കൂട്ടുകാരിയുടെ ഓർമ്മകളിൽ – രചന: അബ്ദുൾ റഹീം പുത്തൻചിറ
കുറേനാളുകൾക്കു ശേഷമാണ് സാബിറ സ്വന്തം നാട്ടിലേക്ക് വരുന്നത്. ആരുടെയോ സഹായത്താൽ ഡോക്ട്ടറായി…
ആരാണ് തന്നെ ഇത്രനാളും സ്പോണ്സർ ചെയ്‌തെന്ന് അവൾക്ക് അറിയില്ല. അറിയുവാൻ ഒരുപാട് ആഗ്രഹിച്ചു. തനിക്കു സ്വപ്നം കാണാൻ പോലും കഴിയാത്ത ഉയരത്തിലാണ് താൻ ഇപ്പോൾ നിൽക്കുന്നത്.
ഒരു കൂലിപ്പണിക്കാരന്റെ മകൾക്ക് ഡോക്ട്ടറാവുക എന്നത് സ്വപ്നം മാത്രമാണ്. പക്ഷെ ഞാനിന്നു ഒരു ഡോക്ട്ടറാണ്. സ്വന്തം നാട്ടിൽ തന്നെ ഹോസ്പിറ്റലിലേക്ക് ക്ഷണം കിട്ടിയിരിക്കുന്നു. വാപ്പയുടെ നിർബന്ധമാണ് ഈ വരവ്.
ഏതെങ്കികും ഒരു ചെറിയ ആശുപത്രിയിൽ പാവങ്ങളെ ചികിൽസിക്കാനാണ് ആഗ്രഹം. കാരണം ആരുടെയോ ഔദാര്യത്തിൽ കിട്ടിയ ഈ പദവി പാവങ്ങൾക്ക് വേണ്ടി മാറ്റിവെക്കണം.
മോളെ നമുക്ക് ഒരു സ്ഥലം വരെ പോകണം…വാപ്പയുടെ വാക്കുകളാണ് ചിന്തയിൽ നിന്നും ഉണർത്തിയത്. ഒരു ചെറിയ ക്ലിനിക്കിന്റെ മുൻപിൽ വണ്ടി നിന്നു. ഇതെന്താ ഇവിടെ…? അവൾ വാപ്പയുടെ മുഖത്തു സംശയത്തോടെ നോക്കി.
ഇതു നമ്മുടെ എൽദോ മുതലാളിയുടെ ക്ലിനിക്കാണ്. ആരു നമ്മുടെ പിശുക്കൻ മുതലാളിയുടേയോ…? അവൾ അത്ഭുതം കൊണ്ടു. ആളിപ്പോൾ പലിശപ്പണി നിർത്തി ഇപ്പോൾ ആളുകളെ ജീവനോടെ കൊല്ലുകയാണോ…? അവൾ തമാശ മട്ടിൽ ചോദിച്ചു.
എന്തിനാ നമ്മൾ ഇവിടെ വന്നത്…അവൾ വാപ്പാടെ മുഖത്തേക്കു നോക്കി. ഇക്കയെന്താ ഇവിടെ…? ഒരാൾ വന്നു വാപ്പനോട് വിശേഷങ്ങൾ ചോദിച്ചു. മോള് അകത്തോട്ട് പൊയ്ക്കോ വാപ്പ വരാം…സാബിറ പതിയെ അകത്തേക്ക് നടന്നു.
ചെറിയ ക്ലിനിക്ക്…നല്ല വൃത്തിയുണ്ട്. അതിനോട് ചേർന്നു ഒരു മെഡിക്കൽ ഷോപ്പും. ഗ്രാമത്തിൽ ഒരു ക്ലിനിക്കുകൊണ്ട് എൽദോ മുതലാളി എന്താണാവോ ഉദേശിക്കുന്നത്. അവൾ മനസ്സിലോർത്തു. എന്തായാലും നല്ല കാര്യമാ…പെട്ടന്നൊരു ആവിശ്യം വന്നാൽ അടുത്തുള്ള ആശുപത്രി ഇരുപത് കിലോമീറ്റർ അകലെയാണ്.
റിസപ്ഷനിൽ ഇരിക്കുന്ന ആളെ കണ്ടു സാബിറ ഞെട്ടി. അദ്രു…അബ്ദുറഹ്മാൻ. അദ്രു സാബിറാനേം കണ്ടിരുന്നു. അവൻ അവളോട് ചിരിച്ചു…അവളും…എന്താണ് ഡോക്ടർ സാബിറ വിശേഷങ്ങൾ…സുഖമാണോ…?
അതെ…അദ്രു ഇവിടെ…
എന്താ അത്ഭുതം തോന്നുന്നുണ്ടോ…?
ഏയ് ഇല്ല…എൽദോ മുതലാളിയുടെ മകന്റെ കൂട്ടുകാരനെ ഇവിടെയും പ്രതീക്ഷിക്കാം…അവൾ പറഞ്ഞു. അദ്രു ചിരിച്ചു…വാ അകത്തോട്ടിരിക്കാം. ഒരു ചെറിയ ഹാളിലേക്ക് അദ്രു സാബിറാനെ ക്ഷണിച്ചു.
ഹാളിലെ ഭിത്തിയിൽ മാലയിട്ട് ചിരിക്കുന്ന ഒരു ചെറുക്കന്റെ മുഖം…മത്തായി…സാബിറ മന്ത്രിച്ചു. ഞാൻ ഇപ്പോൾ വരാം…അതും പറഞ്ഞു അദ്രു പുറത്തേക്ക് പോയി. മത്തായി അവളോട് ചിരിക്കുന്ന പോലെ തോന്നി…അവളുടെ കണ്ണുകൾ നനഞ്ഞു…
എപ്പോഴും ചിരിച്ചു കൊണ്ടല്ലാതെ മത്തായിയെ കാണാൻ കഴിയില്ല…എല്ലാവരോടും ഒരുപാട് സ്നേഹം…എൽദോ മുതലാളിയിടെ മകനാണെന്നു പറയില്ല…ആര് എന്തു ചോദിച്ചാലും കൊടുക്കും…വീട്ടിലുള്ള മാങ്ങയും പുളിയും ചാമ്പക്കയും എല്ലാം ക്ലാസ്സിൽ കൊണ്ടുവരും…
എന്നോട് ഒരു പ്രത്യേക സ്നേഹമായിരുന്നു…പക്ഷെ ഒരിക്കലും പറഞ്ഞിട്ടില്ല…എന്നാലും ഇനിക്ക് അറിയാമായിരുന്നു…ഞാൻ അറിയാതെ എന്നും എന്റെ ബാഗിൽ ചെമ്പകം വെയ്ക്കുമായിരുന്നു…ഒരു ചെമ്പകത്തിന്റെ മണം ആ റൂമിൽ അവൾക്കു അനുഭവപ്പെട്ടു. അവളുടെ കണ്ണുകൾ നിറഞ്ഞു.
— — — —-
ടാ മത്തായി ഇന്നു എന്തേലും നടക്കോ. കുറേ നാളായി നീ ചെമ്പകം കൊണ്ട് നടക്കാൻ തുടങ്ങീട്ട്…ഇന്ന് മത്തായി നടത്തിരിക്കും നീ നോക്കിക്കോ…ഉവ്വ കുറേനാളായി ഇതു കേൾക്കാൻ തുടങ്ങിയിട്ട്…
സിജോ എന്ന മത്തായിയും, അദ്രു എന്നു വിളിക്കുന്ന അബ്ദുറഹ്മാനും കൂട്ടുകാരാണ്. ഇരുവരും അയൽവക്കവും ഒന്നാം ക്ളാസ് മുതൽ ഒരുമിച്ചു പടിക്കുന്നവരുമാണ്. മത്തായിയുടെ അപ്പൻ എൽദോ നാട്ടിലെ പ്രമാണിയും പൈസക്കാരനുമാണ്. അറുപിശുക്കനും…പൈസ പലിശക്ക് കൊടുക്കലാണ് പരിപാടി.
ഒരേ ക്ലാസ്സിൽ പഠിക്കുന്ന സാബിറാനെ മത്തായിക്കു ഒരുപാട് ഇഷ്ടമാണ്. അതു പറയാനാണ് മത്തായിയും അദ്രുവും കാത്തു നിൽക്കുന്നത്. മത്തായിക്കു അതിനുള്ള ധൈര്യമില്ല. ടാ അവൾ വരുന്നുണ്ട് വേഗം പോയി പറ…അതും പറഞ്ഞു അദ്രു മത്തായിയെ അവളുടെ മുന്നിലേക്ക് തള്ളിയിട്ടു.
സാബിറാടെ മുന്നിൽ ചെന്നു നിന്ന മത്തായി ഒരു നിമിഷം പകച്ചു. എന്താ മത്തായി വേണ്ടേ…കുറേ നാളായല്ലോ ഇങ്ങനെ വന്നു മുന്നിൽ ചാടുന്നെ…എന്നെ പേടിപ്പിക്കാനാണോ…?
ഏയ് അല്ല…ഒരു കാര്യം അറിയാനാ…എന്താ…? അതേയ് വലുതാകുമ്പോ സാബിറാക്കു ആരാകാനാ ഇഷ്ട്ടം…? പെട്ടന്നു മനസിൽ തോന്നിയ കാര്യം മത്തായി ചോദിച്ചു. ഇനിക്കു നേഴ്സ് ആയാൽ മതി.
അതെന്താ…നഴ്സാകുന്നേ ഡോക്ടർ ആയിക്കൂടെ അതല്ലേ നല്ലത്…?
അതിനു എന്റെ വാപ്പാടേൽ അതികം പൈസയില്ല. ഡോക്ടറോക്കെ ആകാൻ ഒരുപാട് പൈസ വേണം. നേഴ്സ് ആകാൻ അത്രയും പൈസ വേണ്ടാന്നു എന്റെ താത്ത പറഞ്ഞേ..സാബിറ അവളുടെ നിഷ്കളങ്കമായ ഭാഷയിൽ പറഞ്ഞു.
മത്തായിക്കു ആരാകാനാ ഇഷ്ട്ടം…? ഏയ് ഇനിക്കു അങ്ങനെ ആഗ്രഹമൊന്നുമില്ല. പക്ഷേ ഇപ്പൊ ഒരു ആഗ്രഹം. അതെന്താ…?ഒരു നഴ്‌സിനെ കല്യാണം കഴിക്കാണോന്നു…അതിനെന്താ മത്തായിക്കു ആരെ വേണേലും കല്യാണം കഴിക്കാലോ…മത്തായിയുടെ അപ്പന്റെ കയ്യിൽ ഒരുപാട് പൈസ ഉള്ളതല്ലേ. അതും പറഞ്ഞു സാബിറ ക്ലാസ്സിലേക്ക് പോയി.
ഇവരുടെ സംസാരം മറഞ്ഞു കേട്ട അദ്രു മത്തായുടെ തോളത്തു കയ്യിട്ടു ചോദിച്ചു. നിനക്കു നഴ്‌സിനെ തന്നെ കെട്ടണം അല്ലേ…അദ്രു കളിയാക്കി ചോദിച്ചു. നഴ്‌സായ സാബിറ ആയാലും മതി…മത്തായി ചിരിച്ചുകൊണ്ട് പറഞ്ഞു. നിനക്കു ആരാകാന ഇഷ്ട്ടം…മത്തായി അദ്രുനെ നോക്കി. ഇനിക്കു നിന്റെ വീട്ടിലെ ജോലിക്കാരൻ ആയാൽ മതി…അദ്രു ചിരിയോടെ പറഞ്ഞു.
മത്തായിയുടെ പറമ്പിന്റെ പിന്നിലാണ് അദ്രുന്റെ വീട്. അതുകൊണ്ട് അദ്രു എപ്പോഴും മത്തായിയുടെ വീട്ടിൽ തന്നെ ആയിരിക്കും. അതുമാത്രമല്ല അദ്രുന്റെ ഉമ്മാക്ക് മത്തായിയുടെ വീട്ടിലെ പറമ്പിൽ തന്നെയാണ് പണി. അദ്രുന്റെ വാപ്പ ചെറുപ്പത്തിലേ മരിച്ചു.
ഒഴിവു ദിവസങ്ങളിൽ മത്തായിയുടെ പറമ്പിലെ ചാമ്പയ്ക്ക പറിച്ചും മാവിൽ കല്ലെറിഞ്ഞും മീൻ പിടിച്ചും അവർ സമയം കണ്ടത്തും. മത്തായിയുടെ അപ്പൻ അറുപിശുക്കൻ ആണെങ്കിലും അമ്മ മേരി എല്ലാവർക്കും സഹായി ആയിരുന്നു. ആ സ്വഭാവമാണ് മത്തായിക്കു കിട്ടിയിരിക്കുന്നത്.
മത്തായിക്കു ഒരേ ഒരു ആഗ്രഹമാണ് ഉണ്ടായിരുന്നത് സാബിറാനെ കല്യാണം കഴിക്കണം.അതു എപ്പോഴും മത്തായി പറഞ്ഞു കൊണ്ടിരിക്കും. മത്തായിയുടെ എന്തു ആഗ്രഹത്തിനും അദ്രു കൂടെയുണ്ട്. കാരണം മത്തായി സ്നേഹമുള്ളവനാണ്. സ്നേഹിക്കുന്നവർക് ഹൃദയം പോലും കൊടുക്കും. അതു നന്നായി അദ്രുന് അറിയാം.
പക്ഷേ ആ ഒരു ദിവസത്തിൽ എല്ലാം മാറി മറിഞ്ഞു. അങ്ങാടിയിൽ പോയി സിനിമ കണ്ടുവന്ന വഴി മത്തായിയുടെ സൈക്കിളിന്റെ പിറകിൽ ഒരു ലോറി വന്നു ഇടിച്ചു. ചോരയിൽ കുളിച്ചു കിടന്ന അവനെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ല. വിവരം അറിഞ്ഞു എൽദോ മുതലാളി എത്തുമ്പോഴേക്കും ചെറിയ ജീവനെ അവശേഷിച്ചുള്ളൂ…
അകലെയുള്ള ആശുപത്രിയിൽ എത്തിക്കാനും സമയം പിന്നെയുമെടുത്തു. കുറച്ചു മുൻപേ എത്തിച്ചിരുന്നെങ്കിൽ നമുക്ക് നോക്കാമായിരുന്നു…ഡോക്ടറുടെ വാക്കുകൾ എൽദോ മുതലാളിക്ക് താങ്ങാനായില്ല. എത്ര പൈസ വേണേലും തരാം…എന്റെ മകനെ മാത്രം ഇനിക്കു തിരിച്ചു തന്നാൽ മതി…എൽദോ മുതലാളി കരഞ്ഞുകൊണ്ട് ഡോക്ടറുടെ കാലിൽ വീണു.
ഡോക്ടർ ഒന്നും മിണ്ടാതെ തല കുമ്പിട്ടു. പൈസക്കു വിലയില്ലാന്നു എൽദോ മുതലാളിക്ക് തോന്നിയ നിമിഷങ്ങൾ. ആരെങ്കിലും ഒരാൾക്കു കേറി കാണാം…അതും പറഞ്ഞു ഡോക്ടർ പോയി.
അപ്പാ…മത്തായി പതിയെ വിളിച്ചു. അപ്പാ ഇനിക്കു ഒരു ആഗ്രഹമുണ്ട്…മത്തായിയുടെ ചുണ്ടുകൾ മന്ത്രിച്ചു. എൽദോ മത്തായിയുടെ ചുണ്ടിനോട് മുഖം ചേർത്തു.
മത്തായിയുടെ അവസാന വാക്കുകൾ എൽദോ മുതലാളിയുടെ ജീവിതം തന്നെ മാറ്റി. പൈസ മാത്രമല്ല ജീവിതം എന്ന തിരിച്ചറിവ്. മത്തായിയുടെ അവസാന ആഗ്രഹവും എൽദോ മുതലാളി നിറവേറ്റി. ആ ആഗ്രഹത്തിൽ പെട്ടതാണ് സാബിറ എന്ന ഡോക്ട്ടറും…
ആവശ്യത്തിന് ചികിത്സയോ പൈസയോ ഇല്ലാതെ ഒരാളും ആ നാട്ടിൽ മരിക്കരുതെന്ന് എൽദോ മുതലാളിക്ക് നിർബന്ധമാണ്. അതുകൊണ്ടാണ് സ്വന്തം മകന്റെ പേരിലുള്ള ആശുപത്രി തുടങ്ങിയതും…
അദ്രുവിൽ നിന്നും വിവരങ്ങൾ അറിഞ്ഞ സാബിറ ഇപ്പോൾ അവിടത്തെ ഡോക്ടറാണ്. മത്തായിയുടെ ഫോട്ടോയുടെ മുൻപിൽ ഇപ്പോൾ എന്നും ചെമ്പകം ഉണ്ടാകും…ഒരു കൂട്ടുകാരിയുടെ ഓർമ്മക്കായ്…