അയാൾ പ്രതീക്ഷയോടെ ഓരോരുത്തരെയും മാറി മാറി നോക്കി. പക്ഷേ അവർക്ക് ആർക്കും ആരുടെ ഭാഗത്ത് നിൽക്കണം എന്ന് വ്യക്തമായ ധാരണ

ഭ്രാന്തൻ

രചന : അപ്പു

:::::::::::::::::::::

“ഇവൾക്ക്.. ഇവൾക്ക് ഭ്രാ ന്ത് ആണ്.. അല്ലാതെ ഞാൻ.. “

അയാൾ പകപ്പോടെ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്.. പക്ഷെ, അവളുടെ കണ്ണിൽ അഗ്നിയായിരുന്നു. അവനെ അപ്പാടെ വിഴുങ്ങാൻ കെൾപ്പുള്ള അഗ്നി…!

അവരുടെ രണ്ടാളുടെയും വീട്ടുകാർ ആർക്കൊപ്പം നിൽക്കണം എന്നറിയാതെ പകച്ചു നിൽക്കുന്നുണ്ടായിരുന്നു..

“നിങ്ങൾ തന്നെ ഓർത്തു നോക്ക്… ഞാൻ.. ഞാൻ അങ്ങനെ ചെയ്യുവോ… എന്റെ… എന്റെ അല്ലേ..?”

അയാൾ പ്രതീക്ഷയോടെ ഓരോരുത്തരെയും മാറി മാറി നോക്കി. പക്ഷേ അവർക്ക് ആർക്കും ആരുടെ ഭാഗത്ത് നിൽക്കണം എന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. അവരിൽ ആരു പറയുന്നത് കേൾക്കണം എന്ന് അവർക്ക് അറിയുന്നുണ്ടായിരുന്നില്ല.

“മോളെ.. നീ പറയുന്നത് എന്താണെന്ന് ഞങ്ങൾക്ക് ആർക്കും വ്യക്തമായി മനസ്സിലാവുന്നില്ല.. ഒന്ന് പറഞ്ഞു തരാമോ..?”

ദയനീയമായി ചോദിക്കുന്ന അച്ഛനോട് മറുപടി പറയാതെ അവൾ അയാളെ തുറിച്ചു നോക്കി.

“അച്ഛന്റെ മിണ്ടാട്ടം ഇപ്പോഴും മുട്ടി പോയിട്ടില്ല അല്ലേ..? ഇതിനു മുൻപ് ഒരിക്കലും ഇങ്ങനെ ശബ്ദമുയർത്തി സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ലല്ലോ..”

പുച്ഛത്തോടെ മകൾ പറഞ്ഞത് കേട്ട് അയാൾക്ക് തൊലി ഉരിഞ്ഞു പോകുന്നത് പോലെ തോന്നി.

” ഡി.. പറഞ്ഞു പറഞ്ഞു നിനക്ക് എന്തും പറയാം എന്ന് ആയോ…? നീ നിന്റെ അച്ഛനോട് ആണ് എതിർത്ത് പറയുന്നത് എന്ന് നീ മറക്കരുത്.. “

അമ്മ ശബ്ദമുയർത്തി.

“നിങ്ങളോടൊക്കെ എനിക്ക് പുച്ഛം എന്ന വികാരം അല്ലാതെ മറ്റൊന്നും തോന്നാൻ പോകുന്നില്ല.. അതുകൊണ്ട് തന്നെ നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കുകയുമില്ല…”

അവൾ പരിഹാസത്തോടെ പറഞ്ഞത് കേട്ട് അവരുടെ ദേഷ്യം വർധിച്ചതേയുള്ളൂ.

” നീ പറയുന്ന ഭ്രാ ന്തുകൾ കേട്ടു നിൽക്കാൻ ഞങ്ങൾക്ക് ആർക്കും സമയം ഇല്ല.. അതുകൊണ്ട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വേഗം പറഞ്ഞു തീർത്താൽ നന്നായിരുന്നു.. “

അസഹിഷ്ണുതയോടെ അവർ പറഞ്ഞു.അവൾ അവരെ ഒരു നിമിഷം നോക്കി നിന്നു. പിന്നെ അവൾ പറഞ്ഞു തുടങ്ങി.

” ഈ നിൽക്കുന്ന വിഘ്നേഷ് എന്ന നിങ്ങളുടെ മരുമകന്റെ വിവാഹാലോചന സമയത്ത് നിങ്ങൾ ഓരോരുത്തരോടും ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇപ്പോൾ വിവാഹം വേണ്ട.. എനിക്ക് പഠിക്കണം എന്ന്.. അപ്പോൾ നിങ്ങൾക്കൊക്കെ എന്റെ ജാതകം ആയിരുന്നു എന്നെക്കാൾ പ്രാധാന്യം ഉള്ള സാധനം..! ആ ജാതകത്തിൽ എപ്പോഴെങ്കിലും എഴുതി വച്ചിരുന്നോ എന്റെ ഭർത്താവ് മാനസികരോഗമുള്ള ആള് ആയിരിക്കുമെന്ന്..? “

അവൾ ചോദിച്ചത് കേട്ട് അവളുടെ അച്ഛനും അമ്മയ്ക്കും പുറമെ അവന്റെ അച്ഛനും അമ്മയും പെങ്ങളും ഒക്കെ ഞെട്ടിയിരുന്നു.

“ദേ.. നീ അനാവശ്യം പറയരുത്.. നിനക്ക് ഞങ്ങളുടെ ചെക്കനെ ഒഴിവാക്കണമെങ്കിൽ അത് പറഞ്ഞാൽ മതി. അല്ലാതെ നട്ടാൽ കുരുക്കാത്ത നുണകൾ ഒന്നും പറയണ്ട..”

അവന്റെ അമ്മ അവൾക്ക് നേരെ ചീറി.

” ഏതെങ്കിലും ഒരു പെണ്ണ് തന്റെ ജീവിതം നശിച്ചു പോകട്ടെ എന്ന് ആഗ്രഹിക്കുമോ..?”

അവൾ മറുചോദ്യം ചോദിച്ചു.

“സാധാരണ പെൺകുട്ടികൾ ഒന്നും അങ്ങനെ അല്ലായിരിക്കും.. പക്ഷെ, നിന്റെ കാര്യത്തിൽ എനിക്ക് ആ ഉറപ്പ് ഇല്ല..”

നാത്തൂൻ ആയിരുന്നു മറുപടി പറഞ്ഞത്..! ആ മറുപടി കേട്ട് അവൾ പൊട്ടിച്ചിരിച്ചു.

“ആഹാ.. അപ്പോ എന്റെ സ്വഭാവം നല്ലതല്ല എന്നാണ് നീ പറയുന്നത്.. ഈ പറയുന്ന നിന്റെ സ്വഭാവം ഫസ്റ്റ് ക്ലാസ്സ്‌ ആയതു കൊണ്ട് ആയിരിക്കുമല്ലേ കെട്ടിയോന്റെ വീട്ടിൽ നിന്ന് തല്ല് കൂടി ഇവിടെ വന്നു നിൽക്കുന്നത്..? “

പരിഹാസത്തോടെയുള്ള അവളുടെ മറുപടി ചെറുതായിട്ടൊന്നുമല്ല നാത്തൂനെ ചൊടിപ്പിച്ചത്.

” നീ ഞങ്ങളെ എല്ലാവരെയും ഇവിടെ വിളിച്ചു വരുത്തി ഈ നാടകം കളിക്കുന്നത് എന്തിനാണെന്ന് പറയൂ.. അല്ലാതെ നിന്റെ ഭ്രാ ന്തിനു കൂട്ടുനിൽക്കാൻ ഒന്നും ഇവിടെ ആർക്കും നേരമില്ല…”

തനിക്ക് ഏറ്റ അപമാനം സഹിക്കാൻ വയ്യാതെ നാത്തൂൻ പറഞ്ഞു.

” അതുതന്നെയാണ് ഞാൻ ആദ്യമേ പറഞ്ഞത്.. നിങ്ങളുടെ സഹോദരൻ ഒരു മാനസികരോ ഗി ആണെന്ന്.. ആ പറഞ്ഞത് വിശ്വസിക്കാൻ നിങ്ങൾ തയ്യാറല്ല.. പിന്നെ ഞാനെന്തു വേണം..? “

എല്ലാവരും പരസ്പരം നോക്കി.

” അവൻ മാനസികരോഗി ആണെന്ന് നീ പറയാൻ എന്താ കാരണം..? ആദ്യം അത് പറയൂ.. ഇത്രയും വർഷങ്ങൾ ഞങ്ങളോടൊപ്പം ജീവിച്ച അവനു ഇങ്ങനെ ഒരു പ്രശ്നം ഉള്ളതായി ഞങ്ങൾക്ക് ആർക്കും അറിയില്ല.. തെളിവുകളില്ലാതെ നീ പറയുന്ന കാര്യം വിശ്വസിക്കാൻ ഞങ്ങൾക്ക് കഴിയുകയുമില്ല.. “

അവന്റെ അമ്മയാണ് മറുപടി പറഞ്ഞത്.

” അമ്മയുടെ മകൻ മാനസിക രോ ഗിയാണ് എന്ന് ഞാൻ പറഞ്ഞതിന് അർത്ഥം സാധാരണ ഉള്ള ഭ്രാ ന്തന്മാരെ പോലെയാണ് എന്നല്ല.. എന്നാൽ അയാൾക്ക് മാനസികമായി വൈകൃ തം ഉണ്ട്.. കല്യാണം കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വന്നു കയറിയ ദിവസം മുതൽ ഞാൻ അനുഭവിക്കുന്നത് ആണ് അത്‌.. “

ആ ഓർമയിൽ അവൾ ഒന്ന് വിറച്ചു.. അവളുടെ ചുണ്ടുകൾ വിതുമ്പി. അവളുടെ ആ ഭാവം കണ്ട് അവർക്കൊക്കെ അലിവ് തോന്നിയെങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി അറിയേണ്ടത് ആവശ്യം ആണല്ലോ…!

“അയാൾ.. പകൽ മുഴുവൻ അയാൾ നല്ലവൻ ആണ്.. സമൂഹത്തിന് മുന്നിൽ ഭാര്യയെ സ്നേഹിക്കുന്ന, അവളെ ജീവനായി കരുതുന്ന പുരുഷൻ ആണ്..! പക്ഷെ, രാത്രി ആകുന്നതോടെ അയാളുടെ സ്വഭാവം മാറും.സത്യം പറഞ്ഞാൽ, നിങ്ങളോടൊക്കെ ഇത് പറയാൻ എനിക്ക് വല്ലാത്ത പ്രയാസം ഉണ്ട്. പക്ഷെ… പറയാതെ വയ്യല്ലോ.. അയാൾക്ക് പല തരത്തിൽ ഉള്ള ര തി വൈ കൃതങ്ങൾ ആണ്..”

അവൾ പറഞ്ഞ വാക്കുകൾ പകപ്പോടെ ആണ് അവർ ഒക്കെ കേട്ടത്.

” വഴിയിൽ കാണുന്നതും, അയലത്ത് താമസിക്കുന്നതുമായ ഓരോ പെൺകുട്ടിയുടേയും ശരീരം വർണിച്ച്, രാത്രിയിൽ എന്നെ ഭോ ഗിക്കുന്ന ഒരുവന് മാനസിക പ്രശ്നം എന്നല്ലാതെ മറ്റെന്തു പറയാനാണ്..? പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്കറിയില്ല.. സ്വന്തം പെങ്ങൾ ആണ് എന്നൊരു ചിന്തയില്ലാതെ പലപ്പോഴും നിങ്ങളെപ്പോലും അയാൾ വർണിച്ചിട്ടുണ്ട്. ഇയാൾക്ക് ഭ്രാ ന്ത് അല്ലാതെ മറ്റെന്ത് ആണ്..? “

അവൾ ചോദിച്ചത് കേട്ട് അവർ തറഞ്ഞിരുന്നു പോയി. അറപ്പോടെ അവർ അവനെ നോക്കുമ്പോൾ അവൻ തലകുനിച്ചു. അതിൽ നിന്ന് തന്നെ അവൾ പറഞ്ഞത് എന്തൊക്കെയോ സത്യങ്ങൾ ഉണ്ട് എന്ന് അവർ മനസ്സിലാക്കി.

” ഞാൻ പറയുന്നതൊക്കെ നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം..അല്ലെങ്കിൽ വിശ്വസിക്കാതിരിക്കാം.. ഇതിനു വേണ്ടി പല സിനിമകളും ഇറക്കുന്നുണ്ടല്ലോ.. അതൊക്കെ കണ്ടു അത് മുഴുവൻ എന്റെ മേൽ പരീക്ഷിക്കാനാണ് ഇയാൾക്ക് താല്പര്യം..! അയാളുടെ ഈ ചെയ്തികൾ ഒക്കെ ഞാൻ സഹിച്ചത് എന്റെ താഴെ ഒരു പെൺകുട്ടി കൂടി വളർന്നു വരുന്നുണ്ട് എന്ന് എന്റെ അമ്മയുടെ നിരന്തരമായ ഓർമ്മപ്പെടുത്തൽ നിമിത്തമാണ്. ഇനിയും എനിക്ക് ഒന്നിനും വയ്യ.. അതുകൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ ഇതൊക്കെ തുറന്നു പറയുന്നത്.. “

അത്രയും പറഞ്ഞപ്പോഴേക്കും അവൾ ഒന്ന് എങ്ങി പോയി.

” എന്റെ വയറ്റിൽ വളർന്നു വന്ന ഞങ്ങളുടെ കുഞ്ഞ് എങ്ങനെയാണ് നഷ്ടമായത് എന്ന് നിങ്ങൾക്കറിയാമോ..? ഞാൻ പ്രഗ്നന്റ് ആണ് എന്ന് പറഞ്ഞത് ഇയാൾ എന്നോട് പറഞ്ഞത് ഉടനെ ഒന്നും ഒരു കുട്ടിയെ വേണ്ട അതിനെ നശിപ്പിച്ചു കളയാം എന്നായിരുന്നു. അതിനുള്ള കാരണം ഞാൻ ചോദിച്ചപ്പോൾ ഇയാൾ എന്തു മറുപടിയാണ് തന്നത് എന്ന് അറിയാമോ..? ഉടനെ ഞാൻ ഗ ർഭം ധരിച്ചാൽ അയാൾക്ക് കാര്യങ്ങൾ ഒന്നും നടക്കില്ല എന്ന് … ഇത്രയും വി കൃതമായി ചിന്തിക്കുന്ന ഇയാളെ ഞാൻ മാനസികരോഗി എന്നല്ലാതെ മറ്റെന്തു വിളിക്കണം..? അയാളുടെ ആവശ്യത്തെ ഞാൻ എതിർത്തത് കൊണ്ടായിരിക്കും അയാൾക്ക് പിന്നീട് എന്നോട് വല്ലാത്ത പകയായിരുന്നു.. അതിന്റെ പരിണിതഫലമാണ് ഒരു ദിവസം മ ദ്യപിച്ച് വന്നു എന്റെ അടിവ യറ്റിൽ തൊഴിച്ചു അയാൾ തീർത്തത്. എന്നിട്ടും അയാൾ നിങ്ങളോടൊക്കെ പറഞ്ഞത് ഞാൻ ശ്രദ്ധയില്ലാതെ നടന്നതുകൊണ്ട് വീണതാണെന്ന്. അതിന്റെ കുറ്റപ്പെടുത്തലുകൾ മുഴുവൻ ഞാൻ കേൾക്കേണ്ടി വന്നു. ഇനി എനിക്ക് ഒന്നിനും വയ്യ.. സമാധാനത്തോടെ എനിക്ക് ഇനിയെങ്കിലും ജീവിക്കണം… “

എല്ലാവർക്കും നേരെ അവൾ കൈകൂപ്പിക്കൊണ്ട് പറയുമ്പോൾ അത്രയും സമയം അവളെ കുറ്റപ്പെടുത്തിയിരുന്നവർക്കൊന്നും പറയാൻ മറുപടി ഉണ്ടായിരുന്നില്ല. അപ്പോൾ തെറ്റു കാരനെ പോലെ തലകുനിച്ച് അയാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു.

തന്റെ മകളുടെ ജീവനെ മുൻനിർത്തി, അവിടെ വച്ച് തന്നെ ഡിവോഴ്സിന് തീരുമാനമെടുക്കുമ്പോൾ, ഇനി ഒരിക്കലും മകളെ ഇങ്ങനെ ഒരു പരീക്ഷണത്തിന് വിടില്ല എന്ന് അവളുടെ മാതാപിതാക്കൾ കൂടി തീരുമാനമെടുക്കുകയായിരുന്നു.

അവനെ എത്രയും വേഗം ഒരു ചികിത്സയ്ക്കു വിധേയമാക്കണം എന്ന് ഉപദേശിക്കുമ്പോൾ, അവളുടെ കണ്ണ് നിറഞ്ഞു. എപ്പോഴൊക്കെയോ അവനെ സ്നേഹിച്ചു പോയ അവളുടെ മനസ്സിന് അവന്റെ ഈ അസുഖം അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..! അപ്പോഴും തന്റെ കുഞ്ഞിന്റെ ഘാ തകൻ എന്നുള്ള ചിന്ത അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു. അത് അവനോടുള്ള വെറുപ്പ് കൂട്ടിയതേയുള്ളൂ..!

മാസങ്ങൾക്ക് അപ്പുറം ഡിവോഴ്സ് ലഭിച്ച അവൾ സ്വതന്ത്രയാണ്. സ്വന്തം ഇഷ്ടത്തിന് ജോലി ചെയ്തു ജീവിക്കുന്ന ഒരു പെണ്ണ്.. അപ്പോഴും മാനസികാരോഗ്യ കേന്ദ്രത്തിലെ അടച്ചിട്ട സെല്ലിനുള്ളിൽ അവനുണ്ടായിരുന്നു. എന്നെങ്കിലും അവന്റെ അസുഖത്തിൽ നിന്ന് ഒരു മോചനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..!!!

✍️അപ്പു