രചന: അബ്രാമിൻെറ പെണ്ണ്
::::::::::::::::::::
കഴിഞ്ഞയിടെ സ്കൂളിൽ നിന്നും ടീച്ചർ വിളിച്ച് ന്റെ മോളുടെ ആധാർ കൊണ്ട് ചെല്ലാൻ പറഞ്ഞു..ഈയുള്ളവൾ അതും പൊക്കി സ്കൂളിൽ ചെന്നു..
“ങ്‌ഹേ, ഇത് മഞ്ജിമ ജനിച്ചപ്പഴെങ്ങാണ്ട് എടുത്തതാണല്ലോ..ഇത് ഇതുവരെ മാറ്റിയില്ലേ..കൊച്ചിന്റെ മുഖം കണ്ടിട്ട് തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ…??”
പഷ്ട്ട് ചോദ്യമാണ് ടീച്ചർ ചോദിക്കുന്നത്..ആധാർ നോക്കി ആളെ തിരിച്ചറിയും പോലും…പുതിയ സ്റ്റീൽ ചരുവത്തിൽ മുഖം നോക്കിയാൽ കാണുന്നത് പോലെയുള്ള രൂപമാണ് ഞങ്ങളുടെയൊക്കെ ആധാർ കാർഡിലുള്ളത്..എവിടെങ്ങാണ്ടൊക്കെ നീണ്ടും കുറുകിയുമൊക്കെയിരിക്കുന്ന നല്ല മുഖം…ആ മുഖം തിരിച്ചറിയാൻ സ്വന്തം വീട്ടുകാർക്ക് പോലും പറ്റില്ലെന്നതാണ് വാസ്തവം…
ടീച്ചറിനോട് തർക്കത്തിനൊന്നും നിൽക്കാതെ പിറ്റേന്നിന്റെ പിറ്റേന്നിന്റെ നാളെ കെട്ടിയോനെയും കൊച്ചുങ്ങളെയും വിളിച്ചോണ്ട് അക്ഷയയിൽ പോയി..പിള്ളേരുടെ ഫോട്ടോ എടുക്കുന്ന കൂട്ടത്തിൽ ഞങ്ങളുടെ രണ്ടാളുടെയും ഫോൺ നമ്പർ കൂടെ പുതുതായി ചേർക്കണമായിരുന്നു…
ഞങ്ങളായിരുന്നു ആദ്യം ചെന്നത്..അക്ഷയയിലെ വല്യപ്പനും അങ്ങേര്ടെ പെണ്ണുമ്പിള്ളയും വന്നപ്പോ ഒൻപത് മണിയായി..പെണ്ണുംപിള്ള മുറിയൊക്കെ തൂത്തു..വല്യപ്പൻ അകത്തോട്ടു കേറുന്നിടത്തു കിടന്ന ചവിട്ടിയിൽ കുറച്ചു വെള്ളം കൊടഞ്ഞിട്ട് അതെടുത്തു രണ്ടടി..ആ മണ്ണും വെള്ളവും കൂടെ കൃത്യം വന്നു വീണത് ഉജാല മുക്കാത്ത എന്റെ പാന്റിലും…
“മര്യാദയില്ലാത്ത പ ന്നങ്ങേര്…”
മനസ്സിൽ പറഞ്ഞു കൊണ്ട് ഞാനങ്ങേരെ നോക്കി പല്ല് കടിച്ചു..ദേഷ്യം വന്ന് വല്ലോം പറഞ്ഞാൽ ഞങ്ങളെ അവിടെ നിർത്തി മെനക്കെടുത്തിയാലോന്ന് പേടിച്ച് വാ തുറന്നൊരക്ഷരം ഉരിയാടിയില്ല..
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന് ജോളിയമ്മാമ്മ പറഞ്ഞിട്ടുണ്ട്…
ആധാറൊക്കെ ശരിയാക്കി രണ്ടാഴ്ച കഴിഞ്ഞപ്പോ കാർഡ് വാങ്ങാൻ ഞാനവിടെ ചെന്ന്..കുറച്ചു കൂടെ താമസമുണ്ടെന്ന് പറഞ്ഞ് അന്നും അവരെന്നെ തിരിച്ചു വിട്ടു..
ബസ് കാത്ത് നിൽക്കുമ്പോഴാണ് ബാഗിൽ കിടക്കുന്ന ഫോണിനുള്ളിൽ നിന്നും എന്തോ ശബ്ദം ഹെഡ്സെറ്റ് വഴി പുറത്തേയ്ക്ക് വന്നത്…
“ങ്‌ഹേ..ഇതെന്തുവാ ശബ്ദം, വീട്ടിലെ കണ്ട്രോൾ റൂമിൽ നിന്നും കെട്ടിയോൻ വിളിച്ച് ഓവർ ഓവർ പറയുവാന്നോന്നൊരു സംശയം..
എങ്ങോട്ടെങ്കിലും പോകുമ്പോ പോലും ഇങ്ങേര് സ്വസ്ഥത തരത്തില്ലെന്ന് വെച്ചാൽ എന്തൊരു കഷ്ടവാ..ഞാൻ ബാഗ് പതുക്കെ തുറന്ന് ഉള്ളിലേയ്ക്ക് തലയിട്ട് നോക്കി..
“അയ്യോ എന്റങ്ങേരല്ലെടെ..ഫോണിനുള്ളിലിരുന്ന് വേറെ ആരാണ്ടടെയോ അങ്ങേര് എത്തി വലിഞ്ഞു നോക്കുന്നു..
ബാഗെടുത്ത് അങ്ങോട്ടുമിങ്ങോട്ടും ഇട്ട വഴിക്കെങ്ങാണ്ട് വീഡിയോ കാൾ പോയതോ ഇങ്ങോട്ട് വന്ന കാൾ അറ്റൻഡ് ചെയ്തതെങ്ങാണ്ടോ ആണ്..ബാഗിൽ കിടക്കുന്ന ചേട്ടൻ മറുവശത്ത് ആളെ കാണാത്തതു കൊണ്ട് ഇരുന്നും എണീറ്റും ചാഞ്ഞും ചരിഞ്ഞും കുനിഞ്ഞുമൊക്കെ നോക്കുന്നുണ്ട്..
സിനിമാ നടനെപ്പോലെ സുന്ദരനായൊരു ചേട്ടൻ..പിന്നിൽ കാണുന്നത് അറബിയിലെഴുതിയ ബോർഡാണ്..അപ്പൊ മരുഭൂമിക്കാരനാണ്..ആ മുഖം കണ്ടപ്പോ സത്യായിട്ടും സംസാരിക്കാതിരിക്കാൻ എനിക്ക് തോന്നിയില്ല..
ഫിൽറ്ററിന്റെ മാരക വേർഷനിൽ വിരൽ തൊട്ടിട്ട് ഞാനങ്ങോട്ട് മുഖം കാണിച്ചു..ആ ചേട്ടന്റെയൊരു സന്തോഷം..എനിക്കങ്ങു മനസ് നിറഞ്ഞു..
“ഇന്നെങ്കിലും ഫോണെടുത്തല്ലോ..തൂലികയിൽ പോസ്റ്റിടുന്ന അന്നൊക്കെ ഞാൻ മെസേജ് ചെയ്യും..വിളിക്കും..ഒരിക്കൽ പോലും ഒന്ന് ഫോണെടുക്കത്തില്ല. ഒന്ന് സംസാരിക്കാൻ ഞാനെത്ര ആശിച്ചതാ…എനിക്ക് എത്ര സന്തോഷമായെന്നറിയാവോ…കൊച്ചിനെ എനിക്ക് ഒത്തിരി ഇഷ്ടമാ…”
ആ ചേട്ടൻ സന്തോഷം സഹിക്കാൻ വയ്യാതെ പറഞ്ഞു…
ഇങ്ങേരെപ്പോലൊരാളുടെ മെസേജിന് ഞാൻ റിപ്ലൈ കൊടുത്തില്ലെന്ന് കേട്ടപ്പോ എനിക്ക് എന്നെത്തന്നെയെടുത്ത് കനാലിൽ കൊണ്ടിടാൻ തോന്നി..ഇത്രേം ഹൃദയമില്ലാത്തവളായിപ്പോയോ ഞാൻ….
“അയ്യോ ചേട്ടാ, ഞാൻ കണ്ടില്ലാരുന്നു..സോറി കേട്ടോ…എന്തായാലും ചേട്ടൻ വിളിച്ചതിലും കണ്ടതിലുമൊക്കെ വലിയ സന്തോഷം…”
ഞാൻ അക്ഷയയിൽ രണ്ടാഴ്ച മുൻപ് വന്നതും അവിടുത്തെ വല്യപ്പൻ പാന്റിൽ ചെളി തെറിപ്പിച്ചതും ആധാർ ഇതുവരെ കിട്ടാത്തതുമൊക്കെ വിവരിച്ചു..
“ഏത് അക്ഷയയാണെന്ന് പറഞ്ഞാൽ മതി..ചേട്ടൻ നാട്ടിലെത്തുമ്പോ മോനൂസിന്റെ പാന്റിൽ ചെളി തെറിപ്പിച്ചവനോട് അവിടെ ചെന്ന് ചോദിക്കാം..മോനൂസ് വിഷമിക്കല്ലേ…”
മോനൂസെന്ന് വിളിക്കുന്നു…കേൾക്കാൻ എന്താ സുഖം…മുതുക്കി, ചതുക്കി, നെത്തോലി, കരിവണ്ട് എന്നൊക്കെയാണ് കെട്ട്യോൻ വിളിക്കുന്നത്..മോനൂസെന്നു ഇന്നേവരെ എന്നെ ആരും വിളിച്ചിട്ടില്ല..പാന്റിൽ തെറിച്ച ചെളിയെക്കുറിച്ച് പോലും ആ വല്യപ്പനോട് ചോദിക്കാൻ വരാമെന്നു പറഞ്ഞ ചേട്ടൻ എന്ത് നല്ല മനസ്സുള്ളവനായിരിക്കും..ചെളി തെറിപ്പിച്ചത് നോക്കി നിന്നവനാണ് എന്റങ്ങേര്…
“മോനൂസേ, വാട്സാപ്പ് നമ്പർ തരാവോ..ഞാനതിൽ വിളിക്കാം…”
മറുപടി പറയാൻ തുടങ്ങിയപ്പോഴാ എന്നെ കൊണ്ട് പോകാനുള്ള വണ്ടി വരുന്നത് കണ്ടത്. ആ ചേട്ടന് ഒരു “ഓക്കേ ” റിപ്ലൈ കൊടുത്തിട്ട് ഞാനോടിപ്പോയി വണ്ടീടെ പിറകിൽ കേറി..
അന്ന് വൈകുന്നേരം നെറ്റ് ഓണാക്കിയപ്പോ ചേട്ടന്റെ കൊറേ മിസ്ഡ് വീഡിയോ കാളും ഒരായിരം മെസ്സേജും വന്ന് കിടക്കുന്നു..
“മോനൂസേ നമ്പർ ഇടാഞ്ഞതെന്താ..”
“മോനൂസേ ചെളി തെറിപ്പിച്ചതിന്റെ സങ്കടം മാറിയോ..”
മോനൂസ് കഴിച്ചോ…വെള്ളം കുടിക്കണം കേട്ടോ..നന്നായി ഉറങ്ങണേ..കണ്ണിന്റെ താഴെയൊക്കെ കറുപ്പ് വീഴുന്നുണ്ട്..ആരോഗ്യം ശ്രദ്ധിക്കണം…
എന്ത് വിഷമമുണ്ടെങ്കിലും ചേട്ടനോട് പറയണം കേട്ടോ..
ചേട്ടൻ നാട്ടിൽ വരുമ്പോ മോനൂസിന് പാൽപ്പൊടിയും കുരുവില്ലാത്ത ഈന്തപ്പഴവും കൊണ്ട് വരാം കേട്ടോ…
നമ്മളെവിടെ വെച്ച് കാണും മോനൂസേ..ചേട്ടൻ വീട്ടിലേയ്ക്ക് വരട്ടെ ..
മെസേജ് മൊത്തം കണ്ടപ്പോ എനിക്കെന്തോ ഒരു വല്ലായ്മ..ഈന്തപ്പഴവും പാൽപ്പൊടിയും കൊണ്ട് ഈ മരുഭൂമിക്കാരൻ വരുന്നത് നല്ലതിനൊന്നുമല്ലെന്നൊരു തോന്നൽ…പാന്റിൽ വീണ ചെളി കഴുകിയിട്ട് ആഴ്ച രണ്ട് കഴിഞ്ഞു..എന്നിട്ടും എനിക്കില്ലാത്ത വിഷമമാണല്ലോ ചേട്ടന്..
ശരിക്കും പറഞ്ഞാൽ അങ്ങേരെക്കൊണ്ട് വലിയ ശല്യമായി..നെറ്റ് ഓണാക്കിയാൽ “നമ്പർ താ മോനൂസേ”ന്ന് പറഞ്ഞോണ്ട് പുള്ളി ഓടിവരും…ഫിൽറ്ററില്ലാതെ മുഖം കാണിച്ചിരുന്നെങ്കിൽ പിന്നേം ഇത്തിരി സമാധാനം കിട്ടിയേനെ..അങ്ങേരങ്ങു വിളിക്കുവാ..ആരുടേയും മനസ് വിഷമിപ്പിക്കുന്നത് പണ്ടേ ഇഷ്ടമല്ലാത്ത ഞാൻ മറുത്തൊന്നും പറയാതെ മെസേജൊക്കെ വായിച്ചു ദിവസങ്ങൾ തള്ളി നീക്കി..
രണ്ടൂസം മുന്നേ ചേട്ടൻ ഒരു മെസേജിട്ടേക്കുന്നു..
“അന്ന് എന്നെ അത്രേം വഴക്ക് പറഞ്ഞെങ്കിലും പിന്നെ എന്നെ ഇങ്ങോട്ട് വിളിച്ചപ്പോ സന്തോഷമായി മോനൂസേ..നമ്പർ തരാത്തത്തിൽ എനിക്ക് നല്ല സങ്കടമുണ്ട്…”
മെസേജിന്റെ താഴെ വാ കീറി കരയുന്ന ഒരു കുഞ്ഞിന്റെ ഫോട്ടോയും..
ഇങ്ങേരെ ഞാൻ വഴക്ക് പറഞ്ഞോ..??
അതെപ്പോ…ഞാനങ്ങോട്ട് വിളിച്ചതാരുന്നെന്നോ..??
എനിക്ക് ആകെക്കൂടി സംശയം..
പുള്ളിയുടെ പഴയ ചാറ്റൊക്കെ ഞാനൊന്ന് നോക്കി..പകച്ചു പോയെന്റെ വാർദ്ധക്യം…
അന്നത്തെ ചാറ്റ് ഇങ്ങനെയായിരുന്നു..
ചേട്ടൻ… :കൂയ് ഉറക്കമില്ലേ..
ഞാൻ…. : ഇല്ല..
ചേട്ടൻ… : അതെന്താ….
ഞാൻ… : ……. ( മൗനം )
ചേട്ടൻ…. : പെണ്ണുങ്ങൾ ഈ സമയത്ത് ഓൺലൈനിൽ ഇരിക്കുന്നതെന്തിനാണെന്നറിയാം…
ഞാൻ… : ങ്‌ഹേ…
ചേട്ടൻ…. : കൊച്ചിന്റെ കണ്ണും ചുണ്ടുമൊക്കെ കാണുമ്പോ എന്തോ പോലെ തോന്നുന്നു..
ഞാൻ… : ഇയാള് ചെല്ല്..
ചേട്ടൻ… : എനിക്ക്,,എനിക്ക്..
ഞാൻ.. : നിനക്ക്,,,??
ചേട്ടൻ.. : ഐ ലവ് യു…ഉമ്മ..
ഞാൻ..: ഓട് മ ലരേ…..
ചേട്ടൻ…. : ഇല്ല ഞാൻ പോകില്ല…ഞാനെന്നും കാത്തിരിക്കും..
അതിൽ പിന്നെ അങ്ങേരുടെ ചാറ്റൊന്നും ഞാൻ നോക്കിയിട്ടില്ലാരുന്നു..ഇത്രേം ചീത്ത വിളിച്ച ആ മനുഷ്യനെയാണ് ആളറിയാതെ ഞാൻ അങ്ങോട്ട് വിളിച്ച് സംസാരിച്ചത്..എനിക്കങ്ങു നാണക്കേടായി..ദാണ്ടെടെ ആ സമയത്തു തന്നെ വീണ്ടും മെസേജ് വരുന്ന്..
“നമ്പർ താ മോനൂസേ…
തൊട്ട് പിറകെ വീഡിയോ കാളും..
“നീയാ പഴയ കാട്ട് കോഴിയല്ലേടാ..ആളറിയാതെയാ ഞാനിത്രേം സംസാരിച്ചത്..നീയെന്തോത്തിനാ പ റിപ റീന്ന് കിടന്നു വിളിക്കുന്നെ..നാണമില്ലാത്തവൻ..മേലാൽ എന്റെ വളപ്പിൽ കണ്ടേക്കരുത്…അവന്റെയൊരു മോനൂസ്…
കാൾ കട്ട് ചെയ്തു ഞാൻ റിപ്ലൈ അയച്ചു..
“നീയാരാണെന്നാടീ നിന്റെ വിചാരം…നിന്നെ കണ്ടേച്ചാലും മതി…ഐശ്വര്യ റായിയാണെന്നാ ഭാവം…നിന്നെ മോനൂസെന്നു വിളിച്ച എന്നെ പലകയ്ക്ക് അടിക്കണം…..നിന്റെ പോസ്റ്റിനിട്ട കമന്റും ലൈക്കുമൊക്കെ ഞാൻ ഡിലീറ്റ് ചെയ്യുവാ..അങ്ങനെ നീ സുഖിക്കണ്ട..
ഇപ്പ എങ്ങനിരിക്കണ്..ഇങ്ങോട്ട് വന്നിട്ട് ഇപ്പൊ ഞാൻ കൊള്ളത്തില്ലെന്ന് പറയുവാ..ഇവനൊക്കെ മനുഷ്യനാണോ..
തന്ന ലൈക്കും കമന്റുമൊക്കെ തിരിച്ചെടുത്തോണ്ട് ആ ചേട്ടനങ്ങു പോയി..
കുരുവില്ലാത്ത ഈന്തപ്പഴത്തെയും പാൽപ്പൊടിയെയുമൊക്കെ ഓർക്കുമ്പോ നല്ല വെഷമമുണ്ടെങ്കിലും തന്ന ലൈക്കും കമന്റുമൊക്കെ തിരിച്ചെടുത്തോണ്ട് പോയ ദാരിദ്ര്യവാസികളുമായി ഇനിയൊരു കൂട്ടുമില്ല…
സത്യം,,,സത്യം,,,,സത്യം,,,,