പറയാൻ ഒന്നുമില്ലാതെ ചുവരും ചാരി അവൾ ഇരുന്നതും എനിക്കൊരു വെളിപാട് കിട്ടി..

കബ്‌സ

രചന : ജിനിത

::::::::::::::::::::

രാവിലെ മുതൽ നല്ല മഴയാണ് ഒപ്പം കട്ടകലിപ്പിലാണ് ഭാര്യ.. പുസ്തകം പ്രസിദ്ധീകരിക്കണമെന്ന അവളുടെ ആഗ്രഹത്തെ പപ്പടംപോലെ പൊട്ടിച്ചു വെള്ളപുട്ടിനൊപ്പം ഞാൻ അകത്താക്കി.. ആക്രാന്തത്തിൽ കഴിക്കുന്നതിനിടയിൽ സവാൻ പോണെന്ന് അവൾ പറഞ്ഞത് ശ്രദ്ധിച്ചതുമില്ല.. അതിന്റെ കലിപ്പിൽ ലീവ് ദിവസമായ ഇന്ന് ഞാൻ ചോദിക്കുന്നതിനൊക്കെ ആ കണ്ണുകളിൽ നിന്നും തീപ്പൊരി ചിതറുന്നുണ്ട്..

പത്രത്തിൽ മാട്രിമോണിയൽ പേജ് വായിച്ചിരിക്കെ ഒരു ശങ്ക.. സ്ത്രീകൾ ആത്മഹത്യ ചെയ്യാൻ മടിക്കുന്നതിനെ കുറിച്ചുള്ള നർമ്മക്കഥ വായിച്ചത് ഇന്നലെ എന്നോട് പറഞ്ഞു ചിരിച്ചു മറിഞ്ഞവളാ.. ഈശോയെ, അതെങ്ങാനും ഇന്നവൾ പരീക്ഷിക്കാൻ ശ്രമിക്കുവോ?? പൊട്ടത്തരത്തിൽ ഡോക്ടറേറ്റ് ഉള്ളവളാണ്.. ഓടി മുറിയിലെത്തിയ എന്റെ ശങ്ക തെറ്റിയില്ല, തുണിയൊക്കെ വലിച്ചുവാരി ഇട്ടിരിക്കുന്നു.. സംഗതി ആത്മഹത്യയ്ക്കുള്ള തയ്യാറെടുപ്പാണ്..

മുറിയിലെ സീലിങിൽ എങ്ങനെയിവൾ കുരുക്കിടുമെന്ന സംശയം തോന്നിയെങ്കിലും ആ ത്മഹത്യബാധ ഒഴിപ്പിക്കാനായി ഞാനെന്റെ കുബുദ്ധിയെ ഉണർത്തി..ഗൗരവത്തിൽ ഞാൻ,

“സെലക്ഷൻ കഴിഞ്ഞില്ലേ?? എട്ടുമണിയ്ക്ക് സാവാൻ പോണെന്ന് പറഞ്ഞതാ ഇപ്പോൾ പതിനൊന്നാകുന്നു..”

“കൻഫ്യൂഷനാ ഇച്ചേ..”

ഒരെണ്ണം കൊടുക്കാൻ തോന്നിയെങ്കിലും ഞാൻ, “കുരുക്കിടാനുള്ള സാരിയാണോ അതോ നിന്റെ ഡ്രസ് ഞാൻ പുതിയ ഭാര്യയ്ക്ക് കൊടുക്കുമെന്ന കൻഫ്യൂഷനാണോ??”

പുച്ഛത്തോടെ എന്നെ നോക്കിയ അവൾ, “രണ്ടും ഉണ്ട്.. എല്ലാം എനിക്കിഷ്‌ടപെട്ട ഡ്രസ്സ്..”

“രണ്ടാമത്തെ സംശയം വേണ്ട… നീയിട്ട ഡ്രസ് എന്റെ പുതിയ ഭാര്യയ്ക്ക് കൊടുക്കാൻ ഞാനത്ര ദരിദ്രവാസിയല്ല, അവക്കേ ഞാൻ പുതിയത് വാങ്ങി കൊടുക്കും.. ആഭരണങ്ങളും പുതിയ മോഡൽ മാറ്റി വാങ്ങും..”

മറുപടി നൽകി ഞാനെന്റെ കെട്ടിയോളെ നോക്കി; അവിടെ കണ്ണുംതള്ളി അഗ്നിപർവ്വതം പുകഞ്ഞു തുടങ്ങി.. “പ്ലാനിങ് ഒക്കെ നേരത്തെ നടത്തിയല്ലേ മ്ലേച്ഛൻ??”

ങേ.. ഇതെന്ത് കു രിശ്.. എബിയേ നീയിവിടെ തോൽക്കരുത്.. തോറ്റാൽ ഇനിയും സവാൻ പോണ ഡയലോഗ് ഇവൾ അടിക്കും എന്ന ആത്മഗതം ഒളിപ്പിച്ചു ഞാൻ പറഞ്ഞു, “യാ.. ഞാൻ ഒറ്റയ്ക്ക് ആകരുതല്ലോ.. അതിനാൽ മാട്രിമോണിയലിൽ ദേ റജിസ്റ്റർ ചെയ്യാൻ പോണ്..”

ബാഹുബലി സ്റ്റൈലിൽ ചിരിച്ചു ഞാൻ ഗൂഗിളിൽ തപ്പിയെടുത്ത പടം കാണിച്ചതും, കയ്യിൽ കിട്ടിയ തുണിയൊക്കെ എന്റെ നെഞ്ചത്തോട്ട് എറിഞ്ഞിട്ടു അവൾ അലറി..

“പണ്ട് തേപ്പ് കിട്ടിയപ്പോൾ ഇത്രേം മുട്ടിയില്ലല്ലോ കെട്ടാൻ.. ആരേലും നിർബന്ധിച്ചാലെ കെട്ടൂ എന്നൊക്കെ പറയുന്നത് വെറുതെയ..”

“അതോണ്ട് ഇത്തവണ നിർബന്ധിക്കാതെ ഞാൻ തുടങ്ങി..” മാന്തൽ പ്രതീക്ഷിച്ച എന്റെ പ്രതീക്ഷ തെറ്റിച്ചു ആൾ വീണ്ടും തുണിയൊക്കെ തപ്പിത്തുടങ്ങി.. ഇവളൊരു വഴിയ്ക്ക് വരില്ലെന്ന് ബോധ്യമായതിനാൽ അടുത്ത അടവെടുത്തു..

“വല്ലോം ഉടൻ നടക്കോ?? ഒരു തീരുമാനം ആയിരുന്നെങ്കിൽ ഉച്ചയ്ക്കുള്ള കബ്‌സ തയ്യാറാക്കാരുന്നു..”

“ഹായ് കബ്‌സ.. ഇച്ചേ, എനിക്കും വേണം..”

“നീ സവാൻ പോകുവല്ലേ??”

“കഴിച്ചിട്ടേ സാവൂ.. എനിക്ക് വിശന്നാലോ.. കോഴിടെ രണ്ട് കാലും എനിക്കുവേണം..”

ഹെന്റെ കർത്താവേ, ഇവളെകൊണ്ട് ഞാൻ തോറ്റു.. (ആത്മഗതം) “ശരി ശരി.. അതിന്റെ കുറവ് വേണ്ട..”

പറഞ്ഞതും ആളൊരു തുണിയെടുത്തു കാണിച്ചു, “ടാ ഇത് പുതിയ ചുരിദാറിന്റെ ദുപ്പട്ട അല്ലെ??”

“ഉം.. ഞാനിത് ഒരുദിവസം മാത്രേ ഇട്ടുള്ളൂ..”

“ഓഹ് ആഗ്രഹപൂർത്തീകരണം.. പക്ഷെ ഈ ഷോളിൽ തൂങ്ങിയാൽ പൊട്ടി താഴെ വീഴും.. എല്ലൊക്കെ നുള്ളിപെറുക്കി എടുക്കേണ്ടി വരും..”

എന്റെ വാക്ക് കേട്ടതും ആൾ വിരൽ കടിച്ചു ആലോചിക്കാൻ തുടങ്ങി.. “എങ്കിൽ നിങ്ങടെ ഒരു മുണ്ട് എടുക്കാം ല്ലേ??”

കണ്ണ് തള്ളിയ ഞാൻ, “അയ്യേ.. ആത്മാക്കളുടെ ലോകത്തിൽ എത്തുമ്പോൾ അവിടത്തെ ഫെമിനിസ്റ്റുകൾ നിന്നെ കളിയാക്കും.. കെട്ടിയോന്റെ മുണ്ടെ കിട്ടിയൊള്ളോന്ന് പറഞ്ഞു..”

“”ശരിയാ.. ഇനിയെന്താ ചെയ്യ??”

“വല്ല കമ്പിളിയും എടുക്ക്..”

സംശയത്തോടെ എന്നെ നോക്കി അവൾ, “ഞാനെന്ത് കുളു മണാലി പോണ??”

“അതല്ലട.. മോർച്ചറിയിൽ നല്ല തണുപ്പായിരിക്കും..” ഞാനെന്റെ ഇരുപത്തിയഞ്ചാം അടവെടുത്തു..

“മോ ർച്ചറിയിലാ??’

“ആ ത്മഹത്യ ചെയ്ത നിന്നെ ഞാൻ ഇവിടെയാണോ വച്ചിരിക്കുവോ??

“ഞാൻ ഇവിടെയല്ലേ ചാകുന്നത്..”

“ആ ഐഡിയ ഒന്നും വേണ്ട.. ആ ത്മഹത്യ വിജയിച്ചാലുടൻ ഞാൻ ആശുപത്രിയിൽ എത്തിക്കും.. അവിടുന്നു അവർ പോസ്റ്റുമോർട്ടം നടത്തും..”

“ആ ത്മഹത്യക്ക് എന്തിനാ മനുഷ്യ പോസ്റ്റുമോർട്ടം..” ആൾ എനിക്കരുകിൽ എത്തി

“ഞാൻ നിർബന്ധിച്ചു ചെയ്യിപ്പിക്കും.. ഞാൻ പുതിയ ഭാര്യയുമായി ജീവിക്കുമ്പോൾ നീ വെള്ളസാരിയും ഉടുത്തു ജനാലവഴി നോക്കി നീതി ചോദിച്ചാൽ നിനക്ക് തരാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വേണം..”

എന്റെ നെഞ്ചുനോക്കി ഇടിയും തന്നിട്ട്, “വെറുതെയല്ല മനുഷ്യാ അവൾ നിങ്ങളെ തേച്ചത്.. ഹും…”

ഹെന്റെ മാതാവേ, ഇവളുടെ പൊട്ടത്തരം എന്നെ തേച്ചതും ക്യാ ബന്ധം?? എന്നു ആത്മഗതിച്ച എന്നെ, എന്നെക്കാളും വലിയ ദുരന്തമേ എന്ന ഭാവത്തിൽ അവൾ നോക്കി..

“കണ്ണൊന്നും ഉരുട്ടണ്ട.. ഞാൻ പറഞ്ഞത് സത്യമാ.. ആശുപത്രിയിൽ എത്തിച്ചാലുടൻ അവർ പോസ്റ്റുമോർട്ടം ടേബിളിൽ വയ്ക്കും.. എന്നിട്ടാദ്യം ഡ്രസ്സൊക്കെ മാറ്റും..”

“അയ്യേ.. എനിക്കെങ്ങും പോ സ്റ്റുമോർട്ടം വേണ്ട..”

“നിനക്ക് വേണം എങ്കിലേ നീ അനുസരണ പഠിക്കൂ.. പത്തുപതിനഞ്ചു പുരുഷ ഡോക്ടർമാർ ടേബിളിൽ കിടക്കുന്ന നിനക്ക് ചുറ്റും നിൽക്കും.. ഓർത്തു നോക്കിയേ..”

“അയ്യേ ഞാൻ സമ്മതിക്കൂല.. ഛീ നാണമില്ലാത്ത വൃ ത്തികെട്ടവന്മാർ..” പറഞ്ഞതും പേടിച്ചെന്റെ കയ്യിൽപ്പിടിച്ചു അവളിരുന്നു. എബീ, നീ പകുതി ജയിച്ചു.. ഈ പേടിയിൽ കുറച്ചു പെട്രോൾ ഒഴിച്ചു കുന്തിരിക്കമിട്ട് ക ത്തിക്ക്.. (ആത്മഗതം).. വീണ്ടും ഞാൻ,

“ദേ ഞാൻ പറയുന്നത് മിണ്ടാതെ കേട്ടോ.. ബയോളജി പരീക്ഷയ്ക്ക് ഫിസിക്സ് ചോദ്യം കിട്ടിയത് പോലെ അറിയില്ലെന്ന് പറഞ്ഞു പ്രേ തമായി വന്നേക്കരുത്.. ഞാൻ പെണ്ണുകാണൽ ഒക്കെയായി തിരക്കായിരിക്കും..”

ആൾ ദയനീയമായി നോക്കിയതും അടുത്ത അടവെടുത്തു ഞാൻ.. “പാറപൊട്ടിക്കുന്ന വലിയചുറ്റിക കുറെ ഉണ്ടാകും അവിടെ.. ഒരാൾ ഒരു ചുറ്റികയെടുത്തു തല അടിച്ചു പൊട്ടിക്കും.. ഒരാൾ നെഞ്ചും..”

“അയ്യോന്റെ ഈശോയെ എന്നെ കൊ ല്ലുന്നേ..” എന്നു വിളിച്ചു ആൾ നെഞ്ചും പിടിച്ചു ഇരിപ്പായി.. കാണാത്തമട്ടിൽ ഞാൻ,

“ഓരോ ഡോക്ടറ്റെഴ്‌സായി കയ്യും കാലുമൊക്കെ തല്ലി ഒടിക്കും.. അവസാനം കു ടക്കമ്പി പോലൊരെണ്ണം മൂക്കിൽ കൂടി ഇട്ട് വട്ടംചുറ്റി തലച്ചോർ മുതൽ കിഡ്നി വരെ പുറത്തെടുക്കും.. ആലോചിച്ചു നോക്കിയേ..”

ആലോചിച്ചു നോക്കാൻപോലും സമയം കിട്ടാതെ മൂക്കും വായും പൊത്തിപിടിച്ചു അവൾ വാഷ്‌റൂമിൽപോയി വാള് വച്ചു.. ബാക്കി പറയാൻ ഞാൻ അങ്ങോട്ട് വെച്ചുപ്പിടിച്ചു.. പുറംതടവി ബാക്കി പറയാൻ ഒരുങ്ങിയ എന്നെ അവൾ തടഞ്ഞു..

“ഇച്ചേ, ഇതൊന്നും ഇല്ലാത്ത പോ സ്റ്റുമോർട്ടം മതി..”

“ഇതൊക്കെ മുഖ്യം ആണ്.. ഞാൻ ബാക്കികൂടി പറയാം.. പോസ്റ്റുമോർട്ടം നടത്തി മോ ർച്ചറിയിൽ കേറ്റും.. അവിടെ നല്ല തണുപ്പാണ്..”

“അല്ല മനുഷ്യ മോർ ച്ചറിയൊക്കെ വേണോ?? അവന്മാരൊക്കെ എന്നെ കൊ ല്ലാക്കൊല ചെയ്‌തയുടൻ ഇങ്ങോട്ട് എടുക്കരുതോ??”

“ദേ കാളികുട്ടി കളി പറയല്ലേ.. ഞാനീ മാട്രിമോണിയലിൽ നിന്നും ഒന്നിനെ കണ്ടെത്തി കല്യാണഡേറ്റ് ഫിക്സ് ചെയ്യുന്നവരെ നീ മോർച്ചറിയിൽ അഡ്ജസ്റ്റ് ചെയ്യണം..എലിയും പാറ്റയും കണ്ണിൽ കടിക്കും, വായ് വഴി ഉള്ളിൽ കേറി പെറ്റുപെരുകും.. അതൊക്കെ അറിഞ്ഞില്ലെന്ന് ഭാവിച്ചേക്കണം..”

ഏതാണ്ട് സമ്മിശ്രഭാവത്തിൽ ഇരുന്ന ആൾ, “കല്യാണം മാത്രം ആക്കണ്ട മനുഷ്യ.. അവളുടെ പേറും കൊച്ചിന്റെ മാമ്മോദീസയും കഴിഞ്ഞിട്ട് വന്നാൽ മതി..”

“നൈസ് ഐഡിയ.. നോക്കാം..”

“നിങ്ങളെ കൊ ന്നിട്ട് ചാ കാൻ എന്നെ നിർബന്ധിപ്പിക്കരുത്..”

“കൂൾ കൂൾ..”

പറയാൻ ഒന്നുമില്ലാതെ ചുവരും ചാരി അവൾ ഇരുന്നതും എനിക്കൊരു വെളിപാട് കിട്ടി.. എബി ഇതാണ് സമയം ലാസ്റ്റ് ആണി കൂടിയങ്ങു അടിച്ചേയ്ക്ക്..

“ടാ പ്രധാനപ്പെട്ട കാര്യം മറന്നു..”

ഇനിയെന്താ എന്ന ഭാവത്തിൽ എന്നെ നോക്കിയ അവളുടെ അരികിൽ ഞാനും ഇരുന്നു..” മോർച്ചറിയിലെ ശ വഭോ ഗം കഥകളൊക്കെ നീ വായിച്ചിട്ടുണ്ടല്ലോ; അത്തരം ദുരനുഭവം ഉണ്ടായാൽ പരാതിയുമായി വന്നേക്കരുത്.. മിനിമം രണ്ടാഴ്ച്ചയെങ്കിലും മോർച്ചറിയിൽ കിടക്കേണ്ടി വരും അതുറ……”

ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞവസാനിപ്പിക്കും മുന്നേ മിനഞ്ഞാണ് കഴിച്ചതുവരെ അവൾ വാള് വെച്ചു.. കൃത്യമായി എന്റെ നെഞ്ചിൽ.. ഇനി വാളുവയ്ക്കാൻ ഒന്നുമില്ലാതെ ആയപ്പോൾ ബ്ലാ ബ്ലാ ശബ്ദം മാത്രം ബാക്കിയായി..

ഞാനൊന്ന് വൃത്തിയായ ശേഷം, “ടാ സമയം പോണ്.. ആ ത്മഹത്യ ചെയ്യണ്ടേ??”

‘പോടാ കാ ട്ടു മാ ക്കാനെ.. സ്വസ്ഥമായി ചാകാൻ പോലും സമ്മതിക്കാത്തവന്മാർ.. ****!.. എനിക്ക് ചാകണ്ടേ.. എന്നെ ആരേലും കൊ ന്നാൽ പോലും ഞാൻ ചാവൂല..”

മനോഹരമായി തെറിയും വിളിച്ചവൾ റൂമിലേയ്ക്ക് മടങ്ങി.. മ്മക്ക് സന്തോഷം.. ഈ ജന്മം സാവാൻ പോണെന്ന് ഇവൾ പറയില്ല.. ഉറപ്പിക്കാനായി മുറിയിൽ എത്തിയ ഞാൻ

“പേടിക്കേണ്ട പുതിയ ഭാര്യ എഴുതിയ കഥ എന്ന മട്ടിൽ നിന്റെ കഥ ഞാൻ പുസ്തകം ആക്കാം..”

“തന്റെ കയ്യും അവളുടെ തലയും ഞാൻ അടിച്ചു പൊട്ടിക്കും എന്റെ കഥ തൊട്ടാൽ.. ഞാൻ പുസ്തകം ആക്കാൻ പറഞ്ഞപ്പോൾ വയ്യ.. പ്ലാൻ ചെയ്തതോക്കെ മോൻ കളഞ്ഞേയ്ക്ക്.. ഈ ജന്മം നിങ്ങക്ക് ഞാനൊരു ഭാര്യയേ ഉള്ളൂ.. പുതിയ ഹണിമൂൺ പാക്കേജ് അങ്ങു മറന്നേക്ക്.. ഹും…” കാളികുട്ടി മിടുക്കിക്കുട്ടിയായി..

“ടാ, പുസ്തകമൊക്കെ സമയം ആകുമ്പോൾ നമുക്ക് ആക്കാം.. ” സമ്മതിച്ച മട്ടിൽ തഞ്ചാവൂർ ബൊമ്മ കണക്കെ അവൾ തലയാട്ടി.. വീണ്ടും ഞാൻ,

“ആ ത്മഹത്യ ബാധ ഒഴിഞ്ഞ സന്തോഷത്തിൽ നമുക്ക് പോയി ഓരോ ലമൺ ജ്യൂസ് കഴിച്ചു കബ്‌സ തയ്യാറാക്കാം.. കബ്‌സ കഴിച്ചു ഞാൻ ഉറങ്ങും എന്റെ കാളിക്കുട്ടി വലിച്ചുവാരിയിട്ടിരിക്കുന്ന ഈ തുണിയൊക്കെ മടക്കി അടുക്കി വീണ്ടും വയ്ക്കും..”

“ഹെന്ത്??” ദയനീയമായി എന്നെ നോക്കിയവളോട്,

“ഇനി ആ ത്മഹത്യ എന്നൊക്കെ വായിൽ വരുമ്പോൾ ഇതൊക്കെ ഓർമവേണം.. ഹല്ലപിന്നെ..”

(ശുഭം)