കണ്ണീരുപ്പിട്ട കണ്ണി മാങ്ങ
രചന:മുഹമ്മദ് ഫൈസൽ ആനമങ്ങാട്
::::::::::::::::::::
“”അമ്മേ…നമ്മളെ വെള്ള മൂവാണ്ടൻ മാവ് നിറയെ പൂത്തിരിക്കുന്നമ്മേ””.. നന്ദൂട്ടൻ അതിരാവിലെ തന്നെ അടുക്കളയിലേക്ക് തുള്ളി ചാടി കയറി കൊണ്ട് പറഞ്ഞു.
അടുക്കളയിൽ ദോശക്ക് കൂട്ടി വെച്ച മാവ് അടിച്ചു പതം വരുത്തുകയായിരുന്ന നന്ദൂട്ടന്റെ അമ്മ ബിന്ദു തിരിഞ്ഞു നോക്കി. നന്ദൂട്ടൻ സന്തോഷത്തിൽ വെളുക്കെ ചിരിച്ചു കൊണ്ട് നിൽക്കുകയാണ്.
“”ആണോടാ കുട്ടാ… ഞാൻ കണ്ടില്ലല്ലോ””.ബിന്ദു ചിരിച്ചു..
അവർ കൈകൾ മാക്സിയിൽ തുടച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്ന് കവിളിൽ പിടിച്ചു തലോടി. അവൻ കുടുകുടേ ചിരിച്ചു.
“”ആ അമ്മേ… നിറയേ പൂത്തിരിക്ക്യാ…അമ്മ വന്നേ.. ഞാൻ കാണിച്ചു തരാം””. അവൻ അമ്മയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ചിണുങ്ങി..
ബിന്ദു ചിരിച്ചുകൊണ്ട് നന്ദൂട്ടനെ എടുത്ത് ഒക്കത്ത് വെച്ചു. അടുക്കളയിൽ നിന്നു പുറത്തേക്കിറങ്ങി.
“”ഓഹ്… ആറ് വയസായി..എന്നിട്ടും കുട്ടനെ അമ്മ എടുത്തു നടക്കാണോ..അയ്യേ.. നാണമില്ലേ നന്ദൂട്ടാ””…അടുക്കള പുറത്തു കിണറ്റിൽ കരയിൽ നിന്ന് പല്ല് തേക്കുകയായിരുന്ന നന്ദൂട്ടന്റെ അച്ഛൻ മധു ചിരിച്ചു കൊണ്ട് ചോദിച്ചു.
“അച്ഛാ .. വെള്ളമൂവാണ്ടൻ മാവ് പൂത്തു… അച്ഛൻ കണ്ടോ “”.. നന്ദൂട്ടൻ അമ്മയുടെ ഒക്കത്ത് നിന്നു ചാടിയിറങ്ങി അച്ഛന്റെ അടുത്തേക്ക് ഓടി ചെന്നു കൊണ്ട് പറഞ്ഞു..
“”അച്ഛൻ കണ്ടില്ല കുട്ടാ.. അച്ഛന് എവിടെടാ ഇതൊക്കെ നോക്കാൻ നേരം.. ജോലി കഴിഞ്ഞെത്തുമ്പോഴേക്കും ഇരുട്ടവും.. നീ പോലും ഉറങ്ങിയിട്ടുണ്ടാവും…പിന്നാ മൂവാണ്ടൻ മാവ്.””…മധു അവനെ എടുത്തു ഒക്കത്ത് വെച്ചു കൊണ്ട് പറഞ്ഞു..
“”കുട്ടാ…ഇനി അച്ചച്ഛനെ വിളിക്കണോ… മാവ് പൂത്തത് കാണിക്കാൻ? “”..അമ്മ ബിന്ദു നന്ദൂട്ടനെ കളിയാക്കി കൊണ്ട് ചോദിച്ചു.
അവൻ നാണം കൊണ്ടൊന്നു കണ്ണിറുക്കി കാണിച്ചു… ഒരു കയ്യിൽ അമ്മയും മറ്റേ കൈ അച്ഛനും പിടിച്ചു നന്ദൂട്ടൻ തൊടിയിലെ മൂവാണ്ടൻ മാവ് ലക്ഷ്യമാക്കി നടന്നു. വിസ്താരമേറിയ ആ തൊടിയുടെ നടുവിലായി ആ വെള്ളമൂവാണ്ടൻ മാവ് പൂത്തുലഞ്ഞു നിൽക്കുന്നത് ബിന്ദുവും മധുവും നന്ദൂട്ടനും നോക്കി…
ഇളം മഞ്ഞ നിറമണിഞ്ഞ മാമ്പൂക്കൾ.. തലങ്ങും വിലങ്ങും നിറയേ പൂത്തിരിക്കുന്നു. മാമ്പൂവിന്റെ മനം കുളിർക്കുന്നൊരു ഗന്ധം അവിടെ നിറഞ്ഞിരുന്നു. ഇടക്കിടെ ചെറിയ ചെറിയ പച്ച പൊട്ടുകൾ പോലെ കുഞ്ഞു മാങ്ങകൾ കാണാം..ഇലകളുടെ കാഴ്‌ച്ച കൺവെട്ടത്തു പോലും വരുന്നില്ല.. അത്രക്കുണ്ട് മാമ്പൂക്കളുടെ ബാഹുല്യം…
“”ശരിയാണല്ലോടീ ബിന്ദൂ കുട്ടൻ പറഞ്ഞത്. നന്നായി പൂത്തിരിക്കുന്നു.. അല്ലേ?””..മധു സന്തോഷത്തോടെ പറഞ്ഞു.
“”പിന്നല്ലാതെ….കഴിഞ്ഞ കൊല്ലം പൂക്കാത്തതിന്റെ കടം വീട്ടിയതാവും…അല്ലേ മധുവേട്ടാ””. ബിന്ദു ചിരിച്ചു കൊണ്ട് പറഞ്ഞു..
മധു ബിന്ദുവിനെ തല ചെരിച്ചു ഒന്ന് നോക്കി.. അവർ നാണം കൊണ്ട് തല താഴ്ത്തി.. മാവിലേക്ക് തന്നെ നോക്കി നിന്നിരുന്ന നന്ദൂട്ടന്റെ നീണ്ട തലമുടിയിൽ ബിന്ദു തടവി കൊണ്ടിരുന്നു. എങ്കിലും ഒളികണ്ണിട്ട് മധുവിനെ നോക്കി.
“”വല്ലതും ഓർമ്മ വരുന്നുണ്ടോടി..ഇത്ര നാണം?”” മധു ബിന്ദുവിനോട് കണ്ണിറുക്കി കൊണ്ട് ചോദിച്ചു.
ബിന്ദു ചിരിച്ചു….
“”ഈ മാവ് ആദ്യമായി പൂത്തതും നീ ഇവനെ പൂത്തതും ഒരു ദിവസം…നിനക്ക് കണ്ണി മാങ്ങ തിന്നാൻ കൊതിയായിട്ട് എന്നെ നീ ഇതിനു മുകളിൽ വലിഞ്ഞു കയറ്റിയത് മറക്കാൻ പറ്റുമോ””. മധു ചിരിച്ചു കൊണ്ട് പറഞ്ഞു..
ബിന്ദു പൊട്ടിച്ചിരിച്ചു.. ഒന്നും മനസ്സിലാകാതെ നന്ദൂട്ടൻ അച്ഛനെയും അമ്മയേയും മാറി മാറി നോക്കി..
“അതേ…. ഒന്നൂല്ല കുട്ടാ… ഒരു പാട് നേർച്ചകളും വഴിപാടുകളും നേർന്നിട്ടാണ് ഭഗവാൻ നിന്നെ ഞങ്ങൾക്ക് തന്നതെന്നു””..ബിന്ദു നന്ദൂട്ടനോട് പറഞ്ഞു..
അവനെ വാരിയെടുത്തു കവിളിൽ ഉമ്മ വെച്ചു.
“”അതേടാ… കുട്ടാ… നിന്റെ അമ്മ പിന്നെ പൂത്തില്ല… ഈ മാവ് പോലെ തന്നെ””….മധു ചിരിച്ചു കൊണ്ട് പറഞ്ഞു..
ഇത് കേട്ട ബിന്ദുവിന്റെ മുഖം വാടി…മധുവിന്റെ വാക്കുകൾ അവരുടെ ഉള്ളകം കണ്ണിമാങ്ങാ ചുണ പോലെ പൊള്ളിച്ചു..
“സാരല്ലെടീ…ഞാൻ ഒരു തമാശ പറഞ്ഞതല്ലേ… നമുക്ക് ഈ ചക്കരകുട്ടൻ മതിയെടീ””..മധു അവരുടെ കയ്യിൽ നിന്ന് നന്ദൂട്ടനെ വാങ്ങി ഒക്കത്ത് വെച്ചു ഉമ്മ വെച്ചു.
അവർ തിരിച്ചു വീട്ടിലേക്ക് നടന്നു.
“”കുട്ടാ…ഇവനെ പഴുക്കാൻ വിട്ടാൽ നന്നാവില്ല.. നമുക്ക് ഇവനെ ഉപ്പിലിടാം.. നന്ദൂട്ടനു എന്നും സ്കൂളിൽ പോകുമ്പൊ ഓരോ മാങ്ങ ചെത്തി ചോറിന്റെ കൂടെ കൊണ്ട് പോകാം.. എന്തൊരു രുചിയാണെന്നോ. മുളകും കൂട്ടി തിന്നാൻ””.ഇത് പറയുമ്പോൾ മധുവിന്റെ വായിൽ വെള്ളമൂറി.
അച്ഛന്റെ വാക്കുകൾ കേട്ട നന്ദൂട്ടന്റെ വായിലും വെള്ളമൂറി.. ഒരു കപ്പലോടിക്കാൻ പാകത്തിന്… അവൻ അത് നുണഞ്ഞിറക്കി..
വീട്ടിലെത്തിയ നന്ദൂട്ടൻ ഓടി അച്ഛച്ചന്റെ മുറിയിൽ കയറി. മൂടി പുതച്ചുറങ്ങുകയായിരുന്ന അച്ഛച്ചന്റെ പുതപ്പ് അവൻ വലിച്ചൂരി.
“”അച്ചച്ചാ…വെള്ള മൂവാണ്ടൻ മാവ് പൂത്തു.. അത് വലുതായിട്ട് ഉപ്പുമാങ്ങ ഇടും ഞങ്ങൾ. എന്നിട്ട് എന്നും ഓരോന്ന് ഞാൻ ചോറിന്റെ കൂടെ കൂട്ടും.”” നന്ദൂട്ടൻ വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു..
അച്ഛച്ചൻ ചിരിച്ചു… അവൻ കട്ടിലിൽ കയറി അയാളോട് പറ്റി ചേർന്ന് കിടന്നു..
“”എടാ.. കുട്ടാ.. മാമ്പൂ കണ്ട് സന്തോഷിക്കാൻ പാടില്ല.. ഒരു മഴയെങ്ങാൻ പെയ്താൽ പൂവുകൾ ചറപറാ കൊഴിയും.. ബാക്കിയുള്ളതിൽ കുറച്ചു കരിഞ്ഞു പോകും. പിന്നെ അണ്ണാനും കിളികളും ഒക്കെ തിന്നും.. ബാക്കിയുള്ളതേ നന്ദൂട്ടാ നമുക്ക് കിട്ടൂ””..അച്ഛച്ചൻ അവനെ തലോടി കൊണ്ട് പറഞ്ഞു..
ഇത് കേട്ട നന്ദൂട്ടന്റെ മുഖം വാടിയ കണ്ണി മാങ്ങ പോലെ കറുത്തു .ആകെ നിരാശ പടർന്ന അവൻ കമിഴ്ന്നു കിടന്നു.
“”എടാ…. എന്നാലും എന്റെ കുട്ടന് ഒരു ഭരണി ഉപ്പുമാങ്ങ ഇടാനുള്ളതൊക്കെ ആ മാവ് തരും.. ട്ടോ…ഈശ്വരനോട് പറ..കുട്ട്യോള് പറഞ്ഞാ ഈശ്വരൻ കേൾക്കും””. അച്ഛച്ചൻ പറഞ്ഞു.
ഇത് കേട്ട അവന്റെ മുഖം ചെറുതായി ഒന്ന് വിടർന്നു
“”ഈശ്വരാ…ഒന്നും കരിഞ്ഞു പോകല്ലേ… കിളികളും അണ്ണാനുമൊക്കെ വേണമെങ്കിൽ തിന്നോട്ടെ””..അവൻ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു പ്രാർത്ഥിച്ചു.
ഇത് കണ്ട അവന്റെ അച്ഛച്ചൻ കുലുങ്ങി ചിരിച്ചു.. അവൻ എഴുന്നേറ്റു ഓടി…
നന്ദൂട്ടൻ കാത്തിരുന്നു.. എന്നും ആ വെള്ളമൂവാണ്ടൻ മാവിനടിയിൽ പോയി നോക്കും. കൊഴിഞ്ഞ മാമ്പൂക്കൾ കയ്യിലെടുത്തു മാവിനെ നോക്കി പയ്യാരം പറയും.. വടിയെടുത്തു മാവിനെ പൊതിരെ തല്ലി അനുസരണ പഠിപ്പിക്കും.. “”ദേ… മാവേ…ഇനി ഇങ്ങനെ പൂക്കൾ പൊഴിക്കരുത്.. എനിക്ക് ഉപ്പുമാങ്ങ ഇടാനുള്ളതാ””…
ദിവസങ്ങൾ കൊഴിഞ്ഞു പോയി..നന്ദൂട്ടൻ മാവിന് കാവലിരിപ്പ് തുടർന്നു..നന്ദൂട്ടന്റെ ആഗ്രഹം പോലെ വേനൽ മഴ പെയ്തില്ല.. എങ്കിലും പൂവുകൾ വാടികരിഞ്ഞു വീണു കൊണ്ടിരുന്നു.. നന്ദൂട്ടന്റെ നെഞ്ചിൽ നിരാശ തളം കെട്ടി തുടങ്ങി…
“എന്റെ പൊന്നു കുട്ടാ.. നീ ഇങ്ങനെ സങ്കട പെടുന്നത് എന്തിനാ… നിനക്ക് ഉള്ള മാങ്ങയൊക്കെ മാവിൽ ഉണ്ടാകും..മാമ്പൂക്കൾ മുഴുവനൊന്നും മാങ്ങയാകില്ലെടാ. നീ കൊച്ചുകുട്ടി ആയോണ്ടാ ഇതൊന്നും അറിയാത്തേ””.. അമ്മ ബിന്ദു കുട്ടന്റെ സങ്കടം കണ്ട് സഹിക്കാൻ പറ്റാതെ പറഞ്ഞു..
“”നിന്റെ അച്ഛൻ ഇങ്ങോട്ട് വരട്ടെ…അങ്ങേരാ നിന്നെ ഇങ്ങനെ ആശിപ്പിച്ചത്….കൊച്ചു മക്കളോട് ഓരോ ആശകൾ പറഞ്ഞിട്ട്””… .ബിന്ദു കുറച്ചു പരിഭവവും കൂടി കൂട്ടി ചേർത്തു.
ദിവസങ്ങൾ മാമ്പൂക്കൾ കണക്കേ കൊഴിയേ നന്ദൂട്ടന്റെ മാമ്പൂക്കൾ വലുതായി കണ്ണിമാങ്ങയായി..നന്ദൂട്ടന്റെ കണ്ണും കരളും മനസ്സും നിറഞ്ഞു. അവൻ തുള്ളിച്ചാടി.
അവന്റെ കളികൂട്ടുകാരി അയൽ വീട്ടിലെ ചാരുമോളുമായി ഒരു ദിവസം ആ വെള്ളമൂവാണ്ടൻ മാവിൻ ചുവട്ടിൽ പയ്യാരം പറഞ്ഞിക്കേ വലിയൊരു തോട്ടിയുമായി മാങ്ങ പറിക്കാരൻ ഉണ്ണീൻ കാക്ക വന്നു. അറ്റത്തു വല പിടിപ്പിച്ച എമണ്ടൻ ഒരു തോട്ടി.
“”നന്ദൂട്ടാ… കുട്ട്യോള് മാറി നിക്കിം..ഞമ്മക്ക് മാങ്ങ അറുക്കണ്ടേ””..ഉണ്ണീൻ കാക്ക പറഞ്ഞു..കൂടെ അച്ഛച്ചനും ഉണ്ടായിരുന്നു.
നന്ദൂട്ടനും ചാരുമോളും അതിശയത്തോടെ ഉണ്ണീൻ കാക്കയേയും തോട്ടിയേയും മാറി മാറി നോക്കി കൊണ്ട് മാവിൻ ചുവട്ടിൽ നിന്നും മാറിയിരുന്നു… ഉണ്ണീൻ കാക്ക മുണ്ട് മാറ്റി. ചെളിയും മാങ്ങാച്ചുണയും പുരണ്ട ഒരു തോർത്ത് മുണ്ട് ഉടുത്തു. അടിയിൽ വലിയൊരു നിക്കറും ഉണ്ടായിരുന്നു. അയാൾ തോട്ടി മാവിൽ ചാരി വെച്ചു വലിഞ്ഞു കയറി..ആദ്യത്തെ കൊമ്പിൽ കയറി നിന്ന അയാൾ തുടയിൽ മാന്തി. ചാരുമോളും നന്ദൂട്ടനും വായപൊത്തി ചിരിച്ചു.
“എന്താ..കാക്കാ നിങ്ങൾ ചൊറിയുന്നത്””.നന്ദൂട്ടൻ ചോദിച്ചു.
“”ഹഹഹഹ…പുളിയുറുമ്പ്ണ്ട് മോനെ മരത്തുമ്മേ””..അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഇത് കേട്ട അച്ഛച്ചനും നന്ദൂട്ടനും ചാരുമോളും അമ്മ ബിന്ദുവുമൊക്കെ കൂട്ട ചിരി ചിരിച്ചു.. “”ഈ കുട്ടന്റെയൊരു കാര്യം””..ബിന്ദു പറഞ്ഞു.
ഉണ്ണീൻ കാക്ക മാങ്ങ അറുക്കുന്നത് നന്ദൂട്ടൻ കാതുകത്തോടെ നോക്കി നിന്നു.. പുറത്തു കെട്ടി വെച്ച ചാക്ക് നിറഞ്ഞപ്പോൾ അയാൾ താഴെയിറങ്ങി. അച്ഛച്ചൻ അത് വാങ്ങി വലിയൊരു കൊട്ടയിലേക്ക് ചെരിഞ്ഞു.. കണ്ണി മാങ്ങാചുണയുടെ മണം നന്ദൂട്ടന്റെ മൂക്കിലടിച്ചു. അവൻ ഓടിച്ചെന്നു ഒരു മാങ്ങ വലിച്ചെടുത്തു കടിച്ചു.. ഒരു കഷ്ണം ചാരുമോൾക്കും കൊടുത്തു.
“”അയ്യോ…. കുട്ടാ.. ചുണയുണ്ട്… ചുണ്ട് പൊള്ളും””….ബിന്ദു പറഞ്ഞു.
“”ഒന്ന് പൊള്ളട്ടെ ബിന്ദൂ….നമ്മളൊക്കെ ചെറുപ്പത്തിൽ എത്ര പൊള്ളിയതാ..ഇപ്പോഴത്തെ കുട്ടികൾക്ക് അത് വല്ലതും അറിയുമോ?…ഇങ്ങനെയൊക്കെയല്ലേ കുട്ടികാലം””..അച്ഛച്ചൻ പറഞ്ഞു.
“അല്ല പിന്നെ… ഇപ്പൊ മാങ്ങീല്ല..മാങ്ങാക്കാലോല്ല.. ഞമ്മളെ നാട്ടിലെ നാടമ്മാവുകളൊക്കേ പോയില്ലേ “”..ഉണ്ണീൻ കാക്ക ശരിവെച്ചു..
നല്ല പുളി.. നന്ദൂട്ടന്റെ കണ്ണുകൾ പാതിയടഞ്ഞു… മുഖം വക്രിച്ചു.. നാവിൽ ഉമിനീർ നിറഞ്ഞു കവിഞ്ഞു ചുണ്ടിലൂടെ പുറത്തേക്കൊഴുകി. അത്രക്കായിരുന്നു പുളി.. ഇത് കണ്ട ചാരുമോൾ പൊട്ടി ചിരിച്ചു.
“”ബിന്ദ്വോ… ഇജ്ജ് പോയിട്ട് കൊറച്ച് മൊളക് പൊടീം ഇപ്പും ഇടുത്തു വാ.. ഒരു കത്തീം പത്രോം കൂടി ഇടുത്തോ.. ഒരു പണീണ്ട്””..ഉണ്ണീൻ കാക്ക ചിരിച്ചു കൊണ്ടു പറഞ്ഞു.
ഉണ്ണീൻ കാക്ക മാങ്ങ നടുവിൽ പൊളിച്ചു. ഉറക്കാത്ത അ ണ്ടി നടുവിൽ പൊളിഞ്ഞു. “കിർ കിർ”ശബ്ദത്തോടെ പൊളിഞ്ഞ പച്ച മാങ്ങയുടെ മണം എല്ലാരുടെയും നാക്കിൽ വെള്ളമൂറിച്ചു. അയാൾ പല കഷ്ണങ്ങളക്കി..പാത്രത്തിൽ കൂട്ടി വെച്ച ഉപ്പിലും മുളകുപൊടിയിലും ചെറുതായി ഒന്ന് ഒപ്പി ഒരു കഷ്ണം നന്ദൂട്ടനു നേരെ നീട്ടി.
“”തിന്നെടാ കുട്ടാ…രസം കൊണ്ടിജ്ജ് പാട്ട് പാടും…ചെറിയൊരു എരിയേ ഇണ്ടാവൂ””…ഉണ്ണീൻ കാക്ക വെളുക്കെ ചിരിച്ചു.
നന്ദൂട്ടൻ വേഗം അത് വാങ്ങി വായിലിട്ടു..”ച്ചം. ച്ചം… കർ..മുർ”..നന്ദൂട്ടൻ സ്വയം മറന്നു.. എന്തൊരു സ്വാദ്.. വായിൽ ഉമിനീർ ഒഴുകി തുളുമ്പി.. “ഊഹ്.. ഊഹ്.. ഊഹ്”..അവൻ എരിവ് വലിച്ചു.. കണ്ണ് നിറഞ്ഞെങ്കിലും അതൊന്നും അവന് പ്രശ്നം ആയില്ല. ഒരു കഷ്ണം കൂടി അവൻ ആഗ്രഹിച്ചു.
“ഒരു കഷ്ണം തിന്നാൽ മതീട്ടോ കുട്ടാ.. നിനക്ക് വയറിളക്കം പിടിക്കും””.ബിന്ദു അവന്റെ മനസ്സ് മനസ്സിലാക്കി പറഞ്ഞു.
ഇത് കേട്ട ചാരു മോള് വായപൊത്തി ചിരിച്ചു. അവളും എരിവ് വലിക്കുന്നുണ്ടായിരുന്നു.
“”തല്ക്കാലം ഇത് മതി ഉണ്ണീനേ..കുറച്ചവിടെ മരത്തുമ്മേല് നിൽക്കട്ടെ..അച്ചാറിനോ മറ്റോ ആകുമോന്നു നോക്കാലോ”” ..അച്ഛച്ചൻ ഉണ്ണീൻ കാക്കയോട് പറഞ്ഞു.
ബിന്ദു ഒരു മുറത്തിൽ നിറയേ മാങ്ങ എടുത്തു ചാരുമോൾക്ക് കൊടുത്തു. ചാരു അതും താങ്ങി പിടിച്ചു വീട്ടിലേക്ക് പോവാൻ ഒരുങ്ങി.
“”ചാരുമോളെ…അമ്മയോട് ഉപ്പിലിടാൻ പറയണം.. ട്ടോ””..നന്ദൂട്ടൻ ഉറക്കെ വിളിച്ചു പറഞ്ഞു.
ഒരു മുറം കണ്ണിമാങ്ങയുമായി ബിന്ദു അടുക്കളയിലേക്ക് പോയി. ബാക്കി മാങ്ങ അയൽ വീടുകളിലേക്ക് നന്ദൂട്ടന്റെ അച്ഛച്ചൻ കൊണ്ടു പോയി കൊടുത്തു. കഴുകി ഉണക്കി വെച്ച രണ്ട് ഉപ്പുമാങ്ങാ ഭരണികൾ ബിന്ദു അലമാരിയിൽ നിന്നെടുത്തു.. അതിലേക്ക് കല്ലുപ്പ് വിതറി.. കുറച്ചു മാങ്ങാ ഞെട്ടി പൊട്ടിച്ചു ചുണ പോകാതെ അവർ നിരയായി അടുക്കി വെച്ചു. അതിന് മുകളിൽ വീണ്ടും ഉപ്പ് നിറച്ചു..വീണ്ടും കണ്ണിമാങ്ങ ഞെട്ടി പൊട്ടിച്ചു അടുക്കി വെച്ചു… ഇതെല്ലാം നന്ദൂട്ടനു പുതിയ കാഴ്ച്ചകൾ ആയിരുന്നു. ആ കുഞ്ഞിളം മനസ്സിന് പുതിയ അനുഭവങ്ങൾ ആയിരുന്നു.
അവൻ താടിക്ക് കൈ കൊടുത്ത് മിഴിച്ച കണ്ണുകളുമായ അമ്മ ഉപ്പുമാങ്ങ എന്ന മാസ്മരിക രുചിക്കൂട്ട് തയ്യാറാക്കുന്നത് സാകൂതം നോക്കിയിരുന്നു. കണ്ണിമാങ്ങയുടെ ഞെട്ടിൽ നിന്നടർന്നു വീഴുന്ന ചുണയുടെ ഗന്ധം പലപ്പോഴും നന്ദൂട്ടന്റെ വായിൽ വീണ്ടും വെള്ളമൂറിച്ചു.. നാവിൽ ആ രുചി അലിഞ്ഞു ചേർന്നിക്കുകയാണ് അമ്മ കാണാതെ ഒരു കണ്ണിമാങ്ങ അടർത്തി മാറ്റി നന്ദൂട്ടൻ.. കുറച്ചു ഉപ്പും പതുക്കെ വാരി അവൻ എഴുന്നേറ്റു. വീടിന് പുറകിൽ പോയി മാങ്ങ കടിച്ചു പൊട്ടിച്ചു. ഇടതു ഉള്ളൻ കയ്യിൽ മുറുക്കി പിടിച്ചിരുന്ന ഉപ്പിൽ ഒപ്പി ഒരു കഷ്ണം വായിലേക്കിട്ടു.
“”കർ മുർ..കർ മുർ””…കടിച്ചരക്കുന്ന ശബ്ദം.. നല്ല പുളിയും ഉപ്പും കലർന്ന സ്വർഗീയ രുചി ഇളം നാവിൽ തത്തി കളിച്ചു.. പുളിച്ചിട്ട് ആ ഇളം മേനി കോരി തരിച്ചു. എന്തോ ഒരു സാധനം മേലാകെ പടരുന്നത് പോലെ അവന് തോന്നി. ഒന്ന് ഞ്ഞെരിപിരി കൊണ്ടു.. അവൻ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ വീണ്ടും അമ്മയുടെ അടുത്ത് വന്നിരുന്നു.
“”കുട്ടൻ എങ്ങോട്ടാ പോയത്?””…ബിന്ദു ഉപ്പുമാങ്ങാ ഭരണിയുടെ വായ മൂടികെട്ടുന്നതിനിടെ ചോദിച്ചു.
“”ഞാൻ മൂത്രോഴിക്കാൻ പോയതാ അമ്മേ””.അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു..
“”നുണ പറയാൻ പഠിച്ചോ നന്ദൂട്ടാ നീ…ഉപ്പും വാരി പോകുന്നത് ഞാൻ കണ്ടല്ലോ.. കള്ളം പറഞ്ഞു പഠിക്കല്ലേ ട്ടോ..ചീത്ത സ്വഭാവാ അത്””..ബിന്ദു പറഞ്ഞു.
നന്ദൂട്ടൻ ഇളിഭ്യത മറക്കാൻ വേണ്ടി ചിരിച്ചു.. മുഖം വല്ലാത്തൊരു അവസ്ഥയിൽ ആയി.
“എന്തിനാ അമ്മേ..ഇത് ഇങ്ങനെ കെട്ടുന്നത്”” അവൻ വേഗം വിഷയം മാറ്റി.
“”അതോ.. കാറ്റ് കടക്കാതിരിക്കാൻ.. കാറ്റ് കടന്നാൽ പുഴു വരും.. ഇനി ഇത് ഇരുട്ടത്തു കൊണ്ട് പോയി വെക്കണം.. ശരിക്ക് ഒരു കൊല്ലം കഴിഞ്ഞേ എടുക്കാൻ പറ്റൂ.. എന്നാലും എന്റെ കുട്ടന്റെ സ്കൂൾ തുറക്കുമ്പോഴേക്കും ആവും ട്ടോ””..ബിന്ദു ഭരണികൾ എടുത്തു അലമാരിയിൽ വെച്ചു പൂട്ടി…
ദിവസങ്ങൾ കടന്നു പോയി.. കണ്ണിമാങ്ങ ഭരണിയിൽ കിടന്നു ചുങ്ങി.. നന്ദൂട്ടൻ കാത്തിരുന്നു..സ്കൂൾ തുറക്കാൻ….കണ്ണിമാങ്ങ ചോറിന്റെ കൂടെ കഴിക്കാൻ.. എല്ലാം അവൻ വല്ലാതെ കൊതിച്ചു.. കാത്തിരുന്നു..
മെയ് മാസത്തിന്റെ അവസാന ദിനങ്ങൾ…മഴ നേരത്തെ എത്തി… ഇരുണ്ടു കൂടി കൂലംകുത്തി പെയ്തു…കോരി ചെരിയുന്ന കാലവർഷം..ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു…പെയ്തു തോരാൻ ഇടനൽകാതെ വീണ്ടും കരിമേഘങ്ങൾ ആകാശത്തു നിലയുറപ്പിച്ചു.. പേമാരിയായി. കലികയറിയ കാലവർഷം വെളിച്ചപാടിനെ പോലെ ഉറഞ്ഞു തുള്ളി പ്രളയത്തിലേക്ക് നീങ്ങി..വീടുകളിൽ വെളളം കയറിവെള്ളപൊക്കത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.
നന്ദൂട്ടന്റെ വീട്ടിലും വെളളം കയറി..അവൻ ആകെ പേടിച്ചു വിറച്ചു..തോരാതെ പെയ്ത ഒരു രാത്രി മഴയിൽ അവന്റെ വീടിന്റെ അടുക്കളയുടെ ഒരു ഭാഗം നിലം പൊത്തി.. ബിന്ദുവും മധുവും നന്ദൂട്ടന്റെ അച്ഛച്ചനുമെല്ലാം സങ്കടപെട്ടു.. പക്ഷെ..നന്ദൂട്ടന്റെ സങ്കടം തന്റെ ഉപ്പുമാങ്ങ ഭരണി എന്തായി കാണും എന്നതിലായിരുന്നു..
“അമ്മേ… എന്റെ കണ്ണിമാങ്ങ?””..അവൻ ഉറക്കെ നിലവിളിച്ചു കൊണ്ട് അടുക്കളയിലേക്ക് ഓടി.. ബിന്ദു പെട്ടെന്ന് പിന്നാലെ ഓടി അവനെ പിടിച്ചു.
“ഡാ… കുട്ടാ… അടുക്കള പൊളിഞ്ഞത് കണ്ടില്ലേ നീ.. അത് തലയിൽ കൂടി വീഴാനാണോ നിന്റെ കളി.. ഭഗവതി കാത്തു ഇപ്പൊ.. ഈശ്വരാ””…ബിന്ദു നെഞ്ചിൽ കൈവെച്ചു അണച്ചു കൊണ്ടു പറഞ്ഞു.
“”എന്റെ മാങ്ങാ….എന്റെ മാങ്ങാ””..അവൻ അലറി വിളിച്ചു കരഞ്ഞു…
“ഒന്ന് മിണ്ടാതിരിക്കൂ കുട്ടാ… നിന്റൊരു മാങ്ങാ.. മനുഷ്യൻ ഇവിടെ””… ബിന്ദു ഉറക്കെ ദേഷ്യപ്പെട്ടു കൊണ്ടു പറഞ്ഞു..
“അവൻ കുട്ടിയല്ലേ ബിന്ദൂ.. അവനെന്താ ലോകം.. അവന്റെ ലോകം ആ ഉപ്പുമാങ്ങയാണ്.. എന്റെ കുട്ടി ഒരു പാട് ആഗ്രഹിച്ചതല്ലേ.. അവനോട് ദേഷ്യപ്പെടേണ്ട ട്ടോ നീ. അതിന് സങ്കടാകും””.അച്ഛച്ചൻ പറഞ്ഞു. അയാൾ നന്ദൂട്ടനേ ഇറുകെ പുണർന്നു.
മഴ പെയ്തു കൊണ്ടേയിരുന്നു. അന്ന് ആരും ഉറങ്ങിയില്ല. എല്ലാരും വീടിന്റെ ഒരു മൂലയിൽ നാമം ജപിച്ചും പ്രാർത്ഥിച്ചും ഇരുന്നു. നന്ദൂട്ടൻ ഉപ്പുമാങ്ങ ഭരണിക്ക് ഒന്നും പറ്റിക്കാണരുതേ എന്നും പ്രാർത്ഥിച്ചു. വീട് ഒരു വശത്തേക്ക് ചെരിഞ്ഞു.. അവർ ഇരിക്കുന്ന മൂലയിലേക്കും വെളളം കയറി.. പെട്ടെന്ന് കുറച്ചാളുകൾ വീടിന് പുറത്തിറങ്ങാൻ ഉറക്കെ വിളിച്ചു പറഞ്ഞു. മധു നന്ദൂട്ടനെ എടുത്തു.. എല്ലാരും പുറത്തേക്കിറങ്ങാൻ തുടങ്ങി.. “”അച്ഛാ… ആ ഭരണി എടുത്തുകൊണ്ട് വായോ.. അച്ഛാ””….നന്ദൂട്ടൻ ഉറക്കെ കരഞ്ഞു..
“”മിണ്ടാതിരി..നന്ദൂട്ടാ….ജീവൻ കിട്ടിയിട്ടല്ലേ മാങ്ങ””.മധു കരളുരുകുന്ന സ്വരത്തിൽ പറഞ്ഞു. അവർ പതുക്കെ പുറത്തെത്തി..
“”എല്ലാരും വന്നു വണ്ടിയിൽ കയറ്.. ക്യാമ്പിലേക്ക് പോവാം…വേഗം വേഗം””..ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു
അവർ വണ്ടിയിൽ കയറിയിരുന്നു.. നന്ദൂട്ടൻ ഏന്തി വലിഞ്ഞു വീട്ടിലേക്ക് നോക്കി… “എന്റെ ഉപ്പുമാങ്ങ ഭരണി പൊട്ടി കാണുമോ”..അവന്റെ ഉള്ളം കലങ്ങി മറിഞ്ഞു..
“”നിങ്ങൾ ധൈര്യമായി പൊയ്ക്കോളൂ.. എന്തേലും സാധനങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ ഞങ്ങൾ എത്തിച്ചോളാം””..ഒരു രക്ഷാപ്രവർത്തകൻ പറഞ്ഞു.. നന്ദൂട്ടൻ അയാളുടെ ഷർട്ടിൽ പിടിച്ചു വലിച്ചു.
“”മാമാ… രണ്ട് ഉപ്പുമാങ്ങ ഭരണികൾ അടുക്കളയിൽ ഉണ്ട്.. അതും കൊണ്ട് വരുമോ””…അവൻ വിതുമ്പി കൊണ്ട് പറഞ്ഞു.. അവന്റെ ദയനീയ ഭാവം കണ്ട അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു.
“മോൻ പേടിക്കേണ്ട ട്ടോ..ഞാൻ നോക്കട്ടെ .കിട്ടിയാൽ മാമൻ എന്തായാലും കൊണ്ടു വരാം ട്ടോ…കരയണ്ടാ ട്ടോ””.അയാൾ അവനെ ആശ്വസിപ്പിച്ചു. അവൻ ചിരിച്ചു.
“”നമ്മുടെ വീട് പോയില്ലേ നന്ദൂട്ടാ.. ഇനി എന്തിനാ””… അച്ഛൻ മധു അവനെ കെട്ടി പിടിച്ചു കരഞ്ഞു..
“”എന്റെ അമ്മായിട്ട ഉപ്പുമാങ്ങയും കിട്ടിയില്ല്യ നന്ദൂട്ടാ””….ശബ്ദം കേട്ട നന്ദൂട്ടൻ വണ്ടിയിലേക്ക് നോക്കി.
ചാരുമോളാണ്.. അവൾ അമ്മയുടെ മടിയിൽ ഇരുന്നു വിതുമ്പുകയാണ്..
വണ്ടി ക്യാമ്പിലേക്ക് പാഞ്ഞു. നന്ദൂട്ടൻ ആരോ കൊടുത്ത കുപ്പായവും നിക്കറും ധരിച്ചു ക്യാമ്പിൽ വിഷണ്ണനായി ഇരുന്നു. ഓരോ വണ്ടി വരുമ്പോഴും അവൻ നോക്കും. തന്റെ കണ്ണിമാങ്ങ കൊണ്ട് ആ മാമൻ വരുന്നുണ്ടോ എന്ന്.. നിരാശനായി വീണ്ടും താടിക്ക് കൈ കൊടുത്തു വന്നിരിക്കും.. അച്ഛനും അമ്മയ്ക്കും അച്ഛച്ചനും അവനെ ആശ്വസിപ്പിക്കാനായില്ല… അത്രക്കും അവൻ ആശിച്ച കണ്ണിമാങ്ങ കാണാനില്ല..””അത് പൊട്ടി പോയിട്ടുണ്ടാകും””… അവൻ തേങ്ങി തേങ്ങി കരഞ്ഞു..
പിറ്റേന്ന് ക്യാമ്പിൽ ഉച്ചക്കഞ്ഞി വിളമ്പി.. കുട്ടികളെ നിരനിരയായി ഇരുത്തി. നന്ദൂട്ടൻ കഞ്ഞി കുടിക്കാതെ അതിന്റെ മുമ്പിൽ ചമ്രം പടിഞ്ഞിരുന്നു. ചുണ്ട് കൂർപ്പിച്ചു കഞ്ഞി പത്രത്തിലേക്ക് നോക്കി. “എന്റെ ഉപ്പുമാങ്ങ ഉണ്ടായിരുന്നെങ്കിൽ എന്ത് രുചിയായിരിക്കും”.അവൻ ഓർത്തു.. ഇളം കവിളിലൂടെ കണ്ണീർ കഞ്ഞിയിലേക്ക് ഇറ്റി വീണു.
“”എടാ മോനെ… ഇതാടാ നിന്റെ ഉപ്പുമാങ്ങാ””…ആ ദുരിതാശ്വാസ പ്രവർത്തകൻ അവന്റെ മുമ്പിൽ മുട്ട് കുത്തി നിന്നു പറഞ്ഞു.. ഭരണി അവന്റെ മുമ്പിൽ വെച്ചു.. നന്ദൂട്ടൻ തല പൊക്കി നോക്കി.. അയാൾ ചിരിച്ചു കൊണ്ടു നിൽക്കുന്നു. കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ അവൻ ഭരണിയിലേക്ക് നോക്കി ചിരിച്ചു.. പൊട്ടി ചിരിച്ചു… മുഖം വിടർന്നു.. ചുവന്നു തുടുത്തു..അവൻ കൈകൾ കൊട്ടി