അവൻ പറഞ്ഞത് മനസ്സിലാകാതെ അവനെ നോക്കുമ്പോൾ അവൻ കാര്യങ്ങൾ വിശദമായി പറഞ്ഞു…

_upscale

പ്രാണനിൽ പാതി

രചന : അപ്പു

:::::::::::::::::::::

” ടാ.. നീ… നീയറിഞ്ഞോ.. നമ്മുടെ പ്രിയ.. അവളെ കാണാനില്ലെടാ..”

വെപ്രാളത്തോടെ, കണ്ണീരോടെ പറയുന്നവനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയില്ല. ഉള്ളം കുറ്റബോധത്താൽ ആർത്തു കരയുന്നുണ്ടായിരുന്നു.

” നമുക്ക് ഒന്ന് അവളുടെ വീട് വരെ പോയാലോ..? “

കണ്ണന്റെ ചോദ്യം കേട്ട് വെറുതെ ഒന്ന് മൂളിയുള്ളൂ. അപ്പോഴും മനസ്സിൽ തലേന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു.

സുപ്രിയ എന്ന പ്രിയ. കിലുക്കാംപെട്ടി പോലുള്ള പെൺകുട്ടി. ആദ്യമായി അവളെ കണ്ടത് കണ്ണനോടൊപ്പം അവന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു. കണ്ണനുമായുള്ള സൗഹൃദം സ്കൂൾ കാലഘട്ടത്തിൽ വച്ച് തന്നെ തുടങ്ങിയതാണ്. അനാഥനായ തനിക്കുള്ള ഒരേയൊരു സൗഹൃദം കണ്ണനാണ് എന്ന് പറഞ്ഞാലും തെറ്റില്ല.

അവന്റെ വീടിന്റെ തൊട്ടടുത്തു തന്നെയായിരുന്നു അവളുടെയും വീട്. അവർ പരസ്പരം ആങ്ങളയും പെങ്ങളും ആയിരുന്നു. ആ അധികാരത്തിലാണ് അവൾ തന്നെയും പരിചയപ്പെടാൻ വന്നത്. സുഹൃത്തിന്റെ അനുജത്തി എന്നുള്ള പരിഗണനയിൽ അവളോട് സംസാരിക്കുകയും ചെയ്തു.

പക്ഷേ പിന്നീട് പലപ്പോഴും അവൾ തന്നോട് ഇടപെടുമ്പോൾ അത് ഒരു സഹോദരിയുടെതുപോലെ അല്ല എന്ന് തോന്നിയിട്ടുണ്ട്. അതൊക്കെ അവളുടെ പ്രായത്തിന്റെ പ്രശ്നമായി മാത്രമേ കണക്കാക്കിയുള്ളു.

കാര്യങ്ങളൊക്കെ മാറി പറഞ്ഞത് അവൾ തങ്ങളുടെ കോളേജിലേക്ക് ജോയിൻ ചെയ്യാൻ വന്നപ്പോഴാണ്. കണ്ണന്റെ അനിയത്തി എന്നൊരു അഡ്രസ്സ് അവൾ എല്ലാവരുടെയും ഇടയിൽ നേടിയെടുത്തിരുന്നു. കണ്ണനും താനും എല്ലായിപ്പോഴും ഒന്നിച്ച് ആയതുകൊണ്ട് തന്നെ ഇടയ്ക്കൊക്കെ അവൾ ഞങ്ങളോടൊപ്പം വരാറുണ്ട്. അവളുടെ എന്റെ നേരെയുള്ള നോട്ടം എനിക്ക് അസ്വസ്ഥതയായിരുന്നു.

“ഉണ്ണിയേട്ടാ.. എങ്ങനെ പറയണം എന്നൊന്നും എനിക്കറിയില്ല. എന്റെ കണ്ണേട്ടന്റെ കൂട്ടുകാരനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇഷ്ടം എന്ന് പറഞ്ഞാൽ പ്രണയം തന്നെ. ഇപ്പോൾ തന്നെ റിജക്ട് ചെയ്യുകയൊന്നും വേണ്ട. ഞാൻ കാത്തിരിക്കാം. ആലോചിച്ച് ഒരു മറുപടി പറഞ്ഞാൽ മതി.”

ഒരിക്കൽ കോളേജ് വരാന്തയിൽ വച്ച് അവൾ പറഞ്ഞത് കേട്ട് വല്ലാത്ത ദേഷ്യം തോന്നി. ഇതൊക്കെ കണ്ണനറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നോർത്തായിരുന്നു ഭയം. അതോടെ അവളെ കണ്ടാലും ശ്രദ്ധിക്കാതെയായി. അവൾ മുന്നിൽ വന്നു നിൽക്കുമ്പോഴേക്കും അവിടെനിന്ന് ഒഴിഞ്ഞു മാറി പോവുക പതിവായി. അതൊക്കെയും കണ്ണൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിഞ്ഞത് വൈകിയാണ്.

“ഉണ്ണി.. ഞാനൊരു കാര്യം ചോദിച്ചാൽ നീ ഒന്നും കരുതരുത്. നീയും പ്രിയയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ..?”

അവന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ ഒന്ന് അമ്പരന്നു പോയി.

” അവളെ കാണുമ്പോഴുള്ള നിന്റെ ഒഴിഞ്ഞുമാറ്റം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്. “

അവൻ പറഞ്ഞത് കേട്ട് തലകുനിച്ചു നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

“എടാ.. നിന്നോട് പറയണമെന്ന് ഞാൻ കുറെ നാളായി കരുതിയതാണ്. പക്ഷേ അതിനുള്ള ധൈര്യം വരാത്തതു കൊണ്ട് മാത്രമാണ്.. പ്രിയ എന്നെ പ്രൊപ്പോസ് ചെയ്തിരുന്നു.”

തലകുനിച്ച് അത്രയും പറയുമ്പോൾ അത്ഭുതത്തോടെ എന്നെ നോക്കിയ അവന്റെ കണ്ണുകളെ ഞാൻ ശ്രദ്ധിച്ചില്ല.

“ആഹാ.. അവൾ അത് നിന്നോട് വന്നു പറഞ്ഞോ..? എന്നിട്ട് അവൾ എന്നോട് പറഞ്ഞില്ലല്ലോ..”

അവൻ പറഞ്ഞത് മനസ്സിലാകാതെ അവനെ നോക്കുമ്പോൾ അവൻ കാര്യങ്ങൾ വിശദമായി പറഞ്ഞു.

” നിന്നോട് അവൾക്ക് ഒരു ഇഷ്ടം തോന്നിയപ്പോൾ അവൾ ആദ്യം വന്നു പറഞ്ഞത് എന്നോടാണ്. നിന്റെ സ്വഭാവം എങ്ങനെയാണെന്ന് ഒന്നും അവൾക്കറിയില്ലല്ലോ. അതുകൊണ്ട് നിന്നെ കുറിച്ച് വിശദമായി അന്വേഷിക്കാൻ വന്നതാണ്. എന്റെ അറിവിൽ നിന്നെപ്പോലെ പാവം പയ്യന്മാർ വേറെ ആരുമില്ല എന്ന് ഞാൻ പറഞ്ഞതോടെ അവൾ നിന്റെ പിന്നാലെ ആയി. നിന്നോട് എന്നെങ്കിലും ഒരിക്കൽ ഇഷ്ടം പറയുമെന്ന് അവൾ പറഞ്ഞിരുന്നു. പക്ഷേ അത് ഇത്ര പെട്ടെന്ന് നടക്കുമെന്ന് ഞാൻ കരുതിയില്ല..”

അവൻ പറയുമ്പോൾ അത്ഭുതത്തോടെ ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

” അവൾ വന്ന് ഇഷ്ടം പറഞ്ഞതിന്റെ പിന്നാലെ നീ അവളെ ആട്ടി ഓടിച്ചു അല്ലേ..? “

എന്റെ ഭാവം കണ്ട് അവൻ അന്വേഷിച്ചു.ഞാൻ വെറുതെ ചിരിച്ചതേയുള്ളൂ.

” നിന്റെ പ്രതികരണം ഇങ്ങനെ തന്നെ ആകുമെന്ന് അവളോട് ഞാൻ ആദ്യം തന്നെ പറഞ്ഞിരുന്നതാണ്. അതുകൊണ്ട് അവൾക്ക് അതിൽ വിഷമം ഒന്നും ഉണ്ടാകാൻ സാധ്യതയില്ല.. എങ്കിലും ഞാൻ ഒന്ന് ചോദിച്ചോട്ടെ..? നിനക്ക് അവളെ ഇഷ്ടമല്ലേ..? “

അവന് എന്തു മറുപടി കൊടുക്കണം എന്ന് അറിയാതെ കുഴങ്ങി.

“അവളോട് എനിക്കിഷ്ടക്കേട് ഒന്നുമില്ല.പക്ഷേ ഞാൻ അവൾക്ക് ചേരില്ലെന്ന് എനിക്കും നിനക്കും ഒരുപോലെ അറിയുന്ന കാര്യമാണ്. ഒരുപാട് ബന്ധമുള്ള അവളെ പോലെ ഒരു പെൺകുട്ടിക്ക് അനാഥനായ ഞാൻ ചേരില്ല. പേരിനു പോലും പറയാൻ ഒരു ബന്ധു എനിക്കില്ല. ആകെ ഉള്ളത് നീയാണ്. അങ്ങനെയുള്ള ഞാൻ അവളെ പെണ്ണ് ചോദിച്ചു എങ്ങനെയാണ് ആ വീട്ടിലേക്ക് കയറി ചെല്ലുക..?”

എന്റെ ആകുലതകൾ പങ്കുവയ്ക്കാൻ എനിക്ക് മടി തോന്നിയില്ല.

” അവർക്ക് അങ്ങനെയുള്ള ചിന്തകൾ ഒന്നുമുള്ള ആളുകൾ ആണെന്ന് എനിക്ക് തോന്നുന്നില്ല. നീ എന്തായാലും നിന്റെ ഇഷ്ടം അവളെ അറിയിക്കണം.. “

അവൻ അങ്ങനെ പറഞ്ഞെങ്കിലും ആ ഇഷ്ടം അവളോട് പറയാതെ മനസ്സിൽ തന്നെ അടക്കി വയ്ക്കുകയായിരുന്നു താൻ ചെയ്തത്. പക്ഷേ അങ്ങനെ ചെയ്തത് നന്നായി എന്ന് പിന്നീടാണ് മനസ്സിലായത്.

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ തന്നെ ക്യാമ്പ് സെലക്ഷൻ വഴി ഒരു ജോലി കിട്ടിയിരുന്നു. മുന്നോട്ടുള്ള ജീവിതത്തിന് ജോലിയില്ലാതെ പിടിച്ചു നിൽക്കാൻ കഴിയില്ലല്ലോ. ആ സമയത്ത് അവൾക്ക് വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയെന്ന് കണ്ണൻ പറഞ്ഞു അറിഞ്ഞിരുന്നു.

ഒരു ദിവസം വൈകുന്നേരം തീരെ പ്രതീക്ഷിക്കാത്ത രണ്ടുപേർ തന്നെ കാണാൻ ഓഫീസിൽ എത്തി. പ്രിയയുടെ അച്ഛനും അമ്മയും ആയിരുന്നു അത്.

“അനാഥനായ ഒരുവനെ ഞങ്ങളുടെ മകളുടെ ഭർത്താവിന്റെ സ്ഥാനത്ത് സങ്കൽപ്പിക്കാൻ പോലും ആവില്ല. ഒരുപാട് ബന്ധു ബലമുള്ള ഒരു വീട്ടിലേക്ക് അവളെ കെട്ടിച്ച് അയക്കണം എന്നാണ് ആഗ്രഹം. പക്ഷേ ഇന്നുവരെ അവളുടെ ആഗ്രഹങ്ങൾക്കെതിരായി ഒരു വാക്കുപോലും ഞങ്ങൾ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അവളുടെ ഈ ആഗ്രഹത്തെയും എതിർത്ത് സംസാരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. പക്ഷേ അത് നിനക്ക് കഴിയണം. അവളോട് നീ ഇതുവരെ ഇഷ്ടം പറഞ്ഞിട്ടില്ല എന്ന് ഞങ്ങൾക്കറിയാം.ഇനി ഒരിക്കലും അത് തുറന്നു പറയാൻ പാടില്ല.അവളെ നിനക്ക് ഇഷ്ടമല്ല എന്ന് തന്നെ പറഞ്ഞാൽ മതി.”

അവളുടെ അച്ഛൻ ആവശ്യപ്പെട്ടത് അതുമാത്രമായിരുന്നു. എവിടെയൊക്കെയോ ഒരു പ്രതീക്ഷ മുള പൊട്ടിയത് കരിഞ്ഞു പോയത് താൻ അറിഞ്ഞു.

അതിന്റെയൊക്കെ അവസാനം എന്ന നിലയ്ക്കാണ് ഇന്നലെ അവൾ കാണാൻ വന്നത്.

” ഞാൻ നിന്നെ ഒരിക്കലും പ്രണയിച്ചിട്ടില്ല. ഒരു സഹോദരിയായി മാത്രമേ കരുതിയിട്ടുള്ളൂ. ഇനിയൊരിക്കലും നീ എന്റെ പേരും പറഞ്ഞ് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. അവർ കണ്ടെത്തുന്ന ആളെ വിവാഹം കഴിച്ചു സമാധാനമായി ജീവിക്കാൻ നോക്കൂ.. ഞാൻ ഒരിക്കലും നിനക്ക് ചേരില്ല. ഇനിയും എന്റെ പിന്നാലെ നടന്ന് എന്നെ ശല്യം ചെയ്യാനാണ് തീരുമാനമെങ്കിൽ ഈ നാടും വീടും ഉപേക്ഷിച്ച് ഞാൻ പോകും.. എനിക്ക് ആരോടും ചോദിക്കാനും പറയാനും ഒന്നുമില്ല എന്ന് നിനക്ക് വ്യക്തമായി അറിയാമല്ലോ..? “

അവളോട് അത്രയും പറയുമ്പോൾ ശബ്ദം ഇടറാതിരിക്കാനും കരയാതിരിക്കാനും താൻ പരമാവധി ശ്രമിച്ചു. അവസാന പ്രതീക്ഷയും അസ്തമിച്ചത് പോലെ അവൾ തന്നെ കടന്നു പോയപ്പോൾ ഇങ്ങനെ ഒരു വേർപാട് പ്രതീക്ഷിച്ചിരുന്നില്ല.

അവളെ കാണാതായി രണ്ടു ദിവസങ്ങൾക്ക് ശേഷം അവൾ വീട്ടിലേക്ക് തന്നെ മടങ്ങി വന്നു. ആകെ ക്ഷീണിച്ചു കോലം കെട്ട അവസ്ഥയിലായിരുന്നു അവൾ. അവളെ നെഞ്ചോട് ചേർക്കാൻ കൊതിച്ച എനിക്ക് അതിന് കഴിയില്ലായിരുന്നു.

പക്ഷേ ആ രണ്ടു ദിവസം കൊണ്ട് തന്നെ മകളുടെ ഉള്ളിലെ ഇഷ്ടം തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവളുടെ ഇഷ്ടം നടത്തി കൊടുക്കാൻ തീരുമാനിച്ചു. അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ നിറഞ്ഞ സന്തോഷമായിരുന്നു ഞങ്ങൾക്ക് ഇരുവർക്കും.

ഇടയ്ക്കൊക്കെ എന്നെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി അവൾ പറയാറുണ്ട്, അവൾ നിർബന്ധിച്ചു ഇഷ്ടപ്പെടുത്തിയതാണ് എന്നെ എന്ന്. പക്ഷേ എന്റെ പ്രാണൻ അവളാണെന്ന് അവൾ എന്നോ മനസ്സിലാക്കിയതാണ്.. അതുകൊണ്ടാണല്ലോ പ്രയോഗത്തിന് അവൾ ആരോടും പറയാതെ അവളുടെ ആന്റിയുടെ വീട്ടിലേക്ക് മാറി നിന്നത്. കാര്യങ്ങളൊക്കെ ഏകദേശം തീരുമാനമായി എന്ന കണ്ണന്റെ വാക്ക് വിശ്വസിച്ച് തിരികെ വന്നത്..!

അവർ ഇരുവരുടെയും വിദഗ്ധമായ പ്ലാനിങ് അറിയാതെ ഇടയിൽ പെട്ടുപോയത് ഞാനും അവളുടെ വീട്ടുകാരും മാത്രം..!!! പക്ഷേ എന്തൊക്കെയായാലും അതുകൊണ്ട് നേട്ടം മാത്രമല്ലേ ഉണ്ടായുള്ളൂ.. അതുകൊണ്ട് മാത്രമാണ് ഇത്രയും ടെൻഷൻ അടിപ്പിച്ച കണ്ണനെ വെറുതെ വിട്ടത്..

✍️ അപ്പു