തിരിച്ച് പോകുമ്പോള്‍ അവളില്‍ സമീറിന്റെ ജീവന്റെ തുടിപ്പ് അവന്‍ നല്‍കിയിരുന്നു. അവളില്‍ സന്തോഷത്തിന്റെ തിരമാലകള്‍ അലതല്ലി.

സമീറിന്റെ നിധി – രചന: സിയാദ് ചിലങ്ക

ഇത് വെറും ഒരു കഥയല്ല, നടന്ന സംഭവം ആസ്പദമാക്കി എഴുതിയതാണ്

പതിനഞ്ച് ദിവസത്തെ മധുവിധു നാളെ അവസാനിക്കുകയാണ്. അവളുടെ മാരന്‍ തിരിച്ച് പോവുന്നു അറബി നാട്ടിലേക്ക്. രാത്രി അവര്‍ ഉറങ്ങിയില്ല. സമീറിന്റെ നെഞ്ചില്‍ തല ചായ്ച് റസിയ മതി വരുവോളം കിടന്നു. (പേരുകള്‍ സാങ്കല്‍പികം)

സമീര്‍ അവളുടെ കണ്ണുകള്‍ തുടച്ച്, ചുണ്ടത്ത് മധുരമുള്ള ചുംബനവും നല്‍കി അവന്‍ പടിയിറങ്ങി. ഫോണിലൂടെ അവരുടെ ജീവിതം ആരംഭിക്കുകയായിരുന്നു.

പെട്ടെന്ന് ഒരു ദിവസം തലവേദനയുടെ രൂപത്തില്‍ അര്‍ബുദം റസിയാടെ ജീവിതത്തിലേക്ക് ഭീകര മുഖവുമായി കടന്നു വന്നു. പ്രസിദ്ധനായ ഓംഗോളജിസ്റ്റ് ക്യാന്‍സര്‍ രോഗികളുടെ ഡോക്ടര്‍ ടി.പി. ബാലഗോപാലന്‍ സാറിന്റെ അരികിലേക്ക് പ്രതീക്ഷയോടെ റസിയയും പിതാവും ചെന്നു.

സ്കാനിംങ്ങ് റിസല്‍റ്റും റിപ്പോര്‍ട്ടും നോക്കി അദ്ദേഹം പിതാവിനോട് പറഞ്ഞു….വളരെ പ്രയാസമാണ് അവസ്ഥ. ശരീരത്തില്‍ വളരെ അധികം പടര്‍ന്നിരിക്കുന്നു. നിങ്ങളുടെ സപ്പോര്‍ട്ടോട് കൂടി എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കാം. പക്ഷെ എനിക്ക് ഉറപ്പ് തരാന്‍ പറ്റില്ല. നല്ല സാമ്പത്തിക ചിലവ് വരും.

തിരിച്ച് വരാം എന്ന് പറഞ്ഞിറങ്ങിയെങ്കിലും, അവര്‍ തിരിച്ച് വരാനുള്ള അവസ്ഥ അവര്‍ക്കില്ലായിരുന്നു.

ഒരാഴ്ചക്ക് ശേഷം ഡോക്ടറുടെ അരികിലേക്ക് ഒരു ചെറുപ്പക്കാരന്‍ എത്തി. അവന്‍ അദ്ദേഹത്തോട് പറഞ്ഞു…കഴിഞ്ഞ ആഴ്ച ഇവിടെ വന്ന റസിയയുടെ ഭര്‍ത്താവാണ് ഞാന്‍. ഏതാനും ദിവസത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഗള്‍ഫിലേക്ക് പോയതാണ് ഞാന്‍. അവിടെ എത്തിയ ഉടനെ ഈ വാര്‍ത്തയാണ് ഞാന്‍ കേള്‍ക്കുന്നത്.

ഗള്‍ഫില്‍ നിന്ന് നേരെ ഡോക്ടറുടെ അടുത്തേക്കാണ് ഞാന്‍ വരുന്നത്. ഞാന്‍ എന്താണ് ചെയ്യേണ്ടത് സര്‍…? അവളെ ഒഴിവാക്കണൊ…? എല്ലാവരും ഒഴിവാക്ക് എന്നാണ് പറയുന്നത്. ഏറ്റവും കൂടുതല്‍ ഒഴിവാക്ക് എന്ന വാക്കാണ് ഞാന്‍ കേള്‍ക്കുന്നത്.

വേണമെങ്കില്‍ കുറച്ച് ദിവസത്തെ ആത്മബന്ധം വെച്ച് അവളെ ചികില്‍സിക്കാം. ഒഴിവാക്കുകയാണെങ്കില്‍ അവളുടെ വീട്ട്കാരോ എന്റെ വീട്ടുകാരോ എന്നെ കുറ്റം പറയില്ല. അവള്‍ക്ക് ഒരു ജീവിതം ഇല്ല, അവനെങ്കിലും ഒരു ജീവിതം ഉണ്ടാവട്ടെ എന്നേ കരുതു.

ഞാന്‍ ഒരു തീരുമാനമെടുത്തു, അവളെ ചികില്‍സിക്കുക. കഷ്ടപ്പെട്ടിട്ടാണെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും അവളെ ചികില്‍സിക്കും. ജീവിതത്തിലേക്ക് തിരിച്ച് വരുകയാണെങ്കില്‍ സന്തോഷത്തോടെ ഞങ്ങള്‍ ഒരുമിച്ച് ജീവിക്കും. അവള്‍ മരിക്കുകയാണെങ്കില്‍ സന്തോഷത്തോടെ മരിപ്പിക്കും.

ഗള്‍ഫിലേക്ക് തിരിച്ച് ചെന്ന സമീര്‍ പെയിന്റിംങ്ങ് തൊഴിലാളിയാണ്. ഓവര്‍ ടൈം ചെയ്ത് കഠിനമായി അദ്ധ്വാനിച്ച് അവന്‍ നേരിട്ട് ഡോക്ടറുടെ അക്കൗണ്ടിലേക്കാണ് കാശ് അയച്ച് കൊടുത്തിരുന്നത്. സമീര്‍ നല്‍കിയ ആത്മവിശ്വാസം റസിയയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു.

സമീറിന്റെ ആ അവധിക്കാലം അവരുടെ ജീവിതത്തില്‍ പല പല വര്‍ണ്ണങ്ങളും പൂക്കാലവും നിറഞ്ഞാടി. തനിക്ക് ജീവന്‍ പകുത്ത് നല്‍കിയ തന്റെ പ്രിയതമനെ അവള്‍ സ്നേഹം കൊണ്ട് വീര്‍പുമുട്ടിച്ചു. തിരിച്ച് പോകുമ്പോള്‍ അവളില്‍ സമീറിന്റെ ജീവന്റെ തുടിപ്പ് അവന്‍ നല്‍കിയിരുന്നു. അവളില്‍ സന്തോഷത്തിന്റെ തിരമാലകള്‍ അലതല്ലി.

ദിവസങ്ങള്‍ ഓടി മറഞ്ഞു കൊണ്ടിരുന്നു. ഇക്ക ആള് ചവിട്ടും കുത്തും തുടങ്ങീട്ടാ, ഇടക്ക് എന്നെ തലോടുന്നുമുണ്ട്…കുഞ്ഞി സമീര്‍ ആണെന്ന് തോന്നുന്നു.

നീ ഫോണ്‍ കൊടുത്തെ ഞാന്‍ ചോദിക്കട്ടെ…? അവള്‍ ഫോണ്‍ വയറിന്‍ മേല്‍ വെച്ചു…

വാപ്പിച്ചിനോട് വേഗം വരാനാ പറയണത്. ഇത് കുഞ്ഞി റസിയ ആണ് മോളെ…

ഇക്കാ നമ്മുടെ കുഞ്ഞിനെ ഇക്കാടെ കൈകളില്‍ വാങ്ങണം, എനിക്ക് ഇപ്പോള്‍ ഒരു ആഗ്രഹമേ ഉള്ളു, അന്ന് ഇക്ക എന്റെ അടുത്ത് ഉണ്ടാവണം. ഞാന്‍ കമ്പനിയില്‍ ലീവ് ചോദിച്ചിട്ടുണ്ട്. അല്ലാഹു അനുഗ്രഹിച്ചാല്‍ അന്ന് നിന്റെ അരികില്‍ ഞാനുണ്ടാകും.

ഒരു ബന്ധു വീട്ടില്‍ കല്ല്യാണം ഉണ്ടായിരുന്നു. കല്ല്യാണവീട്ടിലേക്ക് വളരെ അധികം സന്തോഷത്തോട് കൂടിയാണ് വാപ്പയുടെയും ഉമ്മയുടെയും കൂടെ അവള്‍ പോയത്. വാപ്പയുടെ ഫോണിലേക്ക് വന്ന ആ കോള്‍ ആ പിതാവിന്റെ ഹൃദയം നുറുങ്ങുന്ന വേദന ആയി മാറി.

കല്ല്യാണവീട്ടില്‍ നിറവയറുമായി ചുറ്റും ഉള്ളവരോട് കുശലം പറഞ്ഞ് കളിച്ച് ചിരിച്ച് ഇരിക്കുന്ന മകളോട് എങ്ങനെ പറയും…അവളുടെ എല്ലാമെല്ലാമായ സമീര്‍ അവളെ വിട്ട് പോയി എന്ന്…ആ പിതാവ് തളര്‍ന്ന് അവിടെ ഇരുന്നു.

ആ വാര്‍ത്ത ആവളൊഴികെ എല്ലാവരും അറിഞ്ഞു. കല്ല്യാണ വീട്ടില്‍ ദുഃഖം തളം കെട്ടി. അവളോട് ഇത് എങ്ങിനെ പറയും. റസിയാനെ എല്ലാവരും സഹതാപത്തോടെ നോക്കി. അവള്‍ക്ക് മനസ്സിലായില്ല സന്തോഷം കളിയാടിയ കല്ല്യാണ വീട് മൂകമായി മാറിയത് എന്ത് കൊണ്ടാണെന്ന്.

പക്ഷെ സങ്കടം സഹിക്കാന്‍ കഴിയാതെ അവളുടെ ഉമ്മാടെ നിയന്ത്രണം വിട്ടു. ഉമ്മ അവളെ കെട്ടിപിടിച്ച് കരഞ്ഞു. ആരും പറയേണ്ടി വന്നില്ല അവളോട്…അവള്‍ തിരിച്ചറിഞ്ഞു അവളുടെ സമീര്‍ അവളെ വിട്ട് പോയി എന്ന്.

പതിനാലാം നിലയില്‍ നിന്ന് ക്രെഡിലില്‍ പൊട്ടിവീണ് ദാരുണമായി സമീര്‍ കൊല്ലപ്പെട്ടു. ഒരുപാട് സ്വപ്നങ്ങള്‍ ബാക്കി വെച്ച് അവന്‍ ഓര്‍മ്മയായി. അവളെ ആശ്വസിപ്പിക്കാന്‍ ചെന്നവരോട് ഒരുതുള്ളി കണ്ണീരണിയാതെ വിങ്ങുന്ന മനസ്സുമായി അവള്‍ പറഞ്ഞു…

എന്നെ ആരും ആശ്വസിപ്പിക്കണ്ട, എന്റെ ജീവിത്തിലെ ഏറ്റവും വലിയ നഷ്ടമാണ് എനിക്ക് സംഭവിച്ചത്. അദ്ദേഹത്തെ ഞാന്‍ സ്നേഹിച്ചതിനേക്കാള്‍ അദ്ദേഹത്തെ സ്നേഹിക്കുന്ന അല്ലാഹുവിന്റെ അരികിലേക്ക് ആണ് അദ്ദേഹം പോയത്.

അവള്‍ പൊട്ടിക്കരഞ്ഞ ദിവസം ആ കുഞ്ഞിന്റെ മുഖം കണ്ട അന്നാണ്. പൈതലിന്റെ ചിരിയും കൊഞ്ചലും കാണാന്‍ തന്റെ പ്രിയതമന്‍ ഇല്ല എന്നോര്‍ത്ത് അവള്‍ പൊട്ടിക്കരഞ്ഞു. അവള്‍ ആ കുഞ്ഞിന് പേരിട്ടു…

ഖെന്‍സ സമീര്‍ (സമീറിന്റെ നിധി).

ആ കുഞ്ഞിന്റെ കിളികൊഞ്ചലിലും പാല്‍പുഞ്ചിരിയിലും അവളുടെ ദുഃഖം ലയിച്ചില്ലാതെ ആവുകയായിരുന്നു. പക്ഷെ ആ സന്തോഷവും അധികം നീണ്ടു നിന്നില്ല. ഒളിച്ച് ഇരിക്കുകയായിരുന്ന രോഗം അവളെ കൊണ്ട് പോകാന്‍ എത്തി.

ആശുപത്രി കിടക്കയില്‍ വെച്ച് അവളുടെ വാപ്പയോടും ഉമ്മയോടും അവള്‍ പറഞ്ഞു. എനിക്ക് സങ്കടം ഉണ്ട് എന്റെ കുഞ്ഞിനെ തനിച്ചാക്കി പോകുന്നതില്‍, നിങ്ങള്‍ പൊന്ന് പോലെ നോക്കി വളര്‍ത്തും എന്ന് എനിക്കറിയാം. എങ്കിലും എനിക്ക് സന്തോഷവും ഉണ്ട്, എന്റെ സമീര്‍ക്കാടെ അടുത്തേക്കാണ് ഞാന്‍ പോകുന്നത്.

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു, സ്നേഹം സൃഷ്ടിച്ച സ്നേഹമയിയായ ദൈവം സമീറിന്റെ അരികിലേക്ക് അവളെ കൊണ്ട് പോയി.