നർമ്മദ….
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
::::::::::::::::::::::::::::
നട്ടുച്ചയിലും, വാനം വർഷമേഘങ്ങളാൽ മൂടിക്കെട്ടി നിന്നു. മഴയ്ക്കും നേർത്ത വെയിലിനുമിടയിലൂടെ നടന്നെത്തി ഗേറ്റു തുറക്കുമ്പോഴേ നർമ്മദ കണ്ടു,
പൂമുഖത്ത് കാത്തുനിൽക്കുന്ന അമ്മയേ…..
ഈറൻ ചൂടിയ നീലക്കുടയേ കോലായിൽ നിവർത്തി വച്ച്, അവൾ പൂമുഖത്തേക്കു കയറി. നടവഴിയെ നനയിച്ച മഴപ്പിശറുകൾ അവളുടെ ചുരിദാറിലും ചിതറി വീണിരുന്നു.
ചെറുതെങ്കിലും ഐശ്വര്യവും സൗഭഗവും സമന്വയിച്ച വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയുടെ ഹുക്കുകളിൽ തൂങ്ങിയ ചെടിച്ചട്ടികളിൽ ഒയാന്തയും, മില്യൻ ഹാർട്ടും, മണിപ്ലാൻ്റുകളും ഒഴുകിപ്പടർന്നു കിടന്നു. ഉമ്മറച്ചുവരിൽ ‘രാധേയം’ മ്യൂറൽ പെയിൻ്റ് വിളങ്ങി നിന്നു.
“എന്താണ് ശ്രീമതി സൗമിനി ശശിധരൻ്റെ മുഖത്തിനൊരു വാട്ടം…..തൃശൂരെ കല്യാണപ്പാർട്ടിയുടെ വസ്ത്രങ്ങളെല്ലാം സ്റ്റിച്ചു ചെയ്തു തീർന്നതാണല്ലോ….അസ്സല് ഡിസൈനുകൾ….പിന്നെന്തിനാ ഒരു സങ്കടം…എൻ്റെ പരീക്ഷ, വലിയ കുഴപ്പമില്ലായിരുന്നു. അറുപത്തിയഞ്ച് അല്ലെങ്കിൽ അറുപത്തിയേഴു മാർക്കുണ്ടാകും…റാങ്ക് ലിസ്റ്റിൽ പെടും എന്നു തന്നെയാണ് ധാരണ…..എനിക്ക് ഇരുപത്തിരണ്ടു വയസ്സല്ലേ ആയുള്ളൂ….നാലു കൊല്ലത്തിനുള്ളിൽ ജോലി ലഭിച്ചാൽ മതിയാകും. അത് ലഭിക്കും എന്നു തന്നെയാണ് പ്രതീക്ഷ….അമ്മയുടെ ചെന്നിയിലെ നര കൂടണുണ്ട് ട്ടാ….ഇപ്പോൾ, യുവനടിയെ അമ്മവേഷം കെട്ടിച്ച ചേലായിട്ടുണ്ട്….അമ്മയ്ക്ക്, നാൽപ്പത്തിയഞ്ചു വയസ്സിൻ്റെ പ്രായം തന്നെ കണ്ടാൽ മതീ ട്ടാ….വെറുതേ ടെൻഷനടിച്ച്, വയസ്സിയാകേണ്ട…..”
സൗമിനിയുടെ മുഖത്ത്, വിഷാദം കലർന്നൊരു സ്മിതമുയർന്നു.
നർമ്മദയുടെ തോളിൽ കൈയ്യും ചേർത്ത് ഇരുവരും അകത്തളത്തിലേക്കു നടന്നു.
നർമ്മദ, തളത്തിലെ സെറ്റിയിലിരുന്നു. മകളോട് ചേർന്നിരുന്നു കൊണ്ട്, സൗമിനി ചുരുട്ടിപ്പിടിച്ചിരുന്ന എഴുത്ത് അവൾക്കു നൽകി.
“എഴുത്തോ….? ഈ സൈബർ യുഗത്തിൽ, എൻ്റെയമ്മയ്ക്ക് ആരാണ് കത്തയച്ചത്…? ഉം…വായിച്ചു നോക്കട്ടേ….”
നർമ്മദയുടെ മിഴികൾ, കത്തിലെ വരികളിലൂടെ നിരങ്ങി നീങ്ങി. കീഴേക്കു കീഴേക്കു വായിച്ചെത്തും തോറും, അവളുടെ സുന്ദരമായ നെറ്റിയിൽ കാലുഷ്യത്തിൻ്റെ ചുളിവുകൾ നിരന്നു. അവളുടെ ചുമലുകളിലും, കഴുത്തിലും അമ്മയുടെ നിശ്വാസച്ചൂടു പടർന്നു.
എഴുത്തു വായിച്ച്, അതു നാലാക്കി മടക്കി അവളതു ടീപ്പോയിലേക്കിട്ടു. എന്നിട്ട്, അമ്മയേ നോക്കി….അമ്മയുടെ, ശോകകേദാരമായ കണ്ണുകളിൽ നീർത്തിളക്കം വ്യക്തമാകുന്നു..ഇരു കൈത്തലങ്ങളാലും അമ്മ മുഖത്തേ ചേർത്തു പിടിച്ച് നർമ്മദ പുഞ്ചിരിച്ചു..പതിയേ പറഞ്ഞു.
“ശശിധരൻ എന്ന വ്യക്തിക്കു തിരികേ വരണം പോലും….അതും പതിനഞ്ചു വർഷങ്ങൾക്കു ശേഷം…..ഏഴു വയസ്സുണ്ടായിരുന്നു അന്നെനിക്ക്…വീട്ടാക്കടങ്ങളും, ഭാര്യയേയും മകളേയും ദു:ഖക്കടലിലേക്കു തള്ളിയിട്ട്, ഇഷ്ടക്കാരിയുമായി കടന്നു കളഞ്ഞൊരാൾ….ആ സ്ത്രീക്കുമുണ്ടായിരുന്നു ഭർത്താവ്…നാണക്കേടു സഹിക്കവയ്യാതെ ഉത്തരത്തിൽ തൂങ്ങിയൊടുങ്ങിയ നിർഭാഗ്യവാൻ….എൻ്റെയമ്മ അതു ചെയ്തില്ലല്ലോ….മറ്റു കുട്ടികൾക്കു ട്യൂഷനെടുത്തും, തയ്യൽ മെഷീൻ ചവുട്ടിയും അമ്മ ജീവിതത്തോടു പൊരുതി….ശശിധരൻ എന്ന വ്യക്തിയുടെ കാമുകി, പിന്നേയും പുതിയ ചില്ലകൾ തേടി പറന്നു പോയി….ഇപ്പോൾ, അസുഖബാധിതനായപ്പോൾ മടങ്ങി വരണമത്രേ….എനിക്കു സമ്മതമല്ല….അമ്മയ്ക്കോ…..?”
സൗമിനി, ഉത്തരം പറഞ്ഞില്ല….
ആ അകക്കണ്ണുകളിൽ അന്നത്തേക്കാലം തെളിയുകയായിരുന്നു. അത്രമേൽ ആത്മാർത്ഥതയോടെ സ്നേഹിച്ചിരുന്നു എന്നു വിശ്വസിച്ചിരുന്ന ഭർത്താവ്….വഞ്ചനയുടെ ലാഞ്ചനയില്ലാത്ത പുഞ്ചിരി പൊഴിക്കുന്നൊരാൾ. നാട്യങ്ങളെ തിരിച്ചറിയാൻ ഏറെ വൈകിപ്പോയിരുന്നു. ഒറ്റപ്പെടലിൻ്റെ യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ ഒത്തിരി സമയമെടുത്തു. പിന്നെ, കാലത്തിനൊപ്പം ഒരു മത്സരയോട്ടമായിരുന്നു.
യൗവ്വന യുക്തയായ പെണ്ണിനോടു, സമൂഹത്തിലെ ചിലരുടെ ഇടപെടലുകൾ…കാ മപൂ രണത്തിനായുള്ള ക്ഷണങ്ങൾ…ഉദരം നിറഞ്ഞിട്ടും, ഉടൽ വിശന്ന ഊഷര രാവുകൾ….നീണ്ട പതിനഞ്ചു വർഷങ്ങൾ…..
നർമ്മദ തുടർന്നു….
“എനിക്ക് അമ്മയും, അമ്മയ്ക്കു ഞാനും മതി….ഒരു ജോലി നേടിയിട്ടേ, ഞാൻ വിവാഹത്തേക്കുറിച്ചു ചിന്തിക്കൂ….എൻ്റെ അമ്മയേക്കൂടി, അമ്മയായി പരിഗണിക്കുന്ന ഒരാളെയെ ഞാൻ ജീവിതത്തിൽ കൂട്ടൂ…..നമുക്ക്, നമ്മൾ മതി….സൗമിനിയും, നർമ്മദയും……’ശശിധരൻ’ എന്നത് രേഖകളിൽ മാത്രം ശേഷിക്കട്ടേ……അമ്മേ, എനിക്കു വിശക്കുന്നു….മാമ്പഴപ്പുളിശ്ശേരിയുണ്ടല്ലോ….ചോറു തായോ……”
ടീപ്പോയിലിരുന്ന്, ഫാനിൻ്റെ കാറ്റിലിളകിയ കടലാസുകഷ്ണം, നർമ്മദ കുനുകുനേ ചീന്തിയെറിഞ്ഞു. ഒരിക്കലും ചേർത്തു വയ്ക്കാനാകാത്ത വിധം, ആ കടലാസു തുണ്ടുകൾ അകത്തളത്തിൽ ഇളകിപ്പറന്നു.
നർമ്മദയും അമ്മയും അടുക്കളയിലേക്കു നടന്നു. സൗമിനിയുടെ മിഴികൾ തോർന്നെങ്കിലും, വീടിന്നു പുറത്ത് ഒരു പെരുമഴ പെയ്യുന്നുണ്ടായിരുന്നു. ആർത്തിരമ്പി….