്കലും, വളമിടീലും, കായ എടുപ്പും എല്ലാമായി ആഴ്ചയിൽ അഞ്ചും ആറും ദിവസം പണിയുണ്ടാവും.

“അവളെന്തിയേ….?” ലില്ലി ബിനോയിയെ നോക്കി.

മറുപടി പറയാതെ അയാൾ മുറ്റത്തേക്കിറങ്ങി ഒരു കോണിൽ ചെന്നു നിന്ന് താഴെയുള്ള ഏലച്ചെടികൾക്കിടയിലേക്ക് എത്തി നോക്കി.

ഏലം നടാൻ വേണ്ടി പറമ്പു തട്ടുകളായി തിരിക്കാൻ തീർത്തിരുന്ന ചെങ്കല്ലു കൊണ്ടുള്ള കയ്യാലയിൽ ചാരി ഇരിക്കുകയായിരുന്നു റോസ്.

കിലുങ്ങുന്ന മുത്തുകളുള്ള ഒരു വെള്ളിക്കൊലുസ് അവളെ വല്ലാതെ മോഹിപ്പിച്ചിരുന്നു. അപ്പയോടും അമ്മയോടും കൊലുസ്സിനു വേണ്ടി ഒരുപാടു വഴക്കിടുകയും കരയുകയും ചെയ്തിട്ടുമുണ്ട്.

പക്ഷേ ഈ കൊലുസ്സ്…!! ഇതു വേണ്ട!!

അത്രയും നേരം നിസംഗമായിരുന്ന അവളുടെ മുഖത്തേക്ക് നെഞ്ചിൽ നിന്നും കയറി വന്ന ഒരേങ്ങൽ രണ്ടു നീർച്ചാലുകൾ തീർത്തു.

കണ്ണീർ ഇടതു കൈകൊണ്ടു തുടച്ച് അവൾ കയ്യാലയിലേക്കു ചാരിയിരുന്നു. വെയിലേൽക്കാതെ ഏലച്ചെടികളുടെ തണലിൽക്കിടന്ന് കയ്യാലയുടെ ചെങ്കല്ലിൽ പായൽ കയറി പച്ച നിറമായിരിക്കുന്നു.

പായലിന്റെ പച്ചപ്പിൽ വളർന്നു നിന്നിരുന്ന രണ്ടു മുകുളങ്ങളെ റോസ് പറിച്ചെടുത്തു കൈ വെള്ളയിൽ വച്ചു. ഒരു പൂവനും ഒരു പിടയും. നീണ്ട തണ്ടിന്റെ അഗ്രത്തിൽ വളഞ്ഞ കഴുത്തുള്ളത് പൂവൻ. നേരെയുള്ളത് പിട.

നിലത്തേക്ക് ചമ്രം പടിഞ്ഞിരുന്നിട്ട് കയ്യാലയിൽ നിന്ന് അവൾ ഒരു പൂവനേക്കൂടി പറിച്ചെടുത്തു. വെള്ള നിറത്തിലുള്ള പാവാടയിലേക്ക് പിടയെ കിടത്തിയിട്ട് രണ്ടു പൂവന്മാരെ രണ്ടു കയ്യിലായിപ്പിടിച്ച് അവയുടെ കഴുത്തുകൾ തമ്മിൽ കൊരുത്തു വച്ച് ഒരു യുദ്ധത്തിനു തയ്യാറെടുക്കുമ്പോൾ റോസിന്റെ നെഞ്ച് അറിയാതെ ഒന്നു പിടഞ്ഞു.

തന്റെ വലതു കയ്യിലുള്ള പൂവൻ തന്റെ അപ്പാ….!!  ഇടതു കയ്യിലുള്ളത് …?

തലേന്നു രാത്രിയിൽ കണ്ട മുഖം അവൾ ഭയത്തോടെ ഓർത്തു.

മിക്കവാറും രാത്രികളിൽ അപ്പാ സ്റ്റോറിൽ പോയിക്കഴിഞ്ഞാൽ റോസും അമ്മയും മാത്രമാണ് വീട്ടിലുണ്ടാവുക. എന്നും അമ്മയെ കെട്ടിപ്പിടിച്ചു കിടന്നാണ് അവളുടെ ഉറക്കം.

ഇന്നലെ രാത്രി എന്തോ ദു:സ്വപ്നം കണ്ടിട്ടാണെന്നു തോന്നുന്നു, ഞെട്ടിയുണർന്നു. ഒന്നു തിരിഞ്ഞ് അമ്മയെ കെട്ടിപ്പിടിക്കാൻ നോക്കുമ്പോൾ അമ്മ അടുത്തില്ല.

റോസ് കട്ടിലിൽ മുഴുവൻ പരതി നോക്കി. എങ്ങും കാണാനില്ല.  വാതിലില്ലാത്ത കിടപ്പു മുറിയിലെ കൂരിരിട്ടിൽ നിന്നും നടുക്കത്തെ മുറിയിലെ കെടാവിളക്കിന്റെ അരണ്ട വെളിച്ചത്തിലേക്ക് തപ്പിപ്പിടിച്ചു വന്ന റോസിന്റെ മുന്നിൽ ഇരുളിനു കനം വച്ച പോലെ രണ്ടു രൂപങ്ങൾ നിലത്തു കിടന്നുരുണ്ടു.

ഭയന്നു നിലവിളിച്ചു പോയി അവൾ

തന്റെ ഇടതു കയ്യിലുള്ള പൂവന് കെടാ വിളക്കിന്റെ ചുവന്ന വെളിച്ചത്തിൽക്കണ്ട അതേ മുഖമാണെന്ന് റോസിനു തോന്നി.

സജിച്ചേട്ടൻ!!

അമ്മ പണിയെടുക്കുന്ന ഏലത്തോട്ടത്തിലെ സൂപ്പർ വൈസർ

തിരിച്ചു വന്നു കട്ടിലിൽ കയറിക്കിടന്നിട്ടും റോസിന് ഉറക്കം വന്നില്ല. അൽപനേരം കഴിഞ്ഞപ്പോൾ ലില്ലി അവളുടെ അടുത്തു വന്നു കിടന്നു.

തന്നെ കെട്ടിപ്പിടിക്കാൻ വന്ന ലില്ലിയുടെ കൈ റോസ് തട്ടി മാറ്റി.

“റോസേ….” അമ്മയുടെ വിളിക്ക് അവൾ മറുപടി കൊടുത്തില്ല.

“റോസേ… ആ ചേട്ടൻ ഇവിടെ വന്ന കാര്യം നീയെങ്ങാനും അപ്പയോടു പറഞ്ഞാൽ എന്താന്നുണ്ടാവുക എന്നു നിനക്കറിയുമോ…?”

റോസ് പൊടുന്നനെ അമ്മയുടെ നേരെ മുഖം തിരിച്ചു.

“ഞാമ്പറയും,ഞാ5മ്പറയും,…..ഞാമ്പറയും..!!!”

അവളുടെ ശബ്ദം വളരെ ഉച്ചത്തിലായിരുന്നു.

“നീ പറഞ്ഞാൽ അപ്പാ എന്നെ കൊ.ല്ലും അല്ലേൽ ആ ചേട്ടനെ കൊ.ല്ലും….. “”

“കൊ ല്ലട്ടെ…. ആ ചേട്ടനെ കൊ ല്ലട്ടെ…!!”

“അമ്മ ചത്തു കളയും റോസേ…. നീ ഇത് ആരോടെങ്കിലും പറഞ്ഞാൽ….!!” ലില്ലി കരയുകയായിരുന്നു.

റോസ് ഭയന്നു പോയി. അമ്മയില്ലാതെ എങ്ങനെയാണു ജീവിക്കുക…?

വെളുപ്പിന് പണി കഴിഞ്ഞ് ബിനോയി തിരിച്ചെത്തുമ്പോഴും അമ്മയും മോളും ഉറങ്ങിയിട്ടില്ലായിരുന്നു.

അയാൾ പ്രഭാതഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകുന്നതു വരെ ലില്ലി ഭയപ്പാടോടെ മകളെ നോക്കിക്കൊണ്ടിരുന്നു.

അയാൾ ഉറങ്ങാൻ പോയിക്കഴിഞ്ഞപ്പോൾ പണിക്കു പോകുന്നതിനു പകരം ഡ്രസ്സ്‌ മാറി സാരിയുടുത്ത് ലില്ലി പുറത്തേക്ക് പോയി. പോകുന്നതിനു മുന്നേ അവർ ഒരു വട്ടം കൂടി റോസിന്റെ അടുത്തെത്തി.

“റോസേ…. അമ്മ നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരൂട്ടം വാങ്ങാൻ ചന്തയ്ക്കു പോവാണ്….. നീ അപ്പായോടെങ്ങാനും പറഞ്ഞാൽ നിനക്കു പിന്നെ അമ്മയില്ല ഓർത്തോ…..!”

റോസ് തല കുനിച്ചു നിന്നതേയുള്ളു. എന്തു ചെയ്യണമെന്ന് അവൾക്കറിയില്ലായിരുന്നു.

ഒടുവിൽ അമ്മ വന്നു, കയ്യിൽ വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ വെള്ളിക്കൊലുസ്സുമായി.

റോസിന്റെ ഇടതു കയ്യിലും വലതു കയ്യിലുമിരുന്ന പൂവൻമാരുടെ കഴുത്തുകൾ തമ്മിൽ കൊരുത്തിരുന്നു.

ഒറ്റ വലി…!! രണ്ടിലൊരു പൂവന്റെ തല മടിയിൽ ഇരിക്കുന്ന പിടയുടെ മുന്നിൽക്കിടക്കും!!!

“റോസൂ…..!!”

അവൾ ഞെട്ടിപ്പോയി. കയ്യാലയ്ക്കു മുകളിൽ അപ്പാ! ബിനോയി താഴേക്കിറങ്ങി വന്ന് റോസിന്റെ കയ്യിൽപ്പിടിച്ചു. റോസ് എല്ലാ നിയന്ത്രണങ്ങളും വിട്ട് അയാളെ ഉറുമ്പടക്കം കെട്ടിപ്പുണർന്ന് വാവിട്ടു കരഞ്ഞു. ബിനോയി അവളെ വാരിയെടുത്ത് തന്റെ കയ്യുടെ പാടുകൾ തിമിർത്തു കിടക്കുന്ന മോളുടെ കവിളിൽ തുരു തുരെ ഉമ്മ വച്ചു.

“മോൾടെ കാലില് ഈ കൊലുസ്സു കിടന്നു കിലുങ്ങണ കാണാൻ അപ്പായ്ക്ക് എന്തിഷ്ടമാണെന്നറിയുവോ…?”

വീടിന്റെ വരാന്തയിൽ മോളെ മാറോടു ചേർത്തിരുത്തി അവളുടെ നിറുകയിൽ മുത്തം വച്ചുകൊണ്ട് ബിനോയി ചോദിച്ചു.

റോസ് അപ്പായുടെ കഴുത്തിലൂടെ കൈ ചുറ്റി അയാളുടെ കണ്ണുകളിലേക്കു നോക്കി.  സന്തോഷം കൊണ്ടു നിറഞ്ഞു നിന്നിരുന്ന അയാളുടെ കണ്ണുകളിൽ അവൾ അരുമയായി ഉമ്മ വച്ചു.

വരാന്തയിൽ അവർക്കടുത്തായി ലില്ലി ഇരിപ്പുണ്ടായിരുന്നു. അവരുടെ കയ്യിലിരുന്ന് വെല്ലിക്കൊലുസുകൾ റോസിനെ നോക്കി കളിയാക്കിച്ചിരിച്ചു.

റോസ് ലില്ലിക്കു നേരെ കാലുകൾ നീട്ടി. പല്ലുകൊണ്ട് കൊളുത്തു കടിച്ചകത്തി ലില്ലി മകളുടെ ഇടതു കാലിൽ കൊലുസ്സണിയിച്ചു.

കൊലുസ്സു തൊടുന്നിടം ചുട്ടു പൊള്ളുന്നതു പോലെ തോന്നി റോസിന്. അവൾ പെട്ടെന്ന് കാൽ പിന്നോട്ടു വലിച്ചു.

കടിച്ചകത്തിയ കൊളുത്തിന്റെ എഴുന്നു നിന്ന അഗ്രം റോസിന്റെ കാലിൽ നീളത്തിൽ പോറൽ വീഴ്ത്തി. അതിൽ നിന്നും ര ക്തം പൊടിഞ്ഞു.

“അയ്യോ….!!” ലില്ലിയും ബിനോയിയും അറിയാതെ ഒപ്പം വിളിച്ചു.

“അപ്പേ…..റോസൂന് കൊലുസ്സു വേണ്ടപ്പേ….!! ” റോസ് അപ്പായുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു കൊണ്ടു ചിണുങ്ങി.

“വേണ്ട റോസൂ…… നിന്നെ മുറിവേല്പിക്കുന്നതൊന്നും അപ്പാടെ മോൾക്കു വേണ്ട….” അയാൾ അവളുടെ മുറിവേറ്റ കാലിൽ തലോടി.

“റോസൂന് ഇനിയൊരിക്കലും കൊലുസ്സു വേണ്ട….!!” അവൾ അയാളുടെ കണ്ണിലേക്കു നോക്കി.

“ഉം…. ഒരിക്കലും വേണ്ട…!!”

ബിനോയ്‌ മോളെ ചേർത്തു വച്ച് അവളുടെ നിറുകയിൽ വീണ്ടും ഉമ്മ വച്ചു.

എഴുന്നു നിന്ന അഗ്രമുള്ള വെള്ളിക്കൊലുസ് ലില്ലിയുടെ കയ്യിലിരുന്ന് തീക്കട്ട പോലെ പൊള്ളി. അതിന്റെ ചൂടിൽ തന്റെ ശരീരത്തിലെ മാം സത്തിന്റെ ദാഹം ഉരുകിയൊലിച്ച് ലാവ പോലെ കണ്ണിൽ നിന്നടർന്നപ്പോൾ അതൊരു ജലപാതമായി തന്നെ കുത്തിയൊഴുക്കികളഞ്ഞിരുന്നെങ്കിൽ എന്ന് അവളാശിച്ചു പോയി.

-ദേവഷിജു