രചന : നീഹാരം
::::::::::::::::::
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും…
ഓഡിറ്റോറിയത്തിൽ നിന്നും കാതിലേക്ക് പതിക്കുന്ന ആ പാട്ടിനൊപ്പം പ്രണവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
അവളുടെ കണ്ണുകൾ പുറത്തു പൂത്തു നിൽക്കുന്ന വാകമരച്ചുവട്ടിലേക്ക് പോയി…അവൾ അവളുടെ പ്രണയത്തെ ആദ്യമായി കണ്ടതും, പറഞ്ഞതും ആ വാകമരച്ചുവട്ടിൽ വെച്ചായിരുന്നു…
*****************
എന്റെ മഹാദേവാ… ആദ്യയിട്ടാണ് കോളേജിലേക്ക്…എല്ലാവരും റാ ഗിംഗ്, പാർട്ടി, അടി, ഇടി..എന്നൊക്കെ പറഞ്ഞു ആവശ്യത്തിലധികം ടെൻഷൻ ആക്കിയിട്ടുണ്ട്. ഇതിപ്പോ എങ്ങനെ അങ്ങോട്ടു പോകും…ആരെങ്കിലും ഒന്നു വന്നിരുന്നെങ്കിൽ…
അങ്ങനെ ഓരോന്നും ചിന്തിച്ചു കൊണ്ടു ഞാൻ കോളേജ് ഗേറ്റിനു പുറത്തു നിന്നപ്പോഴാണ്, എന്റെ അരികിലേക്ക് ഒരു കുട്ടി നടന്നു വന്നത്.
ഒറ്റ നോട്ടത്തിൽ തന്നെ എന്നെ പോലെ തന്നെ ഒത്തിരി മോഡണുമല്ല, തനി നാട്ടിൻ പുറത്തുകാരിയുമല്ലാത്ത ഒരു സാധാരണ പെൺകുട്ടി.
ഒറ്റയ്ക്കു ഗേറ്റ് കടക്കാനുള്ള പേടി കൊണ്ടാണ് നിന്നത് എന്നു പറഞ്ഞപ്പോൾ ഒരു ചിരിയോടെ എന്റെ കയ്യും പിടിച്ചു അവളുടെ കൂടെ എന്നെയും കൊണ്ടു പോയി.
കൂടുതൽ പരിചയപ്പെട്ടപ്പോൾ മനസിലായി ഞങ്ങൾ രണ്ടും ഒരേ ക്ലാസ്സിൽ ആണെന്ന്.
അപർണ അതായിരുന്നു അവളുടെ പേര്. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ അവൾ എന്റെ ബെസ്റ്റി ആയി മാറി.
മെയിൻ ഗേറ്റ് കടന്നു അകത്തേക്ക് ചെന്നപ്പോഴേ കണ്ടു ” നവാഗതർക്ക് സ്വാഗതം ” എന്ന് വെച്ചിരിക്കുന്ന പല രീതിയിലുള്ള ഫ്ലെക്സുകളും മറ്റും.സീനിയെർസ് പുതിയ കുട്ടികളെ പൂവ് കൊടുത്തു സ്വീകരിക്കുന്നുമുണ്ട്…അങ്ങിങ്ങായി പരിചയപ്പെടാൻ എന്ന് പറഞ്ഞു ഓരോരുത്തരെയും വിളിക്കുകയും, പാട്ടു പഠിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.
ഇതൊക്കെ കണ്ടപ്പോഴേ എന്റെ ഹാർട്ട് ഒരു ഡി ജെ നടത്താൻ തുടങ്ങിയിരുന്നു.
വെറുതെ, ഒന്നു പതുക്കെ ഇടിക്കു എന്റെ ഹാർട്ടെ… എന്ന് പറഞ്ഞിട്ടും പുള്ളി നമ്മളെ യാതൊരു മൈൻഡും ചെയ്തില്ല…
എന്റെ മുഖഭാവം കണ്ടിട്ട് അപർണ ചിരിക്കുകയാണ്…എന്റെ മഹാദേവാ.. ഈ പെണ്ണിന് ഒരു പേടിയും ഇല്ലാത്തത് പോലെ…
പേടി കൂടിയപ്പോൾ ഞാൻ അപർണയുടെ കൈയിൽ മുറുകെ പിടിച്ചു.
*********************
“എന്റെ പ്രണവിക്കുട്ടി… ഇത്രയും പേടി വെച്ചിട്ടാണോ ഈ കോളേജിൽ ഒക്കെ വന്നത്.”
ഒരു കളിയാക്കലോടെ അപർണ അതു പറഞ്ഞതും ഞാൻ ചുണ്ടുളുക്കി അവളെ ഒന്നു നോക്കി..
“അല്ല..അപർണ… തനിക്കു പേടിയില്ലേ…”
“എന്തിനാ…”
“റാഗി ങ്ങ്… ഒക്കെ ഉണ്ടാവില്ലേ…, പിന്നെ… പാർട്ടിയും, ഇലക്ഷനും,അടിയുമൊക്കെ ഉണ്ടാവുമെന്നു എല്ലാവരും പറഞ്ഞു.”
“അറിഞ്ഞത് എല്ലാം ശരിയല്ല കേട്ടോ … റാഗിങ്ങ് വലുതായി ഒന്നുമില്ല… നമ്മളെ ഒന്ന് സെറ്റക്കാൻ വേണ്ടി മാത്രേ ഉണ്ടാവൂ., പിന്നെ പാർട്ടി പ്രവർത്തനം നേരത്തെ ഉണ്ടായിരുന്നു., ഇപ്പോൾ കോളേജിന് പുറത്താണ് കൂടുതൽ.. കോളേജിൽ അങ്ങനെ ഒന്നുമില്ല…”
“ഇതൊക്കെ അപർണയ്ക്ക് എങ്ങനെ അറിയാം.”
“ഡീ… പ്രണവി… എന്റെ ഏട്ടൻ ഇവിടുത്തെ ഗസ്റ്റ് ലെക്ചർ ആണ്.. അങ്ങനെ അറിയാം. പിന്നെ ആരെങ്കിലും നമ്മളെ പരിചയപ്പെടാൻ വിളിച്ചാൽ അങ്ങ് ചെല്ലണം. പോകാതെ ഇരുന്നാൽ ആണ് പണി കൂടുന്നത്.പിന്നെ ഇങ്ങനെ ടെൻഷൻ ആവാനും പാടില്ല. ഇത്തിരി ബോൾഡ് ആയി നിൽക്കണം എന്നാണ് ഏട്ടൻ പറഞ്ഞിരിക്കുന്നത്.”
അവൾ പറഞ്ഞു തീർന്നതും കുറെ ചേട്ടന്മാരും ചേച്ചിമാരും ഞങ്ങളെ അവരുടെ അടുത്തേക്ക് വിളിച്ചു.
ഒരു പണി കിട്ടിയതാണ് എന്ന് മനസിലായപ്പോൾ അപർണ പറഞ്ഞത് പോലെ ടെൻഷൻ എല്ലാം മായ്ച്ചു കളഞ്ഞു അവരുടെ അടുത്തേക്ക് പോയി.
പരിചയപെടലും ഒക്കെ കഴിഞ്ഞു അപർണയെ കൊണ്ടു പാട്ടു പാടിച്ചു..അപ്പോഴാണ് എനിക്കു ശ്വാസം നേരെ വീണത്.. എനിക്കും അങ്ങനെ വല്ല ടാസ്‌കും ആകുമെന്ന് വിചാരിച്ചു നിന്നപ്പോൾ ആണ്, അതിലൊരു ചേട്ടൻ വന്നു എന്നെ പ്രൊപ്പോസ് ചെയ്തത്.എന്നിട്ട് ടാസ്‌കും തന്നു… ആ ചേട്ടൻ തന്ന പൂവ് വാങ്ങി വേറെ ആരെയെങ്കിലും പ്രൊപ്പോസ് ചെയ്യണം.അല്ലെങ്കിൽ ആ ചേട്ടനെ തന്നെ പ്രൊപ്പോസ് ചെയ്യണം.
ആകെ എന്തു ചെയ്യണം എന്നറിയാതെ പെട്ടു പോയ അവസ്ഥ…. അപ്പോഴാണ് എന്റെ കണ്ണുകൾ വാകമരച്ചുവട്ടിൽ നിൽക്കുന്ന ആളിലേക്ക് പോയത്.ഇളം നീല നിറത്തിലുള്ള കുർത്തയും, അതെ കരയുള്ള മുണ്ടുമാണ് വേഷം.ബുള്ളറ്റിൽ ചാരി നിന്ന് ആരോടോ സംസാരിക്കുകയായിരുന്നു ആൾ.ദൂരെ നിന്നും ഒരു നോക്ക് മാത്രേ കണ്ടുള്ളൂ എങ്കിലും നസ്രിയ പറഞ്ഞപോലെ അടിവ യറ്റിൽ ഒരു മഞ്ഞു വീണ സുഖമായിരുന്നു.
ആ പൂവും വലതു കൈയിൽ പിടിച്ചു ആ ആളിന്റെ നേരെ നടക്കുമ്പോൾ ഞാൻ എന്തിനാണ് ആ വ്യക്തിയുടെ അടുത്തേക്ക് പോകുന്നതെന്ന് എനിക്കും വ്യക്തമല്ലായിരുന്നു.
എന്റെ പോക്ക് കണ്ടിട്ടാകാം പണി തന്ന ചേട്ടന്മാരും ചേച്ചിമാരും വായും പൊളിച്ചു നിൽപ്പുണ്ട്. അപർണയും ഏതാണ്ട് അതെ അവസ്ഥയിൽ എന്നെ നോക്കി നിൽക്കുകയാണ്. ഇവരുടെ നിൽപ് കണ്ടിട്ടാകാം വരുന്നവർ വരുന്നവർ എന്നെയും ഞാൻ പോകുന്ന ദിക്കിലേക്കും കണ്ണും നട്ട് നിൽക്കുകയാണ്.
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ആ ആളിന്റെ മുൻപിൽ ചെന്നു നിന്നു കൈയിലിരുന്ന പൂവും നീട്ടി “” I love you…””” എന്നും പറഞ്ഞതും പുള്ളി കൈവീശി ഒന്നു തന്നതും ഒരു പോലെ ആയിരുന്നു.
അടികിട്ടിയ ശക്തിയിൽ ഞാൻ പുറകോട്ടു വീഴാൻ പോയപ്പോൾ എന്നെ പിടിച്ചു നിർത്തിയതും ആ കൈകൾ തന്നെയാണ്.അതുമതിയായിരുന്നു എന്റെ വേദന ഇല്ലാതാക്കാൻ. പകരമായി ഒരു പുഞ്ചിരി സമ്മാനിച്ചപ്പോഴോ.. കണ്ണുപൊട്ടണ ചീത്ത പറഞ്ഞു.
പുള്ളി ഇത്രയും ചീത്ത പറഞ്ഞിട്ടും എനിക്കെന്തോ.. Love song പോലെയാ തോന്നിയത്…
******************
“നീ… എന്താടി ഞാൻ ഇത്രയും പറഞ്ഞിട്ട് ഇളിച്ചോണ്ട് നിൽക്കുന്നത്. ഇങ്ങനെ തോന്നിയാവസം കാണിക്കാൻ രാവിലെ തന്നെ ഓരോന്നു കെട്ടി ഒരുങ്ങി ഇറങ്ങിക്കോളും… കോളേജിൽ പഠിക്കാൻ ആണ് വന്നതെങ്കിൽ അതാകാം. അല്ലാതെ…മുൻപിന്നു മാറെഡീ….”
അവസാനത്തെ വാക്കുകൾ ഒരലർച്ചയോടെയാണ് പറഞ്ഞത്.
പതിയെ ചുറ്റിലും നോക്കിയപ്പോൾ അടക്കി പിടിച്ച ചിരിയുമായി ഒത്തിരിപ്പേർ എന്നെ നോക്കി നില്ക്കുന്നു. പക്ഷെ പണിതന്നവരും, കൂടെ ധൈര്യത്തിനു നിന്നവളെയും കാണാനില്ല..
പിന്നെ.. ഒന്നും നോക്കാതെ ക്ലാസ്സിലേക്ക് ഒറ്റ ഓട്ടമായിരുന്നു. ആരോടൊക്കെയോ ചോദിച്ചും പറഞ്ഞും ക്ലാസ്സിൽ എത്തിയപ്പോൾ ഞാൻ കണ്ടു ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന അപർണയെ…ചെന്നു അവൾക്കിട്ടു നല്ല ഒരെണ്ണം കൊടുത്തിട്ട് അന്തസ്സായി അവളുടെ അടുത്ത് തന്നെ ഇരുന്നു…
*******************
ക്ലാസ്സ് തുടങ്ങിയപ്പോൾ ബുക്കും പിടിച്ചു ക്ലാസ്സിലേക്ക് കയറി വരുന്ന ആളെ കണ്ടു ഞാൻ വിയർക്കാൻ തുടങ്ങി. അപർണയെ നോക്കിയപ്പോൾ എന്നെ വളരെ നിസ്സഹായയായി അവൾ എന്നെ നോക്കിയിരിക്കുന്നു.
********************
“ന്റെ മഹാദേവാ… ഇങ്ങേരു മാഷായിരുന്നോ?”
“അതെഡീ… നീ പൂവ് കൊടുത്തില്ലേ, അതു എന്റെ ഏട്ടനാണ്,.ആദിത്യ ദേവ്..ഏട്ടന്റെ നേരെ പോയത് കൊണ്ടാണ് ഞാൻ അവിടുന്ന് മുങ്ങിയത്. നീ ഇതിനാണ് പോയത് എന്നറിഞ്ഞിരുന്നേൽ,….”
അവൾ നെഞ്ചത്തു കയ്യും വെച്ചു മുകളിലേക്ക് നോക്കി പറഞ്ഞു..
“ഏതായാലും… ഈ മാഷിനെ എനിക്കിഷ്ട്ടായി കേട്ടോ… നിന്റെ ഏട്ടനു ഇഷ്ട്ടായാൽ നിനക്കു ഫ്രീ ആയി ഒരു നാത്തൂനേ കിട്ടും…”
അപർണയ്ക്ക് കേൾക്കാൻ പാകത്തിനാണ് പറഞ്ഞതെങ്കിലും മുൻപിൽ കത്തുന്ന കണ്ണുകളോടെ എന്നെ നോക്കിയ മാഷിനെ കണ്ടപ്പോഴേ തോന്നി കേൾക്കണ്ട ആൾ വളരെ വ്യക്തമായി എല്ലാം കേട്ടിട്ടുണ്ടെന്ന്…
*********************
ഞാൻ ആദിത്യദേവ്.. നിങ്ങളുടെ ക്ലാസ്സിന്റെ ഇൻ ചാർജ് തല്ക്കാലം എനിക്കാണ്.ഇന്ന് ഫസ്റ്റ് ഡേ അല്ലെ… So..നമ്മുക്ക് ഇന്ന് പരസ്പരം ഒന്നു പരിചയപ്പെടാം എന്ത്യേ.?
ഒരു ചിരിയോടെ ക്ലാസ്സിലെ ഓരോരുത്തരെയും വിളിച്ചു… ഒടുവിൽ എന്റെ അടുത്ത് എത്തിയപ്പോഴേക്കും പുള്ളി അപർണയെ വിളിച്ചു പുള്ളിടെ സഹോദരിയാണെന്ന് പറഞ്ഞു പരിചയപ്പെടുത്തി…
********************
പിന്നീട് അങ്ങോട്ടുള്ള ഓരോ ദിവസവും മാഷിനെ വായിനോക്കൽ ആയിരുന്നു എന്റെ സ്ഥിരം പണി. പതിയെ അത് കോളേജിലും പാട്ടകാൻ തുടങ്ങി. അപർണയുടെ ഏട്ടൻ ആണെങ്കിലും മാഷ് രാവിലെ ട്യൂഷനും ഒക്കെ കഴിഞ്ഞു കോളേജിൽ വരുന്നത് കൊണ്ടു അവളും ഞാനും ഒന്നിച്ചാണ് പോകുന്നതും വരുന്നതുമെല്ലാം…
അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയതു കൊണ്ടു തന്നെ മാഷിന്റെ ഇഷ്ട്ടങ്ങളും ഇഷ്ട്ടകേടുകളും അവളിൽ നിന്നു തന്നെ എനിക്കറിയുവാൻ സാധിച്ചു. അങ്ങനെ അവിളിൽ നിന്നാണ് കവിതകളോട് മാഷിനുള്ള പ്രണയത്തെ ഞാൻ അറിഞ്ഞതും..
പഠിച്ച കോളേജിൽ തന്നെ അധ്യാപകൻ ആയ, രാവിലെയും വൈകുന്നേരത്തും കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന, പാവപ്പെട്ട കുട്ടികളെ ഫീസ് വാങ്ങാതെ പഠിപ്പിക്കുന്ന ആദിത്യദേവ്… 💞എന്റെ മാത്രം മാഷ് 💞..
കൂടുതൽ അറിയുംതോറും മാഷിനോടുള്ള എന്റെ പ്രണയവും കൂടി വന്നു…പഠിക്കുന്ന കാലത്ത്… ക്യാമ്പസ് ഇളക്കി മറിച്ച രാഷ്ട്രീയ വിദ്യാർത്ഥി…ഇപ്പോഴും എല്ലാവരുടെയും മനസ്സിൽ മായാത്ത പേര്.,””സഖാവ് :ആദിത്യദേവ്..””” പക്ഷെ.. ഇന്ന് അങ്ങനെയല്ല,
ഉള്ളിൽ എപ്പോഴും മായാത്ത, താൻ ഉറച്ചു വിശ്വസിക്കുന്ന ഒരു സഖാവ് ഉണ്ടെങ്കിലും, അതിൽ നിന്നും തീർത്തും വ്യത്യസ്തമായി, ഏത് രാഷ്ട്രീയപാർട്ടിയുടെ പ്രശ്നത്തിലും ഇടപെട്ടു ഒരു പ്രോബ്ലം സോൾവ് ചെയ്യാൻ ഇറങ്ങി തിരിക്കുന്ന മാഷായി മാറി ആദിത്യദേവ്..
********************
അങ്ങനെ ഇരിക്കെ… കോളേജ് ആർട്സ് ഡേ വന്നു…ക്ലാസ്സിലെ മിക്കവരും ഓരോ മത്സരത്തിനു ചേർന്നു..കൂട്ടത്തിൽ ഞാനും ചേർന്നു കവിതാ പാരായണത്തിന്…
*********************
“”””ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല…
“””കരയുന്നു ഗോകുലം മുഴുവനും
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പുല്‍ത്തേരുമായ് നിന്നെയാനയിക്കാന്‍ ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ”””
———-======—————–
“””കൃഷ്ണാ നീയറിയുമോ എന്നെ…
കൃഷ്ണാ നീയറിയുമോ എന്നെ…
നീയറിയുമോ എന്നെ…”””””
പാടി തീർന്നതും ഞാൻ കണ്ടു എന്നെ മാത്രം നോക്കി നിന്നു ചിരിക്കുന്ന എന്റെ മാത്രം മാഷിനെ…
പെട്ടെന്ന് ആരൊക്കെയോ അടി ഉണ്ടാക്കുന്നത് കണ്ടു മാഷ് അങ്ങോട്ടേക്ക് ഓടി..
*******************
ഇടയ്ക്ക് അപർണ വഴിയും നേരിട്ടും ഞാൻ എന്റെ സ്നേഹം പറഞ്ഞപ്പോൾ… മാഷ് പറഞ്ഞത്…
“”പ്രണവി… തനിക്കു മുൻപിൽ വലിയൊരു ലോകം ഉണ്ട്.. പ്ലസ്ടുവിനു ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കുട്ടിയല്ലേ താൻ..നാളെ ഒരു പക്ഷെ… ഈ യൂണിവേഴ്സിറ്റിയിലെ തന്നെ റാങ്ക് ഹോൾഡർ ആവാൻ കഴിവുള്ള കുട്ടിയാണ്. എനിക്കും തന്റെ മിക്ക ടീച്ചേർസിനും ഏതാണ്ട് ഇതെ അഭിപ്രായമാണ് ഉള്ളത്…അതു ഒന്നു കൊണ്ടു മാത്രമാണ് താൻ എന്നോട് ഇഷ്ട്ടം പറഞ്ഞു നടന്നിട്ടും ഞാൻ ഒരു പ്രശ്നം ഉണ്ടാക്കാൻ മുതിരാത്തത്.ഇപ്പോൾ ഈ മനസ്സിൽ ഉള്ളതെല്ലാം പ്രായത്തിന്റെതാണ്. So… ഇനി അതൊക്കെ കളഞ്ഞിട്ടു നല്ല കുട്ടിയായി പഠിക്കാൻ നോക്ക്..””
അതും പറഞ്ഞു പോകാൻ തുടങ്ങിയ മാഷിന്റെ മുൻപിൽ ചെന്നു ഞാൻ നിന്നു..
“”പ്രായത്തിന്റെ അല്ല മാഷേ… എനിക്കു അത്രയ്ക്ക് ഇഷ്ട്ടായിട്ട് തന്നെയാ…പിന്നെ.. ഞാൻ പഠിക്കും.. മാഷ് പറഞ്ഞത് പോലെ റാങ്ക് വാങ്ങുകയും ചെയ്യും… എന്നിട്ട് മാഷിന്റെ മുൻപിൽ വന്നു നിന്നാലോ?… മാഷ് എന്നെ സ്വീകരിക്കുമോ?.””
ഞാൻ ചോദിച്ചതിന് ഒന്നു പുഞ്ചിരിച്ചു കൊണ്ടു മാഷ് സ്റ്റാഫ് റൂമിലേക്ക് പോയി.
******************
അങ്ങനെ ഒരു ദിവസം വയ്യാത്തത് കൊണ്ട് അപർണ ഉച്ചയ്ക്ക് വീട്ടിൽ പോയി. ലാസ്റ്റ് hour മാഷിന്റെ ആയതു കൊണ്ട് പോകാൻ കൂട്ടക്കാതെ ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്നു..മിക്കവാറും കുട്ടികൾ എല്ലാം ലാസ്റ്റ് പീരിയഡ് കട്ട് ചെയ്യുമല്ലോ?കുറച്ചുപ്പേർ മാത്രം ഉള്ളത് കൊണ്ടാകാം… എന്തെങ്കിലും എടുത്തു പഠിക്കാൻ പറഞ്ഞിട്ട് മാഷ് ഏതോ ഒരു പുസ്തകവും വായിച്ചോണ്ട് അവിടെ ഇരുന്നു. ഇടയ്ക്കിടയ്ക്ക് എന്റെയും മാഷിന്റെയും നോട്ടങ്ങൾ കൊരുക്കുമെങ്കിലും ഒരു ചിരിയാലേ അതി വിദഗ്ധമായി മാഷ് അതിനെ മറച്ചു പിടിച്ചു..
ക്ലാസ്സിൽ ബഹളം കൂടിയപ്പോൾ… ആരെങ്കിലും വന്നു ഒരു പാട്ടുപാടാൻ മാഷ് പറഞ്ഞു. കേട്ടപാതി കേൾക്കാത്തപാതി ഞാൻ ഓടി ചെന്നു പാടാൻ തുടങ്ങി… ഞാൻ പാടി തുടങ്ങിയപ്പോൾ മാഷ് ചെയറിൽ നിന്നും എഴുന്നേറ്റു എന്റെ സീറ്റിൽ പോയിരുന്നു..
……………………………………..
“പ്രേമമായിരുന്നെന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ പ്രേമമായിരുന്നെന്നിൽ സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും…വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും…´´´
………..……………………………..
കിട്ടിയ ചാൻസിൽ സഖാവ് കവിത മുഴുവൻ പാടി തീർത്തപ്പോൾ ഒരു കള്ള ചിരിയാലേ മാഷ് എന്റെ അരികിൽ വന്നു…
“പാട്ട് നന്നായിട്ടുണ്ട്… ´´എന്നു പറഞ്ഞു.
അപ്പോഴാണ് ആർട്സ് ഡേയുടെ അന്നത്തെ അടിയുടെ ബാക്കി കോളേജിന് ഫ്രണ്ടിൽ നടക്കുന്നു എന്ന് ആരോ പറയുന്നത് കേട്ടത്. കുട്ടികൾ തമ്മിലുള്ള പ്രശ്നം രണ്ടു പാർട്ടികൾ തമ്മിലായി മാറി.
മാഷ് ഓടിയതിനു പിന്നാലെ.. ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഓടി.അവരുടെ ഇടയിൽ പ്രശ്നം സോൾവ് ചെയ്യാനായി ചെന്ന മാഷിന്റെ നേർക്ക് വടി വാ ളും വീശി കൊണ്ട് വരുന്ന ആളെ കണ്ടതും എങ്ങനെയൊക്കെയോ ഞാൻ ഓടി അവരുടെ ഇടയിൽ ചെന്നു… മാഷിന് കൊള്ളേണ്ട വെ ട്ട് കിട്ടിയത് എന്റെ വയറ്റിലും…ഒരു കയ്യാലെ എന്നെ പിടിച്ചു കൊണ്ട് ഓരോരുത്തരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പുറകിൽ നിന്നും കിട്ടിയ അടിയും വെട്ടും എല്ലാം.. എന്റെ മാഷിനെ അവശനാക്കി കളഞ്ഞു. മേലാസകലം പ്രഹരങ്ങൾ ഏറ്റു നിലത്തു വീണപ്പോഴേക്കും പോലീസും മറ്റും എത്തി.
ആരൊക്കെയോ ചേർത്ത് എന്നെ ആംബുലൻസിൽ കയറ്റിയപ്പോഴേക്കും രക്തം വാർന്ന ശരീരവുമായി അരികിൽ എത്തി വലതു കയ്യാലേ എന്റെ കൈയിൽ പിടിച്ചു. എന്നിട്ട് എന്റെ നെറുകയിൽ ചുംബിച്ചുകൊണ്ടു മാഷ് പറഞ്ഞു…
💞💞💞പ്രേമമായിരുന്നെന്നും നിന്നോടും നിന്റെ കുറുമ്പിനോടും….ആദിത്യദേവിന്റെ പ്രണയം അത് ഈ പ്രണവിയായിരുന്നു…ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഈ സഖാവ്… നിന്റെ മാത്രം മാഷായിരിക്കുമെന്ന്..💞💞💞
ഒരു പിടച്ചിലോടെ ആ വാക്കുകൾ പറഞ്ഞതും മാഷിന്റെ കൈകൾ എന്റെ കൈയിൽ നിന്ന് ഊർന്നു താഴേക്കു പോയി… ഒപ്പം….നിശബ്ദമായി കരയാൻ മാത്രമേ എനിക്കും കഴിഞ്ഞുള്ളൂ…
******************
ഈ വർഷത്തെ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രണവി എല്ലാവർക്കും ഒരു മാതൃകയാണ്.മനസ്സിന്നേറ്റ മുറിവ് ശരീരത്തെയും കീഴ്പ്പെടുത്തിയപ്പോഴും തനിക്കു വിജയിക്കണം, റാങ്ക് വാങ്ങണം എന്ന ഒരൊറ്റ നിശ്ചയദാർഢ്യത്തോടെ തന്റെ ലക്ഷ്യം പൂർത്തീകരിച്ച “”mrs : പ്രണവയെ …” ഒത്തിരി അഭിമാനത്തോടെ ഞാൻ ഈ വേദിയിലേക്ക് ക്ഷണിക്കുന്നു..
ചുറ്റിലും കൈയടികൾ ഉയർന്നപ്പോഴാണ് പ്രണവി തന്റെ ചിന്തകളിൽ നിന്നും മോചിതയായത്.
വീൽ ചെയറിൽ ഇരിക്കുന്ന പ്രണവിയെ അവളുടെ അച്ഛനും അമ്മയും കൂടി സ്റ്റേജിലേക്ക് കൂട്ടി കൊണ്ട് പോയി…പ്രിൻസിപ്പളിന്റെ കൈയിൽ നിന്നു സമ്മാനവും, സർട്ടിഫിക്കറ്റും വാങ്ങുമ്പോൾ കണ്ടു സ്റ്റേജിന്റെ ഏറ്റവും പിന്നിൽ കണ്ണുകൾ തുടച്ചു കൊണ്ട് എന്നെ നോക്കി നിൽക്കുന്ന അപർണയെ..
അന്നത്തെ ആ സംഭവത്തിനു ശേഷം ശരീരം കൂടി തളർന്നു പോയപ്പോൾ, മനസ്സിൽ മാഷിന് കൊടുത്ത വാക്കുകൾ മാത്രമായിരുന്നു കൂട്ടിനുള്ളത്.പിന്നെ എപ്പോഴോ അറിഞ്ഞു ഞങ്ങളെ വെട്ടിയവരെ അറസ്റ്റ് ചെയ്തു എന്നൊക്കെ.മാഷ് ഇല്ലാത്ത ക്യാമ്പസിലേക്ക് ഒരു മടങ്ങി വരവ് വേണ്ടായെന്ന് എന്റെ തീരുമാനം ആയിരുന്നു.അപർണയെ പോലും കാണാൻ കൂട്ടാക്കിയില്ല. വീട്ടിൽ ഇരുന്നു പഠിച്ചു. സ്ക്രൈബിന്റെ സഹായത്തോടെ എക്സാം എഴുതി… ഇപ്പോൾ എന്റെ മാഷ് പറഞ്ഞത് പോലെ….
സ്റ്റേജിൽ നിന്നും അഭിനന്ദനങ്ങളും എല്ലാം വാങ്ങി പുറത്തേക്ക് വന്നതും അപർണ ഓടി എന്റെ അരികിൽ എത്തി…കുറെ കരഞ്ഞു… എന്തോ…. കണ്ണുകളിൽ ഇനി ബാക്കി വരാൻ കണ്ണുനീർ ഇല്ലാത്തതു കൊണ്ടാകാം നിർവികാരതയോടെ ഇരിക്കാനെ എനിക്കു കഴിഞ്ഞുള്ളൂ.
പരസ്പരം ഒന്നും പറയാതെ ഞങ്ങൾക്കിടയിൽ മൗനം വിജയിച്ചപ്പോൾ ഒരിക്കൽ കൂടി എന്നെ ആ വാകമരച്ചുവട്ടിൽ എന്നെ ഒന്നു കൊണ്ടു പോകാൻ ഞാൻ അവളോട് പറഞ്ഞു.
അവിടെ എത്തിയതും എന്റെ മാഷിന്റെ പുഞ്ചിരിച്ച മുഖവും, അവസാനമായി എന്നോട് പറഞ്ഞ വാക്കുകളും മാത്രമായിരുന്നു എന്റെ ഉള്ളിൽ.അങ്ങനെ ദൂരേക്ക് നോക്കി ഇരുന്നപ്പോൾ മനസ്സ് ശാന്തമാകുന്നതിനൊപ്പം, വല്ലാത്ത സന്തോഷവും എന്നെ തഴുകി കടന്നു പോകുന്നത് ഞാൻ അറിയുകയായിരുന്നു.
“`നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു..(2)
നിന്റെ ചോരക്കണങ്ങളാണെന്നിൽ പീത പുഷ്പ്ങ്ങളൊക്കെ തൊടുത്തതും ആയുധങ്ങളാണല്ലോ സഖാവേ നിന്റെ ചോ ര ചൂടാൻ കാത്തിരുന്നതും…´´´
എവിടെ നിന്നോ കാതിൽ പതിക്കുന്ന ആ പാട്ടിനൊപ്പം ഞാനും എന്റെ കണ്ണുകൾ പതിയെ അടച്ചു.
ശിരസ്സിൽ ഒരു തലോടൽ അനുഭവപ്പെട്ടപ്പോൾ, അരികിൽ പ്രിയമുള്ള ആരുടെയോ സാമീപ്യം അറിഞ്ഞപ്പോൾ ഞാൻ പതിയെ തിരിഞ്ഞു നോക്കി…
കണ്ട കാഴ്ച്ച സത്യം ആണോ, മിഥ്യയാണോ എന്നറിയാതെ ശ്വാസം പോലും വിലങ്ങി പോയി…
💞എന്റെ മാത്രം മാഷ്…💞
“”മാഷേ…ഇത്…””
ഒരു പൊട്ടി കരച്ചിലോടെ ആ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ…ഇരു കരങ്ങളാലും എന്നെ മാഷ് ചേർത്തു പിടിച്ചു.
“”സത്യയാടി… പെണ്ണെ…സ്വന്തം ജീവൻ കളഞ്ഞും എന്നെ സ്നേഹിക്കുന്ന ഈ പെണ്ണ് ഇവിടെ ഉള്ളത് കൊണ്ടാകാം…എന്റെ പ്രാണൻ തിരികെ കിട്ടിയത്…കുറച്ചു കാലം ഒന്നും ഓർമയില്ലാതെ കിടന്നു..പക്ഷെ… ശരീരവും മനസ്സും തളർന്നു പോയ എന്റെ പെണ്ണിനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാനാകും ദൈവം എനിക്കു ഈ രണ്ടാം ജന്മം നൽകിയത് ..””
എന്റെ നെറുകയിൽ ചുംബിച്ചു കൊണ്ട്, മാഷ് അതു പറഞ്ഞപ്പോൾ ഇറനണിഞ്ഞ കണ്ണുകളോടെ ഞാൻ എന്റെ കയ്യിലിരുന്ന സർട്ടിഫിക്കറ്റ് നീട്ടി കാണിച്ചു…
എന്റെ കണ്ണുനീരിനെ ചുണ്ടുകളാൽ ഒപ്പിയെടുക്കുമ്പോൾ…ചുറ്റിലും നിന്നവരുടെ കണ്ണുകളിലും ആ സന്തോഷത്തിന്റെ നനവ് പടർന്നിരുന്നു….
(അവസാനിച്ചു)