കാലചക്രം
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
:::::::::::::::::::
മങ്ങാട്ടേ ഗോവിന്ദൻ എന്ന എഴുപത്തിയഞ്ചുകാരൻ പുലരിയിലുണർന്ന്, വലിയ വീടിന്റെ ഉമ്മറവാതിൽ തുറന്ന്, വിരിയോടു പാകിയ മുറ്റം താണ്ടി, .കൂറ്റൻ ഗേറ്റിനരികിലേക്കെത്തി. ന്യൂസ്പേപ്പർ ബോക്സിൽ നിന്നും പത്രമെടുത്ത് തിരികേ വന്ന്, ഉമ്മറക്കോലായിലെ വിലയേറിയ സെറ്റിയിലിരുന്ന് പാരായണം ആരംഭിച്ചു.
അരനൂറ്റാണ്ടു പഴക്കമുള്ള ദിനചര്യകളിൽ ഏറ്റവും മുഖ്യമാണ് പത്രപാരായണം. തലയ്ക്കു മീതെ പ്രകാശം ചൊരിഞ്ഞ് ഭംഗിയുള്ള വൈദ്യുതവിളക്കുകളുടെ സഞ്ചയം തൂങ്ങി നിന്നു. കട്ടിക്കണ്ണട മുഖത്തു തിരുകി, ആദ്യതാളിൽ നിന്നും വായനയാരംഭിച്ചു.
വസുമതി ഇപ്പോൾ ഉണരാഞ്ഞതു നന്നായി..അയാൾ ഓർത്തു. അല്ലെങ്കിൽ അവൾ “ഈ എഴുപത്തഞ്ചാം കാലത്ത്, എന്തൂട്ടാ ഇത്ര വായിക്കാൻ” എന്നു പറഞ്ഞ് പരിഹസിച്ചേനേ.
“ഞാൻ പഴയ നാലാം ക്ലാസ്സുകാരനാടീ” എന്നവളോടു പറഞ്ഞു ചിരിച്ചേനെ.
“ഞാനും പഠിച്ചിട്ടുണ്ട് ഈ നാലാം ക്ലാസ്സുവരേ” എന്നു പറഞ്ഞ് അരികത്തിരുന്നേനെ..പിന്നെ, ഇത്ര കൂടി പറയും. “എനിക്ക് എഴുപതു കഴിഞ്ഞു. നിങ്ങളെപ്പോലെ കണ്ണുപിടിക്കണിലപ്പാ..” പിന്നെ, ഭാര്യ പകർന്നു തന്ന ചുടുചായയും മോന്തിയാകും ബാക്കി വായന.
ഇന്നു വസുമതി ഉണർന്നിട്ടില്ല. അവൾ പതുക്കേ ഉണർന്നാലും മതി. ചായ വൈകിയാലും വിരോധമില്ല. പുറത്തു നല്ല മഞ്ഞുണ്ട്. അവൾക്കു വേഗം നീരിളക്കം പിടിക്കും.
വായന അകത്താളുകളിലേക്കു കടന്നു. പൊടുന്നനെ ഒരു വാർത്തയിൽ തട്ടിത്തടഞ്ഞ് മിഴികൾ നിശ്ചലം നിന്നു.
“വൃദ്ധമാതാപിതാക്കളേ ഗുരുവായൂർ നടയിൽ ഉപേക്ഷിച്ച്, ഏകമകനും കുടുംബവും കടന്നുകളഞ്ഞു. മാതാപിതാക്കളിപ്പോൾ അഗതിമന്ദിരത്തിൽ….”
വാർത്തയ്ക്കു കീഴേ ചിത്രവുമുണ്ടായിരുന്നു. അഗതികളായ വൃദ്ധദമ്പതികളുടെ മിഴികളിൽ നിന്നും കണ്ണുനീർ വഴിയുന്നു. ഒരിക്കൽ, ഇതേ സ്ഥാനത്തു താനും വസുമതിയും വന്നാലുള്ള അവസ്ഥ; അതോർത്തപ്പോൾ അയാൾക്കു വല്ലാത്തൊരുൾക്കിടിലമുണ്ടായി. വസുമതി അരികിലില്ലാത്തതു ഉചിതമായെന്നു വീണ്ടും തോന്നി.
“നമ്മുടെ മോൻ അങ്ങനെ ചെയ്യോ ഗോവിന്ദേട്ടാ…..?.നാൽപ്പതാമത്തെ വയസ്സിലല്ലേ ഞാനവനേ പെറ്റിട്ടേ. നാൽപ്പത്തഞ്ചു കഴിഞ്ഞ നിങ്ങൾക്ക് വല്ല പ്രതീക്ഷയുമുണ്ടായിരുന്നോ, രഘൂന്റെ അച്ഛനാകുമെന്ന്. നമ്മളെന്തോരം പ്രാർത്ഥിച്ചു..എത്ര ചികിത്സകൾ ചെയ്തു. അങ്ങനെ ഉണ്ടായ മോനാ,.പെണ്ണു കെട്ടിയേപ്പിന്നേ അവനു വല്ലാത്ത മാറ്റങ്ങളൊക്കെയുണ്ട്. എന്നാലും, അവനിത്ര കടന്നു ചിന്തിക്കില്ല.”
അത്ര പറയുമ്പോഴേക്കും വസുമതിയുടെ മിഴികളിൽ നനവു പടർന്നിട്ടുണ്ടാകും. അവൾ തുടരും.
“നമ്മള് എത്ര കഷ്ട്ടപ്പെട്ടാ അവനെ പഠിപ്പിച്ചേ…ഓട്ടുകമ്പനീല് നമ്മള് എത്രയോ വർഷങ്ങൾ ചോര നീരാക്കി. അവനും വാശിയായിരുന്നു. എന്നും ക്ലാസിലെ ഒന്നാമനാകാൻ. അവന്റെ ഡിഗ്രിക്കാലം വരേ, കിഴക്കേലെ സോമൻ ചേട്ടന്റെ മോന്റെ പഴയ വസ്ത്രങ്ങളാണ് അവനിട്ടിരുന്നത്. പഠനം തുടരാൻ നമ്മള് സഹകരണ ബാങ്കീന്ന് ലോണെടുത്തപ്പോൾ നാട്ടുകാരു പറഞ്ഞതെന്താ, ഗോവിന്ദനും പെണ്ണിനും ഭ്രാ ന്താണെന്നല്ലേ. നമ്മുടെ കൂരയുടെ ചുവരിലെത്രയോ തവണ ജപ്തിക്കടലാസു പതിഞ്ഞിട്ടുണ്ട്.
അതിനെയൊക്കെ നമ്മള് കഷ്ടപ്പെട്ടു മറികടന്നു.നമ്മളെത്ര പേരുടെയടുത്തു സഹായം ചോദിച്ചു ചെന്നിട്ടുണ്ട്. സഹായം തന്നോരും പരിഹാസം തന്നോരും ഒത്തിരിയുണ്ട്. ഇപ്പോളവൻ പൊതുമേഖലാ സ്ഥാപനത്തിന്റെ ജനറൽ മാനേജരാവുകയും, ലക്ഷങ്ങൾ ശമ്പളം വാങ്ങുകയും ചെയ്യാൻ തുടങ്ങീപ്പോ എത്ര ബന്ധുക്കളാ സുഖാന്വേഷണത്തിനു വരണേ. എല്ലാം കാലത്തിന്റെ നീതി.”
വസുമതിയ്ക്കു ഒരേയൊരു സങ്കടമേയുള്ളൂ..മൂന്നു വർഷം മുൻപായിരുന്നു, രഘൂന്റേം സ്മിതയുടേയും വിവാഹം. അവർക്ക് ഇതുവരേ മക്കൾ ജനിച്ചിട്ടില്ല. ആ പായാരം കേൾക്കുമ്പോളേ താൻ മറുപടി പറയും.
“നീയൊന്നു ആവലാതി പിടിക്കാണ്ടിരിക്ക്. അവർക്കിനിയും സമയമുണ്ടല്ലോ. സ്മിതയെന്തോ കോഴ്സിനു പോണില്ലേ. അതുകഴിഞ്ഞ് അവർ അമേരിക്കയിലേക്കു ജോലിക്കു നോക്കണുണ്ടെന്നറിയില്ലേ..ഇവിടെ, രഘൂന് രണ്ടുലക്ഷത്തിനു മുകളിൽ മാസശമ്പളമുണ്ട്..എന്നാലും, അവർക്ക് വല്യ പദ്ധതികളൊക്കെ കാണും. അവരിപ്പോഴും ഉല്ലാസത്തിലല്ലേ. രാത്രി ഡ്രൈവിംഗും, ഞായർ കറക്കങ്ങളുമൊക്കെയായി.
ആദ്യം, നമ്മളേയും കൂട്ടി വല്ലപ്പോളും സിനിമയ്ക്കു പോകുമായിരുന്നു. ഇപ്പോൾ, അതും ടീവീലുണ്ട്. അവരുടെ കാര്യങ്ങൾ നിശ്ചയിക്കാനുള്ള ബുദ്ധിയും പക്വതയും അവർക്കുണ്ട്. നീയൊന്നു ആധി പിടിക്കാണ്ടിരിക്ക്….”
അതു കേൾക്കുമ്പോൾ വസുമതിയ്ക്കു മറുപടിയുണ്ട്.
“നിങ്ങളേപ്പോലെയല്ലാ മനുഷ്യാ അവൻ, നിങ്ങളു വ ലി ക്കും കുടിയ്ക്കുമൊന്നുമില്ലല്ലോ. അവനെല്ലാമുണ്ട്. നമ്മൾക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. ഇന്നത്തെ ചെറുപ്പക്കാര് മുപ്പതു കഴിയുമ്പോളേ വയസ്സരാകുന്നു.”
അവൾ പറയുന്നത് സത്യമാണ്. ഗോവിന്ദൻ തെല്ലു മ്ലാനതയോടെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു. മഞ്ഞു പൊഴിയുന്നുണ്ട്. മുറ്റത്തിറങ്ങി നിൽക്കുമ്പോൾ ദേഹം കിടുകിടുക്കുന്നു. മുകൾ നിലയിൽ, രഘൂന്റെ റൂമിലെ ജനൽപ്പാളികളിലൂടെ അരണ്ട വെട്ടം അരിച്ചെത്തുന്നു.
അയാൾ, അവരുടെ മുറിയ്ക്കു താഴെ ഭാഗത്തു വന്നുനിന്നു. നഗരത്തിലെ ഇത്തിരിയിടത്തിലാണു വീട്. ചുറ്റും മതിലുകൾ. അപ്പുറത്തേ പറമ്പു ശൂന്യമാണ്. അവിടെ, ഉടനൊരു വീടുയരുമെന്ന് പറയുന്നുണ്ട്.
അയാളുടെ കാലിലെന്തോ തടഞ്ഞു. പ്ലാസ്സിക് കവറിൽ, മുകളിൽ നിന്നും താഴേയ്ക്കു വലിച്ചെറിഞ്ഞ വസ്തുക്കൾ അങ്ങേപ്പറമ്പിലെത്താതെ മതിലിൽത്തട്ടി ഇങ്ങോട്ടു പതിച്ചതാണ്. ഗോവിന്ദൻ, കവർ എടുത്തു നോക്കി.
അതിൽ നിന്നും ഏതോ പരിഷ്കൃത മാം സാ ഹാരത്തിന്റെ ഗന്ധമുയരുന്നു. അയാൾ കഴിഞ്ഞ കാലങ്ങളേക്കുറിച്ചോർത്തു…
രഘുവിന്റെ കൗമാരത്തിൽ, കർക്കിടക സംക്രാന്തിക്കും വിഷു സംക്രാന്തിയ്ക്കും മാത്രമാണ് ഇ റച്ചി ക്ക റി വയ്ക്കുക. രഘൂന് കോഴിക്കറി ഏറെയിഷ്ടമാണ്. ആ രണ്ടു ദിവസങ്ങളിൽ അവനൊത്തിരി ചോറുണ്ണും. അവന്റെ ഇഷ്ടങ്ങളൊന്നും അന്നു സാധിച്ചു കൊടുക്കാൻ സാധിച്ചിട്ടില്ല. ഇന്നവൻ യഥേഷ്ടം ഭുജിക്കുന്നു. ഇതിനു ചിലവഴിക്കുന്ന പണമുണ്ടെങ്കിൽ ഇത്തിരി ഇ റച്ചി വാങ്ങി, വീട്ടിലെ സകലർക്കും സമൃദ്ധമായി കഴിക്കാം. വസുമതിയ്ക്ക് പോ ർക്കി റച്ചി ഒത്തിരിയിഷ്ടമാണ്. വിവാഹശേഷം, രഘു ആകേ മാറിയിരിക്കുന്നു.
വയോധികൻ, പ്ലാസ്റ്റിക് കവറെടുത്ത് മതിലിന്നപ്പുറത്തേക്കിട്ടു. വസുമതി അറിയേണ്ട. അവൾക്കു വിഷമമാകും. അടിച്ചുതളിയ്ക്കു വരുന്ന കൗസല്യയും കാണേണ്ട. അവളിതു നാട്ടിൽ പാട്ടാക്കും. ഇതിപ്പോൾ, ഒട്ടേറെത്തവണയായി ലക്ഷ്യം തെറ്റിയ കവറുകൾ താനെടുത്ത് അപ്പുറത്തേക്കിടുന്നത്. അവർ കുട്ടികളല്ലേ, സാരമില്ല.
അയാൾ, തിരികേ പൂമുഖത്തേക്കു വന്നു. പതിവു പോലെ വെറുതേയിരുന്നു. പത്രത്താളിലെ വാർത്തകളിലൂടെ സഞ്ചരിക്കാൻ അയാൾക്കു തോന്നിയില്ല. അകത്തു നിന്നും, വസുമതിയുടെ കാൽപ്പെരുമാറ്റം കേൾക്കുന്നുണ്ട്..അയാൾ, അകലേക്കു കണ്ണും നട്ടിരുന്നു. അകമിഴികൾക്കു മുന്നിൽ ഒരു ചിത്രം തെളിയുന്നു.
അമ്പലനടയിൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധദമ്പതികളുടെ ദൈന്യത സന്നിവേശിച്ച മുഖങ്ങളുടെ ചിത്രം. മഞ്ഞു പെയ്തുകൊണ്ടേയിരുന്നു…