സത്യത്തിൽ അവളിൽ നിന്നും ഇത്ര കടുപ്പത്തിൽ ഒരു മറുപടി പ്രതീക്ഷിച്ചില്ല. ആരോടാ ചാറ്റിങ്ങ് എപ്പോൾ നോക്കിയാലും കാണാലോ വാട്ട്സാപ്പിൽ ഓൺലൈനിൽ…

അവസ്ഥാന്തരം….

രചന: അനിൽകുമാർ MK

::::::::::::::::::::::

ഗിരിയേട്ടാ , നിങ്ങടെ ഈ ഒടുക്കത്തെ സംശയം ആണ് നമുക്കിടയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം . നിങ്ങള് വേഗംതന്നെ ഡോക്ടറെ കാണണം . വയ്യാ….ഇങ്ങനെ കുറ്റപ്പെടുത്തലും സംശായാലുമുമായ ആളുടെ കൂടെയുള്ള ജീവിതം. എത്രകണ്ടാ ക്ഷമിക്കുക. എല്ലാത്തിനും ഒരു പരിധിയുണ്ട്. എങ്ങോട്ട് തിരിഞ്ഞാലും സംശയമാ. ഇങ്ങനെയാണെങ്കിൽ നമുക്കൊരുമിച്ച് മുമ്പോട്ട് ജീവിക്കാൻ പ്രയാസമാണ്…മടുത്തു ഞാൻ. വേണേൽ എന്റെജോലി രാജി വെച്ച് വീട്ടിലിരിക്കാം. എന്നാലെങ്കിലും നിങ്ങൾക്ക് മനസ്സിന് സമാധാനം കിട്ടുമെങ്കിൽ…..

ബാക്കി വായിക്കാൻ തോന്നിയില്ല. സത്യത്തിൽ അവളിൽ നിന്നും ഇത്ര കടുപ്പത്തിൽ ഒരു മറുപടി പ്രതീക്ഷിച്ചില്ല. ആരോടാ ചാറ്റിങ്ങ് എപ്പോൾ നോക്കിയാലും കാണാലോ വാട്ട്സാപ്പിൽ ഓൺലൈനിൽ…ഞാൻ ഒരു മെസേജ് വിട്ടാൽ നോക്കാൻ തന്നെ നിനക്ക് സമയം ഇല്ലല്ലോ…എല്ലാം മനസ്സിലാവുന്നുണ്ട്…ഇത്രയും എഴുതി സെന്റ് ചെയ്തതിന്റെ മറുപടിയാണ്

തെല്ലൊരു ജാള്യത തോന്നി. എന്റെ മുഖത്തെചമ്മൽ അടുത്തിരിക്കുന്നവർ കണ്ടോ എന്ന് നോക്കി. ഭാഗ്യം ടീ ടൈം ആയതുകൊണ്ട് അപ്പോൾ അവരും ഫോണിൽ മുഖം പൂഴ്ത്തി ചായ കുടിച്ച് ഇരിപ്പാണ്

ചുവന്ന് പഴുത്തിരിക്കുന്ന ഒരു ഇമോജി അവൾക്ക് ഇട്ടു കൊടുത്ത് നെറ്റ് ഓഫാക്കി. ചിലപ്പോൾ എല്ലാം എന്റെ തോന്നലുകൾ ആണെന്ന് ഞാൻ മനസ്സാപറഞ്ഞ് എന്നെതന്നെ തൃപ്തിപ്പെടുത്തി

അവളോടുള്ള പകപോക്കൽ പോലെ വീട്ടിൽ ചെന്നാൽ ഞാനും ഫോണിൽ തന്നെ സമയം ചിലവഴിക്കാൻ തുടങ്ങി. പണ്ടൊക്കെ ഓഫീസിൽനിന്നും വീട്ടിലെത്തിയാൽ കുളികഴിഞ്ഞ് ടിവിയിൽ ന്യൂസ്കണ്ട് ഒരു കടും കാപ്പികുടി പതിവാ…അന്നൊക്കെ ഇവൾക്കായിരുന്നു പരാതി

ഇങ്ങടെ ഈ ഒടുക്കത്തെ ന്യൂസ് കാണൽ കാരണം ഒന്ന് സംസാരിക്കാൻ തന്നെ സമയം ഇല്ലല്ലോ എന്ന്. നോക്കിക്കോ ഒരു ദിവസം ഞാനീ കുന്തം തല്ലിപ്പൊളിക്കും എന്ന്. എങ്കിലും അര മണിക്കൂർ കഴിഞ്ഞ് അവൾക്കൊപ്പം കുറച്ചൊക്കെ സമയം കണ്ടെത്താറുണ്ടായിരുന്നു. സംസാരിക്കാനും അടുക്കളയിൽ സഹായിക്കാനും

അന്നേരം ഓഫീസിലെ കാര്യങ്ങളും നാട്ടുവർത്താനവുമായി സമയം പോകുന്നത് അറിഞ്ഞിരുന്നില്ല.

ഇന്ന് മൂകമാണ് പല സന്ധ്യകളും…ഇന്ന് ടിവിയിൽ ആർക്കോ വേണ്ടി ന്യൂസ് പറഞ്ഞു കൊണ്ടിരിക്കുമ്പോഴും മുഖപുസ്തകത്തിലാവും എന്റേയും മനസ്സും കണ്ണും…

ഒരു വീട്ടിൽ ഇരിക്കുമ്പോഴും വെറുതെ തിരയും അവൾ ഓൺലൈനിൽ ഒണ്ടോ എന്ന്…സത്യത്തിൽ സംശയം എന്ന മാനസിക രോഗം എന്നെ കീഴ്പ്പെടുത്തിയോ എന്ന് തോന്നാറുണ്ട്

പക്ഷെ സംശയങ്ങൾ ബാക്കിയാകാൻ കാരണം അവൾ ഈയ്യിടയായി ഫോൺ നമ്പർ ലോക്കിട്ട് പൂട്ടിയതാണ്. ചോദിച്ചപ്പോൾ ഓഫീസിലെ ആരും ഫോണെടുത്ത് നോക്കാതിരിക്കാൻ ആണെന്നാണ് മറുപടി. ഓഫീസിൽ ആരാണ് ഇവളുടെ ഫോൺ നോക്കുക. എന്തൊക്കയോ മറച്ചുവെയ്ക്കാൻ വെപ്രാളപ്പെടുന്നതു പോലെ….

ഞാൻ ഇവളുടെ ഫോൺ എടുക്കുമ്പോഴേ ഓടി വരും അത് മേടിക്കാതെ എന്റെ അരുകിൽ നിന്നും മാറുകയും ഇല്ല. എന്നിൽ നിന്ന് ഇവൾക്ക് എന്താണ് മറച്ചുവെയ്ക്കാനുള്ളത്….തല പെരുത്തുകയറും പോലെ…

വേഗം ഫയൽ മടക്കി മേശപ്പുറത്തേയ്ക്ക് ഇട്ടു. ഒന്നും ശരിയായ തീരുമാനമെടുക്കാൻ പറ്റുന്നില്ല. ഈ മാസം തന്നെ രണ്ട് മൂന്ന് വാണിംങ്ങ് കിട്ടി ഫയലുകൾ തീർപ്പാക്കുന്നതിൽവന്ന അപാകത മൂലം.

അഞ്ചു മണിയാകാൻ ഇത്തിരി കൂടി സമയം ഒണ്ട്. വേഗം വാഷ്റൂമിൽകയറി മുഖം കഴുകി കണ്ണാടിക്ക്  അഭിമുഖമായി നിന്നു. കണ്ണാടിയിൽ അവിടെയിവിടെ പൊട്ടുകൾ നിറഞ്ഞിരിക്കുന്നു. മുഴുവൻ സ്ഥലത്തും പൊട്ട് ഒട്ടിച്ച് പൊളിച്ചെടുത്ത പശയുടെ പാടാണ്. ഇതിറ്റുങ്ങളോട് എത്ര പറഞ്ഞിട്ടും കാര്യമില്ല കണ്ണാടിയിൽ പൊട്ട് ഒട്ടിക്കരുതെന്ന്….അവ്യക്തമായ കാഴ്ചയിൽ എന്റെ മുഖം ഞാൻ തന്നെ ഒന്ന് പരിശോധിച്ചു. എന്നോടു തന്നെ പുച്ഛം തോന്നി….

ഇത്രയും വിവരവും വിദ്യാഭ്യാസവും ഒള്ള നിനക്ക് നാണമില്ലേ നിന്റെ ഭാര്യയെ സംശയിക്കാൻ എന്ന് ആത്മഗതംപറഞ്ഞ് മുടി ചീകി പുറത്തേയ്ക്ക് ഡോർതുറന്നിറങ്ങുമ്പോൾ ഗൗതമി എന്നെ നോക്കി ഒരു ചിരി തന്ന് അകത്തേയ്ക്ക് കയറി

പുതുതായി മാറ്റം കിട്ടി വന്ന അക്കൗണ്ടറ്റ് ആണ്. തിരിച്ച് ചിരിക്കാനൊന്നും തോന്നിയില്ല. മനസ്സ് ചത്ത് മരവിച്ചിരിക്കുമ്പോൾ എവിടുന്ന് ചിരി വരാൻ…

പലരും ഈയിടെയായി എന്നോട് രഹസ്യമായി ചോദിക്കുന്നുണ്ട് എന്തുപറ്റിയെന്ന്…മിക്ക സമയവും എന്തോ ആലോചനയിൽ ആണല്ലോ..എന്തേലും പ്രശ്നം ഒണ്ടോന്ന്…ഒന്ന് രണ്ട് പ്രാവശ്യം അവരോട് ദേഷ്യപെട്ടതിൽ പിന്നെ ആരും ഈ കാര്യം ചോദിച്ച് അടുത്തു വരാറുമില്ല

വേഗം ചെന്ന് ബാഗെടുത്ത് കാർപ്പാർക്കിങ്ങ് ഏരിയയിലേയ്ക്ക് നടന്നു. ചെറുതായി ചാറ്റൽമഴ പൊടിയുന്നുണ്ട്. കാറിൽ കയറി ഇരിക്കുമ്പോഴും മനസ്സ് പ്രക്ഷുബ്ദ്ധമാണ്. തല കുടഞ്ഞ് സംശയം എന്നരോഗത്തെ കുടഞ്ഞെറിയാൻ ഒരു വിഫലശ്രമം നടത്തി. കുറച്ച് നേരത്തേയ്ക്ക് ശാന്തമായി എന്നല്ലാതെ യാതൊരു മാറ്റവും കണ്ടില്ല. വീണ്ടും വീഞ്ഞ്നുരഞ്ഞുപൊന്തും പോലെ പതഞ്ഞു പതഞ്ഞ് തല പൊക്കാൻ തുടങ്ങി സംശയം മനസ്സിന്റെ ഉള്ളിൽ നിന്നും

ഓഫീസിൽ നിന്നും പട്ടണത്തിന്റെ നടവിലെത്തിയത് അറിഞ്ഞില്ല. റോഡിൽ തിരക്ക് കൂടി ചെറുതായി ബ്ലോക്കുണ്ട്. അങ്ങ് ദൂരെനിന്നേകാണാം ബാർ എന്ന ചുവന്ന ബോർഡ്. കുറച്ചായി ടെൻഷൻ മാറ്റാനുള്ള ഉപായമായി കുറച്ച് മ ദ്യം കഴിക്കൽ….

അങ്ങോട്ട് ആരോ ക്ഷണിക്കും പോലെ ഒരു തോന്നൽ. വീട്ടിൽ ചെന്നാലും മൂകമായ നിമിഷങ്ങളിൽ പരസ്പ്പരം മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറിയാണ് ഇരിക്കാറ്. വേണ്ടാ ഈ പതിവ് ശീലമാക്കിയാൽ ശരിയാവില്ല പ്രത്യേകിച്ച് ഇന്ന്. അല്ലേൽതന്നെ ഒരു വെടിക്കെട്ടിന്റെ മരുന്നിട്ടുകൊടുത്തിട്ടാണല്ലോ എന്റെ ഇരിപ്പ്….ഞാനിത്ര ചീപ്പാകാൻ പാടില്ലായിരുന്നു….

ശ്ലേ…എന്ന് മനസ്സിൽ പറഞ്ഞു കഴിയും മുമ്പേ അടുത്ത സംശയം പൊന്തി വന്നു .

അവൾ എന്തിനാവും ഫോൺ ലോക്കാക്കിയത് ? .

എന്നും ചായ കുടിക്കാറുള്ള കുമാരേട്ടന്റെ ടീ ഷോപ്പിന്റെ മുമ്പിൽ കാറൊതുക്കി .പണ്ടൊക്കെ ഞാനും ഗിരിജയും ഒന്നിച്ചായിരുന്നു ഇവിടെ നിന്നും ചായ കുടിച്ച് വീട്ടിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നത് . മിക്കപ്പോഴും ചോദിക്കും വൈഫ് എവിടെ എന്ന് . അവൾ സ്കൂട്ടി മേടിച്ചതിൽ പിന്നെ എന്നെക്കാത്ത് നിൽക്കാറില്ല . ഇപ്പോൾ ഒരുമിച്ചുള്ള യാത്രകൾ പോലും അപൂർവ്വമായേ ഒണ്ടാകാറുള്ളു . വല്ല കല്യാണത്തിനോ ഹൗസ് വാമിംങ്ങിന് പോകുമ്പോഴോ . അതും അവാർഡ് സിനിമ പോലെ സംസാരം അപൂർവ്വമാണ് . അവൾ മിക്കപ്പോഴും ഫോൺ തുറന്ന് മുഖപുസ്തകത്തിൽ എന്തൊക്കയോ പരതുന്നതു കാണാം . അതു കാണുമ്പോൾ എന്റെ സമനില തെറ്റും പലപ്പോഴും അതിന്റെ പേരിലാവും വഴക്ക് കൂടൽ .

അന്നേരവും അവൾ പറയും ഗിരിയേട്ടാ എന്നെ അത്രയ്ക്ക് വിശ്വാസമില്ലാണ്ടായോ . ഞാനെന്താ വഴിപി ഴച്ച് പോകാൻ ചെറിയ പെൺകുട്ടി ഒന്നുമല്ലല്ലോ . അല്ലേലും ഈ ആൺ വർഗ്ഗം ഇങ്ങനേയാ . അവർക്ക് എന്തുമാകാമല്ലോ . എന്തേലും ചോദിച്ചാ മുക്കിയും മൂളിയും മറുപടി തന്ന് ഭാര്യമാരെ പറ്റിക്കാൻ എളുപ്പമാ . പെണ്ണുങ്ങൾ ആരേയേലും ഒന്ന് നോക്കിയാ മതി നിങ്ങടെയൊക്കെ സദാചാര ബോധം സടകുടഞ്ഞ് എണീക്കും . എന്റെ ഗിരിയേട്ടാ നിങ്ങൾ ഇപ്പോഴും ആ നാട്ടിൻ പുറത്തുകാരന്റെ ചിന്താഗതിക്കാരനാ . ഒരു ഓഫീസറായി എന്ന് മാത്രമേ മാറ്റമുള്ളു

അതേ ഞാൻ വെറും നാട്ടിൻപുറത്തുകാരൻ തന്നെയാ  ഇതൊക്കെ വിശദമായി അറിഞ്ഞിട്ടാണല്ലോ എന്നെ ഇഷ്ടപെട്ടതും കെട്ടാൻ തല കുനിച്ച് തന്നതും .നിനക്ക് പരിഷ്ക്കാരമുള്ള ആളേ യായിരുന്നു വേണ്ടെതെങ്കിൽ നി എന്തിനാ ഈ കല്യാണത്തിന് നിന്റെ അപ്പനോട് സമ്മതം മൂളിയത് എന്ന മറുചോദ്യത്തോടെ അവൾ കുറച്ച് അടങ്ങും .

എല്ലാ പുരുഷൻമ്മാരുടേയും സ്വർത്ഥതയാണ് അവന്റെ ഭാര്യയുടെ മേൽ ഒരുത്തൻ പോലും നോക്കാൻ പാടില്ല എന്ന് . പക്ഷെ തക്കം കിട്ടുമ്പോഴൊക്കെ ആരാന്റെ ഭാര്യമാരെ നോക്കുന്നതിന് കുഴപ്പമില്ലല്ലോ നിങ്ങൾക്ക് എന്ന് പലപ്പോഴും അവൾ ഓർമ്മപ്പെടുത്തുന്നതാണ് ഓർമ്മ വന്നത് ഇപ്പോൾ .

പലതും ആലോചിച്ച് ചായ കുടിച്ച് തീർന്നത് അറിഞ്ഞില്ല .

എന്താ സാറെ ഇത്ര ആലോചന എന്ന ചോദ്യം കേട്ടാണ് പരിസര ബോധം വന്നത് .

ഞാൻ സാറിനോട് എത്ര വട്ടം ചോദിച്ചു സാറിന്റെ വൈഫിന് സുഖമല്ലേ എന്ന് . പക്ഷെ എന്റെ ചോദ്യം സാറ് കേട്ടതേ ഇല്ല . ഓഫിസിൽ ഇപ്പോൾ വലിയ തിരക്കാണല്ലേ . സാറിന്റെ മുഖം കണ്ടാ അറിയാം ക്ഷീണിച്ച പോലെ ഒരു ഉൻമ്മേഷക്കുറവ് .

അതേ ഇപ്പോ പിടിപ്പത് വർക്ക് ഒണ്ട് എന്ന് പറഞ്ഞ് ചായക്കാശ് കൊടുത്ത് കടയിൽ നിന്നിറങ്ങുമ്പോൾ നാണുവേട്ടൻ പുറകിൽ നിന്നും പറയുന്നുണ്ടായിരുന്നു സാറെ എന്റെ അന്വേഷണം മേഡത്തോട് പറയണേ എന്ന് .

തിരിഞ്ഞു നോക്കി തലയാട്ടി വേഗം കറിൽ കയറി ഇരുന്നു വണ്ടി സ്റ്റാർട്ട് ചെയ്ത് റോഡിലേയ്ക്കിറക്കി . പോരുന്ന വഴിയിൽ എന്റെ സംശയങ്ങൾ മനസ്സിൽ നിന്ന് എങ്ങിനെ ഒഴിവാക്കാൻ കഴിയും എന്ന ചിന്തയിൽ ആയിരുന്നു .

ഈ കാര്യത്തിൽ കൂട്ടുകാരോട് അഭിപ്രായം ചോദിക്കാൻ മനസ് അനുവദിച്ചില്ല . അവർ എന്നെ എങ്ങിനെ വിലയിരുത്തും എന്ന പേടിയും നാണക്കേടുമോർത്ത് . പണ്ടൊക്കെ ഓഫീസിലുള്ള പലരുടേയും വിഷയങ്ങൾ അനായാസം പറഞ്ഞ് പരിഹരിച്ച എനിക്ക് തന്നെ ഇത് വന്ന് സംഭവിച്ചല്ലോ .

കാറ് ഗെയിറ്റ് കടന്ന് ചെന്നപ്പോഴെ കാണാം വാതിൽക്കൽ തന്നെ എന്നെ കാത്ത് നിൽക്കും പോലെ ഭാര്യ . ഒന്നില്ലേൽ ഇന്ന് കൊണ്ട് ഒരു പരിഹാരം ഒണ്ടാകും . അവൾ മടുത്തിട്ടുണ്ടാവും എന്നെകൊണ്ട് . ഇത്രനേരമില്ലാത്ത ഒരു ടെൻഷൻ . ചങ്കിടിപ്പ് കുറച്ച് കൂടിയിട്ടുണ്ട് . കാറ് പോർച്ചിൽ ഇട്ട് പുറത്തോട്ട് ഇറങ്ങി .

അവൾ അപ്പോഴും മുഖഭാവം മാറ്റാതെ അവിടെ എന്നെതന്നെ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു . അവൾക്ക് മുഖം കൊടുക്കാതെ വേഗം അകത്തേയ്ക്ക് കയറി .

പണ്ടൊക്കെ അവൾ നേർത്തെ വന്നാൽ എനിക്ക് ഒരു കടും കാപ്പി അനത്തിത്തരൽ പതിവുണ്ടായിരുന്നു . പക്ഷെ ഇപ്പോൾ അതൊക്കെ അവൾ മറന്ന മട്ടാണ് . ഈ മാറ്റങ്ങൾ ഒക്കെ അല്ലേ എന്നിൽ സംശയങ്ങൾ വേരൂന്നാൻ കാരണം .വർഷം രണ്ടാകുന്നു . ഒരു കുട്ടി ഒണ്ടായാൽ പ്രശ്നങ്ങൾ തീരുമെന്ന് കരുതി കാര്യം പറഞ്ഞപ്പോൾ ഇവൾക്ക് അത് അംഗീകരിക്കാൻ പറ്റുന്നില്ല . ഈ വർഷം പ്രമോഷൻ ഒണ്ടാകും . ചിലപ്പോൾ സ്ഥലം മാറ്റം കിട്ടും . അതു കഴിഞ്ഞു മതി പേറും പെടപ്പും എന്ന് .

വസ്ത്രം മാറി സോഫയിൽ വന്നിരുന്ന് വെറുതെ ന്യൂസ് പേപ്പറിൽ നോക്കിയിരുന്നു . വെറും ഒരു ആചാരം പോലെയാണ് ഇപ്പോൾ പേപ്പർ വരുത്തുന്നത് . മിക്ക ദിവസങ്ങളിലും മടക്ക് പോലും നിവർത്താതെ ഹാളിന്റെ മൂലയിൽ പൊടി പിടിച്ച് കിടക്കുന്നതു കാണാം . ആദ്യമൊക്കെ അവളേക്കാൾ ഹൈ ജീനിക്കായിരുന്നു ഞാൻ . ഒരു തരി പൊടി എവിടേയേലും കണ്ടാൽ തൂത്ത് തുടച്ച്കഴിഞ്ഞാലേ സമാധാനം കിട്ടുമായിരുന്നുള്ളു . ഇപ്പോൾ ടീപ്പോയിലും റ്റീവിയുടെ പുറത്തും പൊടി നിറഞ്ഞു കിടപ്പാണ് . ആരെയോ തൃപ്തിപ്പെടുത്താനെന്നവണ്ണം ഇവൾ തൂത്തുവാരുന്നതു കാണാം വൈകിട്ട് .

ഒരു വീടിന്റെ വൃത്തി പെണ്ണിന്റെ മാത്രം ഉത്തരവാദത്തിൽ പെട്ടത് അല്ലായെങ്കിലും നാട്ടുനടപ്പനുസരിച്ച് അതും ഞാൻ ഇവൾക്കായ് മാറ്റി വെച്ചു . ഒരു വൈരാഗ്യമെന്നോണം ഒരുപക്ഷെ ഞാൻ മാറിയിരുന്ന് അതൊക്കെ ആസ്വദിക്കുകയായിരുന്നു . സത്യത്തിൽ ഇതൊക്കെ ഒരു മാനസിക വൈകല്യങ്ങളിൽ പെടുന്നതാണ് . എങ്കിലും ഒരു വാശിയായിരുന്നു . വളരെ വലിയ വീടല്ലാതിരുന്നിട്ടും എപ്പോഴും മൗനം തളം കെട്ടി നിൽക്കും പോലെ . പരസ്പ്പരം ബോധ്യപ്പെടുത്താൻ എന്തേലുമൊക്കെ സംസാരിക്കും . ഊണുമേശ്ക്ക് അപ്പുറത്തും ഇപ്പുറത്തുമായി ഇരിക്കുമ്പോൾ പോലും മുഖാമുഖം നോക്കാതെ മുഖ പുസ്തകത്തിലെ പുതിയ പുതിയ അപ്ഡേഷൻ തിരയുന്ന തിരക്കിലാണ് .

പതിവിന് വിപരീതമായി ഗിരിജ കടും കാപ്പിയുമായി എന്റെ അരുകിൽ വന്നിരുന്നു . തെല്ലൊന്നുമല്ല എന്നിൽ അത്ഭുതം നിറച്ചത് . ഇന്ന് എന്ത് പറ്റി എന്ന ചിന്തയാൽ അവളുടെ മുഖത്തേയ്ക്ക് നോക്കി ..എന്തൊക്കയോ മാറ്റം അവളിൽ വന്നതു പോലെ . ഞാൻ കേറി വന്നപ്പോൾ ഒള്ള മുഖഭാവം അല്ല ഇവൾക്ക് . ചെറു ചിരിയോടെ എന്റെ അടുത്തേയ്ക്ക് അവൾ ചേർന്നിരുന്നു .

പതിയെ മുരടനക്കി ഗിരിയേട്ടന് എന്നെ എന്താ ഇതുവരെ മനസ്സിലാക്കാൻ കഴിയാതെ പോയത് . നമ്മൾ രണ്ട് വർഷത്തോളം ഒരു ബെഡിൽ ഒരു തലയിണയിൽ മുഖം ചേർത്തു വെച്ച് ഉറങ്ങുന്നവരല്ലെ എന്നിട്ടും . എന്റെ ഗിരിയേട്ടന് ഇഷ്ടമില്ലാത്തത് ഞാനിനി ചെയ്യുന്നില്ല . ഓഫീസിൽ നിന്നിറങ്ങി ഞാൻ നേരെ പോയത് മൊബേൽ ഷോപ്പിലേയ്ക്കാ . ചെറിയൊരു ഫോൺ വാങ്ങി വെറും നമ്പർ ഡെയൽ പാഡ് ഒള്ളത് . ഈ ഫോൺ മതിയെനിക്ക് . ഡിസ്പ്ലെ ഒള്ള ഫോൺ ഇവിടെ ഇരിക്കട്ടെ . എന്റെ fb യുടെ പാസ് വേഡും എല്ലാം ഗിരിയേട്ടന് അറിയാമല്ലോ . എന്റെ എല്ലാ മെസേജും നോക്കാനുള്ള അവകാശം എന്റെ ഗിരിയേട്ടനുണ്ട് . ഇനിയും സംശയം മനസ്സിൽ വെച്ച് നടന്നാൽ നമ്മൾ വഴിപിരിയും . അത് എനിക്ക് താങ്ങാൻ കഴിയില്ല .

ശരിയാണ് എന്റെ ഭാഗത്തും കുറേ തെറ്റുകൾ വന്നിട്ടുണ്ട് . ഞാൻ തന്നെ എന്നെ തിരുത്തുകയാണ് . എന്റെ ഈ ഫോൺ ഇവിടെ ഇരിക്കട്ടെ . ഒരു ഫോണും സോഷ്യൽ മീഡിയായും നമ്മുടെ ജീവിതത്തിലെ സുഖങ്ങൾ കവർന്നെടുക്കാൻ ഞാനിനി സമ്മതിക്കില്ല .

ഗിരിജയുടെ ഓരോ വാക്കുകളും എന്നെ ഭൂമിക്കടിയിലേയ്ക്ക് ചവിട്ടി താഴ്ത്തും പോലെ . ഞാൻ എത്ര ചെറിയ ചിന്താഗതിക്കാരൻ ആയി . വേണ്ടായിരുന്നു എല്ലാം എന്റെ ഈ മുടിഞ്ഞ സംശയം കൊണ്ട് വന്നതാണ് . സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു . അതു കണ്ടാവണം അവൾ ഉറക്കെ ചിരിച്ചത് .

എന്റെ ഗിരിയേട്ടൻ ഇത്ര പാവമാണോ . കൊച്ചു കുട്ടികളെപ്പോലെ . ശ്ശേ നാണക്കേടാ കെട്ടോ ഇത്ര വിവരവും വിദ്യാഭ്യാസവും ഉള്ള ആളിരുന്ന് ഇങ്ങനെ കരയാൻ .

ഇതു പറഞ്ഞ് കെട്ടിപ്പിടിച്ച് തോളിലേയ്ക്ക് മുഖമമർത്തി . അപ്പോൾതന്നെ മനസ്സിൽ ഒരായിരം സൂര്യൻ ഉദിച്ച പോലെ വെളിച്ചം നിറഞ്ഞു . ആ വീട്ടിലും മുറികളും സന്തോഷത്തിന്റെ വെളിച്ചതിൽ തിളങ്ങി

✍️ അനിൽ ഇരിട്ടി