വീണ്ടും ഒഴുകുന്ന പുഴ…
രചന: ഭാഗ്യലക്ഷ്മി. കെ. സി
================
ഡോക്ടർ എന്റെ കുഞ്ഞിനെന്താണ്?
അമ്മയുടെ കണ്ണിൽനിന്നും കണ്ണീ൪ ധാരധാരയായി ഒഴുകി.
അവളെ വിശദമായി പരിശോധിച്ചശേഷം ഡോക്ടർ പറഞ്ഞു:
ഏയ്, കുഴപ്പമൊന്നുമില്ല..എന്നത്തേയുംപോലെ തണുപ്പടിച്ചപ്പോൾ വന്ന ശ്വാസംമുട്ടലാണ്. മരുന്നെഴുതിയിട്ടുണ്ട്..
ഞാൻ പേടിച്ചുപോയി, അവൾക്ക് സംസാരിക്കാൻ പറ്റില്ലല്ലോ…രാവിലെ എഴുന്നേൽക്കുമ്പോൾ ശ്വാസമെടുക്കാൻ പറ്റാതെ വെപ്രാളപ്പെടുകയായിരുന്നു..
അവർ സാരിത്തലപ്പുകൊണ്ട് മുഖം തുടച്ചു.
അതെനിക്കറിയില്ലേ..
പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു: പത്ത് മുപ്പത് വ൪ഷമായില്ലേ ഞാൻ കാണാൻ തുടങ്ങിയിട്ട്..
അവിടെനിന്നും ഇറങ്ങിവരുമ്പോൾ അവരോ൪ക്കുകയായിരുന്നു..മകൾ സൌമ്യ ജനിച്ചനാൾതൊട്ട് കാണുന്നതാണ് ഈ ഡോക്ടറെ..അന്നൊന്നും കുട്ടികളുടെ ഡോക്ടറെ കാണാൻ സിറ്റിയിൽ പോകാൻ സാധിച്ചിരുന്നില്ല. അങ്ങനെ കാലങ്ങളായി കണ്ടുശീലിച്ചതുകൊണ്ട് ആ ഡോക്ടറെയല്ലാതെ മറ്റാരെ കാണിക്കാനും സൌമ്യ സമ്മതിക്കില്ല.
അവളുടെ അച്ഛന് കൂലിപ്പണിയാണ്. അതുകൊണ്ടുതന്നെ വലിയ പണച്ചിലവുള്ള പരിശോധനകളോ ചികിത്സകളോ ചെയ്യാൻ സാധിച്ചിരുന്നില്ല. സംസാരിക്കാത്ത കുട്ടിയായതിനാൽ അഞ്ച് വരെ മാത്രമേ അടുത്തുള്ള സ്കൂളിൽ അയച്ച് പഠിപ്പിക്കാനും സാധിച്ചുള്ളൂ.
പിന്നീട് വീട്ടിലിരുന്ന് അവൾ തയ്യൽ പഠിച്ചു. അവളുടെ ഉപജീവനത്തിന് വേണ്ടുന്ന തുക അവളുണ്ടാക്കും. ഇടയ്ക്കിടക്ക് പലവിധ അസുഖങ്ങളും വരുമ്പോഴാണ് ആകെ പേടിച്ചുപോകുന്നത്. ഒന്നാമത് മറ്റുള്ളവ൪ക്ക് അവളുടെ ആംഗ്യഭാഷ തിരിച്ചറിയാൻ പ്രയാസമാണ്. അച്ഛന്റെയും അമ്മയുടെയും കാലശേഷം അവളെന്തുചെയ്യുമെന്ന ആധിയും അവരുടെ മനസ്സിനെ എന്നും നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.
ഒരുദിവസം സൌമ്യ പേപ്പ൪നോക്കി എന്തൊക്കെയോ ശബ്ദമുണ്ടാക്കുകയും അമ്മയുടെ അടുത്ത് വേവലാതിയോടെ ഓടിയെത്തുകയും ചെയ്തു. എന്നും പേപ്പ൪ വന്നാൽ അവൾ തുറന്നുനോക്കി ചിത്രം കണ്ട് കൗതുകം തോന്നിയവയൊക്കെ അമ്മയോട് എന്താണെന്ന് ചോദിക്കും. അതെല്ലാം വായിച്ചുനോക്കിയിട്ട് ആംഗ്യഭാഷയിൽ അവൾക്ക് പറഞ്ഞുകൊടുക്കണം.
അവർ പേപ്പ൪ വാങ്ങിനോക്കുന്നതിനിടയിൽ അച്ഛൻ വന്നുപറഞ്ഞു: നമ്മുടെ സുകുമാരൻ ഡോക്ടർ മരിച്ചുപോയി.
അയ്യോ…
അവരുടെ തൊണ്ടയിൽ ഒരു നിലവിളി തടഞ്ഞുനിന്നു. എല്ലാവരുടെയും മുഖം മാറുന്നത് നോക്കിനിന്ന സൌമ്യ ആംഗ്യത്തിലൂടെ ചോദിച്ചു:
എന്നെ നോക്കുന്ന ഡോക്ടർ മരിച്ചുപോയോ?
അവളോട് എന്തുപറയേണ്ടൂ എന്നറിയാതെ അച്ഛനും അമ്മയും പരസ്പരം നോക്കി. കള്ളം പറയാൻ പറ്റാതെ വിഷമത്തോടെ അവ൪ അതേയെന്ന് തലയാട്ടി.
അന്ന് പകൽ സൌമ്യ ഒന്നുംതന്നെ കഴിച്ചില്ല. തയ്യൽമെഷിനിന്റെ അടുത്ത് യാന്ത്രികമായി പോയിരുന്നെങ്കിലും ഒന്നുംതന്നെ തയ്ച്ചില്ല. മുറ്റത്തേക്ക് ദൃഷ്ടികളൂന്നി അവളൊരേ ഇരിപ്പിരുന്നു.
പകൽമുഴുവൻ അമ്മയും അച്ഛനും മാറിമാറി മകളെ ആഹാരം കഴിക്കാൻ നി൪ബ്ബന്ധിച്ചു. രാത്രിയായപ്പോഴാണ് അവളിത്തിരി കഞ്ഞികുടിച്ചത്.
അതുനോക്കി അടുത്തിരിക്കുന്ന അമ്മയോട് അവൾ ആംഗ്യഭാവത്തിൽ ചോദിച്ചു: ഇനിയെന്തിനാണ് ഞാൻ ജീവിച്ചിരിക്കുന്നത്? എന്നെ രോഗം വന്നാൽ നോക്കാൻ മറ്റുള്ള ഡോക്ട൪മാ൪ക്കൊന്നുമറിയില്ല..
അവർ ആശ്വസിപ്പിച്ചു: അതൊന്നുമല്ല, നല്ല ഡോക്ടർ വേറെവരും. അസുഖം വന്നാൽ ഇനി അവരെ കാണാം.
തത്കാലം മകളെ ആശ്വസിപ്പിച്ച് ഉറങ്ങാൻ പറഞ്ഞുവിട്ടു. അന്നുരാത്രി അവ൪ക്ക് ഉറങ്ങാനേ സാധിച്ചില്ല. മകളുടെ മനസ്സിന് വലിയ വിഷമം തട്ടിയിട്ടുണ്ടെന്ന് അവ൪ക്ക് മനസ്സിലായി. ഇടയ്ക്കിടെ എഴുന്നേറ്റ് മകൾ സുഖമായി ഉറങ്ങുന്നുണ്ടോ എന്ന് നോക്കി, അവൾ ഉറങ്ങിയെന്ന് ഉറപ്പാക്കിയാണ് പുലരാനായപ്പോൾ അവരൊന്ന് കണ്ണുചിമ്മിയത്.
അടുത്തദിവസം മുതൽ സൌമ്യ പഴയനിലയിലേക്കാവാൻ അവളുടെ അമ്മയും അച്ഛനും പ്രത്യേകം ശ്രദ്ധിച്ചു.
കുറച്ചുനാളുകൾ കഴിഞ്ഞു….
ഹെൽത്ത് സെന്ററിൽ വന്ന പുതിയ ഡോക്ടർ അവരുടെ നാട്ടിൽ വാടകയ്ക്ക് താമസമാരംഭിച്ചു. സൌമ്യയ്ക്ക് അസുഖം വരുമ്പോൾ അമ്മ അവരെ വീട്ടിൽ കൊണ്ടുചെന്ന് കാണിച്ചുനോക്കി.
അവരുടെ മരുന്നുകൾ ഫലിക്കുന്നുവെങ്കിലും സൌമ്യയ്ക്ക് നാൾക്കുനാൾ ഏകാന്തമായുള്ള ഇരിപ്പ് കൂടിക്കൂടിവന്നു. എന്തെങ്കിലും അസുഖം വന്നാൽ ഡോക്ടറെ കാണാൻ മടിയായിത്തുടങ്ങി. പുതിയ ഡോക്ടറെ അവൾക്കത്ര ഇഷ്ടമാവുന്നില്ല എന്ന് അച്ഛനും അമ്മയും മനസ്സിലാക്കിയെങ്കിലും മറ്റ് നിവൃത്തിയില്ലാത്തതിനാൽ അവരത് അവഗണിച്ചു.
ഒരുദിവസം രാവിലെ സൌമ്യ എഴുന്നേൽക്കാൻ വൈകി. അമ്മ പോയിനോക്കുമ്പോൾ അവളുടെ നെറ്റിയിൽ പൊള്ളുന്ന ചൂട്. ആഹാരത്തിനുശേഷം പാരസിറ്റമോൾ കൊടുത്തുനോക്കി. ചൂട് കുറയുന്നില്ല എന്ന് കണ്ട് അവരവളെ ഡോക്ടറുടെ അടുത്ത് പോകാൻ നി൪ബ്ബന്ധിച്ചു. അവൾ മടിച്ചുമടിച്ചാണ് ഒടുവിൽ കൂടെ പോയത്.
ഡോക്ടർ ഓരോ ചോദ്യങ്ങൾ ആംഗ്യത്തോടെ കൃത്യമായി ചോദിച്ചാലും അവൾ മുഖം കുനിച്ചിരിക്കും. എല്ലാം അമ്മതന്നെ പറയണം. അന്ന് ഡോക്ടർ ചോദിച്ചു: എന്താണ് എന്നോട് ഒരു വിരോധംപോലെ?
അമ്മ സുകുമാരൻഡോക്ടറുടെ കഥ പറഞ്ഞു. അവൾക്കയാളുമായുള്ള അടുപ്പത്തിന്റെ ആഴം പറഞ്ഞു. ഇപ്പോൾ മരുന്ന് കഴിക്കാനൊക്കെ ഭയങ്കര മടിയും വാശിയുമാണെന്ന് പറഞ്ഞു.
ഒരു ഡോക്ടർ മരിച്ചുപോയാൽ കൂടെചാകാനൊക്കുമോ സാറേ..ആ അമ്മ കണ്ണീരോടെ ചോദിച്ചു.
ഡോക്ടർ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി, യൂനിഫോമിൽ സ്കൂളിൽനിന്നും വന്നുകയറിയ ചെറിയ മകളെയും കൂട്ടിവന്നു. അവളും പാ൪ഷ്യലി ഡിസേബിൾഡായിരുന്നു. അയാൾ ആംഗ്യത്തിലൂടെ മകളോട് സൌമ്യയുടെ കാര്യങ്ങൾ പറഞ്ഞുകൊടുത്തു. ആ മോൾ സൌമ്യയെ നോക്കിച്ചിരിച്ചു. അൽപ്പനിമിഷത്തിനകം അവ൪ കൂട്ടുകാരായി. അവരുടെ ആംഗ്യഭാഷയും ആശയവിനിമയവും അവ൪ രണ്ടുപേരും ചിരിയോടെ നോക്കിനിന്നു.
ഇനിയെങ്കിലും തന്റെ മകൾ മരുന്ന് കഴിക്കാനും ഡോക്ടറെ കാണാനും മടിക്കുകയില്ലെന്ന ആശ്വാസത്തിലായിരുന്നു ആ അമ്മ.