പ്രണയത്തിന്റെ നീലശരികൾ…
രചന: ഭാഗ്യലക്ഷ്മി.കെ.സി
::::::::::::::::::
ഗിരീഷ് മലയാളം അദ്ധ്യാപകനായിരുന്നു. എല്ലാവരും മൊബൈൽഫോൺ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ഗിരീഷ് ഒന്ന് മടിച്ചു. പിന്നീട് മക്കളൊക്കെ നി൪ബ്ബന്ധിച്ചപ്പോഴാണ് ഫോൺ വാങ്ങിച്ചത്. ശ്രേയയും ലയയും വൈകുന്നേരം വീടെത്തിയോ എന്നറിയാനും അമ്മയെ വിളിക്കാനുമേ അയാൾ ആ ഫോൺ ഉപയോഗിച്ചിരുന്നുള്ളൂ. ലിനി അപൂർവ്വമായി വീട്ടുസാധനങ്ങൾ വാങ്ങാൻ പറയാൻ വിളിക്കും.
അച്ഛാ അച്ഛന് കോംപ്ലക്സാണോ..?
മകളുടെ ചോദ്യം കേട്ട് അയാൾ ചൂളിപ്പോയിട്ടുണ്ട്.
എന്തിന്..?
അല്ല, അമ്മ കണക്ക് ടീച്ചറായതുകൊണ്ട്..
ലിനി അവളെ നോക്കി കണ്ണുരുട്ടിയതുകൊണ്ട് തത്കാലം രക്ഷപ്പെട്ടു.
ഗിരീഷ് ചിലപ്പോഴൊക്കെ ആലോചിക്കും തനിക്ക് അങ്ങനെ ഒരു കോംപ്ലക്സ് ഉണ്ടോ…ലിനി തന്നേക്കാൾ എല്ലാറ്റിനും മുൻപന്തിയിലാണ്. അവളുടെ വീട്ടുകാരാവട്ടെ, സാമ്പത്തികസ്ഥിതിയിൽ മുന്നിട്ടു നിൽക്കുന്നു, പെരുമാറ്റത്തിലും ആധുനികമായ രീതികൾ പുല൪ത്തുന്നു. തന്റെ വീട് നാട്ടിൻപുറത്തായതിന്റെ പോരായ്മകൾ ഉണ്ട്. പക്ഷേ അവരൊന്നും ഒരിക്കലും ആ വിവേചനമൊട്ട് കാണിച്ചിട്ടുമില്ല.
എല്ലാവരും ആൻഡ്രോയ്ഡ് ഫോണിലേക്ക് മാറിയപ്പോൾ ഗിരീഷ് വീണ്ടും മടിച്ചു.
തനിക്കെന്തിനാണിപ്പോൾ അത്തരമൊരെണ്ണം..കൈയിലുള്ളതുതന്നെ ധാരാളം..
ലിനിയുടെ അബുദാബിയിലുള്ള സഹോദരൻ നാട്ടിൽ വന്നപ്പോൾ പുതിയ ഫോൺ കൊണ്ടുവന്നുതന്നു. മേശയിൽ നാലുമാസം കിടന്നതിനുശേഷമാണ് അതിന് ശാപമോക്ഷം കിട്ടിയത്. അതിനൊരു കാരണമുണ്ടായിരുന്നു.
സ്കൂളിൽ പുതിയതായി ഒരു അഡ്മിഷൻ വന്നു. ക്ലാസ് തുടങ്ങി കുറച്ചുനാളായതുകൊണ്ട് ക്ലാസ് ടീച്ചറെ കണ്ട് വിവരം പറയാൻ എച്ച് എം പറഞ്ഞതനുസരിച്ച് കുട്ടിയുടെ കൂടെ രക്ഷിതാവും വന്നു. അവനെ ക്ലാസ്സിൽ കയറ്റിയിരുത്തി വിശേഷങ്ങളൊക്കെ ചോദിച്ചുകൊണ്ട് വാതിലിനടുത്തേക്ക് നടക്കുമ്പോഴാണ് സുധാമയിയാണ് വാതിലിനടുത്ത് നിൽക്കുന്നതെന്ന് മനസ്സിലായത്. പെട്ടെന്ന് മനസ്സിൽ ഒരു മിന്നൽപ്പിണ൪ കടന്നുപോയി.
ഒന്നിച്ച് ട്രെയിനിങ് ചെയ്യുമ്പോൾ അടുത്തുള്ള സ്കൂളിൽ ഒരുപാട് പ്രാവശ്യം പഠനസംബന്ധമായി ഒന്നിച്ച് പോയിട്ടുണ്ട്. അടുത്തിടപഴകിയിട്ടുണ്ട്. എന്നോ മനസ്സിൽ വരച്ചിട്ട ഭാവിവധുവിന്റെ രൂപം അവളിൽ കാണാൻ ശ്രമിച്ചുനോക്കിയിട്ടുണ്ട്. പഠനം കഴിഞ്ഞ സമയത്തായിരുന്നു. അച്ഛന്റെ മരണം. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം തന്റെ ചുമലിലായി. പിന്നെ ട്യൂഷൻ സെന്ററിലെ ക്ലാസ്, പി എസ് സി കോച്ചിങ് അങ്ങനെയങ്ങനെ ഓട്ടമായിരുന്നു. അതോടെ മനസ്സ് പ്രാരബ്ധങ്ങളിലേക്ക് വീണു. കാലത്തിന്റെ കുത്തൊഴുക്കിൽ പലവഴികളിലൂടെ യാത്ര ചെയ്യേണ്ടിവന്നു.
എപ്പോഴോ സുധാമയിയുടെ കല്യാണം കഴിഞ്ഞതും ആൾക്ക് സി ഐ എസ് എഫിലാണ് ജോലി എന്നും ആരോ പറഞ്ഞറിഞ്ഞിരുന്നു.
എന്താ വൈകിയത് മകനെ ചേ൪ക്കാൻ..?
ഇപ്പോഴാണ് അനിലേട്ടന് ട്രാൻസ്ഫറായത്..അതാ…
എങ്ങോട്ടാ ട്രാൻസ്ഫർ..?
ഹൈദരാബാദിലാ..
സുധാമയി എന്താ പോകാതിരുന്നത്..?
ഇവിടെ അമ്മയ്ക്ക് നല്ല സുഖമില്ലെന്നറിഞ്ഞ് വന്നതാ..കുറച്ചുനാൾ നാട്ടിൽ നിൽക്കാമെന്ന് വിചാരിക്കുന്നു..
ഗിരീഷ് മകന്റെ കാര്യം ശ്രദ്ധിച്ചോളാമെന്നേറ്റു. സുധാമയി സമാധാനത്തോടെ മടങ്ങി. അവന്റെ കാര്യങ്ങൾ പറയാനും മറ്റ് വിശേഷങ്ങളൊക്കെ ചോദിക്കാനും ഗിരീഷിന് ഉത്കടമായ ആഗ്രഹമുണ്ടായി. അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ലിനി ചോദിച്ചു:
ഏട്ടൻ കൊണ്ടുവന്ന മൊബൈൽ എന്താ ഉപയോഗിക്കാത്തത്..? പിള്ളേ൪ ചോദിക്കുന്നുണ്ട് ഗെയിം കളിക്കാൻ..
അതുകൊണ്ടുതന്നെയാണ് പുറത്തെടുക്കാത്തത്…ഏതുസമയത്തും അവരുടെ കൈയ്യിൽത്തന്നെ ആയിരിക്കും…
ശ്രേയ എന്റെ മൊബൈൽ എടുക്കുമ്പോൾ ലയക്ക് നിങ്ങളുടെ ഫോൺ കൊടുത്താൽ ഇവിടുത്തെ അടിയൊഴിവാക്കാമായിരുന്നു.
തത്കാലം വേണ്ടെന്ന് തോന്നിയെങ്കിലും കുട്ടികളുടെ നി൪ബ്ബന്ധം കാരണം സിം മാറ്റിയിട്ടു. വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്തു. ഫേസ്ബുക്കിൽ അക്കൌണ്ട് തുടങ്ങി. ആദ്യമൊക്കെ വലിയ മടിയോടെ ആയിരുന്നെങ്കിലും ധാരാളം വായിക്കാൻ കിട്ടിയതോടെ ഗിരീഷ് വീട്ടിൽ വന്നാൽ മൊബൈൽ താഴെ വെക്കാതായി..കൂട്ടത്തിൽ സുധാമയിയുമായുള്ള പഴയ സൗഹൃദവും പൊടിതട്ടിയെടുത്തു.
വ൪ഷാവസാനപരീക്ഷയ്ക്ക് തൊട്ടുമുമ്പ് എല്ലാവരും ടൂ൪ പോകുന്ന സമയം. ആർക്കെങ്കിലും വേണമെങ്കിൽ രക്ഷിതാക്കളെയും പങ്കെടുപ്പിക്കാമെന്ന് അസംബ്ലിയിൽ അനുവാദം കൊടുത്തെങ്കിലും അധികമാരും വരികയുണ്ടായില്ല. നാല് കുട്ടികൾ വന്ന് അമ്മമാരും വരുന്നുണ്ടെന്ന് അറിയിച്ചു.
ഗിരീഷ് കുറച്ചുദിവസം തിരക്കിലായിരുന്നു. ടൂ൪ പോകാനെത്തിയപ്പോഴാണ് സുധാമയിയും വന്നിട്ടുണ്ടെന്ന് മനസ്സിലായത്. മൂന്നുദിവസം പഴയ ഓ൪മ്മകളിലൂടെ അവ൪ പാറിനടന്നു. കോളേജ് കാലത്തെ രസങ്ങൾ മുഴുവൻ അവ൪ ഓ൪ത്തെടുത്തു. തങ്ങളുടെ സംസാരം പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ കവരുമെന്ന് തോന്നിയപ്പോൾ യാത്രയിലുടനീളം അവ൪ ചാറ്റ് ചെയ്തു. മകന്റെ ശ്വാസംമുട്ടൽ എന്ന അസുഖം കാരണമാണ് താനും വന്നത് എന്ന് സുധാമയി പറഞ്ഞുകേട്ടപ്പോൾ ഗിരീഷിന് തെല്ലൊരു നിരാശ തോന്നാതിരുന്നില്ല.
മൂന്നാമത്തെ ദിവസമാണ് അവന് ശ്വാസംമുട്ടൽ തുടങ്ങിയത്. അവൾ കൈയ്യിൽ കരുതിയ മരുന്ന് കൊടുക്കുകയും വഴിയിലുള്ള ഡോക്ടറുടെ ബോർഡ് നോക്കി കണ്ടെത്തി ബസ് ഡ്രൈവറോട് പറഞ്ഞ് നി൪ത്തിച്ച് ആ ക്ലിനിക്കിൽ അവനെയും കൂട്ടി പോയി കാണിക്കുകയും ചെയ്തു. കൂടെ പോകാനൊരുങ്ങിയ തന്നെ അവൾ തടഞ്ഞു. പുറംനാടുകളിൽ ജീവിച്ചതിന്റെ തന്റേടം സുധാമയിയിൽ താനാദ്യമായി കണ്ടുതുടങ്ങുകയായിരുന്നു…
തത്കാലം ഞാനുണ്ടല്ലോ, അവൻ കാരണം ആരും ബുദ്ധിമുട്ടരുത്..
അവൾ പറഞ്ഞു.
തിരിച്ചുവരാൻ വൈകുന്ന ഓരോ നിമിഷവും അക്ഷമരായ മറ്റുള്ളവ൪ പറയുന്ന ഡയലോഗുകൾ കേട്ടുകൊണ്ടാണ് സുധാമയിയും മകനും കയറിവന്നത്.
എന്തിനാ ഇങ്ങനെയുള്ളവ൪ ടൂറിനൊക്കെ വരുന്നത്..? വീട്ടിൽ അടങ്ങിയിരുന്നുകൂടെ..?
ആരുടേയോ ആത്മഗതം ഉറക്കെയായി.
ഉത്തരം പറഞ്ഞത് സുധാമയിയാണ്.
അവനൊരു അസുഖമുള്ളതിന്റെ പേരിൽ ഒന്നിൽനിന്നും മാറിനിൽക്കേണ്ട കാര്യമില്ല. അങ്ങനെ വന്നാൽ അവൻ അവന്റെ ജീവിതം വെറുത്തുതുടങ്ങും. എല്ലാവരെയുംപോലെ ജീവിക്കാൻ, അവസരം കിട്ടുന്നിടത്തോളം പ്രയോജനപ്പെടുത്താൻ അവനും അവകാശമുണ്ട്.
ഗിരീഷ് അവന്റെ മുഖത്തേക്ക് നോക്കി. വയ്യായ്കയുണ്ടെങ്കിലും അവൻ ആത്മവിശ്വാസത്തോടെ ഇരിക്കുന്നു. ഗിരീഷ് അടുത്തുപോയി പുഞ്ചിരിയോടെ അവന്റെ തലയിൽ തലോടി.
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ദിവസം ലിനിക്ക് പെട്ടെന്ന് ഒരു ഫോൺ വന്നു. അവളുടെ അമ്മാവൻ മരിച്ചുപോയി. കുറേനാളായി കിടപ്പിലായിരുന്നു. സമുദായശ്മശാനത്തിൽ വൈകുന്നേരത്തോടെ ദഹിപ്പിക്കും. മക്കളൊക്കെ അടുത്തുണ്ട്, അതുകൊണ്ട് മോ൪ച്ചറിയിൽ കൊണ്ടുവെക്കുന്നില്ല.
ഗിരീഷേട്ടൻ വരുന്നില്ലേ..?
ഞാൻ നാളെ വന്നോളാം..ഭയങ്കര യാത്രാക്ഷീണം.ഒന്ന് കുളിച്ചിട്ട് കിടക്കട്ടെ…
അവൾ ധൃതിപിടിച്ച് മക്കളെയും കൂട്ടി പുറപ്പെട്ടു. ഗിരീഷ് ഭക്ഷണവും കഴിച്ച് മൊബൈലുമെടുത്ത് കിടക്കയിലേക്ക് ചാരിക്കിടന്നു. മനസ്സുനിറയെ എന്നോ ആശിച്ച് നടക്കാതെപോയ ഒരു യാത്ര സഫലമായതിന്റെ സന്തോഷം അലയടിക്കുന്നു. സുധാമയി അരികിലുണ്ടാകുമ്പോൾ ഒന്നും സംസാരിച്ചില്ലെങ്കിൽപ്പോലും വലിയ സന്തോഷം തോന്നുന്നു.
ഗിരീഷ് മെല്ലെ മൊബൈൽ എടുത്ത് ടൈപ്പ് ചെയ്തു:
ഇനിയൊരു അവധിദിവസം എനിക്ക് ലിനിയേയും മക്കളേയും കൂട്ടി സുധാമയിയേയും മകനേയും കാണാൻ വരണമെന്നുണ്ട്.. വന്നോട്ടെ..?
എന്തിനാ..?
അവളുടെ ചോദ്യം.
അവർക്ക് നിങ്ങൾ രണ്ടുപേരിൽനിന്നും ഒരുപാട് പഠിക്കാനുണ്ട്..
തന്റെ അക്ഷരങ്ങളിൽ നീലശരികൾ വീഴുന്നതും നോക്കി അയാളിരുന്നു