എല്ലാ അമ്മമാരുടെയും സമ്പാദ്യം അവരുടെ മക്കളാണ്. ഒരു നിമിഷം ഒന്നു തിരിഞ്ഞു നോക്കൂ നിങ്ങളുടെ അമ്മയിലേക്ക്….

അമ്മ എന്ന പുണ്യം – രചന: അരുൺ കാർത്തിക്

അമ്മയെ സ്നേഹിക്കുന്നവർക്ക് വേണ്ടി

നീണ്ട നാലു വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോകാനുള്ള ടിക്കറ്റെടുത്ത് വിമാനത്തിൽ ഇരിക്കുമ്പോൾ എന്റെ ചിന്ത മുഴുവൻ അമ്മയെ കുറിച്ചാണ്.

എയർപോർട്ടിൽ ചെന്നിറങ്ങുമ്പോൾ ഞാൻ ആദ്യം തിരയുന്നത് എന്റെ അമ്മയെ ആയിരിക്കും. ചെറുപ്പകാലം നന്നേ ഓർമയില്ലെങ്കിലും ആ അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ ഞാൻ അമ്മയെ ഒരുപാട് ചവിട്ടി വേദനിപ്പിച്ചിരുന്നോ?

കൂട്ടത്തിൽ ചെറുത് ഞാൻ ആയതു കൊണ്ടാവും ഏട്ടനേയും ചേച്ചിയെക്കാളും ഒരുപിടി സ്നേഹം കൂടുതൽ അനുഭവിച്ചാണ് ഞാൻ വളർന്നത്. അച്ഛനോട് സ്നേഹമുള്ളവർ അടുത്തേക്ക് ചെല്ലാൻ വിളിച്ചപ്പോൾ ചേട്ടനും ചേച്ചിയും ഓടി ചെന്നപ്പോഴും അമ്മ എന്നെ വിട്ടുകൊടുക്കാതെ ചേർത്തു പിടിച്ചിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്തു മീറ്റിങ്ങിനു അമ്മ വരണ്ട അച്ഛൻ വന്നാൽ മതി എന്നു പറഞ്ഞു ഞാൻ അമ്മയെ മാറ്റിനിർത്തി. ‘എന്തുകൊണ്ട് അച്ഛൻ’ എന്ന ചോദ്യത്തിന് അമ്മയ്ക്കു പഠിപ്പും സൗന്ദര്യവും കുറവാണെന്നു കേട്ട് ഒന്നും മിണ്ടാതെ ആ അമ്മ തിരിഞ്ഞു നടന്നു.

അറിവുറയ്ക്കാത്ത പ്രായത്തിലെ എന്റെ ആ മറുപടി അമ്മയെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാവും എന്ന് ഞാൻ ഇന്ന് അറിയുന്നമ്മേ.

പിന്നൊരുനാൾ ഹൃദയാഘാതം വന്ന് അച്ഛന്റെ വായിൽ നിന്നു നുരയും പതയുമായി ഞങ്ങളെ വിട്ടകലുമ്പോൾ അതിനു സാക്ഷിയായി നിന്ന അമ്മയോടൊപ്പം ഞാനും ഉണ്ടായിരുന്നു.

ബുദ്ധിയുറയ്ക്കാത്ത പ്രായത്തിൽ അച്ഛനു വേണ്ടി കരയണോ അമ്മയെ ആശ്വസിപ്പിക്കണോ എന്നറിയാതെ പകച്ചുനിന്നപ്പോഴും അമ്മയെന്നെ ചേർത്തു പിടിച്ചിരുന്നു.

പാതിവഴിയിൽ മക്കളുടെ വിദ്യാഭ്യാസം നഷ്ടപ്പെട്ടാലോ എന്ന പേടിയിൽ കൂലിപ്പണിയ്ക്ക് ഇറങ്ങേണ്ടിവന്ന ആ അമ്മയുടെ ഗതികേടിനു കൂട്ടായി എന്റെ കുരുത്തക്കേടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഒരുപാട് പഠിച്ചിട്ടും ബിരുദം നേടിയിട്ടും ജോലിയില്ലാതെ ഏട്ടൻ അലഞ്ഞുതിരിഞ്ഞപ്പോൾ ആ അമ്മയുടെ മനസ്സ് നീറുകയായിരുന്നു. പിന്നീട് ചേച്ചിയുടെ സ്വപ്നമായ ഗവണ്മെന്റ് ജോലി ലഭിക്കാൻ പരീക്ഷാഹാളിനു വെളിയിൽ പലതവണ അമ്മ കൂട്ടിരുന്നപ്പോഴും ആ മനസ്സ് വേദനിച്ചിരുന്നത് ഞാൻ അറിയാൻ വൈകിപോയമ്മേ.

കൂട്ടത്തിൽ പഠിക്കാൻ ഏറെ കഴിവുണ്ടായിട്ടും മദ്യവും മിത്രങ്ങളും താന്തോന്നിത്തരവുമായി ജീവിതം വഴിതെറ്റി നടന്ന എന്നെ പലതവണ മാറിമാറി ഉപദേശിച്ചപ്പോഴും ആ ചങ്കിലെ പിടച്ചിൽ ഞാൻ അറിയാതെ പോയി.

മറ്റൊരിക്കൽ പ്രണയിച്ച പെണ്ണെന്നെ വിട്ടകന്നപ്പോഴും അസുഖം വന്ന് ആശുപത്രികിടക്കയിൽ ആയപ്പോഴും എന്നെ സാന്ത്വനിപ്പിച്ചത് അമ്മയുടെ മടിത്തട്ടിൽ ആയിരുന്നു. എല്ലാ കഷ്ടപ്പാടുകൾക്കും വിരാമമിട്ടുകൊണ്ട് ഏട്ടൻ ഗൾഫിലേക്ക് പറന്നപ്പോൾ ആദ്യമായി ആ അമ്മയുടെ മുഖത്തു ഞാൻ സന്തോഷം കണ്ടു.

പരീക്ഷാഫലം ഗവണ്മെന്റ് ജോലിയായി ചേച്ചിക്ക് ലഭിച്ചപ്പോൾ ആ അമ്മയുടെ മുഖത്തു ഒരു ചെറുസൂര്യോദയത്തിൻ തിളക്കമായിരുന്നു. ഏട്ടന്റെ ശ്രമഫലമായി പുതിയ ഗൃഹം എന്ന അമ്മയുടെ സ്വപ്നം സഫലമാവുകയായിരുന്നു. അപ്പോഴും അമ്മ തന്റെ തൊഴിൽ നിർത്തിയിരുന്നില്ല.

ചേച്ചിയെ വിവാഹം ചെയ്തയച്ചപ്പോൾ അമ്മയുടെ കൂടെ അച്ഛൻ ഇല്ലാത്ത ദുഃഖം ആ കണ്ണു നിറഞ്ഞു പുറത്തോട്ടു വന്നപ്പോഴും ആശ്വസിപ്പിക്കാൻ ഞാൻ അമ്മയുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു.

ഏട്ടൻ വിവാഹം കഴിച്ച പെണ്ണ് വീടിനകത്തേക്ക് വന്നപ്പോൾ സന്തോഷിച്ചെങ്കിലും, നിലവിളക്കു കൊളുത്തി സ്വീകരിക്കാനാവാതെ മാറിനിന്ന അമ്മയുടെ ഉള്ളം എത്ര പിടഞ്ഞുവെന്ന് ഞാൻ അറിയാതെ പോയമ്മേ.

വിവാഹത്തിരക്കിനിടയിൽ എപ്പോഴോ ഏട്ടൻ അമ്മയ്ക്ക് സാരി മേടിച്ചു കൊടുക്കാൻ മറന്നപ്പോൾ എന്നോട് മാത്രമായി വന്ന് പരാതി പറഞ്ഞു, വിഷമത്തോടെ നടന്നു നീങ്ങിയ അമ്മയുടെ ചിത്രം ഇപ്പോഴും എന്റെ ഓർമയിലുണ്ട്.

പലവഴി പരീക്ഷിച്ചിട്ടും എവിടെയും എത്താതെ പോയ ഞാനായിരുന്നു അമ്മയുടെ അടുത്ത ദുഃഖം. ഗൃഹത്തിനും കല്യാണത്തിനുമെടുത്ത കടം പലിശയും കൂട്ടുപലിശയുമായി വർധിച്ചു വന്നപ്പോൾ ഇനിയുമാ അമ്മയ്ക്ക് വയ്യെന്നറിഞ്ഞ ഞാൻ, ഏട്ടനോടൊപ്പം ഗൾഫിലേക്ക് യാത്രയായി.

അമ്മയെ പിരിയുവാൻ മടിയുണ്ടായിട്ടും എന്റെ യാത്ര ആ അമ്മയുടെ അവസാനവിജയമാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. കടങ്ങൾ ഓരോന്നോരോന്നായി വീട്ടിയപ്പോൾ ഞാനറിഞ്ഞു, ഇത് അമ്മയ്ക്കു തിരിച്ചു നൽകുന്ന പ്രതിഫലമെന്നു (വീട്ടുവാൻ സാധിക്കില്ല ഒരിക്കലും ).

അവസാനം എയർപോർട്ടിൽ ചെന്നിറങ്ങുമ്പോൾ ഞാൻ കണ്ടത് മണിക്കൂറുകളായി അക്ഷമയോടെ എന്നെ മാത്രം കാത്തിരിക്കുന്ന ആ കണ്ണുകളെയാണ്. ഓടിച്ചെന്നു കെട്ടിപിടിച്ചു അമ്മയുടെ കഴുത്തിൽ ഒരു സ്വർണമാല ഇട്ടുകൊടുത്തിട്ട് ഞാൻ പറഞ്ഞു…

അമ്മേ പണ്ടൊരിക്കൽ അയൽവീട്ടിലെ കല്യാണത്തിന് പോവാൻ മാലയില്ലെന്നു പറഞ്ഞതും, വരവുമാലയ്ക്കു ക്ലാവ് പിടിച്ചിട്ടു സോപ്പിട്ടു കുറെ കഴുകിയിട്ടും, കളറില്ലാതെ വന്നപ്പോൾ പനിയാണെന്നു കള്ളം പറഞ്ഞു കല്യാണത്തിന് പോവാതിരുന്നപോലെ ഇനി ഉണ്ടാവേണ്ട…എന്റെ വിയർപ്പിന്റെ വിലയാണമ്മേ ഈ മാല.

പക്ഷെ, ആ മാല തിരിച്ചു എന്റെ കഴുത്തിലിട്ടു കൊണ്ട് അമ്മ പറഞ്ഞു. എനിക്ക് ഇനി മാല വേണ്ട മോനെ. എന്റെ വിയർപ്പുള്ള മോൻ എന്റെ കൂടെയുണ്ടല്ലോ, എനിക്കു അതുമതി.

എല്ലാ അമ്മമാരുടെയും സമ്പാദ്യം അവരുടെ മക്കളാണ്. ഒരു നിമിഷം ഒന്നു തിരിഞ്ഞു നോക്കൂ നിങ്ങളുടെ അമ്മയിലേക്ക്….