പ്രണയിച്ചു തോറ്റവർ…
രചന : ദിവ്യ കശ്യപ്
::::::::::::::::
“ഒരാൾക്ക് പകരമാകാൻ മറ്റൊരാൾക്ക് കഴിയുമായിരുന്നുവെങ്കിൽ…ഒരു കണ്ണും നിറയില്ലായിരുന്നൂ…ഒരു നെഞ്ചും തകരില്ലായിരുന്നൂ..”
വായിച്ച് കൊണ്ടിരുന്ന നോവലിൻ്റെ അവസാന ഭാഗത്തെ വരികൾ ഇടനെഞ്ചിലേവിടോ ഒന്ന് സ്പർശിച്ചു..ഹൃദയത്തെ തൊട്ട് ഒന്ന് കുത്തി മുറിവേൽപ്പിച്ച് ആ ചോര കിനിഞ്ഞിടത്ത് വീണ്ടും വീണ്ടും….
എന്തിനോ അഭിയുടെ മുഖം അവളുടെ മനസ്സിലേക്ക് കടന്നു വന്നു..വായിച്ച് കൊണ്ടിരുന്ന പുസ്തകം മടക്കി നെഞ്ചിലേക്ക് വെച്ച് അവൾ ചാരുകസേരയിലേക്ക് ചാഞ്ഞു..
ഇപ്പൊൾ കൂടുതൽ മിഴിവാർന്ന മുഖം കാണാൻ പറ്റി…ഇടതൂർന്ന കൺപീലികളിൽ തങ്ങി നിന്നിരുന്ന ആദ്യം കണ്ടപ്പോഴുള്ള ആ മഴത്തുള്ളി പോലും അവിടെയുണ്ടായിരുന്നൂ..വെട്ടി ഒതുക്കി നിർത്തിയിരുന്ന താടി ക്കിടയിലൂടെ ചിരിക്കുമ്പോൾ തെളിഞ്ഞു വന്നിരുന്ന ആ നുണക്കുഴികളും..അത് കാണുവാൻ വേണ്ടി മാത്രം അഭിയോട് ഒന്ന് ചിരിക്കുവോ എന്ന് ചോദിച്ചു പുറകെ നടന്നിരുന്ന ദിനങ്ങളും…
സ്വതെ ഗൗരവക്കാരൻ ആയിരുന്ന ആൾ… ആ ആളെ താനല്ലേ..പ്രണയത്തിൻ്റെ പൂങ്കാവനത്തി ലേക്ക് ആനയിച്ചത്…താനല്ലേ പ്രണയത്തിൻ്റെ സ്വപ്നങ്ങൾ തുന്നാൻ പഠിപ്പിച്ചത്…താനല്ലേ പ്രണയത്തിൽ നിറഞ്ഞ തൂവൽ സ്പർശങ്ങൾ നൽകിയത്…താനല്ലേ പ്രണയത്തിൻ്റെ കൊടുമുടി കയറ്റിയത്…ഒടുവിൽ..ഒടുവിൽ…പ്രണയനഷ്ടത്തിൻ്റെ അഗാധമായ ചതുപ്പ് നിലത്തിലേക്ക് വലിച്ചെറിഞ്ഞതും…
അവഗണനയുടെ തീച്ചൂളയിൽ അവൻ വെന്തുരുകിയപ്പോൾ താനും ഉരുകുകയായിരുന്നു…നഷ്ടപ്രണയത്തിൻ്റെ മുറിവ് അനുഭവിച്ചവർക്കേ അറിയൂ… ആ മുറിവിൽ നിന്ന് ര ക്തവും പ ഴുപ്പും കിനിയും…കണ്ണുനീരിൻ്റെ ഉപ്പ് വീണ്ടും വീണ്ടും അതിലേക്ക് വീഴുമ്പോൾ നീറ്റൽ സഹിക്കാതെ നമ്മൾ വാവിട്ട് നിലവിളിച്ചു പോകും…ഏതോ ഒരു നിമിഷത്തിൻ്റെ നിശബ്ദതയിൽ അറിയാതെ നിമി നേരത്തെ നിദ്രയെ തഴുകുമ്പോൾ സുഖമുള്ള ഓർമ്മകളായി പ്രണയ നിമിഷങ്ങൾ ഹൃദയത്തിൽ വന്നു നിറയും…
അത്തരം ഒരു നിമിഷത്തിലേക്ക് ….അറിയാതൊരു നിമി നേര നിദ്രയിലേക്ക് അവൾ കൂപ്പുകുത്തിപ്പോയി…
“നിരുപമ…നീ ഇരുന്നുറങ്ങുന്നോടി…പെണ്ണേ……ഓഹോ രാത്രി മുഴുവൻ വായനയായിരുന്നൂ അല്ലേ…?”
അനഘയുടെ ശബ്ദം ആ പ്രണയനിമിഷങ്ങൾക്ക് മുറിവേൽപ്പിച്ചൂ..അതിൻ്റെ ഒരു നീരസത്തിൽ തന്നെയാണ് നിരുപമ മിഴികൾ തുറന്നത്…
“നിരുപമ….”
“നീയെന്താ…പറയാതെ…ഫോണിൽ റിപ്ലൈ പോലും തരാൻ പിശുക്ക് കാട്ടുന്നവൾ ആണല്ലോ… ആ ആൾ കിലോമീറ്ററുകൾ താണ്ടി ഇവിടെ വരെ എത്തിയോ…?”നിരുപമ നീരസത്തോടെ ചോദിച്ചു..
“അഭി…അഭിറാം തിരികെ എത്തിയിട്ടുണ്ട്….”
നെഞ്ചിലോരു വിസ്ഫോടനം നടന്ന പോലെ തോന്നി നിരുപമയ്ക്ക്…
ഒരു മരവിപ്പ് ആയിരുന്നു കേട്ടപ്പോൾ…അഭി…അഭി തിരികെ എത്തിയോ…?നീണ്ട പത്തു വർഷങ്ങൾക്കു ശേഷം…ഒളിവിൽ അല്ലായിരുന്നോ…വീട്ടുകാരെയും കൂട്ടുകാരെയും വിട്ട്…ഇഷ്ടപ്പെട്ടു വരച്ചിരുന്ന വർണ്ണങ്ങളെ വിട്ട്…ഇടയ്ക്ക കൊട്ടി പാടി ഉണർത്തി നിർമാല്യ ദർശനം നടത്തിയിരുന്ന മഹാദേവനെ വിട്ട്…
“കൂടെ ഒരു പെണ്ണുണ്ട്….”അനഘ മച്ചിലേക്ക് മിഴിയൂന്നി കൊണ്ട് പറഞ്ഞു…
ഹൃദയം പൊള്ളിയെങ്കിലും അതിൻ്റെ ചൂട് പുറമെ കാണിക്കാതെ ചുണ്ടിൽ ആയാസപ്പെട്ടോരു ചിരി വരുത്തി പറഞ്ഞു..
“നല്ലത്…”
കൂടുതൽ പറയാനില്ലാത്തത് പോലെ വീണ്ടും പുസ്തകം തുറന്നു അതിലേക്ക് മിഴികൾ നാട്ടി…എന്തിനോ മിഴികൾ നിറയുന്നു..പൊള്ളിയ ഹൃദയത്തിന് ചൂട് താങ്ങാനാവാതെ മിഴികൾക്ക് പകുത്ത് നൽകിയതാവാം…നിറയുന്ന പ്രളയ ജലത്തിന് ചുട്ടുപൊള്ളുന്ന ചൂട്…വീണ്ടും വീണ്ടും മങ്ങലേറ്റ് നിൽക്കുന്ന അക്ഷരങ്ങളിലേക്ക് നോക്കി..ഏതോ ഒരു നെഗറ്റീവ് ചിത്രം പോലെ അത് മുന്നിൽ ഓടി കളിക്കുന്നു..
“നീയിതെന്തുവാ ഈ അവസാന പേജ് ഇത്ര വായിക്കുവാൻ…കുറെ നേരമായല്ലോ…”അനഘ ദേഷ്യത്തോടെ ബുക്ക് എടുത്ത് മാറ്റി വെച്ചു..
ഞാൻ നിറഞ്ഞ കണ്ണുകൾ മറയ്ക്കാൻ പാടുപെട്ടു കൊണ്ട് അവളെ നോക്കി..
“നിരൂ…നീ വരുന്നോ…നാളെ അഭിയുടെ ചിത്രങ്ങളുടെ പ്രദർശനം ഉണ്ട് ആർട്ട് ഹാളിൽ…ഒന്ന് കണ്ട് സംസാരിച്ചു തീരുന്നെങ്കിൽ തീരട്ടെ ഡീ…മനസ്സിൻ്റെ വിങ്ങൽ…ഒരുപക്ഷേ ഇത്ര വർഷവും കാണാതിരുന്നത് കൊണ്ടുള്ള വീർപ്പുമുട്ടൽ അങ്ങനെ മാറുന്നെങ്കിൽ അതല്ലേ നല്ലത്…നീ മോളെ കൂടി കൂട്ട്..അഭിക്കും അതൊരു സന്തോഷം ആവും…”
ഞാനൊന്നും മിണ്ടിയില്ല…
“അല്ല…വിശ്വാസ് സർ സമ്മതിക്കുമോ..”?
“തിരക്കല്ലെ…”എൻ്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി തെളിഞ്ഞു അറിയാതെ…
“എങ്കിലും ഒന്ന് വിളിച്ചു ചോദിച്ചിട്ട് വാ..”
“ഏയ്…അങ്ങനെ പ്രശ്നമൊന്നും ഇല്ല..കൂടുതൽ ചോദിക്കുന്നത് ഇഷ്ടമല്ല…സെൽഫ് ഡിപ്പൻറൻ്റ് ആയിരിക്കണമത്രേ…അവരവരുടെ കാര്യങ്ങൾ അവരവർ തീരുമാനിക്കണം ..ചെയ്യണം..കൂടുതൽ ചോദിക്കാൻ പാടില്ല..ഞാൻ ഒരു വ്യക്തി…അയാൾ വേറെ വ്യക്തി…”ഞാൻ വീണ്ടും ചിരിക്കുന്നത് കണ്ടിട്ടാവണം അനഘയെന്നെ വല്ലായ്മയോടെ നോക്കി..
ചേർച്ചയുണ്ടോ ഞങ്ങൾ തമ്മിൽ..ഉണ്ട്..ചേർച്ചയുണ്ട്…ചേർച്ചയില്ലായ്മയോ…അതും ഉണ്ട്…എനിക്ക് വീണ്ടും ചിരി വന്നു..
“നീ വരില്ലേ…???”
“വരും…വരണം…അഭിയുടെ പെണ്ണിനെ കാണണം…എനിക്ക്…”
*************
വിശാലമായ ആ ഹാളിലേക്ക് കടക്കുമ്പോൾ നെഞ്ച് പട പട മിടിക്കുന്നുണ്ടായിരുന്നൂ…കണ്ണുകൾ നാല് ദിക്കിലും പരതി… ആ ഇടതൂർന്ന കൺപീലികൾ…തീക്ഷണമായ നോട്ടം..വിടരുന്ന നുണക്കുഴികൾ…ചെറിയ ശബ്ദത്തിലെ അടക്കി പിടിച്ച ചിരി…കഴുത്തിലെ കറുത്ത ചരടിലെ അറ്റത്ത് കോർത്ത മഹാദേവൻ്റെ വെള്ളി ത്രിശൂലം….
കണ്ടൂ…അവിടെ ആ ഹാളിൻ്റെ മൂലയിൽ ഇട്ടിരിക്കുന്ന മേശയുടെ അരികത്തുള്ള വെളുത്ത കസേരയിൽ മടിയിൽ വെച്ച പുസ്തകത്തിലെക്ക് ആഴ്ന്നിറങ്ങി യിരിക്കുന്ന ആളെ……പഴയതിൽ നിന്നും വ്യത്യസ്തമായി കണ്ണിലൊരു കണ്ണടയും കൂടി വിരുന്നെത്തിയിട്ടുണ്ട്…താടിക്ക് കനം വെച്ചിട്ടുണ്ട്… ആ താടിയിൽ ഇടക്കിടക്ക് കൈ കൊണ്ട് ഉഴിയുന്നുണ്ട്..
“എവിടെ…അവൻ്റെ പെണ്ണ്..”?? മനസ്സിലെ ചോദ്യമായിരുന്നുവെങ്കിലും വാക്കുകൾ ഉച്ചത്തിലാണ് തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വന്നത്….
അനഘ എന്നെയൊന്നു തറപ്പിച്ചു നോക്കി…
ആ നേരം തന്നെ തോളോപ്പം ചുരുണ്ട മുടിയുള്ള കാതിൽ നീണ്ട ഒരു ലൈൻ കമ്മലിട്ട നീല ജീൻസും വെള്ള നീളമുള്ള ടോപ്പും ധരിച്ച ഒരു യുവതി അഭിയുടെ അടുത്ത് ചെന്ന് മേശയിൽ കൈകുത്തി കൊണ്ട് നിന്ന് സംസാരിക്കുന്നത് കണ്ടൂ..
വിറച്ച് വിറച്ചാണ് അവൻ്റെ അടുത്തേക്ക് ചെന്നത്…അപ്പോഴേക്കും ആ യുവതി അവിടെ നിന്നും മാറിയിരുന്നു…മോളുടെ കയ്യിൽ മുറുകെ പിടിച്ചിരുന്ന തൻ്റെ കൈകൾ തണുത്തൂറയുന്നത് നിരുപമ അറിഞ്ഞു..ശ്വാസഗതികൾ പരിധി വിട്ട് ഉയരുന്നതും കാലുകൾക്ക് വിറയൽ പടരുന്നതും ഒരു വേള എല്ലാ അവയവങ്ങളും നിശ്ചലമായി നിശബ്ദമായി താൻ താഴേക്ക് പതിച്ചേക്കും എന്ന് പോലും അവൾക്ക് തോന്നി പോയി..
സമീപത്ത് വന്നു നിന്നവരെ മൂക്കിൻതുമ്പിൽ നിന്നും കണ്ണട മുകളിലേക്ക് ഉയർത്തി വെച്ച് കൊണ്ട് അഭിറാം നോക്കി…
ആ കണ്ണിൻ തുമ്പുകളിലേക്ക് വിസ്മയത്തിൻ്റെ വർണ്ണ ചിത്രങ്ങൾ കയറി വരുന്നത് അനഘയും നിരുപമ യും കണ്ടൂ..ഒരു ചെറുചിരി തൻ്റെ ചുണ്ടിൻ കോണിൽ പടർത്തി അഭി കയ്യിലെ പുസ്തകവുമായി എഴുന്നേറ്റു..
അനഘ മോളൂമായി അവിടെ നിന്നും മാറി…
എന്ത് പറയണം എന്നറിയാതെ നിന്ന മൗനനിമിഷങ്ങൾക്ക് വിരാമമിട്ടത് അഭിയായിരുന്നൂ…
“സുഖമല്ലേ…”
മറുപടിയായി ഒരു ചിരി നൽകാൻ ശ്രമിച്ചുവെങ്കിലും ചുണ്ടുകൾ ചതിച്ചു..കണ്ണുകളും…
“അഭിക്കോ..”ഒരു മറുചോദ്യം ഉന്നയിച്ചു..
“നല്ലത്…”
പിന്നെയും മൗനം താണ്ഡവമാടിയ കുറെയേറെ നിമിഷങ്ങൾ…
“മോൾ നിന്നെ പോലെ തന്നെ…പേരെന്താ…??”
“അഭിരാമി..”
ആ കണ്ണുകളിലെ ഞെട്ടൽ കണ്ട് ഉള്ളിലെവിടോ പഴയ ഒരോർമ്മയുടെ ചിതൽപ്പുറ്റ് പൊട്ടി…
“പെൺകുട്ടി ആണെങ്കിൽ അഭിരാമി..ആൺകുട്ടി ആണെങ്കിൽ നിരഞ്ജൻ..”
” ആ കാര്യത്തിൽ നിനക്ക് തന്ന വാക്ക് പാലിച്ചു …മറ്റൊന്നും പാലിക്കാൻ കഴിഞ്ഞിട്ടില്ലാത്തവളാണെങ്കിലും.. തേച്ചിട്ട് പോയവൾ ആണെങ്കിലും..”നിരുപമ കിതച്ചു..
“അങ്ങനെ പറയണ്ട…നല്ലൊരു പ്രണയിനി എന്നതിലുപരി നീ നല്ലൊരു മകളായിരുന്നു…അതാണ് നമുക്കിടയിൽ സംഭവിച്ചത്…അങ്ങനെ വിശ്വസിക്കാൻ ആണെനിക്കിഷ്ടം..”
നക്ഷത്രങ്ങൾ ചേർക്കാൻ സമ്മതിക്കാതിരുന്ന ബന്ധം..അതിൻമേലോക്കെ അതിരിൽ കവിഞ്ഞ വിശ്വാസം അർപ്പിച്ചിരുന്ന അച്ഛൻ മകൾക്ക് വേണ്ടി മാറ്റി നിർത്തിയ ആൾ…പകരം കൊണ്ട് വന്ന ചേർച്ചയുള്ള ബന്ധത്തിൽ മനസ്സിൽ വൈധവ്യവുമായി കഴിയുന്ന മകൾ..
“നിരുപമ…നീ…”
“ഇറങ്ങട്ടേ…വൈഫ് സുന്ദരിയാണ്..”ദൂരേ ആർക്കോ ചിത്രങ്ങൾ പരിചയപ്പെടുത്തി കൊണ്ട് ചുരുണ്ട മുടി കോതി നിൽക്കുന്ന ആളെ പാളി നോക്കി കൊണ്ട് നീരുപമ പറഞ്ഞു..
എന്തിനോ അഭിയുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു..
“അഭിയുടെ കുട്ടികൾ…??”
“ഫ്രണ്ടിൻ്റെ വൈഫാണ്…അവൻ്റെ ചിത്രങ്ങൾ ആണ് പ്രദർശനത്തിന്…അവൻ ക്യാൻസറിനോട് മല്ലിട്ട് ആർ സി സി യിൽ….രക്ഷപെടുത്തണം എനിക്കവനെ…ചികിത്സ ചെലവ് ഉണ്ട്…അതിനാണ് ഈ ചിത്രപ്രദർശനം..”
തൊണ്ടയിലെ വെള്ളം വറ്റിപ്പോയി നിരുപമയുടെ…
“അഭി…അഭിയുടെ ഫാമിലി..”?
“ഒറ്റയ്ക്കാണ്…ആരിലും ഈ മുഖമോ മനസോ കണ്ടെത്താൻ കഴിഞ്ഞില്ല ഇതുവരെ…പിന്നെ.. നിൻ്റെയൊരിഷ്ടം കഴിഞ്ഞ അഞ്ചു വർഷമായി കൂട്ടിനുണ്ട്..ഇപ്പൊ അക്ഷരങ്ങളോടാണ് പ്രണയം…അടങ്ങാത്തോരു പ്രണയം….അഭിനിവേശം..വല്ലാത്തൊരു സാന്ത്വനം തരും അക്ഷരങ്ങൾ..”
ചൂണ്ട കൊളുത്തിട്ടു പിടിച്ച് വലിച്ച പോലെ നിരുപമയുടെ ഇടനെഞ്ച് പൊടിഞ്ഞു…ഒരിക്കൽ പ്രണയമന്ത്രങ്ങൾ ഓതി കൊടുത്ത ഹൃദയം… ആ ഹൃദയം ഇന്ന് ഒറ്റയ്ക്കാത്രെ…താൻ അവഗണിച്ച് വലിച്ചെറിഞ്ഞപ്പോൾ ഒറ്റയ്ക്കായി പോയൊരു ഹൃദയം…ഇന്ന് തൻ്റെ വിണ്ടു കീറിയ ഹൃദയത്തില് നിന്നും സ്നേഹിക്കാൻ യോഗ്യതയില്ലാത്ത പരസ്നേഹം ഏൽക്കാത്ത ഹൃദയം..
ഹൃദയത്തിൻ്റെ തായ് വേരിൽ നിന്നും ഒരു ഇരുളിമ പടർന്നു കണ്ണുകളിലേക്ക് ആവാഹിച്ചു വന്നു..കാലുകൾ കുഴഞ്ഞു ദേഹം മറിഞ്ഞത് അഭിയുടെ നെഞ്ചിലേക്കായിരുന്നൂ….
കണ്ണുകൾ വലിച്ച് തുറന്നു മൊഴികൾ പടരാതെ മിഴികളിൽ ബന്ധനം തേടിയ നിമിഷങ്ങൾ…
പിടഞ്ഞു മാറി എഴുന്നേൽക്കാൻ ശ്രമിച്ച പ്പോഴേക്കും അനഘ അടുത്തെത്തിയിരുന്നു…
അഭിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..
“കാലം കെടുത്താത്ത തീയില്ല എന്നല്ലേ..” “കാലം മായ്ക്കാത്ത മുറിവുകളും..”
അഭി കയ്യിലിരുന്ന പുസ്തകം അവൾക്ക് നേരെ നീട്ടി…
കൈ നീട്ടി അത് വാങ്ങി കൊണ്ട് ഡിപ്രഷന് കഴിക്കുന്ന ഗുളികകൾ ബാഗിൽ നിന്നും വാരിയെടുത്ത് വിഴുങ്ങി കൊണ്ട് അവള് തിരിഞ്ഞു നടന്നു..അഭി പ്രാണനിൽ നിന്ന് വിട്ടു പോയപ്പോൾ മുതൽ നാല് ചുവരുകൾക്കുള്ളിൽ വർഷങ്ങളോളം തനിക്ക് ആശ്വാസമായിരുന്ന ഗുളികകൾ…
ഓട്ടോയിലിരിക്കുമ്പോൾ പുസ്തകം വെറുതെ മറിച്ചു നോക്കി…അഭി അടയാളം വെച്ച താള്….
“അതിന് ഈ തീയ് എൻ്റെ നെഞ്ചിലല്ലെ പുകയുന്നത്…. ഈ മുറിവ് എൻ്റെ ഹൃദയത്തിലല്ലെ പോറൽ വീഴ്ത്തിയത്….”
ഒരാൾക്ക് പകരമാവാൻ മറ്റൊരാൾക്ക് കഴിഞ്ഞിരുന്നുവെങ്കിൽ…ഒരു നെഞ്ചും തകരില്ലായിരുന്നൂ…ഒരു കണ്ണും നിറയില്ലായിരുന്നൂ…”
അവസാനിച്ചു…