നോക്കുമ്പോൾ എന്തോ ആലോചനയോടെ ഇരിക്കുകയായിരുന്നു നാദിറ. ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു…

രചന: അബ്ദുൾ റഹീം പുത്തൻചിറ

::::::::::::::::::::

ഇതു അവളുടെ കഥയാണ് നാദിറയുടെ. സ്കൂൾ ഗ്രൂപ്പിൽ ഞാൻ എഴുതുന്ന കഥകൾ സ്ഥിരമായി വായിച്ചു കമന്റ് പറയുമായിരുന്നു അവൾ.  ഗ്രൂപ്പിൽ ആക്റ്റീവ് അല്ലങ്കിലും കഥകളും  കവിതകളും വായിച്ചു മുടങ്ങാതെ അഭിപ്രായം പറയാറുണ്ട്.

ഒരു ദിവസം വില്ലേജിൽ കരമടക്കാൻ ചെന്നപ്പോഴാണ് ഒരാൾ അടുത്ത് വന്നു ചോദിച്ചത്..

“ഡാ… അറിയോ…

മാസ്ക് വെച്ചത് കൊണ്ട് ആളെ മനസ്സിലായില്ല. പതിയെ മാസ്ക് മാറ്റിയപ്പോഴാണ് നാദിറയാണെന്ന്  അറിഞ്ഞത്… കയ്യിൽ അവളുടെ മകളുമുണ്ടായിരുന്നു. അന്നു കുറച്ചു നേരം ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അഞ്ചു മിനിറ്റിനുള്ളിൽ അഞ്ഞൂറ് വിശേഷങ്ങൾ അവൾ പങ്കുവെച്ചു. സ്കൂൾ കഴിഞ്ഞതിൽ പിന്നെ കണ്ടിട്ടുണ്ടായിരുന്നില്ല..

“എന്നെക്കുറിച്ചു നിനക്ക് കഥ എഴുതിക്കൂടെ” സംസാരത്തിനിടയിൽ അവൾ തമാശയായി ചോദിച്ചു”… ഞാൻ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല..കുറച്ചു നേരത്തിനു ശേഷം ഞങ്ങൾ പിരിഞ്ഞു.

മാസങ്ങൾക്ക് ശേഷം ഉമ്മാനേയും കൊണ്ട് ആശുപത്രിയിൽ പോയപ്പോഴാണ് വീണ്ടും അവളെ കാണുന്നത്. ആശുപത്രിയുടെ ഒരു മൂലയിൽ കുട്ടിയേയും കൊണ്ട് അവൾ ഇരിക്കുന്നു. മാസ്ക് മുഖത്തിന്റെ പകുതി മാത്രം വെച്ചത് കൊണ്ട് പെട്ടന്ന് ആളെ മനസ്സിലായി. മുഖത്തിന്‌ പഴയ പ്രകാശമില്ല. എന്നെ കണ്ടിട്ടും ചെറിയ പുഞ്ചിരി അല്ലാതെ ഒന്നും മിണ്ടിയില്ല. കുട്ടിക്ക് പനിയാണെന്നു മാത്രം പറഞ്ഞു. ഡോക്ടറെ കണ്ടു ഉമ്മാക്ക് കാല് വേദനക്ക് ചെറിയ ഉഴിച്ചിൽ ഉള്ളത്കൊണ്ട് ഞാൻ പുറത്തു വന്നിരുന്നു .

നോക്കുമ്പോൾ എന്തോ ആലോചനയോടെ ഇരിക്കുകയായിരുന്നു നാദിറ. ഞാൻ പതിയെ അവളുടെ അടുത്തേക്ക്  ചെന്നു.

“എന്തുപറ്റി…

എന്റെ ചോദ്യത്തിന് മുഖം തിരിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഒരു നിമിഷത്തെ നിശ്ശബ്ദധക്ക് ശേഷം അവൾ പറഞ്ഞു…

“ഞാൻ നിന്നോട് അന്നു പറഞ്ഞില്ലെ എന്നെ കുറിച്ചും ഒരു കഥ എഴുതാൻ…അന്നു എഴുതാൻ മാത്രം എന്റെ ജീവിതത്തിൽ ഒന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല.. പക്ഷെ ഇപ്പോൾ….” അതും പറഞ്ഞു അവൾ കണ്ണുകൾ തുടച്ചു.

“എന്റെ ഇക്ക എന്നെ ഒഴിവാക്കി പോയി…ഒരുപാട് സ്നേഹമായിരുന്നു എന്നോട്…പക്ഷെ കഴിഞ്ഞ ആഴ്ച ഡൈവോയ്സ് നോട്ടീസ് അയച്ചിരിക്കുന്നു.”.. അതും പറഞ്ഞു അവൾ പതിയെ കരഞ്ഞു…അവൾ അവളുടെ ജീവിതത്തിന്റെ വരികൾ തുറന്നു…

“ഇക്ക ദുബായിലായിരുന്നു… കുറച്ചു നാൾ മുൻപ്  ലീവിന് വന്നിരുന്നു…ആകെ ഒരു മാറ്റം… അധികം സംസാരമില്ല…. പഴയ ആളേ അല്ലായിരുന്നു… എന്നോടും മോളോടും മിണ്ടുന്നു പോലുമില്ല…ആദ്യമൊക്കെ ജോലിയിലുള്ള ടെൻഷൻ ആയിരിക്കുമെന്നാണ് ഞാൻ വിചാരിച്ചത്… ഇടക്ക് ഒരു ഫോൺ കാൾ വരും.. അതു വന്നു കഴിഞ്ഞാൽ സന്തോഷമാണ്… ഒരുപാട് നേരം ഫോണിൽ സംസാരിക്കുന്നത് കാണാം..നാട്ടിൽ വന്നു കഴിഞ്ഞാൽ ഇക്ക പറയുന്നത് പോലെയായിരുന്നു ആദ്യം ഭക്ഷണം ഉണ്ടാക്കിയിരുന്നത്…പിന്നീട് ഞാൻ ഉണ്ടാക്കുന്നത് പോലും കഴിക്കാതെയായി…എന്തേലും ചോദിച്ചാൽ ദേഷ്യപ്പെടുന്നത്കൊണ്ട് ഞാനും ഒന്നും ചോദിക്കാറില്ലായിരുന്നു..”.

“ഒരുനാൾ കാലത്തു ഞാൻ എഴുന്നേൽക്കുന്നതിനു മുൻപ്  ഇക്ക എവിടെയോ പോകാൻ റെഡിയായി നിൽക്കുകയായിരുന്നു… ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല… ഒന്നും പറയാതെ ബാഗുമെടുത്തു പോയി….കഴിഞ്ഞ ആഴ്ചയാണ് വക്കീൽ നോട്ടീസ് വന്നത്…എന്റെ കൂടെ ജീവിക്കാൻ താല്പര്യമില്ല പോലും… അന്വേഷിച്ചപ്പോൾ അറിഞ്ഞു ദുബായിൽ വെച്ച് പരിചയപ്പെട്ട ഒരു പെണ്ണുമായി ബന്ധമുണ്ടന്നും ഒരുമിച്ച് താമസിക്കുന്നുണ്ടന്നും.. ” അതും പറഞ്ഞു അവൾ പതിയെ കരഞ്ഞു…ആശുപത്രിയുടെ ഒഴിഞ്ഞ മൂലയിൽ അവളുടെ കരച്ചിൽ പതിയെ തങ്ങി നിന്നു…

എന്തുപറയണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു…ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടിയിരുന്നില്ല.. അല്ലങ്കിലും എന്തു പറഞ്ഞു ആശ്വസിപ്പിക്കാൻ…ജീവിതം നഷ്ടപ്പെട്ടവളുടെ മുൻപിൽ എല്ലാം ശരിയാകുമെന്നോ…

ഉഴിച്ചിൽ കഴിഞ്ഞു ഉമ്മ പുറത്തു വന്നപ്പോൾ അവളോട് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. വീട്ടിലെത്തിയിട്ടും അവളുടെ തേങ്ങൽ കാതിൽ തങ്ങി നിന്നു….

മാസങ്ങൾ കഴിഞ്ഞു ബൈക്കിൽ വീട്ടിലേക്ക് പോകുന്ന നേരത്താണ് ചെറിയ മഴ പെയ്തു തുടങ്ങിയത്… മഴ നനയാതിരിക്കാൻ അടുത്തുള്ള ഹോട്ടലിൽ കയറി ഒരു ചായക്ക് ഓർഡർ കൊടുത്തു… ചായ കുടിച്ചു നിൽക്കുമ്പോഴായിരുന്നു ആരോ എന്റെ പേര് വിളിച്ചത്… തിരിഞ്ഞു നോക്കുമ്പോൾ അവൾ… നാദിറ… കൂടെ കുട്ടിയും, ഒരു ചെറുപ്പക്കാരനും… പഴയ സന്തോഷം അവളുടെ മുഖത്തു കാണാനുണ്ടായിരുന്നു.. അവളുടെ രണ്ടാം വിവാഹം കഴിഞ്ഞിട്ടുണ്ടായിരിക്കണം ഞാൻ മനസ്സിലോർത്തു.. അവൾ എന്നെ കൈകാട്ടി വിളിച്ചു…ചായ ഗ്ലാസും കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

“ഡാ… നീ എന്റെ കഥ എഴുതിയ”… അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…

ഞാൻ ഇല്ലന്ന് തലയാട്ടി…

“എന്നാൽ എഴുതാണ്ടാട്ടോ…”

“ഇതു എന്റിക്ക… ശാഹുൽ… അവൾ അയാളെ എനിക്ക് പരിചയപ്പെടുത്തി തന്നു..

“ഇതു റഹീം എന്റെ കൂടെ പഠിച്ചതാ…കഥയൊക്കെ എഴുതാറുണ്ട്…

ഞാൻ ചിരിച്ചു… അയാളും..

“എന്നായിരുന്നു കല്യാണം അറിഞ്ഞില്ല…” ഞാൻ പതിയെ ചോദിച്ചു…

“എന്റെ കല്യാണം കഴിഞ്ഞിട്ട് അഞ്ചു വർഷമായി”… ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു…

ഞാൻ സംശയത്തോടെ അവളെ നോക്കി..

“ഇതു എന്റെ ഇക്ക തന്നെയാഡാ.”..അതു പറയുമ്പോൾ അവളുടെ കണ്ണിൽ പ്രണയം നിറയുന്നുണ്ടായിരുന്നു…

“ഞാൻ ഇപ്പോൾ വരാം” അതും പറഞ്ഞു ശാഹുൽ ബേക്കറിയുടെ പിന്നിലേക്ക് നീങ്ങി… കൂടെ ഞാനും…

“റഹീമിനെ കുറിച്ചു എന്നോട് പറഞ്ഞിട്ടുണ്ട്… “ഒരു സി ഗരറ്റിന് തീ കൊളുത്തിക്കൊണ്ട് അയാൾ പറഞ്ഞു…

“ഞാനൊരു ബുന്ധിമോശം കാണിച്ചു…കൂടെയുള്ളവളെ സ്നേഹിക്കാതെ അകലെയുള്ളവളുടെ അടുത്തേക്ക് പോയി..പിന്നീടാണ് മനസ്സിലായത് അകലെയുള്ളവൾക്ക് സ്നേഹമല്ല വേണ്ടത് എന്റെ പൈസണെന്ന് ..ഞാൻ അവളുടെ നേരം പോക്ക് മാത്രമാണെന്ന് മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു …വലിയ ഒരു കുഴിയിലേക്ക് വീഴുന്നതിനു മുൻപേ  തിരികെ പോന്നു…തിരിച്ചു വരുമ്പോൾ ഒരു ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ..കാല് പിടിച്ചിട്ടാണെങ്കിലും നാദിറയുടെ കൂടെ ജീവിക്കണമെന്നു .. അവളുടെ പ്രാർത്ഥന ആയിരിക്കണം ഞങ്ങളുടെ ജീവിതം തിരിച്ചു കിട്ടിയത്.”… അതും പറഞ്ഞു അയാൾ അവരുടെ അടുത്തേക്ക് നീങ്ങി…

അവളോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ ഒരുപാട് സന്തോഷം തോന്നി…അവൾ പറഞ്ഞ പോലെ ഒരു കഥ എഴുതണം…. ജീവിതം തിരിച്ചു കിട്ടിയ ഒരു പെണ്ണിന്റെ കഥ… ആ കഥയുടെ ക്ലൈമാക്സ്‌  വായിച്ചു വായനക്കാർ സന്തോഷിക്കണം….ഞാൻ സന്തോഷിച്ച പോലെ….അതേ..ഇതു അവളുടെ കഥയാണ്….നാദിറയുടെ…