രാവിലെ തന്നെ മകൻ അടുക്കളയിൽ കിടന്ന് കറങ്ങുന്നത് കണ്ടൂ വനജാമ്മ സംശയത്തോടെ അവൻ്റെ മുഖത്തേക്ക് നോക്കി..

_upscale

രചന : ദിവ്യ കശ്യപ്

::::::::::::::::::::::

“നീയെന്താ വെളുപ്പിന് തന്നെ അടുക്കളയിൽ…ഇതെന്തുവാ ജീരക വെള്ളമോ..”

രാവിലെ തന്നെ മകൻ അടുക്കളയിൽ കിടന്ന് കറങ്ങുന്നത് കണ്ടൂ വനജാമ്മ സംശയത്തോടെ അവൻ്റെ മുഖത്തേക്ക് നോക്കി..

“അവൾക്ക് വയ്യ..വയറു വേദന..”അവൻ ജീരകവെള്ളം തിളയ്ക്കുന്നത് നോക്കി നിന്നു കൊണ്ട് പറഞ്ഞു..

“ഓ..നാട്ടിലാർക്കും ഇല്ലാത്തതല്ലേ..ഒരു പുതിയ വയറു വേദന..അത് കുനിഞ്ഞു നിവർന്നു പണിയെടുത്ത് കഴിയുമ്പോൾ മാറും..ചുമ്മാ ചടച്ച് കിടന്ന കിടപ്പിൽ കിടന്നിട്ടാ വയറുവേദനയോക്കെ…”

അതിനു മറുപടി ഒന്നും പറയാതെ അവൻ ജീരക വെള്ളം അരിച്ച് ഒരു ഗ്ലാസിലെക്ക് പകർന്നു..

“ഞാനിത് അവൾക്ക് കൊണ്ട് കൊടുത്തിട്ട് വരാം..അമ്മ അല്പം തേങ്ങ ചിരവിയെടുക്ക്…ഞാൻ പുട്ടിനു പൊടി നനയ്ക്കാം..അവള് ഇന്നലെ രാത്രി മുതൽ ഒന്നും കഴിച്ചിട്ടില്ല വയറു വേദന കാരണം ..വിശക്കുന്നുണ്ടാവും”

“എൻ്റെ പൊന്നോ…ഒരു പരിഷ്കാരി ഭർത്താവ് വന്നിരിക്കുന്നൂ… എടാ..എനിക്കും ഉണ്ടായിരുന്നു ഒരു ഭർത്താവ്… അങ്ങേർക്കും നിങ്ങൾക്കും ഒക്കെ ഇതിലും വലിയ വയറു വേദനയും വേചൊണ്ടാ ഞാൻ ഓരോന്ന് ഉണ്ടാക്കി തന്നിരുന്നത്…എനിക്കാരും ഒരു സഹായവും ചെയ്തു തന്നിട്ടില്ല..വയറു വേദനയോക്കെ അല്പം ഇഞ്ചി നീരിൽ പഞ്ചസാര ഇട്ട് കുടിച്ചാൽ മാറും..”വനജാമ്മ മുഖം തിരിച്ചു കൊണ്ട് പുറത്തേക്കും നോക്കിയിരുന്നു..

“എന്നാ അമ്മ ഒരു കാര്യം ചെയ്യ് ..ഇത്തിരി ഇഞ്ചി നീര് എടുക്..അതിൽ പഞ്ചസാര ഇട്ട് കൊണ്ട് വാ..അവൾക്ക് കൊടുക്കാം..ഇത്രേം നല്ല ടിപ് അറിയാമായിരുന്നിട്ടാണോ അമ്മ ഇതുവരെ പറയാതിരുന്നത്…”അവൻ ചിരിച്ചു..

വനജാമ്മ ദേഷ്യത്തോടെ വീണ്ടും അവനെ നോക്കി..

“എൻ്റമ്മേ…എന്താ ഇപ്പൊ അമ്മയുടെ പ്രശ്നം..അച്ഛൻ അമ്മയെ പരിഗണിക്കാതിരുന്നത് കൊണ്ട് ഞാനും അങ്ങനെ തന്നെ ആവണം എന്നോ..അതോ അമ്മയ്ക്ക് കിട്ടാത്ത സൗഭാഗ്യം മരുമകൾക്കും കിട്ടേണ്ട എന്നോ…നമുക്ക് ലഭിക്കാതിരുന്ന ഒരു കാര്യം നമ്മുടെ പ്രിയപ്പെട്ട ഒരാൾക്ക് ലഭിക്കുമ്പോൾ സന്തോഷിക്കയല്ലേ വേണ്ടത്…അത് നമ്മളാൽ കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്കുകയല്ലേ വേണ്ടത്…അമ്മ ഇവിടെ നിന്നും മറ്റൊരു വീട്ടിലേക്ക് പറഞ്ഞു വിട്ട മോൾക്കും ആരെങ്കിലും ഇത് പോലോക്കെ ചെയ്തു കൊടുക്കണ്ടേ… മ്മ്…മ്മ്..അച്ഛൻ്റെ നല്ല ഗുണങ്ങൾ ഞാൻ അനുകരിക്കാൻ ശ്രമിക്കാറുണ്ട്..അമ്മയുടെയും…”അവൻ ചുണ്ട് കൂട്ടിപ്പിടിച്ച് ചിരിച്ചു കൊണ്ട് വനജാമ്മയെ നോക്കി പുരികമുയർത്തി കാണിച്ചു…

അവരല്പ നേരം അവനെ തന്നെ നോക്കിയിരുന്നു..

ജീരകവെള്ളം കൊണ്ട് കൊടുത്ത ശേഷം അവൻ പുട്ടിനു പൊടി നനയ്ക്കാൻ വന്നപ്പോൾ വനജാമ്മ ഇഞ്ചിനീര് പഞ്ചസാര ഇട്ട് തയ്യാറാക്കി വെച്ച് കഴിഞ്ഞ് ആദ്യത്തെ കുറ്റി പുട്ട് ആവി കയറാൻ വെച്ചിരുന്നു…

“””അമ്മെ…ഈ പുട്ടില് പീര കുറവാണല്ലോ അമ്മെ…പുട്ടാകുമ്പോൾ കണക്കിന് പീര യൊക്കെ വേണ്ടെ…”””

അമ്മയുടെ അടുത്ത് നിന്നും ആ പുട്ട് പാത്രത്തിലേക്ക് പകർത്തി ഇടുമ്പോൾ തൻ്റെ ഇന്നത്തെ തള്ളി മറിക്കൽ ഓർത്ത് അവനു തന്നെ ചിരി വന്നു..

തന്നെ വല്ലായ്മയോടെ നോക്കിയ അമ്മയെ നോക്കി അവൻ ചിരിച്ചു..

“കൂടെ കൂട് അമ്മെ…എന്നാലല്ലേ ഒരു ഇമ്പം ഉണ്ടാകൂ…”

*കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നതല്ലേ കുടുംബം ….ഇനിയും കൂടിയിട്ടില്ലാത്തവർ കൂടൂ…ഇമ്പമുണ്ടാകട്ടെ..

:divyakashyap