എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിൽ പങ്കെടുക്കാൻ പോയതാണ് ഞാനും മറ്റു ചില കൂട്ടുകാരും കൂടി….

കല്യാണം

രചന : അപ്പു

::::::::::::::::::::::::::

“അമ്മേ.. അമ്മ ഞങ്ങളെ അനുഗ്രഹിക്കണം..”

രാവിലെ കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം കൂടാൻ പോയ മകൻ ആ കല്യാണ പെണ്ണിനേയും കെട്ടിക്കൊണ്ട് വന്നത് കണ്ട് അമ്മ ഞെട്ടിയിട്ടുണ്ട്. പക്ഷെ, ആ ഭാവം ഒരു നിമിഷത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“എന്ത് തോന്നിവാസവും കാണിക്കാം എന്നായി നിനക്ക്.. അല്ലേ…? “

ഭദ്രകാളീ ഭാവത്തിൽ അമ്മ അലർച്ച തുടങ്ങിയത് എത്ര പെട്ടെന്നാണ്.

“അങ്ങനെ ചെയ്യണം എന്ന് കരുതിയിട്ടൊന്നും അല്ല അമ്മേ.. ഒരു പ്രത്യേക സാഹചര്യത്തിൽ…”

ഞാൻ നിന്ന് തപ്പി തടഞ്ഞു. അല്ലെങ്കിലും പണ്ട് മുതൽക്കേ അമ്മയുടെ ഈ ഭാവം എനിക്ക് ഭയമാണ്.

“ഏത് സാഹചര്യം..? ഏത് സാഹചര്യം ആയിരുന്നാലും സ്വന്തം അമ്മയെയും പെങ്ങളെയും ഓർക്കാൻ പറ്റാത്ത ബോധക്കേട് ഒന്നും നിനക്ക് ഇല്ലായിരുന്നല്ലോ..?”

അമ്മ വീണ്ടും ചാടിക്കടിച്ചു. അമ്മയെയും തെറ്റ് പറയാൻ പറ്റില്ല. ഇങ്ങനെ ഒക്കെ തന്നെ അല്ലേ ഏത് അമ്മയും പ്രതികരിക്കൂ..!

“അമ്മ..”

അവൾ പതിയെ വിളിക്കുന്നത് കേട്ടു.

” ആരാടീ നിന്റെ അമ്മ..? വലിഞ്ഞു കയറി വന്നവൾ ഒക്കെ ആ സ്ഥാനത്ത് നിന്നാൽ മതി. അല്ലാതെ ഇവിടെ കയറി ആള് കളിക്കാം എന്ന് കരുതരുത്.”

എന്നോടുള്ളതിന്റെ ബാക്കി ദേഷ്യം അമ്മ അവൾക്ക് മേലെ തീർത്തു. അതോടെ അവൾ കണ്ണീരോഴുക്കാൻ തുടങ്ങി.ഇവളോട് ഇതൊക്കെ ഞാൻ കല്യാണത്തിന് മുൻപ് തന്നെ പറഞ്ഞതല്ലേ.. ഇവൾ ഇപ്പോൾ പൂങ്കണ്ണീർ ഒഴുക്കുന്നത് കണ്ടാൽ തോന്നും ഇവളെ ഞാൻ നിർബന്ധിച്ചു എന്തോ ചെയ്തതാണെന്ന്..!

” നിന്റെ പെങ്ങൾക്ക് ചൊവ്വാദോഷം എന്നുള്ളത് കാരണം അവൾക്ക് വിവാഹമൊന്നും ശരിയാകാതെ ഇരിക്കുകയാണ് എന്ന് നിനക്കറിയാത്ത കാര്യം ഒന്നുമല്ലല്ലോ.. അപ്പോൾ പെങ്ങൾക്ക് ഒരു ജീവിതം ഉണ്ടാക്കിക്കൊടുക്കണം എന്ന് ചിന്തിക്കുന്നതിനു പകരം നീ സ്വന്തമായി ഒരു ജീവിതം കണ്ടുപിടിച്ചിരിക്കുന്നു. നീ ഇത്രയും സ്വാർത്ഥൻ ആണെന്ന് ഞാൻ അറിഞ്ഞില്ല.. “

അമ്മ വീണ്ടും പറയുകയാണ്. അമ്മയുടെ അഭിപ്രായത്തെ മറുത്തു പറയാതെ ചേച്ചിയും നിൽക്കുന്നുണ്ട്.അമ്മ പറഞ്ഞതിലും കാര്യമുണ്ട്. എന്നെക്കാൾ പ്രായം കൂടിയ എന്റെ ചേച്ചി വിവാഹം കഴിക്കാതെ ഈ വീട്ടിൽ നിൽക്കുമ്പോൾ ഞാൻ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത് തെറ്റായിപ്പോയി. പക്ഷേ എനിക്ക് അങ്ങനെ ചിന്തിക്കേണ്ടി വന്ന സാഹചര്യത്തിനെ കുറിച്ച് ഇവർ ആരും അന്വേഷിക്കുന്നില്ല.

എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിൽ പങ്കെടുക്കാൻ പോയതാണ് ഞാനും മറ്റു ചില കൂട്ടുകാരും കൂടി. കല്യാണത്തിന്റെ മുഹൂർത്തത്തിന് നിമിഷങ്ങൾ മാത്രം അവശേഷിക്കവേയാണ് അവിടെ ഒരു മുറുമുറുപ്പ് ഉയരുന്നത്..

“കല്യാണ ചെക്കൻ വരില്ല.. അവന് മറ്റേതോ പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു. ഇന്നലെ രാത്രിയിൽ അവൻ ഒളിച്ചോടി പോയി എന്നാണ് കേട്ടത്.”

അത്രയും നേരം സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു ആ വിവാഹ പന്തൽ മരണ വീടിനു സമാനമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

ഞങ്ങൾക്ക് ആർക്കും എന്ത് ചെയ്യണമെന്ന് ഒരു ഊഹവും കിട്ടുന്നുണ്ടായിരുന്നില്ല. വാർത്ത അറിഞ്ഞൂടനെ തളർന്നു വീണ കൂട്ടുകാരന്റെ അച്ഛനെ സഹതാപത്തോടെയും സങ്കടത്തോടെയും നോക്കിനിൽക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിയുള്ളൂ.

വിവാഹം മുടങ്ങിയ സങ്കടത്തിൽ നിൽക്കുന്ന ആ പെൺകുട്ടിയെ ആശ്വസിപ്പിക്കണമോ, നിനയ്ക്കാതെ വന്നു ചേർന്ന സാഹചര്യത്തിൽ പകച്ചു നിൽക്കുന്ന കൂട്ടുകാരനെ ആശ്വസിപ്പിക്കണമോ എന്നൊന്നും ആ നിമിഷം ഞങ്ങൾക്കറിയില്ലായിരുന്നു. ഞങ്ങളൊക്കെയും പരസ്പരം പകച്ചു നോക്കി നിൽക്കുന്നതിനിടെയാണ് ഒരു അഭിപ്രായം ഉയർന്നു വന്നത്.അത് പറഞ്ഞത് എന്റെ മറ്റൊരു സുഹൃത്തായിരുന്നു.

” മനോജേ.. നിനക്ക് ആ പെൺകുട്ടിയെ വിവാഹം കഴിച്ചു കൂടെ..? “

ആ ചോദ്യം കേട്ട് എനിക്ക് ആദ്യം വല്ലാത്ത ഒരു പകപ്പായിരുന്നു. ആ ചോദ്യം എന്റെ നേർക്കു വരാൻ വ്യക്തമായ കാരണം ഉണ്ട്. വിവാഹത്തിന് പങ്കെടുത്ത ഞങ്ങടെ കൂട്ടത്തിൽ ഇതുവരെയും പാർട്ണർ ആരും ഇല്ലാത്തത് ഞാൻ മാത്രമേയുള്ളൂ. മറ്റുള്ളവരൊക്കെ ഒന്നുകിൽ വിവാഹം കഴിച്ചവരും അല്ലെങ്കിൽ വിവാഹം ഉറപ്പിച്ചവരും ഒക്കെയാണ്. അതുകൊണ്ട് തന്നെ അവർക്കാർക്കും ഇങ്ങനെ ഒരു ദൗത്യം ഏറ്റെടുക്കാൻ പറ്റില്ല. അതുകൊണ്ടാണ് അവർ എന്നെ തിരഞ്ഞെടുത്തത്.

“നിങ്ങൾ എന്തു മണ്ടത്തരമാണ് പറയുന്നത്..? അവൾ എന്റെയും പെങ്ങൾ തന്നെയല്ലേ..ഇന്നലെ വരെ പെങ്ങളായി കണ്ടവളെ ഞാൻ ഇന്ന് എങ്ങനെയാണ് വിവാഹം കഴിക്കുന്നത്..?”

ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ ഞാൻ അന്വേഷിച്ചു.

” എടാ താലി കഴുത്തിൽ വീണു കഴിയുമ്പോൾ അവളുടെയും നിന്‍റെയും മാനസികാവസ്ഥയും മാറ്റം വരും. നിനക്ക് ഉറപ്പായും അവളെ സ്നേഹിക്കാൻ കഴിയും. നിങ്ങൾ നല്ല ഭാര്യ ഭർത്താക്കന്മാരെ പോലെ ജീവിക്കുകയും ചെയ്യും. “

ഒരു കൂട്ടുകാരന്റെ വക പ്രോത്സാഹനം.

” എടാ ഈ സാഹചര്യത്തിൽ നമുക്ക് അവനെ ചെയ്തു കൊടുക്കാൻ പറ്റുന്ന വലിയൊരു സഹായമായിരിക്കും ഇത്. അല്ലാതെ നമ്മൾ എത്രയൊക്കെ ആണ് സഹായിച്ചു എന്ന് പറഞ്ഞാലും ഇതിനോളം വരില്ല.”

കൂട്ടത്തിൽ മറ്റൊരുവനാണ്.

“എടാ നിങ്ങൾ പറയുന്നതൊക്കെ ചിലപ്പോൾ ശരിയായിരിക്കും. പക്ഷേ നിങ്ങൾ എന്റെ കാര്യം കൂടി ഒന്ന് ആലോചിച്ചു നോക്കൂ.. വീട്ടിൽ കല്യാണം കഴിക്കാത്ത ഒരു പെങ്ങൾ ഉണ്ടെനിക്ക്. അവൾക്ക് വിവാഹപ്രായം എത്താത്തത് കൊണ്ടല്ല കല്യാണം നടക്കാത്തത് എന്ന് നിങ്ങൾക്കൊക്കെ അറിയുന്നതല്ലേ..? എന്നിട്ടും അവളുടെ വിവാഹം നടത്താതെ ഞാൻ വിവാഹം കഴിച്ചാൽ അത് വലിയ പ്രശ്നങ്ങളാകും. അല്ലെങ്കിൽ തന്നെ അവളുടെ വിവാഹത്തിന് മുൻപ് ഞാൻ വിവാഹം കഴിക്കുന്നതിനോട് അമ്മയ്ക്ക് താല്പര്യമില്ല.”

ഞാൻ ദയനീയമായി പറഞ്ഞിട്ടും അവരുടെ മനസ്സു മാറിയില്ല. അവർ പല രീതിയിലും എന്നെ സ്വാധീനിക്കാൻ ശ്രമിച്ചു. ആ പെൺകുട്ടിയുടെ കണ്ണുനീരും അച്ഛന്റെയും അമ്മയുടെയും നിസ്സഹായാവസ്ഥയും ഒക്കെ ആയപ്പോൾ വിവാഹത്തിന് ഞാൻ സമ്മതിച്ചു പോയി. അപ്പോഴും ആ പെൺകുട്ടിയോട് സംസാരിക്കാൻ ഞാൻ ഒരു അവസരം ചോദിച്ചിരുന്നു. എന്റെ വീട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് അവളോട് വിശദമായി സംസാരിക്കുകയും ചെയ്തു. അവൾക്ക് അതൊന്നും പ്രശ്നമല്ല ആ നിമിഷം അച്ഛന്റെയും അമ്മയുടെയും അഭിമാനം മാത്രമാണ് വലുത് എന്നുമാണ് അവൾ പറഞ്ഞത്. ആ ഒരു വാക്കിന്റെ പുറത്താണ് വിവാഹം നടന്നത്.

” നീ ഇവിടെനിന്ന് എന്ത് സ്വപ്നം കാണുകയാണ്..? ഈ നിമിഷം ഇവളെ ഉപേക്ഷിച്ചോ.. അതാണ് നിനക്ക് നല്ലത്. ഈ വീട്ടിൽ ഇവളെയും കൊണ്ട് കയറിയാൽ എന്റെ ശവം വീഴും. “

അമ്മ ഭീഷണി മാർഗം സ്വീകരിച്ചിരിക്കുകയാണ്.

” ഒന്ന് പോയെ.. അമ്മ എന്തായാലും അങ്ങനെയൊന്നും ചെയ്യില്ല എന്ന് എനിക്കറിയാം. ഇനിയും ഒരുപാട് കാലം ജീവിച്ചിരിക്കണമെന്ന് അത്യാഗ്രഹമുള്ള അമ്മ ഒരിക്കലും സ്വന്തമായി മരണത്തെ തേടി പോകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.”

ഞാൻ ഒരു പുച്ഛത്തോടെ പറഞ്ഞത് കേട്ട് അമ്മയ്ക്ക് ദേഷ്യം വർദ്ധിച്ചിട്ടുണ്ട്.

” ഒരു പെണ്ണ് കെട്ടിയതോടെ അവന്റെ നാവിന് നീളം വെച്ചിട്ടുണ്ടല്ലോ..?”

ചേച്ചി പുച്ഛത്തോടെ പറയുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ എന്നെ എങ്ങനെയെങ്കിലും അകത്തേക്ക് കയറ്റാൻ ശ്രമിക്കുന്നതിനു പകരം അവൾ എരി തീയിൽ എണ്ണ പകർന്നു കൊടുക്കുകയാണ് .അവളെ നോക്കി പല്ല് ഞെരിച്ചു. പക്ഷേ അതുകൊണ്ട് പ്രത്യേകിച്ച് യാതൊരു ഫലവും ഉണ്ടായില്ല. അവൾ എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുകയാണ് ഉണ്ടായത് .

” നിനക്ക് ഈ വീടിനകത്തേക്ക് കയറണമെന്നുണ്ടെങ്കിൽ ഇവളെ ഉപേക്ഷിക്കാതെ പറ്റില്ല. നിനക്ക് ഇവളെ ഉപേക്ഷിക്കാൻ പറ്റില്ല എന്നാണ് നിന്റെ തീരുമാനമെങ്കിൽ ഞങ്ങളെ രണ്ടാളെയും നീ മറന്നേക്കണം. പിന്നീട് ഒരിക്കലും ഞങ്ങളെ അന്വേഷിച്ച് ഈ വീടിന്റെ പടി കടക്കരുത്.”

അമ്മ രണ്ടും കൽപ്പിച്ച് ആണെന്ന് എനിക്ക് ഉറപ്പായി. ഈയൊരു സാഹചര്യത്തിൽ അവളെ കൈവിട്ടാൽ അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ താലിക്ക് യാതൊരു അർത്ഥവും ഇല്ലാതെയാകും.

” അമ്മ എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ ഈ നിമിഷം എനിക്ക് അവളെ ഉപേക്ഷിക്കാൻ ഒന്നും പറ്റില്ല. ഏത് സാഹചര്യത്തിൽ കെട്ടിയാലും അവൾ എന്നെ ഭാര്യയാണ്.ഭാര്യയെ ഉപേക്ഷിച്ചു കളയുന്നത് ഭർത്താവിനു ചേർന്ന പണി അല്ലല്ലോ..! അതുകൊണ്ട് ഈ നിമിഷം ഞങ്ങൾ ഇവിടെ നിന്നും പടി ഇറങ്ങുകയാണ്. പക്ഷേ അതൊരിക്കലും അമ്മയെയും ചേച്ചിയെയും ഉപേക്ഷിച്ചു കൊണ്ടൊന്നുമല്ല. എന്നും നിങ്ങളുടെ ഒരു വിളിപ്പുറത്ത് ഞാൻ ഉണ്ടാവും. ഞാൻ മാത്രമല്ല ഇവളും എന്നും കൂടെ ഉണ്ടാകും.. “

അവളെയും ചേർത്തുപിടിച്ചുകൊണ്ട് തലയുയർത്തി ഞാൻ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി.

പെട്ടെന്ന് നടുവിന് എന്തോ വന്ന് കൊള്ളുന്നതുപോലെ തോന്നിയപ്പോൾ ഞാൻ അയ്യോ എന്ന് വിളിച്ചു.

” എഴുന്നേറ്റുപോയി പല്ല് തേക്കഡാ .. ഇന്ന് നിനക്ക് കല്യാണത്തിന് പോകാൻ ഉണ്ടെന്ന് ഇന്നലെ രാത്രി കിടന്നപ്പോൾ പറഞ്ഞതല്ലേ..? എത്ര നേരം കൊണ്ട് വിളിക്കുകയാണെന്ന് അറിയാമോ..?”

ചട്ടുകവും കൊണ്ട് അടുക്കളയിലേക്ക് നടക്കുന്ന സമയത്ത് അമ്മ പറഞ്ഞു. ഒരു നിമിഷം എടുത്തു എനിക്ക് പരിസരബോധം വരാൻ. ചിന്തിച്ചുകൂട്ടിയ അബദ്ധങ്ങളെ ഓർത്ത് ചിരിച്ചുകൊണ്ട് ഞാൻ മെല്ലെ ബാത്റൂമിലേക്ക് നടന്നു.

✍️അപ്പു