പക്ഷെ ഇപ്പോൾ അവളുടെ പഴയ കാമുകൻ തിരികെ വന്നിട്ടുണ്ട്. അവൾക്കും അയാളോടൊപ്പം ജീവിക്കുന്നതിൽ ആണ് സന്തോഷം…

_exposure

ഭർത്താവുദ്യോഗസ്ഥൻ

രചന : അപ്പു

::::::::::::::::::::::

” ടീ… നിനക്ക് ഇന്നെങ്കിലും സമയത്തു വീട്ടിലേക്ക് വന്നൂടെ..? എല്ലാ ദിവസവും ഇങ്ങനെ ലേറ്റ് ആയി വരുന്നത് ശരിയല്ല.. “

പതിവിലും വൈകി വീട്ടിലേക്ക് എത്തിയ ഭാര്യ സ്നേഹയെ കണ്ടപ്പോൾ തോന്നിയ അമർഷം മറച്ചു വെയ്ക്കാതെ തന്നെ ശരത് പറഞ്ഞു. അതിനു മറുപടിയായി സ്നേഹ അവനെ തറപ്പിച്ചു നോക്കുക മാത്രം ചെയ്തു.

” നിന്നോടാണ് ഞാൻ സംസാരിക്കുന്നത്.. “

തന്നെ മറികടന്ന് അകത്തേക്ക് കയറി പോകാൻ തുണിഞ്ഞവളെ തടഞ്ഞു നിർത്തി കൊണ്ട് അവൻ പറഞ്ഞു.

” നിങ്ങളോട് കല്യാണം കഴിഞ്ഞ അന്ന് തന്നെ ഞാൻ പറഞ്ഞതാണ് എന്നെ ഭരിക്കാൻ വരരുത് എന്ന്.. എന്റെയും എന്റെ കുടുംബത്തിന്റെയും ഔദാര്യത്തിൽ കഴിയുമ്പോൾ കൂടുതൽ ഭരണം ഒന്നും വേണ്ട..”

അവന് നേരെ കൈ ചൂണ്ടി രൂക്ഷമായി അവൾ പറയുമ്പോൾ തന്റെ തൊലിയുരിഞ്ഞു പോകുന്നതു പോലെയാണ് അവന് തോന്നിയത്. അവന്റെ ആ ഭാവം ആസ്വദിച്ചു കൊണ്ട് അവൾ അകത്തേക്ക് നടന്നു.തന്റെ വിധിയെ പഴിച്ചുകൊണ്ട് അവൻ ഉമ്മറത്ത് തന്നെ ഇരുന്നു.

കൊട്ടാരസദൃശമായ ആ വീട്ടിൽ അവനു പതിവിലും കൂടുതൽ ശ്വാസം മുട്ടുന്നത് ആയി തോന്നി. അവൻ ഒരു നിമിഷം തന്റെ ജീവിതത്തെ കുറിച്ച് ആലോചിച്ചു.

എത്ര സന്തോഷമായി കടന്നു പോയിരുന്നത് ആയിരുന്നു തന്റെ ജീവിതം..! അതിൽ കരിനിഴൽ വീഴ്ത്തിയത് തന്റെ അമ്മയ്ക്ക് സംഭവിച്ച ഒരു ദുരന്തമായിരുന്നു.

താനും തന്റെ രണ്ട് സഹോദരിമാരും അമ്മയും അടങ്ങുന്ന കുടുംബം ആണ് തന്റേത്. ചെറുപ്പത്തിൽ തന്നെ അച്ഛൻ അമ്മയെ ഉപേക്ഷിച്ച് മറ്റൊരു ബന്ധം തേടിയിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്റെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാനോ, എല്ലാ കുട്ടികളെയും പോലെ സന്തോഷത്തോടെ ജീവിക്കാനോ ഉള്ള അവസരം തങ്ങൾക്ക് ഉണ്ടായിരുന്നില്ല. അമ്മ കൂലി വേലയ്ക്കു പോയായിരുന്നു ഞങ്ങൾ മക്കളെ വളർത്തിയിരുന്നത്. അമ്മയുടെ സാഹചര്യങ്ങൾ നല്ല രീതിയിൽ മനസ്സിലാക്കി അതുകൊണ്ടുതന്നെ ഞങ്ങൾ മൂന്നു പേരും ആർഭാടത്തിനോ ആഡംബരത്തിനോ നിൽക്കാറുണ്ടായിരുന്നില്ല.

എട്ടാം ക്ലാസ് കഴിഞ്ഞതോടെ അമ്മയുടെ അവസ്ഥകൾ മനസ്സിലാക്കി ഞാനും ജോലിക്ക് പോയി തുടങ്ങിയിരുന്നു. എന്നെക്കാൾ മുതിർന്ന ഒരു ചേച്ചിയും എനിക്ക് താഴെ ഒരു അനുജത്തിയും ആണുള്ളത്. അവരെ രണ്ടാളെയും പുറത്തേക്ക് ജോലിക്ക് വിടാൻ സാധിക്കില്ലല്ലോ.. എങ്കിൽ പോലും ചേച്ചിയും തന്നെ കൊണ്ട് കഴിയുന്നതു പോലെ വീട്ടിൽ ട്യൂഷനെടുത്ത് മറ്റും വരുമാനമുണ്ടാക്കുന്നുണ്ടായിരുന്നു.

ഒരു വിധം തട്ടിമുട്ടി കാര്യങ്ങൾ മുന്നോട്ടു പോകുമ്പോഴാണ് അമ്മയ്ക്ക് പെട്ടെന്ന് സുഖം ഇല്ലാതാകുന്നത്. ഒന്നുമറിയാത്ത ഞങ്ങൾ മക്കൾക്ക്, എന്ത് ചെയ്യാൻ കഴിയും..? ആശുപത്രിയിൽ എത്തിച്ചപ്പോൾ അമ്മയുടെ ഹാർട്ടിന് കംപ്ലൈന്റ് ഉണ്ട് എന്ന് അറിഞ്ഞു. ഞങ്ങൾക്ക് വലിയൊരു ആഘാതം തന്നെയായിരുന്നു ആ വാർത്ത.

അന്ന് താൻ സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കിയിട്ടില്ല. ഞങ്ങൾ മക്കളുടെ ഭാവി ഓർത്തു ആകണം ടാബ്ലറ്റ് കഴിച്ചു കൊണ്ട് അമ്മ അന്നൊക്കെ ജോലിക്ക് പോയിരുന്നു.അതും ഒരുപാട് കാലം തുടർന്ന് പോകാൻ കഴിഞ്ഞില്ല. താൻ പ്ലസ് ടു പഠിക്കുന്ന സമയത്ത് അമ്മയ്ക്ക് ഒരിക്കൽ കൂടി സുഖമില്ലാതെ ആയി. അന്ന് ഒരു ആഴ്ചയോളം ആശുപത്രിയിൽ കിടക്കേണ്ടിയും വന്നു.

അന്ന് തന്നെ ഡോക്ടർ പറഞ്ഞിരുന്നു ഇനി അധികം അധ്വാനമൊന്നും വേണ്ട എന്ന്. അന്ന് അമ്മയ്ക്ക് ആകെ ഉണ്ടായിരുന്ന പേടി ഞങ്ങളെ കുറിച്ചായിരുന്നു.

പിന്നീട് പഠിക്കാൻ പോകുന്നില്ല എന്നുള്ളത് എന്റെ മാത്രം തീരുമാനമായിരുന്നു. എങ്കിലും പ്ലസ് ടു പരീക്ഷ എഴുതാതെ ഇരുന്നില്ല. പരീക്ഷയിൽ നല്ല മാർക്കോടെ പാസാവുകയും ചെയ്തു.

എനിക്ക് അന്ന് ഏറ്റവും അത്യാവശ്യമായി വേണ്ടിയിരുന്നത് ഒരു ജോലിയായിരുന്നു. ഞാൻ അന്ന് ഒരു കടയിൽ സഹായിയായി പോകാറുണ്ടായിരുന്നു. പക്ഷേ ആ ജോലിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. അധിക വരുമാനത്തിന് വേണ്ടി എന്ത് ജോലി കണ്ടുപിടിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു.

അങ്ങനെയിരിക്കെയാണ് എന്റെ ജീവിതത്തിലേക്ക് ഭാഗ്യം കടന്നു വന്നത്. ഞങ്ങളുടെ കടയിൽ നിന്ന് സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന ഒരാൾ ഉണ്ടായിരുന്നു.തങ്കച്ചൻ ചേട്ടൻ.. പുള്ളിക്കാരന് എന്റെ വീട്ടിലെ അവസ്ഥ വളരെ വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് എനിക്ക് ഒരു ജോലി വേണം എന്ന് പറഞ്ഞപ്പോൾ എന്നെ സഹായിക്കാൻ അദ്ദേഹം തയ്യാറായത്.

അദ്ദേഹം ഒരു വലിയ വീട്ടിലെ ഡ്രൈവർ ആയിട്ടാണ് ജോലി ചെയ്യുന്നത്. അതേ ജോലി തന്നെ എനിക്കും വാങ്ങിത്തരാം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ,നിർഭാഗ്യമെന്നു പറയട്ടെ എനിക്ക് ഡ്രൈവിംഗ് അറിയുമായിരുന്നില്ല. അതിനും വഴി കണ്ടുപിടിച്ചത് അദ്ദേഹം തന്നെയായിരുന്നു. എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചതും തങ്കച്ചൻ ചേട്ടൻ ആണ്. ലൈസൻസ് എടുക്കാനും എല്ലാകാര്യത്തിനും അദ്ദേഹം സഹായിച്ചു. എന്റെ പുതിയ ജീവിതത്തിന് തുടക്കം അവിടെ നിന്നായിരുന്നു എന്നു പറയാം.

അദ്ദേഹം ജോലി ചെയ്യുന്ന വീട്ടിൽ എനിക്കും ജോലി വാങ്ങി തരുമ്പോൾ, എന്റെ കുടുംബം അതോടെ രക്ഷപ്പെടും എന്ന തോന്നലായിരുന്നു അദ്ദേഹത്തിന്. അതും ഒരു കണക്കിന് ശരിയായിരുന്നു.

എട്ട് വർഷത്തോളം താൻ അവിടെ ജോലി ചെയ്തു. മാന്യമായ ശമ്പളം ലഭിക്കുന്നത് കൊണ്ട് തന്നെ, തനിക്ക് സന്തോഷവും ആയിരുന്നു. എനിക്ക് കിട്ടുന്ന ഇടവേളകളിൽ പഠിക്കണമെന്ന് എന്നെ ഉപദേശിച്ചത് തങ്കച്ചൻ ചേട്ടൻ തന്നെയായിരുന്നു. എല്ലാ കാലത്തും ഡ്രൈവറുടെ കുപ്പായമണിയുന്നതു കൊണ്ട് ജീവിക്കാൻ കഴിയില്ല എന്ന് അദ്ദേഹം അന്ന് എന്നെ ഉപദേശിച്ചു.

ആ ഉപദേശപ്രകാരം ഡിസ്റ്റൻസ് ആയി പഠിക്കുകയും ചെയ്തു. ഡിഗ്രി കയ്യിൽ ഉണ്ടെങ്കിലും മറ്റൊരു ജോലിക്ക് വേണ്ടി ഞാൻ ശ്രമിച്ചില്ല. അതിനിടയിൽ പെങ്ങന്മാരെ രണ്ടാളെയും പഠിപ്പിക്കുകയും വിവാഹം ചെയ്തു വിടുകയും ചെയ്തു.അമ്മയ്ക്ക് തുടർ ചികിത്സ നൽകി. അമ്മയും ആരോഗ്യം വീണ്ടെടുത്തു. അതിനൊക്കെ തന്നെ സഹായിച്ചത് നരേന്ദ്രൻ സർ ആയിരുന്നു. വെറും ഒരു ഡ്രൈവർ ആയ എന്നോട് അദ്ദേഹം കാണിക്കുന്ന അനുകമ്പ എനിക്ക് ഒത്തിരി സന്തോഷം ആയിരുന്നു.പക്ഷെ, അതിനൊക്കെ അദ്ദേഹം പ്രതിഫലം ചോദിക്കുമെന്ന് താൻ ഒരിക്കലും കരുതിയില്ല.

ബാംഗ്ലൂരിൽ പഠിക്കാൻ പോയ അദ്ദേഹത്തിന്റെ മകൾ സ്നേഹ മടങ്ങി വന്നത് വയറ്റിൽ ഒരു കുഞ്ഞിനേയും കൊണ്ട് ആയിരുന്നു. അവളുടെ കാമുകൻ അവളെ ഉപേക്ഷിച്ചു എന്നും പറഞ്ഞു. കുടുംബത്തിന്റെ അഭിമാനം കാക്കാൻ അവളുടെ കഴുത്തിൽ ഒരു താലി..! അതായിരുന്നു അദ്ദേഹം എന്നോട് പകരമായി ആവശ്യപ്പെട്ടത്. അംഗീകരിക്കാൻ കഴിയാത്ത ബന്ധം. പിന്മാറാൻ ശ്രമിച്ചപ്പോൾ, ഇത്രയും കാലം ചെയ്തു തന്ന സഹായങ്ങൾക്ക് കണക്ക് പറഞ്ഞു. അവയൊക്കെ തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടു.ഒരു മനുഷ്യന്റെ നിസ്സഹായതയെ മുതലെടുത്തു കൊണ്ട് സ്വന്തം മകൾക്ക് ഒരു ഭാവി ഉണ്ടാക്കാൻ അവർ ശ്രമിച്ചു.

തന്റെ കുടുംബത്തിന് വേണ്ടി ബലിയാടായതായിരുന്നു താൻ. ഈ വീട് വിട്ട് അവൾ തന്റെ വീട്ടിലേക്ക് വരില്ല. തനിക്ക് മാസത്തിൽ ഒരിക്കൽ പോകാം. എല്ലാവരെയും കണ്ട് മടങ്ങാം.. അവർക്കും പണം മാത്രം മതി ഇപ്പോൾ. പണം കണ്ട് കണ്ണ് മഞ്ഞളിച്ചത് കൊണ്ടാണത്രേ താൻ ഇപ്പോൾ അവർക്ക് ഒപ്പം നിൽക്കാത്തത്‌…!

പുച്ഛത്തോടെ അവന്റെ ചുണ്ടുകൾ പുഞ്ചിരിച്ചു.

സ്നേഹ പ്രസവിച്ച കുഞ്ഞിനെ സ്വന്തം ആയി തന്നെയാണ് കരുതിയത്. പക്ഷെ ഇപ്പോൾ അവളുടെ പഴയ കാമുകൻ തിരികെ വന്നിട്ടുണ്ട്. അവൾക്കും അയാളോടൊപ്പം ജീവിക്കുന്നതിൽ ആണ് സന്തോഷം.. അയാൾ മടങ്ങി വന്നതിനു ശേഷം, അവൾ ഇപ്പോൾ എല്ലാ ദിവസവും നേരം വൈകിയാണ് വീട്ടിലേക്ക് വരാറ്. അത് ചോദ്യം ചെയ്തതാണ് കുറച്ചു മുന്നേ ഇവിടെ ഒരു ബഹളം നടന്നത്.

ആദ്യം മുതൽക്കേ തന്നെ അവളുടെ അച്ഛന്റെ ഔദാര്യത്തിലാണ് ഞാൻ കഴിയുന്നത് എന്നുള്ള രീതിയിൽ ഒരു പുച്ഛം അവൾക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭർത്താവിന്റെ സ്ഥാനം ഒന്നും തന്നെ എനിക്ക് കിട്ടിയിട്ടില്ല. എന്റെ വാക്കുകൾ അനുസരിക്കുകയോ ഞാനെന്ന വ്യക്തിയെ പരിഗണിക്കുകയോ അവൾ ചെയ്യാറില്ല. ശരിക്കും പറഞ്ഞാൽ ഒരു ഭർത്താവ് ഉദ്യോഗസ്ഥൻ..!!

എത്രകാലം ഈ അഭിനയം ഇനിയും തുടർന്നു പോകണം എന്ന് അറിയില്ല. എത്ര നാളുകൾ ആയാലും തനിക്ക് സഹിക്കാൻ ആവാത്തതാണ് നടക്കുന്നത് ഒക്കെയും…!എത്രയും വേഗം ഈ കുരുക്കിൽ നിന്ന് രക്ഷപ്പെട്ടു പോകാൻ കഴിഞ്ഞെങ്കിൽ…!

ആത്മാർത്ഥമായി അവൻ പ്രാർത്ഥിച്ചു.