രചന: Jishnu Ramesan
:::::::::::::::::::::::
അയാൾക്കൊരു കാമുകി ഉണ്ടായിരുന്നത്രെ…!
വീടിനടുത്ത് അല്പം പടിഞ്ഞാറോട്ട് മാറി ഒരു കുഞ്ഞി വീട്ടിലാണ് അവരും താമസിക്കണത്…
ഭാര്യ അയാളെ അതും പറഞ്ഞ് വീർപ്പുമുട്ടിച്ചിട്ടുണ്ട്…എളിയ്ക്ക് കയ്യൂന്നി ഒന്ന് നെടുവീർപ്പിട്ട് അയാള് ചെലപ്പോ വീട്ടീന്ന് ഇറങ്ങി പോവുമായിരുന്നു…
അയാള് കാലത്ത് പണിക്ക് പോകാനിറങ്ങുമ്പോ, “ദാ ഇതിലെ പോയാലും നിങ്ങക്ക് അവിടെയെത്താലോ” എന്നും പറഞ്ഞ് അയാളുടെ കാമുകിയുടെ വീടിനു മുന്നിലൂടെയുള്ള പോക്ക് നിഷേധിച്ചു…
കല്യാണം കഴിഞ്ഞതിൽ പിന്നെ അയാള് തൻ്റെ കാമുകിയോട് മിണ്ടിയിട്ടില്ല…അപ്രതീക്ഷിതമായിട്ടല്ലാതെനേരിൽ കണ്ടിട്ടില്ല….
മീൻകാരിയായിരുന്ന അയാളുടെ കാമുകി കേറാത്ത അന്നാട്ടിലെ ഒരേ ഒരു വീട് അയാളുടെയായിരുന്നു…
ചെലപ്പോഴൊക്കെ സംശയം മൂർച്ഛിച്ച് ആ പെണ്ണിൻ്റെ പേരു പറഞ്ഞ് അവര് അയാളുടെ മെക്കട്ട് കേറുമായിരുന്നു…
അന്നാട്ടിലെ ഏതെങ്കിലും കല്യാണത്തിന് പോകാൻ അയാളൊണ് മുടി ചീകി ഒരുങ്ങിയാൽ അവര് പറയുമായിരുന്നു, “അവളും വരുന്നുണ്ടാവും ല്ലേ…! ലേശം അത്തറും കൂടി പൂശായിരുന്നില്ലെ…”
ആ പെണ്ണിനെ ഒന്നുറച്ച് നോക്കിയിട്ട് അയാള് അവിടുന്ന് ഇറങ്ങി പോകുമായിരുന്നു…
എന്നിട്ടും അയാൾക്ക് തൻ്റെ ഭാര്യയെ ഏറെ ഇഷ്ടമായിരുന്നു…അവരുടെ ചിരി ഇഷ്ടമായിരുന്നു…ചെലപ്പോഴുള്ള മുറുമുറുപ്പ് ഒഴിച്ച് നിർത്തിയാൽ അയാളുടെ എല്ലാമായിരുന്നു ആ പെണ്ണ്…
ഒരൂസം വൈകുന്നേരം അയാളുടെ ചെക്കൻ വന്നിട്ട് പറഞ്ഞു, “അവടത്തെ മീൻകാരി ചേച്ചി മ രിച്ചൂന്ന്…”
മുറ്റത്തെ അഴയിൽ കിടന്ന തോർത്തെടുത്ത് അയാള് വേലിയിറങ്ങി അവിടേക്ക് ഓടി…
അവിടെ കൂടി നിന്നവരുടെ കൂടെ വെറുതെ ഒരു വട്ടം അയാളുടെ കാമുകിയെ കണ്ടിട്ട് അയാള് തിരിച്ച് നടന്നു…
വീട്ടിലെ വേലിപ്പടി കേറി വന്ന് തോളത്തെ തോർത്തൊന്ന് കൊടഞ്ഞിട്ട് ഉമ്മറത്ത് വിരിച്ച് അയാളവിടെയിരുന്നു…
ശരീരം വിയർത്ത്, കണ്ണ് കലങ്ങി, വിരല് വിറച്ച് അയാള് സ്വല്പ നേരം എന്തോ ആലോചിച്ചു…
അകത്ത് കേറി അയാളുടെ ഭാര്യയുടെ കയ്യിൽ.നിന്നൊരു സഞ്ചിയും വാങ്ങി അയാള് മുറ്റത്തേക്ക് ഇറങ്ങി നടന്നു…
എന്നിട്ട് അയാള് വെറുതെ പിറുപിറുത്തു, “ഇന്ന് മാസപ്പടി വാങ്ങിയില്ലെങ്കിൽ എല്ലാം
തീർന്നു പോവും, ഞാൻ വാങ്ങിയിട്ട് വരാം…”
വിരല് വിറച്ച്, ശരീരം വിയർത്ത് അയാള് നടന്നു സാധാരണപോലെ…