കൂടുതലൊന്നും ആലോചിക്കാതെ അച്ഛനും അമ്മയും വിവാഹം നടത്തി. അയാളെ ഉൾക്കൊള്ളാൻ ഒരുപാട് സമയം…

സന്തുഷ്ട ദാമ്പത്യം

രചന : അപ്പു

::::::::::::::::::::::::::::::::

“നിങ്ങൾ.. നിങ്ങളെന്നെ ചതിക്കുകയായിരുന്നു അല്ലേ..? “

കണ്ണീരിന്റെ അകമ്പടിയോടെ അവൾ ചോദിച്ചത് കേട്ട് മറുപടിയില്ലാതെ അവൻ തലതാഴ്ത്തി നിന്നു. ഇങ്ങനെ ഒരു രംഗം പ്രതീക്ഷിച്ചതാണ്.. എന്നെങ്കിലും ഒരിക്കൽ ഇങ്ങനെ ഒന്ന് തരണം ചെയ്യേണ്ടി വരുമെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ ഞെട്ടൽ ആവോളം മുഖത്ത് ഉണ്ട്. എങ്കിലും കാര്യങ്ങളൊക്കെ അവൾ എങ്ങനെ അറിഞ്ഞു എന്നുള്ളത് ഒരു ചോദ്യമായി അവന്റെ മനസ്സിൽ ഉയർന്നുവന്നു.

” ഞാൻ എങ്ങനെ വിവരങ്ങളൊക്കെ അറിഞ്ഞു എന്ന് ഓർത്താണ് ഈ അമ്പരപ്പ് എങ്കിൽ, അതിനുള്ള ഉത്തരം ഇതിലുണ്ട്..”

അവൾ മാറ്റി വച്ചിരുന്ന ആൽബം മുന്നിലേക്ക് എടുത്തിട്ട് തന്നതോടെ ഉത്തരം കിട്ടി.

” അഭി പ്ലീസ്…ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ.. നീ കരുതുന്നത് പോലെ..”

അവളെ പറഞ്ഞു മനസ്സിലാക്കാനുള്ള അവന്റെ ശ്രമത്തെ കാറ്റിൽ പറത്തിക്കൊണ്ട് അവൾ ചെവി കൊട്ടിയടച്ചു. തനിക്കിനി ഒന്നും കേൾക്കണ്ട എന്നപോലെ ചെവി പൊത്തിപ്പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് നടന്നു.

” അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതാണെങ്കിലും, നിങ്ങളെ ഞാൻ സ്നേഹിച്ചിട്ടേ ഉള്ളൂ.. വിശ്വസിച്ചിട്ടേ ഉള്ളൂ..പക്ഷേ അതൊന്നും വേണ്ടിയിരുന്നില്ല എന്ന് എനിക്ക് ഈ നിമിഷം തോന്നുന്നു. “

തിരിഞ്ഞുനിന്ന് അവനോട് അത്രയും പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് കയറി വാതിൽ അടച്ചു. വല്ലാത്തൊരു ദുഃഖത്തോടെ അവൻ വെറും നിലത്തേക്കിരുന്നു. അവന്റെ കയ്യിലിരുന്ന ആൽബം അവൻ ഒന്നു തുറന്നു നോക്കി. ആദ്യം തന്നെ കണ്ടത് ഒരു ഫാമിലി ഫോട്ടോ ആയിരുന്നു. അച്ഛനും അമ്മയും താനും അനിയനും.. ആ ഫോട്ടോയിലേക്ക് തന്നെ ഉറ്റുനോക്കി കൊണ്ട് അവൻ ഏതൊക്കെയോ ചിന്തകളിൽ ആയിരുന്നു. ആ സമയത്ത് തന്നെയാണ് അവൾ ബാഗും എടുത്ത് പുറത്തേക്ക് വന്നത്.

“ഇനിയും നിങ്ങൾക്കൊപ്പം ഈ വീട്ടിൽ താമസിക്കാൻ എനിക്ക് പറ്റില്ല. എന്നോട് ഇത്രയും വലിയ ചതി ഇതിനു മുൻപ് മറ്റാരും ചെയ്തിട്ടില്ല എന്ന് എനിക്ക് പറയേണ്ടി വരും. നിങ്ങൾക്ക് എന്നോട് വിവരങ്ങൾ തുറന്നു പറയാൻ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു. അതൊന്നും ഉപയോഗിക്കാതെ ഇപ്പോൾ ഞാൻ എല്ലാം സ്വയം കണ്ടുപിടിച്ചപ്പോൾ ന്യായീകരണങ്ങൾ നിരത്തണ്ട.”

അവളുടെ കയ്യിലെ ബാഗ് അമ്പരപ്പോടെ നോക്കിയിരുന്ന അവനോട് അത്രയും പറഞ്ഞുകൊണ്ട് അവൾ ഇറങ്ങി നടന്നു. അവളെ എതിർക്കണം എന്നും തിരികെ വീട്ടിലേക്ക് വിളിക്കണമെന്നും അത്രത്തോളം ആഗ്രഹമുണ്ടായിട്ടും അവൾ പറഞ്ഞ വാക്കുകൾ അവനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. അവളെ എന്തു പറഞ്ഞു മനസ്സിലാക്കും എന്ന് അവന് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല.

അവൾ നേരെ പോയത് തന്റെ വീട്ടിലേക്ക് ആയിരുന്നു. അവിടെ ചെന്നപ്പോൾ അവർക്കറിയേണ്ടത് മരുമകനെ കുറിച്ചാണ്. ജോലിത്തിരക്കാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി മുറിയിലേക്ക് പോയി. അവരോട് ഇപ്പോൾ വിവരങ്ങൾ ഒന്നും പറയാനാകില്ല. അവരെ കൂടി വിഷമിപ്പിക്കുന്നത് എന്തിനാണ്..?

വല്ലാത്തൊരു ദുഃഖത്തോടെ അവൾ കണ്ണുകൾ അടച്ചു. അവളുടെ ഓർമ്മകൾ കുറച്ചുകാലം പിന്നിലേക്ക് സഞ്ചരിച്ചു.

ഡിഗ്രി പഠനത്തിന് കോളേജിലേക്ക് പോയതോടെയാണ് തന്റെ ജീവിതം മാറിയത്. പട്ടണത്തിലുള്ള കോളേജിൽ പഠിക്കാൻ തനിക്ക് വല്ലാത്ത കൊതിയായിരുന്നു. അതുകൊണ്ടാണ് അവിടെ തന്നെ ഒരു കോളേജിൽ അഡ്മിഷൻ എടുത്തത്. പക്ഷേ അത് തന്റെ ജീവിതം മൊത്തത്തിൽ മാറ്റിമറിക്കും എന്ന് ആ നിമിഷം അറിയില്ലായിരുന്നു.

അവിടെ നിന്ന് തനിക്ക് കുറച്ചു സുഹൃത്തുക്കളേ കിട്ടി. ആദ്യമായി പട്ടണത്തിലേക്ക് വരുന്നതു കൊണ്ടു തന്നെ അവരോടൊപ്പം പട്ടണത്തിൽ ചുറ്റി നടക്കാൻ തനിക്ക് വലിയ കൊതിയായിരുന്നു. ഹോസ്റ്റലിൽ നിൽക്കുന്നതു കൊണ്ട് തന്നെ പലപ്പോഴും രാത്രിയിൽ പുറത്തേക്ക് പോകാറുണ്ട്. ഒരിക്കൽ സുഹൃത്തുക്കളോടൊപ്പം അങ്ങനെ പോയൊരു യാത്രയാണ് തന്റെ ജീവിതം തന്നെ വഴിമുട്ടിച്ചത്.

മ ദ്യപിച്ച് ഒന്ന് രണ്ട് ചെറുപ്പക്കാർ ഞങ്ങളെ സമീപിച്ചു. അവരെ ഒഴിവാക്കി മുന്നോട്ടു ഓടുന്നതിനിടയിൽ ആരോ തന്നെ പുറകിലേക്ക് പിടിച്ചു വലിച്ചത് ഓർമ്മയുണ്ട്. തല ശക്തമായി എന്തിലോ ഇടിച്ചിരുന്നു. തനിക്ക് ബോധം പറയുമ്പോൾ അവസാനമായി കണ്ടത് തന്നിലേക്ക് ചായാൻ ശ്രമിക്കുന്ന ഒരുവനെയാണ്.

പിന്നീട് ബോധം തെളിയുമ്പോൾ ആശുപത്രിയിലാണ്. തനിക്ക് വിലപ്പെട്ടതെല്ലാം തനിക്ക് നഷ്ടമായി എന്നുള്ള തോന്നലിൽ ആ ത്മഹത്യയെ കുറിച്ചാണ് ആദ്യം ചിന്തിച്ചത്. പക്ഷേ കണ്ണീരോടെ ഉള്ള അമ്മയുടെയും അച്ഛന്റെയും മുഖം ഓർത്തപ്പോൾ അതിന് കഴിഞ്ഞില്ല. അമ്മയെയും അച്ഛനെയും വിവരങ്ങൾ ഒന്നും അറിയിച്ചിരുന്നില്ല. പഠിക്കാനായി പട്ടണത്തിലേക്ക് പോയ മകൾക്ക് ഇങ്ങനെയൊരു ദുർഗതി വന്നത് അവരറിഞ്ഞാൽ താങ്ങാൻ ആവില്ല.. എത്രകാലം മറച്ചു വയ്ക്കും എന്നൊന്നും അറിയില്ല. പക്ഷേ കഴിയുന്നിടത്തോളം കാലം അവരെ അറിയിക്കാതെ കടന്നു പോകും.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്കാണ് വന്നത്. സുഖമില്ല എന്ന് മാത്രമേ പറഞ്ഞുള്ളൂ. കുറച്ചു ദിവസങ്ങൾ വീട്ടിലിരുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും ആ കറുത്ത രാത്രിയുടെ ഓർമ്മ വിട്ടു പോകുന്നുണ്ടായിരുന്നില്ല. അങ്ങനെയിരിക്കയാണ് ഒരു വിവാഹാലോചന വരുന്നത്. ഒരു വിവാഹത്തിന് താൻ ഒരിക്കലും തയ്യാറായിരുന്നില്ല. ഒരു തെറ്റ് ചെയ്യുന്നു എന്നൊരു തോന്നൽ മാത്രമാണ് ഉണ്ടായത്.

വീട്ടുകാരോട് കാര്യങ്ങൾ ഒന്നും തുറന്നു പറയാൻ കഴിയാത്തതുകൊണ്ട് തന്നെ പെണ്ണുകാണാൻ വന്ന ചെറുപ്പക്കാരനോട് വിവരങ്ങൾ പറഞ്ഞു. അയാൾ മറുപടിയൊന്നും പറയാതെ കടന്നു പോയപ്പോൾ വിവാഹം വേണ്ടെന്ന് വയ്ക്കും എന്ന് തന്നെയാണ് കരുതിയത്. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് അയാൾ വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു.

കൂടുതലൊന്നും ആലോചിക്കാതെ അച്ഛനും അമ്മയും വിവാഹം നടത്തി.അയാളെ ഉൾക്കൊള്ളാൻ ഒരുപാട് സമയം തനിക്ക് ആവശ്യമായിരുന്നു. അപ്പോഴേക്കും നല്ലൊരു സുഹൃത്തിനെ പോലെ അയാൾ തനിക്ക് കാവലായിരുന്നു. ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം തന്നെ രൂപപ്പെട്ടു വന്നിരുന്നു. പക്ഷേ അതിനിടയിൽ താൻ തീരെ പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയാണ് ഇന്ന് കണ്ടത്. അടച്ചിട്ട മുറി വൃത്തിയാക്കാൻ കയറിയപ്പോൾ അത് ഇങ്ങനെയൊരു വിധി തനിക്ക് സമ്മാനിക്കാൻ ആയിരിക്കും എന്ന് കരുതിയില്ല.

അവിടെ ഉണ്ടായിരുന്ന ആ ചെറുപ്പക്കാരന്റെ ഫോട്ടോ.. അത് തന്നെ നശിപ്പിച്ച ആളുടെ ഫോട്ടോ ആണെന്ന് തിരിച്ചറിയാൻ ഒരുപാട് സമയം ഒന്നും വേണ്ടി വന്നില്ല. അയാൾക്ക് തന്റെ ഭർത്താവിനോട് എന്ത് ബന്ധമാണ് എന്നറിയാനാണ് അവിടെ മുഴുവൻ അരിച്ചു പെറുക്കിയത്. അതിൽ നിന്ന് മനസ്സിലായ ഒരേയൊരു കാര്യം അയാളുടെ സഹോദരനാണ് എന്ന് മാത്രമാണ്..

അപ്പോൾ അതൊരു പ്രായശ്ചിത്തം ആയിരുന്നോ…? അതുകൊണ്ടാണ് തന്നെ വിവാഹം കഴിച്ചത്.. ആ ചിന്തയോടൊപ്പം തന്നെ ചതിച്ചു എന്നൊരു ചിന്ത കൂടി ഉള്ളിൽ കടന്നു കൂടി. അതിന്റെ പരിണിത ഫലം ആയിരുന്നു ആ പൊട്ടിത്തെറി.

ഒന്ന് രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഒരു വൈകുന്നേരം തീരെ പ്രതീക്ഷിക്കാതെ അദ്ദേഹം വീട്ടിലേക്ക് കയറി വന്നു. ആകെ അവശനായിട്ട് ആയിരുന്നു വരവ്. അമ്മയുടെ സൽക്കാരങ്ങൾ ഒക്കെ സ്വീകരിച്ച് ആൾ മുറിയിലേക്ക് കയറി വന്നു.

” ഞാൻ പറയുന്നത് ദയവു ചെയ്തു നീ കേൾക്കണം. അതുകഴിഞ്ഞ് നീ എന്ത് തീരുമാനമെടുത്താലും നിന്നോടൊപ്പം ഞാൻ ഉണ്ടാകും. “

അയാളെ കണ്ടു മുറിവിട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ എന്നോട് ദൈന്യതയോടെ പറയുന്നത് കേട്ട് ആ ആവശ്യം തള്ളിക്കളയാൻ തോന്നിയില്ല. അയാൾക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാണെന്ന് മട്ടിൽ കൈകെട്ടി നിൽക്കുമ്പോൾ അയാൾ പറഞ്ഞു തുടങ്ങി.

” അവൻ എന്റെ അനിയനാണ്. അച്ഛനും അമ്മയും ഞങ്ങളെ വിട്ടു പോയിട്ട് ഒരുപാട് വർഷങ്ങളായി എന്ന് അറിയാമല്ലോ. ജീവിതം നല്ല രീതിയിൽ എത്തിക്കാനുള്ള കഷ്ടപ്പാടിന് ഇടയിൽ അവനെ നല്ല രീതിയിൽ വളർത്താൻ ഞാൻ മറന്നു പോയി. പെൺകുട്ടികളെ സ്നേഹിക്കണം ബഹുമാനിക്കണം എന്നു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. പക്ഷേ അവൻ ഇത്രത്തോളം അധപ്പതിച്ചു പോയി എന്ന് ഞാൻ അറിഞ്ഞത് വളരെ വൈകിയാണ്. എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിലേക്ക് എത്തിപ്പോയിരുന്നു. അന്ന് അവൻ നിന്നെ ഉപദ്രവിച്ചത് കണ്ടു കൊണ്ടാണ് ഞാൻ അവിടെ എത്തിയത്. നിന്നെ ആശുപത്രിയിൽ എത്തിച്ചതും മറ്റുകാര്യങ്ങൾ ചെയ്തതും ഒക്കെ ഞാൻ തന്നെയായിരുന്നു.നിന്നോട് ചെയ്ത ക്രൂ രതയുടെ ഫലം കൊണ്ടായിരിക്കും, കുറച്ചു ദിവസങ്ങൾക്കകം അവൻ ഒരു അപകട രൂപത്തിൽ എന്നെ വിട്ടു പോയത്. അതോടെ ഞാൻ പൂർണ്ണമായും തകർന്നു പോയെങ്കിലും ആ നിമിഷം ഞാൻ ചിന്തിച്ചതും നിന്നെ കുറിച്ചായിരുന്നു. നീ ഇപ്പോൾ അനുഭവിക്കുന്നത് എന്തൊക്കെ ആയിരിക്കും എന്ന ചിന്ത..”

അത്രയും പറഞ്ഞു അവൻ ഒന്നു നെടുവീർപ്പിട്ടു.

” ഞാൻ ഈ പറയുന്നത് കേൾക്കുമ്പോൾ ഒരു പക്ഷേ നീ തെറ്റിദ്ധരിക്കും. നിന്നോടുള്ള സഹതാപം കൊണ്ടാണ് ഞാൻ നിന്നെ സ്വീകരിച്ചത് എന്ന് നീ കരുതും. പക്ഷേ അവൻ എല്ലാത്തിനും ഉപരി പണ്ടെങ്ങോ പ്രണയം തോന്നിയ ഒരു മുഖമാണ് നിന്റേത്. ഇത് എന്റെ അമ്മയുടെ നാടാണ്. ഇടയ്ക്കെപ്പോഴോ അമ്മയുടെ തറവാട്ടിൽ നിൽക്കാൻ വന്നപ്പോൾ നിന്നെ ഞാൻ കണ്ടിട്ടുണ്ട്. ക്ഷേത്രത്തിൽ വച്ച്. അന്ന് മനസ്സിൽ കുടിയേറിയതാണ് നിന്റെ രൂപം. നിന്നെ വിവാഹം ചെയ്യണമെന്ന് അന്നേ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ്. പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കണം എന്നായിരുന്നു വിധി.”

അവൻ പറഞ്ഞു കഴിഞ്ഞിട്ടും എന്റെ ഭാഗത്തുനിന്ന് യാതൊരുവിധ മറുപടിയും ഇല്ല എന്ന് കണ്ടതുകൊണ്ട് ആയിരിക്കും അമ്പരപ്പോടെ നോക്കിയത്.

” നിങ്ങൾ പ്രണയം കൊണ്ടാണ് എന്നെ സ്വീകരിച്ചത് എന്ന് പറഞ്ഞത് വേണമെങ്കിൽ ഞാൻ വിശ്വസിക്കാം. പക്ഷേ നിങ്ങൾ എന്തുകൊണ്ട് കാര്യങ്ങളൊക്കെ എന്നോട് മറച്ചുവെച്ചു..? അത് മുൻപ് തന്നെ എന്നോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ നമുക്കിടയിൽ ഇപ്പോൾ ഇങ്ങനെയൊരു അകലം ഉണ്ടാകുമായിരുന്നില്ല.. “

ആ ചോദ്യത്തിന് മറുപടിയില്ലാതെ അയാൾ തലകുനിച്ചു.

” അതൊക്കെ അറിഞ്ഞാൽ നീ എന്നെ വിട്ടു പോകുമോ എന്ന് ഞാൻ ഭയന്നു.. “

അത്രമാത്രമേ അയാൾ പറഞ്ഞുള്ളൂ.

” എനിക്ക് ഒരുപക്ഷേ നിങ്ങളോടുള്ള പ്രണയം കൊണ്ട് ഈ തെറ്റ് ക്ഷമിക്കാൻ കഴിഞ്ഞേക്കും. പക്ഷേ ആ മുറിവ് ഉണങ്ങാൻ ഒരുപാട് സമയം എടുക്കും.. അതുവരെ… അതുവരെ നമുക്കിടയിൽ ഈ അകലം ഇരുന്നോട്ടെ..”

അവൾ പറഞ്ഞത് കേട്ട് അവൻ ഒരു വാടിയ പുഞ്ചിരി നൽകി. അവന് ചെറിയ രീതിയിൽ ആശ്വാസം തോന്നുന്നുണ്ടായിരുന്നു. തന്നെ പൂർണ്ണമായും അവൾ ഉപേക്ഷിച്ചു കളയും എന്നായിരുന്നു ഈ നിമിഷം വരെയും ചിന്ത. പക്ഷേ അതിൽ നിന്ന് വിപരീതമായി അവൾ കുറച്ചു സമയമാണ് ആവശ്യപ്പെട്ടത്.

ഇപ്പോൾ പ്രതീക്ഷ ഉണ്ട്.. തനിക്കും നന്നായി ജീവിക്കാൻ കഴിയും എന്ന പ്രതീക്ഷ…!!!

“ഇനിയും എന്നേ ഇട്ടിട്ട് പോകുമോ..?”

കുറച്ചു നാളുകൾക്ക് അപ്പുറം അവന്റെ നെഞ്ചോരം ചേർന്നിരിക്കുമ്പോൾ അവൻ ചോദിച്ചു.

“അത്‌ കയ്യിലിരിപ്പ് പോലിരിക്കും…”

“ഡീ… കുറുമ്പീ..”

അതും പറഞ്ഞു അവൻ മൂക്കിൽ നുള്ളിയപ്പോൾ അവൾ പൊട്ടിച്ചിരിച്ചു. അവനൊപ്പം അവളും.. ഇന്ന് അവർ പഴയതൊക്കെ മറന്ന് ഒന്നായി ജീവിക്കുകയാണ്.. അത്രമേൽ സന്തോഷത്തോടെ…!!

✍️ അപ്പു