പത്രങ്ങളിലും വാർത്തകളിലും തലക്കെട്ടുകൾ മിന്നിമറഞ്ഞു. അപ്പോഴും അയാൾക്ക് പറയാനുള്ളത് ഒന്നും കേൾക്കാൻ അവരാരും തയ്യാർ ആയില്ല…

പ്രതി

രചന : അപ്പു

::::::::::::::::::::::::::::

” ഇയാൾ.. ഇയാൾ തന്നെയാണ് എന്റെ മോളെ.. “

അത്രയും പറഞ്ഞ് വിതുമ്പി കൊണ്ട് സാരിത്തലപ്പു കൊണ്ട് അമ്മ കണ്ണീരൊപ്പുമ്പോൾ ചുറ്റും നിന്നവരുടെ കണ്ണിൽ അയാളെ ചുട്ടെരിക്കാൻ ഉള്ള അഗ്നി ഉണ്ട് എന്ന് അയാൾക്ക് തോന്നി.

അവർ ഓരോരുത്തരും തന്നിലേക്ക് പാഞ്ഞടുക്കുന്നതോ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി തന്നെ ആക്രമിക്കുന്നതോ ഒന്നും അയാൾ അറിഞ്ഞില്ല. അയാളുടെ കണ്ണിൽ അപ്പോഴും പുച്ഛത്തോടെ ചിരിക്കുന്ന അവരുടെ മുഖമായിരുന്നു.

പിന്നീട് കാര്യങ്ങളൊക്കെ വളരെ വേഗത്തിൽ ആയിരുന്നു. തല്ലുകൊണ്ട് അവശനായി കിടന്ന അയാളെ പോലീസ് ജീപ്പിലേക്ക് കയറ്റി കൊണ്ടു പോകുമ്പോൾ അവരുടെ കണ്ണിൽ ആത്മനിർവൃതിയോടെ ഒരു ചിരി വിരിഞ്ഞു.

അന്നുമുതൽ നാട്ടുകാർക്ക് കൊട്ടിഘോഷിക്കാൻ ഒരു വാർത്ത കിട്ടി.

” മകളെ പീ ഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെ,അമ്മ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിലേൽപ്പിച്ചു.. “

പത്രങ്ങളിലും വാർത്തകളിലും തലക്കെട്ടുകൾ മിന്നിമറഞ്ഞു. അപ്പോഴും അയാൾക്ക് പറയാനുള്ളത് ഒന്നും കേൾക്കാൻ അവരാരും തയ്യാർ ആയില്ല.

കോടതിയിൽ നിന്ന് 14 ദിവസം റിമാൻഡ് ചെയ്തു കൊണ്ടുള്ള വിധി വരുമ്പോൾ, അയാൾക്ക് നിർവികാരത മാത്രമായിരുന്നു. പൊലീസുകാർ മാറിമാറി ചോദിച്ചിട്ടും അയാൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.

അയാളുടെ നിസ്സഹകരണം അന്വേഷണം വഴിമുട്ടിച്ചപ്പോൾ, പോലീസ് ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടി. അങ്ങനെയാണ് നിമിഷ ജയിലിൽ എത്തുന്നത്. അയാളെ കണ്ട നിമിഷം തന്നെ അയാളുടെ ഉള്ളിൽ എന്തൊക്കെയോ വിഷമങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് അവൾക്ക് തോന്നി.

ആ ദിവസം അയാളോട് സംസാരിക്കാൻ ഉള്ള അവളുടെ ശ്രമങ്ങളും പരാജയപ്പെട്ടു. അവളോട് ഒരക്ഷരം പോലും സംസാരിക്കാൻ അയാൾ തയ്യാറായില്ല. പക്ഷേ തോറ്റു പിന്മാറാൻ എന്തുകൊണ്ടോ അവൾക്ക് കഴിയില്ലായിരുന്നു. അവൾ തുടർച്ചയായി അയാളെ കാണാൻ വന്നു തുടങ്ങി.

ആദ്യമൊക്കെ അവളോട് നിസ്സഹകരണം പ്രഖ്യാപിച്ചിരുന്ന അയാൾ പതിയെ പതിയെ അവളോട് സംസാരിക്കാൻ തുടങ്ങി.ചെറിയ ഒരു പുഞ്ചിരി കൈമാറാൻ തുടങ്ങി. കൃത്യം പത്താമത്തെ ദിവസമാണ് അയാൾ അവളോട് തന്റെ മനസ്സ് തുറക്കുന്നത്.

” ഞാൻ തെറ്റുകാരനാണെന്ന് മോളും വിചാരിക്കുന്നുണ്ടോ..? “

അയാൾ ചോദിച്ചത് കേട്ട് അവൾ മറുപടി പറയാതെ അയാളെ തന്നെ ശ്രദ്ധിച്ചു.

” മോൾക്ക് അറിയാമോ..മോളെ കാണാൻ എന്റെ മകളെപ്പോലെയാണ്.. നിന്റെ പ്രായം തന്നെ ഉണ്ടാവും ചിലപ്പോൾ അവൾക്കും.. “

ആ ഓർമ്മയിൽ അയാൾ ഒന്ന് പുഞ്ചിരിച്ചു. നിമിഷ താൽപര്യത്തോടെ അയാളുടെ വാക്കുകൾക്ക് കാതോർത്തു. അപ്പോഴേക്കും അവളുടെ കയ്യിൽ ഉണ്ടായിരുന്ന ടേപ്പ് റെക്കോർഡർ ഓൺ ആയിരുന്നു.

” എന്റെ അച്ഛൻ പണ്ട് ഒരു വീട്ടിൽ കാര്യസ്ഥനായി ജോലി ചെയ്യുകയായിരുന്നു. വീട് എന്നൊന്നും പറഞ്ഞുകൂടാ..വലിയ ഒരു തറവാട്.. അച്ഛൻ ഒരാളുടെ വരുമാനം മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.. ഞാൻ അല്ലറചില്ലറ കൂലിപ്പണിക്ക് പോകുന്നുണ്ടെങ്കിലും, അന്നത്തെ പ്രായമല്ലേ.. വീട്ടുചെലവ് ഒന്നും കൊടുത്തിരുന്നില്ല..അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ എല്ലാവരുടെയും ജീവിതം കീഴ്മേൽ മറിച്ചു കൊണ്ട് ഒരു സംഭവം നടക്കുന്നത്.. അച്ഛൻ ജോലി ചെയ്തിരുന്ന വീട്ടിലെ പെൺകുട്ടിക്ക് ഗർഭം ഉണ്ട്.. അവളാണെങ്കിൽ വിവാഹം ചെയ്തിട്ടും ഇല്ല..അവളുടെ കാമുകന്റെ സമ്മാനമായിരുന്നു ആ കുട്ടി. എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. ഒടുവിൽ ഗർഭം മറച്ചുവച്ചുകൊണ്ട് അവളുടെ വിവാഹം നടത്താമെന്ന് തീരുമാനത്തിലെത്തി. ചെറുക്കനെ കാര്യമായിത്തന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും അധികകാലം മറച്ചുവെക്കാൻ പറ്റില്ലല്ലോ..ഇവിടെയും അതുതന്നെ സംഭവിച്ചു.. “

അത്രയും പറഞ്ഞുകൊണ്ട് ദീർഘ നിശ്വാസം ഉതിർത്ത് അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.

“അവരുടെ തറവാട്ടിലെ ഏതോ ജോലിക്കാരി വഴി അവളുടെ ഗർഭം പുറത്തറിഞ്ഞു . അതോടെ ആകെ ബഹളമായി. എത്രയും പെട്ടെന്ന് ആരുടെയെങ്കിലും തലയിൽ ആ പെണ്ണിനെ കെട്ടി വച്ചാൽ മതി എന്ന അവസ്ഥയിലേക്ക് എത്തി അവരൊക്കെ. അവസാനം നറുക്കു വീണത് എനിക്ക് ആയിരുന്നു.. അച്ഛൻ അവിടുത്തെ കാര്യസ്ഥൻ ആയതു കൊണ്ട് തന്നെ ആ വീട്ടുകാരോട് വല്ലാത്ത കടപ്പാട് ഉണ്ടായിരുന്നു. ആ കടപ്പാട് അവർ മുതൽ എടുത്തതാണ് എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ അവൾ എന്റെ ഭാര്യയായി. എന്നോടൊപ്പം ഒരുമിച്ച് ജീവിക്കാൻ ഒന്നും അവൾക്ക് താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ നാട്ടുകാർക്കു മുന്നിൽ തലകുനിച്ച് നിൽക്കാനും ആവില്ല. അവളുടെ വയറ്റിലുള്ള കുഞ്ഞിന് ഒരു അച്ഛൻ വേണമായിരുന്നു . അതായിരുന്നു ഞാൻ.. എന്റെ വീട്ടിൽ അവൾ താമസിച്ചിട്ടില്ല. അവളുടെ തറവാട്ടിൽ തന്നെയായിരുന്നു താമസം. എന്നോടും അവിടേക്ക് താമസം മാറാൻ ആവശ്യപ്പെട്ടെങ്കിലും എന്റെ ആത്മാഭിമാനം അതിന് അനുവദിക്കുന്നുണ്ടായിരുന്നില്ല. വല്ലപ്പോഴും മാത്രം നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ഞാനവിടെ നിൽക്കാറുണ്ട്. അല്ലാത്ത സമയത്ത് ഞാൻ എന്റെ വീട്ടിൽ ആയിരിക്കും. ഞാൻ കൂലിപ്പണിക്ക് പോകുന്നത് അവർ കുറച്ചിലാണ് എന്ന് പറഞ്ഞു എന്റെ പണി കളഞ്ഞു. ശരിക്കും പറഞ്ഞാൽ അടിമയെ പോലെ ഒരു ജീവിതം..!”

അയാൾ ഒന്നു നെടുവീർപ്പിട്ടു.

” അവൾ പ്രസവിച്ചത് ഒരു പെൺകുട്ടിയെ ആയിരുന്നു.. നാട്ടുകാർക്കു മുന്നിൽ ആ കുട്ടിക്ക് ഞാൻ അച്ഛനായി. അവൾ എനിക്കൊരു ഭർത്താവിന്റെ സ്ഥാനം തന്നില്ലെങ്കിലും, ആ കുട്ടി എന്നെ അച്ഛനെ പോലെ സ്നേഹിച്ചു. ജന്മം കൊടുത്തിട്ട് എങ്കിലും അവളെനിക്ക് സ്വന്തം മകൾ തന്നെയായിരുന്നു. അവൾ വളർന്നു വരുംതോറും അവളുടെ അമ്മയുടെ വീട്ടിൽ അവൾ ഒരുപാട് യാതനകൾ അനുഭവിക്കേണ്ടി വന്നു. ഒരു ദിവസം അവളെ കാണാനായി അവിടേക്ക് ചെന്ന ഞാൻ കാണുന്നത്, അവളുടെ അമ്മാവന്റെ മകൻ ആ കുരുന്നിനെ ഉപദ്രവിക്കുന്നതാണ്. ഞാനൊരു അച്ഛൻ മാത്രമായി. അവിടെയുള്ള എല്ലാവരോടും ഞാൻ വഴക്ക് കൂടി. അപ്പോഴും ആ കുട്ടിയുടെ അമ്മയുടെ നിസ്സംഗതയാണ് എന്നെ ഏറെ വേദനിപ്പിച്ചത്. അവസാന തീരുമാനം എന്നതുപോലെ എന്റെ ഭാര്യയെയും കുട്ടിയെയും കൂട്ടി ഞാനെന്റെ വീട്ടിലേക്ക് പോയി. അത് ഭീഷണിപ്പെടുത്തി അവളെ എന്നോടൊപ്പം കൊണ്ടുവന്നതാണ് എന്ന് വേണമെങ്കിലും പറയാം. എന്റെ ചെറിയ വീട്ടിലെ താമസം ഒന്നും അവൾക്ക് തീരെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ കടിച്ചുപിടിച്ച് അവൾ എന്റെ വീട്ടിൽ നിന്നു. മകൾ വളർന്നു വലുതായി. അവൾക്ക് ഒരേ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ. ഒരിക്കലും ഒരു കുറവായി ഞാൻ കണ്ടിട്ടുമില്ല. അവൾ ജന്മനാ സംസാരിക്കാൻ കഴിവില്ലാത്ത കുട്ടിയാണ്. അതുകൊണ്ട് കൂടിയാണ് അവളുടെ വീട്ടിൽ എല്ലാവർക്കും ആ കുഞ്ഞിനോട് ദേഷ്യം. അവൾ എന്റെ പൊന്നോമന അല്ലേ.. അവളോട് ദേഷ്യം കാണിക്കാൻ എനിക്ക് പറ്റില്ലല്ലോ. അവളെ ലാളിച്ചു തന്നെ ഞാൻ വളർത്തി. പേരിന് ഒരു അമ്മ ഉണ്ടെങ്കിലും, അവളുടെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് ഞാൻ തന്നെയാണ്.അവൾ ഇപ്പോൾ ഡിഗ്രി ഒക്കെ കഴിഞ്ഞു നിൽകുകയാണ്..”

മകളെ കുറിച്ച് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ വാൽസല്യം നിറയുന്നത് നിമിഷ ശ്രദ്ധിച്ചു.

” വളരെ സമാധാനപൂർവ്വം മുന്നോട്ടു പോയി കൊണ്ടിരുന്ന ഞങ്ങളുടെ ജീവിതത്തിൽ, ഇപ്പോൾ കരിനിഴൽ വീണിരിക്കുകയാണ്. കുറച്ചു ദിവസങ്ങളായി മകൾക്ക് വല്ലാത്തൊരു സങ്കടം ഉണ്ടെന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു. കാരണം എന്താണെന്ന് അന്വേഷിക്കുമ്പോൾ ഒക്കെ അവൾ ഒന്നും പറയാതെ ഒഴിഞ്ഞു മാറി പോകുമായിരുന്നു. അവൾ ദിവസം ചെല്ലുന്തോറും കൂടുതൽ അന്തർമുഖ ആയി മാറുന്നത് ഭയത്തോടെയാണ് ഞാൻ കണ്ടത്. അവളുടെ അമ്മയോട് കാര്യം അന്വേഷിച്ചെങ്കിലും അവൾക്ക് അറിയില്ല എന്ന് പറഞ്ഞു. പണ്ടുമുതലേ മകളുടെ കരുതി അവൾ ഒന്നും ശ്രദ്ധിക്കാതെ അതുകൊണ്ടുതന്നെ അവളുടെ ആ മറുപടി എനിക്ക് അമ്പരപ്പ് ഒന്നും ഉണ്ടാക്കിയില്ല. എന്തു തോന്നൽ കൊണ്ടാണോ എന്നറിയില്ല ഞാൻ അന്ന് ഉച്ചയ്ക്ക് വീട്ടിലേക്ക് എത്തിയത്.. അന്നായിരുന്നു ആ സംഭവങ്ങളൊക്കെ അരങ്ങേറിയത്.. “

അത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

” അന്ന് എന്താ ഉണ്ടായത്..? “

നിമിഷ ആകാംക്ഷയോടെ ചോദിച്ചു.

” അന്ന് ഞാൻ വീട്ടിലേക്ക് ചെല്ലുമ്പോൾ.. ആരുടെയൊക്കെയോ സംസാരം ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ആരാണ് അതിഥികൾ എന്നറിയാൻ ആകാംക്ഷയോടെയാണ് ഞാൻ അകത്തേക്ക് കയറിയത്. പക്ഷേ അകത്തു കയറിയപ്പോൾ കണ്ട കാഴ്ച, എന്റെ ഭാര്യയുടെ ആങ്ങളയുടെ മകൻ എന്റെ മകളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതാണ്.. അതും എന്റെ ഭാര്യയുടെ കണ്മുന്നിൽ..”

അത്രയും പറഞ്ഞുകൊണ്ട് അയാൾ പൊട്ടിക്കരഞ്ഞു. നിമിഷക്ക് വല്ലായ്മ തോന്നി.

” എന്റെ ഭാര്യ അവനെ എതിർക്കുന്നുമില്ല.. പക്ഷേ എനിക്ക് ആ കാഴ്ച കണ്ട് നിൽക്കാൻ കഴിയില്ലായിരുന്നു.. അതുകൊണ്ട് തന്നെയാണ് ഞാൻ അവനേ തടയാൻ ശ്രമിച്ചത്.. പിടിവലിക്കിടയിൽ എപ്പോഴോ അവൻ എന്റെ മുണ്ട് അഴിച്ചു മാറ്റിയിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ, പിൻവാതിലിലൂടെ അവൻ രക്ഷപ്പെട്ടു. നാട്ടുകാർക്കു മുന്നിൽ എന്നെ തെറ്റുകാരൻ ആക്കി അവതരിപ്പിക്കാൻ എന്റെ ഭാര്യയായിരുന്നു മുൻപന്തിയിൽ.. ശിക്ഷ ഏറ്റുവാങ്ങി ജയിലിൽ പോകാനും എനിക്ക് ഒരു മടിയുമില്ല. പക്ഷേ എന്റെ മകൾ.. അവൾ ഒരിക്കലും അവളുടെ അമ്മയുടെ അടുത്ത് സുരക്ഷിതയല്ല.. അത് മറ്റാരെക്കാളും എനിക്ക് ഇപ്പോൾ അറിയാം.. അവളെ ഓർത്ത് മാത്രമാണ് എനിക്ക് ഭയം.. മോൾക്ക് കഴിയുമെങ്കിൽ എന്റെ മോളെ അവളുടെ അമ്മയുടെ അടുത്തുനിന്ന് രക്ഷപ്പെടുത്തണം.. അത്ര മാത്രമാണ് എന്റെ ആഗ്രഹം… “

അത്രയും പറഞ്ഞുകൊണ്ട് കൂടുതൽ സംസാരിക്കാൻ ഇല്ലാതെ അയാൾ എഴുന്നേറ്റ് പോകുമ്പോൾ, നമ്മൾ കാണുന്നതും കേൾക്കുന്നതും ആയ വാർത്തകളും പിന്നെ ഒരുപാട് ചതിക്കുഴികൾ ഉണ്ടെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുകയായിരുന്നു നിമിഷ…!!