ഇന്ന് കോടതിവിധി എന്തായാലും അത് അംഗീകരിക്കാൻ മോള് തയ്യാറാകണം. ദൈവം നമ്മളെ കൈവിടില്ല എന്ന ഒരു പ്രതീക്ഷ മാത്രമാണ് നമുക്കുള്ളത്…

പോറ്റമ്മ

രചന : അപ്പു

:::::::::::::::::::::::::::

രാവിലെ എഴുന്നേറ്റത് മുതൽ വിദ്യയുടെ ഉള്ളം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.ഇന്നാണ് കോടതിയിലേക്ക് പോകേണ്ട ദിവസം. മകൾ ഇനി മുതൽ ആരോടൊപ്പം ആണെന്ന് ഇന്ന് വിധി വരും. എനിക്ക് അംഗീകരിക്കാൻ ആകാത്ത ഒരു വ്യക്തിയാണെങ്കിൽ എന്ത് ചെയ്യും..? അവളുടെ മുഖം മ്ലാനമായി.

“മോളെ.. നീ ഇവിടെ എന്ത് ആലോചിച്ചു നിൽക്കുകയാണ്..?”

അച്ഛൻ വന്നു വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്. എന്റെ മുഖം കണ്ടിട്ട് തന്നെ വിഷയം എന്താണെന്ന് അച്ഛൻ ഊഹിച്ചു കാണണം..! ഒന്നും പറയാതെ ഒന്ന് ചേർത്ത് പിടിച്ചു.

“നീ ഇങ്ങനെ നെഞ്ചു നീറ്റല്ലേ മോളെ.. ദൈവം അത്ര ക്രൂരൻ ഒന്നും അല്ല.. മോൾടെ മനസ്സ് കാണുന്നുണ്ടാവും…”

അച്ഛൻ ആശ്വസിപ്പിക്കുന്നുണ്ട്. പ്രതീക്ഷയുടെ ഒരു വെള്ളി വെളിച്ചം.. അത്‌ എവിടെയോ ഉണ്ട്..!!

ചിന്തകൾ അവസാനിപ്പിച്ചു കൊണ്ട് വേഗം തയ്യാറാവാൻ തുടങ്ങി. കൂട്ടത്തിൽ മോളെയും വിളിച്ച് എഴുന്നേൽപ്പിച്ച് റെഡിയാക്കി. എന്റെ മുഖത്തു നിന്ന് കാര്യങ്ങളൊക്കെ അവൾ മനസ്സിലാക്കിയിട്ടുണ്ടാകണം. ആണെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ആ കുട്ടിയുടെ ജീവിതത്തിൽ ഇതൊക്കെ ശീലങ്ങളാണ്.

” ഇനിയും നിന്നാൽ വൈകും മോളെ.. അതുകൊണ്ട് വേഗം ഇറങ്ങാൻ നോക്ക്..”

അച്ഛൻ തിരക്കു പിടിച്ചു.

“മോളെ.. ഇന്ന് കോടതിവിധി എന്തായാലും അത് അംഗീകരിക്കാൻ മോള് തയ്യാറാകണം. ദൈവം നമ്മളെ കൈവിടില്ല എന്ന ഒരു പ്രതീക്ഷ മാത്രമാണ് നമുക്കുള്ളത്.”

മീനു മോളോട് ആയി പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൾക്കും സങ്കടം ഉണ്ടാകും. ഈ അമ്മയുടെ നെഞ്ചിൽ നിന്ന് പറിച്ചെടുത്ത് കൊണ്ടുപോകാൻ ആളുകൾ വരുമെന്ന് അവൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല.

കോടതിയിലേക്ക് പോകുന്ന വഴിയിൽ പഴയകാലത്തെ നീറുന്ന ചിന്തകൾ മനസ്സിലേക്ക് ഓടിയെത്തി.

ഞങ്ങൾ രണ്ടു മക്കളായിരുന്നു. എനിക്ക് ഒരു അനിയത്തിയാണ് ഉള്ളത്. വൃന്ദ.. അവൾ ചെറുപ്പം മുതൽക്കേ സ്വാർത്ഥമായി മാത്രം തീരുമാനങ്ങൾ എടുക്കുന്ന ഒരാളായിരുന്നു. ഞാനും അവളും തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസം മാത്രമാണുള്ളത്. അവൾ കോളേജിലേക്ക് എത്തിയതോടെ ഞങ്ങളുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടായി.

അവൾ എന്റെ കോളേജിൽ തന്നെയാണ് ചേർന്നത്. അന്ന് എന്റെ പിന്നാലെ പ്രേമഭ്യർത്ഥനയുമായി ഒരു പയ്യൻ നടപ്പുണ്ടായിരുന്നു. ആ വിവരം അവൾക്ക് അറിയുകയും ചെയ്യാം. അത്യാവശ്യം സാമ്പത്തികശേഷിയുള്ള ഒരു വീട്ടിലെ ചെറുപ്പക്കാരൻ ആയിരുന്നു അവൻ. ഞാൻ അവന്റെ ഇഷ്ടം സ്വീകരിക്കാത്തത് എന്റെ മണ്ടത്തരമാണെന്ന് അവളെല്ലായിപ്പോഴും പറയുമായിരുന്നു. പക്ഷേ പിന്നീട് അവൾ അത് പറയാതെയായി. എന്ന് മാത്രമല്ല അവനെ കൊണ്ടുള്ള ശല്യം എനിക്ക് ഒഴിവായി കിട്ടുകയും ചെയ്തു.

എല്ലാത്തിലും ഉപരി അവളുടെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. അവളും അവനും തമ്മിൽ പ്രണയത്തിലാണ് എന്നുള്ള വാർത്ത ഞെട്ടലോടെയാണ് ഞങ്ങൾ കേട്ടത്. അവൻ വലിയ വീട്ടിലെ ചെക്കനാണ് എന്നുള്ളതിനേക്കാൾ ഉപരി കള്ളും കഞ്ചാവും ഒക്കെ ഉപയോഗിക്കുന്ന സ്വഭാവക്കാരൻ ആണെന്ന് കൂടി അറിഞ്ഞതോടെ എന്റെ ഹൃദയം തകർന്നു. അവളെ ആ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും എന്റെ അസൂയ കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്യുന്നതെന്ന് അവൾ വിധിയെഴുതി.

വിവരങ്ങളൊക്കെ അച്ഛനെ ധരിപ്പിച്ച് അച്ഛനെ കൊണ്ടും അവളോട് സംസാരിപ്പിച്ചു. പക്ഷേ അവിടെയും നിരാശയായിരുന്നു ഫലം. ഞങ്ങളുടെയൊക്കെ ഉപദേശം സഹിക്ക വയ്യാതെ ആണോ അതോ അവനോടുള്ള പ്രണയം കൂടി പോയതുകൊണ്ടാണോ എന്നറിയില്ല, ഒരു ദിവസം കോളേജിലേക്ക് പോയ അവൾ മടങ്ങി വന്നില്ല. പകരം വന്നത് ഒരു ഫോൺകോൾ ആയിരുന്നു. അവനെ പിരിഞ്ഞു ജീവിക്കാൻ പറ്റില്ലെന്നും അവളെ ഇനി അന്വേഷിക്കേണ്ട എന്നും. ഞങ്ങൾക്ക് കിട്ടിയ വലിയൊരു ഷോക്കായിരുന്നു അത്.

അതിൽ നിന്ന് ഞങ്ങൾ കരകയറി വരാൻ ഒരുപാട് സമയം എടുത്തു. പക്ഷേ അപ്പോഴേക്കും അവന്റെ ചതിക്കുഴിയിൽ വീണ അവൾ അതൊക്കെയും തിരിച്ചറിഞ്ഞ് തിരികെ വന്നിരുന്നു. ആദ്യത്തെ കുറച്ചു ദിവസങ്ങൾ അവൾക്ക് ഞങ്ങളോട് സംസാരിക്കാൻ പോലും ഭയമായിരുന്നു. ഞങ്ങൾ അവളെ കുറ്റപ്പെടുത്തുമോ എന്ന് അവൾ എപ്പോഴും സംശയിച്ചു. പക്ഷേ അവൾക്ക് താങ്ങായും തണലായും നിൽക്കാൻ മാത്രമേ ഞങ്ങൾ ശ്രമിച്ചുള്ളൂ.

അധികം വൈകാതെ അവൾ ഒരു അമ്മയാകാൻ തയ്യാറെടുക്കുന്നു എന്നൊരു വാർത്ത കൂടി ഞങ്ങൾ അറിഞ്ഞു. അമ്മയ്ക്ക് അത് വലിയൊരു ഷോക്ക് ആയിരുന്നു. പക്ഷേ അവളോടൊപ്പം നിൽക്കുക എന്നല്ലാതെ മറ്റൊരു തീരുമാനവും ഞങ്ങൾക്കുണ്ടായിരുന്നില്ല. അവളുടെ ശരീരത്തിന്റെ അവസ്ഥ വച്ച് അബോഷൻ വളരെ റിസ്കി ആണ് എന്ന് ഡോക്ടർ പറഞ്ഞതോടെ ആ വഴിയടഞ്ഞു. അവൾക്ക് ആ കുഞ്ഞിനോട് യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല.

കടമ തീർക്കുന്നതു പോലെ അവൾ പ്രസവം കഴിഞ്ഞതോടെ കുഞ്ഞിനെ അമ്മയെ ഏൽപ്പിച്ചു. പിന്നീട് അവനെ സ്നേഹത്തോടെ ഒന്നെടുത്തു കൊഞ്ചിക്കുന്നതോ ലാളിക്കുന്നതോ കണ്ടിട്ടില്ല. എനിക്ക് ആ സമയത്ത് ഒരു ജോലി കിട്ടിയത് കൊണ്ട് തന്നെ സാമ്പത്തികമായി പ്രശ്നങ്ങളൊന്നും ഇല്ലാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞു.

അധികം വൈകാതെ അവൾക്കും ഒരു ജോലി കിട്ടി. അവൾ ജോലിക്ക് പോയി തുടങ്ങിയത് അവളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടായി. അവൾ കുഞ്ഞിനെ കുറേക്കൂടി വെറുത്തു. അതിന്റെ ശബ്ദങ്ങൾ പോലും അവൾക്ക് ഇഷ്ടമല്ലാതായി. വീട്ടിൽ വന്നാലും ഫോണും നോക്കിയിരിക്കൽ മാത്രമായിരുന്നു അവളുടെ പതിവ്. എല്ലാത്തിനും ഒടുവിൽ ഒരു സുപ്രഭാതത്തിൽ അവൾക്ക് ഇഷ്ടപ്പെട്ടവനോടൊപ്പം പോകുന്നു എന്നൊരു കത്ത് എഴുതിവെച്ച് അവൾ പോയി. അപ്പോഴും അവൾ കുഞ്ഞിനെ കുറിച്ച് ഓർത്തിട്ടില്ല.

അന്നു മുതൽ ആ കുഞ്ഞിന് താൻ അമ്മയായി. തുടർച്ചയായി അവൾ നൽകിയ രണ്ട് ആഘാതങ്ങൾ അമ്മയുടെ മരണത്തിലേക്ക് ആണ് വഴിതെളിച്ചത്. ആ ഷോക്കിൽ നിന്ന് ഞങ്ങൾ കരകയറി വന്നപ്പോൾ ആകെ ഉണ്ടായിരുന്ന പ്രതീക്ഷ ആ കുഞ്ഞു മകൾ ആയിരുന്നു.

ഇപ്പോൾ കുഞ്ഞിന് 10 വയസ്സായി. ഒരു വർഷം മുമ്പ് കുഞ്ഞിനെ തിരികെ വേണം എന്ന് ആവശ്യപ്പെട്ട് അവൾ വന്നിരുന്നു. അവളുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമായി ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇത്രയും വർഷങ്ങൾ കുഞ്ഞിനെ അന്വേഷിക്കാതെ അവൾ ഇപ്പോൾ കുഞ്ഞിനെ അന്വേഷിക്കണമെങ്കിൽ വ്യക്തമായ ഒരു കാരണം ഉണ്ടാകും.

എത്രയൊക്കെ ആയാലും അവൾ ആ കുഞ്ഞിന്റെ പെറ്റമ്മയാണ്. കോടതിവിധി അവൾക്ക് അനുകൂലമായാൽ താൻ തനിച്ചായി പോകും എന്നൊരു തോന്നൽ അച്ഛനുണ്ട്.

” മോളെ ഇറങ്ങുന്നില്ലേ..?”

അച്ഛൻ വിളിച്ചത് കേട്ട് ഞെട്ടലോടെ എഴുന്നേറ്റു. മോളെയും ചേർത്തുപിടിച്ചുകൊണ്ട് അച്ഛന് പിന്നാലെ ആ കോടതി വരാന്തയിലേക്ക് കയറുമ്പോൾ കണ്ടു അവളെയും ഭർത്താവിനെയും. അവളുടെ ചുണ്ടിൽ അപ്പോഴും പുച്ഛത്തോടെയുള്ള ചിരിയായിരുന്നു.

” കുട്ടിക്ക് 10 വയസ്സായി എന്നുള്ളതുകൊണ്ടുതന്നെ ആരോടൊപ്പം പോകണം എന്ന് തീരുമാനിക്കാനുള്ള അവകാശം കുട്ടിക്കാണ്. ആ കുട്ടിക്ക് ഇഷ്ടമുള്ള ആളോടൊപ്പം പോകാൻ കോടതി അനുവദിക്കും. “

ജഡ്ജ് പറഞ്ഞത് കേട്ട് എല്ലാവരുടെയും ശ്രദ്ധ മീനു മോളിലേക്കായി.

” അങ്കിൾ.. ഞാൻ എന്റെ അമ്മയെ ആദ്യമായി കാണുന്നതു തന്നെ ഈ അടുത്താണ്. എന്റെ ചെറുപ്പത്തിൽ ഒരുപക്ഷേ അമ്മ എന്നെ സ്നേഹിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അന്നൊന്നും അമ്മയെ ഞാൻ കണ്ടത് ആയിട്ടുള്ള ചെറിയ ഓർമ്മ പോലും എനിക്കില്ല. എന്റെ ഓർമ്മയിൽ ആകെയുള്ളത് എന്റെ വലിയമ്മയും അമ്മമ്മയും മാത്രമാണ്. എന്നോട് സ്നേഹം കൊണ്ടൊന്നുമല്ല അമ്മ ഇപ്പോൾ അന്വേഷിച്ചു വന്നത് എന്ന് എനിക്കറിയാം. എനിക്ക് എന്റെ അമ്മയുടെ കൂടെ പോകാൻ പേടിയാ.. ഞാൻ പോവില്ല.. എനിക്ക് വല്യമ്മയോടും അപ്പൂപ്പനോടും ഒപ്പം പോയാൽ മതി.”

കുഞ്ഞു പറഞ്ഞത് കേട്ട് വൃന്ദ ദേഷ്യത്താൽ വിറച്ചു.

” അതെങ്ങനെ ശരിയാകും..? പെറ്റമ്മയോളം വരില്ലല്ലോ പോറ്റമ്മ… എന്റെ മകളെ ഇവരുടെ ഒപ്പം അയക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. അവർ എന്റെ മകളെ ഉപദ്രവിച്ചാലോ..? “

അവൾ ശബ്ദമുയർത്തി.

” ഇത് കോടതിയാണ്. ഇവിടെ ഇങ്ങനെ ശബ്ദം ഉയർത്തി സംസാരിക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത്..? ആ കുട്ടി അതിന്റെ ഇഷ്ടമാണ് പറഞ്ഞത്. ഇത്രയും കാലം ആ കുഞ്ഞിനോട് നിങ്ങൾക്ക് ഇങ്ങനെ ഒരു സ്നേഹം ഉണ്ടായിരുന്നില്ലല്ലോ..? അവർക്ക് ആ കുട്ടിയെ ഉപദ്രവിക്കണമായിരുന്നെങ്കിൽ ഈ കാലത്തിനിടയിൽ എപ്പോഴും ആകാമായിരുന്നു. ഇപ്പോൾ നിങ്ങൾ മടങ്ങിവന്നത് നല്ല ഉദ്ദേശത്തോടെ ആണോ എന്ന് കോടതിക്കും സംശയമുണ്ട്. അതുകൊണ്ട് കുട്ടിയെ നിങ്ങൾക്കൊപ്പം അയക്കാൻ കോടതിക്ക് താല്പര്യമില്ല. “

ജഡ്ജ് വിധി പ്രഖ്യാപിച്ചു.

“ഒരു ചോദ്യം കൂടി.. സത്യസന്ധമായി നിങ്ങൾ മറുപടി പറഞ്ഞാൽ കുട്ടിയെ നിങ്ങൾക്കൊപ്പം അയക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ നമുക്ക് രണ്ടാമത് ആലോചിക്കാം.”

ജഡ്ജ് ചോദിച്ചത് കേട്ട് വൃന്ദ അദ്ദേഹത്തിന് തിരിഞ്ഞു.

” നിങ്ങൾ കുഞ്ഞിനെ ഉപേക്ഷിച്ചു പോയിട്ട് എട്ടു വർഷത്തോളമാകുന്നു. ഇപ്പോൾ ഈ മടങ്ങി വരവിന്റെ ഉദ്ദേശം കുഞ്ഞിനെ കൊണ്ടുപോകലാണ് എന്നറിയാം. എങ്കിലും എന്തുകൊണ്ടാണ് നിങ്ങൾ കുട്ടിയെ ഇപ്പോൾ നിങ്ങൾക്ക് ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നത്..? സത്യസന്ധമായ മറുപടി മാത്രം മതി. “

വൃന്ദ സംസാരിക്കാൻ ശ്രമിച്ചില്ല.

” സർ.. ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവില്ല സർ. പ്രശ്നം എന്റേതു തന്നെയാണ്. അതുകൊണ്ടാണ് അവൾ കുഞ്ഞിന് വേണ്ടി വാശിപിടിക്കുന്നത്. ഒന്നും വേണ്ട എന്ന് അവളോട് ഞാൻ പലപ്പോഴും പറഞ്ഞതാണ്. പക്ഷേ..”

വൃന്ദയ്ക്ക് പകരം മറുപടി പറഞ്ഞത് അവളുടെ ഭർത്താവായിരുന്നു.

” കുട്ടിയെ നിങ്ങൾക്കൊപ്പം അയക്കണോ വേണ്ടത് എന്നുള്ള കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ എനിക്ക് കഴിയുന്നില്ല. പക്ഷേ കുട്ടിയുടെ താല്പര്യം കണക്കിൽ എടുക്കുമ്പോൾ അവൾക്ക് അവളുടെ രക്ഷിതാക്കളുടെ കൂടെ പോകാനാണ് താല്പര്യം. ആ തീരുമാനത്തിനൊപ്പം നിൽക്കാനേ കോടതിക്ക് കഴിയൂ.”

അത്രയും പറഞ്ഞു ജഡ്ജ് ചേമ്പർ വിട്ടുപോകുമ്പോൾ എന്തു പറയണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു വിദ്യയും അച്ഛനും.

” നിങ്ങളുടെ മനസ്സിലുള്ളത് ഇങ്ങനെ ഒരു കാര്യമായിരുന്നു എന്ന് ഞങ്ങളോട് നേരത്തെ പറയാമായിരുന്നു. മോള് നിങ്ങൾക്കൊപ്പം വരുമെന്ന് ഞങ്ങൾ കരുതുന്നില്ല. പക്ഷേ നിങ്ങൾക്ക് മോളെ കാണണമെങ്കിൽ തീർച്ചയായും ഞങ്ങളുടെ വീട്ടിലേക്ക് വരാം. ഞങ്ങളോടൊപ്പം ആ വീട്ടിൽ താമസിക്കുകയും ചെയ്യാം. അതിനൊന്നും ഞങ്ങൾ തടസ്സം നിൽക്കില്ല. എത്രയായാലും അവളുടെ പെറ്റമ്മ നീയാണ്. നിനക്ക് ആ ഒരു തോന്നൽ ഇല്ലെങ്കിലും ഞങ്ങൾക്കുണ്ട്.. “

വൃന്ദയോടായി അത്രയും പറഞ്ഞുകൊണ്ട് അവർ നടന്നു നീങ്ങുമ്പോൾ, എന്നെങ്കിലും ഒരിക്കൽ ആ കുഞ്ഞ് സ്നേഹത്തോടെ തന്നിലേക്ക് വന്നണയും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു വൃന്ദ .

✍️ അപ്പു