അഹം – രചന: NKR മട്ടന്നൂർ
ചേച്ചീ…മുറ്റത്ത് നിന്നും ആരോ വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഉമ്മറത്ത് പോയി. അപ്പുറത്തെ വീട്ടിലെ സുജാത. എനിക്ക് അവരോട് ദേഷ്യം തോന്നി.
തൊഴു കൈയോടെ കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്നു. ആ മുഖത്തേക്ക് നോക്കി
പുച്ഛത്താലൊന്നു ചിറി കോട്ടിയിട്ടു ഞാന്‍ അകത്തേക്ക് പോയി. അമ്മയോട് വിളിച്ചു പറഞ്ഞു. ദാ അപ്പുറത്തെ വീട്ടിലെ ആ തള്ള വന്നിട്ടുണ്ട്..
.പണം കടം വാങ്ങാനാവാനാ കൂടുതല്‍ സാധ്യത. വല്ല പത്തോ നൂറോ കൊടുത്താല്‍ മതി. തിരിച്ചു കിട്ടാനൊന്നും പോണില്ല ഒരിക്കലും…
ഡാ പതുക്കെ…അമ്മ ഉമ്മറത്തേക്ക് പോയി…ഞാന്‍ ടൗണിലേക്ക് പോവാനായ് വേഷം മാറ്റുവാന്‍ മുറിയിലേക്കും. കുറച്ചു കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ അമ്മ കയ്യില്‍ ചുരുട്ടി പിടിച്ചു എന്തോ കൊണ്ടു പോവുന്നത് കണ്ടു. എത്രയാ കൊടുക്കുന്നേ…?
ഞാന്‍ വിളിച്ചുചോദിച്ചെങ്കിലും അമ്മ അതു കേള്‍ക്കാത്ത ഭാവത്തില്‍ പുറത്തേക്ക് പോയി. സുജാത പൊയ്ക്കോളൂന്നും പറഞ്ഞ് അമ്മ അകത്തേക്ക് കയറി വന്നു. എത്രയാ ദാനം ചെയ്തേ…? അമ്മ മുഖം തരാതെ പറഞ്ഞു. അയ്യായിരം…
ഞാന്‍ ഞെട്ടിപ്പോയി. ങ്ഹേ…അയ്യായിരം രൂപാ ആ സ്ത്രീക്ക് അമ്മ വെറുതേ കൊടുത്തോ…? ആരാ പറഞ്ഞേ വെറുതേ ആണെന്ന്…? അതു തല്‍ക്കാലത്തേക്ക് വായ്പയായ് കൊടുത്തതാ. ഈ പണം തീര്‍ച്ചയായും തിരിച്ചു തരുമെന്നും ചേച്ചിക്ക് നൂറു പുണ്യം കിട്ടുമെന്നും പറഞ്ഞു സുജാത.
പാവം കേട്ടപ്പോള്‍ സങ്കടം തോന്നി. അതിന്‍റെ കൊച്ചിന് പ്രസവ വേദന വന്നു സര്‍ക്കാരാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കയാ…ഓപ്പറേഷന്‍ വേണ്ടിവരുംന്നും പറഞ്ഞതിനാല്‍ ഡോക്ടറെ വീട്ടില്‍ ചെന്നു കണ്ടു പണം കൊടുക്കണം പോലും…പാവം രാവിലെ തന്നെ അതിനാ കേറി വന്നത്. ആ പെണ്‍കൊച്ചിനെ കെട്ടിയവന്‍ ഏഴാം മാസം വീട്ടീ കൊണ്ടു വിട്ടതാ. പിന്നെ തിരിഞ്ഞു നോക്കിയില്ലാന്ന്…
വേണം അങ്ങനെ തന്നെ വേണം അതിന്ന്…ഏതോ ഒരു ഓട്ടോക്കാരന്‍റെ കൂടെ ചാടി പോയതല്ലേ…അനുഭവിക്കണം തള്ളേം മോളും കൂടി…ഞാന്‍ ഗര്‍വ്വോടെ പറഞ്ഞു.
പോട്ടെടാ സാരമില്ലാ…ഒരു ഗര്‍ഭിണിയുടെ കാര്യമല്ലേ….? അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി. ഞാന്‍ ഉമ്മറത്ത് ചെല്ലുമ്പോള്‍ ആ തള്ള നേര്യതിന്‍റെ തുമ്പു കൊണ്ട് കണ്ണും തുടച്ച് പടിയിറങ്ങി പോവണതു കണ്ടു. വരാന്തയില്‍ അമ്മ കൊടുത്ത പണം അതേ പോലെ ചുരുട്ടി വെച്ചിട്ടുണ്ട്.
അമ്മേ…ഞാന്‍ വിളിക്കണതു കേട്ടപ്പോള്‍ അമ്മ ഓടി വന്നു. ആ പണം കണ്ടപ്പോള്‍ അമ്മയുടെ മുഖം വിളറി വെളുത്തു. ഡാ…നീ പറഞ്ഞതെല്ലാം ആ പാവം കേട്ടുകാണും….അതാ വച്ചിട്ട് പോയത്. ഇതിത്തിരി കടന്നകൈ ആയിപോയി. നിന്‍റച്ഛന്‍ സമ്പാദിച്ചു വെച്ചതു കൊണ്ടാ നിനക്കു പണത്തിന്‍റെ വിലയറിയാത്തത്. പക്ഷേ ആരേയും പണം നോക്കി വിലയിടരുത് ട്ടോ…കാരണം ആരേയാ…എപ്പോഴാ ഉപകരിക്കുക…എന്നു മാത്രം പറയാന്‍ പറ്റില്ല.
അമ്മയ്ക്ക് സങ്കടായീന്ന് തോന്നുന്നു. ആ പണവുമായ് അമ്മ അകത്തേക്ക് പോയി. ഞാന്‍ ടൗണിലേക്കും…പ്രത്യേകിച്ചും ആവശ്യങ്ങളൊന്നുമില്ല. ഒരു പുതിയ സിനിമ ഇറങ്ങിയിട്ടുണ്ട്. അതൊന്നു കാണണണം. പിന്നെ ഉച്ചയ്ക്കു വന്ന് ഉണ്ണണം. കിടന്നുറങ്ങണം…വൈകിട്ട് ടൗണില്‍ പോയി ഇന്നത്തെ റും വാടകകള്‍ വാങ്ങണം. ടൗണില്‍ പത്തു മുറി കടകളുണ്ട് സ്വന്തമായിട്ട്. ഓരോന്നിനും ദിവസം ആയിരം രൂപ വെച്ച് പതിനായിരം രൂപ ദിവസ വരുമാനമുണ്ട്. അതുകൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കുന്നു.
എല്ലാം അച്ഛനായിട്ട് പണി കഴിപ്പിച്ചതാ. പാവം…പക്ഷേ ഒന്നും അനുഭവിക്കാന്‍ യോഗമുണ്ടായില്ല. കടയുടെ മേലേന്ന് തലകറങ്ങി താഴെ റോഡില്‍ വീണു. രണ്ടു ദിവസം കിടന്നു…പിന്നെ പോയി. നല്ലോണം അധ്വാനിക്കുമായിരുന്നു അച്ഛന്‍. പക്ഷേ എല്ലാം അനുഭവിക്കുവാനുള്ള യോഗം ഈ മകനാണെന്നു മാത്രം.
നല്ല വസ്ത്രങ്ങള്‍ നോക്കി പരമാവധി വില പേശി വാങ്ങിയും നല്ല ഭക്ഷണം കഴിച്ചും ജീവിതം ആസ്വദിക്കുന്നു. ആ സുജാതയുടെ മകള്‍ വീണയ്ക്ക് ഒരെല്ലു കൂടുതലാ…അഹങ്കാരിപ്പെണ്ണ്…ഞങ്ങള്‍ ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. എനിക്കു മൂന്നുവയസ്സിനിളയതാ അവള്‍. അവളായിരുന്നു ആ സ്കൂളിലെ മിടുക്കിയായ കുട്ടി..
എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്ക് വാങ്ങിയാ പെണ്ണ് ജയിച്ചുപോന്നത്. അതൊക്കെ കാണുമ്പോള്‍ എനിക്കതിനോട് ഇച്ചിരി അസൂയ തോന്നിയിരുന്നു. അവളെന്നെ വലുതായ് ശ്രദ്ധിക്കാതെയാ എന്നും പോയിരുന്നത്.
കൂലിപണിക്കാരന്‍റെ മകള്‍ക്ക് ഇത്ര അഹങ്കാരം പാടില്ലെന്നോര്‍ത്ത് ഞാനതിനെ കിട്ടുന്നിടത്തുന്നെല്ലാം കൊച്ചാക്കാനും ശ്രമിക്കുമായിരുന്നു. പെണ്ണ് പക്ഷേ എന്‍റെ മുന്നില്‍ വരാതെ ഏതോ വഴിയിലൂടെ ഒഴിഞ്ഞു മാറി പോയി തുടങ്ങിയതോടെ ഞാനതിനെ വിട്ടു. അല്ലെങ്കിലും കാല്‍ കാശിനു കൊള്ളാത്ത അതിനെയൊക്കെ ആര്‍ക്കു വേണം.
കോളജ് പഠനം കഴിഞ്ഞതും വീണ ആരുടേയോ കൂടെ ചാടി പോയെന്നൊരു വാര്‍ത്ത കേട്ടു. അമ്മ പറഞ്ഞതാ…ഏതോ പയ്യനെ പ്രണയിച്ച്, അതിന്‍റെ കുടെ പോയി രജിസ്ട്രര്‍ വിവാഹം കഴിഞ്ഞെന്ന്. അതിനു മുന്നേ അവളുടെ അച്ഛനും മരിച്ചിരുന്നു. അയാള്‍ മരിക്കുന്നതിന്‍റെ തലേന്ന് രാത്രി അസുഖം കൂടുതലാണെന്നും പറഞ്ഞ് ആശുപത്രിയിലേക്ക് പോകാന്‍ വണ്ടിയുമായ് വരുമോന്നും ചോദിച്ചു ആ വീണ വന്നിരുന്നു ഈ മുറ്റത്ത്.
ഞാനതിനോട് പോയി വല്ല ഓട്ടോയും നോക്കാന്‍ പറഞ്ഞു, പാതി രാത്രിയില്‍ തന്നെ ഇറക്കി വിട്ടു. അമ്മ ഉണര്‍ന്നു ആരാണെന്ന് ചോദിച്ചതാ ഞാനെന്തോ കള്ളം പറഞ്ഞ് അമ്മയെ തിരിച്ചയച്ചു. കുറേ കഴിഞ്ഞപ്പോള്‍ കരച്ചില്‍ കേട്ടു ആ വീട്ടീന്ന്. വാതില്‍ തുറന്നു നോക്കി…ആരൊക്കെയോ ആ വീട്ടിലേക്ക് കയറി പോവുന്നത് കണ്ടു.
കിളവന്‍ ചത്തു കാണും. മതി അതെല്ലാം പോവുന്നത് തന്നെയാ നല്ലത്. ഒരു മാസത്തിലധികമായ് അങ്ങനെ കിടക്കുന്നതാ…രാവിലെ ഉണര്‍ന്നു വണ്ടിയെടുത്ത് വീട്ടീന്നിറങ്ങി. രണ്ടു ദിവസം കഴിഞ്ഞേ പിന്നെ വീട്ടിലേക്ക് വന്നുള്ളൂ.
ആ വീട്ടിലേക്ക് നോക്കാറേ ഇല്ല സത്യത്തിൽ. ആ…എന്തായാലും ആ വീട്ടുകാരേക്കൊണ്ട് എനിക്കും അമ്മയ്ക്കും യാതൊരാവശ്യവുമില്ല. പിന്നേം പിന്നേം അങ്ങോട്ടു വാങ്ങിക്കൊണ്ടു പോവും എന്നെല്ലാതെ ഞാനും അമ്മയും ഒരാവശ്യവുമായ് ഇതുവരേ, ആ വീട്ടുമുറ്റത്തേക്ക് പോയിട്ടില്ല. ഇനിയൊട്ടു പോവാനും പോണില്ല…മതി ഇനി ഒന്നും ചോദിച്ചു വരില്ലല്ലോ…? അങ്ങനെ ആശ്വാസം കണ്ടെത്തി.
ദിവസങ്ങള്‍ ഓടി മറഞ്ഞു. കല്യാണപ്രായമായെന് അമ്മ എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ട്…പക്ഷേ മനസ്സിനിഷ്ടമായൊരാളെ ഇതുവരേ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വയസ്സ് ഇരുപത്തിയേഴാവുന്നു. വരട്ടെ നോക്കാം…അങ്ങനെ ഓരോ മോഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇടയിലൂടെ, നാളുകള്‍ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…
പലപ്പോഴും രാവിലെ പോവുമ്പോള്‍ കാണാം വീണയേയും കുഞ്ഞിനേയും…അവള്‍ അതിനെ ഒക്കെത്തെടുത്ത് വച്ച് പറമ്പിലൂടെ കാക്ക, പൂച്ച എന്നൊക്കെ പറഞ്ഞ് ഊട്ടുകയാവും. പലപ്പോഴും ആ കാഴ്ച കാണുമ്പോള്‍ ഞാന്‍ നിന്നു നോക്കാറുണ്ട്…ദാവണിയൊക്കെ ചുറ്റി നീണ്ട മുടി അഴിച്ചിട്ട് നല്ല സുന്ദരിയായിട്ടുണ്ട് പെണ്ണ്. ഓ…എന്തുണ്ടായിട്ടും എന്താ എന്‍റത്രേം പണമില്ലല്ലോന്നോര്‍ത്ത് പലപ്പോഴും ആശ്വസിക്കേണ്ടി വന്നു എനിക്ക്.
അപ്പോഴും മനസ്സ് പറഞ്ഞത് ഹോ…അവള്‍ക്കിത്രേം സൗന്ദര്യമുണ്ടായിരുന്നോ…? എങ്കിലും ഏതോ ഊരും പേരുമില്ലാത്ത ഒരു ഓട്ടോക്കാരന്‍റെ കൊച്ചിനേം നോക്കി ഇനിയുള്ള കാലം കഴിയണം. അങ്ങനെയുള്ളതിനെന്തിനാ ഇത്രേം സൗന്ദര്യം. ചിന്തകള്‍ കാടുകയറാന്‍ വിടാതെ ഞാനെന്‍റെ ലോകത്തേക്ക് തിരികേ വന്നു.
എന്നും അവളെ ഞാന്‍ കാണുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും അവളെന്‍റെ മുഖത്തേക്ക് നോക്കിയിരുന്നില്ല. ഓ…അതിനെ ആര്‍ക്കു വേണം. അങ്ങനെ ആശ്വസിച്ചു.
ആയിടയ്ക്ക് അമ്മയൊന്ന് വഴുതി വീണു. ആശുപത്രിയില്‍ എങ്ങനേയോ എത്തിച്ചു. കാലിന്‍റെ എല്ലിനു പൊട്ടലുണ്ട്. പ്രായമായതിനാല്‍ ഓപ്പറേഷനിലൂടെ സ്റ്റീല്‍ കമ്പി ഇടേണ്ടിയും വന്നു…അമ്മ പറഞ്ഞത് എന്‍റെ സ്വഭാവം കാരണമാ ആരും ഞങ്ങളുടെ വീട്ടിലേക്ക് വരാത്തതെന്നായിരുന്നു.
അതു ശരിയായിരുന്നു. ഞങ്ങളുടത്രേം പണമില്ലാത്തവരായിരുന്നു ബന്ധുക്കളിലധികവും. എല്ലാവരും വരുന്നത് അമ്മയുടെ കയ്യിലുള്ള പണത്തിന്‍റെ പങ്കു പറ്റാനാണെന്നും പറഞ്ഞ് ഞാനെല്ലാത്തിനേയും ഓടിച്ചു. പിന്നേയാ ആരും ആ വഴിയേ വരാതായത്. അതു കാരണം ഇത്തവണ ഞാന്‍ ശരിക്കും കുടുങ്ങി…
ഭക്ഷണ കാര്യത്തിലും പിന്നെ….അമ്മയുടെ കാര്യങ്ങള്‍ നോക്കാനാവാത്തതിനാലും…ബന്ധുക്കളില്‍ പലരേയും പോയി കണ്ടെങ്കിലും ആരും എന്നോട് യാതൊരു ദയയും കാട്ടിയില്ല എന്നുമാത്രോല്ലാ…കിട്ടിയ അവസരത്തില്‍ നന്നായി രണ്ടു വാക്ക് പറയുകേം ചെയ്തു.
പലരും എന്നെ ‘അഹങ്കാരീന്നാ’ വിളിച്ചത്. അതും പലരും കേള്‍ക്കുന്നുമുണ്ടായിരുന്നു. ഒന്നിലും ഞാന്‍ തളര്‍ന്നില്ല. ഒരും ഹോം നേഴ്സിനെ കൊണ്ടുവരാനായ് അതിന്‍റെ ഓഫീസുമായ് ബന്ധപ്പെട്ടു. പതിനയ്യായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരേയാ മാസ ശമ്പളം ചോദിച്ചത് മിക്ക ഏജന്‍സികളും. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇരുപതിനായിരം രൂപാ തോതില്‍ സമ്മതിക്കേണ്ടി വന്നു.
മൂന്നു മാസത്തേക്ക് മതിയല്ലോ…അപ്പോഴേക്കും അമ്മ എഴുന്നേറ്റ് നടക്കുമെന്നും ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. അമ്മയുടെ കാര്യം മാത്രാ നോക്കേണ്ടതുള്ളൂ എന്നു എഴുതി ഒപ്പിട്ടു കൊടുക്കേണ്ടതായും വന്നു. ആ വന്നു കേറിയ ആ ഹോം നേഴ്സിനാണേല്‍ മുടിഞ്ഞ അഹങ്കാരവും…ഒന്നും അങ്ങോട്ട് പറയാന്‍ പാടില്ല.
അവളുടെ ഇഷ്ടം പോലെയാ അമ്മയുടെ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്. അമ്മ അതില്‍ പരാതിയൊന്നും പറയാത്തതിനാല്‍ ഞാനും മൗനം പാലിച്ചു. എന്‍റെ കാര്യമാ കഷ്ടത്തിലായത്…വീട്ടീന്നാണേല്‍ ഭക്ഷണവും കിട്ടുന്നില്ല ഒരു സ്വാതന്ത്ര്യവുമില്ല. അവളകത്തുള്ളപ്പോള്‍ അതിനകത്തൂടെ നടക്കാനൊന്നും പാടില്ല പോലും.
ഈ ശല്യത്തെ മൂന്നു മാസമല്ലേ സഹിക്കേണ്ടതുള്ളൂ എന്നാശ്വസിക്കാന്‍ ശ്രമിച്ചു. പലതും പഠിച്ചു…ഹോട്ടല്‍ ഭക്ഷണം കഴിച്ചു വയറും ചീത്തയായി…ശരീരവും ക്ഷീണിച്ചു. ഒരു മാസം കഴിയുമ്പോഴേക്കും അമ്മ അടിച്ചും തുടച്ചും വൃത്തിയോടെ സൂക്ഷിച്ചിരുന്ന വീട് ആള്‍ത്താമസമില്ലാത്ത വീടു പോലെയായി.
ആ ഹോം നേഴ്സാണേല്‍ അവളുടെ തരികിട പണി കഴിഞ്ഞാല്‍ ബാക്കി നേരം മുഴുവന്‍ ഫോണില്‍ കളിച്ചോണ്ടിരിക്കും. അതൊക്കെ കാണുമ്പോള്‍ ശരിക്കും കലി കേറുമെങ്കിലും അമ്മയൊന്ന് ശരിയാവാതെ എങ്ങനേയാ പ്രതികരിക്കുക. അവള്‍ ഇട്ടേച്ച് പോയാല്‍ പിന്നേം കുഴയുന്നത് ഞാന തന്നെയാണല്ലോ…
അവൾ പറയുകാ…പ്രായമായ തന്തയേയും തള്ളയേയും ഉപേക്ഷിക്കുന്നത് ഇപ്പോഴൊരു പാഷനായ് മാറിയതു കൊണ്ട് എനിക്കൊരു പേടീം ഇല്ലാന്ന്…ഇവിടല്ലേല്‍ മറ്റൊരിടത്ത് ഞങ്ങള്‍ക്കെപ്പോഴും ജോലി കാത്തിരിക്കുന്നുണ്ടാവും…
അങ്ങനെ രാവിലെ വീട്ടീന്നിറങ്ങിയാല്‍ രാത്രി ഉറങ്ങാനായ് വന്നു കേറുന്നൊരു താവളം പോലെയായി എനിക്കെന്‍റെ വീട്. രണ്ടു മാസം മുന്നേ ഞാനൊരു രാജാവിനേ പോലെ ജീവിച്ചതാ. ഇപ്പോള്‍ ഒരു തെണ്ടിയേ പോലായി…പണത്തിനൊരു പഞ്ഞവുമില്ല…പക്ഷേ ജീവിതത്തിലെ സുഖമെല്ലാം എവിടേയാ പോയൊളിച്ചതു പോലെ….
അതിനും മാത്രം എന്താ സംഭവിച്ചത്…? എല്ലായിടത്തും എന്തിനും ഏതിനും ഓടിയെത്താറുള്ള അമ്മ കിടന്നു പോയി…പകരമൊരാളെ വീട്ടിലേക്ക് കൊണ്ടു വന്നു. അതോടെ ഞാന്‍ പുറത്തായി. രണ്ടും പെണ്ണു തന്നെ…അതിലൊരാള്‍ എന്‍റെ അമ്മയാണ്…മറ്റേ ആള്‍ എവിടുന്നോ വന്നു കയറി നാളെ എവിടേക്കോ പോവേണ്ടൊരാള്‍.
അവള്‍ക്കു പണം കൊടുക്കണം. അവള്‍ പറയുന്നത് പോലെ ഞാന്‍ കേള്‍ക്കണം. വീടവള്‍ക്കു വിട്ടു കൊടുത്തിട്ടും ഒന്നുമവള്‍ ഈ വീട്ടിനായ് ചെയ്യുന്നില്ല…അമ്മയ്ക്കോ ഒരു രൂപ കൊടുക്കാതെ ഈ വീടൊരു സ്വര്‍ഗ്ഗം പോലെ കാത്തു സൂക്ഷിച്ചു. എന്നെയൊരു രാജകുമാരനേ പോലെ പരിപാലിച്ചു. ഒന്നിനും ഒരു പരാതിയും പറയേണ്ടി വന്നിട്ടില്ല. എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്നുണ്ടായിരുന്നു. മുറപോലെ…
ഒന്നും കാണാതിരുന്നതും മനസ്സിലാക്കാതിരുന്നതും ഞാനായിരുന്നു. അമ്മയുടെ പേരിലാ ടൗണിലെ കടമുറികള്‍ ഇപ്പോഴും ഉള്ളത്. വാടക വാങ്ങേണ്ടതും അമ്മയാണ്. അവരുടെ മരണം വരെ അതിന്‍റെ അവകാശം അച്ഛനവരുടെ പേരിലെഴുതി വച്ചിട്ടുണ്ട്. പക്ഷേ പതിനെട്ടു വയസ്സു മുതല്‍ ഞാനായിരുന്നു ആ പണം വാങ്ങിയിരുന്നത്.
ഒരു രൂപയുടെ കണക്ക് ഇന്നുവരേ അമ്മ എന്നോട് ചോദിച്ചിട്ടില്ല…ഞാന്‍ എന്തെങ്കിലും വാങ്ങാനായ് കൊടുക്കുന്നതിന്ന് പിശുക്കി മാറ്റി വെച്ചതാ ആരേലും വന്നു സങ്കടം പറയുമ്പോള്‍ എടുത്തു കൊടുക്കുന്നത്.
രാവിലെ ഉണര്‍ന്നു ഉമ്മറത്ത് വന്നപ്പോള്‍ മുറ്റത്തെ പുല്ലെല്ലാം പിഴുത് മുറ്റം പഴയതു പോലെയാക്കിയിരിക്കുന്നു. ഇന്നലെ രാവിലെ ഇറങ്ങി പോവുമ്പോള്‍ മുറ്റം നിറയേ പുല്ല് നിറഞ്ഞിരുന്നു. വീടിന്‍റെ അകവും പഴയതു പോലെ വൃത്തിയാക്കിയിട്ടുണ്ട്. അത്ഭുതത്തോടെ ഞാന്‍ അമ്മയുടെ മുറിയില്‍ പോയി നോക്കി.
നേഴ്സ് ഫോണില്‍ തോണ്ടിക്കൊണ്ടിരിക്കുന്നു. അമ്മ കിടന്നിടത്തു തന്നെയുണ്ട്. ഉറക്കമാണെന്ന് തോന്നുന്നു. പോയി കുളിച്ചിട്ടു വരുമ്പോള്‍ ഊണ്‍ മേശയില്‍ പാത്രങ്ങള്‍ മൂടി വച്ചിട്ടുണ്ട്. തുറന്നു നോക്കിയപ്പോള്‍ പുട്ടും കടലക്കറിയും ചായയും.
അമ്മേ….ഞാന്‍ വിളിച്ചപ്പോള്‍, ആ നേഴ്സിറങ്ങി വന്നു. അമ്മ ഉറങ്ങുകയാ…അത് നിങ്ങള്‍ക്കുള്ളത് തന്നെയാ കഴിച്ചോന്നും പറഞ്ഞവള്‍ അകത്തേക്ക് പോയി. ആരാവും ഇതു ചെയ്തെന്നോര്‍ത്തപ്പോള്‍ ഒരുത്തരവും കിട്ടിയില്ല. നല്ല രുചിയുണ്ട്, എല്ലാത്തിനും…കൊതിയോടെ കഴിച്ചു.
അങ്ങനെ ആ ഹോം നേഴ്സിന്‍റെ കാലാവധി കഴിയാറായി. പറഞ്ഞ പണം അമ്മയുടെ കയ്യില്‍ ഇന്നലേയേ ഏല്‍പിച്ചിരുന്നു. പോവട്ടെ നാശം. അമ്മയ്ക്ക് കാലിനിത്തിരി നീരുണ്ട്, ചെറുതായ് നടന്നു തുടങ്ങണം എന്നും പറഞ്ഞിട്ടുണ്ട് ഡോക്ടര്‍. ഒരു ഊന്നു വടി കൊണ്ടു കൊടുത്തിരുന്നു ഇന്നലെ…
ഇപ്പോള്‍ നാലു ദിവസമായ് വീട്ടീന്നാ ഭക്ഷണം കഴിക്കുന്നത്. പകല്‍ കുളിച്ചിട്ടു വരുമ്പോഴേക്കും മേശമേല്‍ എല്ലാം ശരിയാക്കി വച്ചിട്ടുണ്ടാവും. ഉച്ചയ്ക്ക് വീട്ടിലേക്ക് പോവാറില്ല…രാത്രിക്കുള്ളത് പാത്രത്തിലടച്ചു വെച്ചിട്ടുണ്ടാവും…നല്ല രുചിയുള്ള ഭക്ഷണം. പക്ഷേ അതിന് അമ്മയുടെ കൈപുണ്യമല്ല…ആരാണത് പാകം ചെയ്യുന്നതെന്ന് ചോദിച്ചിട്ട് അമ്മയൊട്ടു പറയുന്നതുമില്ല…
അന്നു രാത്രി വീട്ടിലെത്തിയപ്പോള്‍ പതിവില്ലാതെ ഉമ്മറത്ത് അമ്മയിരിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു ഞാനും സഹായിച്ചു. ഊന്നു വടിയുടെ സഹായത്താല്‍ അമ്മ പതിയെ അകത്തേക്ക് നടന്നു. അവള്‍ കാലാവധി തികച്ച് പോയി. അത്താഴം വിളമ്പി മേശമേല്‍ അടച്ചു വെച്ചിട്ടുണ്ട്. ഞാന്‍ കിടക്കുവാന്നും പറഞ്ഞ് മുറിയിലേക്ക് പോയി.
ഇനിയും എത്ര നാള്‍ വേണ്ടിവരും അമ്മയുടെ കാലൊന്നു ശരിയാവാന്‍ എന്നോര്‍ത്തപ്പോള്‍ തലയ്ക്കത്ത് പെരുപ്പു കയറി. രാവിലെ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടു കൊണ്ടാണുണര്‍ന്നത്. അടുക്കളയില്‍ നിന്നായിരുന്നു ആ ശബ്ദങ്ങള്‍…
ചെന്നു നോക്കുമ്പോള്‍ വീണ തേങ്ങ ചിരവുകയായിരുന്നു. അവളെന്നെ കണ്ടെങ്കിലും കാണാത്ത ഭാവത്തില്‍ അറിയാത്ത ഭാവത്തില്‍ ആ പണി തുടര്‍ന്നു. നല്ല വസ്ത്രങ്ങളാ ധരിച്ചിരിക്കുന്നത്. പിന്നേയും സുന്ദരിയായതു പോലെ. കവിളിലെ ആ കാക്കപുള്ള് നല്ല പോലെ ചന്തം പകരുന്നു ആ മുഖത്തിന്. കണ്ണില്‍ നല്ലപോലെ മഷിയിട്ടപ്പോള്‍ ആ പഴയ വീണയേ അല്ലാന്ന് തോന്നി.
ആ അവഗണന തുടര്‍ന്നപ്പോള്‍, ഞാന്‍ വേഗം അവിടുന്ന് മടങ്ങി. അമ്മ ആരോടോ സംസാരിക്കുന്നത് കേട്ടു അങ്ങോട്ട് പോയി. അമ്മയുടെ മടിയില്‍ അതാ ഒരു മാലാഖ പോലൊരു പെണ്‍കുട്ടി. അത് വീണയുടെ കുഞ്ഞല്ലേ എന്നോര്‍ത്തു…അവളിത്ര വേഗം വളര്‍ന്നോ…? പെണ്ണെന്നെ കണ്ടപ്പോള്‍ അമ്മയുടെ പിറകിലൊളിച്ചു. അമ്മ ഒരു വരണ്ട ചിരി തന്നു, പിന്നേയും അവളോട് കിന്നാരം പറയാന്‍ തുടങ്ങി. നിരാശയോടെ ഉമ്മറത്ത് പോയ പത്രം വായിക്കാനിരുന്നു.
ഞാനിവിടെ അന്യനായതു പോലെ തോന്നി. അവരെല്ലാം വീട്ടുകാരും ഞാന്‍ പുറത്തുന്ന് വന്നൊരാളും എന്നപോലെ…ഒന്നിലും മനസ്സ് ഉറച്ചു നില്‍ക്കുന്നില്ല. കഴിഞ്ഞു പോയ അടുത്ത കുറച്ചു കാലം മനസ്സിലൂടെ ഓടിപ്പോയി…പണമുണ്ടായിരുന്നു കയ്യിലൊരുപാട്. അതുകൊണ്ട് ആരേയും പേടിക്കേണ്ടായിരുന്നു.
കൊതിച്ചതെല്ലാം നേടാനും കഴിയുമായിരുന്നു. അപ്പോഴൊക്കെ എന്തും വന്ന് ഗര്‍വ്വോടെ അമ്മയോട് പറയുമായിരുന്നു. എല്ലാം കേള്‍ക്കാനും ആശ്വസിപ്പിക്കാനും അമ്മ എന്നും കൂടെയുണ്ടായിരുന്നു. ഇറങ്ങി പോവുമ്പോഴും കേറി വരുമ്പോഴും എന്തേലും ചോദിച്ചോ പറഞ്ഞോ ഉമ്മറത്ത് അമ്മയുണ്ടാവാറുണ്ട്.
ഇപ്പോള്‍ നാലു മാസത്തോളമായ് അമ്മ ആ പതിവു തെറ്റിച്ചിരിക്കുന്നു. ആരാണതിന് ഉത്തരവാദി…? ഒരു കപ്പില്‍ കാപ്പി അരികില്‍ കൊണ്ടു വച്ചിട്ട് വീണ ശബ്ദമുണ്ടാക്കാതെ നടന്ന് അകത്തേക്ക് തന്നെ കേറി പോയി. അവളുടെ ശബ്ദം ഒന്നു കേള്‍ക്കാന്‍ വെറുതേ കൊതിച്ചു. എന്തെങ്കിലും ഒരു വാക്ക് എന്നോടൊന്നു മിണ്ടിയെങ്കില്‍…
കാപ്പിക്കും നല്ല രുചിയുണ്ടായിരുന്നു. അത് ഊതിക്കുടിക്കുമ്പോള്‍ സ്വയം ഒരു നിന്ദ തോന്നി. ആ പോയവള്‍ക്കു മുന്നില്‍ ഞാനൊന്നുമല്ല. പിന്നെ…?
നാട്ടുകാരില്‍ ഒരാള്‍ പോലും എന്‍റെ മുഖത്തു നോക്കി ചിരിക്കാറില്ല, കുശലം ചോദിക്കാറില്ല…അതിനുംകാരണം ഞാന്‍ തന്നേയാ. അടുത്തു വരുന്നവരും കുശലം ചോദിക്കുന്നവരും കാശു കടം ചോദിക്കുമല്ലോ എന്നോര്‍ത്ത് ആരുടേയും മുഖത്ത് നോക്കാതെ റോഡിലൂടെ നടക്കാന്‍ പഠിച്ചു. പിന്നെ കാറു വാങ്ങിയപ്പോള്‍ യാത്ര അതിലാക്കി.
പിന്നെ ബന്ധുക്കളേയെല്ലാം വീട്ടിലേക്ക് മുന്നേ തന്നെ വരാതേയാക്കി. പിന്നെ ആകെയുള്ളത് അമ്മയുടെ കൂട്ടായിരുന്നു. എല്ലായിടത്തും തനിച്ചായിരുന്നു പോയ് വന്നിരുന്നത്. അമ്മയ്ക്ക് എവിടേക്കെങ്കിലും പോവാനാശയുണ്ടെന്നോ, കൂടെ വരുന്നോ എന്നു പോലും ചോദിച്ചിട്ടില്ല ഇത്രനാളും…
അമ്മയുടെ ഇഷ്ടാനിഷ്ടങ്ങളൊന്നും എനിക്കറിയില്ല. പക്ഷേ എന്‍റിഷ്ടങ്ങളെല്ലാം അമ്മയ്ക്കറിയാം താനും…
വല്ലാത്തൊരു വിഷമം തോന്നി…ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ പോലെ തോന്നി. അല്ല താന്‍ ഒറ്റയ്ക്കു തന്നേയാ…ഞാനായി പടുത്തുയര്‍ത്തിയൊരു ലോകം. അവിടെനിക്കു കൂട്ടിന് പണം മാത്രം മതിയായിരുന്നു. പക്ഷേ ഞാനിപ്പോള്‍ ആ ലോകത്തെ വെറുത്തു തുടങ്ങിയിരിക്കുന്നു. എനിക്കിപ്പോള്‍ എന്തിനോടൊക്കെയോ കൊതി തോന്നി തുടങ്ങിയിരിക്കുന്നു.
വീണയോട് ഒരുവട്ടം മനസ്സു തുറന്ന് എന്തെങ്കിലും സംസാരിക്കണം. അവള്‍ കൊതിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കണം. അവളുടെ മാലാഖ പോലുള്ള ആ കുഞ്ഞിനെ മടിയിലിരുത്തി ലാളിക്കാനും കൊഞ്ചിക്കാനും കൊതി തോന്നുന്നു. അമ്മയേയും, കൂടെ എല്ലാവരേയും കൂട്ടി ദൂരെ ദേശത്തെവിടേക്കെങ്കിലും ഒരു യാത്ര പോവണം.
പാട്ടു പാടി ആട്ടമാടി ചിരിച്ചു കളിച്ച് മനസ്സറിഞ്ഞ് സ്നേഹിക്കണം എല്ലാവരേയും…അവരുടേയെല്ലാം മോഹങ്ങള്‍ നടത്തിക്കൊടുക്കണം…സുജാത ചേച്ചിയുടെ കയ്യില്‍ ഒത്തിരി പണം വെച്ചു കൊടുക്കണം. അപ്പോള്‍ നിറഞ്ഞു വരുന്ന ആ മിഴികള്‍ ഒപ്പണം. ആ മനസ്സിന്‍റെ അനുഗ്രഹം വാങ്ങണം.
പണമടക്കാനില്ലാത്തതിനാല്‍ ഓപ്പറേഷന്‍ ടേബിളില്‍ കയറ്റാതെ മരണത്തിനും ജീവിതത്തിനും ഇടയില്‍ വേദനയാല്‍ പുളയുന്ന വീണയുടെ കൈകള്‍ പൊതിഞ്ഞു പിടിക്കണം. ഞാനുണ്ട് കൂടെ എന്നു പറഞ്ഞാശ്വസിപ്പിക്കണം…
ഒന്നിനും വയ്യാല്ലോ…അവരെല്ലാം ഒരുപാട് അകലേയാ…ആരുടെ അടുത്തേക്കും എനിക്കു പോവാനാവുന്നില്ല. സുജാത ചേച്ചിയുടെ കണ്ണീന്ന് മുറ്റത്തേക്ക് അടര്‍ന്നുവീണ നീര്‍ത്തുള്ളികളിലതാ തീ പടരുന്നു…വീണയും കരയുന്നുണ്ട്…അതും കത്തുകയാ…ആകെ പൊള്ളുന്നു ശരീരമാകെ തീ പടരുകയാ…കസേരയില്‍ നിന്നും ചാടിയെഴുന്നേറ്റു.
അമ്മേ…ഒരാര്‍ത്തനാദത്തോടെ…ശരീരം തളര്‍ന്നു കുഴഞ്ഞു വീണു.
ആരോ മൃദുവായ് നെറ്റിയില്‍ തലോടുന്നുണ്ട്. ഒരു കുഞ്ഞിളം കൈ എന്‍റെ വിരലുകളില്‍ മുറുകെ പിടിച്ചിട്ടുണ്ട്. ആരും കൊണ്ടു പോവാതിരിക്കാനാവും…പതിയെ മിഴികള്‍ തുറന്നു. ആരുടേയോ മടിയില്‍ തല വെച്ചു കിടക്കുകയായിരുന്നു.
ആളെ തിരിച്ചറിഞ്ഞപ്പോള്‍ ആ മടിത്തട്ടില്‍ അങ്ങനെ കിടന്നു മരിച്ചു പോയെങ്കിലും ഒരു സങ്കവും ബാക്കിയാവില്ലെന്ന് തോന്നി. കവിളിലേക്ക് ഒലിച്ചിറങ്ങിയ നീര്‍ത്തുള്ളികള്‍ ആ വിരലുകളാല്‍ തുടച്ചു…അമ്മ ഒരു നിഴല്‍ പോലെ വേച്ചു വേച്ച് അകന്നു പോവുന്നതു കണ്ടു.
മെല്ലെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശരീരത്തിന് നല്ല വേദന തോന്നി. വയ്യെങ്കില്‍ കിടന്നോളൂ ഇത്തിരി നേരം കൂടി…നല്ല സ്നേഹമുള്ള ശബ്ദം…ആ മാലാഖ കുഞ്ഞും എന്‍റെ അരികില്‍ മെല്ലെ ചേര്‍ന്നു കിടന്നു. ഞാനവളെ എന്നോട് ചേര്‍ത്തു പിടിച്ചു.
ഇവര്‍ക്കെല്ലാം എന്നോടിത്രേം സ്നേഹമുണ്ടായിരുന്നോ…? പിന്നേയും കരയുകയാ മനസ്സ്…
ഹരിയേട്ടാ…എന്തിനാ ഇത്രേം സങ്കടപ്പെടുന്നേ…? വീണയാ…ഒന്നും പറയാനായ് വാക്കുകള്‍ കിട്ടുന്നില്ലാ എനിക്ക്, ഞാന്‍ ആ മുഖത്തേക്ക് നോക്കി. എനിക്കെന്നും നിങ്ങളൊരു ഏട്ടനായിരുന്നു…പഴയതൊന്നും ഓര്‍ക്കേണ്ട ഇനി…ഇപ്പോള്‍ എനിക്കറിയാം ഹരിയേട്ടന്‍റെ മനസ്സ്. ആ പഴയ ഓര്‍മ്മകളെല്ലാം കളഞ്ഞ് എഴുന്നേല്‍ക്കണം ഇവിടുന്ന്. അകത്ത് പോയി കിടന്നോളൂ ക്ഷീണം തോന്നുന്നുവെങ്കില്‍.
അവളുടെ കയ്യില്‍ പിടിച്ചു അകത്തേക്ക് നടക്കുമ്പോള്‍ മനസ്സിന് വല്ലാത്തൊരാശ്വാസം തോന്നി. ഇന്നലെ വരേ തനിച്ചായിരുന്നു, ഇപ്പോള്‍ ആരൊക്കെയോ ഉണ്ടെന്നൊരു തോന്നല്‍. മനസ്സിന്‍റെ ഭാരമെല്ലാം പെയ്തൊഴിഞ്ഞതു പോലെ…
ഇനി കളങ്കമില്ലാത്ത മനസ്സോടെ ഞാനൊന്നുറങ്ങട്ടെ ഇത്തിരി നേരം..!