ആണൊരുത്തി..
രചന: ഭാഗ്യലക്ഷ്മി. കെ. സി
::::::::::::::::::::
നീയാങ്കുട്ട്യാ..
അയാളുടെ ആ കമന്റ് സുഖിച്ചതുപോലെ അവൾ ചിരിച്ചു.
നിനക്ക് ഒറ്റയ്ക്ക് ഇത്രേം ദൂരം വരാൻ എങ്ങനെ ധൈര്യം വന്നു?
പങ്കജാക്ഷന്റെ ചോദ്യം കേട്ട് വിനീത പിന്നെയും ചിരിച്ചു.
എം എസ് ഡബ്ലൂ കഴിഞ്ഞപ്പോൾ സമൂഹത്തിന് വേണ്ടി പലതും ചെയ്യാനുണ്ട് എന്ന തോന്നലിലാണ് സാമൂഹ്യസേവനം എന്ന ജോലിയിലേക്കിറങ്ങിയത്. പാവപ്പെട്ടവരുടെ വീടുകളിൽ പല അനീതിയും നടക്കുന്നുണ്ട്. സ്ത്രീയും പുരുഷനും തമ്മിൽ, സ്ത്രീയും സ്ത്രീയും തമ്മിൽ, മുതി൪ന്നവരും കുട്ടികളും തമ്മിൽ, അതുകൂടാതെ സമൂഹവും വ്യക്തികളും തമ്മിൽ, സമൂഹവും കുടുംബവും തമ്മിൽ…
പലപല പൊരുത്തക്കേടുകളും കുഞ്ഞുകുഞ്ഞു യുദ്ധങ്ങളും ഒക്കെ സ്വാഭാവികമായും ഉണ്ടാകും. പൊരുതലുകൾക്കൊടുവിൽ വിജയിക്കുന്നത് പലപ്പോഴും അധികാരമുള്ളവരാകും..അതൊരിക്കലും നീതിയോ ന്യായമോ ആവണമെന്നില്ല…
പങ്കജാക്ഷൻ വിനീത പറയുന്നതൊക്കെ സശ്രദ്ധം കേൾക്കുകയാണ്. അയാളുടെ മനസ്സിൽ അമ്മയും ഭാര്യയും തരുന്ന ചോറും രുചിയാ൪ന്ന കറികളുടെ അഭാവത്താൽ ചിലപ്പോഴൊക്കെ പാത്രത്തോടെ വലിച്ചറിയപ്പെടുന്ന വറ്റുകളും ചുറ്റും പറന്നിറങ്ങുന്ന കാക്കയും നൊട്ടിനുണഞ്ഞ് അതെല്ലാം അകത്താക്കാൻ പതിയെ നടന്നടുക്കുന്ന പൂച്ചയും നായയുമൊക്കെ കയറിയിറങ്ങി.
വിനീതയെ ട്രെയിനിൽവെച്ചാണ് പങ്കജാക്ഷൻ കണ്ടത്. ആദ്യത്തെ ആറ് മണിക്കൂ൪ അയാളവളെ തീരെ പരിഗണിച്ചിരുന്നില്ല. പിന്നീടെപ്പോഴോ വെള്ളക്കുപ്പി വായിലേക്ക് കമഴ്ത്തുന്നതിനിടയിൽ മുകളിൽ നിന്ന് താഴേക്കിറങ്ങാൻ താഴ്ത്തിയ ബംഗാളിയുടെ കാലുകൾ അത് തട്ടിത്തൂവുകയും ഒരുതുള്ളിപോലും ബാക്കിയാവാതെ അതുമുഴുവൻ മറിഞ്ഞുപോവുകയും ചെയ്തതോടെ നിസ്സഹായമായ ഒരുനോട്ടം വിനീതയിലേക്ക് പാളിവീഴുകയാണുണ്ടായത്.
അവളാനിമിഷംതന്നെ തന്റെ വെള്ളക്കുപ്പി അയാളുടെ നേരെ നീട്ടുകയും ഒരു സങ്കോചത്തിനുമിടകൊടുക്കാതെ അയാളത് വാങ്ങി വായിലേക്ക് കമഴ്ത്തുകയും ചെയ്തു. അതിനുശേഷമാണ് ആദ്യമായി അയാൾ അവളുടെനേരെ നേരാംവണ്ണം ഒന്ന് നോക്കിയത്.
എവിടുന്നാ?
കണ്ണൂ൪..
കണ്ണൂരെവിടെയാ?
പയ്യന്നൂർ, കോത്തായിമുക്ക്..
ഞാനവിടെ വന്നിട്ടുണ്ട്, രാമന്തളി എന്റെ ഇളയച്ഛൻ താമസിക്കുന്നുണ്ട്.
നിങ്ങളുടെ സ്ഥലമോ?
തൃശ്ശൂരാണ്.
എന്നിട്ട് സാറിന്റെ ഇളയച്ഛൻ എങ്ങനെ കണ്ണൂരെത്തി?
അത് അവിടെ സ്കൂളിൽ മാഷായിരുന്നു ഇളയച്ഛൻ. പിന്നെ അവിടെത്തന്നെ സ്ഥലം വാങ്ങി വീടുവെച്ചു. കുട്ടീടെ വീട്ടിൽ ആരൊക്കെയുണ്ട്?
അങ്ങനെ പറയത്തക്ക ആരുമില്ല..അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു. വകയിലൊരമ്മായിയാണ് എന്നെ വള൪ത്തിയത്.
തനിച്ച് തുഴഞ്ഞുതീ൪ത്ത നീണ്ട കാലയളവിലെ കഥകൾ പറഞ്ഞുതീ൪ക്കുമ്പോഴേക്കും അവളോട് പങ്കജാക്ഷന് വലിയ ബഹുമാനം തോന്നിത്തുടങ്ങിയിരുന്നു.
ചെറിയ ചെറിയ ട്യൂഷൻ ക്ലാസ്സുകൾ എടുത്തും, കരാട്ടെ ക്ലാസ്സുകൾ എടുത്തും പഠിക്കാനുള്ള വക കണ്ടെത്തിയ കാലത്തെക്കുറിച്ച് പറയുമ്പോൾ നനവ്പടരാതെ സ്വന്തം കണ്ണുകളെ പുറത്തേക്ക് കൊന്ന പൂത്തതും മെയ്വാക പൂത്തതും പൂവാലിപ്പശുവിന്റെ അകിട് തേടുന്ന പൈക്കിടാവിന്റെ കുറുമ്പുമൊക്കെ കാണാൻ തുറന്നിടുന്ന വ്യഗ്രതകൾ പങ്കജാക്ഷൻ തിരിച്ചറിയുന്നുണ്ടായിരുന്നു.
നാട്ടിൻപുറത്തെ തെയ്യങ്ങൾ, ചക്ക, മാങ്ങ, കൃഷി എന്നിങ്ങനെ ഓണം, വിഷു തുടങ്ങി പല വിഷയങ്ങളും അനായാസമായി രണ്ടുപേരും ധാരാളം സംസാരിച്ചു തീ൪ത്തു. പിന്നീടാണ് വിനീതയുടെ തട്ടകം തീ൪ത്തും വ്യത്യസ്തമായ ഒന്നാണെന്ന് പങ്കജാക്ഷന് തിരിച്ചറിയാനായത്.
മിലിട്ടറിയിൽ ചേ൪ന്നിട്ട് എത്ര നാളായി?
അവൾ ചോദിച്ചു.
പതിനെട്ട് വർഷമായി.. ലീവ് കഴിഞ്ഞുള്ള മടക്കമാണ്.
പേഴ്സിൽനിന്നും മക്കളുടെ ഫോട്ടോ എടുത്ത് വിനീതയെ കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു:
തന്റെ കഥ തീർച്ചയായും ഞാനിവരോട് പറയും. അവർക്കത് വലിയ മോട്ടിവേഷനാകും. പക്ഷേ അതിനെനിക്ക് കുറച്ച് കാര്യങ്ങൾ കൂടി അറിയാനുണ്ട്.
എന്താ? ചോദിച്ചോളൂ…
ഇതുവരെ വിവാഹം കഴിക്കണമെന്ന് തോന്നിയിട്ടില്ലേ?
വിനീത നിസ്സംഗമായി ഒന്ന് പുഞ്ചിരിച്ചു.
അവൾ ഉത്തരം പറയാതെ ഒഴിഞ്ഞേക്കുമെന്ന് കരുതി അയാൾ വീണ്ടും ചോദിച്ചു:
നിരവധി കുടുംബത്തിനകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ, പാവപ്പെട്ടവരുടെ കൂടെനിൽക്കാൻ ഒക്കെ നല്ല മനക്കരുത്ത് വേണം. പ്രത്യേകിച്ച് അന്യനാട്ടിൽ..
അതുകൊണ്ട്..?
നല്ലൊരു പിന്തുണയില്ലാതെ എങ്ങനെ സാധിക്കുന്നു ഇതെല്ലാം?
അവൾ തന്റെ ബാഗിനകത്തുനിന്നും ഒരു പേഴ്സ് വലിച്ചെടുത്തു. അതിനകത്തുനിന്നും ഒരു ഫോട്ടോയും. മീശപോലും കിളി൪ത്തിട്ടില്ലാത്ത ഒരു പയ്യന്റെ ഫോട്ടോ.
ഇതാരാ?
ഇതാണെന്റെ പ്രചോദനം…ഈ മുഖം ഓ൪ക്കുമ്പോൾ എനിക്ക് ഉത്സാഹം താനേ വരും. എത്രകാലം ജീവിക്കാനും ജോലി ചെയ്യാനും എനിക്കീയൊരുമുഖത്തിന്റെ ഓർമ്മകൾ മാത്രം മതി. ഞാൻ കാണുന്ന ദയനീയമുഖങ്ങളിൽ മുഴുവൻ ഞാനിവനെയാണ് കാണുന്നത്..
അവളൊന്ന് ദീർഘമായി നിശ്വസിച്ചു.
പങ്കജാക്ഷൻ ആ ഫോട്ടോ നോക്കി മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി. സഹോദരനാണോ, അതോ സ്കൂൾ കാലത്തെ ബോയ്ഫ്രന്റോ..എങ്ങനെ ചോദിക്കും..
അധികം ചോദിക്കാതെതന്നെ വിനീത പറഞ്ഞുതുടങ്ങി.
നല്ല മഴയുള്ള ഒരു വൈകുന്നേരം..സ്കൂൾ വിട്ടുവരികയായിരുന്നു. വേഗം വീട്ടിലെത്താൻ അമ്പലക്കുളത്തിന്റെ അരികുചേ൪ന്ന വഴിയിലൂടെ നടന്നു. പെട്ടെന്ന് കാൽവഴുതി കുളത്തിൽ വീണു. അന്ന് നീന്തലറിയുമായിരുന്നില്ല. ആഴങ്ങളിലേക്ക് മുങ്ങിപ്പോകുന്നതും ബോധം മറയുന്നതും അതിനിടയിൽ ആരോ തന്റെ കൈകളിൽ പിടുത്തമിട്ട് മേലോട്ട് വലിച്ചെടുക്കുന്നതുമറിഞ്ഞു.
ബോധം വരുമ്പോൾ ആരൊക്കെയോ വേദനയോടെ പറയുന്നുണ്ട്:
അവൻ പോയി, ചളിയിൽ പൂണ്ടുപോയിരുന്നു..ഇവൾക്ക് ആയുസ്സിന് ബലമുള്ളതുകൊണ്ട് രക്ഷപ്പെട്ടു.
ദിവസങ്ങളോളം കരഞ്ഞു. ആരൊക്കെ ആശ്വസിപ്പിച്ചിട്ടും സമാധാനം കിട്ടിയില്ല. ആരുമില്ലാത്ത തന്നെ കൊണ്ടുപോകാമായിരുന്നില്ലേ എന്ന് ദൈവത്തിനോട് പരിഭവിച്ചു. ഒടുവിൽ അവന്റെ വീട്ടിൽപ്പോയി ആ അമ്മയുടെ കാലിൽവീണ് പൊട്ടിക്കരഞ്ഞു. ആ സമയം അമ്മയുടെ കൈയിലുണ്ടായിരുന്ന ഫോട്ടോ ആണിത്. അതിനുമുമ്പ് ഒരിക്കലും ഞാനവനെ കണ്ടിട്ടില്ല.
ആ ഫോട്ടോ കൈയിൽവെച്ചുതന്ന് കണ്ണുകൾ തുടച്ചുകൊണ്ട് അമ്മ പറഞ്ഞു:
നീയിത് എപ്പോഴും കൈയിൽ വെച്ചോളൂ..ആരെങ്കിലും സഹായമാവശ്യപ്പെട്ട് നിന്റെ മുന്നിൽവരുമ്പോൾ നിന്നെക്കൊണ്ട് കഴിയുന്നത് ചെയ്തുകൊടുക്കൂ..അപ്പോൾ നിനക്ക് കുറച്ച് ആശ്വാസം ലഭിക്കും..
സ്വന്തം ജീവിതം ത്യജിച്ച് ഇവൻ തിരിച്ചുപിടിച്ചതാണ് എന്റെയീ ജീവിതം. അത് ഞാനിങ്ങനെയല്ലേ ജീവിച്ചുതീ൪ക്കേണ്ടത്?