ആൺകിളി കരയാറില്ല…
രചന: മുഹമ്മദ് ഫൈസൽ ആനമങ്ങാട്
:::::::::::::::::::::::::::::
“”നികേഷേ… നീ കരയുകയാണോടാ?””. മുറിയിലേക്ക് കയറി വന്ന രാഹുൽ പതുക്കെ ചോദിച്ചു.
“”അല്ല””.. നികേഷ് ഇടറി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
സങ്കട കടലിന്റെ ചുഴിയിൽ മുങ്ങി താഴുമ്പോഴും നികേഷ് ഉറ്റ ചങ്ങാതി രാഹുലിന്റെ സ്വരം തിരിച്ചറിഞ്ഞു.
“”നുണ പറയണ്ട. അടക്കിയ തേങ്ങൽ ഞാൻ കേട്ടല്ലോ””. രാഹുൽ പറഞ്ഞു.
ഇത് കേട്ടതോടെ നികേഷിന്റെ കണ്ണുകളിൽ പെയ്യാൻ വെമ്പി നിന്ന കണ്ണീർ ഉതിർന്നു വീണു. അവൻ ഉറക്കെ തേങ്ങി. ശക്തിയായി കറങ്ങുന്ന ഫാനിന്റെ കാറ്റിന്റെ ശബ്ദത്തെ പോലും അതിജീവിച്ചു ഏങ്ങലടി മുഴങ്ങി കേട്ടു. രാഹുൽ പോയി ലൈറ്റിട്ടു.
നികേഷ് കമിഴ്ന്നു കിടന്നു തേങ്ങുകയാണ്. അവന്റെ ചുമലുകൾ അതിനനുസരിച്ച് പൊങ്ങുകയും താഴുകയും ചെയ്തു കൊണ്ടിരുന്നു. രാഹുൽ ആശ്വസിപ്പിക്കാൻ പോയില്ല. അത് അവന്റെ സങ്കടത്തിന്റെ ആഴം കൂട്ടുകയേ ചെയ്യൂ എന്നവനറിയാം.
“അല്ലെങ്കിലും എന്ത് പറഞ്ഞു ആശ്വസിപ്പിക്കും ഞാനവനെ. എല്ലാം ശരിയാകുമെന്നോ. അല്ലെങ്കിൽ… പോട്ടെടാ സാരമില്ല എന്നോ. അത് മതിയാകുമോ അവനിപ്പോ. അവന്റെ ചങ്ക് പറിച്ചെടുത്താണ് ഭാര്യ ഹീര ഇന്ന് വേറൊരുത്തന്റെ കൂടെ ഇറങ്ങി പോയത്. അവനോട് ഒരു വാക്ക് പോലും മിണ്ടാതെ. അല്ലെങ്കിലും ഒളിച്ചോടുന്നവൾ എന്ത് പറയാൻ”. ചിന്തകൾക്കിടെ രാഹുലിന്റെ ഉള്ളിൽ വെറുതെയൊരു പുച്ഛച്ചിരി വിരിഞ്ഞു.
“കരയട്ടെ.. കരഞ്ഞു തീർക്കട്ടെ.. കരയുന്നവനെ കരയാൻ വിടണം. ആ കണ്ണീർ ഒഴുക്കി കളയുന്നത് മനസ്സിലെ കുറച്ചു ഭാരം കൂടിയാണ്”.രാഹുൽ നികേഷിന്റെ അടുത്ത് വന്നിരുന്നു.
അല്പനേരം കഴിഞ്ഞപ്പോൾ നികേഷ് എഴുന്നേറ്റിരുന്നു. കരഞ്ഞു കലങ്ങി രക്ത വർണ്ണമായിരുന്ന കണ്ണുകൾ ബെഡ് ഷീറ്റ് കൊണ്ട് തുടച്ചു. ബെഡ് ഷീറ്റ് ഇന്നലെ ഒപ്പിയെടുത്തു ബാക്കി വെച്ച ഭാര്യ ഹീരയുടെ കാച്ചിയ എണ്ണയുടെയും സോപ്പിന്റെയും വിയർപ്പിന്റെയും മാദക ഗന്ധം നികേഷിന്റെ മൂക്കിലേക്ക് ഇരച്ചു കയറി. ഇന്നലെ വരെ അടുത്ത് കിടന്നിരുന്ന ഹീര ഇന്ന് വേറൊരാളുടെ കൂടെ ഇപ്പൊ കിടക്കുന്നുണ്ടാകും. വീണ്ടും നിരാശയും ദുഃഖംവും ഇരച്ചു കയറിയ നികേഷ് ആ ബെഡ് ഷീറ്റ് ചുരുട്ടിയെടുത്ത് മുറിയുടെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു.
വീണ്ടും കണ്ണുകൾ നിറയാൻ തുടങ്ങിയ നികേഷിനെ രാഹുൽ തടഞ്ഞു.
“”മതിയെടാ… ഇനി കരയരുത്. ഉച്ചക്ക് തുടങ്ങിയതല്ലേ. ഇനി നിർത്ത്””.
നികേഷ് രാഹുലിനെ നോക്കി. ചിരിക്കാൻ ഒരു വിഫല ശ്രമം നടത്തി പരാജയപ്പെട്ടു. അത് കണ്ട രാഹുലിന്റെ ചങ്ക് പൊടിഞ്ഞു. “ദൈവമേ… ഇവന് ശക്തി കൊടുക്കണേ”.. രാഹുൽ ഉള്ളിൽ പറഞ്ഞു.
“”നീ വീട്ടിൽ പോയില്ലേടാ. നിന്റെ പെണ്ണും മോളും കാത്തിരിക്കില്ലേ. ഉച്ചക്ക് വന്നതല്ലേ””. നികേഷ് പതുക്കെ ചോദിച്ചു.
“”നീ വല്ല കടുംകൈയ്യും ചെയ്താലോ എന്ന് പേടിച്ചു എന്നോട് കൂട്ട് കിടക്കാൻ പറഞ്ഞു വിട്ടതാ നിന്റെ അമ്മ””. രാഹുൽ ചെറിയൊരു ചിരിയോടെ പറഞ്ഞു.
“”ഞാനെന്ത് ചെയ്യാനാ രാഹുൽ. ആ നിമിഷത്തെ ഞാൻ അതിജീവിച്ചില്ലേ. ഇനി ഞാൻ ഒന്നും ചെയ്യില്ല. നീ പൊയ്ക്കോ””.നികേഷ് പറഞ്ഞു.
“”വീട്ടിൽ പോയാലും എനിക്കിന്ന് ഉറക്കം വരില്ല. ഞാനിന്ന് നിന്റെ അടുത്ത് കിടക്കാം. നിന്റെ അമ്മയെങ്കിലും മനസ്സമാധാനത്തോടെ ഉറങ്ങിക്കോട്ടെ. അല്ലെങ്കിലും നമ്മൾ ഒന്നിച്ച് എത്ര കിടന്നിരിക്കുന്നു. ഈ ഹീരയൊക്കെ എന്നാ വന്നത്.. അല്ലെ””. രാഹുൽ തമാശയായി പറഞ്ഞു ചിരിച്ചു.പക്ഷെ നികേഷ് ചിരിച്ചില്ല.
“”എല്ലാരും പോയോടാ””. രാഹുൽ ചോദിച്ചു.
“”പോയി””. രാഹുൽ പതുക്കെ പറഞ്ഞു.
“”ഞാൻ കഴിവ് കെട്ടവനായത് കൊണ്ടാണ് അവൾ വേറൊരുത്തന്റെ കൂടെ പോയത് എന്നാവും ആളുകളുടെ അടക്കം പറച്ചിൽ. അല്ലേ രാഹുലേ””.
രാഹുൽ ഒന്നും മിണ്ടിയില്ല.. കുറച്ചു നേരം അവർക്കിടയിൽ മൗനം കളിയാടി. നികേഷ് ചിന്തകളിലേക്ക് നീന്തി പോയി ആഴങ്ങളിലേക്ക് ഊളിയിട്ടു.
“പ്രണയമായിരുന്നു ഹീരയോട്. അവള് തന്നെയാണ് ആദ്യം അനുരാഗ പൂത്തിരിക്ക് തിരി കൊളുത്തിയത്. നീണ്ട മൂക്കും തിളങ്ങുന്ന കണ്ണുമുള്ള എന്നെ ഇഷ്ടമാണെന്ന് ഒരു വേള ചെവിയിൽ കുസൃതിയോടെ പറഞ്ഞത് അവളാണ്. ആ പൂത്തിരി ആയിരം വർണ്ണമായി ജ്വലിക്കാൻ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. ആ പൂത്തിരിയിൽ നിന്നും വീണ്ടും വീണ്ടും എത്രയെത്ര പൂത്തിരികൾ മാലയിൽ കോർത്ത മുത്തുകളായി മിന്നിത്തിളങ്ങി. തന്റെ ജോലി സ്ഥലത്തിനടുത്തുള്ള അവളുടെ വീട്ടിൽ നിന്ന് പാത്തും പതുങ്ങിയും ഹീര കൈമാറിയ സ്നേഹോപഹാരങ്ങൾ പിന്നീട് കവിളുകളിൽ ഏകിയ ചുമ്പനങ്ങൾക്കും സ്നേഹാലിംഗനങ്ങൾക്കും വഴിമാറിയത് എത്ര വേഗമാണ്”. നികേഷ് ഓർമ്മകളിൽ നിന്ന് പൊങ്ങി വന്നൊരു നെടുവീർപ്പിട്ടു.
അവൻ ആകെ വിയർത്തു കുളിച്ചിരുന്നു. കലശലായ ദാഹം മൂലം തൊണ്ട വറ്റി വരണ്ടു. നഷ്ടപ്പെട്ടവരുടെ ഓർമ്മകൾക്ക് വല്ലാത്ത തിളക്കമായിരിക്കും. ഇനി തിരിച്ചു കിട്ടില്ല എന്നുറപ്പുള്ളവരുടെ ഓർമ്മകൾ പൊള്ളിക്കും. അത് വരെ കുളിരാർന്ന ഓർമ്മകൾക്ക് പോലും നീരാവിയുടെ താപമായിരിക്കും.അകം വെന്തുരുക്കും…
“”രാഹുലേ… കുറച്ചു വെള്ളം എടുത്തു താടാ””.. നികേഷ് കിതച്ചു കൊണ്ട് പറഞ്ഞു.
രാഹുൽ ജെഗ്ഗിൽ നിന്ന് ഗ്ലാസ്സിലേക്ക് വെള്ളം പകരാൻ തുടങ്ങവേ നികേഷ് ആ ജെഗ്ഗ് വാങ്ങി നേരെ തൊണ്ടയിലേക്ക് കമിഴ്ത്തി.. “ഗ്ലക്ക് ഗ്ലക്ക് ഗ്ലക്ക്” ശബ്ദത്തോടെ നികേഷിന്റെ ചങ്ക് ഉയർന്നു താഴുന്നത് രാഹുൽ അല്പം പേടിയോടെ നോക്കി.
കിതപ്പോടെ നികേഷ് വീണ്ടും ചുമരിൽ ചാരിയിരുന്നു. രാഹുൽ ഒന്നും മിണ്ടിയില്ല. ചോദിച്ചില്ല. “ഈ രാത്രിയോടെ ഹീര അവന്റെ മനസ്സിൽ എരിഞ്ഞു തീരട്ടെ. ഒരു പിടി ചാരമാകട്ടെ. ഉപബോധ മനസ്സിന്റെ ഇരുളാർന്ന എന്തെങ്കിലും ഒരു ഗർത്തത്തിൽ ആ ചാരം അവൻ വിതറട്ടെ. ഇടയ്ക്കിടെ പാറി വരുന്ന കുഞ്ഞു കുഞ്ഞു കണികകൾ മാത്രമായി ആ വെണ്ണീർ ഓർമ്മകൾ മാറട്ടെ”. രാഹുൽ അകമേ മന്ത്രിച്ചു.
ഇരു നിറമാർന്ന സുന്ദരി ഹീരയുടെ മുഖം വീണ്ടും നികേഷിന്റെ മനസ്സിലേക്ക് ചിരിച്ചെത്തി. “ഒരു പുഞ്ചിരി എന്നും ചുണ്ടിൽ സൂക്ഷിച്ചിരുന്നു അവൾ. അണിഞ്ഞൊരുങ്ങാൻ ഒരു പിശുക്കും കാണിക്കാത്തവൾ. നന്നായി കണ്ണെഴുതുന്നവൾ. കൃഷ്ണമണികൾക്ക് വല്ലാത്ത കറുപ്പായിരുന്നു. നിറഞ്ഞ മാറും വിടർന്ന അരക്കെട്ടും ഉള്ളവൾ. നിതംബ താളം കൊണ്ട് നടപ്പിനെ അലങ്കരിച്ചവൾ. എന്തൊക്കെയോ പറയാൻ ബാക്കി വെച്ച പോലെയുള്ള മുഖഭാവമുള്ളവൾ…ഹീര… എനിക്ക് നഷ്ടപെട്ടു. ഇന്നവൾ വേറൊരാളുടെ ചൂട് പറ്റി കിടക്കുന്നുണ്ടാവും.. എന്നെ ഈ കനലിൽ എരിയാൻ വിട്ടിട്ട്”..ഓർമ്മകൾ നികേഷിന്റെ ഉൾ പൂവിൽ കിടന്നു നീറി പുകഞ്ഞു.
കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു. തേങ്ങൽ അടക്കാനാവാതെ അവൻ വിതുമ്പി.
“”ടാ… സ്നേഹിച്ചു കൊതി തീർന്നില്ല എനിക്ക്.. ഏതായാലും അവളെ അയാൾ നന്നായി നോക്കിയാൽ മതിയായിരുന്നു””. തേങ്ങി കരഞ്ഞു കൊണ്ട് നികേഷ് പറഞ്ഞു.
രാഹുൽ മറുപടി വീണ്ടും ഒരു മൂളലിൽ ഒതുക്കി.”അവൾ പോട്ടെടാ. നിന്നെ വേണ്ടാഞ്ഞിട്ടല്ലേ അവൾ പോയത്. അവളെ കുറിച്ച് ഇനി ഓർക്കേണ്ട കാര്യമെന്ത്. എന്നൊക്കെ വേണമെങ്കിൽ എനിക്ക് പറയാം”. രാഹുലിന്റെ ഉള്ളിൽ ഇങ്ങനെ തികട്ടി വന്നു.
അത് നിരർത്ഥകമാണെന്ന് അറിയാവുന്നത് കൊണ്ടോ എന്തോ രാഹുൽ പറഞ്ഞില്ല. അത്രക്ക് പ്രിയമായിരുന്നു ഹീരയെ നികേഷിന്. “പെട്ടെന്നു മറക്കാൻ എന്താ ആണിന്റെ മനസ്സ് വല്ല യന്ത്രവുമാണോ?”. രാഹുലിന്റെ മനസ്സ് സ്വയം ചോദിച്ചു.
കോലാഹലങ്ങളാൽ മുഖരിതമായിരുന്നു നികേഷിന്റെയും ഹീരയുടെയും വിവാഹം. എതിർപ്പുകളോട് പൊരുതി നടന്ന രെജിസ്റ്റർ വിവാഹം. എല്ലാത്തിനും സാക്ഷികളായി രാഹുലും ഭാര്യ നീരജയും.
“”നികേഷേ… നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ?””. രാഹുൽ എന്തോ ഓർത്തിട്ടെന്ന പോലെ പെട്ടെന്ന് ചോദിച്ചു.
“”ഇല്ലെടാ.. നല്ല സ്നേഹത്തിലായിരുന്നു. നിനക്കറിയാവുന്നതല്ലേ. ഇന്ന് രാവിലെ ഞാൻ ജോലിക്ക് പോവുമ്പോൾ വരെ ഹീര വളരെ സന്തോഷവതിയായിരുന്നു””. നികേഷ് പതറിയ സ്വരത്തിൽ പറഞ്ഞു.
“”അതല്ല… നിങ്ങൾ ഒന്നിച്ചിട്ട് മാസം പത്തു കഴിഞ്ഞു. ഒരു ഗർഭത്തെ കുറിച്ചൊന്നും പറയുന്നത് കേട്ടില്ല?””.രാഹുൽ ചോദിച്ചു.
“”അത്… അവൾ പറഞ്ഞിട്ടാണ്. ഒരു വർഷം കഴിഞ്ഞു മതി എന്നതായിരുന്നു അവളുടെ ഇഷ്ടം. ഞാൻ എതിര് നിന്നില്ല””… നികേഷ് പറഞ്ഞു.
“”അല്ല… പുറത്ത് സംസാരം അങ്ങനെ ആയിരിക്കും. അല്ലേടാ രാഹുലേ””. നികേഷ് വിളറിയ ഒരു ചിരിയോടെ ചോദിച്ചു.
രാഹുൽ മറുപടി പറഞ്ഞില്ല. എങ്കിലും നികേഷിന് അത് ശരിയാണെന്ന് തോന്നി.
“”ഒരു കുറവും ഉണ്ടായിട്ടില്ല രാഹുൽ ഒന്നിനും. കിടപ്പറയിലും അങ്ങനെ തന്നെയാണ്. സംതൃപ്തിയാൽ അവളുടെ കണ്ണുകൾ കൂമ്പിയടയുന്നത് ഞാൻ കണ്ടിട്ടുണ്ട്. മൂർച്ചയിൽ സീൽകാരങ്ങൾ കേട്ടിട്ടുണ്ട്. ഇനി അതും അഭിനയമായിരുന്നോ. അതിലും വലുത് വേറേയുണ്ടോ?”” നികേഷ് ഒരു പ്രത്യേക മുഖഭാവത്തോടെ പറഞ്ഞു.
“ആദ്യരാത്രി എന്തൊരു നാണമായിരുന്നു പെണ്ണിന്. അതും അഭിനയമായിരുന്നോ?. മിനിഞ്ഞാന്ന് കിന്നരിച്ചു കടൽ തീരത്തിലൂടെ നടന്നത് അഭിനയമായിരുന്നോ?. എന്നോടുള്ള കടമകൾ തീർക്കുകയായിരുന്നോ അവൾ ഇത് വരെ?. എന്നെ സന്തോഷിപ്പിച്ചു പിരിയാൻ ആയിരുന്നോ ആ സ്നേഹ പ്രകടനങ്ങൾ എല്ലാം”?. എല്ലാം വെറും ചോദ്യങ്ങൾ മാത്രമായി നികേഷിന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.
“”ചിലർ അങ്ങനെയാണ്. സ്നേഹം എത്ര കൊടുത്താലും ഇനിയും ഇതിലും കൂടുതൽ കിട്ടാനുണ്ട് എന്നവർക്ക് തോന്നും. അവർ പുതുമ തേടി പോകും. കാല്പനിക ലോകത്തിലൂടെ സഞ്ചരിക്കും. ഒന്നിലും പുതുമയില്ല എന്ന് മനസ്സിലാക്കാൻ അവർക്ക് ആദ്യത്തേത് നഷ്ടപെടുത്തേണ്ടി വരും””… രാഹുൽ പറഞ്ഞു.
“”ഇങ്ങനെ ഒരു അടുപ്പത്തിന്റെ സൂചന പോലും മനസ്സിലാക്കാൻ പറ്റാത്ത ഒരു വിഡ്ഢിയായി ഞാൻ മാറി. അവളിപ്പോൾ എന്നെ കളിയാക്കി ചിരിക്കുന്നുണ്ടാകും.”” നികേഷ് ഒരു നെടുവീർപ്പോടെ പറഞ്ഞു.
“”എടാ.. സ്നേഹത്തിന് വഞ്ചന എന്നൊരു പര്യായ പദം കൂടിയുണ്ട് ചിലർക്ക്. ചിലർക്ക് ആ പദം സ്നേഹത്തിന്റെ വിപരീതവും””. രാഹുൽ പറഞ്ഞു.
“”സ്നേഹിച്ചു കൊതി തീർന്നിട്ടില്ല എനിക്കവളെ. അവളെ കൊണ്ട് പോയ ആ ചെകുത്താന് എന്നേക്കാൾ എന്ത് പ്രത്യേകതയാണുള്ളത്””. നികേഷ് കുറച്ചു ഉറക്കെ ദേഷ്യത്തിൽ പറഞ്ഞു.ചങ്ക് കലങ്ങിയുള്ള ആ പറച്ചിൽ രാഹുലിന്റെ നെഞ്ച് പൊടിച്ചു.
“”നീ കൊടുക്കുന്നതാവില്ല അവൾ ആഗ്രഹിക്കുന്നത്. സ്നേഹം പലർക്കും പലതാണ്. സഹകരിക്കാൻ പറ്റില്ല എന്നവൾക്ക് തോന്നി കാണും””.രാഹുൽ പറഞ്ഞു.
“”അവൾ തിരിച്ചു വരുമായിരിക്കും. അല്ലേ””. നികേഷ് ദയനീയമായൊരു ഭാവത്തോടെ രാഹുലിനെ നോക്കി. കണ്ണുകൾ വീണ്ടും തുളുമ്പാൻ വെമ്പി.
പക്ഷെ.. രാഹുൽ തീക്ഷ്‌ണമായി നികേഷിനെ നോക്കുകയാണ് ചെയ്തത്. അവനോടുള്ള സഹതാപം തത്കാലം കെട്ടടങ്ങി..
“”തിരിച്ചു വന്നാൽ?””.. രാഹുൽ നികേഷിനെ നോക്കി… “”പറയെടാ.. തിരിച്ചു വന്നാൽ നീ ഇനിയും അവളെ സ്വീകരിക്കുമോ?”” രാഹുൽ ഉറക്കെ ചോദിച്ചു.
നികേഷ് അതേ എന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് രാഹുലിനെ നോക്കി. നഷ്ട സ്നേഹത്തിന്റെ പ്രതിരൂപം കുടിയിരിക്കുന്ന ഒരു ബിംബം പോലെ നികേഷ് അവനെ ഇമ വെട്ടാതെ നോക്കി.
“”നോക്ക്… നിന്റെ കയ്യിൽ ഇനി അവൾക്ക് കൊടുക്കാൻ സ്നേഹം ഒന്നും ബാക്കിയില്ല എന്നല്ലേ നീ പറഞ്ഞത്. പിന്നെ ഹീര തിരിച്ചു വന്നിട്ടെന്ത് കാര്യം. നീ എന്ത് തനിമ അവൾക്കെടുത്ത് കൊടുക്കും””… രാഹുൽ നിന്നു അട്ടഹസിച്ചു.
നികേഷ് ദയനീയമായി അവനെ നോക്കി. ആ ദയനീയ നോട്ടത്തിൽ രാഹുലിന്റെ കോപം അലിഞ്ഞില്ലാതെയായി.. അവൻ നികേഷിനെ ഇറുകെ കെട്ടിപിടിച്ചു.
“”എടാ…നിനക്കവളെ ഇപ്പോഴും ഇഷ്ടമാണ്. തിരിച്ചു വന്നാൽ മറക്കാനും പൊറുക്കാനും നിന്റെ സ്നേഹം നിന്നെ സമ്മതിക്കും. പക്ഷെ.. വിധേയത്വത്തിനു കീഴടങ്ങിയുള്ള ഈ അടിമ സ്നേഹമുണ്ടല്ലോ.. അത് നിന്നെ നശിപ്പിക്കും.””.. രാഹുൽ അവന്റെ ചെവിയിൽ പറഞ്ഞു.
നികേഷ് ഒന്ന് മൂളി. അവൻ തിരിഞ്ഞു കിടന്നു.
“”ഇന്ന് നീ കരഞ്ഞോ… ഉറക്കം വരും വരെ കരഞ്ഞോ.. പക്ഷെ.. നാളത്തെ പുലരി പുതിയതായിരിക്കണം. ഹീരയെ മനസ്സിന്റെ ഒരു കോണിലേക്ക് ഒതുക്കണം. പിന്നെ പതുക്കെ അവളെ ആ കോണിൽ നിന്നും തുടച്ചു മാറ്റണം. പിന്നെ വല്ലപ്പോഴും മനസ്സിലേക്ക് വരുന്ന ഒരു വിരുന്നു കാരിയായി അവളെ മനസ്സിന് പാകമാക്കണം. ഓർമ്മകളിൽ വിരുന്നു വരുന്ന ആ വിരുന്നു കാരിയെ അപ്പൊ തന്നെ ആട്ടിപ്പായിക്കാൻ നിനക്ക് പറ്റണം””…രാഹുൽ പറഞ്ഞു.
നികേഷ് മൂളി കേട്ടു . നിയന്ത്രണം വിട്ടു കരഞ്ഞു. തേങ്ങി തേങ്ങി കരഞ്ഞു. തലയിണ നനഞ്ഞു കുതിർന്നു. നിമിഷങ്ങൾ കണ്ണീരിൽ കുതിർന്നു കൊഴിഞ്ഞു വീണു.
“”രാഹുലേ.. നീ ഉറങ്ങിയോ?””.. നികേഷ് പതുക്കെ ചോദിച്ചു.
“”ഇല്ലടാ””… രാഹുലിന്റെ സ്വര പതർച്ച നികേഷ് തിരിച്ചറിഞ്ഞു.
“”നീ കരയുന്നോടാ… എനിക്ക് ധൈര്യം തന്നിട്ട്.. നീ ആണല്ലേ. ചോർന്നു പോയോ ഇപ്പൊ”” നികേഷ് ചോദിച്ചു .
“”ഹേയ്… നീ കരയുകയായിരുന്നില്ലേ.. നിനക്ക് കൂട്ട് തന്നതാ””.. രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
“”ഇങ്ങനെ ഒരു ചങ്ങാതി ഉള്ളതാടാ എന്റെ പുണ്യം””. നികേഷ് അവനെ ഇറുകെ പുണർന്നു.
“”എടാ… നമ്മൾ ആണുങ്ങൾക്ക് ചാർത്തി തരുന്ന ഈ പൗരുഷ പട്ടം ഒന്നുറക്കെ കരയാൻ പോലും നമ്മെ സമ്മതിക്കുന്നില്ലല്ലോ. ആണുങ്ങൾക്ക് കരഞ്ഞാലെന്താ. ഇതിങ്ങനെ വീർപ്പു മുട്ടി, അടക്കി പിടിച്ചു, നെഞ്ച് തിങ്ങി വിങ്ങി അങ്ങനെ നടക്കാനാ വിധി. പെണ്ണുങ്ങളൊക്കെ കരയുന്നത് കാണുമ്പോൾ കൊതിയാവുന്നു””… രാഹുൽ പറഞ്ഞു.
പെട്ടെന്ന് രാഹുലിന്റെ ഫോൺ റിംഗ് ചെയ്തു. ഭാര്യ നീരജയാണ്.
“”ആ.. ഹലോ… രാഹുലേട്ടാ… എന്താ വരാത്തെ.. നികേഷേട്ടന് കുഴപ്പമൊന്നുമില്ലല്ലോ””.. നീരജ ചോദിച്ചു.
“”ഹേയ്.. അവന് കുഴപ്പമൊന്നുമില്ല..പിന്നെ.. എടീ.. ഞാനിന്ന് വരുന്നില്ല. ഇവന്റെ കൂടെ കിടക്കുവാ. എന്നും നിന്റെ കൂടെയല്ലേ കിടക്കുന്നേ. എനിക്കും വേണ്ടേ ഒരു മോചനം””.. രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
ആ ചിരിയിൽ പതുങ്ങിയ ഒരു ചിരിയുമായി നികേഷും പങ്ക് ചേർന്നു. അറിയാതെ ഒരു അസൂയ അവനിൽ മുളപൊട്ടി.
“”ആ.. ആയിക്കോട്ടെ… ഫോൺ ഒന്ന് നികേഷേട്ടന് കൊടുത്തെ. ഞാനൊന്ന് സംസാരിക്കട്ടെ””. നീരജ പറഞ്ഞു.
“”ടാ… നീരജക്ക് നിന്നോടെന്തോ പറയണമെന്ന്””. രാഹുൽ ഫോൺ നികേഷിന് കൈമാറി.
“”ഹലോ….പറ നീരജാ””.
“”നികേഷേട്ടാ… എല്ലാ പെണ്ണുങ്ങളും ഇങ്ങനെ അല്ലാട്ടോ. ചിലർക്കൊക്കെ സ്നേഹം പിശുക്കി കൊടുക്കണം ചേട്ടാ. സ്നേഹം അഭിനയിക്കുന്നവർക്ക് മാത്രേ ജീവിതത്തിൽ സ്ഥാനമുള്ളൂ. യഥാർത്ഥ സ്നേഹം ആ അഭിനയത്തിൽ പലപ്പോഴും മുങ്ങി പോകും.തളരരുത് നികേഷേട്ടാ നിങ്ങൾ.. കേട്ടോ.”” നീരജ പറഞ്ഞു.
“”എന്നാലും എന്റെ ഭാഗത്തുള്ള തെറ്റെന്താണ്… എന്തിനാണ് അവൾ എന്നെ വിട്ട് പോയത്. എന്നേക്കാൾ എന്ത് യോഗ്യതയാണ് അവനുള്ളത്..എന്നൊക്കെയുള്ള ചിന്തകളാണ് എന്നെ അലട്ടുന്നത്. എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല””..നികേഷ് പറഞ്ഞു.
“”ചേട്ടാ… പെണ്ണിന്റെ മനസ്സാണ്. ആ മനസ്സ് മനസ്സിലാക്കാൻ ആർക്കും പറ്റില്ല. എങ്ങനെയൊക്കെ, എന്തൊക്കെ, എപ്പോഴൊക്കെ ചിന്തിക്കും എന്ന് ആർക്കും അറിയില്ല. അത് മാത്രമല്ല. ചില ചോദ്യങ്ങളുടെ ഉത്തരം തേടി പോകുന്നതോളം മണ്ടത്തരം വേറെയില്ല. ഉത്തരം കിട്ടില്ല ഒരിക്കലും. പെൺ മനസ്സിന്റെ നിഗൂഢത അന്വേഷിച്ചു പോയവരൊക്കെ തികഞ്ഞ പരാജയങ്ങളായിരുന്നു””.. നീരജ പറഞ്ഞു.
നികേഷ് എല്ലാം ഒരു മൂളലിൽ ഒതുക്കി.ഒരു നെടുവീർപ്പോടെ ഫോൺ രാഹുലിന് കൈമാറി.
“”എടാ…നീ ഒന്നും കഴിച്ചില്ലല്ലോ. സമയം പതിനൊന്നു മണിയായി. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് വന്ന് കിടക്കാം””രാഹുൽ പറഞ്ഞു.
“”എനിക്കിനി ഇന്ന് ഒന്നും വേണ്ട. ചങ്കിന്ന് ഇറങ്ങില്ല. വിശപ്പും തോന്നുന്നില്ല””. നികേഷ് പറഞ്ഞു.
“”എന്നാ നമുക്ക് കിടക്കാം. നാളെ പണിക്ക് പോരണം കെട്ടോ. ഉച്ചക്ക് പകുതിയാക്കി ഓടി പോന്നതല്ലേ. നാളെ അത് തീർക്കണം. അങ്ങേർക്ക് അടുത്തയാഴ്ച്ച പാല് കാച്ചൽ നടത്തണം എന്നല്ലേ പറഞ്ഞത്””.രാഹുൽ എഴുന്നേറ്റ് പോയി ലൈറ്റ് ഓഫാക്കുന്നതിനിടെ പറഞ്ഞു.
“”നികേഷേ… ഇന്ന് നീ എന്റെ ചൂട് പറ്റി കിടന്നോ… ആ പിന്നെ…ഹീരയാണെന്നൊന്നും തെറ്റിദ്ധരിച്ചേക്കല്ലേ””. രാഹുൽ ഉറക്കെ ചിരിച്ചു..
നികേഷും ചിരിച്ചു… “”അയ്യേ… പോടാ അവിടുന്ന്””.. നികേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
രാഹുൽ വൈകാതെ ഉറങ്ങി. നികേഷ് തിരിഞ്ഞും മറിഞ്ഞും കിടന്നു ഓർമ്മകളെ ആട്ടിപ്പായിച്ചു. രാത്രിയുടെ അവസാന യാമങ്ങളിൽ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. അവന്റെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായം നാളെ തുടങ്ങും.
ശുഭം… നന്ദി..