ഗർഭം
രചന : അപ്പു
::::::::::::::::::::
“ടീ.. സുമേ.. നീ അറിഞ്ഞോ നമ്മുടെ വടക്കേലെ ശാന്തയുടെ മകൾക്ക് വിശേഷം ഉണ്ട്..”
വേലിക്കൽ നിന്നു കൊണ്ട് ശ്യാമള പറഞ്ഞത് കേട്ട് അവരെ അമ്പരന്നു നോക്കി.
” അതിന് ആ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞത് അല്ലല്ലോ..?
അതെ അമ്പരപ്പോടെ സുമ ചോദിച്ചു.
” അതിന് ഗ ർഭം ഉണ്ടാകാൻ വിവാഹം കഴിക്കണം എന്ന് നിർബന്ധം ഉണ്ടോ..? “
വഷള ചിരിയോടെ ശ്യാമള പറഞ്ഞതുകേട്ട് സുമ മുഖം തിരിച്ചു.
” ദേ.. ശ്യാമളേച്ചി..നിങ്ങൾ വെറുതെ അറിയാത്ത കാര്യം പറയരുത്.. “
സുമ അവരോട് ദേഷ്യപ്പെട്ടു.
” ഞാൻ എന്തിനാടി പെണ്ണേ അനാവശ്യം പറയുന്നത്..? ഇന്ന് എന്റെ മരുമകൾ ഡോക്ടറെ കാണാൻ ആശുപത്രിയിൽ പോയപ്പോൾ കണ്ടതാണ്. “
അവർ വീണ്ടും വാദിച്ചു.
” ആ കൊച്ചിന് നല്ല പനിയും ചുമയും ആയിട്ട് ഡോക്ടറെ കാണാൻ പോയതായിരിക്കും.. ഒരാളെ ആശുപത്രിയിൽ വച്ച് കണ്ടു എന്ന് പറഞ്ഞ് ഗ ർഭമാണെന്ന് ആണോ അർത്ഥം..? “
സുമ ദേഷ്യത്തോടെ ചോദിച്ചു.
” പിന്നെ പനിയും ചുമയും ആയിട്ട് ഗൈനക്കോളജിസ്റ്റ് ആണല്ലോ ചികിത്സ കൊടുക്കുന്നത്..? “
പുച്ഛത്തോടെ ശ്യാമള പറഞ്ഞത് കേട്ട് സുമ അത്ഭുതത്തോടെ അവരെ നോക്കി.
” ചേച്ചി എന്താ പറഞ്ഞത്..? “
കൗതുകത്തോടെ സുമ ചോദിച്ചപ്പോൾ താൻ പറഞ്ഞത് അവൾ വിശ്വസിച്ചു എന്ന് അവർ ഉറപ്പിച്ചു.
” ഞാൻ സത്യമാണ് പറഞ്ഞത്.. ഇന്ന് നിഷയ്ക്ക് ചെക്കപ്പ് ഉള്ള ദിവസം ആയിരുന്നല്ലോ.. ഞാൻ കൂടെ ചെല്ലാം എന്ന് പറഞ്ഞിട്ടും അവൾ കേട്ടില്ല. അവനും അവളും കൂടി ആണ് പോയത്. അവിടെ ചെന്നപ്പോഴാണ് ശാന്തയും മകളും കൂടി ഗൈനക്കോളജിസ്റ്റിനെ കാണാൻ ഇരിക്കുന്നത് ഇവർ കണ്ടത്. ഇവരെ കണ്ടതും അവർ ഒന്നു പരുങ്ങി എന്ന് നിഷ പറയുന്നത് കേട്ടു. എന്തെങ്കിലും ഒളിപ്പിക്കാൻ ഇല്ലെങ്കിൽ പിന്നെ അങ്ങനെ പരുങ്ങേണ്ട കാര്യമില്ലല്ലോ..? “
ശബ്ദം താഴ്ത്തി ശ്യാമള പറഞ്ഞതു കേട്ട് സുമ അമ്പരന്നു.
“ഇവരെ കണ്ടതോടെ മരുന്നും വാങ്ങി അവർ വേഗം അവിടെ നിന്ന് പോകുന്നു എന്നാണ് അറിഞ്ഞത്.”
ശ്യാമള തുടർന്നു.
” പക്ഷേ അങ്ങനെ ചീത്ത കൂട്ടുകെട്ടുകളിൽ ഒന്നും ചെന്നു പെടുന്ന ഒരു പെൺകുട്ടി അല്ല അത്. ഈ നാട്ടിൽ തന്നെ നല്ല സ്വഭാവം ഉള്ള പെൺകുട്ടികളുടെ ലിസ്റ്റ് എടുത്താൽ അതിൽ ആദ്യത്തെ പേര് അവളുടെ ആയിരിക്കും. അത്ര നല്ല രീതിയിലാണ് ആ പെൺകുട്ടിയെ വീട്ടുകാർ വളർത്തിയത്. “
പറഞ്ഞ വാർത്ത വിശ്വസിക്കാൻ കഴിയാതെ സുമ പറഞ്ഞു.
” അതിന് അവൾ ഇപ്പോൾ നാട്ടിൽ അല്ലല്ലോ പഠിക്കുന്നത്..? ബാംഗ്ലൂർ എങ്ങാണ്ട് അല്ലേ..? അത്രയും ദൂരം ഒക്കെ പോയി പെൺമക്കളെ പഠിക്കാൻ വരുമ്പോൾ ആലോചിക്കണമായിരുന്നു അവരുടെ സ്വഭാവത്തിലും മാറ്റം വരുമെന്ന്. ഇതുപോലെ തേച്ചാലും മാച്ചാലും പോകാത്ത രീതിയിൽ ആയിട്ടുണ്ടാകും. അല്ലെങ്കിൽ ചിലപ്പോൾ വയറ്റിൽ ഉ ള്ളതിനെ കലക്കി കളയാൻ ഡോക്ടറുടെ സഹായം തിരക്കി വന്നതായിരിക്കും.. “
പുച്ഛത്തോടെ ശ്യാമള പറഞ്ഞു.
” ഞാൻ എന്തായാലും അപ്പുറത്ത് ചെല്ലട്ടെ..ഷീജ വിവരം അറിഞ്ഞോ ആവോ.. “
അത്രയും പറഞ്ഞുകൊണ്ട് അവർ തന്റെ വീട്ടിലേക്ക് പോകുമ്പോൾ സുമയ്ക്ക് നെഞ്ചിൽ ആധിയായിരുന്നു.
ഇനി അവർ ഈ വാർത്ത നാടു മൊത്തം പറഞ്ഞു നടക്കുന്നത് സുമയ്ക്ക് അറിയാം. ഈ വാർത്ത സത്യം ആയിരിക്കുമോ എന്ന് സുമ ഒരു നിമിഷം ഭയന്നു.
പിന്നെ അവർ ധൃതിയിൽ മുറിയിലേക്ക് കയറി. അവിടെ പഠിച്ചു കൊണ്ടിരിക്കുന്ന മകളെ അവർ തട്ടി വിളിച്ചു.
” എന്താ അമ്മേ ..? “
അവരുടെ വെപ്രാളം കണ്ടു മകൾ കാര്യം അറിയാതെ അത്ഭുതപ്പെട്ടു.
“നീ നമ്മുടെ.. ഷാനിമോള് ഒന്ന് വിളിച്ചു നോക്കിക്കേ….”
അമ്മ പറഞ്ഞതു കേട്ട് അവൾ അത്ഭുതത്തോടെ അമ്മയെ നോക്കി. സുമയുടെ മകൾ രേവതിയുടെ ഒപ്പം പഠിച്ചതാണ് ഷാനി.
” അവൾ ബാംഗ്ലൂരിൽ അല്ലേ..? ഞങ്ങൾക്ക് സ്റ്റഡി ലീവ് ആയതു കൊണ്ടല്ലേ എനിക്ക് ക്ലാസ്സ് ഇല്ലാത്തത്..? അവൾക്ക് ചിലപ്പോൾ ക്ലാസ് ഉണ്ടാകും. “
അമ്മയുടെ വെപ്രാളത്തിന്റെ കാരണം അറിയാതെ മകൾ പറഞ്ഞു.
” ഷാനി ലീവിന് വന്നിട്ടുണ്ട്. “
” അത് അമ്മ എങ്ങനെ അറിഞ്ഞു..? “
അത്ഭുതത്തോടെ അവൾ ചോദിച്ചു.
” ആ വിവരം ഒക്കെ ഞാൻ പിന്നെ പറയാം. നീ ആദ്യം അവളെ ഒന്നു വിളിക്കൂ. എന്നിട്ട് ഇന്ന് ഡോക്ടർ ശൈലജയെ കാണാൻ പോയിരുന്നു എന്ന് ഒന്ന് അന്വേഷിക്കൂ. പോയെങ്കിൽ എന്തിനാണ് പോയത് എന്നുകൂടി ചോദിക്ക്.. “
ആശങ്കയോടെ അവർ പറഞ്ഞു. പിന്നെ കൂടുതൽ ഒന്നും അന്വേഷിക്കാൻ നിൽക്കാതെ അവൾ ഷാനിയെ വിളിച്ചു. രേവതിയെ പോലെ തന്നെ സുമയ്ക്ക് ഷാനി ഒരു മകളുടെ സ്ഥാനത്താണ്.
ഷാനിയെ വിളിച്ച് കുറച്ചു നേരത്തെ കുശല സംഭാഷണങ്ങൾക്ക് ശേഷം അവൾ കാര്യത്തിലേക്ക് കടന്നു.
“ഡി.. നീ ഇന്ന് ഷൈലജ ഡോക്ടറെ കാണാൻ പോയിരുന്നോ..?”
അവൾ ചോദിച്ചത് കേട്ട് മറുപുറത്ത് ഒരു നിമിഷം നിശബ്ദമായി. അപ്പോഴേക്കും സുമ ഫോൺ വാങ്ങി ലൗഡ് സ്പീക്കറിൽ ഇട്ടിരുന്നു.
“ഞാൻ പോയിരുന്നു.. നീ എങ്ങനെ അറിഞ്ഞു..?”
അത്ഭുതത്തോടെ ഷാനി ചോദിക്കുന്നത് കേട്ടു.
” നീ എന്തിനാ അവരെ കാണാൻ പോയത്..? “
അവളുടെ ചോദ്യത്തിന് മറുപടി പറയാതെ വ്യഗ്രതയോടെ രേവതി ചോദിച്ചു.
” എടീ നിനക്ക് അറിയാമല്ലോ എന്റെ പിരീ ഡ്സ് ഇറഗുലര് ആണ്.. അതുമല്ല ഇപ്പോൾ രണ്ട് തവണയായി, പിരീ ഡ് ആകുമ്പോൾ ഓ വർ ഫ്ലോ യാണ്. ഈ രണ്ടു തവണയും ഞാൻ തലകറങ്ങി വീഴുകയും ചെയ്തു. ഇത്തവണ വീണ്ടും അങ്ങനെ തന്നെ. ആ വിവരം അമ്മയോട് വിളിച്ചു പറഞ്ഞപ്പോഴാണ് അമ്മ നാട്ടിലേക്ക് വരാൻ പറഞ്ഞത്. എന്താണ് പ്രശ്നം എന്ന് ഡോക്ടറെ കണ്ടാൽ അറിയാമല്ലോ.. “
ഷാനി വിശദീകരിച്ചു. അത് കേട്ടപ്പോൾ സുമയ്ക്ക് ജീവൻ തിരികെ കിട്ടിയത് പോലെ ആയി.
” എന്നിട്ട് ഡോക്ടർ എന്തു പറഞ്ഞു..? “
” അത് എന്തോ ഹോർമോണിന്റെ പ്രശ്നം ആണെന്നാണ് പറഞ്ഞത്.. കുറേ മരുന്നും ടെസ്റ്റും ഒക്കെ പറഞ്ഞിട്ടുണ്ട്. ഇനി ഇതൊക്കെ കഴിഞ്ഞിട്ട് വേണം എനിക്ക് മടങ്ങിപ്പോകാൻ.. “
ഷാനി പറഞ്ഞത് കേട്ട് സുമ ഒന്നു നെടുവീർപ്പിട്ടു. പിന്നെ രേവതിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി.
” മോളെ…ഫോൺ ഒന്ന് ശാന്ത ചേച്ചിക്ക് കൊടുത്തേ..”
ഫോണിലൂടെ സുമയുടെ ശബ്ദം കേട്ട് എതിർത്തൊന്നും പറയാതെ ഷാനി ഫോണുമായി ശാന്തയുടെ അടുത്തേക്ക് നടന്നു.
ശാന്ത ഫോൺ വാങ്ങിയ ഉടനെ താൻ അറിഞ്ഞ വിവരങ്ങളൊക്കെ സുമ അവരുമായി പങ്കുവെച്ചു. ഒക്കെ കേട്ടതോടെ ശാന്ത കരഞ്ഞു തുടങ്ങി.
” എന്റെ മകളുടെ ഭാവി ആണല്ലോ ഈശ്വരാ ഇല്ലാതാകുന്നത്.. “
അവർ ആകുലപ്പെട്ടു. വിവരങ്ങളൊക്കെ അറിഞ്ഞ ഷാനിക്ക് അടക്കാനാകാത്ത ദേഷ്യം വന്നു.
” അമ്മ സമാധാനിക്കുക.. ഇതിനുള്ള പരിഹാരം എന്തു വേണം എന്ന് എനിക്കറിയാം..”
അമ്മയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി കട്ട് ചെയ്തു കൊണ്ട് നിമിഷങ്ങൾക്കകം ഷാനി ശ്യാമളയുടെ വീടിനു മുന്നിലെത്തി. അപ്പോഴേക്കും അറിയിക്കാനുള്ള ഒക്കെ വിവരമറിയിച്ചിട്ടും ശ്യാമള വീടിനുമുന്നിൽ റസ്റ്റ് എടുക്കുകയായിരുന്നു. ഷാനിയെ കണ്ടതോടെ അവർ അമ്പരന്നു.
അറിഞ്ഞ വിവരത്തിന്റെ ചൂടിൽ അയൽക്കാർ ഒക്കെയും അവളെ കാണാൻ അമ്പരന്ന് വീട് അവിടെയുമിവിടെയും നിൽക്കുന്നുണ്ടായിരുന്നു.
” അല്ല ശ്യാമള ചേച്ചി നിങ്ങളാണോ ഇവിടെ ഗ ർഭത്തിന്റെ കണക്കെടുക്കുന്ന ആള്..? “
മുഖവുര ഒന്നും കൂടാതെ എടുത്തടിച്ച പോലെ അവൾ ചോദിച്ചത് കേട്ട് അവരുടെ മുഖം വിളറി.
“നീ എന്നോട് കൂടുതൽ സംസാരിക്കാൻ ഒന്നും വരണ്ട. വല്ലയിടത്തും പോയി നീ ഗർഭം കൊണ്ടു വന്നതിന് ഞാനെന്തു പിഴച്ചു..?”
അവർ പുച്ഛത്തോടെ പറഞ്ഞത് കേട്ട് അവൾക്ക് ചിരി വന്നു.
” എനിക്ക് ഗർഭം ഉണ്ടെന്ന് നിങ്ങളോട് ആരാ പറഞ്ഞത്..? “
ഒട്ടും പതറാതെ ഉള്ള അവളുടെ ചോദ്യം കേട്ട് അവർ അമ്പരന്നു.
” ഗ ർഭം ഇല്ലെങ്കിൽ പിന്നെ നീ എന്തിനാ ശൈലജ ഡോക്ടറെ കാണാൻ പോയത്..? “
തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത പോലെ അവർ ചോദിച്ചു.
” ഷൈലജ ഡോക്ടർ ഒരു ഗൈനക്കോളജിസ്റ്റ് ആണ് എന്നുള്ളത് ശരി തന്നെ. പക്ഷേ ഗർ ഭം ഉള്ളവർ മാത്രമല്ല ഒരു ഗൈനക്കോളജിസ്റ്റിനെ കാണുക. നമ്മുടെ പി രീഡ്സ് സംബന്ധമായ കാര്യങ്ങൾക്കും, അതുപോലെ സ്ത്രീകളുടെ മറ്റു ചില പ്രശ്നങ്ങളും ഒക്കെ ഗൈനക്കോളജിസ്റ്റിനെ കാണാറുണ്ട്. എന്റെ പി രീഡ്സ് ഇറഗുലര് ആയതുകൊണ്ട് അതിന്റെ പ്രശ്നങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഡോക്ടറെ കണ്ടത്. അതിനു നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞു പരത്തുന്നത് കുറച്ചു കഷ്ടമാണ്.. “
അവർ പറയുന്നത് കേട്ട് അവരുടെ മുഖം വല്ലാതായി.
” നീ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ഇങ്ങനെ പറയുന്നത് അല്ല എന്ന് ആര് കണ്ടു..? സത്യം എന്താണെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ലല്ലോ.. “
അവർ വീണ്ടും വാദിച്ചു.
” തെളിവ് വേണ്ടവർക്ക് ഞാനിന്നു വാങ്ങിയ മരുന്നുകളുടെ ലിസ്റ്റ് തരാം. അല്ലെങ്കിൽ നമുക്ക് എല്ലാവർക്കും കൂടി ഡോക്ടറെ പോയി കാണാം. സത്യം എന്താണെന്ന് ഡോക്ടർ പറയുമല്ലോ. ഇനി അതൊന്നും അല്ലെങ്കിൽ ഞാൻ ഗർഭിണിയാണെങ്കിൽ 10 മാസം കഴിയുമ്പോൾ പ്രസവിക്കേണ്ടത് അല്ലേ..? അപ്പോൾ അറിയാം.. “
അവൾ പുച്ഛത്തോടെ പറഞ്ഞു.
” ഇതൊക്കെ നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ആവശ്യം ഒന്നും എനിക്കില്ല. പിന്നെ ആവശ്യമില്ലാതെ ഓരോ പേരുദോഷം എന്റെ തലയ്ക്ക് വരണ്ട എന്ന് കരുതി മാത്രം പറയുന്നതാണ്. ഇങ്ങനെ ഓരോ പെൺപിള്ളേരെ കുറിച്ച് അനാവശ്യം പറഞ്ഞു കൊടുത്ത് അവരുടെ ജീവിതം തുലക്കുന്നതുകൊണ്ട് നിങ്ങൾക്ക് എന്ത് ലാഭമാണ് കിട്ടുന്നത്..? വല്ലാത്ത ജന്മം തന്നെ.. “
പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവൾ തിരികെ തന്റെ വീട്ടിലേക്ക് പോകുമ്പോൾ, നാട്ടുകാർ ഒക്കെയും അവളെ ആരാധനയോടെ നോക്കുന്നുണ്ടായിരുന്നു.
✍️അപ്പു