ഈ ചോദ്യം കേട്ട ഞാൻ അറിയാതെ വായ പൊളിച്ചു. ഞാൻ പൊളിച്ച വായ അടക്കാതെ തന്നെ സംശയത്തോടെ അവനെ നോക്കി.

_upscale

അനുഭവ കഥ…

രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

::::::::::::::::::::

“മിസ്സ് കേരള” യുടെ കള്ള കടത്ത്.

::::::::::::::::::

“എടാ… കുറച്ചു”മിസ്സ്‌ കേരള”ഇന്റെ കയ്യിലുണ്ട്. നമുക്കത് വിൽക്കണം. ചെന്നൈയിൽ കൊണ്ട് പോയി കൊടുത്താൽ ഒന്നിന് അറുപത് ഉറുപ്പ്യ കിട്ടും.ഇയ്യ് പോരുന്നോ ഒരു കമ്പനിക്ക് “?

ഉച്ചഭക്ഷണം കഴിച്ചു ക്ലാസ്സിൽ വെറുതേ കത്തിയടിച്ചു ഇരിക്കുമ്പോഴാണ് ചങ്കിന്റെ ഈ ചോദ്യം

ഈ ചോദ്യം കേട്ട ഞാൻ അറിയാതെ വായ പൊളിച്ചു. ഞാൻ പൊളിച്ച വായ അടക്കാതെ തന്നെ സംശയത്തോടെ അവനെ നോക്കി.

“മിസ്സ്‌…. കേരളേ…? അനക്ക് എവിടുന്ന്‌ കിട്ടി ഇതിന് മാത്രം പെണ്ണുങ്ങളെ..? എന്തിനാ അവരെ വിൽക്കുന്നത്…?അനക്ക് വേണ്ടെങ്കി ഇനിക്ക് താ. ഞാൻ നോക്കിക്കോളാം അവരെ”.ഞാൻ തമാശയായി പറഞ്ഞു.

സത്യത്തിൽ അവൻ പറഞ്ഞതെന്താണെന്ന് എനിക്കപ്പോഴും മനസ്സിലായിട്ടില്ല

“ഓഹ്.. ഓന്റൊരു ഒലക്കീലെ കോമഡി.അതും സീരിയസായി ഒരു കാര്യം പറീമ്പോ”… അവൻ അല്പം ഗൗരവത്തിൽ തന്നെയാണ്

“ഒക്കെ..ഇയ്യ് കാര്യം പറ. എന്താണ് സംഭവം.”ഞാനും കാര്യത്തിൽ തന്നെ ചോദിച്ചു.

“എടാ…. ഇതൊരു മീനാണ്. അലങ്കാര മത്സ്യം.”ഡെനി സോണി”എന്നാണ് അതിന്റെ ശരിക്കുള്ള പേര്. ചെങ്കണിയാൻ എന്നൊക്കെ കാരണവന്മാർ പറയും.”മിസ്സ്‌ കേരള”എന്നാണ് അറിയപ്പെടുന്നത്.”അവൻ ആവേശത്തോടെ പറഞ്ഞു നിർത്തി.

മീനിനെ കുറിച്ച് എന്ത് പറഞ്ഞാലും അവൻ വാചാലനാകും.പുഴയുമായും പുഴമീനുമായും അത്രയ്ക്ക് ബന്ധമാണവന്.ക്ലാസ്സ്‌ അവധി ദിവസങ്ങളിൽ വലയും ചൂണ്ടലും ഒക്കെയായി രാവിലെ ഇറങ്ങും. കൈനിറയെ മീനുമായി വൈകുന്നേരം മടങ്ങും. ചില ദിവസങ്ങളിൽ ഞാനും അവനോടൊപ്പം പോവാറുണ്ട്. അവന് കൂട്ടായിട്ട് …

“ആഹാ… അത് ശരി… അനക്ക് എവിടുന്നു കിട്ടി..ഈ സാധനത്തിനെ.”.?ഞാൻ ആകാംഷപൂർവ്വം ചോദിച്ചു.

ഇത് കേട്ടപ്പോൾ അവനൊന്ന് നിവർന്നിരുന്നു. ഞാനാരാ മോൻ എന്ന മട്ടിൽ…

“അപ്പം തിന്നാൽ പോരെ.കുഴിയെണ്ണണോ..?. ഇയ്യ്‌ പോരുന്നുണ്ടെങ്കി പോര്.. അന്റെ ഫുൾ ചെലവ് ഇന്റെ വക.”അവന്റെ ജാഡ കുറച്ചുകൂടി കൂടി.

“ഓഹ്.. ഇയ്യ് കൂടുതൽ പോസ് ഒന്നും കാട്ടണ്ടാ.. പോരാൻ വേറെ ആളെ നോക്കിക്കോ…ഓനും ഓന്റൊരു മിസ്സ്‌ കേരളയും.”ഞാൻ കളിയാക്കി പറഞ്ഞു.

“എന്താടാ…ഞാൻ അല്ലാതെ ആരാ അന്റെ കൂടെ വരാ.ഇയ്യ് കാര്യം പറ.. ഞാൻ വരാൻ പറ്റുമോന്ന് നോക്കട്ടെ.”ഞാൻ പറഞ്ഞു.

ഞാൻ സ്വല്പം ജാഡയോടെ യൂണിഫോം ഷർട്ടിന്റെ കോളറൊന്ന് പൊക്കി. അവൻ പറയാൻ തുടങ്ങിയപ്പോഴേക്കും സർ കയറി വന്നു

വൈകുന്നേരം ക്ലാസ് വിട്ടു വീട്ടിൽ പോകാനായി ബസ്സ്റ്റാൻഡിലേക്ക് നടക്കുകയാണ് ഞങ്ങൾ.

“എടാ…ഫൈസലേ…ഈ “മിസ്സ്‌ കേരള” കുന്തിപുഴയിൽ കൊറേണ്ട്. കുന്തിപുഴയുടെ പോഷക നദിയാണ് നമ്മളെ നാട്ടിലൂടെ ഒഴുകുന്ന തൂതപുഴ.അതറിയോ അനക്ക്”..? അവൻ വലിയ സാറന്മാരെ പോലെ ചോദിച്ചു.

“ടാ… പ ന്നി..അതൊക്കെ ഇനിക്കറിയാം ഇയ്യ് കാര്യം പറ. അന്റൊരു സോഷ്യൽ സ്റ്റഡീസിലെ ക്‌ളാസ്സെടുക്കൽ.”ഞാൻ അവനെ പുച്ഛിച്ചു.

“അപ്പൊ തൂതപുഴയിലും ഇത് കുറേശ്ശെണ്ട്. അത് എവിടൊക്കേണ്ട് എന്നത് ഇന്നെ പോലെ കുറച്ചു പേർക്കേ അറിയൂ.രാവിലെ മുതൽ വൈന്നേരം വരെ മെനക്കെട്ടാൽ എറിപോയാൽ ഒരു പത്തെണ്ണം കിട്ടും. അങ്ങനെ ഞങ്ങൾ മൂന്ന് പേര് പിടിച്ച ഒരു തൊള്ളയിരത്തിന്റടുത്ത് മീന്ണ്ടാകും. ഞങ്ങടെ കുറേ കാലത്തെ അധ്വാനമാണ്.”അവൻ പറഞ്ഞു നിർത്തി.

ഞങ്ങൾ ബസിൽ കയറി.

“നാളെ രാത്രി ഒൻപത് മണിക്കാണ് ഒറ്റപ്പാലത്ത്ന്ന്‌ ട്രെയിൻ.നാളെ ക്ലാസ്സ്‌ കട്ടിയ്യണം.നമുക്ക് പകൽ കൊറച്ചു പരിപാടിണ്ട്. ഒരു പാന്റും ഷർട്ടും കയ്യിൽ വെച്ചോ.ഒക്കയല്ലേ”..? അവൻ ആവേശത്തോടെ പറഞ്ഞു.

“ഒക്കെ.. ഓക്കെടാ..”ഞാൻ പറഞ്ഞു.

പിറ്റേന്ന് രാവിലെ ഞാൻ ഉമ്മാനോട് കാര്യം പറഞ്ഞു. ഉമ്മ സമ്മതിച്ചു. ക്ലാസ്സ്‌ കട്ട് ചെയ്യുന്ന കാര്യം ഒന്നും പറഞ്ഞില്ല. അങ്ങനെ പറഞ്ഞാൽ ഉമ്മ ഉപ്പാനോട് പറയും. അപ്പൊ ഒന്നും നടക്കില്ല. പോകാനുള്ള സമ്മതം കിട്ടിയാൽ മതി. എപ്പോ വരണം എന്നുള്ളത് നമ്മളല്ലേ തീരുമാനിക്കാൻ….

ഞാൻ ഒരു പാന്റും ഷർട്ടും ബാഗിൽ തിരുകി. ബസിൽ ചെർപ്പുളശേരിയിൽ എത്തി ഞാൻ അവനെ കാത്തു നിന്നു.കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു കാർഡ്ബോർഡ് പെട്ടികളുമായി അവൻ ബസ്സിൽ വന്നിറങ്ങി. അവൻ എന്റെ അടുത്തേക്ക് വന്നു.

“ഫൈസലേ…ഈ രണ്ട് പെട്ടികളിലാണ് മീനുള്ളത്. അഞ്ചു മണിക്കൂർ കൂടുമ്പോ ഓക്സിജനടിക്കണം.പ്ലാസ്റ്റിക് കവറിലെ വെള്ളത്തിൽ ഇവറ്റകൾ എറിപോയാൽ പത്തു മണിക്കൂറേ ജീവിക്കൂ. നമ്മൾ പോകുമ്പോഴേക്കും രണ്ട് വട്ടമെങ്കിലും കവറിനുള്ളിൽക്ക് ഓക്സിജൻ അടിക്കണം”അവൻ പറഞ്ഞു.

“അതിപ്പോ എവുടുന്നാ അടിക്കാ.”..? ഞാൻ ചോദിച്ചു.

“അത് ഞാൻ ഒറ്റപ്പാലത്ത് ഒരു അക്വാറിയത്തിന്റെ ഷോപ്പില് പറഞ്ഞിട്ട്ണ്ട്. ഇന്റെ ചെങ്ങായിന്റെ ഷോപ്പാണ്… വാ… നമുക്ക് പോകാം.”അവൻ പറഞ്ഞു.

ഞങ്ങൾ ആ പെട്ടികളുമായി ഒറ്റപ്പാലത്തേക്ക് ബസ് കയറി.ആ അക്വാറിയത്തിലേക്കു പോയി. അവൻ പെട്ടി തുറന്നു. പ്ലാസ്റ്റിക് കവറുകളിൽ ആക്കി റബ്ബർബാന്റിട്ട് കെട്ടി വച്ചിരിക്കുന്നു. ഞാൻ കൗതുകത്തോടെ നോക്കി. നമ്മുടെ പരൽ മീനിന്റെ അത്ര വലിപ്പമേയുള്ളു. സ്ഫടികം പോലെ തിളങ്ങുന്നുണ്ട് മീനുകൾ. കണ്ണിൽ നിന്നും തുടങ്ങി വാല് വേറെ നീളുന്ന ചുവപ്പും കറുപ്പും നിറത്തിലുള്ള രണ്ട് വരകളാണ് അവറ്റകളുടെ പ്രധാന ആകർഷണം. ചിറകുകൾ ചുവപ്പ് നിറത്തിലാണ്. വാല് മഞ്ഞയും കറുപ്പും.. നല്ല ഭംഗിയാണ് അവ കൂട്ടം കുത്തി മിന്നി തിളങ്ങി നീന്തുന്നത് കാണാൻ. ആർക്കും ഇഷ്ടപെടും…

ആ കടകാരൻ കവറുകൾ തുറന്നു.വെള്ളത്തിലേക്ക് ഓക്സിജൻ പമ്പ് ചെയ്തു. കവറുകൾ കുറച്ചു കൂടി വലുതായി. ഇനിയും സമയമുണ്ട്. എന്ത് ചെയ്യും.. ഞങ്ങൾ ആലോചിച്ചു..അവസാനം ഒരു സിനിമക്ക് പോകാമെന്നു തീരുമാനിച്ചു.അങ്ങനെ ഞങ്ങൾ വിജയ് യുടെ തുപ്പാക്കി കാണാൻ പോയി.പടം കണ്ടു വന്നു ഞങ്ങൾ ഭക്ഷണം കഴിച്ചു.റെയിൽവേ സ്റ്റേഷനിൽ പോയി രണ്ട് സ്ലീപ്പർ ടിക്കറ്റ് ബുക്ക്‌ ചെയ്തു.ഭാരതപുഴയിലും അവിടെയും ഇവിടേയുമൊക്കെ കറങ്ങി വൈകുന്നേരമാക്കി.

വൈകിട്ട് വീണ്ടും ഞങ്ങൾ ആ അക്വെറിയത്തിൽ പോയി ഓക്സിജൻ അടിച്ചു.അക്വെറിയം അടക്കാൻ പോവുകയാണ്. സാധനം അവിടെ നിന്ന് മാറ്റണം. ഞങ്ങൾ ആ പെട്ടികളുമെടുത്തു നേരെ കൂട്ടുകാർ താമസിക്കുന്ന ഹോസ്റ്റലിലേക്ക് പോയി. പെട്ടികൾ രണ്ടും അവിടെ വെച്ചു അവരുമായി സംസാരിച്ചിരുന്നു സമയം കളഞ്ഞു. വൈകുന്നേരം അഞ്ചു മണിയായി.ഞങ്ങൾ ഭാരതപുഴയിൽ പോയി നന്നായി ഒന്ന് കുളിച്ചു യൂണിഫോം മാറ്റി ബാഗിൽ കരുയിരുന്ന ഡ്രസ്സ്‌ മാറി.തിരികെ ഹോസ്റ്റലിൽ വന്ന് പെട്ടി ഒന്ന് കൂടി തുറന്നു നോക്കി അവൻ.മീനുകൾ എല്ലാം ഉഷാറായി മിന്നി തിളങ്ങി നീന്തുന്നു

“ടാ…. ഇനീം ഓക്സിജനടിക്കണം.ഇനി അങ്ങാടിപ്പുറത്താണ് ഇനിക്ക് പരിചയള്ള അക്വാറിയള്ളത്. അവിടെ പോണം. അല്ലെങ്കിൽ ചെന്നൈ എത്തുമ്പോഴേക്ക് പകുതിയും ചാവും.”അവൻ അല്പം സങ്കടത്തോടെ പറഞ്ഞു.

“ഇനി അവിടേം പോണോ..എന്നാ വേഗം വാ.. ഒമ്പതു മണി ആവുമ്പോഴേക്ക് തിരിച്ചെത്തണ്ടേ.. “ഞാൻ പറഞ്ഞു.

ഞങ്ങൾ പെട്ടികളുമായി ഇറങ്ങി. ബസിൽ ചെർപ്പുളശേരി-പെരിന്തൽമണ്ണ വഴി അങ്ങാടിപ്പുറത്തെത്തി.ആ അക്യൂറിയത്തിൽ എത്തി ഓക്സിജൻ അടിച്ചു.പെട്ടികൾ നന്നായി പാക്ക് ചെയ്തു.അവിടെ ഒരു ഹോട്ടെലിൽ കയറി ബീ ഫും പൊറോട്ടയും കഴിച്ചു.ഞങ്ങൾ തിരികെ ഒറ്റപ്പാലത്തെത്തി.

സമയം 8.45.ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുത്തു കാത്തിരുന്നു. അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ ട്രെയിൻ എത്തി. ഞങ്ങൾ സ്ലീപ്പർ കമ്പാർട്മെന്റിൽ കയറി ഇരുന്നു.പെട്ടികൾ രണ്ടും ഭദ്രമായി ബർത്തിൽ കയറ്റി വെച്ചു. വൈകാതെ ട്രെയിൻ ഓടി തുടങ്ങി. നല്ല ക്ഷീണമുണ്ട്.ഞാൻ ഒന്ന് കിടന്നു. അവൻ എന്റെ അടുത്തു വന്നു നിന്നു ഒരു ജേതാവിന്റെ ഭാവത്തിൽ ഒന്ന് ചിരിച്ചു. ഞാൻ സംശയത്തോടെ അവനെ നോക്കി…

“ടാ…. എല്ലാം ഉഷാറായി.. ഇനി ഞാനൊരു കാര്യം പറയാം..ഇയ്യ് പേടിക്കരുത്. നമ്മളീ ചെയ്യുന്നത് നിയമവിരുദ്ധാണ്. ഈ മീൻ വം ശനാശ ഭീഷണി നേരിടുന്നതിനാൽ ഇതിനെ പിടിക്കാനോ കൈവശം വെക്കാനോ പാടില്ല. കയറ്റുമതിയും നിരോധിച്ചതാണ്. എങ്ങാനും നമ്മൾ പിടിക്കപ്പെട്ടാൽ ജാമ്യമില്ലാ കേസാണ്.”അവൻ യാതൊരു കൂസലും ഇല്ലാതെ പറയുകയാണ്.

ഇത് കേട്ടപ്പോൾ എന്റെ വയറ്റിൽ ഒരു ആന്തൽ.. ഒരു കാളിച്ച. ആകെ ഞെട്ടി വിറച്ചു. കണ്ണുകൾ തുറിച്ചു. ചങ്കിലെ വെളളം വറ്റി… ഞാൻ കുറച്ചു ഉമിനീർ കഷ്ടപ്പെട്ടു ഉണ്ടാക്കി അകത്തേക്കിറക്കി.

“ഇന്റെമ്മാ….എടാ…മ… മ… മ.. മൈ ത്താണ്ടി.… ഇത് എന്താടാ ഇയ്യ് നേരത്തെ പറയാഞ്ഞത്. എന്ത് പണ്ടാരത്തിനാണ്‌ ഇന്നെ വിളിച്ചു കയറ്റിയത്…? ഞാൻ കുറച്ചു ദേഷ്യത്തിൽ ഉറക്കെ ചോദിച്ചു.

“നേരത്തെ പറഞ്ഞ ഇയ്യ് വരൂല എന്നെനിക്കറിയാം. അത് കൊണ്ടല്ലേ ഞാൻ മിണ്ടാഞ്ഞത്.”അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

എനിക്ക് ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു. ഒപ്പം പേടിയും. റെയിൽവേ പോലീസ് പിടിച്ചു കൊണ്ടു പോകുന്നതും പോലീസ് സ്റ്റേഷനിൽ ഞങ്ങളെ ഷെഡ്ഢി മാത്രമിട്ട് നിർത്തുന്നതും ഒക്കെ മനസ്സിൽ വന്നു. ഞാൻ വേഗം അരയിൽ തപ്പി നോക്കി നോക്കി. ഇനി പുഴയിൽ നിന്ന് ധൃതിയിൽ ഡ്രസ്സ്‌ മാറിയപ്പോളെങ്ങാനും ഷെ ഡ്ഢി ഇടാതെ പോന്നോ…?ഇണ്ട്…ഇട്ടിട്ടുണ്ട്.ഭാഗ്യം. അവൻ എന്റെ വെപ്രാളം നോക്കി ഇരിക്കുവാണ്.

“ടാ…..എന്താടാ..ഇയ്യ് കാണിക്കുന്നത്”..? അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“അ.. അല്ല.. പോലീസ് എങ്ങാനും പിടിച്ചാൽ പാന്റും ഷർട്ടുമൊക്കെ ഊരാൻ പറഞ്ഞാൽ… അടിയിൽ എന്തേലും ഇട്ടിട്ടുണ്ടോ എന്ന് നോക്കിയതാ..”ഞാൻ പറഞ്ഞു.

“ആ…ശരിയാ..  ശരിക്ക്‌ നോക്കീലേ..ഇട്ടിട്ടില്ലെങ്കി പോലീസ്കാര് കണ്ട് പേടിച്ചു ബോധം കെടും.” അവൻ എന്തോ വലിയ തമാശ പറഞ്ഞ പോലെ ഉറക്കെ ചിരിച്ചു.

എനിക്കെന്തോ നെഞ്ചിടിച്ചിട്ട് ചിരിയൊന്നും വന്നില്ല എന്ന് മാത്രമല്ല. ആ പ ന്നിമോ റനെ കൊ.ല്ലാനുള്ള ദേഷ്യവും വന്നു.

“ടാ…പ.ന്നി… മനുഷ്യൻ ആകെ ഇവിടെ പുൽകി ഇരിക്കാ.. കയ്യും കാലും വിറച്ചിട്ട് വയ്യ. അന്റൊരു തമാശ…ഓന്റെ അമ്മായീടെ രണ്ടാം കെട്ടിലെ ഒരു മീൻകച്ചോടം..” ഞാൻ ചൂടായി പറഞ്ഞു.

അവൻ എന്റെ അടുത്ത് വന്നിരുന്നു.

“ടാ…ഇയ്യ് പേടിക്കാണ്ടിരി. ഒന്നും ഇണ്ടാവില്ല. കൂളായിട്ടിരിക്കണം.അന്റെ മുഖം കണ്ടാൽ അറിയാം.. ആർക്കും തോന്നും എന്തോ കള്ളത്തരണ്ടെന്ന്…പിടിക്കും പിടിക്കും എന്ന് മനസ്സിൽ വിചാരിച്ചിരുന്നാൽ പിടിക്കും. പിടിക്കില്ല പിടിക്കില്ല എന്ന് വിചാരിച്ചിരുന്നാൽ പിടിക്കില്ല. അത്രേളളൂ”.അവൻ കൂളായി പറഞ്ഞു.

എനിക്കപ്പോഴും പേടിച്ചിട്ട് ആകെ കയ്യും കാലും വിറക്കുകയാണ്. ഞാൻ ഇടയ്ക്കിടെ ബർത്തിൽ ഇരിക്കുന്ന ആ പെട്ടികളെ നോക്കും..പിന്നെ ചുറ്റുപാടും നോക്കും. ഇരിക്കപ്പൊറുതിയും കിടക്കപൊറുതിയും ഇല്ലാതായി. ട്രെയിൻ കൂക്കി വിളിച്ചു ഇരുട്ടിനെ പിളർന്നു കൊണ്ടു പായുകയാണ്‌

“ഫൈസലേ.. ആ പെട്ടിയിൽ എന്താണെന്ന് ഇനിക്കും അനക്കും മാത്രേ അറിയൂ…നോക്ക്..വേറെ എന്തൊക്കെ പെട്ടികളാ ഇരിക്കണത്..അതിലെ രണ്ട് പെട്ടികൾ മാത്രാണത്. അത്രേ ഉളളൂ.”എന്റെ താടി പിടിച്ചു വലിച്ചുകൊണ്ട് അവൻ പറഞ്ഞു.

“അല്ല… ഞാൻ ഇത് വരെ ചോദിച്ചിട്ടില്ല.ഇയ്യ് ഇത് ചെന്നൈയിൽ ഏതു മറ്റിടത്താ കൊടുക്കാൻ പോണത്.?അത് കൂടി പറ. ഇന്ന്ട്ട് വേണം ഈ ട്രെയിനിന്നു ചാടണോ വേണ്ടേന്ന് തീരുമാനിക്കാൻ.”എന്റെ ഈ വിലാപം കേട്ട് അവൻ ചിരിച്ചു. പൊട്ടിപ്പൊട്ടി ചിരിച്ചു.

എനിക്കത് കണ്ടപ്പോൾ ദേഷ്യമാണ് വന്നത്. അവന്റെ കൂസലില്ലായ്മ എന്നെ അത്ഭുതപ്പെടുത്തി.. അവൻ ഒരു വിസിറ്റിങ് കാർഡ് എടുത്ത് എന്നെ കാണിച്ചു. ഞാൻ അത് വാങ്ങി നോക്കി.

”mr:rajarajan.aquerium fish exporter.retteri.chennai.”

ഇതാണ് അഡ്രസ്സ്. പിന്നെ ഫോൺ നമ്പറും ഒരു കൊമ്പൻ മീശക്കാരന്റെ ഫോട്ടോയും.

“ഇതാരാ..kt കുഞ്ഞുമോനോ?.” ആ ഫോട്ടോ കണ്ട് ഞാൻ ചോദിച്ചു.

“കുഞ്ഞുമോനും വലിയമോനും ഒന്നുമല്ല മോനെ. ഇതാണ് നമ്മൾടെ മീൻ വാങ്ങുന്ന ആൾ..രാജരാജൻ.ചെന്നൈ സെൻട്രൽ സ്റ്റേഷനിലിറങ്ങീട്ട് വിളിക്കാനാ പറഞ്ഞിരിക്കണത്…ശരി..ടാ.. നമുക്ക് ഉറങ്ങാം. നേരം വെളിച്ചാവുമ്പോ ആറ് മണിക്കേ വണ്ടി ചെന്നൈയിൽ എത്തൂ.” എന്നും പറഞ്ഞു അവൻ കയറി കിടന്നു.

ഞാനും മനസ്സില്ലാ മനസ്സോടെ കയറി കിടന്നു.ആകെ അസ്വസ്ഥമാണ് മനസ്സ്. ഞാൻ കണ്ണടച്ചു പിടിച്ചു ഉറങ്ങാൻ നോക്കി.ഉറക്കം വരുന്നില്ല.എങ്ങനെ ഉറങ്ങും കള്ളക്ക.ടത്ത് മുതലാണ് കയ്യിൽ ഉള്ളത്.ഒരു വീർപ്പ് മുട്ടൽ.ഞാൻ ആ പെട്ടികളും നോക്കി അങ്ങനെ കിടന്നു. നെഞ്ചിടിക്കുന്നുണ്ട് പേടിച്ചിട്ട്. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കും. ഓരോ സ്റ്റേഷൻ എത്തുമ്പോഴും ഞാൻ എണീറ്റിരിക്കും. ജനലിൽ കൂടി പുറത്തേക്ക് നോക്കും….പോലീസ് എങ്ങാനും വരുന്നുണ്ടോന്നു വാതിലിന്റെ അടുത്ത് പോയി നോക്കും. ആ തെണ്ടിക്ക്‌ ഒരു ബേജാറും ഇല്ല..പോത്ത് പോലെ കിടന്നുറങ്ങുന്നു. ഞാൻ ഇവിടെ എരിപൊരി സഞ്ചാരം കൊണ്ട് നടക്കുന്നു. സേലം… ഈറോട്…അങ്ങനെ പലവിധ സ്റ്റേഷനുകൾ മാറി മാറി വരുന്നുണ്ട്. ഞാൻ കണ്ണും തുറുപ്പിച്ചു അങ്ങനെ നടക്കുന്നു. അവൻ സുഖമായി ഉറങ്ങുന്നു. മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട് കിടന്നുറങ്ങുന്നത് കണ്ടില്ലേ. പണ്ടാരകാ ലനെ ചവിട്ടി അങ്ങ് മറിച്ചിട്ടാലോ..? ഞാൻ ഓർത്തു..

സമയം ഇഴഞ്ഞു നീങ്ങുന്നു. ഞാൻ ഇരുന്നും കിടന്നും നടന്നും അങ്ങനെ സമയം കളയുന്നു…..സമയം പുലർച്ചേ നാല് മണി ആയപ്പോൾ വല്ലാത്ത ക്ഷീണം തോന്നി… ഞാൻ പോയി കിടന്നു. ഉറക്കം എന്ന് പറയാൻ പറ്റില്ല.. പതുക്കെ മയക്കത്തിലേക്ക്‌ വീണു..

“ടാ…. ടാ… ണീക്കെടാ”… അവൻ എന്നെ കുലുക്കി വിളിക്കുകയാണ്..

“ടാ… എണീക്ക്.. ‘പേരാമ്പൂർ’സ്റ്റേഷൻ എത്തി”.അവൻ കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു.

എനിക്ക് അർദ്ധമയക്കത്തിൽ അവൻ എന്തോ തെറി പറഞ്ഞ പോലെ തോന്നി.

ഞാൻ ഞെട്ടിപിടഞ്ഞു എണീറ്റു

“എന്താടാ.. നാ യ മോറാ…ഉറക്കത്തിന്നു വിളിച്ചിട്ട് തെറി പറയണത്….ഒലക്കട മൂട്… ഇപ്പോ ഒന്ന് കണ്ണ്‌ ചിമ്മിയിട്ടുള്ളൂ”..ഞാൻ ദേഷ്യപ്പെട്ട് പറഞ്ഞു.

അവൻ ചിരിച്ചു.. ഹഹഹഹ.

“ടാ.. അടുത്ത സ്റ്റേഷൻ ചെന്നൈ സെൻട്രൽ ആണെന്ന് തോന്നുന്നു…ഇയ്യ് വാ..”

ഞാൻ അവന്റെ കൂടെ പോയി.വാതിലിന്റെ അടുത്ത് നിന്നു പുറത്തേക്കു നോക്കി. നേരം പുലർന്നു വരുന്നേ ഉളളൂ. ശരിക്കും വെള്ളകീറിയിട്ടില്ല. തണുത്ത കാറ്റ് മുഖത്തടിക്കുന്നു.. ഏതൊക്കെയോ പ്രാന്തപ്രദേശങ്ങളിലൂടെയാണ് വണ്ടി പോകുന്നത്. അണ്ണന്മാരും അണ്ണത്തികളും വെളിക്കിരിക്കുന്നത് അരണ്ട വെളിച്ചത്തിൽ മിന്നായം പോലെ കാണാം. ഞങ്ങൾ ആ നിർത്തം ചെന്നൈ സെൻട്രൽ സ്റ്റേഷൻ വരെ തുടർന്നു…

വൈകാതെ സെൻട്രൽ സ്റ്റേഷൻ എത്തി.എന്റെ മനസ്സ് വീണ്ടും ഭയത്താൽ നിറഞ്ഞു.കള്ള ക്കട.ത്ത് മീനല്ലേ കയ്യിലുള്ളത്. ഒരു പെട്ടി ഞാനും ഒരു പെട്ടി അവനും കയ്യിലെടുത്തു. അവൻ മുമ്പിലും ഞാൻ അവന്റെ പുറകിലും ആയി ഇറങ്ങി നടന്നു. എനിക്ക് യാതൊന്നും അറിയില്ല.ചെന്നൈയിൽ ആദ്യമാണ്. അതിന്റെ കൂടെ ക ള്ളക്ക ടത്തു മുതൽ ആണ് കയ്യിലുള്ളത്….ഞാൻ യാന്ത്രികമായി അവന്റെ പുറകെ നടന്നു. സ്റ്റേഷന്‌ പുറത്തെത്തി. അവൻ പോക്കറ്റിൽ നിന്നു ഫോൺ കയ്യിലെടുത്തു. അന്ന് അവന്റെ കയ്യിൽ നോകിയയുടെ ഫോൺ ഒക്കയുണ്ട്. ക്യാമറ ഒന്നുമില്ലാത്ത ഫോൺ. എന്റെ കയ്യിൽ അതുമില്ല… പാവം..

അവൻ വിസിറ്റിങ് കാർഡ് എടുത്ത് അതിലെ നമ്പർ ഡയൽ ചെയ്തു ചെവിയിൽ വെച്ചു…

“ഹലോ… സർ…നാങ്കൾ ഇങ്കെ ഇരുക്കിറോം. എന്ന സെയ്യ വേണ്ടും..? അവൻ തമിഴിൽ പറഞ്ഞൊപ്പിച്ചു.

അയാൾ എന്തൊക്കെയോ പറയുന്നുണ്ട്.അവൻ “ആമ സർ”എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. അവൻ നാല് പാടും ഒന്ന് നോക്കി.എന്തോ കണ്ട സന്തോഷത്തിൽ.”yes”എന്ന് പറഞ്ഞു കൈകൾ കൂട്ടിയടിച്ചു.

“ദാ… കണ്ടോ.. ഹോട്ടൽ റോയൽ പാലസ്.അവിടെ ചെന്നു ഈ വിസിറ്റിങ് കാർഡ് കാണിച്ചുകൊടുക്കാൻ പറഞ്ഞു…ഇയ്യ് .. വാ.”അവൻ ആ ഹോട്ടൽ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

“ടാ.. ഇയ്യ് ഇതിനു മുമ്പ് ഇവിടെ വന്ന്‌ട്ട്ണ്ടോ. ഈ ആളെ കണ്ട്ട്ടുണ്ടോ”ഞാൻ ചോദിച്ചു.

“ഇല്ല….ഞാനും ആദ്യായിട്ടാണ് ചെന്നൈയിൽ വരണത് തന്നെ.”അവൻ പറഞ്ഞു.

“പിന്നെ എന്ത് ധൈര്യത്തിലാടാ നമ്മൾ അയാൾ പറഞ്ഞിടത്തേക്ക് പോകുന്നത്. ഈ മീനയാള് വാങ്ങീട്ട് ക്യാഷ് തന്നില്ലെങ്കി..നമ്മളെ ഭീഷണിപ്പെടുത്തിയാൽ…നമ്മളെ തച്ച് കൊ ന്നാപോലും നമ്മൾ എന്തെയ്യും. അന്യ നാടാണ്. തമിഴന്മാരാണ്. എന്തും ചെയ്യാൻ മടിക്കില്ല..”ഞാൻ പേടിയോടെ പറഞ്ഞു.

തമിഴൻ എന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് കാട്ടു ക ള്ളൻ വീ രപ്പനും പു ലി നേതാവ് വേലുപി ള്ള പ്ര ഭാകരനുമാണ്. രണ്ടും ക്രൂ രത യുടെ പര്യായങ്ങൾ…

അവൻ കുറച്ചു നേരം ഒന്ന് ആലോചിച്ചു.

“ടാ…അങ്ങനെ ഒന്നൂണ്ടാകില്ലെന്ന് നമുക്ക് കരുതാം..ഞാൻ കേട്ടറിഞ്ഞിടത്തോളം ഇയാൾ ഡീസന്റ് ആണ്. അങ്ങനൊരു ഫ്രോഡാണെങ്കിൽ ഇങ്ങനെ വിസിറ്റിങ് കാർഡൊക്കെയുണ്ടാകുമോ. ഇയ്യ്‌ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന് വിസിറ്റിങ് കാർഡ് കണ്ടിട്ടുണ്ടോ..? ഇല്ലല്ലോ.. ഇയ്യ് ധൈര്യമായി പോര്.”അവൻ ഊർജ്ജത്തോടെ പറഞ്ഞു

എനിക്ക് ആദ്യമായി ചിരി വന്നു.ഞാൻ ചിരിച്ചു. അവന്റെ ധൈര്യം എന്നെ അത്ഭുതപ്പെടുത്തി.എനിക്ക് അഭിമാനവും തോന്നി. ഇങ്ങനെ ഒരു കൂട്ടുകാരൻ കൂടെ ഉള്ളപ്പോൾ ഇനി ച.ത്താലെന്ത്..? ഞാൻ ഓർത്തു. ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്തു ഹോട്ടലിലേക്ക് നടന്നു.ഹോട്ടൽ റിസപ്‌ഷനിൽ ആ കാർഡ് കാണിച്ചു.ഒരു പയ്യനാണ്. അയാൾ ആ കാർഡ് വാങ്ങി നോക്കി.

“ഓ… നീങ്ക രാജാസാറുടെ ഗസ്റ്റാ.. അങ്കെ ഉക്കാറുങ്കോ.നാൻ സാറുക്കിട്ടെ പേസട്ടും.”അയാൾ പറഞ്ഞു.

ഞങ്ങൾ അവിടെ ഇട്ടിരുന്ന മനോഹരമായ സോഫാസെറ്റിയിൽ ഇരുന്നു. അയാൾ ഫോൺ എടുത്ത് ഡയൽ ചെയ്തു. എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നുണ്ട്. ശേഷം ആ കാൾ കട്ട് ചെയ്തു വേറൊരു കാൾ വിളിച്ചു.

“സർ.. ഒരു രണ്ട് നിമിഷം വെയിറ്റ് പണ്ണുങ്കോ.”അയാൾ ഫോൺ റിസീവർ താഴേ വെച്ചു കൊണ്ട് ഞങ്ങളെ നോക്കി പറഞ്ഞു.

ഞാൻ എന്നെ ആദ്യമായി ഒരാൾ “സർ”എന്ന് വിളിച്ച അഭിമാനത്തിൽ അവനെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് ഞെളിഞ്ഞിരുന്നു.കൂട്ടുകാരൻ എന്നെ പരിഹാസത്തോടെ ഒന്ന് നോക്കി.

“ഓഹ്.. വല്ല്യ കാര്യായി പോയി. ഇവിടെ തമിഴന്മാർ എല്ലാരേം സാർ ന്ന് വിളിക്കും.”അവൻ പറഞ്ഞു.

ഞാൻ ഒന്ന് ചൂളി. ഒരു പച്ചചിരി ചിരിച്ചു ഒരു പത്ത് മിനുട്ട് കഴിഞ്ഞിട്ടുണ്ടാവും. വെളുത്ത ഒരു ചുള്ളൻ പയ്യൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.

“സർ.. വാങ്കോ സർ..ഉള്ളേ വാങ്കോ”..അവൻ പ്രസന്നതയോടെ പറഞ്ഞു.

ഞങ്ങൾ ആ പെട്ടികളും എടുത്ത് അയാളുടെ പിന്നാലെ ചെന്നു.അയാൾ ഹോട്ടലിന്റെ അകത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി. എനിക്ക് വീണ്ടും പേടി തോന്നി. ഇയാള് എങ്ങോട്ടാണീ കൊണ്ട് പോകുന്നത് എന്നാലോചിച്ചിട്ട്‌…

“അണ്ണാ.. രാജാസർ ഉള്ളേയിരിക്കാ?” ഞാൻ അയാളോട് ചോദിച്ചു.

“സർ..ഇങ്കെ ഇല്ലൈ.കമ്പനിയിൽ ഇരിക്കിറേൻ”..അയാൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു.

അയാൾ ഒരു മുറിയുടെ മുമ്പിൽ നിന്നു.അതിന്റെ പൂട്ട് തുറന്ന് വാതിൽ തുറന്നു.

“സർ..ഉങ്കൾ ഒന്നു ഫ്രഷാവുങ്കോ…മുടിഞ്ചതുക്ക് അപ്പുറം കീളെ റെസ്റ്റോറന്റിലേക്കു വാങ്കോ .. എതാവത് സാപ്പിടലാം.”ഇതും പറഞ്ഞു അയാൾ പോയി.

ഞങ്ങൾ ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി. എന്തോ ചതി നടക്കുന്നുണ്ടോ…? എന്റെ മനസ്സ് മന്ത്രിച്ചു. കൂട്ടുകാരൻ ധൈര്യശാലിയുടെയും ധൈര്യം അല്പം ചോർന്നു. അവൻ ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നു.

“ടാ…. എനിക്ക് ധൈര്യം വന്നപ്പോ നിന്റെ ധൈര്യം പോയോ.ഞാൻ ചോദിച്ചു.

“ഹേയ്..അങ്ങനെ ഒന്നൂല്ല. ഒരു കാര്യം ചെയ്യാം.പെട്ടികൾ രണ്ടും വാതിലിന്റെ അടുത്തേക്ക് വെക്ക്. എന്നിട്ടാദ്യം ഇയ്യ് കുളിക്ക്. ബാത്‌റൂമിന്റെ വാതിൽ കുറ്റിയിടണ്ട. ഞാൻ റൂമിന്റെ വാതിലിന്റെ അടുത്ത് നിക്കാം. എന്തെങ്കിലും ഇണ്ടായാൽ ഞാൻ കൂവും. അപ്പൊ ഇയ്യ് ഇറങ്ങി വരണം. പെട്ടിയുമെടുത്ത് പായണം.”അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

“ബാത്‌റൂമിൽ നിന്നൊക്കെ ഇറങ്ങി ഓടണോ…. അയ്യേ….”ഞാൻ അവജ്ഞയോടെ പറഞ്ഞു.

“അയ്യോ…. അനക്ക് ജീവനാണോ അതോ നാണമാണോ വലുത്..?  എടാ..ഒന്നുണ്ടാവില്ല.ഞാൻ ഒരു സാധ്യത പറഞ്ഞന്നേയുള്ളു”. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ ബാത്‌റൂമിൽ കയറി.വിരൽ കൊണ്ട് പല്ല് തേച്ചു. ഷവർ തുറന്നിട്ട് ചുവട്ടിൽ അല്പനേരം നിന്നു. തല തുവർത്തി ഡ്രസ്സ്‌ മാറി പുറത്ത് വന്നു. അവന്റെയും കുളി കഴിഞ്ഞു ഞങ്ങൾ പെട്ടികളുമെടുത്ത് താഴെ റെസ്റ്റോറന്റിൽ വന്നിരുന്നു. ഓർഡർ എടുക്കാനൊന്നും ആരെയും കാണുന്നില്ല. ഞാൻ ചുറ്റും നോക്കി. അപ്പൊഴുണ്ട് ആ പയ്യൻ രണ്ട് പാത്രവുമായി വരുന്നു.അയാൾ അത് ഞങ്ങളുടെ മുമ്പിൽ വെച്ചു. ഇഡ്ഡലി, സാമ്പാർ,ചട്ണി, ഉള്ളിചമ്മന്തി, ചായ… “ആഹ..അന്തസ്സ്.”ഞാൻ പറഞ്ഞു

“ഫൈസലേ.. ഇതിൽ ഏകദേശം തൊള്ളായിരത്തോളം മീനുണ്ടാകും. ഓക്സിജൻ കിട്ടാഞ്ഞിട്ട് ഒരു നൂറെണ്ണങ്കിലും ചത്ത്‌ കാണും. വേഗം അവിടെ എത്തിയില്ലെങ്കിൽ ഇനീം ചാവും.”അവൻ കുറച്ചു സങ്കടത്തിൽ പറഞ്ഞു.

ഇത്രയൊക്കെ ടെൻഷൻ സഹിച്ചിട്ട് ഇനി ഇവറ്റകൾ ചത്ത്‌ കൂടി പോയാൽ….ആലോചിച്ചിട്ട് എനിക്കും സങ്കടം വന്നു.

ഞങ്ങൾ വേഗം ഭക്ഷണം കഴിച്ചിട്ട് പെട്ടികളുമെടുത്ത് ബിൽ കൗണ്ടറിലേക്ക് ചെന്നു.ബില്ല് എത്രയെന്നു ചോദിച്ചപ്പോൾ പുറകിൽ നിന്നു ഒരാൾ അവന്റെ തോളിൽ കൈ വെച്ചു. ഞങ്ങൾ തിരിഞ്ഞു നോക്കി

“ബില്ല് ഒന്നും വേണ്ട തമ്പി.നീങ്കൾ സീക്ക്രം വാങ്കോ. പോവലാം”…

ഒരു കറുകറുത്ത മനുഷ്യൻ. വെള്ള ഷർട്ടും മുണ്ടും വേഷം. തടിച്ച ശരീരം. മുടി പുറകിലോട്ട് നീട്ടി വളർത്തിയിരിക്കുന്നു.ഞങ്ങൾ’ഇതാരെടാ’ എന്ന സംശയത്തിൽ നോക്കി.

“തമ്പികൾ.. നാൻ രാജാ അയ്യാവുടെ ആള്താൻ.വണ്ടി ഇരിക്ക്. പോവലാം”. അയാൾ പുറത്തു നിർത്തിയിട്ടിരിക്കുന്ന ചുവപ്പ് സ്കോർപിയോ വാൻ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

ഉടനെ തന്നെ കൂട്ടുകാരന്റെ ഫോൺ ബെല്ലടിച്ചു. അവൻ ഫോണെടുത്ത് ചെവിയിൽ വെച്ചു. എന്തൊക്കെയോ അങ്ങേ തലക്കൽ നിന്നു പറയുന്നുണ്ട്. “ഒക്കെ സർ. സീക്ക്രം വന്തിട്ടേൻ”എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു. അവൻ ഒരു പെട്ടി എടുത്ത് കയ്യിൽ പിടിച്ചു. മറ്റേത് എന്നോടെടുക്കാൻ ആംഗ്യം കാണിച്ചു. അവനാ സ്കോർപിയോ വാനിന് നേരെ നടന്നു. ഒരു പരിചയവുമില്ലാത്ത ഒരാൾ അയച്ച വണ്ടിയിൽ, അതും ഒരു അന്യനാട്ടിൽ, ഏതോ ഒരു ഡ്രൈവർ, ഞങ്ങളുടെ കയ്യിൽ പിടുത്തം നിരോധിച്ച വിലപ്പിടിപ്പുള്ള മീനും..ഞാൻ ഇതൊക്കെ ഓർത്തു അന്തം വിട്ടങ്ങനെ നിൽക്കുകയാണ്.. അവൻ വണ്ടിയിൽ കയറി. ഞാനും അവന്റെ പിന്നാലെ കയറി.

ഏതൊക്കെയോ ജംഗ്ഷനുകൾ കഴിഞ്ഞു….വളഞ്ഞും തിരിഞ്ഞുമൊക്കെ സ്കോർപിയോ വാൻ ഓടുന്നുണ്ട്. ഞങ്ങൾ അതിന്റെയുള്ളിൽ ഒന്നും മിണ്ടാതെ അങ്ങനെ ഇരിക്കുന്നുണ്ട്.ഏതോ സ്വപ്നലോകത്തെന്ന പോലെ… വണ്ടി ഓടി കൊണ്ടിരിക്കുന്നു.ആകെ പരിചയമുള്ള ഒരു സംഭവം കണ്ടത് “ചെപ്പോക്ക്”ക്രിക്കറ്റ്‌ സ്റ്റേഡിയം മാത്രമാണ്.ടീവിയിൽ കണ്ടുള്ള പരിചയം. വണ്ടി ഏതോ ഒരു റോഡിലേക്ക് തിരിഞ്ഞു. ഏതോ ഒരു നഗരപ്രാന്തത്തിലേക്കാണ് പോകുന്നത് എന്നെനിക്ക് തോന്നി. വിജനമാണ് റോഡ്.ഇടയ്ക്കിടയ്ക്ക് ഓരോ വണ്ടികൾ വരുന്നുണ്ട്..കാൽനടയാത്രക്കാരെ ആരെയും കണ്ടില്ല.

വണ്ടിയുടെ സ്പീഡ് കൂടി… വിജനത..ഭയാനകമായ വിജനത. ചെന്നൈ നഗരത്തിൽ, ഇന്ത്യയിലെ മെട്രോപൊളീഷൻ സിറ്റിയായ ചെന്നൈയിൽ, ജനത്തിരക്കിനും ട്രാഫിക് ജാമിനും പേര് കേട്ട ചെന്നൈയിൽ, ഇന്ത്യയിലെ പേരുകേട്ട മൂന്ന് നഗരങ്ങളിൽ ഒന്നായ ചെന്നൈയിൽ ഇങ്ങനെ ഒരു സ്ഥലമോ..? ഞങ്ങൾക്ക് എന്തോ അപകടം വരാനിരിക്കുന്നത് പോലെ തോന്നി. വണ്ടി ഭയങ്കര സ്പീഡിലാണ്. ഒരു കാര്യം ഞങ്ങളുറപ്പിച്ചു. ഇവിടെ നിന്നു ഓടി രക്ഷപെടൽ ഇനി ഒരിക്കലും നടക്കില്ല എന്ന്..

“അണ്ണാ… എങ്കെ രാജാസാറുടെ ഓഫീസ്.? എവെളോ ദൂരം വന്താച്ച്. ഇനിയും കാണലേ..? “അവൻ ആ ഡ്രൈവറോട് ഉറക്കെ ചോദിച്ചു.

അവന്റെ സ്വരത്തിൽ ചെറിയൊരു ഇടർച്ച ഉണ്ടായിരുന്നു.. ഭയത്തിന്റെ ഒരു ലാഞ്ചന…

ഹഹഹഹ.അയാൾ ഉറക്കെ ചിരിച്ചു.ഞങ്ങളുടെ പേടി അയാൾക്ക് മനസ്സിലായി എന്ന് തോന്നി അയാളുടെ ആ ചിരിയിൽ നിന്ന്..

ഹേയ്….എന്നാ തമ്പി…ഭയം വേണ്ടാ.. ഉങ്കളെ കറക്റ്റാ അയ്യാ പക്കം താൻ അണുപ്പുകിരേൻ..ഒരു പത്തു നിമിഷത്തുക്കുള്ളെ”…അയാൾ പറഞ്ഞു.

വണ്ടി വലിയൊരു ഗോഡൗൺ പോലൊരു ബിൽഡിങ്ങിന്റെ മുന്നിൽ ചെന്നു നിന്നു. അയാൾ ഇറങ്ങി. ഞങ്ങളോട് ഇറങ്ങാൻ പറഞ്ഞു. ഞങ്ങൾ പെട്ടികളും എടുത്തു കൊണ്ട് ഇറങ്ങി. പേടിക്കു തെല്ലൊരു ശമനം വന്നപ്പോലെ തോന്നി എനിക്ക്. ആ ബിൽഡിങ്ങിന്റെ മുകളിൽ മീനിന്റെ ചിത്രമുള്ള ഒരു ചുവന്ന കൊടി പാറുന്നത് ഞങ്ങൾ കണ്ടു.

അയാൾ ഞങ്ങളെ ആ ബിൽഡിങ്ങിന്റെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി. ഓഫീസ് പോലെയുള്ള ഒരു മുറിയിലേക്ക് ഇരുത്തി. അവിടെ ആരും ഇല്ല. മെയിൻ ചെയർ ഒഴിഞ്ഞു കിടക്കുന്നു.

“ഇങ്കെ ഉക്കാറുങ്കോ.. അയ്യാ ഇപ്പൊ വന്തിടും”എന്നും പറഞ്ഞു അയാൾ പോയി.

ഞാൻ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. മനോഹരമായ മത്സ്യങ്ങൾ ഉള്ള രണ്ട് വലിയ അക്വാറിയങ്ങൾ അവിടെ കണ്ടു. ചുവരിന് മുകളിൽ കുറേ മത്സ്യങ്ങളുടെ ഫോട്ടോകൾ ദൈവത്തെ പോലെ മാലയിട്ടു വിളക്ക് കത്തിച്ചു വെച്ചിരിക്കുന്നു.

പെട്ടെന്ന്”ഗുഡ്മോർണിംഗ് ബ്രദേർസ്.”എന്നും പറഞ്ഞു കൊണ്ട് ഒരാൾ കയറി വന്നു. ഞങ്ങൾ എണീറ്റു നിന്നു അയാളെ നോക്കി. അയാൾ സീറ്റിൽ ഇരുന്നു. ഞങ്ങളും ഇരുന്നു. ഒരു 40-45 വയസ്സ് തോന്നിക്കും കാഴ്ച്ചയിൽ. വെളുത്തനിറം. മീശ മുകളിലേക്ക് പിരിച്ചു വെച്ചിരിക്കുന്നു. ഒത്ത ശരീരം.

“ഞാനാണ് രാജരാജൻ.ഇതിൽ ആരാണ് മുഹമ്മദ്‌ നിയാസ്.”? അയാൾ നല്ല മലയാളത്തിൽ ചോദിച്ചു.

“ഞാനാണ് സർ”അവൻ പറഞ്ഞു.

“ഇതാരാ..ഫ്രണ്ട് ആണോ. എന്താ ഫ്രണ്ടിന്റെ പേര്”?

“അതേ.. ഫ്രണ്ടാണ്. എന്റെ പേര് മുഹമ്മദ്‌ ഫൈസൽ.”ഞാൻ പറഞ്ഞു.

“എനിക്ക് മലയാളം പറയാൻ അറിയും”അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞങ്ങളുടെ ഉള്ളിലുള്ള ഭയത്തിന്റെയും ആശങ്കയുടെയും മഞ്ഞ് ഉരുകി ഇല്ലാതെയായി. അയാൾ എണീറ്റു.

“മീനുകളെ എടുത്ത് എന്റെ കൂടെ വാ.”അയാൾ പറഞ്ഞു.

ഞങ്ങൾ പെട്ടികളെടുത്ത് അയാളുടെ കൂടെ പോയി. ഒരു ഗോഡൗണിലേക്ക് ഞങ്ങൾ എത്തി. കണ്ണ്‌ മഞ്ഞളിച്ചു പോയി ഞങ്ങളുടെ അലങ്കാരമത്സ്യങ്ങളുടെ ഒരു വിസ്മയലോകം. പല വർണ്ണത്തിൽ,പല രൂപത്തിൽ, പല വലിപ്പത്തിൽ…ചെറുതും വലുതുമായി പതിനായിരകണക്കിന് മീനുകൾ. എന്തൊരു ഭംഗിയാണ് കാണാൻ.അതിമനോഹരമായ വർണ്ണകാഴ്ചകൾ.വലിയ ഗ്ലാസ്‌ പെട്ടികളിൽ തീർത്ത മത്സ്യ വിസ്മയം കണ്ടു ഞാൻ സ്വയം മറന്നു. ഇത്രയൊക്കെ മീനുകൾ ഈ ലോകത്തുണ്ടോ….? ഞാൻ വായും പൊളിച്ചങ്ങനെ നിൽക്കുവാണ്.ഒരു മീനിന് ഒരു ലക്ഷം രൂപ വരെ വില വരുന്നവ അവിടെയുണ്ട്.

അവൻ പെട്ടികൾ തുറന്നു കവറുകൾ പുറത്തെടുത്തു. ഓരോന്നായി വലിയ ഒരു ഗ്ലാസ്സ് പെട്ടിയിലേക്ക് പൊട്ടിച്ചൊഴിച്ചു കൊണ്ടിരുന്നു. അയാൾ എല്ലാം സാകൂതം വീക്ഷിച്ചു കൊണ്ട് നിൽക്കുകയാണ്. എല്ലാ കവറുകളും ഒഴിഞ്ഞപ്പോൾ അയാൾ ആ ഗ്ലാസ് പെട്ടിയിലേക്ക് നോക്കി. കുറച്ചു “മിസ്സ്‌ കേരള”കൾ ചത്തു പൊങ്ങി കിടക്കുന്നുണ്ട്. അത് അയാൾ കൈ കൊണ്ട് എടുത്തു മാറ്റി. കൂട്ടുകാരന്റെ മുഖത്ത് ചെറിയൊരു സങ്കടം വിരിയുന്നത് ഞാൻ കണ്ടു.ഒരു കവറിൽ നിന്ന് അയാൾ എന്തോ പൊടി ആ ഗ്ലാസ്പ്പെട്ടിയിലേക്ക് വിതറി. ഞങ്ങൾ സംശയത്തോടെ അയാളെ നോക്കി.

“ഇത് ഡ്രൈ ഫുഡാണ്. തിന്നുമോ എന്നറിയണം. തിന്നാത്തത് കൂടുതൽ ജീവിക്കില്ല.അതും ഒഴിവാക്കണം.”അയാൾ പറഞ്ഞു.

ഒരു പത്ത് മുപ്പത്തെണ്ണം അതിൽ പരാജയപ്പെട്ടു. അതിനെയും അയാൾ എടുത്ത് പുറത്തേക്കിട്ടു. ഞാൻ അവന്റെ മുഖത്ത് നോക്കി

“സാരമില്ല”എന്ന് പറഞ്ഞു. അവന്റെ മുഖത്ത് മ്ലാനത പടർന്നു. പിന്നെ അയാൾ വേറൊരു കവറിൽ നിന്ന് ചെറിയ വിരകൾ പോലെ എന്തോ ഒന്ന് ആ പെട്ടിയിലേക്കിട്ടു.മീനുകൾ കൂട്ടത്തോടെ വന്ന് അത് തിന്നാൻ തുടങ്ങി. അയാൾ കണ്ണുക്കൂർപ്പിച്ചു നോക്കിനിൽക്കുകയാണ്.

“ഇത് ലിവിങ് ഫുഡാണ്.ഇത് തിന്നാത്തതിനെയും പറ്റില്ല. അതിജീവിക്കില്ല”അയാൾ പെട്ടിയിലേക്ക് തന്നെ നോക്കികൊണ്ട് പറഞ്ഞു.

ആ പരീക്ഷണത്തിലും കുറച്ചെണ്ണം പരാജയപ്പെട്ടു. അയാൾ നിഷ്കരുണം അതും എടുത്ത് ഒഴിവാക്കി. കൂട്ടുകാരൻ ഒരു നെടുവീർപ്പിട്ടു.അധ്വാനഫലം നഷ്ടപ്പെട്ടു പോകുന്നതിന്റെ വേദന അവന്റെ മുഖത്തു ഞാൻ കണ്ടു. പിന്നെ അയാൾ ഒരു കപ്പിൽ നിന്ന് കുറച്ചു തണുത്ത വെളളം ആ പെട്ടിയിലേക്കൊഴിച്ചു. കുറേ എണ്ണം അതിലും പരാജയപ്പെട്ടു. അവൻ ദയനീയമായി ആ പെട്ടിയിലേക്ക് നോക്കി നിന്നു.

ശേഷം അയാൾ വേറെ ഒരുപയ്യനെ വിളിച്ചു. എന്തോ ഒരു സാധനം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ പയ്യൻ അരിപ്പ പോലെ ഒരു യന്ത്രം കൊണ്ടുവന്നു.

“ഇതിൽ എത്തന ഫിഷ് ഇരിക്കിറേന്നു കൗണ്ട് പണ്ണി പാറപ്പാ..?അയാൾ ആ പയ്യനോട് പറഞ്ഞു.

പയ്യൻ കപ്പ് കൊണ്ടു മീനുകളെ പതുക്കെ കോരി ആ യന്ത്രത്തിന്റെ കുഴലിലൂടെ ഒഴിക്കാൻ തുടങ്ങി. താഴെ ഒന്നിന് പുറകെ ഒന്നൊന്നായി “മിസ്സ്‌ കേരള”കൾ വേറൊരു ചില്ലു പെട്ടിയിലേക്ക് വന്നു വീണുകൊണ്ടിരുന്നു. ആ പയ്യൻ ഓരോന്ന് വീഴുമ്പോഴും എണ്ണി..ഒന്ന്..രണ്ട്.. മൂന്ന്.. അങ്ങനെ എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ചു ബാക്കി ആയത് എഴുന്നൂറ്റിയമ്പത് “മിസ്സ്‌ കേരള”കൾ.

“ഒരു മണിക്കൂർ കൂടി നോക്കണം. ചിലപ്പോൾ ഇനിയും ചാവാൻ ചാൻസ് ഉണ്ട്. ഇത് പല രാജ്യങ്ങളിലേക്കും കയറ്റി അയക്കാൻ ഉള്ളതാണ്. എല്ലാ കാലാവസ്ഥയിലും ഇത് ജീവിക്കില്ല.എല്ലാ ഫുഡ്ഡുകളും കഴിക്കണം. അതാണ്‌ ഇങ്ങനെ ഒക്കെ ടെസ്റ്റ്‌ ചെയ്യുന്നത്. നിങ്ങൾ എടുത്ത റിസ്ക് എനിക്കറിയാം. വിഷമിക്കേണ്ട. 45000രൂപ നിങ്ങൾക്ക് ഉണ്ടാകും.”അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞങ്ങൾ പല കാര്യങ്ങളും അയാളോട് സംസാരിച്ചു.മീനിന്റെ കാര്യത്തിൽ അയാൾ വാചാലനായി. അലങ്കാരമത്സ്യത്തിന്റെ വിപണന സാധ്യതയേ കുറിച്ച് അയാൾ സംസാരിച്ചു. ഇത്രയധികം സാധ്യതകൾ ഈ കുഞ്ഞൻ മത്സ്യത്തിന് ഉണ്ടായിരുന്നുവെന്ന് ഞാൻ അത്ഭുതപ്പെട്ടു. ഒരു മണിക്കൂർ കഴിഞ്ഞത് അറിഞ്ഞില്ല. ഭാഗ്യത്തിന് ഒരു മീൻ പോലും പിന്നെ പരാജയപ്പെട്ടില്ല. അയാൾ 45000രൂപ എണ്ണി അവന്റെ കയ്യിൽ കൊടുത്തു.

“ഏതായാലും വന്നതല്ലേ. ഇവിടുന്ന് ഭക്ഷണം കഴിച്ചിട്ട് പോകാം.”അയാൾ പറഞ്ഞു.

അയാൾ ഒരു കേരള ഹോട്ടലിൽ വിളിച്ചു പറഞ്ഞു. മൂന്ന് ചിക്കൻ ബിരിയാണി ഉടൻ വന്നു. ഞങ്ങൾ സന്തോഷത്തോടെ കഴിച്ചു. കുറച്ചു സമയം കൊണ്ട് ഞങ്ങൾ അയാളോട് കൂടുതൽ അടുത്തു.

ഞങ്ങളുടെ മനസ്സിൽ ഉള്ള എല്ലാ പേടികളും അസ്ഥാനതായിരുന്നു എന്ന് മനസ്സിലായി.ഇവരെയാണോ തമിഴ് പടത്തിലെ വില്ലന്മാരുമായി ഞാൻ ഉപമിച്ചത്… എത്ര നല്ല മനുഷ്യന്മാർ…എത്ര സ്നേഹമുള്ള മനുഷ്യൻ. ഇതാണ് തമിഴൻ സ്നേഹം. സ്നേഹത്തിന്റെ തമിഴ് സ്പർശം ഞങ്ങൾ അറിഞ്ഞു “ഇനി മറീന ബീച്ചിലൊക്കെ ഒന്ന് കറങ്ങിയിട്ട് പോയാൽ മതി. ടൈം ഉണ്ടല്ലോ. വൈകീട്ടല്ലേ ട്രെയിൻ. അത് വരെ ചുറ്റി കറങ്ങി അടിച്ചു പൊളിക്ക്‌നല്ല ഫിഗറുകൾ കാണും ബീച്ചിൽ. നിങ്ങളുടെ പ്രായം അതല്ലേ”. ? അയാൾ ചിരിച്ചു. ഞങ്ങളും….

ഇങ്ങോട്ട് വരുമ്പോൾ അനുഭവിച്ച ദുരിതങ്ങൾ എല്ലാം അവിടെ ഒഴുക്കി കളഞ്ഞു ഞങ്ങൾ സന്തോഷത്തോടെ മടങ്ങി.