രചന : ഷാൻ കബീർ
:::::::::::::::::::::::::::
“ടാ, സാലറി കിട്ടി നീ മറ്റവളെ ഒന്ന് സെറ്റാക്കി താ”
സാലറി കയ്യിൽ കിട്ടിയ ഉടൻ ഷാൻ കബീർ അടുത്ത സുഹൃത്തിനെയാണ് വിളിച്ചത്
“ന്റെ ഷാനേ, രണ്ട് മൂന്ന് ദിവസം അവളെ കിട്ടൂല ട്ടാ. ഒരു ഗൾഫുകാരന്റെ കൂടെ ഊട്ടി ട്രിപ്പിലാ അവൾ”
വല്ലാത്തൊരു നിരാശ തോന്നി ഷാനിന്
“ടാ വേറെ ആരെങ്കിലും കിട്ടോ…? ഞാനാണങ്കിൽ ഈ ഒരൊറ്റ കാര്യത്തിനാ പണിക്ക് പോയതന്നെ”
ഒരു സ്ത്രീയെ മതിയാവോളം അറിയണം, ആ സ്വ ദിക്കണം അതായിരുന്നു ഷാനിന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം. ഷാനിന് പത്തൊൻപത് വയസ്സ് തികഞ്ഞിട്ടേ ഒള്ളൂ. ഈയൊരു മോഹം സാധിക്കാനാണ് അവൻ ജോലിക്ക് പോയിതുടങ്ങിയത് പോലും. കൂട്ടുകാരൻ കൈമലർത്തിയപ്പോൾ വേറെ വഴിയിലൂടെ തന്റെ ആഗ്രഹം സാധിക്കാൻ ഷാൻ ഇറങ്ങിതിരിച്ചു.
ആദ്യം റെയില്‍വേ സ്റ്റേഷന് സമീപം പോയി നിന്നു. അവിടെ അണിഞ്ഞൊരുങ്ങി മുഖത്ത് ശൃംഗാര ഭാവങ്ങളുമായി കുറച്ച് സ്ത്രീകളെ കണ്ടു. പക്ഷെ ഒന്നിനേയും അവനങ്ങട് ബോധിച്ചില്ല. പിന്നെ ഷാൻ പോയത് ബസ്റ്റാന്റിലേക്കായിരുന്നു. അവിടേ യും കണ്ടു ഒരു നേരത്തെ പട്ടിണി മാറ്റാന്‍ വേണ്ടി അണിഞ്ഞൊരുങ്ങി വന്നു നില്‍ക്കുന്ന കുറച്ച് സ്ത്രീകളെ. പക്ഷെ അവരില്‍ ആരേയും ഷാനിന് ബോധിച്ചില്ല. ആകെ നിരാശ തോന്നി അവന്. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു മദ്ധ്യവയസ്കൻ അടുത്ത് വന്ന് ഷാനെനോക്കി പുഞ്ചിരിച്ചു
“എന്താ മോനേ ഒരു തിരിഞ്ഞു കളി..? സാധനത്തെ തപ്പി ഇറങ്ങിയതാണോ..?”
അയാളോട് ഷാൻ കാര്യം പറഞ്ഞു. അയാള്‍ അവനെ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി, എന്നിട്ട് കക്ഷത്തിൽ നിന്നും ഒരു ആൽബം എടുത്ത് കാണിച്ചു. ഷാൻ മോഹിച്ചത് പോലത്തെ ഒരുപാട് സ്ത്രീകളെ ആ ആൽബത്തിൽ കണ്ടു. കാശ് കുറച്ച് കൂടുതലാണെങ്കിലും അതില്‍ ഒന്നിനെ ഉറപ്പിച്ചു.
ഷാനിനോട് ഒരു ടാക്സി വിളിച്ച് അയാള്‍ പറയുന്ന സ്ഥലത്തേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. അവൻ ടാക്സിയും വിളിച്ച് പറഞ്ഞ സ്ഥലത്തേക്ക് പോയി. കുറച്ച് സമയം അവിടെ കാത്തു നിന്നു. അല്പം കഴിഞ്ഞ് ആൽബത്തിൽ കണ്ട പെണ്‍കുട്ടി അടുത്ത് വന്നു, ഷാനിന്റെ കാലിലെ പെരുവിരൽ മുതൽ നെറ്റിവരെ ഒരു വല്ലാത്ത ഫീൽ തോന്നി. വേഗം തന്നെ അവളേയും കൊണ്ട് ഷാൻ ഒരു ലോഡ്ജില്‍ മുറിയെടുത്തു. അവളോട് തന്റെ മോഹങ്ങളും ആഗ്രഹങ്ങളും എല്ലാം ഷാൻ തുറന്നുപറഞ്ഞു. തനിക്ക് നല്ല കമ്പനി തരാനും അവളോട് ആവശ്യപ്പെട്ടു. ടിപ് തന്നാലേ നല്ലതുപോലെ കമ്പനി തരികയൊള്ളൂ എന്ന് അവള്‍ പറഞ്ഞപ്പോള്‍ തന്റെ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ നോട്ടെടുത് അവള്‍ക്ക് നേരെ നീട്ടി. അവള്‍ ഷാനിനെ നോക്കി പുഞ്ചിരിച്ചു.
അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഷാൻ ഒരു പെണ്ണിനെ അറിഞ്ഞു. അവന് സ്വയം അഭിമാനം തോന്നിയ നിമിഷങ്ങള്‍. ഒരുപാട് സന്തോഷം തോന്നി. എല്ലാം കഴിഞ്ഞ് അവൻ വീട്ടില്‍ പോയി. ഉമ്മയും അനിയത്തിയും അവനേയും കാത്തിരിപ്പായിരുന്നു. ഷാനിനെ കണ്ടതും അനിയത്തി അടുത്തേക്ക് ഓടി
“ഇക്കാ, ഇങ്ങക്ക് ശമ്പളം കിട്ടിയിട്ട് എനിക്കും ഉമ്മാക്കും ഒന്നും വാങ്ങിച്ചില്ലേ…?”
ശമ്പളം കിട്ടിയില്ല എന്ന് കള്ളം പറഞ്ഞ് ഷാൻ വീട്ടിനകത്തേക്ക് കയറി. കിട്ടിയ ശമ്പളം മുഴുവന്‍ അവിടെ ചിലവായിരുന്നു. ഉമ്മ വിളമ്പിയ ഭക്ഷണം കഴിച്ച് അവൻ കിടന്നുറങ്ങി.
ദിവസങ്ങള്‍ കടന്നുപോയി. അടുത്ത ശമ്പള ദിവസം വന്നെത്തി. ശമ്പളം കയ്യില്‍ കിട്ടിയ ഉടന്‍ ഷാൻ ആ ബ്രോക്കറുടെ അടുത്തേക്ക് ഓടി. അന്നത്തെ അതേ പെണ്ണിനെ ഉറപ്പിച്ചു. ടാക്സിയിൽ അവള്‍ക്കായി കാത്തിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി അവന്റെ അടുത്ത് വന്നു. അതിസുന്ദരി ആയിരുന്നു അവള്‍. മറ്റേ പെണ്‍കുട്ടിക്ക് ഇന്ന് വരാന്‍ പറ്റാത്തത് കൊണ്ട് അവള്‍ക്ക് പകരം വന്നതാണ് താന്‍ എന്നവള്‍ പറഞ്ഞു. ഷാനിന് സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നി. കാരണം മറ്റെവളേക്കാൾ ആയിരം മടങ്ങ് സുന്ദരിയാണ് ഇവൾ. അവളോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. പക്ഷെ അവള്‍ കയറിയില്ല
“നമുക്ക് ഈ ടാക്സി വേണ്ട. നിങ്ങളുടെ ബൈക്ക് മതി. ലോഡ്ജും വേണ്ട, എന്റെ വീട് മതി. വീട്ടില്‍ ആരും ഇല്ല. ഇന്ന് മുഴുവന്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും”
അങ്ങനെ അവർ രണ്ടുപേരും ബൈക്കില്‍ അവളുടെ വീട്ടിലേക്ക് തിരിച്ചു. കുറച്ച് അകലെ ആയിരുന്നു അവളുടെ വീട്. അവർ പോകുന്ന വഴി അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ഹോട്ടലിലെ അവശിഷ്ടങ്ങള്‍ കൊണ്ട് തട്ടുന്ന വേസ്റ്റ് ബോക്സിൽ നിന്നും ആർത്തിയോടെ ദു ർഗന്ധം പിടിച്ച് പഴകിയ ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങള്‍ വാരി ഭക്ഷിക്കുന്നത് കണ്ടു. ഷാനിന് സഹിക്കാനായില്ല ആ കാഴ്ച. അവൻ തല തിരിച്ച് ബൈക്കിന്റെ വേഗത കൂട്ടി ആ കാഴ്ച്ചയിൽ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷെ പിറകിലിരിക്കുന്നവൾ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അവളുടെ ശരീരത്തിന് ഷാൻ പറഞ്ഞുറപ്പിച്ച കാശ് ഇപ്പോള്‍ വേണം എന്നവൾ ആവശ്യപ്പെട്ടു. ഷാൻ ഉടന്‍ കാശ് അവളെ ഏല്‍പ്പിച്ചു. ആ കാശിൽ നിന്നും അഞ്ഞൂറു രൂപ ഷാനിന്റെ കയ്യില്‍ കൊടുത്തിട്ട് ആ പെണ്‍കുട്ടിക്ക് ആഹാരം മേടിച്ചു കൊടുക്കാന്‍ അവൾ ആവശ്യപ്പെട്ടു. അവൻ തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്നും ആഹാരം മേടിച്ച് ആ കുട്ടിക്ക് കൊടുത്തു. കുട്ടി ആർത്തിയോടെ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ച് വയറു നിറഞ്ഞതിന് ശേഷം ആ പിഞ്ചുപൈതൽ നന്ദിയോടെ കൈകൾ കൂപ്പി ഷാനിന്റെ കണ്ണിലേക്ക് ഒന്നു നോക്കി…, ഹോ!!! അവളുടെ കണ്ണിലെ ആ തിളക്കം, മുഖത്തെ സന്തോഷം എല്ലാം അവന്റെ ജീവിതത്തില്‍ ഇതുവരെ കിട്ടാത്ത ഒരു അനുഭവം ആയിരുന്നു. ആ ഫീലിംഗിനെ എന്ത് പേരിട്ടു വിളിച്ചാലും അതികമാവില്ല എന്നവന് തോന്നി.
അവർ അവിടെ നിന്നും യാത്ര തിരിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ഷാനിന്റെ മൊബൈല്‍ ശബ്ദിച്ചു. പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത് നോക്കി. എന്നിട്ട് ദേഷ്യത്തോടെ പിറുപിറുത്ത് കട്ട് ചെയ്തു. മൊബൈല്‍ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു. അവള്‍ അത് ആരാണ് എന്ന് തിരക്കി. ഷാൻ പുച്ഛത്തോടെ പറഞ്ഞു
“ഹോ, അത് അനിയത്തിയാ”
അവള്‍ ഫോണ്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. ഷാൻ മനസ്സില്ലാമനസ്സോടെ ഫോണ്‍ എടുത്തു
“ഇക്കാ, ഇന്ന് ശമ്പളം കിട്ടിയല്ലോ അല്ലേ..? എനിക്ക് നല്ലൊരു ഉടുപ്പ് മേടിച്ചു തരോ..? എന്റെ പൊന്നു ചേട്ടനെല്ലേ.., പ്ലീസ്. നല്ലൊരു ഉടുപ്പ് ഇല്ലാഞ്ഞിട്ടാ ഇക്കാ. മേടിച്ച് തരോ”
ഷാൻ ഒന്നും മിണ്ടാതെ ദേഷ്യത്തോടെ ഫോണ്‍ കട്ട് ചെയ്തു.
അവർ വീണ്ടും യാത്ര തുടര്‍ന്നു. കുറച്ച് സമയത്തിന് ശേഷം അവളുടെ വീടിനരികിലെത്തി. കാടിനോട് ചേര്‍ന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ചെറിയ കുടിൽ ആയിരുന്നു അവളുടേത്. അവള്‍ ബൈക്കില്‍ നിന്നും ഇറങ്ങി. ഷാൻ ഇറങ്ങാന്‍ നേരം അവൾ തടഞ്ഞു. എന്നിട്ട് ഷാൻ കൊടുത്ത കാശ് അവന്റെ ഷർട്ടിന്റെ പോക്കറ്റിലിട്ടു. അവള്‍ ഷാനിന്റെ കണ്ണിലേക്ക് നോക്കി
“ഈ കാശ് കൊണ്ട് നിങ്ങള്‍ക്ക് എന്റെ ശരീരം വിലക്കു വാങ്ങാന്‍ പറ്റും. എന്റെ ശരീരം കിട്ടിയാല്‍ നിങ്ങള്‍ക്ക് ഒരുപാട് സന്തോഷമാകും. പക്ഷെ എത്ര സമയം കിട്ടും നിങ്ങള്‍ക്ക് ആ സന്തോഷം…? കൂടിയാൽ ഒന്നോ രണ്ടോ മണിക്കൂര്‍. പക്ഷെ ഇതേ കാശ് കൊണ്ട് നിങ്ങള്‍ക്ക് ഒരുപാട് പേരെ സന്തോഷിപ്പിക്കാനാവും. നമ്മള്‍ റോഡില്‍ കണ്ട ആ പെണ്‍കുട്ടിയുടെ സന്തോഷം, നിങ്ങളെ കാത്തിരിക്കുന്ന അമ്മയുടേയും അനിയത്തിയുടേയും സന്തോഷം”
ഒന്ന് നിറുത്തിയിട്ട് അവൾ തുടർന്നു
“അവരുടെ സന്തോഷത്തിന്റെ തിളക്കം നിങ്ങൾക്ക് എന്നിൽ നിന്നും ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് കിട്ടുന്ന സന്തോഷത്തിനേക്കാൾ ആയിരം മടങ്ങ് കൂടുതല്‍ ആയിരിക്കും. അവരുടെ സന്തോഷങ്ങൾക്ക് കാരണം താനാണ് എന്ന് ആലോചിക്കുമ്പോൾ ഷാനിന് കിട്ടുന്ന ഒരു ഫീല്‍ ഉണ്ടല്ലോ, അത് അനുഭവിച്ച് തന്നെ അറിയണം. ഇപ്പോ നിങ്ങള്‍ വീട്ടില്‍ പോകണം. ഷാനിന് ഞാന്‍ പറഞ്ഞ ആ ഒരു ഫീല്‍ കിട്ടിയില്ലെങ്കില്‍ തിരിച്ച് എന്റെ അടുത്തേക്ക് വരാം. ഞാൻ ഷാൻ പറയുന്നത് പോലെ അനുസരിക്കാം”
അവള്‍ ഷാനിന്റെ ഫോണ്‍ മേടിച്ച് തന്റെ നമ്പര്‍ സേവ് ചെയ്തു. വീടിനകത്ത് നിന്നും ഒരു കുട്ടിയുടെ കരച്ചിൽ കേട്ടപ്പോൾ ഒന്നു തിരിഞ്ഞു പോലും നോക്കാതെ അവൾ വീട്ടിലേക്ക് നടന്നു. ഷാൻ ബൈക്ക് തിരിച്ച് വീട്ടിലേക്കും പോയി.
കയ്യിലുള്ള കാശുകൊണ്ട് അനിയത്തിക്ക് ഉടുപ്പും ഉമ്മാക്ക് സാരിയും, വീട്ടിലേക്കുള്ള ആവശ്യ സാധനങ്ങള്‍ എല്ലാം മേടിച്ച് ഷാൻ വീട്ടില്‍ പോയി. ഉമ്മയുടേയും അനിയത്തിയുടേയും സന്തോഷം കണ്ടപ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞു. കാരണം അവര്‍ക്ക് വേറെ ആരുമില്ലായിരുന്നു ഇതൊക്കെ ചെയ്തു കൊടുക്കാന്‍. അന്ന് വീട്ടില്‍ ഒരു ഉത്സവ പ്രതീതിയായിരുന്നു. തനിക്ക് നല്ല ബുദ്ധി പറഞ്ഞു തന്ന ആ പെൺകുട്ടിയോട് ഷാൻ കബീർ മനസ്സുകൊണ്ട് ആയിരം വട്ടം നന്ദി പറഞ്ഞു. ഷാൻ ഫോണെടുത്ത് അവള്‍ സേവ് ചെയ്ത നമ്പര്‍ നോക്കി “മാലാഖ” എന്നായിരുന്നു അവള്‍ തന്റെ പേര് സേവ് ചെയ്തിരുന്നത്. ശരിക്കും അവള്‍ ഒരു മാലാഖ തന്നെയായിരുന്നു.
അന്ന് രാത്രി ഷാൻ ഒരു സിനിമക്ക് പോയി. വീട്ടിലെത്തിയപ്പോള്‍ കുറച്ച് താമസിച്ചിരുന്നു. നല്ല പഴംപൊരി ഉണ്ടാക്കി ഉമ്മ കട്ടിലിനോട് ചേർന്നുള്ള മേശമേല്‍ വെച്ചിരുന്നു. ഷാൻ അതില്‍ നിന്നും ഒരു പഴംപൊരിയെടുത്ത് കഴിക്കാനൊരുങ്ങി പക്ഷേ ഭയങ്കര എണ്ണ കാരണം അവൻ അതിലെ എണ്ണ ഒപ്പിയെടുക്കാൻ വേണ്ടി അലമാരക്കു മുകളിലുള്ള അടുക്കി വെച്ചിരുന്ന ഒരു പഴയ ന്യൂസ് പേപ്പര്‍ എടുത്തു. ഏകദേശം രണ്ട് വർഷം പഴക്കമുള്ള പത്രമായിരുന്നു അത്. പത്രം കീറാൻ ഒരുങ്ങുമ്പോഴാണ് ഷാൻ അവളുടെ ഫോട്ടോ ന്യൂസ് പേപ്പറില്‍ കാണുന്നത്. മാലാഖയുടെ ഫോട്ടോ. ആ ഫോട്ടോക്ക് താഴെയുള്ള തലക്കെട്ട് വായിച്ചപ്പോഴാണ് ഷാൻ ശരിക്കും ഞെട്ടിയത്
“മൃ ഗീയ ബ ലാ ത്സംഗത്തിന് ഇരയായി പൂർണ ഗർഭിണി കൊ ല്ല പ്പെട്ടു”
ഈ തലക്കെട്ട് വായിച്ചു തീര്‍ന്നതും കറന്റ് പോയതും ഒരുമിച്ചായിരുന്നു. ഷാൻ ഇരുട്ടത്ത് വല്ലാതെ ഭയപ്പെട്ടു. പെട്ടെന്നാണ് മൊബൈല്‍ ശബ്ദിച്ചത്.
ഫോണെടുത്ത് നോക്കിയപ്പോള്‍ “മാലാഖ”