മണിക്കൂറുകൾക്ക് അപ്പുറം, ഒരു പോലീസ് ജീപ്പ് തങ്ങളുടെ വീട്ടുമുറ്റത്തേക്ക് വന്നു നിൽക്കുന്നത് കണ്ടുകൊണ്ടാണ് അമ്മ പുറത്തേക്ക് വരുന്നത്…

പാപ ജാതകം

രചന : അപ്പു

::::::::::::::::::::::::

” എന്നാലും എന്റെ മോനു ഈ ഗതി വന്നല്ലോ എന്നോർക്കുമ്പോൾ ആണ് സങ്കടം.. “

താടിക്ക് കൈ കൊടുത്ത് ഇരുന്നു കൊണ്ട് അമ്മായിയമ്മ പറയുന്നതു കേട്ട് ആര്യയുടെ ഹൃദയം പൊട്ടിച്ചിതറി. അവൾ അപ്പുറത്തേക്ക് മാറി നിൽക്കുന്ന ഭർത്താവിനെ ഒന്ന് നോക്കി. തന്നോടുള്ള പുച്ഛം ആ മുഖത്ത് ഉണ്ടെന്ന് അവൾ അറിഞ്ഞു.

” ഇനി നീ എന്ത് ആട്ടം കാണാനാടീ ഇവിടെ കടിച്ചു തൂങ്ങി നിൽക്കുന്നത്..? ഒന്ന് ഒഴിവായി തന്നൂടെ അവന്റെ ജീവിതത്തിൽ നിന്ന്…? “

അവർ ആക്രോശിച്ചത് കേട്ട് അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി. അവൾ കണ്ണീരോടെ തന്റെ മുറിയിലേക്ക് പോയി.

“ഹ്മ്മ്.. മൂ ദേവി.. അന്നേ ഞാൻ നിന്നോട് പറഞ്ഞതാ ഇതിനെ ഇങ്ങോട്ട് കെട്ടിയെടുക്കണ്ട എന്ന്.. അപ്പോ നീ കേട്ടില്ല.. ഇനി അനുഭവിക്ക്..”

അവർ മകനെ കുറ്റപ്പെടുത്തി.

“അമ്മ ഇത് എന്തറിഞ്ഞിട്ടാ..? ചക്കയൊന്നും അല്ലല്ലോ ചൂഴ്ന്ന് നോക്കാൻ.. ഇത് യാതൊരു ഗുണവും ഇല്ലാത്ത കായ ആണെന്ന് അറിയാൻ വൈകി..”

അയാൾ അസഹ്യതയോടെ പറഞ്ഞു.

” മ്മ്..ഇനി എന്തായാലും വച്ചു താമസിപ്പിക്കണ്ട… എത്രയും വേഗം അവളെ വീട്ടിൽ കൊണ്ട് വിടണം.. അവളെ ഒഴിവാക്കാൻ ഉള്ള മാർഗങ്ങൾ നോക്കണം.. ഇനി എന്റെ മരുമകൾ ആയി അവൾ ഇവിടെ വേണ്ട.. “

ഒരു തീരുമാനം പോലെ പറഞ്ഞിട്ട് ഭവാനിയമ്മ തന്റെ മുറിയിലേക്ക് നടന്നു. ഡോക്ടറിൽ നിന്ന് അറിഞ്ഞ കാര്യവും തന്റെ അമ്മയുടെ സംസാരവും ഒക്കെ കൊണ്ട് അയാൾക്ക് ഭ്രാ ന്ത്‌ പിടിക്കുന്നത് പോലെ തോന്നി. അയാൾ കലി തുള്ളി തന്റെ മുറിയിലേക്ക് നടന്നു.

പുറത്ത് നടന്ന സംസാരങ്ങൾ ഒക്കെ കേട്ട് കണ്ണീർ വാർക്കുകയായിരുന്നു അപ്പോൾ അവൾ..!

ആ നേരത്ത് ആണ് അവൻ മുറിയിലേക്ക് കടന്ന് വന്നത്.

“ഓഹ്… കെട്ടിലമ്മ ഇവിടെ വന്നു റസ്റ്റ്‌ എടുക്കുകയാണോ..? നിന്നോട് പറഞ്ഞതല്ലേടി ഇവിടെ നിന്ന് ഇറങ്ങി തരാൻ..? എന്നിട്ട് വന്നു കിടക്കുന്നോ..? നാണം ഇല്ലല്ലോ..? “

അവളെ കണ്ടതോടെ അവൻ ആക്രോശിച്ചു.

“നന്ദേട്ടാ… ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ..? “

അവൾ കണ്ണീരോടെ ചോദിച്ചു.

“ഓഹോ.. അപ്പോ നീ തെറ്റൊന്നും ചെയ്തില്ലെന്ന് ആണോ പറഞ്ഞു വരുന്നത്..? നിന്റെ ജാതകത്തിൽ ദോഷം ഉണ്ടെന്ന് മറച്ചു വച്ചിട്ടല്ലേ കല്യാണം നടത്തിയത്..?”

അയാൾ രോഷത്തോടെ ചോദിക്കുന്നത് കൊണ്ട് അവൾ പുച്ഛത്തോടെ ചിരിച്ചു.

“നിങ്ങളുടെ നെഞ്ചിൽ തൊട്ട് ഒരിക്കൽ കൂടി നിങ്ങൾക്ക് പറയാൻ കഴിയുമോ ചേട്ടാ..? നിങ്ങൾ എന്നെ വിവാഹം ആലോചിച്ച് വന്ന ദിവസം തന്നെ നിങ്ങളോട് ഞാൻ ആ കാര്യം തുറന്നു പറഞ്ഞതാണ്..എന്നിട്ടും നിങ്ങൾ ഇപ്പോൾ അത് മാറ്റി പറയുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ നിലനിൽപ്പിനെ കുറിച്ച് ഓർത്ത് മാത്രമാണ് എന്ന് എനിക്കറിയാം..”

അവൾ പറഞ്ഞത് കേട്ട് അവൻ പുച്ഛത്തോടെ ചിരിച്ചു.

“അങ്ങനെ ആണെങ്കിൽ തന്നെ നിനക്കെന്താ നഷ്ടം..? നീ ഇപ്പോൾ എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകേണ്ടത് എന്റെ ആവശ്യം തന്നെയാണ്.. അതിന് ഞാൻ പല അടവുകളും പയറ്റി എന്നിരിക്കും.. ഇനിയും ഇതൊന്നും കേൾക്കാനും കാണാനും സഹിക്കാനും വയ്യെങ്കിൽ ഇവിടെ നിന്ന് ഇറങ്ങി പോണം.. വെറുതെ കടിച്ചുതൂങ്ങി മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ഇങ്ങനെ നിൽക്കരുത്..”

അവൻ പരിഹാസത്തോടെ പറഞ്ഞത് കേട്ട് അവൾക്ക് വല്ലാത്ത വേദന തോന്നി.

“ഞാൻ എവിടേക്ക് പോകാനാണ് നന്ദേട്ടാ..? എനിക്ക് കയറിച്ചെല്ലാൻ ഒരു വീടില്ല എന്നറിയാവുന്നതുകൊണ്ട് അല്ലേ നിങ്ങൾ ഇങ്ങനെ…”

അത്രയും പറഞ്ഞപ്പോഴേക്കും അവൾ വിങ്ങി പൊട്ടി പോയി.

” ഒന്നും ഒന്നും ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും ഇവിടേക്ക് കയറി വരുമ്പോൾ നീ ആലോചിച്ചില്ലേ ഇങ്ങനെ ഒരു അവസ്ഥ നിനക്ക് വരുമെന്ന്..? എന്നും റാണിയായി വാഴാം എന്നാണോ കരുതിയത്..? “

അയാൾ പരിഹാസത്തോടെ ചോദിക്കുന്നത് കേട്ട് അവൾക്ക് തൊലി ഉരിയുന്നത് പോലെയാണ് തോന്നിയത്.

” നിങ്ങൾ സൗകര്യപൂർവ്വം മറന്നു പോയ ഒരു കാര്യമുണ്ട്. നിങ്ങളെ ഇഷ്ടമാണ്..വിവാഹം ചെയ്യണമെന്ന് പറഞ്ഞു ഞാൻ നിങ്ങളുടെ പിന്നാലെ വന്നിട്ടില്ല..പകരം ഒരു നൂറ് സ്ഥലത്ത് പെണ്ണ് കണ്ട് ഒന്നും ശരിയാകാതെ നിങ്ങൾ എന്റെ വീട്ടിലേക്ക് വന്നതാണ്.. സ്ത്രീധനമായി ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞു എന്റെ വീട് വാതിൽക്കൽ നിങ്ങളുടെ അമ്മയെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്..”

അവൾ അതേ നാണയത്തിൽ തിരിച്ചടിച്ചു.

” അത് അന്നത്തെ കാര്യമല്ലേ..?ഇപ്പോൾ സാഹചര്യം പാടെ മാറി.. “

അവൻ അവളെ പരിഹസിച്ചു.

” സാഹചര്യം മാറിയിട്ടുണ്ടെന്ന് എനിക്കറിയാം.. എന്നെ വിവാഹം കഴിക്കുന്ന കാലത്ത് നിങ്ങൾ ഒരു കൂലിപ്പണിക്കാരൻ ആയിരുന്നു.. ഇപ്പോൾ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനായി.. അതുകൊണ്ട് ഞാൻ നിങ്ങൾക്ക് ഒരു അപമാനം ആയിരിക്കും.. “

അവൾ വേദനയോടെ പറഞ്ഞു.

” അപ്പോൾ ഞാൻ വിചാരിച്ച അത്രയും മണ്ടി അല്ല..നിനക്ക് ബോധം ഉണ്ട്.. “

അയാളുടെ വാക്കുകൾ കേട്ട് അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി.

” എന്തായാലും നീ ഇവിടെ നിന്ന് ഇറങ്ങി തന്നേ പറ്റൂ.. എന്നിട്ട് വേണം എനിക്ക് മറ്റൊരു ജീവിതത്തെ കുറിച്ച് ആലോചിക്കാൻ..”

അവൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു.

” നിങ്ങൾ അതിനുള്ള ആളിനെയും നേരത്തെ തന്നെ കണ്ടുപിടിച്ചു വച്ചിട്ടുണ്ട് എന്ന് എനിക്കറിയാം.. എന്നിട്ടും ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു മുന്നോട്ടുപോയത് എന്റെ ജീവിതം ആയതുകൊണ്ടാണ്.. “

അവൾ പറഞ്ഞത് കേട്ട് അയാൾ പൊട്ടിച്ചിരിച്ചു.

” നീ അങ്ങനെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി പോയിട്ടും പ്രത്യേകിച്ച് നേട്ടമൊന്നുമില്ലല്ലോ..”

അത്രയും പറഞ്ഞു ചിരിച്ചുകൊണ്ട് അയാൾ ബാത്റൂമിലേക്ക് കയറിപ്പോയി. ഒരു നിമിഷം ആ പോക്ക് നോക്കി നിന്നിട്ട് അവൾ തന്റെ ജീവിതത്തെ കുറിച്ച് ആലോചിച്ചു.

ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്, നന്ദന്റെ ആലോചന അവളെ തേടിയെത്തുന്നത്.കാണാൻ തെറ്റില്ലാത്ത ഒരു ചെറുപ്പക്കാരൻ. മറ്റ് ബാധ്യതകൾ ഒന്നും ഇല്ല. ആകെ പറയാനുള്ള ഒരു പോരായ്മ കൂലിപ്പണിക്കാരനാണ് എന്നുള്ളതാണ്. അവളുടെ അച്ഛനും ഒരു കൂലിപ്പണിക്കാരൻ ആയതുകൊണ്ട് തന്നെ അദ്ദേഹം ആ ബന്ധത്തെ എതിർത്തില്ല.

വിവാഹം നടത്താൻ തീരുമാനിച്ചു. സ്ത്രീധനമായി ഒന്നും തരണ്ട പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞു അയാളുടെ അമ്മ വന്നിരുന്നു. എന്നിട്ടും തങ്ങളെക്കൊണ്ട് കഴിയുന്നത്രയും തന്നാണ് അച്ഛനും അമ്മയും അവളെ ഈ വീട്ടിലേക്ക് അയച്ചത്. ആദ്യമൊക്കെ വളരെ സ്നേഹത്തോടെ തന്നെ ആയിരുന്നു ആ ബന്ധം മുന്നോട്ടു പോയത്.

പക്ഷേ കുറച്ച് ദിവസങ്ങൾക്കപ്പുറം അയാൾക്ക് ഒരു ഗവൺമെന്റ് ജോലി കിട്ടിയതോടെ അവളുടെ ജീവിത സാഹചര്യം മാറി. അവളെന്ന മരുമകൾ ഒരു പോരായ്മയായി അമ്മായി അമ്മയ്ക്കും, അവൾ എന്ന് ഭാര്യ ഒരു തോൽവിയായി അയാൾക്കും തോന്നി തുടങ്ങി.

അതിന്റെ പേരിൽ വീട്ടിൽ ചില കശപിശകൾ ഉണ്ടാവുകയും ചെയ്തു. അയാളുടെ ഓഫീസിലേക്ക് പുതിയതായി വന്ന പ്യൂൺ ആണ് അവരുടെ ജീവിതത്തിൽ വേറെ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത്. വിവാഹമോചനം നേടിയ ഒരു സ്ത്രീയായിരുന്നു പുതുതായി വന്ന പ്യൂൺ. കാണാൻ സുന്ദരി ആയിരുന്നു.

നന്ദന് അവളിൽ ഒരു ആകർഷണം തോന്നി.തിരികെ അവൾക്കും അതെ താല്പര്യമുണ്ട് എന്ന് അറിഞ്ഞതുകൊണ്ട്, ആര്യ അയാൾക്ക് ഒരു ബാധ്യതയായി. മകന്റെ മനസ്സറിഞ്ഞത് പോലെയായിരുന്നു അമ്മയുടെ പെരുമാറ്റം.

ഓരോ ദിവസവും അമ്മയ്ക്ക് ഓരോ അസുഖങ്ങൾ വന്നു. എല്ലാ രാത്രികളിലും അവളുടെ കിടപ്പ് അമ്മയ്ക്കൊപ്പം ആയി. അത് അയാൾക്ക് കൂടുതൽ സൗകര്യമായി.

കുറച്ച് ദിവസങ്ങളായി കുട്ടികളില്ല എന്നപേരിൽ കുറ്റപ്പെടുത്തലുകൾ പലവഴിക്കും കേൾക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തോളമായി. അതുകൊണ്ടുതന്നെ കുട്ടികൾ ഇല്ലാത്തത് ഒരു പോരായ്മയാണ് എന്നാണ് അമ്മായി അമ്മയും ഭർത്താവും പറയുന്നത്. പക്ഷേ കഴിഞ്ഞ ഒരു വർഷക്കാലമായി ഭർത്താവും ഭാര്യയും ഒന്നിച്ച് ഒരു മുറിയിൽ കഴിഞ്ഞിട്ടില്ല എന്നുള്ളത് ബോധപൂർവ്വം അവർ വിസ്മരിച്ചു.

അമ്മയുടെ നിർബന്ധം മൂലമാണ് ഇന്ന് ആശുപത്രിയിൽ ഡോക്ടറെ കാണാൻ പോയത്. തങ്ങൾ ചെല്ലാൻ കാത്തിരുന്നതുപോലെ ഡോക്ടർ ഓരോ ടെസ്റ്റുകൾ പറഞ്ഞു. എല്ലാത്തിന്റെയും റിസൾട്ട് അവൾക്ക് അമ്മയാകാൻ കഴിയില്ല എന്നുള്ളത് ആയിരുന്നു.

അതിന്റെ ബാക്കി പത്രം ആയിരുന്നു വീട്ടിൽ നടന്ന ബഹളം.

ഇപ്പോൾ താൻ ഈ വീട്ടിൽ നിന്ന് ഒഴിഞ്ഞു പോകേണ്ടതാണ് അവരുടെ ഏറ്റവും വലിയ ആവശ്യം. തന്റെ ശല്യം ഒഴിവാക്കിയിട്ട് വേണം അവർക്ക് പുതിയ മരുമകളെ കൊണ്ടുവരാൻ. താൻ വെറും കറിവേപ്പില ആണെന്ന് അവൾക്ക് തോന്നി..

അവൾ എന്തൊക്കെയോ ചിന്തിച്ചു ഉറപ്പിച്ചു. തന്റെതായ സാധനങ്ങൾ മാത്രം ഒരു ബാഗിലാക്കി അവൾ ഒരുക്കിവച്ചു. അയാൾ ബാത്റൂമിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ കാണുന്നത് ബാഗ് ഒരുക്കുന്ന ആര്യയെ ആണ്.

“അപ്പോൾ നീ പോകാൻ തന്നെ തീരുമാനിച്ചു.. മിടുക്കി..”

അയാൾ പുച്ഛത്തോടെ പറഞ്ഞു.അവൾ വെറുതെ ചിരിച്ചു. പിന്നെ ബെഡിൽ ഒരു വശത്തേക്ക് കയറി കിടന്നു. അവൾ എന്തുകൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല എന്ന് അയാൾ ചിന്തിച്ചു.എങ്കിലും കൂടുതലൊന്നും ചോദിക്കാൻ മെനക്കേട്ടില്ല.

പിറ്റേന്ന് രാവിലെ ഒരുക്കിവെച്ച ബാഗുമായി അവൾ വീടിന്റെ പടി കടക്കുമ്പോൾ പുച്ഛം നിറഞ്ഞ ചിരിയുമായി അമ്മായി അമ്മയും ഭർത്താവും വീടിന്റെ ഉമ്മറത്ത് ഉണ്ടായിരുന്നു. അവൾ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. ഗാർഹിക പീ ഡനം, സ്ത്രീധന പീ ഡനം..ഒക്കെ കൂടി ചേർത്ത് അവളൊരു കംപ്ലൈന്റ് ഫയൽ ചെയ്തു..

മണിക്കൂറുകൾക്ക് അപ്പുറം, ഒരു പോലീസ് ജീപ്പ് തങ്ങളുടെ വീട്ടുമുറ്റത്തേക്ക് വന്നു നിൽക്കുന്നത് കണ്ടുകൊണ്ടാണ് അമ്മ പുറത്തേക്ക് വരുന്നത്. ആ സമയത്ത് ഓഫീസിൽ പോകാൻ റെഡി ആയി മകനും പുറത്തേക്ക് എത്തി.

” രണ്ടുപേരും ഇവിടെ തന്നെ ഉണ്ടായിരുന്നോ..? “

പുച്ഛത്തോടെ എസ്ഐ ചോദിച്ചത് കേട്ട് ഇരുവരുടെയും കണ്ണ് മിഴിഞ്ഞു.

” സാറെന്താ അങ്ങനെ ചോദിക്കുന്നത്..? ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ നിന്ന് എവിടെ പോകാനാണ്..? “

നന്ദൻ ആണ് മറുപടി പറഞ്ഞത്.

“ഇനി എന്തായാലും കുറച്ചുകാലം നമുക്ക് ജയിലിൽ പോയി റസ്റ്റ് എടുക്കാം..”

അയാൾ പറഞ്ഞത് മനസിലാകാതെ ഇരുവരും പരിഭ്രാന്തിയോടെ പരസ്പരം നോക്കി.

“കൂടുതൽ ആലോചിച്ച് ബുദ്ധിമുട്ടണ്ട. നിങ്ങളുടെ ഭാര്യ ആര്യ, ഞങ്ങൾക്ക് ഒരു കംപ്ലൈന്റ് തന്നിട്ടുണ്ട്. സ്ത്രീധനപീഡനം ആരോപിച്ചുകൊണ്ട്.. അവർ അവർക്ക് അനുകൂലമായ രീതിയിൽ കുറെ തെളിവുകളും ഞങ്ങളെ ഏൽപ്പിച്ചിട്ടുണ്ട്.. അതൊക്കെ സത്യമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്തു.. ആ സ്ഥിതിക്ക് നിങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി ചോദ്യം ചെയ്യേണ്ടത് ഞങ്ങളുടെ കടമ ആണല്ലോ.. അതുകൊണ്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ നേരെ ജീപ്പിലേക്ക് കയറിക്കോ..”

“സാറേ ഞങ്ങൾ…”

” കൂടുതൽ സംസാരം ഒന്നും വേണ്ട.. ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാൻ വേണ്ടി, കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന്റെ പേരിൽ നിങ്ങളുടെ ഡോക്ടറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്… “

എസ് ഐ കടുപ്പിച്ച് പറഞ്ഞതോടെ ഇരുവരും തലതാഴ്ത്തി.

“നിങ്ങളെപ്പോലെയുള്ള കുറെയെണ്ണം ആണ് നാടിന്റെ ശാപം.. കല്യാണം കഴിക്കാൻ നേരത്തെ സ്ത്രീധനം വേണ്ട പെണ്ണിനെ മാത്രം മതി എന്ന് പറയും.. കുറച്ചുനാൾ കഴിയുമ്പോൾ പെണ്ണ് പോരാ എന്ന് തോന്നുന്നു.. അതോടെ അവൾക്ക് ഇല്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല.. പിന്നെ സ്ത്രീധനത്തിന്റെ പേരിൽ കുറ്റപ്പെടുത്തൽ ആയി.. പലതരത്തിലുള്ള മർ ദ്ദനങ്ങൾ ആയി… ആ പെങ്കൊച്ചുങ്ങളുടെ ജീവിതം കൂടി നശിപ്പിക്കും.. എന്തായാലും ആര്യ ധൈര്യമുള്ള പെൺകുട്ടിയാണ്..അതുകൊണ്ടാണല്ലോ ഇത് നേരെ വന്ന് പോലീസ് സ്റ്റേഷനിൽ പറയാൻ തോന്നിയത്.. കൂടുതൽ സംസാരിച്ച് നിൽക്കാതെ വേഗം ജീപ്പിലേക്ക് കയറൂ..”

എസ് ഐ പറഞ്ഞതോടെ കോൺസ്റ്റബിൾമാർ അവരെ ഇരുവരെയും ബലമായി ജീപ്പിലേക്ക് കയറ്റി.

അന്വേഷണങ്ങൾക്കൊടുവിൽ ഇരുവരെയും ജയിലിലേക്ക് അയക്കുമ്പോൾ, അകലെ ഒരു ചെറിയ വീട്ടിൽ, അച്ഛന്റെയും അമ്മയുടെയും സ്നേഹവാത്സല്യങ്ങൾക്ക് നടുവിലായിരുന്നു ആ പെൺകുട്ടി…!!

✍️ അപ്പു