രചന: ദേവി
::::::::::::::::::::::::
“വാതിൽ പഴുത്തിലൂടെൻമുന്നിൽ കുങ്കുമം വാരി വിതരും തൃസന്ധ്യപോലെ പോലെ…അതിലോലമെൻ ഇടനാഴിയിൽ നിൻ കളമധുരമാം കാലൊച്ച കേൾപ്പൂ…കളമധുരമാം കാലൊച്ച കേൾപ്പൂ….”
റേഡിയോയിലൂടെ ഒഴുകി വന്ന പാട്ടിനൊപ്പം ചിലങ്കതൻ നാദം ആ നടുമുറ്റത്തെ തൂണുകളിൽ തട്ടി പ്രതിധ്വനിച്ചു……ഒപ്പം അവളുടെ കണ്ണുനീരും ചിലങ്ക കെട്ടിയ പാദങ്ങളിൽ വീണുടഞ്ഞു……മനസ്സിനൊത്ത് കാലുകൾ ചലിക്കുന്നില്ല…കൈയ്യിൽ മുദ്രകൾ വിരിയുന്നില്ല….ചിലങ്ക നെഞ്ചോട് ചേർത്തവൾ നിശ്ശബ്ദം ആർത്തു കരഞ്ഞു…….
“മോളേ…. അമ്മു….”
മുറിയിൽ നിന്നുള്ള വിളി കേട്ടവൾ കണ്ണുകൾ അമർത്തി തുടച്ച്, ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി അങ്ങോട്ട് നടന്നു…
ആ തറവാട്ടിലെ ഇരുട്ട് മൂടി കിടന്ന മുറിയിലേക്കവൾ പ്രവേശിച്ചു…മൂക്കിലേക്ക് തുളച്ചു കയറുന്ന മരുന്നിന്റെ ഗന്ധം അവൾക്ക് പുതുമയുള്ളതല്ലായിരുന്നു…
“മോളേ അമ്മു സമയം എത്രയായി??” വെളിച്ചം പോലും എത്തിനോക്കാൻ മടിക്കുന്ന ആ മുറിയുടെ മൂലയിൽ ഇട്ടിരുന്ന കട്ടിലിൽ നിന്നയാൾ പ്രതീക്ഷയറ്റ സ്വരത്തിൽ ചോദിച്ചു…
അത് പതിവുള്ളതായത് കൊണ്ട് ഉത്തരം നൽകാതെയവൾ കട്ടിലിനരികിലിട്ട കസേരയിൽ അയാൾക്കടുത്തിരുന്നു…..ചുമരിൽ ചാരി വച്ച തലയിണയിലേക്ക് അദ്ദേഹത്തെ ചാരി ഇരുത്തിക്കൊണ്ടവൾ കൈയ്യിലെ പാത്രത്തിലെ കഞ്ഞി കുറച്ച് കുറച്ചായി കോരി കൊടുത്തു….
“ഇന്നും കരഞ്ഞുലെ…?? ന്റെ മോളിങ്ങനെ ഉരുകി തീരുന്നത് കാണാൻ വയ്യ….എല്ലാത്തിനും കാരണം ഞാനാ… ഈ മഹാപാപി അതുകൊണ്ടല്ലേ ദൈവം ഇങ്ങനെ ഇട്ടേക്കണത്?? അവനെ കണ്ടുപിടിച്ചു, ന്റെ മോളേ അവന്റെ കൈയ്യിൽ ഏല്പിച്ചിട്ട് സന്തോഷത്തോടെ കണ്ണടയ്ക്കാൻ നിക്ക് ഭാഗ്യം ഉണ്ടാവോ??” അദ്ദേഹം വിതുമ്പി….
കൈകൾ കൊണ്ടെന്തൊക്കെയോ ആംഗ്യം കാട്ടിയവൾ കൺകോണിൽ ഊറി വന്ന കണ്ണുനീർ നേര്യതിന്റെ തുമ്പ് കൊണ്ട് തുടച്ച് മാറ്റി….ബാക്കിയുള്ള കഞ്ഞിയും സാവധാനം കോരി കൊടുത്ത്, മുഖം കഴുകി കൊടുത്തവൾ അടുക്കളയിലേക്കിറങ്ങി..അടുപ്പിലെ തീ ഒന്നുടെ കൂട്ടി വച്ചു.
പുറത്ത് തിണ്ണയിൽ വച്ചിരുന്ന കാടിവെള്ളം തൊഴുത്തിലേക്കെടുത്ത് വച്ചിട്ടവൾ വൈക്കോൽ കൂനയിൽ നിന്നൊരു കെട്ട് വൈക്കോൽ എടുത്ത് തൊഴുത്തിലേക്കിട്ടു..
ശേഷം ചൂലുമെടുത്തവൾ കിഴക്കെയറ്റത്തെ മുറിയിലേക്ക് നടന്നു…മുറിയാകെ തൂത്ത് വൃത്തിയാക്കി…ഷെൽഫിൽ നിറച്ച് വച്ചിരുന്ന പുസ്തകങ്ങൾക്കിടയിലൂടെ വിരലോടിച്ചു…പുസ്തങ്ങൾക്കിടയിൽ മറഞ്ഞു നിന്നൊരു മയിൽപ്പീലിയെടുത്ത് നെഞ്ചോട് ചേർത്തു…
നിറഞ്ഞൊഴുകാൻ വെമ്പുന്ന മിഴിളെ തടഞ്ഞു നിർത്തി…എന്നിട്ടും പീലികൾക്കിടയിലൂടെ ഒരിറ്റ് കണ്ണുനീർ താഴോട്ടൊഴുകി…..കാതിൽ അവന്റെ നാദം അലയടിക്കുന്നു…അവൻ മീട്ടിയ വീണാനാദം ഹൃദയത്തെ കുത്തിക്കീറുന്നു……മിഴികളവൾ വലിച്ചു തുറന്നു…തനിക്കവനെ ഒരിക്കലും മറക്കാൻ കഴിയില്ല…..അവന്റെ കണ്ടതിൽ നിന്നുയർന്ന സ്വരങ്ങൾ ഇന്നും അവിടമാകെ അലയടിക്കുന്നു…..
മയിൽപീലി പുസ്തകത്താളുകൾക്കിടയിൽ ഭദ്രമായ് വച്ചിട്ടവൾ ഉമ്മറത്തേക്ക് നടന്നു…പടിപ്പുരയ്ക്കടുത്ത് മതിലിനോട് ചേർന്ന് നിൽക്കുന്ന നിറയെ പൂവിട്ട ചെമ്പക മരം കാൺകെ അവളിൽ ഓർമ്മകൾ തളിർത്തു…തൂവെള്ള നിറമുള്ള ചെമ്പകപ്പൂക്കൾ നിലത്താകെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു….ഓർമ്മകൾ അവളെ മാടി വിളിച്ചു….
“ചേച്ചി അതാ ആ കൊമ്പത്ത് കുറെ പൂക്കളുണ്ട്….അങ്ങോട്ട് കയറിപ്പോ ചേച്ചി ” ചെമ്പകത്തിന്റെ ഉയർന്ന ചില്ലയിൽ പിടിച്ചിരുന്നവൾ അവരെ ഒന്ന് തുറിച്ചു നോക്കി…
“അയ്യോ ദേ വല്യച്ഛൻ…..” വയൽവരമ്പിലൂടെ പ്രൗഡി വിളിച്ചോതുന്ന മുഖത്തോടെ നടന്നുവരുന്നയാളെ ചൂണ്ടി കുട്ടിപ്പട്ടാളം പറഞ്ഞു..
“ചേച്ചി ഞങ്ങൾ പോകുവാണെ…” അതും പറഞ്ഞവർ പറമ്പിലേക്കോടി..ചെമ്പകത്തിന്റെ ഉച്ചിയിൽ നിന്നവൾ പടിപ്പുര മുകളിലൂടെ വയൽവരമ്പിലേക്ക് നോക്കി…ദാവണി തുമ്പ് ചുരുട്ടി പിടിച്ചവൾ താഴോട്ടിറങ്ങാൻ നോക്കി…..വെപ്രാളം കാരണം ഒന്നും സാധിക്കുന്നില്ല…..അവസാനം പാവാട പൊക്കിപ്പിടിച്ചവൾ താഴോട്ട് ചാടി…കൈ മുട്ട് നിലത്തുരഞ്ഞ് ചോ.ര പൊടിഞ്ഞിരുന്നു…അവൾ കൈ ചുണ്ടോട് ചേർത്ത് ചെറുതായ് ഊതി കൊണ്ടിരുന്നു….
അപ്പോഴേക്കും അദ്ദേഹം പടിപ്പുര കടന്നെത്തിയിരുന്നു…..ഓടി വന്ന് അവളെ പിടിച്ചെഴുന്നേൽപിച്ചു..
“ഡി വായാടി എത്ര തവണ പറഞ്ഞിട്ടുണ്ട് മരത്തിന്റെ മുകളിൽ കയറല്ലെന്ന്…എത്ര പറഞ്ഞാലും കേക്കില്ല അല്ലേ??” അദ്ദേഹം വേദനിക്കാതെ ചെവിയിൽ പിടിച്ച് കൊണ്ട് സ്നേഹത്തോടെ ശാസിച്ചു…
“ഇതെന്റെ മോളാ അമ്മു…”.അയാൾ പുറകോട്ട് തിരിഞ്ഞു കൊണ്ട് പറഞ്ഞു….അപ്പോഴാണ് പടിപ്പുര വാതിൽ ചാരി നിൽക്കുന്ന ചെറുപ്പക്കാരനെ അവൾ ശ്രദ്ധിച്ചത്…ജുബ്ബയും മുണ്ടുമാണ് വേഷം..തോളിൽ ഇട്ടിരുന്നു തുണി സഞ്ചി മുന്നോട്ട് പിടിച്ചിട്ടുണ്ട്..നെറ്റിയിൽ വിയർപ്പിൽ കുതിർന്ന ചന്ദനക്കുറി…
അയാൾ അവർക്കരികിലേക്ക് വന്നു …
“മോളേ ഇത് നമ്മുടെ ക്ഷേത്രത്തിലെ ഉത്സവത്തിന് സംഗീത കച്ചേരി നടത്താൻ വന്നയാളാ..ഉത്സവത്തിനിനി രണ്ടാഴ്ച കൂടിയില്ലേ?? അതുവരെ ആളിവിടെ ഉണ്ടാവും..” അവൾ അവന് നേരെ കൈ കൂപ്പി….
“ഇവൾക്ക് സംസാരിക്കാൻ കഴിയില്ല….” അത് പറഞ്ഞ് കൊണ്ടദ്ദേഹം അവളെ ചേർത്ത് പിടിച്ചു അവന്റെ സഹതാപത്തോടെയുള്ള നോട്ടം അവളെ അസ്വസ്ഥയാക്കി…..
“ഇവിടെ ഞാനും എന്റെ മോളുമെ ഉള്ളു…അമ്മ ഇവളുടെ ചെറുപ്പത്തിലേ മരിച്ചു….പിന്നെ എന്റെ അനിയത്തി അതായത് ഇവളുടെ അപ്പച്ചി ഇവിടെ അടുത്താണ് താമസിക്കുന്നത് ഇടയ്ക്ക് സഹായത്തിന് അവള് വരും…വരൂ മുറിയൊക്കെ ഞാൻ കാണിച്ച് തരാം…” അദ്ദേഹം അവനെയും കൂട്ടി തറവാട്ടിലേക്ക് നടന്നു….
അവൾ കൈയ്യിലെ മുറിവിൽ പതിയെ തലോടി…
*************
കൊണ്ടുവന്ന സഞ്ചിയിലെ സാധനങ്ങൾ മുറിയിൽ അടക്കി വെക്കുകയായിരുന്നവൻ..അധികമൊന്നും ഇല്ല മൂന്നോ നാലോ ജോഡി വസ്ത്രം പിന്നെ കുറച്ച് പുസ്തകങ്ങളും…അവൻ ആ മുറിയാകെ ഒന്ന് നോക്കി… വൃത്തിയിൽ ഒരുക്കിയിട്ടുള്ള വലിയ മുറി…ഷെൽഫിൽ ഒരുപാട് പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്…മൂലയിൽ ഇട്ടിരുന്ന മേശമേൽ ചുമരിനോട് ചാരി വചിരിക്കുന്ന വീണ അപ്പോഴാണവൻ കണ്ടത് അവൻ അതിന്റെ തന്ത്രികളിൽ തലോടി….പഴയതെങ്കിലും വൃത്തിയോടെ സൂക്ഷിച്ചിട്ടുണ്ട്.
അപ്പോഴാണ് അടുത്ത് വരുന്ന പാദസര കിലുക്കം അവൻ ശ്രദ്ധിച്ചത് പെട്ടന്നവ നിലച്ചപ്പോൾ അവൻ വാതിൽപ്പടിയിലേക്ക് തിരിഞ്ഞു നോക്കി…ആ പെണ്ണ്….
അവൾ അകത്തേക്ക് വന്നു.. ചെറുതായ് ചിരിച്ചു..കൈ ദാവണി തുമ്പിൽ ചുറ്റി പിടിച്ചിട്ടുണ്ട്…ചെന്നിയിലൂടെ ഊർന്നിറങ്ങുന്ന വിയർപ്പു കണങ്ങൾ മുടിയിഴകളിൽ പറ്റി ചേർന്ന് നിന്നു……
“എന്തെ??”
ഒന്ന് പരുങ്ങിക്കൊണ്ടവൾ കൈ കൊണ്ട് എന്തൊക്കെയോ ആംഗ്യങ്ങൾ കാണിച്ചു..
“എന്ത്??”
ചുറ്റും നോക്കിയിട്ടവൾ ഷെൽഫിൽ നിന്നൊരു പേനയും ബുക്കും എടുത്ത് അതിലെന്തോ എഴുതാൻ തുടങ്ങി…എഴുതിക്കഴിഞ്ഞവൾ അവന് നേരെ ആ പുസ്തകം നീട്ടി…
“പേരെന്താ….” അവനത് വായിച്ചു…
“പേരെന്താണെന്നോ??”
അതേയെന്നവൾ തലയാട്ടി…
“അഗ്നി….അഗ്നിദേവൻ….. തന്റെയൊ??”
ഒന്ന് ചിരിച്ചുകൊണ്ടവൾ അവന്റെ കൈയ്യിൽ നിന്നാ പുസ്തകം വാങ്ങി പേരെഴുതാൻ തുടങ്ങി…ഒന്ന് നിർത്തിയിട്ടവൾ എന്തോ ആലോചിച്ചു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു…..എഴുതിക്കഴിഞ്ഞതവന് നേരെ നീട്ടി…
“അത്രമേൽ സ്നേഹിച്ചവൻ അവിശ്വസിച്ചപ്പോൾ ദുഃഖഭാരം താങ്ങാനാവാതെ ശിലയായ് തീർന്നവൾ ഞാൻ…..
അതാരാ??” വായിച്ചു കഴിഞ്ഞവൻ അവളെ സംശയത്തോടെ നോക്കി…
കണ്ട് പിടിക്കെന്ന് ആംഗ്യം കാട്ടി ചിരിച്ചു കൊണ്ടവൾ ഓടിയകന്നു…
പാദസരക്കിലുക്കം അവിടമാകെ പരന്നു… ഹൃദയത്തിൽ ആ ശബ്ദം ആഴ്ന്നിറങ്ങും പോലെ….. അവൻ ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചു..
********************
അമ്പലത്തിലെ കീർത്തനത്തോടൊപ്പം അവളുടെ ചിലങ്ക തൻ നാദവും അലിഞ്ഞു ചേർന്നൊരു പുലരി..നടുമുറ്റത്തെ തുളസിയിൽ നിന്നൊരു കതിർ നുള്ളിയെടുത്തവൾ മുടിത്തുമ്പിൽ ചാർത്തി….റേഡിയോയിലൂടെയുള്ള സംഗീതത്തിനൊപ്പം അവളും സ്വയം മറന്നാടി…..നൃത്തത്തെ അതിയായ് സ്നേഹിച്ചയവൾക്ക് നിശ്ശബ്ദതയിൽ കൂട്ടായ കൂട്ടുകാരി അതായിരുന്നു നൃത്തം…ചിലങ്ക കാലിൽ അണിയുന്നതോടൊപ്പം അവൾ വേറൊതോ ലോകത്തേക്ക് ആനയിക്കപ്പെടും…മുദ്രകളും, ഭാവങ്ങളും, സംഗീതവും നിറഞ്ഞൊരു ലോകം…അവളുടേത് മാതെമായൊരു സാങ്കൽപ്പിക ലോകം….
സംഗീതത്തോടപ്പം കാറ്റിലലിഞ്ഞു നൃത്തം ചെയ്യുന്നയവളെ അവൻ അതിശയത്തോടെ നോക്കി നിന്നു…അവളുടെ ഓരോ ചുവടുകളും അവന്റെ ഹൃദയത്തിൻ ആഴങ്ങളിൽ ചെന്ന് പതിച്ചു…….
പെട്ടന്നാ ചിലങ്ക തൻ കിലുക്കം നിന്നു….
“ഒരു പാട്ട് പാടി തരുവോ ” അവൾ അവനോട് കൈകൾ കൊണ്ട് ചോദിച്ചു…
ചിരിച്ചു കൊണ്ടവൻ തലയാട്ടി…..അവളുടെ ഭാഷ ദിനങ്ങൾ കഴിയും തോറും അവന് മനസ്സിലായി തുടങ്ങി….
നടുമുറ്റത്തെ തിണ്ണയിൽ ഇരുന്നവൻ കൈകൾ കാൽമുട്ടിന് മീതെ വച്ച്, മിഴികളടച്ചു പാടാൻ തുടങ്ങി….
“നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ…നിന്റെ സാന്ത്വനവേണുവിൽ രാഗ ലോലമായ് ജീവിതം…നീയെന്റെ ആനന്ത നീലാംബരി…നീയെന്നുമണയാത്ത ദീപാഞ്ജലി….ഇനിയും ചിലമ്പണിയൂ…എന്തിനു വേറൊരു സൂര്യോദയം…എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷ സന്ധ്യയല്ലേ…എന്തിനു വേറൊരു മധുവസന്തം ഇന്നു നീയെന്നരികിലില്ലേ….മലർവനിയിൽ വെറുതെ..എന്തിനു വേറൊരു സൂര്യോദയം….”
അവന്റെ ശബ്ദത്തോടൊപ്പം ചിലങ്കയും നൃത്തം ചെയ്തു…അവൾ സ്വയം മറന്നു നൃത്തം ചെയ്തു….
“ഇനിയെങ്കിലും പറഞ്ഞൂടെ തന്റെ പേര്??”
ചിലങ്കയഴിച്ചവൾ പോവാൻ തുനിഞ്ഞതും അവൻ ചോദിച്ചു…ഇല്ലെന്ന രീതിയിൽ ഒന്ന് പുഞ്ചിരിച്ചുകൊണ്ടവൾ നടന്നകന്നു….
പതിയെ അവളുടെ വിരലുകൾ സംസാരിക്കുന്നതെന്തെന്ന് അവനറിയാൻ തുടങ്ങി….ആ ചിലങ്ക കെട്ടിയ പാദങ്ങളെയും, നുണക്കുഴി കവിളുകളെയും, നിശ്ശബ്ദമായ പൊട്ടിച്ചിരികളെയും അവൻ ഇഷ്ടപ്പെട്ടു തുടങ്ങി….പ്രണയിച്ചു തുടങ്ങി…അവളും ഇഷ്ടപ്പെട്ടു തുടങ്ങി ആ ഗൗരവക്കാരനെ… സംഗീതം ജീവവായു ആയവനെ…. തിങ്ങി നിറഞ്ഞ പുരികങ്ങളും, തിളങ്ങുന്ന മിഴികളുമായ്, സദാ സമയവും ഗൗരവത്തോടെ ഇരിക്കുന്ന അവന്റെ മുഖം അവളുടെ ഹൃദയത്തിൽ ചാറ്റുളിക്കൊണ്ട് കൊത്തിവച്ചതുപോലെ ഒട്ടും മായാതെ പതിഞ്ഞിട്ടുണ്ടായിരുന്നു……
**************
“നാളെയാണ് കച്ചേരി അത് കഴിഞ്ഞാൽ ഞാൻ നാട്ടിലേക്ക് പോവും…”
കുളത്തിലെ ആമ്പലുകളിലേക്ക് മിഴിയെറിഞ്ഞ് അവളിരുന്നു ഒന്നും മിണ്ടാതെ….
“പിന്നെയും ഞാൻ ഈ തറവാടിന്റെ പടികയറും ഈ ഊമപ്പെണ്ണിനെ എനിക്ക് തരുവോ എന്ന് ചോദിക്കാൻ….” കേൾക്കാനാഗ്രഹിച്ചതെന്തോ കേട്ടത് പോലെ അവളവന്റെ മുഖത്തേക്ക് മിഴികളെറിഞ്ഞു….അവൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി…
അവളുടെ കണ്ണുകൾ നിറഞ്ഞു…ഹൃദയം എന്തിനോ വേണ്ടി തുടികൊട്ടി…ചൊടികളിൽ ചിരി മൊട്ടിട്ടു…അവനവളെ നെഞ്ചോട് ചേർത്ത് പിടിച്ചു…
“അമ്മൂ…..”
ദേഷ്യം കൊണ്ട് വിറയാർന്ന ശബ്ദത്തോടെ അയാൾ അലറി….കുളപ്പടവിൽ നിന്നയാൾ കോപം കൊണ്ട് വിറച്ചിരുന്നു…കണ്ണുകളിൽ അഗ്നി പടർന്നു…ഞരമ്പുകൾ വലിഞ്ഞു മുറുകി….
പേടി കൊണ്ടാ പെണ്ണ് അവന്റെ പിറകിലേക്കൊളിച്ചു…
“ഇവിടെ വാടി അസത്തെ….” അവന് പിറകിൽ മറഞ്ഞു നിന്നവളുടെ കൈയ്യിൽ മുറുകെ പിടിച്ചു വലിച്ചു കൊണ്ടയാൾ തുടർന്നു…
“കാൽ കാശിനു ഗതിയില്ലാത്ത നിനക്ക് പ്രേമിക്കാൻ മേലെപാട്ട് തറവാട്ടിലെ കൃഷ്ണപ്പണിക്കരുടെ മകളെ തന്നെ വേണമല്ലെടാ?? പാട്ടും കച്ചേരിയും ഒക്കെ മതി.. ഇന്നിറങ്ങിക്കോണം ഇവിടുന്ന്….”
“പ്രേമിക്കാൻ മാത്രമല്ല ഇവളെ എന്റെ ഭാര്യയാക്കാനും കൂടിയാണ് സ്നേഹിച്ചത്…..പണമില്ലെന്നേ ഉള്ളു…അന്തസ്സും അഭിമാനവും ആവോളമുണ്ട്…എന്ന് വച്ചിവളെ പട്ടിണിക്കിടില്ല…അന്തസായി നോക്കിക്കോളാം…എനിക്ക് തന്നൂടെ ഇവളെ??”
“ഹും… സ്വത്തും ബന്ധുബലവും ഇല്ലാത്ത നിനക്കെന്റെ മകളെ തരാനോ?? അത് നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതേണ്ട….കച്ചേരി ഒന്നും വേണ്ട എടുക്കേണ്ട സാധങ്ങൾ എടുത്ത് ഇപ്പൊ ഇറങ്ങണം….” അവളെ ഒന്ന് നോക്കിക്കൊണ്ടവൻ തറവാട്ടിലേക്ക് നടന്നു….
തോളിലെ തോർത്ത് ദേശ്യത്തോടെ കുടഞ്ഞു കൊണ്ടായാൾ പടിപ്പുരയിലേക്ക് പോയി….
നിറഞ്ഞൊഴുകുന്ന മിഴികൾ പുറം കൈകൊണ്ട് അമർത്തി തുടച്ചവൾ അവനരികിലേക്കോടി..സാധനങ്ങൾ തോൾസഞ്ചിയിൽ നിറയ്ക്കുന്നവന്റെ കൈ പിടിച്ചവൾ പോകരുതെന്ന് കെഞ്ചി….
“എന്റെ കൂടെ വരുന്നെങ്കിൽ ഇപ്പോൾ വരാം… പൊന്ന് കൊണ്ട് മൂടിയില്ലെങ്കിലും പട്ടിണി കിടത്തില്ല ആ ഉറപ്പ് തരാം…പോരുന്നോ എന്റെ കൂടെ??” അൽപനേരം ആലോചിച്ചിട്ടവൾ മുറിയിലേക്ക് നടന്നു….
ആവശ്യമുള്ള സാധനങ്ങളെല്ലാം ഒരു ബാഗിൽ ആക്കിക്കൊണ്ട് പുറത്തേക്കിറങ്ങി…
“മ്മ് എങ്ങോട്ടാ??” പോകാനിറങ്ങിയവളെ തടഞ്ഞു കൊണ്ടയാൾ ചോദിച്ചു….ഭൂമിയിൽ മിഴികൾ പതിപ്പിച്ചവൾ മൗനമായ് നിന്നു….
“എന്തെ നിന്ന് കളഞ്ഞത്?? പൊയ്ക്കോ ഇത്രയും കാലം നോക്കിവളർത്തിയ അച്ഛനെക്കാൾ നിനക്ക് വലിയവൻ ഇന്നലെ കണ്ട അവനാണെങ്കിൽ പോയിക്കോ നീ….അമ്മ മരിച്ചിട്ടും വേറൊരു കല്യാണം പോലും കഴിക്കാതെ ഞാൻ ജീവിച്ചത് നിനക്ക് വേണ്ടിയായിരുന്നു…..ആ അച്ഛനെ നിനക്ക് വേണ്ടെങ്കിൽ പോയിക്കോ…പക്ഷെ ഒന്നോർത്തോ ഇനി ഞാൻ ചത്താൽ പോലും നീയീ പടി കയറിയേക്കരുത്….”.മിഴികളിലൂടെ ചുടു കണ്ണീർ പെയ്തിറങ്ങി……
നോക്കിവളർത്തിയ അച്ഛൻ വേണോ അതോ പ്രാണനായ് സ്നേഹിച്ചവൻ വേണോ?? ഏതൊരു പെണ്ണും തോറ്റുപോവുന്ന ചോദ്യം….
കണ്ണുനീർ അമർത്തി തുടച്ചവൾ തിരിച്ചു നടന്നു… ഹൃദയം പൊടിയുന്ന വേദനയിലും അച്ഛനെയവൾ അനുസരിച്ചു….തന്റെ പ്രണയത്തെ ചവറ്റു കോട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞു… നെഞ്ചകം ചുട്ടു പൊള്ളുന്ന വേദനയോടെ…..
പടിപ്പുര കടന്ന് പോകുന്നവനെ മട്ടുപ്പാവിലെ തൂണിൽ ചാരി നിന്നവൾ കൺ നിറയെ കണ്ടു… ഉള്ളിൽ ആർത്തു കരഞ്ഞു…വയൽ വരമ്പിലൂടെ ഒരു പൊട്ട് പോലെയവൻ മാഞ്ഞതും, മട്ടുപ്പാവിലെ അഴികളിൽ പിടിച്ചവൾ താഴോട്ട് ഊർന്നിറങ്ങി….അലറിയലറി കരഞ്ഞു… ശബ്ദമില്ലാതെ…. ഹൃദയം പൊട്ടിയടരുന്നു ചോര കിനിയുന്നു….ഒത്തിരി നോവുന്നുണ്ടാ പെണ്ണിന്… കണ്ണിൽ നിന്നോഴുക്കുന്ന ചുടു ദ്രാവകം മേനിയെ പൊള്ളിക്കുണ്ട്…….
ഓർമ്മകൾ അവളിൽ നിറഞ്ഞതും ഒരിറ്റ് കണ്ണുനീർ ആ മിഴികളിൽ നിന്നൂർന്നിറങ്ങി…പടിപ്പുര കടന്ന് പോകുന്നവനെ ഇന്നുമവൾക്ക് കാണാം…അവൻ പലവട്ടം തിരിഞ്ഞു നോക്കുന്നത് ഇന്നും കണ്ണിലുണ്ട്…കാലം ഇത്രയും കഴിഞ്ഞിട്ടും മനസ്സിൽ മായാതെ കിടക്കുന്നൊരു നോവായ് ഇന്നും അവനുണ്ട്…. അവളിൽ….
“മോളേ… മോളേ ഓടി വാ…..” അകത്തു അച്ഛന്റെ മുറിയിൽ നിന്ന് അപ്പച്ചിയുടെ വിളി കേട്ടവൾ ഓടി അകത്തേക്ക് ചെന്നു…..
“മോളേ… ഏട്ടൻ…” സാരി തലപ്പ് പിടിച്ചു വിതുമ്പുന്നവരെ ഒന്ന് നോക്കിക്കൊണ്ടവൾ അയൽക്കരികിലേക്ക് ചെന്നു…… ആ കൈകളിൽ കൈകൾ ചേർത്ത് വച്ചു….മരണത്തിന്റെ തണുപ്പവൾ അറിഞ്ഞു….ഹൃദയം നിലച്ച ആ നെഞ്ചിലേക്കവൾ പതിയെ തലചായ്ച്ചു….. കണ്ണുകൾ പെയ്തില്ല..ചുണ്ടുകൾ വിതുമ്പിയില്ല….വല്ലാത്തൊരു മരവിപ്പവളെ പൊതിഞ്ഞു…അനാഥത്വത്തിന്റെ പടുഴിയിലേക്കവളെ വിധി നിഷ്കരുണം തള്ളിയിട്ടിരിക്കുന്നു…..
അച്ഛന്റെ ശേഷക്രിയകളെല്ലാം കഴിഞ്ഞു… അവളാ വീട്ടിൽ തനിച്ചായി..ഓർമ്മകൾ വിഷം പുരട്ടിയ അസ്ത്രങ്ങൾ പോലെയവളെ നിരന്തരം കുത്തി നോവിച്ചു….
അനന്തതയിലേക്ക് മിഴിയയച്ചു, ഉമ്മറത്തിരിക്കുമ്പോഴാണ് മുറ്റത്താരുടെയോ കാലടി ശബ്ദം കേട്ടത്….ഓർമ്മകളിൽ നിന്ന് ഉണർന്നവൾ മുറ്റത്തേക്ക് കണ്ണയച്ചു….ഹൃദയം ഒരു നിമിഷം സ്തംഭിച്ചു…. അവൻ… അഗ്നിദേവൻ….
അവൻ ഉമ്മറത്തേക്ക് കയറി…. അവൾ വെപ്രാളംപ്പെട്ടു എഴുന്നേറ്റു..മിഴികൾ അവനിൽ പാഞ്ഞു നടന്നു…താടിയൊരൽപം കൂടിയിട്ടുണ്ടെന്നല്ലാതെ കാലം അവനിൽ പറയത്തക്ക മാറ്റമൊന്നും വരുത്തിയിരുന്നില്ല…
“ഇവിടെ??” അവൾ സംശയത്തോടെ ചോദിച്ചു.. (കൈകൾ കൊണ്ട് )
“വന്നു…..വരേണ്ടി വന്നു….”
“അച്ഛൻ മരിച്ചു….”
“അറിഞ്ഞു….”
വാക്കുകൾക്കായ് അവരിരുവരും പരതി…
“ഞാൻ ചായയെടുക്കാം…” മൗനത്തെ വെടിഞ്ഞവൾ കൈകൾ കൊണ്ട് ആംഗ്യം കാട്ടിക്കൊണ്ട് തിരിഞ്ഞു അകത്തേക്ക് നടന്നു….
“അഹല്യാ…” അവൾ ഞെട്ടി തിരിഞ്ഞു നോക്കി…എങ്കിലും അതിശയമൊന്നും ആ മുഖത്തില്ലായിരുന്നു…
“അത്രമേൽ സ്നേഹിച്ചവൻ അവിശ്വസിച്ചപ്പോൾ ശിലയായ് തീർന്നവൾ അഹല്യ…ഹൃദയതിൽ പ്രതിഷ്ടിച്ചു പൂജിച്ച സ്വന്തം ഭർത്താവ് താൻ പറയുന്നത് വിശ്വസിക്കാതിരുന്നപ്പോൾ ദുഃഖം താങ്ങാനാവാതെ ശീലയായ് പരിണമിച്ചവൾ അഹല്യ ദേവി….”
സന്തോഷം അവളുടെ മിഴികളിൽ നിറഞ്ഞു… അത് കണ്ടെത്താൻ അവന് വർഷങ്ങൾ വേണ്ടി വന്നു….
“ഇനിയും എന്തിനിങ്ങനെ ഉരുകി തീരണം അഹല്യയ്ക്ക് പോലും ശ്രീരാമദേവൻ ശാപമോക്ഷം നൽകിയവളെ സ്വാതന്ത്രയാക്കിയിട്ടുണ്ട്…ഒരു ജന്മം മുഴുവൻ അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു തീർത്തില്ലേ…ഇനിയെങ്കിലും പോന്നുടെ എന്റെ കൂടെ?? കാത്തിരിക്കുകയായിരുന്നു ഇത്രയും നാൾ… ഈ ഊമപ്പെണ്ണിന് വേണ്ടി….”
ഒഴുകിയിറങ്ങിയ മിഴിനീരിനെ സ്വതന്ത്രയാക്കിയിട്ടവൾ അവന്റെ നെഞ്ചോരം ചേർന്നു….അവനവളെ ഇറുകെ പുണർന്നു….
തെക്കേതൊടിയിലെ അസ്തിത്തറയിലെ ദീപം കാറ്റിൽ അണയാതെ ശക്തിയായ് ജ്വലിക്കുന്നുണ്ടായിരുന്നു അപ്പോൾ…..
അവസാനിച്ചു…