അവൻ ആൺകുട്ടി അല്ലെ, കൂട്ടുകാർക്ക് ഒപ്പം അൽപ്പം സമയം സംസാരിച്ചു ഒക്കെ ഇരുന്നു വരുമ്പോൾ ആ സമയം ആകും…

രചന: Shivadasan Vadama

:::::::::::::

എന്താ!എന്താ അവിടെ? ശബ്ദം കേട്ട് ഭവാനിയമ്മ ഇറങ്ങി വന്നു.

എന്തിനാണ് എന്റെ മോളെ തല്ലിയത്?

മോളോ ആരുടെ മകൾ?

ഇവൾ എനിക്ക് മകൾ തന്നെ ആണ്? ഭവാനിയമ്മ ശാരിയെ ചേർത്തു പിടിച്ചു.
ശാരി അമ്മയോട് ചേർന്നു നിന്നു.

അതുകണ്ടു വാസുദേവന്റെ കോപം ഇരട്ടിച്ചു.

നിങ്ങളുടെ മകൾ ആണെങ്കിൽ നിങ്ങൾ ഇവളെ ഇതുപോലെ ദ്രോഹിക്കുമോ?

ദ്രോഹമോ!ശിവ ശിവ എന്താ ഇദ്ദേഹം ഈ പറയുന്നത്?

പിന്നെ ഇത് ദ്രോഹമല്ലാതെ? അമ്പതിൽ അധികം പവൻ സ്വർണ്ണഭരണങ്ങൾ അണിയിച്ചു വിട്ടതാണ് ഞാൻ ഇവളെ?എന്നിട്ട് താലിമാല ഒഴിച്ച് എന്തുണ്ട് അവളുടെ ശരീരത്തിൽ?

അതെല്ലാം അവൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും. കേടുവരാതിരിക്കാൻ?

അമ്മയുടെ മറുപടി കേട്ട് ശാരി പകച്ചു.

ശരിയാണോടീ? ഞാൻ കാണട്ടെ!നിന്റെ ആഭരണങ്ങൾ?

അത് അച്ഛാ?

നീ ഒന്നും പറയണ്ട!ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി. പോയി സ്വർണ്ണഭരണങ്ങൾ എടുത്തിട്ട് വാ?

എന്തിനാ വാസുദേവാ!ആവശ്യമില്ലാതെ ഒച്ചവെച്ചു ആളുകളെ കേൾപ്പിക്കുന്നത്?നിങ്ങൾ അകത്തേക്ക് വാ? ഭവാനിയമ്മ സ്വരം താഴ്ത്തി പറഞ്ഞു.

വാസുദേവനും സുലോചനയും അകത്തേക്ക് കയറി.

മോളെ നീ അച്ഛന് ചായ എടുക്ക്?

വേണ്ട!ചായ വേണ്ട? അതിനും എന്റെ മകൾ തന്നെ അടുക്കളയിൽ കയറേണ്ടേ? ഞങ്ങൾ കാപ്പി കുടിച്ചിട്ടാണ് വന്നത്?

മകളുടെ മുഖത്തേക്ക് നോക്കും തോറും അയാളുടെ ഉള്ളിൽ അവരോടുള്ള കോപം അളിക്കത്തി. എങ്ങനെ വളർത്തിയ മകൾ ആണ്. അവളുടെ ശരീരത്തിൽ ഒരു കൊച്ചു മുറിവുണ്ടായാൽ താൻ തകർന്നു പോകും. അവളെയും കൊണ്ടു ഡോക്ടറെ കാണാൻ ഓടുമ്പോൾ ഡോക്ടർ പോലും കളിയാക്കും ഇതൊക്കെ സാധാരണ സംഭവിക്കുന്നതാണ്? അത് താനെ ഭേദമാകും. എങ്കിലും അവൾ ഒന്നു തുമ്മിയാൽ ഒരു ചെറിയ ചൂടുണ്ടായാൽ തനിക്കു ഇരിക്കപ്പൊറുതി ഉണ്ടാകില്ല.

അവൾക്കു അഞ്ചു വയസ്സായപ്പോൾ മുതൽ എല്ലാവരും ചോദിക്കും നിനക്ക് ഒരു കുഞ്ഞു കൂടി വേണ്ടേ എന്ന്. അവളോടുള്ള സ്നേഹം പങ്കിട്ടു പോകേണ്ടെന്ന് കരുതി മറ്റൊരു കുഞ്ഞു വേണ്ടെന്നു വെച്ചു. അവൾക്കു അകലെ നിന്നുള്ള ഈ ആലോചന വന്നപ്പോൾ ഇതു വേണ്ടെന്നു താൻ ഉറപ്പിച്ചു പറഞ്ഞതാണ്.

പത്തിൽ പത്തു പൊരുത്തം ഒരേ ഗണം എന്നെല്ലാം ജ്യോൽസ്യൻ പറഞ്ഞപ്പോൾ സുലോചനയും മറ്റുള്ളവരും ഇതു തന്നെ മതി എന്നു നിർബന്ധം പിടിച്ചപ്പോൾ താനും സമ്മതം മൂളേണ്ടി വന്നു. മകളുടെ വിവാഹം കഴിഞ്ഞപ്പോൾ കുറച്ചു ബാധ്യത വന്നു. അതുകൊണ്ട് നാട്ടിൽ നിന്നു മാറിനിൽകേണ്ടി വന്നു. അതുകൊണ്ട് അവളുടെ കാര്യങ്ങൾ മുറക്ക് അന്വേഷിക്കാൻ കഴിഞ്ഞില്ല.

സുലോചനയോട് ചോദിക്കുമ്പോൾ അവൾ സുഖമായിരിക്കുന്നു എന്ന് പറയുമ്പോൾ തനിക്കു സമാധാനമായിരുന്നു. മകളെ വിളിക്കുമ്പോളും അവൾ സന്തോഷവതി ആണെന്ന് തോന്നി.

ഇപ്പോൾ അവളെ കണ്ടപ്പോൾ തന്റെ സകല സന്തോഷവും അസ്തമിച്ചു.

അനൂപ് എപ്പോൾ വരും?

എട്ടുമണി ആകും! ശാരി പറഞ്ഞു.

അഞ്ചു മണിക്ക് ജോലി കഴിയുന്ന അവൻ വരാൻ ഇത്ര താമസിക്കുന്നത് എന്താണ്?

അവൻ ആൺകുട്ടി അല്ലെ? കൂട്ടുകാർക്ക് ഒപ്പം അൽപ്പം സമയം സംസാരിച്ചു ഒക്കെ ഇരുന്നു വരുമ്പോൾ ആ സമയം ആകും. ഭവാനിയമ്മ പറഞ്ഞു.

അതുശരി അപ്പോൾ മകനെ ചീത്തയാകുന്നത് നിങ്ങൾ ആണല്ലേ?

അഖിലിനോട് ഇങ്ങോട്ടു വരാൻ പറ!എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്?

അനൂപും വന്നിട്ടേ ഞങ്ങൾ പോകുന്നുള്ളൂ?

അനൂപ് വന്നപ്പോൾ എട്ടുമണി എന്നുള്ളത് ഒമ്പതു മണി ആയി. അവൻ കഴിച്ചിട്ടുണ്ടെന്ന് വാസുദേവന് മനസ്സിലായി.

നീ എന്താ ഇത്രയും വൈകിയത്?

ഓ!ഇവിടെ വന്നിട്ട് എന്തോ ചെയ്യാനാ?

നിന്റെ വിവാഹം കഴിഞ്ഞത് ഓർമ്മയുണ്ടോ?

അതെന്താ ഇത്ര ഓർത്തു വെക്കാൻ ഉള്ളത്?

അവന്റെ മറുപടിയിലെ പരിഹാസം അയാളെ രോക്ഷാകുലനാക്കി എങ്കിലും അയാൾ സ്വയം നിയന്ത്രിച്ചു.

നീ എന്തിനാണ് വിവാഹം കഴിച്ചത്?

ഇതെന്തു ചോദ്യം എന്ന മട്ടിൽ അനൂപ് വാസുദേവനെ നോക്കി. അയാൾ മറുപടി പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലായപ്പോൾ അവൻ പറഞ്ഞു.

എല്ലാവരും വിവാഹം കഴിക്കുന്നത് എന്തിനാണ് അതുപോലെ ഞാനും വിവാഹം കഴിച്ചു. ഇനി അതെന്തിനാണ് എന്നെല്ലാം വിശദീകരിക്കണോ?

വേണ്ട!എന്നാൽ ഞാൻ പറയാം. ഞാൻ പൊന്നുപോലെ വളർത്തിയ എന്റെ മകളെ നിനക്ക് വിവാഹം കഴിപ്പിച്ചു തന്നത് നിന്റെ വീട്ടിലെ ജോലികൾ ചെയ്യാനോ നിന്റെ അമ്മയെ ശുശ്രൂഷിക്കാനോ അല്ലെങ്കിൽ നിന്റെ വികാരം ശമിപ്പിക്കാനോ അല്ല?

പിന്നെ എന്തിനാ!എന്ന് അനൂപിന് ചോദിക്കണം എന്ന് തോന്നി. പക്ഷേ അയാൾ കലിപ്പിൽ ആണെന്ന് തോന്നിയപ്പോൾ അവൻ നിശബ്ദനായി.

നിനക്ക് ഒരു പങ്കാളിയെ ആവശ്യമെന്ന് തോന്നിയപ്പോൾ നീ എന്റെ മകളെ ആവശ്യപ്പെട്ടു വന്നു. അതുപോലെ എന്റെ മകൾക്കും ഒരു പങ്കാളിയെ ആവശ്യമാണെന്ന് തോന്നിയപ്പോൾ നീ അതിനു യോഗ്യനെന്നു വിശ്വസിച്ചു നിനക്ക് അവളെ തന്നു. അവൾക്കു ധരിക്കാൻ ആവശ്യത്തിനുള്ള ആഭരണങ്ങളും അവൾക്കു ഉപയോഗിക്കാൻ ആവശ്യമായ വീട്ടുപകരണങ്ങളും നൽകി മാന്യമായി ആണ് ഞാൻ അവളെ ഇങ്ങോട്ടു പറഞ്ഞയച്ചത്? ഇപ്പോൾ അവളുടെ കോലം കണ്ടോ? അവളുടെ ശരീരത്തിൽ ഞാൻ നൽകിയ ഒരു തരി പൊന്നു പോലും അവശേഷിക്കുന്നില്ല?അതെവിടെ പോയി എന്ന് ഞാൻ ചോദിക്കുന്നില്ല? പക്ഷേ അടുത്ത തവണ ഞാൻ ലീവിന് വരുമ്പോൾ അതവളുടെ ശരീരത്തിൽ കാണണം? പിന്നെ അടുക്കള ജോലികൾ മുഴുവൻ അവളുടെ ഉത്തരവാദിത്തം ആണെന്ന് കരുതരുത്? അത് കഴിയു ന്നത് പോലെ അമ്മയും നീയും കൂടി സഹായിച്ചു ഒത്തൊരുമയോടെ ചെയ്യണം?

ഞാൻ ജോലിക്ക് പോയി പണം സമ്പാദിച്ചു കൊണ്ടു വരുമ്പോൾ വീട്ടിലെ ജോലികൾ ചെയ്യേണ്ടത് അവളുടെ കടമയല്ലേ?.

ആര് പറഞ്ഞു, നിന്റെ കുഞ്ഞിനെ പ്രസവിക്കാനും നിന്റെ വീട്ടു ജോലികൾ ചെയ്യാനും ആണ് നീ വിവാഹം കഴിച്ചതെന്ന കാഴ്ചപ്പാട് ആണ് നിന്റെ മനസ്സിൽ എങ്കിൽ അവളെ ഞാൻ ഇനി ഇവിടെ നിറുത്തില്ല? ഇവളുടെ വിദ്യാഭ്യാസ യോഗ്യത എത്രയെന്നു നിനക്ക് നിശ്ചയം ഉണ്ടോ? അവൾക്കു ആവശ്യത്തിന് വിദ്യാഭ്യാസം ഞാൻ നൽകിയിട്ടുണ്ട്? അതിനു അനുസരിച്ചുള്ള ജോലിക്ക് നീ അവളെ വിട്ടേക്ക്? പശുവിനെയും കോഴിയെയും ആടിനെയും നോക്കാൻ നീ വേറെ ആളെ നോക്ക്? ഇതു എല്ലാവരോടും കൂടി ആണ് പറയുന്നത്? ഞാൻ അടുത്ത തവണ വരുമ്പോൾ എന്റെ മകൾ ഇതുപോലെ ആയിരിക്കരുത്?വാസുദേവന്റെ ഉഗ്ര ശാസന കേട്ട് എല്ലാവരും നിശബ്ദരായി.

ശാരിയുടെ കണ്ണുകൾ നിറഞ്ഞു.

അച്ഛാ!

അയാൾ മകളെ തന്റെ നെഞ്ചോടു ചേർത്തു നിറുത്തി.

മോള് പേടിക്കണ്ട!അച്ഛൻ ഉള്ളിടത്തോളം കാലം എന്റെ മകൾ ഒരു രാജകുമാരി ആയി തന്നെ ജീവിക്കണം. നിന്നെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യാതിടത്തു ഒരു നിമിഷം പോലും നിൽക്കരുത്? ജീവിതകാലം മുഴുവൻ അടിമപ്പണി ചെയ്തു ജീവിക്കാൻ ഉള്ളതല്ല നിന്റെ ജീവിതം. അതു നീ മനസിലാക്കുക. മറ്റുള്ളവരുടെ കാര്യസാധ്യത്തിനായി അവർ കാണിക്കുന്ന കപടസ്നേഹം മോള് തിരിച്ചറിയണം. ഇനി എപ്പോഴും എന്റെ കണ്ണും കാതുകളും നിനക്ക് നേരെ ഉണ്ടാകും. നീ ധൈര്യമായി ഇരിക്ക്?

ഇതുപോലെ ഒരു അച്ഛന്റെ മകളായി പിറക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യം. ശാരി അച്ഛനോട് കൂടുതൽ പറ്റിച്ചേർന്നു നിന്നു.