പത്തിരുപത് വയസ്സൊക്കെ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയും , കൂടെ ഉള്ളത് അച്ഛനും അമ്മയും ആണെന്ന് തോനുന്നു.

ചിത്ര…

രചന: സിയാദ് ചിലങ്ക

:::::::::::::::::::::

തട്ടുന്നതിന്റെയും മുട്ടുന്നതിന്റെയും ഒച്ച കേട്ടിട്ടാണ് വിനു ഉറക്കിൽ നിന്ന് ഉണർന്നത്…

ജനൽ തുറന്ന് നോക്കിയപ്പോൾ കിഴക്കേലെ വാടക വീട്ടിൽ പുതിയ താമസക്കാർ വന്നിരിക്കുന്നു.

പത്തിരുപത് വയസ്സൊക്കെ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയും , കൂടെ ഉള്ളത് അച്ഛനും അമ്മയും ആണെന്ന് തോനുന്നു.

ജനൽ ചാരിയിട്ട് വീണ്ടും തലയിലൂടെ പുതപ്പ് മൂടി കിടന്നു… മനസ്സിന് ഒരു സമാധാനവുമില്ല.മനസ്സ് നിറയെ രമ്യയുടെ മുഖമാണ്.അവൾക്ക് എങ്ങനെ തന്നോട് ഇത് ചെയ്യാൻ തോന്നി.

ഇന്നലെ അവളുടെ വിവാഹം ആയിരുന്നു.അവൾ തനിക്ക് നല്ല കനത്തിൽ പണി തന്നിട്ടാണ് വീട്ടുകാർ പറഞ്ഞവനെ കെട്ടിയത്.

അന്ന് താൻ വേണ്ട എന്ന് പറഞ്ഞിട്ടും അവൾ മുൻകൈ എടുത്തിട്ടാണ് ആലപ്പുഴയിൽ റിസോർട്ട് എടുത്ത് ഒരു ദിവസം ഒരുമിച്ച് കഴിഞ്ഞത്. എല്ലാം പങ്കിട്ടു കഴിഞ്ഞപ്പോൾ അവൾ തന്റെ ജീവിത സഖിയായി കഴിഞ്ഞു എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു .അവൾ ഒരിക്കലും തന്നെ വിട്ട് പോകില്ല എന്ന് കരുതി.

നല്ല സമ്പത്തും സമൂഹത്തിൽ ഉയർന്ന പദവിയും എല്ലാം ഉള്ള ഒരുത്തന്റെ ആലോചന വീട്ടുകാർ കൊണ്ട് വന്നപ്പോൾ വളരെ നിസാരമായിട്ടാണ് അവൾ തന്നെ ഒഴിവാക്കിയത്.

റിസോർട്ടിലെ പട്ടുമെത്തയിൽ കിടന്ന് തന്റെ നെഞ്ചിൽ കൈവിരലുകൾ തലോടി…

“വിനുവേട്ടൻ ഇനി എന്നെ ചതിച്ചാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ലാട്ടൊ.”

എന്ന് പറഞ്ഞവളാണ്, ഈ ബന്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ, റിസോർട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചു എന്ന് പറഞ്ഞു കേസ് കൊടുക്കും…………എന്നും പറഞ്ഞത്.

അന്ന് രാത്രിയിലും അവളെ കുറിച്ചുള്ള ഓർമ്മകൾ കാരണം ഉറക്കം വരുന്നുണ്ടായിരുന്നില്ല എപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതി വീണതെന്നറിയില്ല.

അപ്പുറത്ത് പറമ്പിൽ ആരോ കിളക്കുന്നതിന്റെ ശബ്‌ദം കാതിൽ വീണപ്പോഴാണ് ഉറക്കിൽ നിന്ന് ഉണർന്നത്. മെല്ലെ ജനാല തുറന്ന് പുറത്തേക് നോക്കി.

ഇന്നലെ വാടക വീട്ടിൽ വന്ന പെൺകുട്ടി പറമ്പ് എല്ലാം കൊത്തി മറിക്കുന്നു, കുറെ ചെടികളും ചെടിച്ചട്ടികളുമെല്ലാം മുറ്റം നിറയെ ഇറക്കി വെച്ചിട്ടുണ്ട്. മുറിയിലെ ജനാല തുറന്നാൽ അവരുടെ വീടിന്റെ സിറ്റൗട്ടും മുറ്റവും എല്ലാം ശരിക്ക് കാണാം.

ചെറുതായി ഒരു ചുമ ഉണ്ടാക്കിയപ്പോൾ, അവൾ തിരിഞ്ഞു നോക്കി, വിനുവിനെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

അവളുടെ പുഞ്ചിരി വിനുവിന്റെ മനസ്സ് നിറച്ചു,എന്ത് ഭംഗിയാണ് ആ കൊച്ചിന്റെ ചിരി കാണാൻ.

കുളിച്ച് റെഡിയായി പുറത്തേക്കിറങ്ങിയപ്പോൾ ആ കുട്ടി വെയിലത്ത്‌ നിന്ന് ചെടികൾ നടുന്നു.

അവൻ മെല്ലെ മതിലിനരികിലേക്ക് ചെന്നു,അവൾ അപ്പോഴും നല്ല തിരക്കിട്ട പണിയിലാണ്, ശരീരവും വസ്ത്രവും എല്ലാം വിയർത്തിരിക്കുന്നു. നെറ്റിയിൽപാറി കിടക്കുന്ന അവളുടെ മുടിയിഴകിലൂടെ അവളുടെ വിടർന്ന കണ്ണുകൾ കാണാൻ എന്ത് ഭംഗിയാണ്.

“പുതിയ താമസക്കാരാണല്ലെ? “

അവൾ മെല്ലെ മുഖം ഉയർത്തി നോക്കി….

“എന്റെ പേര് വിനു….കുട്ടിയുടെ പേരെന്താണ്?”

“ചിത്ര…”…

“ചിത്ര എന്ത് ചെയ്യുന്നു പടിക്കുകയാണൊ?…..”

“ആ ഡിഗ്രി ചെയ്യുന്നു ..”

“എവിടെയാ മുന്ന് താമസിച്ചിരുന്നത്?

“ഇരിഞ്ഞാലക്കുടയിൽ ആയിരുന്നു, അച്ഛൻ ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയി,പെട്ടെന്ന് വീട് മാറേണ്ടി വന്നത് കൊണ്ട് ഒന്നും റെഡിയാക്കാൻ സമയം കിട്ടിയില്ല …ചേട്ടാ ഇവിടെ അടുത്ത് ചെടികൾ വെക്കാൻ നല്ല പോട്ടുകൾ വാങ്ങാൻ കിട്ടുന്നത് എവിടെയാ?”

“ഇവിടന്ന് ഒരു രണ്ട് കിലോമീറ്റർ പോയാൽ മതി…. എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി ഞാൻ വാങ്ങി കൊണ്ട് വരാം….”

ചിത്രയുമായി നല്ല കൂട്ടായി, ഇടക്കെല്ലാം അവളെ സഹായിക്കാൻ കൂടാറുണ്ട്, ഏതാനും ദിവസങ്ങൾ കൊണ്ട് അവൾ കാട് പിടിച്ച് കിടന്ന പറമ്പെല്ലാം നിറയെ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന.പൂന്തോട്ട മാക്കി മാറ്റിയിരുന്നു.

അവളുടെ പൂന്തോട്ടത്തിൽ ആദ്യമായ് ഉണ്ടായ മാജിക് ഫ്രൂട്ട് പഴുത്തപ്പോൾ, വിനുവേട്ടാ എന്ന് വിളിച്ചു അവൾ വീട്ടിലേക് ഓടി വന്നു.

വായിൽ മധുരം നിറഞ്ഞപ്പോൾ അവൾ പറഞ്ഞു…

“ഇന്ന് ഒരു ദിവസം മുഴുവൻ ചേട്ടന്റെ വായിൽ എന്ത് കഴിച്ചാലും ഈ മധുരം ഉണ്ടാകും….”

അവൾ ഓടി മറഞ്ഞപ്പോൾ മനസ്സിൽ ഒരു വല്ലാത്ത സന്തോഷം… കൂടപ്പിറപ്പായി ആരും ഇല്ലാത്ത തനിക്ക് ഒരു അനുജത്തിയെ കിട്ടിയ സന്തോഷമായിരുന്നു വിനുവിന്.

അവന്റെ മനസ്സിൽ നിന്ന് രമ്യയുടെ ഓർമ്മകൾ എല്ലാം മാഞ്ഞു പോയിരുന്നു.ഒന്ന് മാറി നിൽക്കണം എന്നാഗ്രഹിച്ചപ്പോഴാണ് ബാംഗ്ലൂർക്ക് പുതിയ ഒരു ജോലി കിട്ടിയത്.

ചിത്രയോട് യാത്ര പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

“ഈ നാട്ടിൽ വന്നപ്പോൾ എനിക്ക് നല്ല ഒരു ഫ്രണ്ടിനെ കിട്ടിയതാ…ദാ ഇപ്പോൾ എന്നെ തനിച്ചാക്കി പോവുകയാ ണല്ലെ?…. വിനുവേട്ടൻ തിരിച്ചു വരു മ്പോൾ ഞാൻ ഇവിടെ തന്നെ ഉണ്ടാവൊ എന്നറിയില്ല…”

“ഒന്ന് പൊടി പെണ്ണെ ഞാൻ ഗൾഫിലേക്കും അമേരിക്കയിലേക്കും ഒന്നുമല്ലല്ലൊ പോകുന്നത് ബാംഗ്ലൂർക്കല്ലെ…. പിന്നെ ഈ ഫോൺ എല്ലാം എന്തിനാ…. വിളിക്കാലൊ…”

ബാംഗ്ലൂർ ചെന്ന് ജോലിക്ക് കയറി കുറച്ച് ദിവസം കൊണ്ട് തന്നെ അവിടുത്തെ തിരക്കിനോടും സാഹചര്യങ്ങളോടും പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.

ചിത്രയുമായി മിക്ക ദിവസങ്ങളിലും ഫോണിൽ വിശേഷങ്ങൾ പങ്കു വെക്കും,മനസ്സ് തുറന്നുള്ള അവളുടെ സംസാരം മനസ്സിന് വല്ലാത്ത ഒരു ഉണർവാണ്, അവളുടെ പൂന്തോട്ടത്തിലെ ചെടികൾ എല്ലാം ജീവനുള്ളവരായിട്ടാണ് അവൾ കാണുന്നത്.ഓരോ ചെടികളും പൂവിടുമ്പോഴും അവൾ വിളിച്ച് പറയും.

ഒരാണും പെണ്ണും തമ്മിൽ ഇങ്ങനെയും ഒരു ബന്ധം ഉണ്ടാവും എന്ന് തിരിച്ചറിഞ്ഞു….നിഷ്കളങ്കമായ ആത്മാർത്ഥ സൗഹൃദം…

രാവിലെ ഡ്യൂട്ടിക്ക് ഇറങ്ങാൻ നിൽകുമ്പോഴാണ് അമ്മയുടെ ഫോൺ വന്നത്.

“മോനെ പറ്റുമെങ്കിൽ ഇന്ന് തന്നെ ഒന്ന് നാട്ടിലേക്ക് വാ….നമ്മുടെ ചിത്രമോൾക് ഒരു ആക്‌സിഡന്റ് പറ്റി….മോൻ ടെൻഷൻ ആവണ്ട ഹോസ്പിറ്റലിലാണ് കുഴപ്പം ഒന്നുമില്ല.അവളുടെ അച്ഛൻ നിന്നോട് ഒന്ന് വന്ന് കാണാൻ പറയണം എന്ന് പറഞ്ഞു .”

കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ….നാട്ടിൽ എത്തുന്നത് വരെ അവൾക്ക് ഒന്നും പറ്റരുതെ ….. എന്ന പ്രാർത്ഥന മാത്രമായിരുന്നു….

നേരെ ഹോസ്പിറ്റലിലേക്ക് ചെന്നു, വരാന്തയിൽ വെച്ച് തന്നെ ചിത്രയുടെ അച്ഛനെ കണ്ടു, കണ്ട ഉടനെ അച്ഛൻ വിനുവിന്റെ അരികിലേക്ക് ഓടി വന്നു.

അദ്ദേഹം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വിനുവിനെ കെട്ടിപിടിച്ച് കരഞ്ഞു…

ഇല്ല അച്ഛാ ഒന്നും സംഭവിക്കില്ല….. അച്ഛനെ ആശ്വസിപിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഐ സി യു വിനു നേർക്ക് കൈ ചൂണ്ടി…

“വിനു വന്നൊ എന്ന് അവൾ കുറെ ചോദിച്ചു… കുറച്ച് കഴിഞ്ഞാൽ മോളെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റും….

തലയിൽ മുഴുവൻ വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെ മുഖം കണ്ട് അവന് വന്ന കരച്ചിൽ അടക്കി പിടിക്കാൻ കുറെ പാട് പെട്ടു …

അവൾ കണ്ണുകൾ കൊണ്ട് അവനെ അരികിലേക്ക് വിളിച്ചു…. അവന്റെ ചെവിയിൽ അവൾ മേല്ലെ പറഞ്ഞു..

“വിനുവേട്ടന്റെ റൂമിനരികിൽ നമ്മൾ രണ്ടാളും കൂടി നട്ട ജമന്തി പൂവിട്ടു…. എന്ത് മണമാണെന്നൊ…. അതിന്…”

“ഓപ്പറേഷൻ തിയേറ്ററിന് പുറത്ത് ഇരുന്ന് ഒന്ന് മയങ്ങിയപ്പോൾ… നിറയെ പൂക്കൾ ഉള്ള പൂന്തോട്ടത്തിൽ നീന്ന് ഒരു മാലാഖയെ പോലെ പുഞ്ചിരിച്ചു കൊണ്ട് അവൾ തന്റെ അരികിലേക്ക് വരുന്നത് അവൻ സ്വപ്നം കണ്ടു.

……………………..

സിയാദ് ചിലങ്ക