അപ്പോഴും അവരുടെ വഴക്ക് തുടർന്നുകൊണ്ടേയിരുന്നു. അപ്പുവും ഗോപുവും മുഖത്തോട് മുഖം നോക്കി….

രചന : തൂലിക

::::::::::::::::::::::::::::

“മടുത്തു ഈ ജീവിതം. എനിക്കിനി നിങ്ങളുടെ കൂടെ ജീവിക്കണ്ട. ഞാൻ ഡിവോഴ്സ് ഫയൽ ചെയ്യാൻ പോവാ”

“നീ ചെയ്യടി… നിന്നെ കെട്ടിയ അന്ന് മുതൽ എനിക്ക് കഷ്ടകാലമാ. എനിക്കും മടുത്തു.”

“എനിക്കറിയാം മടുക്കുമെന്ന് അതുകൊണ്ടാണല്ലോ കണ്ട പെണ്ണുങ്ങളെ തേടി പോയത് “

“ഡി… അനാവശ്യം പറഞ്ഞാലുണ്ടല്ലോ അടിച്ചു നിന്റെ…” അവൾക്ക് നേരെ കൈയോങ്ങിക്കൊണ്ട് അയാൾ പറഞ്ഞു.

അവർ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. പക്ഷെ വിവാഹം കഴിഞ്ഞ് ആദ്യനാളുകളിലുണ്ടായിരുന്ന പ്രണയം ഇപ്പോഴവരിൽ ഇപ്പോഴവരിൽ അവശേഷിക്കുന്നില്ല. അതെപ്പഴോ നഷ്ടമായിരിക്കുന്നു.

അച്ഛന്റെയും അമ്മയുടെയും പതിവ് വഴക്കുകൾ കേട്ട് അപ്പുവും ഗോപുവും പഠനമുറിയിൽ നിന്നും അവർക്കടുത്തേക്ക് വന്നു.

“എന്താ നിർത്തിയത്…അടിക്കുന്നില്ലേ?” അപ്പോഴും അവരുടെ വഴക്ക് തുടർന്നുകൊണ്ടേയിരുന്നു. അപ്പുവും ഗോപുവും മുഖത്തോട് മുഖം നോക്കി.

“പിള്ളേര് നിൽപ്പുണ്ട് അല്ലെങ്കിൽ…”

“അവർ അറിയട്ടെ എല്ലാം. പത്തും എട്ടും വയസ്സുള്ള കുട്ടികളല്ലേ അവർ, അവരും അറിയണം അച്ഛന്റെ ശരിക്കുമുള്ള സ്വഭാവം.”

“എന്റെ സ്വഭാവത്തിന് എന്താടി കുഴപ്പം. നിനക്ക് സംശയരോഗമാണ്. ചുമ്മാ സത്യം അറിയാതെ ഓരോന്ന് വിളിച്ചു പറയുന്നു”

“അച്ഛാ… അമ്മേ… എന്തായിത്” അതുവരെ നിശബ്ദത പാലിച്ച അപ്പു ചോദിച്ചു.

“നിങ്ങടെ അച്ഛന് അമ്മയോടൊരു സ്നേഹവും ഇല്ല മക്കളെ. അച്ഛൻ അമ്മയെ പറ്റിക്കുവായിരുന്നു.”

“പിള്ളേരോട് നുണ പറയുന്നോടി. ചുമ്മാ പറയുന്നതാ മക്കളെ നിങ്ങടെ അമ്മക്ക് ഭ്രാന്താ”

“ഞങ്ങൾക്ക് നിങ്ങളോടൊരു കാര്യം പറയാനുണ്ട്” അപ്പു പറഞ്ഞു.

“അറിയാം മോനെ. ഇങ്ങനെ വഴക്കുണ്ടാക്കുന്നതിനോട് എനിക്കും താല്പര്യമില്ല. നിങ്ങളെ ഓർത്ത്‌ മാത്രം ക്ഷമിക്കുവാ ഞാൻ.”

“എന്നാൽ അങ്ങനെ ക്ഷമിക്കേണ്ട എന്ന് പറയാനാ ഞങ്ങൾ വന്നത്.”

രണ്ടുപേരും ഞെട്ടി അപ്പുവിന്റെ മുഖത്തേക്ക് നോക്കി.

“ചേട്ടൻ പറഞ്ഞത് ശരിയാ… അച്ഛനും അമ്മേം ഞങ്ങളെ ഓർത്ത് ക്ഷമിക്കാതെ രണ്ടുവഴിക്ക് പൊക്കോ. ഞങ്ങളെ അമ്മൂമ്മ നോക്കിക്കോളും”

“മക്കളെ… അത്…” അയാൾ വാക്കുകൾക്ക് വേണ്ടി പരതി.

“അമ്മയല്ലേ പറഞ്ഞെ ഡിവോഴ്സിന് പോവാണെന്നു. നാളെത്തന്നെ വക്കീലിനെ കാണാം അല്ലേ അമ്മേ”

സാധാരണ വഴക്കുണ്ടാക്കുമ്പോൾ തങ്ങളെ പിടിച്ചുമാറ്റാറുള്ള മക്കൾ പറഞ്ഞത് കേട്ട് അവർ രണ്ടുപേരും അമ്പരന്നു പോയി. അവരിൽ നിന്ന് അങ്ങനെയൊരു മറുപടി അവർ പ്രതീക്ഷിച്ചിരുന്നില്ല.

“അമ്മ എന്താ ഒന്നും മിണ്ടാത്തെ? അമ്മ പറഞ്ഞത് ശരിയാ. ഇങ്ങനെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതിൽ കാര്യമില്ല അമ്മേ. ഞങ്ങൾക്ക് വിഷമം ഒന്നുമില്ല, നിങ്ങടെ വഴക്ക് കാണുന്നതിലും ഭേദം അതാ.”

“നാ…നാളെത്തന്നെ വേണോ മോനെ?”

“അതെന്താ അമ്മ? എപ്പഴും പറയാറുള്ളതല്ലേ ഡിവോഴ്സിന്റെ കാര്യം. അത് നേരത്തെ ആക്കുന്നതല്ലേ നല്ലത്.”

“അരുത് ” എന്ന് പറയാൻ നാവ് പൊങ്ങിയെങ്കിലും അത് പുറത്ത് വരാൻ അയാളുടെ ഈഗോ അനുവദിച്ചില്ല.

അവൾ അയാളെ നോക്കി. അയാൾ ഒന്നും മിണ്ടാതെ താഴോട്ട് നോക്കി ഇരിക്കുകയായിരുന്നു. വഴക്കുണ്ടാക്കിയപ്പോൾ ഉണ്ടായിരുന്ന ശൗര്യവും കോപവും ഇപ്പോൾ അയാളിലില്ല.

“അച്ഛാ… ഞങ്ങൾ പറഞ്ഞത് ശരിയല്ലേ. അച്ഛൻ തന്നല്ലേ പറഞ്ഞെ കല്യാണം കഴിഞ്ഞതോടെ കഷ്ടകാലമാണെന്ന്”

“അത്… ദേഷ്യം വരുമ്പോ അച്ഛൻ ഓരോന്ന് പറയുന്നതല്ലേ മക്കളേ. ഞങ്ങൾ പിരിഞ്ഞാൽ നിങ്ങളെ ആര് നോക്കും. അമ്മൂമ്മക്ക് വയ്യാതെ ഇരിക്കുവല്ലേ.”

“അതൊന്നും ഓർത്ത് അച്ഛൻ വിഷമിക്കണ്ട. ഞങ്ങളെ ഓർത്ത് അച്ഛനും അമ്മയും എല്ലാം ക്ഷമിച്ചു ജീവിക്കണ്ട. അമ്മ, പറഞ്ഞത് മറക്കണ്ട നമുക്ക് നാളെ തന്നെ പോവാം.” കുട്ടികൾ രണ്ടുപേരും അവരുടെ മുറിയിലേക്ക് പോയി.

പിന്നീട് അവരുടെ ശബ്ദം ഉയർന്ന് കേട്ടില്ല.

അടുത്ത ദിവസം രാവിലെ താഴേക്ക് വന്ന മക്കൾ കണ്ടത് അച്ഛനോടൊപ്പമിരുന്ന് കളിതമാശകൾ പറഞ്ഞ് ചിരിക്കുന്ന അമ്മയേയാണ്. അവർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.

“എന്താ അവിടെത്തന്നെ നിന്നു കളഞ്ഞത് വാ രണ്ടാളും.” അന്തം വിട്ട് നോക്കുന്ന മക്കളെ നോക്കി അയാൾ വിളിച്ചു.

“നിങ്ങടെ വഴക്കൊക്കെ മാറിയോ?”

“അച്ഛന്റെയും അമ്മയുടെയും പ്രശ്നം എന്തായിരുന്നു എന്നറിയാമോ? ഞങ്ങൾ പരസ്പരം തുറന്നു സംസാരിച്ചിരുന്നില്ല. ഇന്നലെ നിങ്ങൾ അങ്ങനെ പറഞ്ഞതിന് ശേഷം ഞങ്ങൾ സംസാരിച്ചു. ശരിക്കും പിരിയണോ എന്ന് ചിന്തിച്ചു.”

“ഡിവോഴ്സ് ചെയ്യണം എന്നൊക്കെ പറയുമെങ്കിലും എനിക്കങ്ങനെ ഒരു ആഗ്രഹം ഇല്ലായിരുന്നു. പണ്ടത്തെപ്പോലെ അച്ഛൻ അമ്മയെ സ്നേഹിക്കുന്നില്ല കെയർ ചെയ്യുന്നില്ല എന്നൊക്കെയുള്ള തോന്നലായിരുന്നു എനിക്ക്. വെറും തോന്നൽ മാത്രമല്ലായിരുന്നു അത്.” അവസാനത്തെ വരി അയാളെ നോക്കിക്കൊണ്ടാണ് അവൾ പറഞ്ഞത്.

“അപ്പൊ നിങ്ങളിനി ഒരിക്കലും വഴക്കുണ്ടാക്കില്ലല്ലോ അല്ലേ?”

“ഒരിക്കലുമില്ല” അവർ ഒരുമിച്ചാണ് അത് പറഞ്ഞത്.

“നമുക്കെല്ലാവർക്കും കുറച്ചു നാളത്തേക്ക് ഒരു ട്രിപ്പ്‌ പോയാലോ. എന്ത് പറയുന്നു”

“അടിപൊളി അച്ഛാ” രണ്ടുപേരും തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു.

വീട്ടിലെ വഴക്ക് കാരണം വിഷമിച്ചിരുന്ന തനിക്ക് ഈ ഐഡിയ പറഞ്ഞുതന്ന പ്രിയപ്പെട്ട ടീച്ചറുടെ വാക്കുകൾ ആയിരുന്നു അപ്പുവിന്റെ മനസിലപ്പോൾ.

‘നഷ്ടപ്പെടും എന്ന് തോന്നുമ്പോഴേ എന്ത്‌ കാര്യവും നമുക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലാകൂ.’

(അവസാനിച്ചു)