രചന: ദേവി
:::::::::::::::::::::::
പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ പഴമയുടെ ഗന്ധം പേറുന്ന ജാലകപ്പഴുതിലൂടെ മുറിയിലേക്ക് അരിച്ചിറങ്ങി….കരിമഷി പടരാത്ത മിഴികൾ അവൾ വലിച്ചു തുറന്നു…തലേന്ന് ഉറക്കമിളച്ചതിന്റെ ക്ഷീണം അവളിൽ നിറഞ്ഞു നിന്നിരുന്നു…..മുറിയിലെ ക്യാൻവാസിൽ പൂർത്തിയാക്കാത്ത അവന്റെ ചിത്രം കാൺകെ അവളുടെ ചായം പടർന്ന ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു… നാണത്തിൽ കലർന്ന പുഞ്ചിരി…
വിടർന്നു കിടന്ന മുടിയിഴകൾ ഒരുമിച്ചു കൂട്ടി ഉച്ചിയിൽ കെട്ടി വച്ചു, കണ്ണുകൾ തിരുമ്മിയവൾ ആ ചിത്രത്തിന് മുന്നിൽ വന്നു നിന്നു… ചായം പടർന്ന വിരലുകൾ ആ ക്യാൻവാസിലൂടെ ഓടി നടന്നു…..അടുത്ത് ചിതറി കിടന്ന ബ്രഷുകളിൽ ചായം പുരട്ടിയവൾ ക്യാൻവാസിൽ പടർത്തി…..
അവന്റെ രൂപം അവളുടെ ഉള്ളിൽ തെളിഞ്ഞു….വിടർന്ന കണ്ണുകളിലെ തിളങ്ങുന്ന കൃഷ്ണമണികളും, ആരെയും മയക്കുന്ന പുഞ്ചിരിയും അവൾ അതേപോലെ ചായക്കൂട്ടുകൾ കൊണ്ട് വരച്ചു ചേർത്തു….
തോർത്ത് മുണ്ട് തലയിൽ ചുറ്റി കെട്ടി, മുണ്ട് മടക്കിക്കുത്തി തൊടിയിലെ വാഴകൾ നനയ്ക്കുന്ന അവനെയവൾ ജനാലകൾക്കിടയിലൂടെ ഇമ ചിമ്മാതെ നോക്കി നിന്നു…. ഏറെ പ്രണയത്തോടെ…..
പാലും തേയിലയും മധുരവും പാകത്തിന് ചേർത്തുണ്ടാക്കിയ ചായ അവൾ കപ്പിലേക്ക് പകർന്നു…..സൂര്യൻ അപ്പോഴേക്കും ആകാശത്തിന്റെ നെറുകയിൽ സ്ഥാനം പിടിച്ചിരുന്നു….കൈയ്യിൽ ചായക്കപ്പുമായി ഉമ്മറത്തെ തിണ്ണയിൽ ചെന്നിരുന്നു…മുറ്റത്തേക്ക് പടർന്നു കയറുന്ന വെയിലിനെ സാകൂതം നോക്കി നിന്നുകൊണ്ട് ചായ ചുണ്ടോട് ചേർത്തു…..
“മിത്രാ….”
പുറകിൽ നിന്നുയർന്ന ശബ്ദത്തിന്നുടമയെ തേടിയവളുടെ മിഴികൾ പിന്നിലേക്ക് പാഞ്ഞു…കൈയിൽ കൂട്ടിപ്പിടിച്ച ഒരു കെട്ട് പുസ്തകങ്ങളുമായ് അവൻ…
*മേഘനാഥൻ*
നാട്ടിൻപുറത്തിന്റെ നൈർമല്യം ആവോളം നിറച്ചവച്ച പുഞ്ചിരി അവൾക്ക് സമ്മാനിച്ചു അവൻ…..
“എഴുന്നേക്കാൻ വൈകി ല്ലേ…. ഇന്നലെ കിടക്കാൻ വൈകിയോ??” ഉമ്മറത്തേക്ക് കയറി കൊണ്ടവൻ ചോദിച്ചു…
“അതെ മാഷേ ഇന്നലെ ഒരു ചിത്രത്തിന്റെ പണിയിലായിരുന്നു…..കിടക്കാൻ ഒത്തിരി ലേറ്റ് ആയി….” നനുത്ത പുഞ്ചിരി അവനായ് സമ്മാനിച്ചു കൊണ്ടവൾ പറഞ്ഞു……
“മിത്രയ്ക്ക് മലയാളം നോവലുകൾ വേണം ന്ന് പറഞ്ഞില്ലേ… ഇതാ… എന്റെ കൈയ്യിലുള്ള കുറച്ച് പുസ്തകങ്ങളാ…വായിച്ചു കഴിയുമ്പോ പറഞ്ഞോളൂ പുതിയത് തരാം….”
അവൾ മൃദുവായ് ചിരിച്ചു…എന്നിട്ട് അവന്റെ കൈയ്യിലെ പുസ്തകങ്ങൾ വാങ്ങി ഓരോന്നായ് മറിച്ചു നോക്കി….
“ന്നാ ഞാൻ ഇറങ്ങാണ്….വായനശാലയിൽ ഒന്ന് പോവണം…തനിക്ക് ഒഴിവുള്ളപ്പോൾ പറഞ്ഞോളൂ നമുക്കൊരുമിച്ചു ഒരു ദിവസം പോവാം വായനശാലയിലേക്ക് ന്നിട്ട് കുറച്ച് പുസ്തകങ്ങളും എടുക്കാം…..”
അതിനുമവൾ പുഞ്ചിരിച്ചു….അവൻ പോയ വഴിയിലേക്കവൾ ഏറെ നേരം നോക്കി നിന്നു…ആ പുസ്തകങ്ങൾ മാറോട് ചേർത്ത് പിടിച്ചു..ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അവൾക്ക് എല്ലാത്തിനോടും വെറുപ്പായിരുന്നു….അനാഥാലയത്തിൽ വളർന്നവൾ, തന്തയും തള്ളയും ഉപേക്ഷിച്ചു പോയവൾ, അങ്ങനെ ഒരുപാട് പേരുകളുണ്ടായിരുന്നു അവൾക്ക്……സങ്കടങ്ങൾ മറക്കാനാണവൾ ചായങ്ങളെ കൂട്ടുപിടിച്ചത്…ചായങ്ങൾ അവളുടെ ജീവിതത്തിന് പുതിയ അർത്‌ഥങ്ങൾ നേടിക്കൊടുത്തു…
യാത്രയേ ഏറെ ഇഷ്ടപ്പെട്ടവൾ….ഒരു പക്ഷിയെ പോലെയവൾ പാറി നടന്നു….ഒരുപാട് നാടുകൾ, ആളുകൾ..പുതിയതെന്തും പഠിക്കാൻ ഇഷ്ടമായിരുന്നു ആ പെണ്ണിന്…..ചിത്രകാരി,ലോകം കണ്ടവൾ, തന്റേടമുള്ള പെണ്ണ്….അങ്ങനെ പലവിധം പര്യായങ്ങൾ…
പുതിയ നാടുകളും ആചാരങ്ങളും കണ്ടും അനുഭവിച്ചും അറിയുന്നതിന്നിടയിൽ എത്തിപ്പെട്ടതാണീ നാട്ടിൽ…പരിഷ്കാരം ഒട്ടും കടന്നു ചെല്ലാത്ത, കാപട്യങ്ങളേതുമില്ലാത്ത പച്ചയായ മനുഷ്യർ താമസിക്കുന്ന സ്വർഗം….
ഒരിടത്തും രണ്ട് മാസത്തിൽ കൂടുതൽ താമസിക്കാത്തവൾ..പക്ഷെ ആ പതിവ് തെറ്റിയിരിക്കുന്നു… എന്തോ ഒന്ന് ആ നാട്ടിൽ അവളെ പിടിച്ച് നിർത്തുന്നു….അതവനാണ്…മേഘനാഥൻ….പുസ്തങ്ങളെയും, വായനയെയും എഴുത്തിനെയും ഏറെ ഇഷ്ടപ്പെടുന്നവൻ…നാട്ടിൻപുറത്തുകാരൻ… കറയറ്റ സ്നേഹം ആവോളം ഉള്ളവൻ….ആ സ്നേഹതണലിൽ ജീവിക്കാൻ അവളിലെ പെണ്ണിനും ഒത്തിരി ഒത്തിരി കൊതി തോന്നി….നഗരത്തിന്റെ തിക്കും തിരക്കുമെല്ലാം വിട്ട്,നാട്ടിൻപുറത്തിന്റെ ശാന്തതയിൽ അവന്റെ പെണ്ണായ് ആ വീട്ടിൽ ഇനിയുള്ള കാലം ജീവിച്ചു തീർക്കാൻ ആ പെണ്ണിന് വല്ലാത്തൊരു മോഹം….അത് പ്രണയമായിരുന്നോ?? ആരോരുമില്ലാത്ത അവൾക്ക് തുണയായ് ജീവിതകാലം മുഴുവൻ അവളെ നെഞ്ചോട് ചേർത്ത് നിർത്താൻ, അവളിലെ പെണ്ണിനെ സ്വന്തമാക്കാൻ, ഏത് പ്രതിസന്ധിയിലും തളർന്നു പോവുമ്പോൾ ഒരു കൈത്താങ്ങാവാൻ, സ്വന്തമെന്ന് പറയാൻ, സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടാവാനുള്ളൊരു കൊതിയായിയുന്നോ ആ പെണ്ണിൽ??
“തന്നോട് സംസാരിക്കുമ്പോൾ ഉള്ളിലുള്ള സങ്കടങ്ങളെല്ലാം അലിഞ്ഞില്ലാതാവുന്നത് പോലെ പെണ്ണേ….എന്ത് മായികശക്തിയാണ് നിന്റെ വാക്കുകൾക്കുള്ളത്??”
അത് പ്രണയത്തിന്റെ ശക്തിയാണ് മാഷേ….ഏത് മുറിവും ഉണക്കാൻ സ്നേഹത്തിന് കഴിയും….അവനുള്ള ഉത്തരം പോലെ അവളുടെ ഉള്ളം മന്ത്രിച്ചു……
കാലം തെറ്റി പെയ്ത മഴയുടെ തണുപ്പിൽ കാർമേഘങ്ങൾ ഉരുണ്ട് കൂടിയ മാനത്തേക്ക് നോക്കിയവർ ഉമ്മറത്തിണ്ണയിലിരുന്നു….സൂര്യനെ വിഴുങ്ങിയ മേഘങ്ങൾ മാനത്ത് റോന്ത് ചുറ്റുന്നുണ്ടായിരുന്നു…….
ഓടിൽ നിന്നൂർന്ന് വീഴുന്ന വെള്ളത്തുള്ളികൾ അവളുടെ വൃത്തിയായ് നീട്ടി വളർത്തി,ചായം പൂശിയ കാൽ നഖങ്ങളിലും, കാലിൽ കെട്ടിയ കറുത്ത ചരടിൽ കോർത്ത മുത്തുമണികളിലും തങ്ങി നിന്നു……..
“മാഷിന് എങ്ങനത്തെ പെൺകുട്ടിയെയാണ് ഭാര്യയായ് വേണ്ടത്??” അവൾ ഏറെ പ്രതീക്ഷയോടെ ചോദിച്ചു…അവനവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി….അവളാകെ പൂത്തുലഞ്ഞു….ശേഷം ഒരു ചെറു പുഞ്ചിരിയോടെ കാർമേഘങ്ങൾ മൂടിക്കെട്ടിയ മാനത്തേക്ക് നോക്കി പറഞ്ഞു തുടങ്ങി….
“ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയെ…ചമയങ്ങളേതുമില്ലാതെ തന്നെ സുന്ദരിയായവളെ…. മിഴികൾ കരി കൊണ്ട് നീട്ടിയെഴുതുന്നവളെ……നീണ്ട മുടിത്തുമ്പിൽ തുളസിക്കതിർ ചൂടുന്നവളെ…..ഏത് മണ്ടത്തരവും സത്യമെന്ന് വിശ്വസിക്കുന്ന ഒരു പൊട്ടിപ്പെണ്ണിനെ…..
എന്റെ മാത്രം എന്ന് പറഞ്ഞു ഒത്തിരി സ്നേഹിക്കണം അവളെ….ഇടയ്ക്കിടയ്ക്ക് വഴക്ക് കൂടണം…അതിനുശേഷമുള്ള ഇണക്കത്തിന്റെ സ്വാദ് ഒരുമിച്ച് നുകരണം…..
എഴുതുന്നവളായിരിക്കണം…അക്ഷരങ്ങളെ സ്നേഹിക്കണം….ഭ്രാന്തൻ ചിന്തകൾ കോർത്തെഴുതിയ കവിതകൾ എന്നെ ചൊല്ലി കേൾപ്പിക്കുന്നവളായിരിക്കണം……ചുരുക്കി പറഞ്ഞാൽ തന്റെ നേർവിപരീതമായൊരു പെൺകൊടി…..”
ചിരിച്ചു കൊണ്ടവൻ പറഞ്ഞു നിർത്തിയപ്പോൾ അവളുടെ ഉള്ളം നീറിപ്പുകഞ്ഞു… അന്നാദ്യമായ് എഴുതാൻ കഴിയാത്തതിൽ അവൾക്കവളോട് തന്നെ വെറുപ്പ് തോന്നി….നാട്ടിൻപുറത്തുകാരി പെണ്ണാവാൻ അവളാ നിമിഷം ഏറെ കൊതിച്ചു….
ജലകണങ്ങൾ കൂട്ടിവെച്ച മേഘക്കെട്ടുകൾ ഭാരം താങ്ങാനാവാതെ അവയെ താഴോട്ട് അഴിച്ചു വിട്ടു……ഭൂമിയാകെ കുളിരണിഞ്ഞു….മഴത്തുള്ളികളുടെ നനുത്ത ചുംബനം ഭൂമിയെ നാണത്തിലാഴ്ത്തി……
അവളുടെ ഉള്ളവും പെയ്തുകൊണ്ടിരുന്നു…. ചിരിയുടെ മുഖം മൂടിയെടുത്തണിഞ്ഞവൾ സമർത്ഥമായ് അതിനെ മറച്ചുവച്ചു…..
****************
കണ്ണാടിക്കുമുന്നിൽ നിന്നവൾ സ്വയമൊന്ന് നോക്കി…. തോളൊപ്പം വെട്ടി, കളർ ചെയ്ത മുടിയിഴകൾ കാറ്റിൽ പാറിക്കളിക്കുന്നു… കണ്ണുകൾ കണ്മഷി പടരാതെ വിളറിക്കിടക്കുന്നു……ഇട്ടിരുന്ന ഷോർട്സിലേക്കും ബനിയനിലേക്കും അവൾ വെറുപ്പോടെ നോക്കി……
എന്തോ ഓർത്തുകൊണ്ടവൾ ഓടി ചെന്ന് അലമാരയിൽ എന്തിനോ വേണ്ടി പരതിക്കൊണ്ടിരുന്നു……കൈയ്യിൽ കിട്ടിയ ഒരു ക്രോപ് ടോപ്പും, സ്‌കർട്ടും എടുത്തണിഞ്ഞു…ദുപ്പട്ട അതിന് മുകളിലൂടെ ദാവണി പോലെ ഉടുത്തു…..കണ്ണാടിയിൽ നോക്കി നീട്ടി കണ്ണെഴുതി…ചുണ്ടിൽ പടർന്ന ലിപ്സ്റ്റിക് പുറം കൈ കൊണ്ട് തുടച്ച് മാറ്റി….മുടിയിഴകൾ ഒതുക്കി വച്ചു…..
അവൾ സ്വയമൊന്ന് നോക്കി…..
“ഇപ്പൊ ന്നെ കാണാൻ നാട്ടിൻപുറത്തുകാരി പെൺകുട്ടിയെ പോലെ ഇല്ലേ…. മാഷിന് ന്നെ ഇഷ്ടാവില്ലേ…..??”
കണ്ണാടിയിൽ തെളിഞ്ഞ പ്രതിബിംബത്തോടവൾ ഏറെ പ്രതീക്ഷയോടെ ചോദിച്ചു…..
“പക്ഷെ നിനക്ക് എഴുതാനറിയില്ലലോ??” മനസ്സവളോട് തിരികെ ചോദിച്ചു….
“അറിയും നിക്കെഴുതാൻ അറിയും…ഞാൻ കാണിച്ച് തരാം….”
അവൾ മുറിയിലാകെ ഓടി നടന്നു…കൈയ്യിൽ കിട്ടിയൊരു കടലാസ്സും പേനയും എടുത്ത് അക്ഷരങ്ങൾ കുത്തിക്കുറിക്കാൻ തുടങ്ങി…..വീണ്ടും വായിച്ചു നോക്കിയിട്ടവൾ അതെല്ലാം ചുരുട്ടിയെറിഞ്ഞു…..
“ഇല്ല മിത്രാ നിനക്കെഴുതാൻ സാധിക്കില്ല… നീയൊരു ചിത്രകാരിയാണ്…. നീ നീയാണ്…ആർക്കുവേണ്ടിയും നിന്റെ വ്യക്തിത്വം മാറ്റാൻ നീ ശ്രമിക്കരുത്….ഈ മിത്ര ഇങ്ങനെയാണ്… നിനക്കൊരിക്കലും മാഷിന്റെ സകലങ്കൽപ്പത്തിലെ പെൺകുട്ടിയവൻ കഴിയില്ല…. അതാണ് സത്യം……” ബുദ്ധി അവളോട് തർക്കിച്ചു കൊണ്ടിരുന്നു….പക്ഷെ മനസ്സ് മാഷിൽ ഉറച്ചു നിൽക്കുന്നു…..
അലറികരഞ്ഞു കൊണ്ടവൾ മുടിയിഴകളിൽ കൊരുത്തു വലിച്ചു….ദാവണി പോലെ ഉടുത്തിരുന്ന ദുപ്പട്ട വലിച്ചെറിഞ്ഞു… കണ്ണിലെ കരി പുറം കൈ കൊണ്ട് തുടച്ചെറിഞ്ഞു….
ചുമരിലേക്ക് ചാരി നിന്നവൾ നിലത്തേക്ക് ഊർന്നിറങ്ങി…. ഹൃദയം പൊടിയുന്ന വേദനയോടെ……
****************
ഉമ്മറത്തിരുന്ന് മാഷ് കൊടുത്ത പുസ്തകങ്ങൾ വായിക്കുന്നതിന്നിടയിലാണ് മുഖത്തിന് നേരെ നീണ്ടുവന്ന മൊബൈൽ അവൾ ശ്രദ്ധച്ചത്….സ്‌ക്രീനിൽ മനോഹരമായ് ചിരിച്ചു നിൽക്കുന്നൊരു പെൺകുട്ടി….ഫോൺ പിടിച്ച കൈക്ക് പുറകെ സഞ്ചരിച്ചവളുടെ മിഴികൾ മാഷിൽ തറഞ്ഞു നിന്നു….
“ആരാത്??” അവൾ ഏറെ പരിഭ്രമത്തോടെ ചോദിച്ചു…
“ലക്ഷ്മി “
“ലക്ഷ്മി??”
“ഇന്നലെ പെണ്ണകാണാൻ പോയ കുട്ടിയാ….ഇരുവീട്ടുകാർക്കും സമ്മതം…തനിക്കിഷ്ടായോ??”
ആ ചോദ്യം പ്രതീക്ഷിക്കാതെയവൾ ഒരു നിമിഷം തറഞ്ഞു നിന്നു….
“ഇഷ്ടായോ??”
“മാഷിന്റെ സങ്കല്പത്തിലെ കുട്ടിയാണോ??” ഇടറിയ സ്വരത്തിലവൾ ചോദിച്ചു…
“മ്മ് അതെ… കാന്താരിയായൊരു പൊട്ടിപ്പെണ്ണ്…. നന്നായി എഴുതും….ആളെഴുതിയ കവിതകൾ എനിക്ക് തന്നിരുന്നു തനിക്ക് വേണേൽ തരാട്ടോ….. അതൊക്കെ പോട്ടെ ഇഷ്ടായോ??”
“മ്മ്….”
വേറെങ്ങോ നോക്കി കൊണ്ടവൾ തലയാട്ടി…പിന്നീടവൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു….അവളതൊന്നും കേട്ടില്ല… തന്റെതായൊരു ലോകത്തിരുന്നവൾ ഹൃദയം പൊട്ടി കരയുകയായിരുന്നു….ഉറക്കെ…. ഉറക്കെ…..
***************
വെള്ള ക്യാൻവാസിലേക്ക് നിറങ്ങൾ വാരി വിതറിയവൾ ഭ്രാന്തമായ് വിരലുകൾ ചലിപ്പിച്ചു…വിരലുകൾക്കിടയിൽ കിടന്ന് ചായം പുരണ്ട ബ്രഷ് ഞെരിഞ്ഞമർന്നു കൊണ്ടിരുന്നു……
അവസാന നിറവും വെള്ളത്തിൽ ചാലിച്ചവൾ ചിത്രത്തിന് പൂർണ്ണത വരുത്തി… മനോഹരമായ് ചിരിച്ചു നിൽക്കുന്ന, കണ്ണുകൾ നീട്ടിയെഴുതിയ, മൂക്കിൻ തുമ്പിൽ മൂക്കുത്തി തിളങ്ങുന്നൊരു പെൺകുട്ടി…..ലക്ഷ്മി…..
കൈ മാറിൽ കെട്ടി നിന്നവൾ ആ ചിത്രത്തെ ഉറ്റുനോക്കി… വേദനയോടെ…ഹൃദയം ഉരുകി ഒലിച്ച് രണ്ടിറ്റ് കണ്ണുനീർ കൈത്തണ്ടയിൽ പതിച്ചു….
തന്റെതായി ആ മുറിയിൽ അവശേഷിക്കുന്നവയെല്ലാം ബാഗിൽ പെറുക്കി വച്ചു, ബ്രഷുകളും കളർ ട്യൂബ്കളും പെട്ടിയിൽ ഒതുക്കി വച്ചു….
അവൻ തന്ന പുസ്തകങ്ങൾ മേശമേൽ ഒതുക്കി നിർത്തി….കൂടെ അവന് വിവാഹസമ്മാനമായി വലതു കൈയ്യിലെ മോതിരവിരലിൽ പറ്റിച്ചേർന്ന് കിടന്ന”മഹാദേവൻ”എന്ന് കൊത്തിയ മോതിരമവൾ മേശമേൽ വച്ചു…..
നിറങ്ങൾ കൊണ്ട് മനോഹരമായ് എഴുതിയ കവിത പോലെ,അവളുടെ വിരലുകളിൽ വിരിഞ്ഞ അവന്റെ ചിത്രം അവളവിടെ ഉപേക്ഷിച്ചു…അവന്റേതായി ഒരു മുടിനാര് പോലുമവൾക്ക് വേണ്ട… ഓർമ്മകൾ വേണ്ട….. ഒന്നും…. ഒന്നും വേണ്ട…കൂടെ ലക്ഷ്മിയുടെ ചിത്രവും ചേർത്തു വച്ചു…
സാധനങ്ങൾ ഉമ്മറത്തു വച്ച് വീട് പൂട്ടിയവൾ താക്കോലുമായ് അവന്റെ വീടിന്റെ പടികൾ കയറി…
“ആഹ്…. മോളോ…. ന്താ കുഞ്ഞേ ഈ നേരത്ത്??” അവന്റെ അമ്മ പുറത്തേക്ക് വന്നു കൊണ്ട് ചോദിച്ചു…
“ഒന്നുല്ല അമ്മേ… ഇത് തരാൻ വന്നതാ…ഞാൻ പോവാ..”
“എന്താ മോളേ…. എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടായോ??”അവർ പരിഭ്രമത്തോടെ ചോദിച്ചു…
“ഏയ്.. ഇല്ല… ഞാൻ സാധാരണ ഒരിടത്തും കൂടുതൽ താങ്ങാറില്ല… ബന്ധങ്ങൾ എനിക്ക് ചങ്ങലകളാണ്…ആരെയും നിക്ക് സ്നേഹിക്കാൻ കഴിയില്ല…സ്നേഹമെന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല….. സ്നേഹിക്കാൻ കൊള്ളാത്തവളാണ് ഈ മിത്ര….” നിറഞ്ഞു വന്ന കണ്ണുകൾ പുറം കൈ കൊണ്ട് തുടച്ചു……
“അപ്പൊ അവന്റെ കല്യാണത്തിന് ഉണ്ടാവില്ലേ….??”
“ഇല്ലമ്മേ….. വരില്ല… ഒരിക്കലും….വരാൻ… വരാൻ നിക്ക് കഴിയില്ല….താങ്ങാൻ കഴിയുന്നില്ല നിക്ക്… ഹൃദയം പൊട്ടി പോവാ….”
മറുപടിക്ക് കാക്കാതെയവൾ താക്കോലും കൊടുത്തിറങ്ങി…കണ്ണുകൾ പെയ്തിരുന്നു……
നിറഞ്ഞു വന്ന കണ്ണുനീർ നേര്യത്തിന്റെ തുമ്പ് കൊണ്ട് അമർത്തി തുടച്ചാ അമ്മ അവൾ പോവുന്ന വഴിയിലേക്ക് കണ്ണുകൾ പായിച്ചു…
അകലങ്ങിൽ നിന്ന് പാഞ്ഞു വരുന്ന ട്രെയിനിന്റെ ചൂളം വിളി അവളുടെ കാതിൽ മുഴങ്ങി കേട്ടു… അവനായ് അവളുടെ മിഴികളിൽ നിന്നൂർന്ന് വീണ അവസാന കണ്ണുനീർതുള്ളിയും ആ മണ്ണിൽ വീണലിഞ്ഞു….
ട്രെയ്നിൽ കയറി, പെട്ടികളെല്ലാം ഒതുക്കിയവൾ ആ നാടിനെ അവസാനമായി കൺ നിറയെ കണ്ടു….ഒരിക്കലും ഈ നാട്ടിൽ ഇനി വരില്ല…. വരാൻ ആ പെണ്ണിന് കഴിയില്ല… അത്രമേൽ അവളുടെ ഹൃദയം തീചൂളയിൽ കിടന്ന് വെന്തു നീറിയിട്ടുണ്ട്….. ഹൃദയം ഉരുകി കനലിൽ പടർന്നു തീ ആളിക്കത്തുന്നുണ്ട്….. ആ അഗ്നി അവളെ ചുട്ട് പൊള്ളിക്കുന്നുണ്ട്…….വയ്യ…. ഇനിയും വയ്യാ….. ആ പെണ്ണിന് നീറിപ്പുകയാൻ…
കൈ മുട്ട് നെറ്റിക്ക് മീതെ ചേർത്ത് വച്ചവൾ നിശ്ശബ്ദമായ് തേങ്ങി…..
“മേം….. മിത്ര മേം….”
ഗായത്രിയുടെ വിളിയവളെ ഓർമ്മകളിൽ നിന്നുണർത്തി…ഓർക്കാൻ ഒരിക്കലും ഇഷ്ടപെടാത്ത ഭൂതകാലത്തെ അവളിന്നും പ്രണയിക്കുന്നു….ഭ്രാന്തമായ്…നീണ്ട അഞ്ചു വർഷങ്ങൾ…. ഒരു കുറ്റവാളിയെ പോലെ… ഇരുട്ടിൽ കഴിയുകയായിരുന്നു… പ്രണയം കൊണ്ട് മുറിവേറ്റ ഹൃദയവുമായി…. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഒരിക്കൽ പോലും ആ ചിത്രകാരിയുടെ പേര് മുഴങ്ങി കേട്ടിരുന്നില്ല…..അവളിലേക്ക് മാത്രം ഒതുങ്ങി ജീവിക്കുകയായിരുന്നു ഇത്രയും കാലം…..
“മാം എക്സിബിഷൻ തുടങ്ങാൻ സമയമായി…”
“What time is it ??”
“It’s sharp 10:00 Ma’am “
ഉച്ചിയിൽ കെട്ടി വച്ച മുടിയവൾ നിവർത്തിയിട്ടു…..അരയ്ക്ക് കീഴെ വളർന്നിറങ്ങിയ മുടിയിൽ നിന്ന് വാടിതളർന്നൊരു തുളസിക്കതിർ ഊർന്നിറങ്ങി മുടിത്തുമ്പിൽ സ്ഥാനം പിടിച്ചു..
വാഷ് റൂമിലെ കണ്ണാടിക്ക് മുന്നിൽ നിന്നവൾ പൈപ്പിൽ നിന്ന് തണുത്ത വെള്ളം കൈകുമ്പിളിൽ കോരിയെടുത്ത് മുഖത്ത് തളിച്ചു….കരിമഷി പടർന്ന കണ്ണുകളും, വർഷങ്ങളായി ചായം പുരളാത്ത ചുണ്ടുകളും തുണികൊണ്ട് ഒപ്പി വെള്ളം കളഞ്ഞു…..
കണ്ണാടിയിൽ നോക്കി മനോഹരമായ് ചിരിച്ചു കൊണ്ടവൾ പുറത്തേക്കിറങ്ങി…ടൌൺ ഹാളിലെ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചിത്രങ്ങൾ നോക്കി നിന്നു… ആളുകൾ എത്തിതുടങ്ങി….
ആൾക്കൂട്ടത്തിലും അവൾ ഒറ്റപ്പെട്ടത് പോലെ… വർഷങ്ങളായി അവൾക്കന്യമായ ആൾക്കൂട്ടവും ബഹളങ്ങളും ഇന്നവളെ ഭീതിയിലാഴ്ത്തുന്നു….
ചിത്രപ്രദർശനം അവസാനിക്കാൻ സമയമായി തുടങ്ങി… ആളുകളുടെ തിരക്ക് കുറഞ്ഞു…. തുടക്കത്തിൽ തന്നെ തൂക്കിയിട്ടിരിക്കുന്ന ചിത്രത്തിലൂടെയവൾവിരലോടിച്ചു…..സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാൻ സാധിക്കുന്ന രീതിയിൽ ഒരോരത്തായി എഴുതിയ പേരിൽ അവളുടെ കണ്ണുകളുടക്കി….
❤️മേഘമിത്രം ❤️….
ഹൃദയം വല്ലാതെ തുടിച്ചു….അവന്റേതായി ഒന്നും അവളിൽ അവശേഷിക്കുന്നില്ല…..കാരണം അവൾ അവൻ തന്നെയാണ്….അവന്റെ ഓർമ്മകളാണ് ഇപ്പോഴവളുടെ ജീവിതം…….
“മിത്രാ……”
വർഷങ്ങളായ് അവൾ കേൾക്കാൻ കൊതിച്ച ശബ്ദം…. ഏകാന്തതയിൽ അവളുടെ കാതുകൾ എന്നും തേടിയത് ഈ സ്വരമായിരുന്നു…. അതിന്ന് തൊട്ടുപുറകിൽ നിന്ന് കേട്ടപ്പോൾ അവൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല….ഞെട്ടിപ്പിടഞ്ഞവൾ തിരിഞ്ഞു നോക്കി… ആ മിഴികൾ തേടിയത് ആ രൂപമായിരുന്നു…..മേഘനാഥൻ…..അതവനിൽ ഉടക്കി നിന്നു…. ഹൃദയം നിശ്ചലമായി…. ശ്വാസം എടുക്കാൻ പോലുമവൾ മറന്നു……ഒരിക്കലും നേരിൽ കാണരുതെന്ന് കരുതിയവൻ……
ഞെട്ടൽ മറച്ചു വച്ചവൾ പുഞ്ചിരിയോടെ അവനടുത്തേക്ക് നടന്നു… കാലുകൾ വിറയാർന്നിരുന്നു…..
“എന്തേ ഇവിടെ??”
വിറയാർന്ന സ്വരത്തോടെയാണ് അവളത് ചോദിച്ചത്….
മാറിൽ കൈകെട്ടിനിന്നവൻ അവളുടെ മിഴികളിലേക്ക് ഉറ്റുനോക്കി…ഇപ്പോഴവിടെ തെളിയുന്ന ഭാവം എന്തെന്ന് അവൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല….
“ലക്ഷ്മിയെവിടെ??”
അവന്റെ നോട്ടം ഉള്ളിലേക്കാഴിന്നിറങ്ങുന്നു…. ഉള്ളിൽ ആളികത്തുന്ന അഗ്നിയെ അത് കൂടുതൽ ആളികത്തിക്കുന്നു….അത് താങ്ങാനാവാതെയവൾ പുറത്തേക്ക് മിഴികളൂന്നി ചോദിച്ചു….അവനതിനും പുഞ്ചിരിച്ചു… മനോഹരമായി തന്നെ….
അവളുടെ വലതുകരം അവൻ അവന്റെ കൈക്കുള്ളിൽ ചേർത്ത് വച്ചു…. അവൾ സമ്മാനിച്ച മോതിരം അവന്റെ വലതുകൈയ്യിൽ ഭദ്രമായ് പറ്റിച്ചേർന്ന് കിടക്കുന്നുണ്ടായിരുന്നു…..
“അക്ഷരങ്ങൾ കൊണ്ട് കവിത രചിക്കുന്നവളെക്കാൾ എനിക്കിഷ്ടം ചായങ്ങൾ കൊണ്ട് മനോഹരമായ കവിതകൾ തീർക്കുന്നവളെയാണ്..കരിമഷി പടർന്ന മിഴികളെക്കാൾ എനിക്ക് ഭ്രമം ചായം പടർന്നിരുന്ന ഈ ചുണ്ടുകളോടാണ്……”
കേട്ടത് വിശ്വസിക്കാനാവാതെയവൾ അവനെതന്നെ നോക്കി നിന്നു…നിറഞ്ഞ പുഞ്ചിരിയോടെയവൻ അതേയെന്ന് തലയാട്ടി…..കണ്ണീരിനിടയിലും ആ പെണ്ണ് പുഞ്ചിരിച്ചു…..ചായങ്ങളും അക്ഷരങ്ങളും തമ്മിൽ കൈ കോർത്തു….നാട്ടിൻ പുറവും നഗരവും പ്രണയിക്കാൻ തുടങ്ങി…..
ഇനിയവർ പ്രണയിക്കട്ടെ അക്ഷരങ്ങളും ചായങ്ങളും നിറഞ്ഞ ലോകത്തിൽ അവരുടെ പ്രണയം തളിരണിയട്ടെ…..
അവസാനിച്ചു…