ഇനി എന്തൊക്കെ സംഭവിച്ചാലും ശരി ഈ രുദ്രാക്ഷ് മഹേന്ദ്രന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതെന്റെ മീനൂട്ടി മാത്രമായിരിക്കും…

_exposure

രചന : കുഞ്ഞാവ

:::::::::::::::

വേണ്ട രുദ്രാ…. നീ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിന് സമ്മതിക്കില്ല. അതുകൊണ്ട് ഈ സംസാരം ഇവിടെ നിർത്തുന്നതാണ് നല്ലത്. അവനെ നോക്കി അത്രയും പറഞ്ഞുകൊണ്ട് മഹി അകത്തേക്ക് കയറിപ്പോയി.

അവൻ നിരാശയോടെ അവന്റെ അമ്മയെയും അനിയത്തിയെയും നോക്കി.

എന്താ അമ്മേ അച്ഛൻ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നേ…. എനിക്ക് അവളോട് ഇഷ്ടം തോന്നിയപ്പോളും ഞാൻ ആദ്യം തുറന്നു പറഞ്ഞതും അച്ഛനോടായിരുന്നില്ലേ…. അപ്പോൾ അച്ഛൻ തന്നെയല്ലേ എന്നെ സപ്പോർട്ട് ചെയ്തത്…. പക്ഷെ ഇപ്പോൾ എന്താ???

അത്‌ പറയുമ്പോൾ അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവന്റെ അമ്മ രേണുകയും അനിയത്തി രുക്‌മിണിയും അവനെ സങ്കടത്തോടെ നോക്കി നിന്നു.

ഇനി എന്തൊക്കെ സംഭവിച്ചാലും ശെരി ഈ രുദ്രാക്ഷ് മഹേന്ദ്രന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതെന്റെ മീനൂട്ടി മാത്രമായിരിക്കും…. ആരൊക്കെ എതിർത്താലും ശെരി…. ശ്വാസമൊന്ന് ആഞ്ഞു വലിച്ചിച്ചു കോണ്ട് അത്രയും പറഞ്ഞിട്ട് അവൻ വീട്ടിൽ നിന്നും ഇറങ്ങി പോയി.

അവൻ പോയി എന്ന് മനസ്സിലാക്കിയ മഹി റൂമിൽ നിന്നും പുറത്തിറങ്ങി.

എന്തിനാ മഹിയേട്ടാ അവനിൽ നിന്നും മറച്ചുവെയ്ക്കുന്നെ?? എന്റെ കുഞ്ഞ് മനസ്സ് ഒത്തിരി വിഷമിച്ചാണ് പോയിരിക്കുന്നെ….സാരീത്തുമ്പിൽ കണ്ണുനീർ ഒപ്പിക്കൊണ്ട് രേണുക പറഞ്ഞു.

അതേ അച്ഛാ….അമ്മ പറഞ്ഞത് പോലെ ഏട്ടനോട് സത്യങ്ങൾ ഒക്കെ തുറന്നു പറയുന്നതാണ് നല്ലത്. രുക്മിണി മഹിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

വേണ്ട…. വേണ്ടാ…. അത്‌ വേണ്ടാ…. ആ സത്യങ്ങൾ ഒക്കെ അറിഞ്ഞാൽ ചിലപ്പോൾ എന്റെ കുഞ്ഞൻ എന്നെ വെറുക്കും…. ആദ്യം വെപ്രാളത്തോടെയും പിന്നെ സങ്കടത്തോടെയും അയാൾ പറഞ്ഞു.

ഇതൊക്കെ അറിയുമ്പോൾ ഏട്ടൻ അച്ഛനെ വെറുക്കുമെന്ന് ആരാ പറഞ്ഞേ…. എന്റെ രുദ്രേട്ടന് അതിനാവില്ല ഒരിക്കലും…. ഏട്ടന്റെ ഹീറോ തന്നെ അച്ഛനാ…. അച്ഛൻ കഴിഞ്ഞേ ഏട്ടന് ഈ ലോകത്ത് മാറ്റാരുമുള്ളൂ…. പതിനഞ്ച് വയസുള്ള എനിക്ക് അച്ഛനെ മനസിലാക്കാൻ സാധിച്ചുവെങ്കിൽ ഇരുപത്തിയഞ്ച് വയസുള്ള രുദ്രേട്ടന് അതിന് സാധിക്കില്ലേ??

പക്വതയോടുള്ള രുക്കുവിന്റെ സംസാരം കേട്ട് രേണുക അവളെ വാത്സല്യത്തോടെ ചേർത്തുപിടിച്ചു.

അവൻ തിരികെ വരുമ്പോൾ തന്നെ എല്ലാ കാര്യങ്ങളും അവനോട് പറയണം…. രേണുക ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

രേണു….അയാൾ അവരെ ദയനീയമായി വിളിച്ചു.

അതിന് മറുപടി പറയാതെ അവർ അയാളുടെ നെഞ്ചോട് ചേർന്ന് നിന്നു….

ഒരു ദീർഘനിശ്വാസത്തോടെ അയാൾ അവരെ ചേർത്തുപിടിച്ചു…. കൂടെ രുക്കുവിനെയും….

എനിക്ക് എത്ര ആലോചിച്ചിട്ടും അച്ഛന്റെ മാറ്റത്തിനുള്ള കാരണം മനസിലാവുന്നില്ല ദേവാ…. നിറഞ്ഞു വരുന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് രുദ്രൻ പറഞ്ഞു.

തന്റെ ഉറ്റസുഹൃത്ത് സുദേവിനെയും കൂട്ടി ബീച്ചിൽ വന്നതായിരുന്നു അവൻ.

ഹേയ് രുദ്രാ…. നീ ഇങ്ങനെ സങ്കടപെടാതെ…. നമ്മുക്ക് അങ്കിളിനോട് ഒരു തവണ കൂടി സംസാരിച്ചു നോക്കാം…. നീ സമാധാനായിട്ടിരിക്ക്. ദേവ് അവനെ ആശ്വസിപ്പിച്ചു.

അവൻ ദേവിനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു…. എന്നാൽ അത്‌ വിഫലമായി….

അത്‌ കണ്ട് ദേവ് അവനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.

രുദ്രൻ കടലിലേക്ക് കണ്ണും നട്ടിരുന്നു….അപ്പോൾ അവന്റെ മനസ്സിൽ അവൾ മാത്രമായിരുന്നു….അവന്റെ ❤ മീനൂട്ടി ❤….

സുദേവിനൊപ്പം അവന്റെ പെണ്ണ് കാണൽ ചടങ്ങിന് പോയപ്പോൾ ആയിരുന്നു അവളെ ആദ്യമായി കാണുന്നത്…. പെണ്ണിന്റെ കൂട്ടുകാരിയാണ് അവളെന്ന് അറിഞ്ഞു…. പേര് മീനാക്ഷി എന്നാണെന്നും ഇപ്പോൾ പിജി ചെയ്യുവാണെന്നും സുദേവ് വഴി അറിഞ്ഞു. സുദേവിന്റെയും രശ്മിയുടെയും കല്യാണത്തിന്റെ അന്നാണ് അവളോട് ഒന്ന് സംസാരിക്കാൻ അവസരം ലഭിച്ചത്….അതും ഒന്നോ രണ്ടോ വാക്കുകൾ….

തന്റെ കാര്യം സുദേവ് നേരത്തെ തന്നെ രശ്മിയോട് സൂചിപ്പിച്ചിരുന്നു…. പിന്നീട് അവൾ വഴി മീനൂട്ടിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ അറിഞ്ഞു….

അച്ഛൻ നിർബന്ധിച്ചിട്ടാണ് താൻ അവളോട് ഇഷ്ടം തുറന്നു പറഞ്ഞത് തന്നെ…. രണ്ടാഴ്ചകൾക്ക് ഇപ്പുറം അവൾ സമ്മതമാമാണെന്ന് പറഞ്ഞപ്പോൾ തനിക്ക് ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു….ഒരുപക്ഷെ തന്നെക്കാൾ സന്തോഷിച്ചത് തന്റെ അച്ഛനായിരുന്നു….എന്നാൽ ഇന്ന് അദ്ദേഹം തന്നെ എതിര് നിൽക്കുന്നു….അച്ഛൻ അങ്ങനെ പറയണമെങ്കിൽ എന്തെങ്കിലും ഒരു കാരണമുണ്ടാവുമെന്ന് അറിയാം….പക്ഷെ എന്തുകൊണ്ട് അത്‌ തന്നോട് തുറന്നു പറഞ്ഞുകൂടാ….അവന്റെ ചിന്തകൾ പല വഴി പാഞ്ഞു….

നേരം വൈകിയതും അവർ ഇരുവരും വീട്ടിലേക്ക് തിരിച്ചു.

വീട്ടിലേക്ക് പോകുന്നതിന് മുൻപ് സുദേവ് പറഞ്ഞ പ്രകാരം രുദ്രൻ എല്ലാ കാര്യങ്ങളും മീനുവിനെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു…. തത്കാലം അവളുടെ അച്ഛനെയും അമ്മയെയും ഇത്‌ അറിയിക്കേണ്ടെന്നും പറഞ്ഞിരുന്നു….

അമ്മേ…. അച്ഛാ…. ഏട്ടൻ വന്നൂട്ടോ….

രുദ്രന്റെ ബൈക്ക് കണ്ട് രുക്കു സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.

അവൻ അവളുടെ തലയിൽ ഒന്ന് തഴുകി അവളെയും ചേർത്തുപിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു.

അവൻ വന്നതറിഞ്ഞു രേണുക അടുക്കളയിൽ നിന്നും ഇറങ്ങി വന്നു.

അമ്മേ എനിക്കൊരു കട്ടൻ ചായയിട്ടു തരുമോ?? അവരെ കണ്ട രുദ്രൻ ചോദിച്ചു.

അതിനെന്താ കുഞ്ഞാ….അമ്മ ഇപ്പോൾ എടുത്തു തരാട്ടോ…. അവന്റെ കവിളിൽ ഒന്ന് തട്ടികൊണ്ട് അവർ പറഞ്ഞു.

ഞാൻ വേഗമോന്ന് കുളിച്ചിട്ട് വരാം….അപ്പോഴേക്കും മതി…. അത്രയും പറഞ്ഞിട്ട് ഹാളിൽ സോഫയിൽ തലയും താഴ്ത്തിയിരിക്കുന്ന മഹിയെ ഒന്ന് ഒളികണ്ണിട്ട് നോക്കിയിട്ട് അവൻ അവന്റെ മുറിയിലേക്ക് പോയി…..

രുദ്രൻ കുളിച്ചു കഴിഞ്ഞ് വന്നപ്പോഴും അയാൾ അതേ ഇരുപ്പ് തുടർന്നു….

രേണുക അവന് ചായ കൊണ്ട് കൊടുത്തു…. എന്നിട്ട് രുദ്രന്റെ എതിർ വശത്തായി മഹിയുടെ കൂടെ ചെന്നിരുന്നു…. രുക്കു രുദ്രന്റെ അടുത്തും….

അവൻ ഒന്നും മിണ്ടാതെ ചായ കുടിച്ചുകൊണ്ടിരുന്നു…. ഇടക്കിടക്ക് മഹിയെ ഒളികണ്ണിട്ടു നോക്കുന്നുമുണ്ട്…..

ഡിഗ്രി അവസാന വർഷം പഠിക്കുമ്പോളായിരുന്നു അവളെ ആദ്യമായി ഞാൻ അവളെ കാണുന്നത്….

അത്രയും പറഞ്ഞിട്ട് മഹി രേണുകയെ നോക്കി…. അവർ കണ്ണടച്ചു ഒന്നുമില്ലെന്ന് കാണിച്ചു.

രുദ്രൻ മഹിയെ അത്ഭുതത്തോടെ നോക്കിയിരിക്കുകയായിരുന്നു….

ഒന്ന് നിശ്വസിച്ചിട്ട് അയാൾ വീണ്ടും പറഞ്ഞു തുടങ്ങി….

അന്ന് കോളേജിൽ ഫ്രഷേഴ്‌സ് വരുന്ന ദിവസമായിരുന്നു…. ആദ്യം അവളെ കണ്ടമാത്രയിൽ തന്നെ എനിക്ക് അവളോട് ഇതുവരെ തോന്നാത്തൊരു ഇഷ്ടം തോന്നിയിരുന്നു…. അവളുടെ പേര് മല്ലിക.

എനിക്ക് അവളെ ഇഷ്ട്ടമാണെന്ന കാര്യം ഞാൻ ആദ്യം തുറന്നു പറഞ്ഞത് അവളുടെ കൂട്ടുകാരിയോടായിരുന്നു….ആ കൂട്ടുകാരി വഴി അവൾ അറിഞ്ഞു. എനിക്ക് അവളെ ഇഷ്ട്ടമാണെന്ന് നേരിട്ട് ചെന്ന് പറയാനുള്ള ധൈര്യമില്ലാത്തത് കൊണ്ടായിരുന്നു അങ്ങനെ ചെയ്തത്…. അവൾക്കും എന്നെ ഇഷ്ട്ടമാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഒത്തിരി സന്തോഷിച്ചു. പിന്നീട് നീണ്ട 6 വർഷങ്ങൾ ഞങ്ങൾ പ്രണയിച്ചു നടന്നു.

വീട്ടിൽ എനിക്ക് കല്യാണലോചനകൾ ഒക്കെ നോക്കി തുടങ്ങിയ സമയത്താണ് ഞാൻ മല്ലികയുടെ കാര്യം വീട്ടിൽ അവതരിപ്പിക്കുന്നത്…. എന്റെ എല്ലാ ആഗ്രഹത്തിനും കൂട്ട് നിൽക്കുമായിരുന്ന അച്ഛൻ ഇതിനും എതിര് നിൽക്കില്ലെന്ന് ഞാൻ കരുതി….എന്നാൽ എനിക്ക് അവിടെ തെറ്റി….അനാഥയായ ഒരുവൾ മകന്റെ ഭാര്യയായി വരുന്നത് അച്ഛൻ എതിർത്തു. കാരണം ദുരഭിമാനം….മല്ലികയുടെ അച്ഛനും അമ്മയും അവളുടെ കുഞ്ഞിലേ മരിച്ചതാണ്….അവളെ വളർത്തിയതൊക്കെ അവളുടെ വല്യച്ഛനും വല്യമ്മയും ചേർന്നാണ്….

എല്ലാത്തിനും പിന്നിൽ അച്ഛന്റെ സ്വാർത്ഥതയായിരുന്നു…. അതാണ് അന്ന് ഞാനും മല്ലികയുമായിട്ടുള്ള വിവാഹം അച്ഛൻ എതിർത്തത്…. മഹി ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തി….

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു…. എന്റെ വിവാഹം ഉറപ്പിച്ചു…. അച്ഛന്റെ ഒരു കൂട്ടുക്കാരന്റെ മകളുമായിട്ട്…. അവളുടെ പേര് രേണുക…. അന്ന് അവൾക്ക് വെറും 18 വയസ്….

മഹി പറഞ്ഞു നിർത്തിയപ്പോൾ രുദ്രൻ ഞെട്ടികൊണ്ട് രേണുവിനെ നോക്കി….അവർ അവനെ നോക്കി പുഞ്ചിരിച്ചു.

രുക്കു പിന്നെ താനിതൊക്കെ നേരത്തെ അറിഞ്ഞതാ എന്ന ഭാവത്തിൽ ഇരിക്കുകയായിരുന്നു….

എന്നിട്ട്…. രുദ്രൻ ആകാംഷയോടെ ചോദിച്ചു.

ഞാൻ അത്‌ ശക്തമായി എതിർത്തു….എന്നാൽ അതിന്റെ ശിക്ഷ അനുഭവിച്ചത് മല്ലികയായിരുന്നു. അച്ഛൻ അവളുടെ വീട്ടിൽ ചെന്ന് പ്രശ്നമുണ്ടാക്കി. അങ്ങനെ എന്തോ കാരണത്താൽ അവളുടെ വിവാഹം വീട്ടുക്കാർ പെട്ടെന്ന് തന്നെ നടത്തി….അതിന്റെ അടുത്താഴ്ച തന്നെ അച്ഛൻ ഞാനും രേണുകയുമായിട്ടുള്ള വിവാഹവും നടത്തി.

മഹി അത്രയും പറഞ്ഞിട്ട് രുദ്രനെ നോക്കി….

കുറച്ചു നേരം എല്ലാവരും മൗനമായിരുന്നു…. ആ മൗനത്തെ ഭേദിച്ചുകൊണ്ട് രുദ്രൻ തന്നെ സംസാരിച്ചു തുടങ്ങി.

ഓക്കേ…. ഇതിൽ എന്റെ തെറ്റ് എന്താണ്?? ഞാൻ മീനുവിനെ വിവാഹം ചെയ്യരുതെന്ന് അച്ഛൻ പറയുന്നതിന്റെ കാരണമെന്താണ്?? അന്ന് അച്ഛാച്ചൻ അച്ഛനോട് ചെയ്ത അതേ തെറ്റ് തന്നെയല്ലേ അച്ഛൻ മറ്റൊരു രീതിയിൽ എന്നോട് ചെയ്യുന്നത്….

അതേ…. അന്ന് നിന്റെ അച്ഛാച്ചൻ എന്നോട് ചെയ്തത് തന്നെയാണ് ഞാനും നിന്നോട് ചെയ്യുന്നത്…. അത്‌ തെറ്റാണെന്ന് അറിഞ്ഞിട്ടും എന്റെ സ്വാർത്ഥത അത്‌ ശെരിയെന്നു പറഞ്ഞു….

കാരണം??!

കാരണം അന്ന് ഞാൻ കാരണം ഒരുപാട് കണ്ണീര് കുടിക്കേണ്ടി വന്ന മല്ലികയാണ് നിന്റെ മീനുവിന്റെ അമ്മ…

മഹി അത്‌ പറഞ്ഞതും രുദ്രൻ അറിയാതെ തന്നെ ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് പോയി….

അപ്പോൾ മല്ലിക ആന്റി…. അത്‌ ചോദിക്കുമ്പോൾ അവന്റെ മുഖത്ത് എന്ത് ഭാവമാണെന്ന് ആർക്കും മനസ്സിലായില്ല….

അന്ന് ഞാൻ കാരണമാണ് അവൾ ഒരുപാട് വേദനിച്ചത്…. ആ കുറ്റബോധം കാരണം അവളുടെ മുൻപിൽ ചെന്ന് നിൽക്കാനുള്ള ധൈര്യം എനിക്കില്ല ടാ….ഇന്നലെയാണ് മീനുവിന്റെ അമ്മ അവളാണെന്ന് ഞാൻ അറിഞ്ഞത്….അതാ ഞാൻ…. ബാക്കി പറയാതെ മഹി തല കുനിച്ചിരുന്നു….

മഹി പറഞ്ഞതും രുദ്രൻ പുഞ്ചിരിച്ചു.

അച്ഛൻ ഒന്നുകൊണ്ടും വിഷമിക്കണ്ട…. എല്ലാം ഞാൻ നോക്കിക്കോളാം…. അത്‌ പറഞ്ഞ ശേഷം അവൻ എഴുന്നേറ്റ് അവന്റെ റൂമിലേക്ക് പോയി.

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് മീനാക്ഷി റൂമിലേക്ക് വന്നത്….സ്‌ക്രീനിൽ രുദ്രൻ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോ തെളിഞ്ഞു വന്നത് കണ്ടപ്പോൾ തന്നെ അവൾ കാൾ അറ്റൻഡ് ചെയ്തു.

ഹലോ….

അവളുടെ പതിഞ്ഞ ശബ്ദം കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി വിടർന്നു….

ഹലോ രുദ്രാ…. മരുഭാഗത്തുനിന്നും മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ അവൾ ഇത്തിരി പരിഭ്രാമത്തോടെ വിളിച്ചു.

❤ മീനൂട്ടി ❤…..

തന്റെ പ്രാണനായവന്റെ ശബ്ദം കേട്ടപ്പോൾ വേഗത്തിൽ മിടിച്ചുകൊണ്ടിരുന്ന അവളുടെ ഹൃദയം ശാന്തമായി.

മ്മ്മ്…. അവൾ മറുപടിയായി ഒന്ന് മൂളി.

നിനക്കറിയോ അച്ഛൻ എന്തിനാ നമ്മുടെ വിവാഹം എതിർത്തതെന്ന്??

അവൻ ചോദിച്ചതും സംശയത്താൽ അവളുടെ പുരികങ്ങൾ ചുളിഞ്ഞു.

ഇല്ല….എന്താ കാരണം??

മഹി പറഞ്ഞ കാര്യങ്ങൾ ഒക്കെ അവൻ അവളോട് പറഞ്ഞു.

അവളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു.

ഇങ്ങനെയൊരു സംഭവം അച്ഛനും അമ്മയും ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു…. എന്നാൽ അത്‌ മഹി അങ്കിൾ ആവുമെന്ന് ഞാൻ കരുതിയില്ല….

സത്യം പറയുവാണെങ്കിൽ എന്റെ അച്ഛന്റെയും നിന്റെ അമ്മയുടെയും ജീവിതത്തിൽ അച്ഛാച്ചൻ വില്ലൻ ആയിരുന്നെങ്കിലും…. നമ്മുടെ കാര്യത്തിൽ ദൈവദൂതനാണ്….

അതെന്താ അങ്ങനെ?? അവൾ സംശയത്തോടെ ചോദിച്ചു.

അവർ കല്യാണം കഴിച്ചിരുന്നെങ്കിൽ നീയെന്റെ പെങ്ങൾ ആവില്ലായിരുന്നോ….

അവൻ പറഞ്ഞതും അവൾ പൊട്ടിച്ചിരിച്ചു.

അങ്ങനെ അങ്ങനെ അങ്ങനെ അവരുടെ സംഭാഷണം നീണ്ടുപോയി….

രാത്രിയിൽ മഹിയുടെ നെഞ്ചിൽ തലവച്ചു കിടക്കുകയായിരുന്നു രേണുക…. അയാൾ അവരുടെ തലയിൽ പതിയെ തഴുകി കൊണ്ടിരുന്നു….

രേണു…..

എന്താ മഹിയേട്ടാ…..

നിനക്കെന്നോട് ദേഷ്യമുണ്ടോ??

എന്റെ മഹിയേട്ടാ ഇത്‌ ഇപ്പോൾ എത്രാമത്തെ പ്രാവിശ്യമാണ് ചോദിക്കുന്നേ??

അല്ല…. ഭർത്താവിന് മുൻപ് ഒരു കാമുകി ഉണ്ടായിരുന്നു എന്നറിയുമ്പോൾ പൊതുവേ എല്ലാ ഭാര്യമാർക്കും ദേഷ്യമല്ലേ വരുക?? അതാ ഞാൻ….

എനിക്ക് ഇപ്പോൾ ഏട്ടനോട് ഒരു ദേഷ്യവുമില്ല…. വിവാഹം നടക്കുന്നതിന് മുൻപ് തന്നെ ഏട്ടൻ എല്ലാ സത്യങ്ങളും എന്നോട് തുറന്നു പറഞ്ഞിരുന്നില്ലേ….ആദ്യമൊക്കെ എനിക്ക് കുറച്ചു വിഷമമുണ്ടായിരുന്നു…. പിന്നെയത് മാറി….

രേണുവിന്റെ മറുപടി കേട്ട് മഹി അവരെ ഒന്നു കൂടെ ചേർത്ത് പിടിച്ചുകൊണ്ട് കിടന്നു.

മീനു മോള്‌ പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഭദ്രേട്ടാ….മഹിയേട്ടന്റെ മകനാണ് രുദ്രനെന്ന്…. മല്ലിക ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

എനിക്കും അങ്ങനെ തന്നെയാണ് മല്ലി…. ഭദ്രൻ ഒരിളം പുഞ്ചിരിയോടെ പറഞ്ഞു.

ആരോരുമില്ലാത്ത എനിക്ക് നിന്നെ കിട്ടിയത് എന്റെ ഭാഗ്യമാണ് മല്ലി….എന്റെ പ്രണയം….. ഭദ്രൻ ഒരു ചിരിയോടെ പറഞ്ഞു.

അപ്പോഴും ഇരുവരും കൈകോർത്തു പിടിച്ചിരുന്നു…..

ആദ്യമൊക്കെ പരസ്പരം സംസാരിക്കാൻ രണ്ട് കൂട്ടർക്കും അല്പം ബുദ്ധിമുട്ട് തോന്നിയിരുന്നുവെങ്കിലും പിന്നെ അത്‌ മാറി….

രുദ്രന്റെയും മീനുവിന്റെയും വിവാഹം ഒരു മാസത്തിനുള്ളിൽ തന്നെ നടത്താൻ തീരുമാനിച്ചു. പിന്നെ കല്യാണതിരക്കുകൾ ആയിരുന്നു. ഡ്രസ്സ്‌ എടുക്കലും…. ആഭരണം എടുക്കലും….ആളുകളെ ക്ഷണിക്കലും…. ആകെ മൊത്തം ബഹളം. എന്തിനും ഏതിനും സഹായിക്കാൻ ദേവും രശ്മിയും ഉണ്ടായിരുന്നു.

അങ്ങനെ ഒരു മാസത്തിന് ശേഷം ജോത്സ്യൻ കുറിച്ചു തന്ന ശുഭ മുഹൂർത്തത്തിൽ രുദ്രൻ അവന്റെ മീനുവിനെ താലികെട്ടി സ്വന്തമാക്കി. ഒരു നുള്ള് സിന്ദൂരം കൊണ്ട് അവളുടെ സീമന്തരേഖ ചുവപ്പിക്കുമ്പോൾ ഇരുവരുടെയും കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞിരുന്നു ❤…..

രാത്രിയിൽ മീനുവിന്റെ മടിയിൽ തലവച്ചു കിടക്കുകയാണ് രുദ്രൻ…അവൾ പതിയെ അവന്റെ മുടിയിഴക്കുള്ളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു.

രുദ്രേട്ടാ…. അവൾ അവനെ പതിയെ വിളിച്ചു.

രുദ്രൻ ഞെട്ടികൊണ്ട് ചാടി എഴുന്നേറ്റു.

നീ…. നീ എന്താ എന്നെ വിളിച്ചേ?? അവൾ അത്ഭുതത്തോടെ ചോദിച്ചു.

രുദ്രേട്ടാന്ന്…. അവൾ ഒരു ചിരിയോടെ പറഞ്ഞു.

എന്തേ ഇപ്പോൾ ഏട്ടാ വിളിയൊക്കെ??

എന്നെക്കാൾ രണ്ട് വയസ്സ് മൂത്തതല്ലേ അപ്പോൾ പിന്നെ ഏട്ടാന്ന് വിളിക്കാമെന്ന് കരുതി. ഇഷ്ട്ടമായില്ലെങ്കിൽ ഇനി വിളിക്കുന്നില്ല…. അവൾ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.

ആര് പറഞ്ഞു എനിക്ക് ഇഷ്ട്ടായില്ലാന്ന്…..എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു….

രുദ്രൻ ഒരു ചിരിയോടെ അവളെ ❤ നെഞ്ചോട് ❤ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു.

അവളും ഒരു ചിരിയോടെ അവനോട് ചേർന്നിരുന്നു.

രുദ്രേട്ടന് ശെരിക്കും എപ്പോഴാ എന്നോട് ഇഷ്ടം തോന്നിയെ…..അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് അവൾ ചോദിച്ചു.

നിന്നെ ആദ്യമായി കണ്ടതുമുതൽ….അന്ന് സുദേവിന്റെ കൂടെ പെണ്ണ് കാണൽ ചടങ്ങിന് വരുമ്പോൾ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ആ പെണ്ണിന്റെ കൂട്ടുകാരി എന്റെ ഭാര്യയായി വരുമെന്ന്…. അവളെ ഇറുക്കെ പുണർന്നുകൊണ്ട് അവൻ പറഞ്ഞു.

അവർ പരസ്പരം ചേർത്തുപിടിച്ചു കൊണ്ട് നിദ്രയെ പുൽകുമ്പോൾ അങ്ങകലെ ഒരു നക്ഷത്രം പതിവിലും ശോഭയോടെ തിളങ്ങി…. ഒരിക്കൽ പരസ്പരം പ്രണയിച്ചവരെ തമ്മിൽ അകറ്റികൊണ്ട് താൻ ചെയ്ത തെറ്റിന്റെ കുറ്റബോധം മാറിയെന്നപോൽ….

അവസാനിച്ചു