പറഞ്ഞ് അവസാനിപ്പിച്ച് മുറിയിലേക്ക് നടക്കുമ്പോൾ കണ്ടു മുഖം കൂർപ്പിച്ചു നിൽക്കുന്ന അമ്മയെയും പെങ്ങളെയും…

വണ്ടിക്കാള

രചന : അപ്പു

:::::::::::::::::::::

” ഡാ… അടുത്ത ആഴ്ചയാണ് അനിതയുടെ വീട് താമസം.. കാര്യമായി എന്തെങ്കിലും കൊടുക്കണ്ടേ..? “

ജോലിക്ക് പോകാൻ റെഡിയായി കൊണ്ടിരുന്ന അടുത്തേക്ക് വന്നു അമ്മ ചോദിച്ചു. അവൻ അമ്പരന്നു അമ്മയെ നോക്കി.

” ഇതിന്റെ തീയതി എടുത്തിട്ട് ഞാൻ അറിഞ്ഞില്ലല്ലോ അമ്മേ..!”

അമ്പരപ്പു മറച്ചു വെക്കാതെ അവൻ അന്വേഷിച്ചു.

” അവർ ആരെയും ക്ഷണിച്ചു തുടങ്ങിയിട്ടൊന്നുമില്ല. അവൾ എന്നോട് പറഞ്ഞ വിവരം ഞാൻ നിന്നോട് പറഞ്ഞു എന്നേയുള്ളൂ.”

അമ്മ പെട്ടെന്ന് തന്നെ മറുപടി കൊടുത്തു.അവൻ ഒന്ന് അമർത്തി മൂളി.

” നീ അത് പറഞ്ഞു കൊണ്ടിരിക്കാതെ അവൾക്ക് എന്തു കൊടുക്കും എന്ന് പറയ്.. അപ്പോൾ തന്നെ അതിൽ കുറച്ചുള്ള സാധനങ്ങൾ അവൾ വാങ്ങിയാൽ മതിയല്ലോ…”

അമ്മ ആവേശത്തോടെ വീണ്ടും അന്വേഷിക്കുന്നുണ്ട്.

“ഞാൻ അവൾക്ക് എന്തു വാങ്ങിക്കൊടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത്..?”

അവൻ ചോദിച്ചത് കേട്ട് അവർ ഒന്ന് പുഞ്ചിരിച്ചു.

“അത് പിന്നെ.. എന്തായാലും കാണപ്പെട്ടത് എന്തെങ്കിലും തന്നെ വേണ്ടേ..?”

അമ്മ പരുങ്ങി കൊണ്ട് ചോദിക്കുന്നുണ്ട്.

“അമ്മ ഉദ്ദേശിക്കുന്നത് പോലെയുള്ള സാധനങ്ങൾ വാങ്ങാൻ ഒന്നും തൽക്കാലം എന്റെ കയ്യിൽ പണമില്ല..”

അമ്മയുടെ ഉദ്ദേശം മനസ്സിലായത് പോലെ അവൻ പറഞ്ഞു.

” നീ അങ്ങനെ പറഞ്ഞാൽ എങ്ങനെയാ..? ഇതൊക്കെ നിന്റെ കടമ തന്നെയല്ലേ..? നീയല്ലേ ഇതൊക്കെ ചെയ്തു കൊടുക്കേണ്ടത്..? നിന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇതിനൊന്നും നിന്നോട് പറയേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.. “

അമ്മ ദേഷ്യപ്പെട്ടു.

“അമ്മ ഇതേ ഡയലോഗ് തന്നെയല്ലേ എല്ലാ കാര്യത്തിലും പറയാറ്..? അവളുടെ പ്രസവം കഴിഞ്ഞ് അവൾ ഇവിടെ നിന്ന് പോയിട്ട് മൂന്ന് മാസമായില്ല.. അന്ന് അവൾ പോകുമ്പോൾ എന്തൊക്കെ സാധനങ്ങളാണ് കൊണ്ടു പോയത് എന്ന് അമ്മയ്ക്ക് ഓർമ്മയുണ്ടല്ലോ..?അതൊക്കെ ഞാൻ ഒരാളുടെ വരുമാനം കൊണ്ടാണ് നടന്നത് എന്ന് അമ്മ മറന്നുപോകരുത്..”

“നീ വന്നുവന്ന് കണക്ക് പറയാൻ തുടങ്ങിയോ..? നമ്മുടെ നാട്ടുനടപ്പ് അനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ നീ അന്ന് ചെയ്തിട്ടുള്ളൂ.. അത് ഇത്ര വലിയ കാര്യമായി എടുത്തു പറയാൻ മാത്രം ഒന്നും ഇല്ല..”

അമ്മ പുച്ഛത്തോടെ പറഞ്ഞത് കേട്ട് അവന് വല്ലായ്മ തോന്നി.

“എല്ലാം എന്റെ കടമയും കർത്തവ്യവും ആണല്ലോ.. അല്ലാതെ അമ്മയുടെ രണ്ടാമത്തെ മകന് ഈ കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ല.. പെങ്ങൾ എന്റെ മാത്രമാണ്.. “

അവൻ തന്റെ അമർഷം മറച്ചു വച്ചില്ല..

” നിന്നെ പോലെയാണോ അവൻ..? അവന് സ്വന്തമായി ഒരു കുടുംബം ഉള്ളതാണ്. അപ്പോൾ പിന്നെ അവന് അവന്റെ ഭാര്യയുടെ ചെലവ് കൂടി നോക്കണ്ടേ ..? നിന്നെ സംബന്ധിച്ച് അങ്ങനെ ഒരു കാര്യം ഇല്ലല്ലോ..!”

അമ്മ പറഞ്ഞത് കേട്ട് അവന് വല്ലാത്ത വിഷമം തോന്നി.

” അത് അമ്മ പറഞ്ഞത് ശരിയാണ്. അവൻ എന്റെ ചെലവിൽ കഴിയുമ്പോഴാണ് കെട്ടി പെണ്ണുമായി വന്നത്. ഞാൻ കുടുംബം നോക്കാൻ നടന്നത് കാരണം ഇപ്പോഴും അങ്ങനെ തന്നെ നടക്കുന്നു. എനിക്ക് സ്വന്തമായി ഒരു കുടുംബം വേണമെന്ന് ചിന്ത നിങ്ങൾക്കാർക്കും ഇല്ല. ഞാൻ വണ്ടി കാളയെ പോലെ നിങ്ങൾക്ക് വേണ്ടി ഇങ്ങനെ…”

അവന്റെ ശബ്ദം ഇടറിയ കാരണം അവൻ ബാക്കി പറയാതെ നിർത്തി. പിന്നെ അമ്മയെ ഒന്ന് നോക്കിക്കൊണ്ട് തിരക്കിട്ട് പുറത്തേക്കിറങ്ങി. അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകുന്ന ശബ്ദം കേട്ടിട്ടാണ് അമ്മ ചിന്തകളിൽ നിന്ന് ഉണർന്നത്.

അവൻ കവലയിലേക്ക് എത്തുമ്പോൾ അവന്റെ സുഹൃത്ത് ജയൻ അവനെ കാത്തു നിൽപ്പുണ്ടായിരുന്നു.

” എന്താടാ ഇന്ന് വൈകിയത്..?”

ബൈക്കിന് പിന്നിലേക്ക് കയറുന്നതിനിടയ്ക്ക് ജയൻ കുശലം ചോദിച്ചു. മറുപടിയൊന്നും പറയാതെ അവൻ വണ്ടി മുന്നോട്ട് എടുത്തു. അതിൽ നിന്ന് തന്നെ അവന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് ജയൻ ഊഹിച്ചു.

ഇരുവരും ടൈൽസിന്റെ പണിക്കാണ് പോകുന്നത്.

അവൻ അനിൽ.. രണ്ട് സഹോദരങ്ങൾ ഉണ്ട് അവനു.. ഒരു അനിയനും അനിയത്തിയും..! അനിൽ പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് അവന്റെ അച്ഛൻ മരണപ്പെടുന്നത്. വീട്ടിൽ ആവശ്യം ഉള്ള സാധനങ്ങൾ വാങ്ങാൻ പോലും പുറത്തേക്ക് ഇറങ്ങാതെ ഭർത്താവ് കൊണ്ട് തരുന്നതിൽ നിന്ന് ജീവിച്ചു ശീലിച്ച സ്ത്രീ ആയിരുന്നു അവന്റെ അമ്മ. അതുകൊണ്ട് തന്നെ അച്ഛൻ മരിച്ചതോടെ കുടുംബ ഭാരം അനിലിന്റെ ചുമലിൽ ആയി.

അവൻ പഠിക്കാൻ മിടുക്കൻ ആയിരുന്നെങ്കിലും തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. പലരുടെയും കീഴിൽ അവൻ ജോലി ചെയ്തു. ഇപ്പോൾ കുറച്ചു വർഷങ്ങളായി ടൈൽസ് പണിക്കാണ് പോകുന്നത്. അവൻ ജോലിക്ക് പോയി അനിയനെയും അനിയത്തിയെയും പഠിപ്പിച്ചു.

അനിയത്തിക്ക് വിവാഹ പ്രായം എത്തിയപ്പോൾ അവളെ കെട്ടിച്ചു. അതും അവർ ചോദിച്ച സ്ത്രീധനം കൊടുത്തിട്ട്.. അങ്ങനെ ഒരു ബന്ധം വേണ്ടെന്ന് ഒരുപാട് പറഞ്ഞതാണ്.. പക്ഷെ.. ആരു കേൾക്കാൻ.. അവൾക്ക് അതല്ലാതെ മറ്റൊരു ബന്ധം വേണ്ടെന്ന് പറഞ്ഞു നിരാഹാരം ആയിരുന്നു. അതോടെ അനിൽ ആ വിവാഹം നടത്താൻ നിർബന്ധിതനായി.

അവളുടെ വിവാഹം കഴിഞ്ഞു മൂന്നാം മാസം അനിയൻ അവന്റെ ഒപ്പം പഠിച്ച പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ട് വന്നു. അവനു അന്ന് ജോലി പോലും ആയിട്ടില്ല. ആ കുട്ടി ആണെങ്കിൽ എന്തോ പഠിക്കുന്നു.. ആ ചെലവ് കൂടെ അനിലിന്റെ ചുമലിൽ ആയി.

കുറച്ചു നാളുകൾ കഴിഞ്ഞ് അനിയന് നല്ലൊരു ജോലി കിട്ടിയെങ്കിലും, ഒരു കാര്യത്തിലും അവന്റെ ഭാഗത്തു നിന്ന് യാതൊരു സഹായവും ഉണ്ടായില്ല.പെങ്ങളുടെ കല്യാണത്തിന് വാങ്ങിയ പണം തന്നെ കൊടുത്തു തീർക്കാൻ ഒരുപാട് ഉണ്ട് ആളുകൾക്ക്.. അതിനിടയിൽ അവൾ വിശേഷം അറിയിച്ചു. അന്ന് തുടങ്ങി അതിന്റെ ചെലവുകൾ..

കാലം കടന്ന് പോകുമ്പോൾ, അനിയനും അനിയത്തിക്കും രണ്ട് വീതം മക്കൾ ആയി. അതിന് അനുസരിച്ചു അനിലിന്റെ ബാധ്യതകളും കൂടി..!

ഇപ്പോൾ കുറച്ചു നാളുകളായി എല്ലാവരുടെയും പെരുമാറ്റത്തിൽ ഉള്ള വ്യത്യാസം അനിൽ അറിയുന്നുണ്ടായിരുന്നു. തന്നെ പണം കായ്ക്കുന്ന ഒരു മരം പോലെ ആണ് അവർ കാണുന്നത് എന്ന തിരിച്ചറിവിൽ നിന്നാണ് അവൻ അവരെ എതിർത്തു തുടങ്ങിയത്..!

“ഡാ.. നീ വണ്ടി നിർത്തിക്കെ..!”

പിന്നിൽ നിന്ന് ജയൻ തട്ടി വിളിച്ചപ്പോൾ ആണ് സ്ഥലം എത്തിയ കാര്യം അനിൽ ശ്രദ്ധിക്കുന്നത്. അവൻ വേഗം വണ്ടി ഒതുക്കി.

“നിനക്ക് എന്താടാ പറ്റിയത്..?”

ജയൻ ആകുലതയോടെ അന്വേഷിച്ചു.

“മടുത്തു.. ഞാൻ എന്തോ മരം പോലെ ആണ് വീട്ടിൽ ഉള്ളവർക്ക്.. ഓരോരുത്തരും അവരവരുടെ ആവശ്യം പറയുന്നു.. അത്‌ നടത്തി കൊടുക്കാൻ ഞാൻ വല്ലവന്റേം കൈയിൽ നിന്ന് പലിശയ്ക്ക് എടുക്കണം..എന്നാൽ അതൊക്കെ ചെയ്തു കൊടുക്കുന്നതിനു എന്തെങ്കിലും ഗുണമുണ്ടോ..? അതുമില്ല.. മടുത്തു.. സത്യം പറഞ്ഞാൽ.. “

ഒറ്റ ശ്വാസത്തിൽ അനിൽ പറഞ്ഞു. കാര്യങ്ങൾ ഒക്കെ ജയനും അറിയാവുന്നത് കൊണ്ട് കൂടുതൽ ചോദ്യങ്ങളുടെ ആവശ്യം വന്നില്ല.

” ഇപ്പോ എന്താ ആവശ്യം..? “

“അടുത്ത ആഴ്ച അനിതയുടെ വീട് താമസം.. അതിനുള്ള സാധനങ്ങൾ വേണം..”

നിർവികാരതയോടെ ആണ് ജയന്റെ ചോദ്യത്തിന് അനിൽ മറുപടി പറഞ്ഞത്.

“ഡാ.. നീ അവൾക്ക് അലമാര, ഫ്രിഡ്ജ് ഉൾപ്പെടെ ഉള്ള സാധനങ്ങൾ അവളുടെ തൊണ്ണൂറ് കഴിഞ്ഞു പോയപ്പോ വാങ്ങി കൊടുത്ത് അയച്ചതല്ലേ..? അത്‌ വീട് മാറുമ്പോൾ എടുക്കാം എന്ന് പറയേം ചെയ്തല്ലോ..? പിന്നെ ഇപ്പോ എന്ത് പറ്റി..? “

ജയൻ അമ്പരപ്പോടെ ചോദിച്ചു.

“എനിക്കറിയില്ല.. അവർക്കൊക്കെ ഓരോന്ന് പറഞ്ഞാൽ മതിയല്ലോ.. ഞാൻ ഇവിടെ പൈസ കുഴിച്ചു എടുക്കുകയാണല്ലോ..!”

അമർഷത്തോടെ അനിൽ പറഞ്ഞു.

“ഇതാണ് നിന്നോട് ഞാൻ സ്വന്തം ജീവിതം നോക്കണം എന്ന് പറയുന്നത്..”

ജയൻ കുറ്റപ്പെടുത്തി.

അന്ന് ജോലിക്കിടയിൽ മുഴുവൻ അനിൽ ചിന്തിച്ചത് മുന്നോട്ട് എങ്ങനെ എന്നായിരുന്നു.കാരണം വീട്ടിൽ ചെല്ലുമ്പോൾ തന്നെ ഒരു വിസ്താരം അവൻ പ്രതീക്ഷിച്ചിരുന്നു.

അവന്റെ പ്രതീക്ഷ തെറ്റിക്കാതെ അവൻ വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ പെങ്ങൾ ഉണ്ട് അവിടെ.. അമ്മ വിളിച്ചു വരുത്തിയതാകും.. അവളെ ശ്രദ്ധിക്കാതെ പോയി കുളിച്ചു വന്നു.

“ചേട്ടാ.. ഞാൻ വന്നത് ചേട്ടൻ കണ്ടില്ലേ..?”

കലി തുള്ളി അവൾ അന്വേഷിച്ചു.

“എന്റെ കണ്ണിനു കുഴപ്പം ഒന്നും ഇല്ല..”

“എന്റെ വീട് കയറി താമസം അടുത്ത ആഴ്ച ആണ്.. ഞാൻ അത്‌ പറയാൻ വന്നതാ..”

അവൾ പറഞ്ഞത് കേട്ട് ഒന്ന് മൂളി. പിന്നെയും മുന്നിൽ നിന്ന് പരുങ്ങുന്നവളോട് കാര്യം അന്വേഷിച്ചപ്പോൾ പറഞ്ഞു.

“അത്‌ പിന്നെ.. വീട് പണി തുടങ്ങുമ്പോൾ അമ്മ പറഞ്ഞിരുന്നു ഫർണിചർ ഒക്കെ ഇവിടെ നിന്ന് എടുത്തു തരും എന്ന്.. അത്‌ എത്രയും വേഗം വേണം എന്ന് ഓർമിപ്പിക്കാൻ കൂടിയാ വന്നത്..”

അവൾ പറഞ്ഞത് കേട്ട് അമ്പരന്ന് അമ്മയെ നോക്കുമ്പോൾ മുഖം ഒളിപ്പിക്കാൻ പാട് പെടുന്നത് കണ്ടു.

“അമ്മ അങ്ങനെ പറഞ്ഞെങ്കിൽ നീ അമ്മയോട് ചോദിക്ക്… എന്റെ കൈയിൽ പൈസ ഇല്ല.. നിന്നോട് അങ്ങനെ വാക്കു പറയുമ്പോൾ അമ്മ എന്തെങ്കിലും ഒരു വഴി കണ്ടു കാണുമല്ലോ.. ആ വഴി ഞാൻ ആകരുത് എന്നൊരാഗ്രഹം മാത്രമേ ഉള്ളൂ.. അമ്മയ്ക്ക് ഞാൻ മാത്രമല്ലല്ലോ മകനായിട്ടുള്ളത്.. അവനോട് ചോദിക്ക്. അവൻ ഇന്നുവരെ നിനക്ക് 10 പൈസയുടെ ഒരു സാധനം വാങ്ങി തന്നിട്ടില്ലല്ലോ.. ഇത് അവന്റെ കടമയായിട്ട് കണക്കു കൂട്ടിയാൽ മതി.. അല്ലാതെ എന്റെ കയ്യിൽ നിന്ന് വാങ്ങാം എന്നൊരു ഉദ്ദേശത്തോടെ നീ നിൽക്കണ്ട..”

പറഞ്ഞ് അവസാനിപ്പിച്ച് മുറിയിലേക്ക് നടക്കുമ്പോൾ കണ്ടു മുഖം കൂർപ്പിച്ചു നിൽക്കുന്ന അമ്മയെയും പെങ്ങളെയും..

” നീ എന്ത് വർത്തമാനമാണ് ഈ പറയുന്നത്..? അവന്റെ കയ്യിൽ അതിനുമാത്രം പണം ഒന്നുമില്ല..”

അമ്മ പിന്നാലെ വന്നു പറയുന്നുണ്ട്.

” നല്ലൊരു സോഫ്റ്റ്‌വെയർ കമ്പനിയിൽ നല്ലൊരു പൊസിഷനിൽ ജോലി ചെയ്യുന്ന അവന് വരുമാനം ഇല്ലെന്ന്.. അവൻ മാത്രമല്ല അവന്റെ ഭാര്യയും അതുപോലെ തന്നെ ജോലി ചെയ്യുന്ന ആളാണ്.. ദിവസക്കൂലിക്ക് ജോലിചെയ്യുന്ന എന്റെ കയ്യിൽ ആവശ്യം പോലെ പണമുണ്ട്.. അവന്റെ കയ്യിൽ മാത്രം ഒന്നുമില്ല.. നല്ലതാണ്.. ഇങ്ങനെ തന്നെ പറയണം.. “

അവൻ വിഷമത്തോടെ പറഞ്ഞു.

” നിങ്ങളൊക്കെ പറയുന്ന പറയുന്ന സാധനങ്ങൾ വാങ്ങി തരുന്നതും നിങ്ങളുടെയൊക്കെ ആവശ്യങ്ങൾ അതേപോലെ നടത്തിത്തരുന്നതും എന്റെ കയ്യിൽ പണം അധികം ഉണ്ടായിട്ടല്ല.. നിങ്ങൾക്കൊക്കെ ചെയ്തു തരാൻ മറ്റാരും ഇല്ലെന്നുള്ളത് കൊണ്ടാണ്.. പക്ഷെ നിങ്ങൾക്ക് ഞാൻ പണം കായ്ക്കുന്ന ഒരു മരം മാത്രം ആണെന്ന് എനിക്ക് ഇപ്പോൾ അറിയാം.. എനിക്ക് അങ്ങനെ ഒരു ജീവിതത്തിന് താല്പര്യം ഇല്ല.. ഇപ്പോഴുള്ള ബാധ്യതകൾ തന്നെ എത്ര കാലം കൊണ്ട് തീർക്കാൻ പറ്റുമെന്ന് യാതൊരു ഊഹവും ഇല്ല.. ഇനി കൂടുതൽ തലയിലേറ്റാൻ എനിക്ക് വയ്യ.. എന്നേ വെറുതെ വിട്ടേക്ക്.. “

കൈ കൂപ്പി പറഞ്ഞു കൊണ്ട് അവൻ മുറിയിലേക്ക് പോകുമ്പോൾ അമ്മയും പെങ്ങളും തറഞ്ഞു നിൽക്കുകയായിരുന്നു.

✍️ അപ്പു