ഏയ് എന്തായിത്. അവളു കൊച്ചു കുട്ടിയല്ലേ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ മതി.

രചന: സ്നേഹ സ്നേഹ

::::::::::::::::::::::

എൻ്റെ പേരിൻ്റെ കൂടെയുള്ള അച്ഛൻ്റെ പേര്  ഒന്നു മാറ്റി തരുമോ പ്ലീസ് അമ്മാ

സ്കൂളിൽ നിന്നു വന്ന തൻ്റെ പത്തു വയസുള്ള മകളുടെ ആവശ്യം കേട്ട് രമ്യ ഞെട്ടി

എന്താ മോളെ നീ ഈ പറയുന്നത് മക്കളുടെ പേരിൻ്റെ കൂടെ അച്ഛൻ്റെ പേരാണ് എല്ലാവരും ചേർക്കാറുള്ളത്. 

എന്നാൽ എൻ്റെ പേരിൻ്റെ കൂടെ എൻ്റെ അമ്മയുടെ പേരു ചേർത്താൽ മതി അതാണ് എനിക്കിഷ്ടം അയാളുടെ പേരു എൻ്റെ പേരിനൊപ്പം വേണ്ട.

ഇങ്ങനെയൊന്നും പറയാതെ.. മോൾടെ അച്ഛൻ്റെ പേരല്ലേ വിവേക് എന്നത് . നീമ വിവേക് നല്ല ചേർച്ചയുള്ള പേരല്ലേ

എനിക്ക് എൻ്റെ അച്ഛനെ ഇഷ്ടമല്ല പിന്നെ എങ്ങനെ അച്ഛൻ്റെ പേര് ഇഷ്ടപ്പെടും എനിക്ക് അച്ഛനില്ല അമ്മ മാത്രമെയുള്ളു. എനിക്ക് അമ്മ മാത്രം മതി.

സ്കൂളിൽ ടീച്ചർ നീമ വിവേക് എന്ന പേരു വിളിക്കുന്നത് കേൾക്കുമ്പോ എനിക്ക് കലിവരും  ഞാനിന്ന് ടീച്ചറിനോട് ദേഷ്യപ്പെട്ടു. ടീച്ചർ ചിലപ്പോ അമ്മയെ വിളിക്കാൻ സാധ്യതയുണ്ട്.

ടീച്ചറിനോട് ദേഷ്യപ്പെട്ടന്നോ? എന്തിന്? ഇനി നീയും  സമാധാനം തരില്ലേ എനിക്ക്.

ടീച്ചർ വിളിക്കും അപ്പോ അറിഞ്ഞാ മതി എനിക്ക് വിശക്കുന്നു എന്തേലും കഴിക്കാൻ താ അതും പറഞ്ഞ് നീമ വീടിനുള്ളിലേക്ക് കയറി പോയി.

ഇവൾ എന്താ ഇങ്ങനെ? ഇനി ആ ടീച്ചറിനോട് എന്തു പറയും? ഒരു സമാധാനവും നീ എനിക്ക് തരില്ലന്ന് തീരുമാനിച്ചിരിക്കുകയാണോ ദൈവമേ. നീ?

ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് രമ്യ അടുക്കളയിലേക്ക് ചെന്നു  മോൾക്കായി ഉണ്ടാക്കി വെച്ച പഴം പൊരിയും ചായയും എടുത്തു ഡൈനിംഗ് മേശയിൽ വെച്ചു.

മോളെ നീമ ….. നീമ ദാ കാപ്പി എടുത്തു വെച്ചു കൈയും മുഖവും നന്നായി കഴുകി വന്ന് കഴിക്ക്.

മോളെ നീമ….. ഇവളിതെവിടെ പോയി

നീമ കഴിക്കാനായി വരാത്തതിനാൽ രമ്യ നീമയെ തേടി തങ്ങളുടെ ബെഡ്റൂമിലേക്ക് ചെന്നു അവിടെ ചെന്നപ്പോൾ രമ്യ കണ്ടത്  അലമാരയിലെ കണ്ണാടിയിൽ നോക്കി എന്തോ പുലമ്പുന്ന നീമയെ ആണ്

എന്താ മോളെ ? നിനക്ക് വിശക്കുന്നു എന്ന് പറഞ്ഞിട്ട് നീ എന്താ കഴിക്കാൻ വരാത്തത്.

ഞാൻ പറഞ്ഞത് എനിക്ക് ചെയ്തു തരാമോ അയാളുടെ പേര് എൻ്റെ പേരിൽ നിന്ന് മാറ്റമോ

നോക്കട്ടേ എന്തു ചെയ്യാൻ പറ്റുമെന്ന് ആദ്യം മോളു വന്ന് കഴിക്ക്

അമ്മ ആ വക്കീലാൻ്റിയെ വിളിച്ചു ചോദിച്ചേ

ചോദിക്കാന്നേ

ഉറപ്പാണല്ലോ അല്ലേ

ഉറപ്പ്. മോളു വാ വന്നു കഴിക്ക്.

രമ്യക്കൊപ്പം നീമ ഡൈനിംഗ് റൂമിലേക്ക് ചെന്നു. ചായയും പഴം പൊരിയും കഴിച്ചു കൊണ്ടിരുന്നപ്പോളാണ് രമ്യയുടെ അമ്മ സുമിത്ര  പണിയും കഴിഞ്ഞു വന്നത്.

ഇവളുടെ അപ്പൻ അവളേയും മോളേയും കൂട്ടികൊണ്ടു വന്നു എന്ന് പറയുന്ന കേട്ടല്ലോ

നീമ തൻ്റെ കൈയിൽ ഇരുന്ന ചായ ഗ്ലാസ്സും പഴംപൊരിയും തറയിലേക്ക് എറിഞ്ഞു കൊണ്ട് പൊട്ടിതെറിച്ചു.

ആരുടെ അപ്പൻ ?

നിൻ്റെ അപ്പൻ വിവേക് .

എനിക്ക് അപ്പൻ ഇല്ല അമ്മ മാത്രമേയുള്ളു. ഞാനിത് എത്ര തവണ പറഞ്ഞു എന്നിട്ടും പിന്നെ എന്തിനാ അമ്മമ്മ പിന്നേയും അയാളുടെ പേരു പറയുന്നത്.

മോളെ നീമ അമ്മമ്മ ചുമ്മ പാഞ്ഞതല്ലേ അമ്മമ്മയുടെ മുത്തല്ലേ ഈ പൊന്നുമോൾ സുമിത്ര നീമയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

വേണ്ട എനിക്ക് ആരും വേണ്ട എനിക്ക് എൻ്റെ അമ്മ മാത്രം മതി സുമിത്രയെ തള്ളിമാറ്റി കൊണ്ട് നീമ ചെന്നു രമ്യയെ കെട്ടി പിടിച്ചു.

അവൻ്റെയല്ലേ മോള് നന്ദിയില്ലാത്തവർഗ്ഗം

അമ്മ ഒന്നു പോകുന്നുണ്ടോ വെറുതെ മോളെ ദേഷ്യം പിടിപ്പിക്കാനായിട്ട് ഓരോന്നും പറഞ്ഞ് വരും

ഞാൻ പറഞ്ഞതാ ഇപ്പം കുറ്റം അവനെ മാത്രം മതി എന്നും പറഞ്ഞ് അവൻ്റെയൊപ്പം പോയിട്ട് ഇപ്പോ എന്തായി. വയസ് മുപ്പത് തികഞ്ഞില്ല  പത്തു വയസ്സുള്ളമോളേയും കൂട്ടി തിരിച്ചു വന്നിരിക്കുന്നു. മകളെയും നിന്നേയും ഇറക്കിവിട്ടിട്ട് ആറുമാസം തികഞ്ഞില്ല. അവൻ മറ്റൊരുത്തിക്കൊപ്പം പൊറുതി തുടങ്ങി അതറിഞ്ഞപ്പോ എൻ്റെ ഇടനെഞ്ചാ പൊട്ടിയത്. അതിവിടെ വന്നു പറഞ്ഞാ ഞാനാ ഇപ്പോ കുറ്റക്കാരി

അമ്മക്ക് അറിയാവുന്നതല്ലേ മോൾക്ക് വിവേകിൻ്റെ പേരു കേൾക്കുന്നതു പോലും ഇഷ്ടമല്ലന്ന് .

എന്നും വെച്ച് ഞാൻ മിണ്ടാതിരിക്കണോ?  മൂന്നു പെൺമക്കളെ വളർത്തി വലുതാക്കി ഓരോരുത്തരെ ഏൽപ്പിച്ചപ്പോ ഞാനൊന്ന് ആശ്വസിച്ചു. ഇനി അൽപ്പം വിശ്രമിക്കാമെന്ന്  ആ സമയത്താണ് നിങ്ങളുടെ അച്ഛൻ വീണ് കിടപ്പായത്. ദേ ഇപ്പോ മുത്തമോള് കെട്ടിയോനും ഉപേക്ഷിച്ച് മകളുമായി തിരിച്ചു വന്നിരിക്കുന്നു.

അമ്മ പറയുന്ന കേട്ടാൽ തോന്നുമല്ലോ ഞാൻ കെട്ടിയവനെ ഉപേക്ഷിച്ച് വന്നതാണന്ന് വിവേകിന് എന്നേയും മോളേയും വേണ്ടന്ന് പറഞ്ഞതിന് ശേഷം മാത്രമാണ് ഞാൻ മോളേയും കൂട്ടി അവിടെ നിന്നിറങ്ങിയത്.

അങ്ങനെ പോന്നതുകൊണ്ടല്ലേ അവൻ മറ്റൊരുവളെയും അവളുടെ കുഞ്ഞിനേയും കൂട്ടി വന്ന് താമസം തുടങ്ങിയത്.

പിന്നെ ഞാനെന്തു ചെയ്യണമായിരുന്നു ഭർത്താവിൻ്റെ അവിഹിതത്തിന് കൂട്ടു നിന്ന് എല്ലാം സഹിച്ചും ക്ഷമിച്ചും അവിടെ നിൽക്കണമായിരുന്നോ?

പെണ്ണുങ്ങളയാൽ കുറെയൊക്കെ കണ്ടില്ല കേട്ടില്ല എന്നു നടിക്കണം

ഞാനും കണ്ടില്ല കേട്ടില്ല എന്നു നടിക്കണോ അമ്മമ്മേ?

അതിന് നീ എന്താ കണ്ടതും കേട്ടതും കൊച്ചു കുട്ടികൾ വലിയവർ സംസാരിക്കുന്നതിൽ കേറി അഭിപ്രായം പറയണ്ട

ഞാൻ കുട്ടിയാ ഞാനത് സമ്മതിക്കുന്നു  എൻ്റെ അച്ഛനും ഓർത്തത് ഞാനൊരു കുട്ടിയാണന്നാണ്. എന്നാലും ചിലതൊക്കെ കുഞ്ഞുങ്ങൾക്കും മനസ്സിലാകും എന്ന് അച്ഛൻ ഓർത്തില്ല

നിനക്കെന്താ മനസ്സിലായത്.

എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട ഞാനിതുവരെ അമ്മയോടു പോലും കണ്ടതൊന്നും പറഞ്ഞിട്ടില്ല. എൻ്റെ അമ്മ വിഷമിക്കണ്ട എന്നു കരുതിയാ ഞാനൊന്നും പറയാതിരുന്നത്. അമ്മമ്മ എൻ്റെ അമ്മയെ കുറ്റപ്പെടുത്തുന്നതു കേട്ടപ്പോ എനിക്ക് സങ്കടായി അതു കൊണ്ട് ഞാൻ പറയാം

മോളെ നീമേ നീ എന്തൊക്കെയാ ഈ പറയുന്നത്. രമ്യ ഹൃദയം പൊട്ടുന്ന സങ്കടത്തോടെ നീമയുടെ മുഖത്തേക്കു നോക്കി.

എനിക്ക് പറയണം അമ്മേ എനിക്ക് അയാളെ ഇഷ്ടമല്ലാത്തതിൻ്റെ കാരണം

അവധി ദിവസങ്ങളിൽ അമ്മ ടെക്സ്റ്റയിൽസ് ഷോപ്പിൽ പോയി കഴിയുമ്പോൾ അച്ഛൻ എന്നേയും കൂട്ടി എൻ്റെ കൂട്ടുകാരി രൂപയുടെ വീട്ടിൽ പോകും  പോകുന്ന വഴി ബേക്കറിയിൽ കയറി രൂപക്കുള്ള  ചോക്ലേറ്റും മിഠായിയും എല്ലാം വാങ്ങും. അവിടെ ചെല്ലുമ്പോൾ തന്നെ അച്ഛൻ ചോക്ലേറ്റു പൊതി രൂപക്ക് നൽകും അതിൽ നിന്ന് ഒരു ചോക്ലേറ്റോ മിഠായിയോ എനിക്ക് തരാതെ രൂപയുടെ അമ്മ അതെല്ലാം വാങ്ങി മാറ്റിവെയ്ക്കും ഞാൻ രൂപയേയും കൂട്ടി  കളിക്കാനായി മുറ്റത്തേക്കോടും മുറ്റത്തെ കളിയെല്ലാം അവസാനിപ്പിച്ച് ഞങ്ങൾ തിരികെ എത്തുമ്പോൾ അച്ഛനേയും ആൻ്റിയേയും കാണാറില്ല ആദ്യമൊക്കെ ഞാനോർത്തത് അച്ഛൻ വീട്ടിൽ പോയി കാണും എന്നാണ്. ഒരു ദിവസം ഞാനും രൂപയും കൂടി അടച്ചിട്ടിരുന്ന അവരുടെ റൂം തുറന്നപ്പോൾ ഞാൻ കണ്ടത് അച്ഛനും ആൻ്റിയും കെട്ടിപ്പിടിച്ച് കിടക്കുന്നതാണ്‌ പിന്നീട് പല പ്രാവശ്യം ഞാനിതു കണ്ടിട്ടുണ്ട്. അപ്പോഴേല്ലാം എനിക്ക് അച്ഛനോട് ദേഷ്യം തോന്നിയിട്ടുണ്ട്

രൂപ പറയുന്നത് എൻ്റെ അച്ഛൻ തന്നെയാ അവളുടേയും അച്ഛൻ എന്ന്. അതിലൊന്നും എനിക്ക് സങ്കടം തോന്നിയിട്ടില്ല. രൂപയുടെ വീട്ടിൽ നിന്ന് തിരികെ വരുന്ന വഴി ഞാൻ അച്ഛനോട് പറയും എനിക്കും ചോക്ലേറ്റും മിഠായിയും വേണമെന്ന് ഒരിക്കൽ പോലും അച്ഛൻ എനിക്ക് ചോക്ലേറ്റോ മിഠായി യോ വാങ്ങി തന്നിട്ടില്ല.

ചില ദിവസം ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ ആൻ്റി ഞങ്ങളുടെ വീട്ടിൽ ഉണ്ടാകും ഞങ്ങളുടെ ബഡ്റൂമിൽ അച്ഛനോടൊപ്പം കിടന്നുറങ്ങുന്നതും ഞാൻ കണ്ടിട്ടുണ്ട്.

ഒരിക്കൽ അമ്മ പനി പിടിച്ചു ആശുപത്രിയിൽ കിടന്നപ്പോൾ ആൻ്റി ഞങ്ങളുടെ വീട്ടിൽ വന്നു. അന്ന് അച്ഛനും ആൻ്റിയും മുറിയിൽ കയറി കതകടച്ചു – അമ്മയില്ലാതെ എനിക്ക് തനിച്ചു കിടക്കാൻ പേടിയായി ഞാൻ അവരുടെ കതകിൽ മുട്ടി വിളിച്ചു. അച്ഛൻ എന്നു പറയുന്ന അയാളു വന്ന് എനിക്ക് അടിയും നുള്ളും തന്നിട്ട് എന്താ പറഞ്ഞേ എന്നറിയോ അമ്മമ്മ ക്ക്?

മര്യാദക്ക് ഇവിടെ കിടന്നുറങ്ങിക്കോ ഇല്ലങ്കിൽ പുറത്തിറക്കി വാതിലടക്കും എന്ന്. ഞാൻ പേടിച്ചു വിറച്ച് ആ രാത്രി ഉറങ്ങാതെ അമ്മയെ ഓർത്ത് കരഞ്ഞു.

ഒരു ദിവസം അമ്മയും അയാളും വഴക്കിട്ടപ്പോൾ അയാളു പറഞ്ഞു എന്നേയും അമ്മയേയും അയാൾക്കും വേണ്ടന്ന് ഞങ്ങളോട് അവിടുന്ന് ഇറങ്ങി പോകാൻ പറഞ്ഞു ഇല്ലങ്കിൽ പെട്രോൾ ഒഴിച്ച് ഞങ്ങളെ കത്തിക്കുമെന്ന് . അതുകൊ.ണ്ടാ എൻ്റെ അമ്മ എന്നേയും കൂട്ടി അവിടുന്ന് പോന്നത്. ഇനി അമ്മമ്മക്കും ഞങ്ങളെ വേണ്ടങ്കിൽ ഞങ്ങളു പൊയ്ക്കോളാം എവിടേക്കെങ്കിലും

കുറച്ചു ദിവസമായി രൂപയെ സ്കൂളിൽ കൊണ്ടു വിടുന്നത് അയാളാണ് അയാളെ രൂപ അച്ഛൻ എന്നാണ് വിളിക്കുന്നത്.

ഇനി അമ്മ പറ എൻ്റെ പേരു മാറ്റി തരുമോ

തരാം

നീമ രമ്യ എന്നാക്കിയാൽ മതി

ഉം.

ആ സമയത്താണ് രമ്യയുടെ കൈയിൽ ഇരുന്ന ഫോൺ ബെല്ലടിച്ചത്.

ഹല്ലോ ഇത് നീമ യുടെ അമ്മയാണോ ഞാൻ നീമയുടെ ക്ലാസ്സ് ടീച്ചറാണ്.

ടീച്ചർ… മോളു പറഞ്ഞു ടീച്ചർ വിളിക്കുമെന്ന്. മോള് ടീച്ചറിനോട് ദേഷ്യപ്പെട്ടല്ലേ അവൾക്കു വേണ്ടി ഞാൻ ടീച്ചറിനോട് മാപ്പു ചോദിക്കുകയാണ്.

ഏയ് എന്തായിത്. അവളു കൊച്ചു കുട്ടിയല്ലേ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ മതി.

ടീച്ചർ ഒരുപകാരം ചെയ്യണം മോളുടെ പേരിനൊപ്പം വിവേക് എന്ന അവളുടെ ചേർത്ത് വിളിക്കണ്ട അത് അവൾക്കിഷ്ടമല്ല അതാണ് അവളുടെ ദേഷ്യത്തിന് കാരണം

അതെന്താ അവളുടെ അച്ഛനോട് അവൾക്കിത്ര വെറുപ്പ്

രമ്യ അതിൻ്റെ കാരണം ടീച്ചറിനോട് ചുരുക്കി.പറഞ്ഞു.

ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് നീമക്ക് ഒരു പത്തു വയസുകാരിയുടെ പക്വത അല്ല ഉള്ളു എന്ന്. നല്ല പക്വതയോടെയാണ് ഓരോ സംസാരവും പ്രവൃത്തിയും

ഞാനിനി ശ്രദ്ധിച്ചോളാം മറ്റു ടീച്ചേഴ്സിനോടും ഞാനിവിവരം പറഞ്ഞോളാം.

ശരി ടീച്ചർ താങ്ക്സ്

രമ്യ കോൾ കട്ട് ചെയ്തു.

ഇനി ടീച്ചർ മോളെ ആ പേരു ചേർത്തു വിളിക്കില്ല നല്ല കുട്ടിയായി ഇരിക്കൂട്ടോ പിന്നെ റെക്കാർഡിക്കലായി മോൾടെ പേരു ഉടനെ തന്നെ മാറ്റി നീമ രമ്യ എന്നാക്കി മാറ്റാട്ടോ

രമ്യ പറഞ്ഞതു കേട്ട് നീമ ഓടി വന്ന് രമ്യയെ കെട്ടിപ്പടിച്ചു. ഞാനൊരു കാര്യം കൂടി പറയട്ടെ

എന്നെ ആ സ്കൂളിൽ നിന്നു മാറ്റി മറ്റൊരു സ്കൂളിൽ ആക്കാമോ

അതെന്തിനാ

അയാളെ കാണാതിരിക്കാനാ

അതു വേണ്ട മോളെ മോൾ ആ സ്കൂളിൽ തന്നെ പഠിക്കണം അയാളുടെ മുന്നിൽ തന്നെ മോളു വളർന്നു വരണം. അയാളു ഉപേക്ഷിച്ചിട്ടും നമ്മൾ തോറ്റു പോയില്ല എന്ന് അയാളു കാണട്ടേ എൻ്റെ മോൾക്ക് നല്ല കഴിവുണ്ട് ആ കഴിവു ഉപയോഗിച്ച് മോൾ നന്നായി പഠിക്കണം നല്ല മിടുക്കിയായി തല ഉയർത്തി പിടിച്ചു തന്നെ മോൾ നടക്കണം.കാരണം മോളും മോൾടെ അമ്മയും തെറ്റൊന്നും ചെയ്തിട്ടില്ല സ്വന്തം അമ്മയും കാമുകനും കൂടി തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് ഒരിക്കൽ രൂപ തിരിച്ചറിയും.അന്ന് അവൾ അമ്മയോടും അയാളോടും ചോദ്യങ്ങൾ ചോദിക്കും തൻ്റെ അച്ഛൻ വിവേകല്ല എന്ന് രൂപ തിരിച്ചറിയുന്ന അന്ന് രൂപ അയാളെ വെറുക്കാൻ തുടങ്ങും അന്നവൾ തൻ്റെ അച്ഛനെ അന്വേഷിച്ചിറങ്ങും  അന്നവൾ മനസ്സിലാക്കും അവളുടെ അച്ഛൻ ഒരു സാധുവായിരുന്നു എന്ന്.

ശരിയമ്മേ എനിക്ക് സ്കൂൾ മാറണ്ട എൻ്റെ പേരു മാറുമല്ലോ അതുമതി. രൂപയുടെ അച്ഛൻ ആരാണന്ന് അമ്മക്കറിയോ

അറിയാം ഭാര്യയേയും മകളേയും ജീവനു തുല്യം സ്നേഹിച്ച ഒരു നല്ല മനുഷ്യൻ. ഭാര്യക്കും മകൾക്കും വേണ്ടി ജീവിച്ച പാവം ഒരു കൃഷിക്കാരൻ. ഭാര്യയുടെ അവിഹിതം ചോദ്യം ചെയ്തപ്പോൾ വീട്ടിൽ നിന്നിറക്കി വിട്ടു. അദ്ദേഹം ഇപ്പോൾ തറവാട്ടിൽ അച്ഛനും അമ്മക്കുമൊപ്പം കൃഷി പണിയും ചെയ്തു ജീവിക്കുന്നു –

അമ്മ ഉടനെ തന്നെ ഡിവോഴ്സ് വാങ്ങ് എന്നിട്ട് ആ നല്ല മനുഷ്യനെ വിവാഹം ചെയ്യ് എനിക്ക് ഒരച്ഛനേയും കിട്ടുമല്ലോ?

മോൾ എന്താ ഇപ്പോ പറഞ്ഞത്. അതൊരിക്കലും നടക്കുന്ന കാര്യമല്ല. അമ്മക്ക് ഒരാഗ്രഹം ഉണ്ട് മുടങ്ങി പോയ അമ്മയുടെ പഠിത്തം പുനരാരംഭിക്കണം. ഒരു ജോലി നേടണം മോളെ നന്നായി പഠിപ്പിക്കണം അതൊക്കെയാണ് ഇപ്പോ അമ്മയുടെ മനസ്സിലെ സ്വപ്നങ്ങൾ ഇതിനിടയിൽ എൻ്റെ മോളെ കൂടി അംഗികരിക്കുന്ന ഒരാൾ വന്നാൽ അയാളുടെ താലിക്കായി ഈ കഴുത്ത് ഞാൻ നീട്ടികൊടുക്കും.

ഇപ്പോ അമ്മയുടെ മനസ്സിൽ അമ്മയുടെ മോളു മാത്രമെയുള്ളു. നിൻ്റെ ഓരോ വളർച്ചയിലും ഈ അമ്മ കുടെയുണ്ടാകും ഇതാണ് അമ്മ മോൾക്കു തരുന്ന ഉറപ്പ്.

നീമ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ രമ്യയുടെ മാറോട് ചേർന്നു കിടന്നു. അമ്മയുടെ സ്നേഹവാത്സല്യങ്ങൾ ആസ്വദിച്ചു കൊണ്ട്.

അവസാനിച്ചു – ഇത് നടന്ന സംഭവമാണേ