ഉത്തരം തേടി…
രചന: ഭാഗ്യലക്ഷ്മി. കെ. സി
==============
അശ്വതി രാവിലെ കുഞ്ഞിനെയും കൊണ്ട് ഭ൪തൃവീട്ടിലേക്ക് തിരിച്ചുപോയതോടെ ഒന്നിനും ഒരു ഉന്മേഷമില്ലാതിരിക്കുകയായിരുന്നു ഉമാദേവി.
കുളിയെല്ലാം കഴിഞ്ഞ് മുണ്ടും നേര്യതുമായി അമ്പലത്തിൽ പോകാനിറങ്ങിയ വേഷത്തിൽ പതിവില്ലാത്ത ഒരു ഇരുത്തം കണ്ടതോടെ വിശ്വനാഥൻനായ൪ ചോദിച്ചു:
എന്താ ദേവീ? ഇന്ന് പോകുന്നില്ലേ?
അവ൪ കണ്ണുതുടച്ച് അച്ഛനെ നോക്കി. സുരേഷേട്ടന്റെ അച്ഛനാണെങ്കിലും മുപ്പത്തിരണ്ട് വർഷമായി തന്റെ തന്നെ അച്ഛനാണ് അദ്ദേഹം. തന്റെ കണ്ണൊന്ന് നനഞ്ഞാൽ ആ ഹൃദയം പിടക്കുന്നത് ഉമാദേവിക്കറിയാം. അതുകൊണ്ട് മെല്ലെ പറഞ്ഞു:
ഒന്നുമില്ലച്ഛാ..
ഇന്നെന്തേ പതിവില്ലാതെ ഒരിരിപ്പ്?
അച്ചു മോനേയുമെടുത്ത് അങ്ങ് പോയപ്പോൾ വീണ്ടും വീടുറങ്ങിയപോലെ..അവനുണ്ടായിരുന്നതുകൊണ്ട് ഒരാഴ്ച പോയതറിഞ്ഞില്ല..
അച്ഛനും രാവിലെ മുതൽ ഒരേകാന്തത അനുഭവിക്കുന്നുണ്ടാകണം..അതായിരിക്കും ഒന്നും പറയാഞ്ഞത്..
ഉമാദേവിക്ക് എഴുന്നേൽക്കാനും നടക്കാനും മടി തോന്നി. അവ൪ പിന്നേയും അവിടെത്തന്നെ ഇരുന്നു.
മകളുടെ പഠനവും വിവാഹവുമോ൪ത്ത് ഉരുകുകയായിരുന്നു ഇത്രയും കാലം. അച്ഛന്റെ പെൻഷനും ട്യൂഷനെടുത്ത് കിട്ടുന്ന തുകയുമായി മൂന്നുപേ൪ എത്ര ഒതുങ്ങിയാണ് ജീവിച്ചത്..അച്ഛനൊരു അസുഖം വരുമ്പോൾ പേടിയാണ്..ആശുപത്രിച്ചിലവുകളും അച്ഛന് വല്ലതും സംഭവിച്ചാൽ അനാഥമാകുന്ന അമ്മയും മകളും എന്ത് ചെയ്യുമെന്ന ചിന്തയും ഉമാദേവിയെ തെല്ലൊന്നുമല്ല സമ്മ൪ദ്ദത്തിലാക്കിയിരുന്നത്. പക്ഷേ ഇതുവരെ ഭഗവാന്റെ കൃപാകടാക്ഷം കൊണ്ട് ബുദ്ധിമുട്ടൊന്നുമില്ലാതെ കഴിഞ്ഞു.
അദ്ദേഹത്തിന്റെ ആശ്രിത൪ക്ക് ലഭിക്കുന്ന നിയമനത്തിൽ അശ്വതി കയറിയപ്പോഴാണ് ശ്വാസം നേരെ വീണത്. അച്ഛനെ തനിച്ചാക്കി ദൂരെ ജോലിക്ക് പോകാനുള്ള വിഷമമോ൪ത്ത് തനിക്കന്നത് സ്വീകരിക്കാൻ വിമുഖതയായിരുന്നല്ലോ..
സുരേഷേട്ടന്റെ ബന്ധുക്കൾ നി൪ബ്ബന്ധിച്ചതാണ് രണ്ടാമതൊരു വിവാഹത്തിന്..
എന്നെക്കൊണ്ട് സാധിക്കാത്തതുകൊണ്ടാണ്..വേറൊരാളെ ആ സ്ഥാനത്ത് കാണാൻ വയ്യ..
ആ കരച്ചിലോടെ എല്ലാവരും അത്തരം സംഭാഷണങ്ങൾ മതിയാക്കി.
അച്ചു ഭാഗ്യവതിയാണ്..മോഹൻ എന്ത് സ്നേഹമുള്ളവനാണ്. അവന്റെ പെരുമാറ്റം കണ്ടാൽ ആരും കൊതിച്ചുപോകും അങ്ങനെയൊരു മകനെക്കിട്ടാൻ…
ഉമാദേവിയുടെ ചിന്തകൾക്ക് വീണ്ടും ജീവൻ വെച്ചു.
സുരേഷേട്ടനും അങ്ങനെത്തന്നെ ആയിരുന്നല്ലോ..
അയാളുമൊത്തുള്ള ജീവിതത്തിന്റെ നിറമുള്ള ഓർമ്മകൾ കടന്നുവന്നതോടെ
അവരുടെ മിഴികൾ പിന്നെയും പലതവണ നിറഞ്ഞുകവിഞ്ഞു.
വിശ്വനാഥൻ നായ൪ക്ക് വേവലാതിയായി.
എന്താ മോളേ നീയീ ആലോചിച്ച് കൂട്ടുന്നത്..?
നാൽപ്പത്തിരണ്ടാം വയസ്സിൽ ഹാ൪ട്ട് അറ്റാക്ക് വന്ന് മരിക്കാൻമാത്രം സുരേഷേട്ടൻ എന്ത് പാപം ചെയ്തിട്ടാ അച്ഛാ?
പാപം ചെയ്തവ൪ മാത്രമാണോ മരിക്കുന്നത്?
ആദ്ധ്യാത്മിക വായനയിൽ മുഴുകി വാർദ്ധക്യസഹജമായ എല്ലാ പ്രശ്നങ്ങളെയും തരണംചെയ്യാൻ മനോധൈര്യം കാണിക്കുന്ന അച്ഛനോട് ഉമാദേവി ഇടയ്ക്ക് ഇങ്ങനെ ചില ചോദ്യങ്ങൾ ചോദിക്കും.
അച്ഛൻ അതിന് കൃത്യമായ മറുപടി കൊടുത്ത് ആശ്വസിപ്പിക്കുകയും ചെയ്യും.
എന്നാലും ഇത്രനേരത്തെ സുരേഷേട്ടനെ അങ്ങോട്ട് വിളിക്കേണ്ട കാര്യമുണ്ടായിരുന്നോ..?
മോളേ..നീ കുഞ്ഞുമോൻ ടോയ്സൊക്കെ വെച്ച് കളിക്കുന്നത് കണ്ടിട്ടില്ലേ..? ജെസിബീ, ട്രെയിൻ, കാ൪ ഒക്കെ പോണവഴിക്ക് അവന്റെ ടെഡിബേ൪ ഞാൻ ഓ൪മ്മയില്ലാതെ വെച്ചാൽ അവനോടിവന്ന് അതെടുത്ത് മാറ്റി അനങ്ങാതെ നിൽക്കുന്ന മറ്റ് പാവകളുടെ അടുത്ത് വെക്കും. എന്നിട്ട് പറയും:
അവരവിടെനിന്ന് കളിച്ചോട്ടെ അപ്പൂപ്പാ..ഇവിടെ നിന്നാൽ ഇവരെല്ലാവരും കൂടി അതിനെ ഇടിച്ച് ഹ൪ട്ട് ചെയ്ത്..എന്തിനാ വെറുതേ..ഒരേ ഗ്രൂപ്പിൽ പെടുന്നവരുടെ അടുത്തേ അവ൪ കംഫ൪ട്ടബിൾ ആകുള്ളൂ..
അതുപോലല്ലേ സുരേഷും..അവന്റെ ലോലമായ ഹൃദയത്തിന് താങ്ങാൻ പറ്റാത്ത എത്ര അനുഭവങ്ങളായിരുന്നു..എന്നും ഓരോരോ പ്രശ്നങ്ങൾ..
അച്ഛാ…എനിക്ക് ഈ ഓഫീസ് മടുത്തുപോയി എന്ന് പറയാത്ത ദിവസങ്ങളില്ല..അവന്റെ ഹൃദയനൈ൪മല്യം തിരിച്ചറിയാതെ വേദനിപ്പിച്ചവരെത്രയാ..
ഉമാദേവിക്ക് അച്ഛൻ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടി.
ദേവൂ..വയ്യെടോ..എന്തുമാത്രം വിഷം നിറഞ്ഞ മനസ്സാണെല്ലാവരുടേം..ഒരു കാര്യവുമില്ലാതെ ഉപദ്രവിക്കുകയും ഒറ്റപ്പെടുത്തുകയുമാ ചില൪..
കൈക്കൂലി വാങ്ങുന്നവ൪ക്ക് അത് വാങ്ങാത്തവരെ കാണുന്നതേ ചതു൪ത്ഥിയാ…പോരാത്തേന് സുരേഷേട്ടൻ ഒരു പാർട്ടിയിലും യൂനിയനിലും ചേരില്ല..അതൊക്കെക്കൊണ്ടാ എല്ലാവരും അങ്ങട്ടുമിങ്ങട്ടും തട്ടണത്..
ഇനിയുമൊരു ട്രാൻസ്ഫർ വന്നാൽ ഞാനീ ജോലി രാജിവെക്കും..എനിക്ക് വയ്യ ഇനിയും ദൂരസ്ഥലത്ത് പോകാൻ..
പിന്നെങ്ങനെ ജീവിക്കുമെന്നുകൂടിയോ൪ക്കണം..
താനന്നത് പറഞ്ഞതുകൊണ്ടാണ് ഇഷ്ടമില്ലാതിരുന്നിട്ടുകൂടി വയനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ പോയത്..പോയി രണ്ടാം നാൾ..
അതാലോചിച്ചപ്പോൾ വീണ്ടും ഉമാദേവിയുടെ മിഴി നിറഞ്ഞു.
ശരിയാണച്ഛാ..ഈശ്വരൻ സുരേഷേട്ടന് നല്ലവരുടെ ഇടയിൽ ജനിക്കാനവസരം കൊടുക്കട്ടെ..
ഉമാദേവി ഒരു ദീ൪ഘനിശ്വാസത്തോടെ എഴുന്നേറ്റ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അപ്പോഴവരുടെ മുഖം ശാന്തമായിരുന്നു.