മകനും മരുമകളും
രചന : അപ്പു
:::::::::::::::::::::::::
വല്ലാതെ തണുക്കുന്നു.. ശരീരം ആകെ ഒടിഞ്ഞു നുറുങ്ങുന്ന വേദന.. ആലസ്യത്തോടെ അമ്മു കണ്ണ് വലിച്ചു തുറന്നു. മുറിയിലെ വെട്ടം കണ്ടു അവൾ പരിഭ്രാന്തയായി. സമയം.. സമയം ഒരുപാട് വൈകിയോ..? അവൾ ഞെട്ടലോടെ എഴുന്നേൽക്കാൻ ശ്രമിച്ചു. ഇല്ല കഴിയുന്നില്ല.. ശരീരമാകെ ഒരു വിറയൽ പടരുന്നതു പോലെ.. അവൾ അസ്വസ്ഥതയോടെ വീണ്ടും ബെഡിലേക്ക് ചാഞ്ഞു.
“അമ്മേ.. അമ്മേ..”
മാറിൽ തട്ടിക്കൊണ്ട് കുഞ്ഞു വിളിക്കുന്നത് കേട്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. അതിൽ പരാജയം സമ്മതിച്ചു കൊണ്ട് അവൾ കുഞ്ഞിനെ നെഞ്ചോട് അടക്കി പിടിച്ചു. അമൃത് നുകർന്നു കഴിഞ്ഞപ്പോഴേക്കും അവൻ എഴുന്നേറ്റ് കളി തുടങ്ങി.
” അമ്മേ… പൊത്തോട്ട് പോവാ.. “
ഉറക്കത്തിൽ നിന്ന് ഉണർന്നു കഴിഞ്ഞാൽ പിന്നീട് മുറിയിൽ ഇരിക്കുന്നത് അവന് ഇഷ്ടമല്ല. പ്രത്യേകിച്ചും രാവിലെ.. നേരെ അടുക്കളയിലേക്ക് എടുത്തുകൊണ്ടുപോയി ആഹാരം കൊടുക്കുകയാണ് പതിവ്. ഇന്നും അത് തന്നെയാണ് അവന്റെ ആവശ്യം. പക്ഷേ കിടക്ക വിട്ട് എഴുന്നേൽക്കാൻ കഴിയാത്ത തന്റെ നിസ്സഹായത ഓർത്ത് അവൾക്ക് കണ്ണീരൊഴുക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
കുഞ്ഞിന്റെ വാശി കൂടിയപ്പോൾ എങ്ങനെയും എഴുന്നേൽക്കണം എന്ന് അവൾക്കും തോന്നി. കുഞ്ഞിനെയും കൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു.
ഹാളിൽ ദിവാൻ കോട്ടിൽ അമ്മായിയമ്മ ഇരിപ്പുണ്ട്.അനിയൻ ജോലിക്ക് പോകാൻ റെഡിയാകുന്നു.
“പനി മാറിയില്ലേ..?”
കണ്ടപാടെ അമ്മ അന്വേഷിച്ചു. വിലങ്ങനെ തലയാട്ടിക്കൊണ്ട് അവൾ ദിവാൻ കോട്ടിന്റെ ഒരു സൈഡിലേക്ക് ഇരുന്നു. പിന്നെയും കുറച്ചുനേരം അവിടെ വിശേഷം പറഞ്ഞു ഇരുന്നു. അപ്പോഴേക്കും കുഞ്ഞ് ആഹാരത്തിനായി കരഞ്ഞു തുടങ്ങി. കുഞ്ഞിനെയും കൊണ്ട് അടുക്കളയിലേക്ക് നടന്നു. ആഹാരം എടുത്ത് കുഞ്ഞിനെ കഴിപ്പിക്കുമ്പോഴും അവൾക്ക് വിശപ്പ് തോന്നുന്നുണ്ടായിരുന്നില്ല.
കുഞ്ഞിന് കൊടുത്തു കഴിഞ്ഞ് ഒരു ഗ്ലാസ് ചായയിൽ അവൾ ആഹാരം ഒതുക്കി. വല്ലാത്തൊരു ക്ഷീണം.. എവിടെയെങ്കിലും ഒന്ന് കിടന്നില്ലെങ്കിൽ തളർന്നുവീണു പോകും എന്നൊരു അവസ്ഥ. പക്ഷേ കുഞ്ഞിനെ ഓർക്കുമ്പോൾ ഒരിടത്തും കിടക്കാനും വയ്യ.
ഇന്നലെ രാവിലെ തന്നെ ഒന്നു കുളിച്ചതാണ്. അതിനുശേഷം ഇത്രയും നേരമായിട്ടും ഒന്നു കുളിക്കാത്ത അസ്വസ്ഥത നന്നായി തന്നെയുണ്ട്. അതുകൊണ്ട് വെള്ളം ചൂടാക്കി ഒന്നു മേല് കഴുകി.
ക്ഷീണത്തോടെ വീണ്ടും കസേരയിലേക്ക് ഇരുന്നു.
” നീ ആ തുണിയെടുത്ത് കഴുകി ഇടുന്നില്ലേ..? അത് അവിടെ കൂട്ടിയിട്ട് നാളേക്ക് വീണ്ടും ഒരു ലോഡ് തുണിയാകും.. “
അമ്മായിയമ്മ സ്നേഹത്തോടെ ഉപദേശിച്ചു. തലകുലുക്കിക്കൊണ്ട് അവൾ അവിടെ നിന്ന് എഴുന്നേറ്റ് തുണി അലക്കാൻ പോയി. അപ്പോഴൊക്കെയും അവളുടെ വാൽ പോലെ കുഞ്ഞും ഉണ്ടായിരുന്നു.
അവൻ ചോദിക്കുന്ന ഓരോ സംശയത്തിനും മറുപടി പറഞ്ഞു അവനോടൊപ്പം കളിച്ചും അവൾ തുണിയലക്കി. പതിവിൽ കൂടുതൽ സമയം ഇന്ന് അതിനായി ചെലവഴിക്കേണ്ടി വന്നു.
തുണി അലക്കി കഴിഞ്ഞ് അത് ടെറസിൽ വിരിച്ചു വരുമ്പോഴേക്കും അവൾ പൂർണ്ണമായും തളർന്നിരുന്നു. തല കറങ്ങുന്നത് പോലെ തോന്നി അവൾ കട്ടിലിലേക്ക് വന്നു കിടന്നു.
” അമ്മേ..എനിക്ക് ബിസ്ക്കറ്റ്..”
ക്ഷീണത്തോടെ ഒന്ന് കണ്ണടച്ചപ്പോഴേക്കും കുഞ്ഞു വന്നു തട്ടി വിളിച്ചു. അമ്മയെ ചുറ്റും പരതി എങ്കിലും അവിടെ ഒന്നും കാണാനില്ല. ഹാളിൽ എത്തിയപ്പോൾ സീരിയലും കണ്ട് ഹാളിൽ തന്നെ ഇരിപ്പുണ്ട്. അവൾ അടുക്കളയിലേക്ക് പോയി കുഞ്ഞിന് ബിസ്ക്കറ്റ് എടുത്തു കൊടുത്തു. പിന്നെ വീണ്ടും മുറിയിലേക്ക്. പക്ഷേ ശരിക്ക് ഒന്ന് കിടക്കുന്നതിനു മുൻപ് തന്നെ കുഞ്ഞ് അടുത്ത് ആവശ്യത്തിനായി വിളിച്ചു തുടങ്ങി. അവന്റെ ആവശ്യങ്ങളൊക്കെ കഴിഞ്ഞ് വരുമ്പോഴേക്കും അവൾക്ക് എഴുന്നേറ്റ് നിൽക്കാൻ കഴിയാതെയായി. അപ്പോഴും അമ്മായിയമ്മ സീരിയൽ കാണുന്നുണ്ട്.
കുഞ്ഞിനെ ഒന്ന് അടുത്തേക്ക് വിളിക്കുകയോ അവന്റെ ആവശ്യം എന്താണെന്ന് ചോദിക്കുകയോ ചെയ്യാത്ത അവരോട് ആ നിമിഷം അവൾക്ക് ദേഷ്യം തോന്നിപ്പോയി. തനിക്ക് യാതൊരു കുഴപ്പവുമില്ലാതെ നിൽക്കുകയാണെങ്കിൽ കുഞ്ഞിനെ അടുത്ത് വിളിച്ചിരുത്തി കളിപ്പിക്കാൻ നല്ല ഉത്സാഹമാണ്. ഇതിപ്പോൾ താൻ വയ്യാതെ ഇരിക്കുകയാണ് എന്ന് അറിഞ്ഞിട്ടും.. ആ ചിന്തയിൽ അവൾ ഒന്നു നെടുവീർപ്പിട്ടു.
സീരിയൽ കഴിഞ്ഞതോടെ അമ്മ ടിവി ഓഫ് ചെയ്തു മുറിയിലേക്ക് നടന്നു. ഇനി ഉറങ്ങാനുള്ള സമയമാണ്. അല്ലെങ്കിലും തണുപ്പും മഴയും ഒക്കെയായി നല്ല ക്ലൈമറ്റ് ആണല്ലോ. ഉറങ്ങാൻ പറ്റുന്നവർക്ക് ഇതിലും നല്ല ക്ലൈമറ്റ് വേറൊന്നുമില്ല..!
അമ്മയ്ക്ക് പിന്നാലെ കുഞ്ഞ് മുറിയിലേക്ക് ചെന്നു. കണ്ണിൽ ഉറക്കം പിടിക്കുന്നത് വരെ എന്തൊക്കെയോ കുഞ്ഞിനോട് പറയുന്നുണ്ടായിരുന്നു. ആ സമയം കൊണ്ട് അവൾ ദിവാൻ കോട്ടിലേക്ക് ഒന്ന് കിടന്നു. അവളുടെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റിരുന്നാൽ തളർന്നു വീണു പോകും എന്നുള്ള അവസ്ഥ. ക്ഷീണം കൊണ്ട് കണ്ണു മയങ്ങി വന്നപ്പോഴേക്കും കുഞ്ഞ് അടുത്തേക്ക് എത്തി. കണ്ണ് തുറന്നെങ്കിലും സ്ഥല കാല ബോധം വരാൻ കുറച്ചു സമയം എടുത്തു.
അന്നേദിവസം ആഹാരം കഴിക്കാതെ അവൾ തള്ളി നീക്കി. വിശപ്പ് തീരെയും ഇല്ലാഞ്ഞിട്ടാണ്. ഇടയ്ക്ക് വെള്ളം മാത്രം കുടിച്ചു.
“ഇന്ന് നീ ആഹാരം ഒന്നും കഴിച്ചില്ലല്ലോ..?”
അമ്മ ചോദിച്ചു.
” വേണ്ടമ്മേ…വിശപ്പില്ല..”
തളർച്ചയോടെ പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് പോയി. രണ്ടുദിവസങ്ങൾ എടുത്തു അവളുടെ പനി ഒന്ന് വിട്ടുമാറാൻ. വീട്ടുവൈദ്യം തന്നെ ആയതുകൊണ്ടാണ് അത്രയും സമയം എടുത്തത് എന്ന് അവൾക്ക് തോന്നുന്നുണ്ടായിരുന്നു. അത്രത്തോളം അവൾ കഷ്ടതകൾ അനുഭവിച്ചിട്ടും ആശുപത്രിയിലേക്ക് ഒന്ന് പോയി വാ എന്നൊരു വാക്ക് ആ വീട്ടിൽ ആരും പറഞ്ഞില്ല.
വിദേശത്ത് ജോലിയുള്ള ഭർത്താവ് മാത്രം ഇടയ്ക്ക് വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. സ്നേഹത്തോടെ അയാൾ ഓരോ വാക്കു പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു. തന്റെ വീട്ടിൽ ആണെങ്കിൽ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി തന്റെ കാര്യങ്ങളൊക്കെ നോക്കി അമ്മ ഇപ്പോൾ കൂടെ ഉണ്ടായിരുന്നേനെ..വേദനയോടെ അവൾ ഓർത്തു.
കുറച്ചു ദിവസങ്ങൾക്കപ്പുറം അനിയന് ഒരു പനി വന്നു. രാവിലെ അവൻ എഴുന്നേൽക്കുന്ന സമയം കഴിഞ്ഞു അമ്മയ്ക്ക് വെപ്രാളമായി.
” അവൻ ഇതുവരെ എഴുന്നേറ്റു വന്നില്ലല്ലോ..? ഇനി എന്തെങ്കിലും അസുഖം ഉണ്ടായിരിക്കുമോ..? “
വേവലാതിയോടെ പറഞ്ഞുകൊണ്ട് ഫോണെടുത്ത് അവനെ വിളിക്കുന്നത് കണ്ടു. അവന് പനിയാണെന്ന് പറഞ്ഞതോടെ വെപ്രാളം ഇരട്ടിച്ചു. അവൻ എഴുന്നേറ്റ് വരുന്നത് കണ്ടതോടെ ഓടിപ്പോയി ചായ കൊണ്ടുവന്നു കൊടുത്തു.
” പനി ഉണ്ടല്ലോ.. നീ ആശുപത്രിയിൽ പോയി വാ.. നിന്റെ കൂട്ടുകാരെ ആരെയെങ്കിലും വിളിക്ക്.. അല്ലെങ്കിൽ നമുക്ക് ഒരു ഓട്ടോ വിളിച്ചു പോവാം.. “
അവന്റെ നെറ്റിയിൽ കൈവച്ചു നോക്കിക്കൊണ്ട് അമ്മ വെപ്രാളത്തോടെ പറയുന്നത് കൗതുകത്തോടെ അവൾ നോക്കിയിരുന്നു. രണ്ടാഴ്ച മുന്നേ തനിക്ക് പനി വന്നപ്പോൾ ഈ കാഴ്ചകൾ ഒന്നും കണ്ടില്ലല്ലോ എന്ന് അവൾ വെറുതെയെങ്കിലും ചിന്തിച്ചു.
” ഞാൻ ടാബ്ലറ്റ് കഴിച്ചു നോക്കട്ടെ.. മാറിയില്ലെങ്കിൽ പോകാം.. “
അത്രയും പറഞ്ഞുകൊണ്ട് അവൻ ചുരുണ്ട് കൂടി കിടന്നു. ഇടയ്ക്കിടയ്ക്ക് അവനെ പോയി നോക്കാൻ അമ്മ മറന്നില്ല. അവനെ നിർബന്ധിച്ച് കഞ്ഞി കുടിപ്പിക്കാനും വെള്ളം കുടിപ്പിക്കാനും അമ്മ മത്സരിച്ചു.
കുടിച്ച കഞ്ഞി അവൻ ഛർദ്ദിക്കുക കൂടി ചെയ്തതോടെ അമ്മയ്ക്ക് ആകെ വെപ്രാളമായി.
” ഇനി വെച്ചോണ്ടിരിക്കണ്ട.. വേഗം റെഡിയാവ്.. ആശുപത്രിയിൽ പോകാം.. “
അമ്മ നിർബന്ധം പിടിച്ചു. ഉടനെ തന്നെ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് വന്നിട്ടും അവനെ പരിചരിക്കാൻ അമ്മയ്ക്ക് വല്ലാത്ത തിടുക്കം ആയിരുന്നു.
അതിനിടയ്ക്ക് കുഞ്ഞ് അവന് അടുത്തേക്ക് ചെന്നു.
” അമ്മു.. നീ ഈ കൊച്ചിനെ എടുത്തോണ്ട് പോയേ.. അവന് വയ്യാതെ കിടക്കുകയാണ്. അവനെ ശല്യം ചെയ്യാതെ.. തലവേദനയും ശരീരം വേദനയും ഒക്കെയുണ്ട്.. “
അമ്മ ശാസനയോടെ പറഞ്ഞത് കേട്ട് അവൾ ഒരു നിമിഷം അവരെ നോക്കി. പിന്നെ കുഞ്ഞിനെയും എടുത്ത് അകത്തേക്ക് നടന്നു.
എത്രയൊക്കെ പറഞ്ഞാലും അമ്മമാർക്ക് എന്നും സ്വന്തം മക്കൾ തന്നെയാണ് വലുത്. പറയുമ്പോൾ മരുമക്കൾ എന്റെ സ്വന്തം മക്കളാണ് എന്ന് പറയുമെങ്കിലും, അത് പൂർണ്ണമായും അങ്ങനെയല്ല എന്ന് തിരിച്ചറിയാൻ ഇങ്ങനെ ചില അവസരങ്ങൾ വേണ്ടി വരും. സ്വന്തം മക്കൾക്ക് എന്തെങ്കിലും ഒരു അസുഖം വരുമ്പോൾ ചങ്ക് പിടയ്ക്കുന്ന അമ്മമാർക്ക് മിക്കപ്പോഴും മരുമക്കൾക്ക് വരുന്ന അസുഖങ്ങൾ വളരെ ചെറുതായിരിക്കും. മകനും മരുമകളും ഒരേസമയം സുഖമില്ലാതെ കിടന്നാൽ മകനെ മാത്രം പരിചരിക്കുന്ന അമ്മായി അമ്മമാരും ഉണ്ട്.. ഇങ്ങനെയും ഒരു ലോകം..!!
✍️ അപ്പു