നീയറിയാതെ….
രചന: ശ്രുതി സന്തോഷ്
കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ അരികിലായി ഒരു തലയിണ എടുത്തുവെച്ച് ഫോണെടുത്ത് ബാൽക്കണിയിലേക്ക് നടക്കുമ്പോൾ എന്തുകൊണ്ടോ ആമിക്ക് നാട്ടിലായിരുiന്നപ്പോൾ അമ്മ പറയുന്ന സ്ഥിരം ഡയലോഗ് ഓർമ്മ വന്നു.
‘ഇപ്പോഴത്തെ പെൺകുട്ടികൾ എണീറ്റാൽ കുട്ടികൾ അടുത്തില്ലേ എന്നല്ല ആദ്യം നോക്കുക, അവർക്ക് തോണ്ടി കളിക്കാനുള്ള ഫോൺ അവിടെ ഇല്ലെന്നാണ്’…. അവൾക്ക് ചിരി വന്നു. ഒരു കണക്കിന് അത് ശരിയാണ്. ഇന്നിപ്പോൾ ആദ്യം നോക്കുക ഫോണാണ് അല്ലാതെ പിന്നെ ഈ ദുബായ് മഹാനഗരത്തിൽ,ഒരു ഫ്ലാറ്റിൽ താൻ എന്ത് ചെയ്യാനാണ്. ശരത്തേട്ടൻ ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ മോളും ഞാനും മാത്രം. ഇവിടെ തനിക്കൊരു ജോലി കിട്ടാൻ പ്രയാസമൊന്നുമില്ല. പക്ഷേ മോളെ ‘ഡേ കെയറി’ലാക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും താല്പര്യമില്ല. അവൾ സ്കൂളിൽ പോകുന്നതുവരെ ഇങ്ങനെ പോട്ടെ. ഞങ്ങളുടെ കുഞ്ഞി പാറുവിന് രണ്ടു വയസ്സാകുന്നതേയുള്ളൂ.അവൾ എണീക്കാൻ തന്നെ ഏകദേശം ഉച്ചയോടടുക്കും. അതെങ്ങനെയാ, രാത്രി അച്ഛന്റെയും മോളുടെയും കളികഴിഞ്ഞ് വൈകിയല്ലേ ഉറക്കം..
ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ആമി ഫോൺ ഓപ്പൺ ചെയ്തു.പതിവുപോലെ തന്നെ വാട്സാപ്പിൽ ഒരുപാട് മെസ്സേജ് വന്നു കിടക്കുന്നുണ്ട്. താൻ ഫാമിലി ഫ്രണ്ട്സ് ഗ്രൂപ്പുകളിൽ ആക്റ്റീവായതുകൊണ്ട് തന്നെ തന്റെ കുറച്ചു നിമിഷത്തെ അഭാവത്തിൽ പോലും ‘എന്തുപറ്റി ‘എന്ന ചോദ്യവുമായി വരുന്നവരുണ്ട്. ഇവിടെ ഈ മണലാരണ്യത്തിൽ തന്നെപ്പോലെ പലർക്കും അതൊരാശ്വാസമാണ് എല്ലാവർക്കും വിഷസ് അയച്ചു.ഫാമിലി ഗ്രൂപ്പ് ഈ സമയത്ത് അത്ര ആക്ടീവ് അല്ല. ഫ്രണ്ട്സ് ഒന്നുരണ്ടുപേർ ഓൺലൈനിൽ ഉണ്ട്. അവരുമായി ഇത്തിരി നേരം കത്തി വെച്ചതിനുശേഷം ഫേസ്ബുക്ക് എന്ന വർണ്ണവിസ്മയം ലോകത്തിലേക്ക് കടന്നു
ഫെയ്സ്ബുക്കിൽ ചതിക്കുഴികൾ ഏറെയാണെന്നാണ് പൊതുവേയുള്ള ഒരു കാഴ്ചപ്പാട് എവിടെയാണ് ചതിക്കുഴികൾ ഇല്ലാത്തത് നമ്മൾ തിരഞ്ഞെടുക്കുന്നത് അല്ലേ ശരിയും തെറ്റും.തെറ്റുകളിൽ പോയി ചാടാൻ നമ്മൾ മനസ്സുവെക്കാതി രുന്നാൽ മതി.പതിവുപോലെ കുറെ ഫ്രണ്ട് റിക്വസ്റ്റ് വന്നു കിടക്കുന്നുണ്ട്. ഒരു പരിചയമില്ലാത്തവർക്കൊക്കെ റിക്വസ്റ്റ് അയക്കാൻ ഇവർക്ക് എങ്ങനെ തോന്നുന്നു ആവോ? ആ പേരുകൾ ക്കിടയിലൂടെ കണ്ണോടിക്കുമ്പോൾ കണ്ണുകൾ ഒരു പേരിൽ തറച്ചു.ഇത്……
തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു പേര്. ഏത് ആൾക്കൂട്ടത്തിൽ കേട്ടാലും തന്നെ ഒരു നിമിഷം പിടിച്ചുനിർത്താറുള്ള ആ പേര്..ആമി ആകാംക്ഷയോടെ ആ പ്രൊഫൈൽ എടുത്തു.അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല!..
‘അതെ….. ഇത് അവൻ തന്നെ..രാഹുൽ.. തന്റെ പിന്നാലെ വർഷങ്ങൾ നടന്നവൻ.. നടന്നു നടന്നു ഒടുവിൽ തന്റെ മനസ്സിൽ പ്രണയത്തിന്റെ വസന്തം തീർത്തവൻ..’
തുറന്നു പറയാൻ മനസ്സുകൊണ്ട് തയ്യാറെടുക്കുമ്പോഴാണ് അച്ഛച്ഛന്റെ ഫോൺകോളിന്റെ രൂപത്തിൽ വിധി വില്ലനായിയെത്തിയത്. അച്ഛമ്മയ്ക്ക് സുഖമില്ല അച്ഛനെയും ഞങ്ങളെയും കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ഉപേക്ഷിച്ചതാണ് ഇരുവീട്ടുകാരും അച്ഛനെയും അമ്മയെയും.. ഞാനും അനിയനും ജനിച്ചിട്ടുപോലും അവരൊന്നും ഒന്നുകാണാൻ കൂടി വന്നതില്ല. അച്ഛമ്മയ്ക്ക് ഞങ്ങളെ കാണാൻ ആഗ്രഹം ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ കർക്കശക്കാരനായ അച്ഛച്ഛന്റെ ധാർഷ്ട്യത്തിനു മുന്നിൽ മൗനം പാലിക്കാറായിരുന്നുവത്രേ. പിന്നെ അന്ന് വിളി വന്നത് അച്ഛമ്മയുടെ അവസാന ആഗ്രഹം എന്നതിന്റെ പേരിലായിരുന്നു.
‘അന്നൊരുപക്ഷേ ആ കോൾ വന്നില്ലായിരുന്നുവെങ്കിൽ?…
എന്താവാൻ അല്ലേ?..ആമി രാഹുലിന്റെ ഫോട്ടോയിലേക്ക് നോക്കി.. ഒരുപാട് മാറ്റങ്ങൾ ഉണ്ടവന്.. എന്നാലും കണ്ണുകളിലെ ആ നിഷ്കളങ്ക ഭാവം അതിപ്പോഴും ഉണ്ട്. ഒരുപക്ഷേ തന്നെ അവനിലേക്ക് അടുപ്പിച്ചതും അതുതന്നെയാവും…
പാറുവിന്റെ കരച്ചിലാണ് ആമിയെ ഓർമ്മകളിൽനിന്നും ഉണർത്തിയത്.
“അച്ചോടാ.. അമ്മയുടെ പാറൂട്ടി എണീറ്റൊ..ഇന്നെന്താ നേരത്തെയാലോ…വായോ നമുക്ക് പാപ്പം തിന്നാം”. ഫോൺ എടുത്തുവെച്ച് ആമീ പാറുവിന്റെ ലോകത്തേക്ക് കടന്നു.
വൈകിട്ട് ശരത് ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ പാറു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.അവനെ കണ്ട കുഞ്ഞ് അയാൾക്ക് നേരെ ഓടി “കണ്ടോ ഇതുവരെ നോക്കിയ എന്നെ അവൾക്ക് വേണ്ട”. കുറുമ്പോടെ ആമി പറഞ്ഞു..
” പാറൂട്ടി.. കേട്ടില്ലേ അമ്മയ്ക്ക് അസൂയ”
“ഇനി അച്ഛനും മോളും എന്താണെന്നുവെച്ചാൽ ആയിക്കോ ഞാനില്ല”.
” അങ്ങനെയങ്ങു പിണങ്ങി പോയാലോ നീയല്ലേ ഞങ്ങളുടെ ലോകം..”
“ഓ പിന്നേ”
” നീ ഇവളെ പിടിക്ക് ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം”
അച്ഛനും മോളും കളിയിൽ മുഴുകിയപ്പോൾ ആമി ഫോണെടുത്തു, ബാൽക്കണിയിലേക്ക് പോയി. ഈ ബാൽക്കണി തനിക്കേറെ ഇഷ്ടപ്പെട്ട ഒരിടമാണ്.. ഇവിടെ ഇരിക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ട്..
ഫോണെടുത്ത് എന്തുകൊണ്ടോ ആമി ആദ്യം നോക്കിയത് മെസ്സഞ്ചറിൽ വന്നു കിടക്കുന്ന ഒരു നോട്ടിഫിക്കേഷൻ ആണ്.. രാഹുൽ ആയിരുന്നു അത്..അവൾക്ക് തന്റെ ഹൃദയം വല്ലാതെ മിടിക്കുന്നതുപോലെ തോന്നി..
” ഹായ് ആമി തനിക്ക് എന്നെ മനസ്സിലായില്ലേ ഞാൻ രാഹുൽ..വർഷങ്ങൾക്കു മുൻപ് ഞാൻ നിന്റെ പിന്നാലെ കുറെ നടന്നിട്ടുണ്ട് ഇഷ്ടമാണെന്ന് പറഞ്ഞ്..” ഭാഗ്യം ആൾ ഓൺലൈനിലില്ല.
‘എങ്ങനെ ഞാൻ മറക്കും രാഹുൽ..നീയല്ലേ എന്റെ ആദ്യപ്രണയ വും അവസാനപ്രണയവും’.. അതിന് മറുപടിയെന്നോണം സ്വയം പറഞ്ഞുകൊണ്ട് അവൾ ഫോൺ ഓഫ് ചെയ്തു. പിറ്റേന്ന് രാവിലെ പതിവുതെറ്റിച്ച് ആമി ആദ്യം നോക്കിയത് മെസഞ്ചർ ഇൻബൊക്സ് ആയിരുന്നു. പ്രതീക്ഷിച്ചപോലെ മെസ്സേജ് വന്നു കിടക്കുന്നുണ്ട്.
“ഗുഡ്മോണിങ് ആമി.
തനിക്ക് എന്നെ മനസ്സിലായില്ലല്ലേ?
“മനസ്സിലായി രാഹുൽ.ഞാൻ ഇത്തിരി ബിസിയായിരുന്നു അതാണ് പിന്നെ”..
” രാഹുൽ എന്ത് ചെയ്യുന്നു ഇപ്പൊ?. ഫാമിലി? അച്ഛനും അമ്മയും?.
“ഞാൻ ഇവിടെ ഒരു അഡ്വർടൈസിങ് കമ്പനിയിൽ ജോലി ചെയ്യുന്നു. മാരീഡ് ആണ് എട്ടുമാസം ആയതേയുള്ളൂ വിവാഹം കഴിഞ്ഞിട്ട്. അച്ഛനും അമ്മയും എന്റെ കൂടെയുണ്ട്..”
“എന്താ ആമീ, നിന്റെ വിശേഷം?”
” ഞാനിവിടെ ദുബായിൽ ഭർത്താവ് ശരത്ത് ഒരു മോളുണ്ട്. പാർവതി,പാറു”
“സുഖമല്ലേ തനിക്ക്..”
ആ ചോദ്യത്തിൽ എന്തോ ഒരു വേദനയുള്ളതുപോലെ തോന്നി ആമിക്ക്..
“സുഖം “
“രാഹുൽ, വൈഫ് എന്ത് ചെയ്യുന്നു? എന്താ കുട്ടിയുടെ പേര്..
“കീർത്തന…അവൾക്ക് ജോലി ഒന്നുമായില്ല ട്രൈ ചെയ്തു കൊണ്ടിരിക്കാണ്”..
” നാട്ടിൽ എന്താണ് വിശേഷങ്ങൾ.. സുഖല്ലേ എല്ലാവർക്കും?. അവിടെ രാഹുലിന്റെ കൂട്ടുകാർ അർജുനും അഭിയുംആസിഫ്മൊക്കെ ഇപ്പൊ എന്ത് പറയുന്നു “..
” താൻ ആരെയും മറന്നിട്ടില്ലല്ലേ? “..
” അത്ര പെട്ടെന്ന് മറക്കാൻ പറ്റുമോ ആ നാട് എനിക്ക്. ഒന്നുമല്ലെങ്കിലും കുഞ്ഞുന്നാൾ തൊട്ട് ഒരുപാട് വർഷം താമസിച്ചതല്ലെ എവിടെ.”
“എന്ന ഓക്കേ ആമി എനിക്ക് ജോലിക്ക് പോകാൻ ടൈം ആയി. പിന്നെ കാണാം”..
ഓക്കേ രാഹുൽ.. ബൈ..
പിന്നീട് ഒഴിവുസമയങ്ങളിലെല്ലാം രാഹുലിന്റെ മെസ്സേജുകൾ ആമിയെ തേടിയെത്തി. മറുപടി കൊടുക്കാതിരിക്കാൻ ആമിക്ക് കഴിഞ്ഞില്ലെന്നും പറയാം…ശരത്തേട്ടനറിയാം തന്റെ ഉള്ളിലുണ്ടായിരുന്ന ഈ ഇഷ്ടത്തെക്കുറിച്ച്. താൻ പറഞ്ഞിട്ടുണ്ട്.പക്ഷേ ഇപ്പോഴുള്ള ഈ ചാറ്റ്….. ആമിയുടെ മനസ്സിൽ എന്തിനെന്നറിയാതെ ഒരു കുറ്റബോധം വളർന്നു..
പതിവുപോലെ ഒരു വൈകുന്നേരം രാഹുലിന്റെ മെസ്സേജ് ആമിയെ തേടിയെത്തി.
“ആമി നിന്നെപ്പറ്റി ഞാൻ ഇന്നെന്റെ ഫ്രണ്ട്സിനോട് പറഞ്ഞു..”
അവന്റെ ശബ്ദത്തിൽ പതിവില്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു.”അവർ എന്നെ കുറെ കളിയാക്കി.. നിന്നെ പിന്നാലെ നടത്തിച്ച്,ഒരുപാട് വർഷങ്ങൾ പാഴാക്കിയവളല്ലേ. ആ കുട്ടിക്ക് അങ്ങനെയൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്നു പറഞ്ഞ്..”
“ആരു പറഞ്ഞു എനിക്ക് ഇഷ്ടമായിരുന്നില്ലെന്ന്. എനിക്കിഷ്ടമായിരുന്നു. ഒരുപാടൊരുപാട്.. അതു തുറന്നു പറയാനിരുന്നപ്പോൾ, വിധി സമ്മതിച്ചില്ല എന്നുമാത്രം. അതെല്ലാം അവർക്ക് അറിയാമോ” വോയിസ് അയച്ചതിനു ശേഷമാണ് ആമിക്ക് താൻ എന്താണ് ഒരു ആവേശത്തിന് വിളിച്ചുപറഞ്ഞതെന്ന ബോധംമുണ്ടായത്..ഡിലീറ്റ് ചെയ്യാൻ നോക്കുമ്പോഴേക്കും അത് രാഹുൽ കേട്ടെന്ന് ആമിക്ക് മനസ്സിലായി..
“ആമീ……! നീയെന്താണ് പറഞ്ഞത്…!നിനക്കെന്നെ…!. എനിക്ക് വിശ്വസിക്കാനാവുന്നില്ല…!”
“രാഹുൽ….. അത് ഞാൻ വെറുതെ..”
“ഒരിക്കലെങ്കിലും ഒരു സൂചന തന്നിരുന്നെങ്കിൽ ആമി.. വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്ക് നിന്നോടുള്ള സ്നേഹത്തിന് ഒരു മാറ്റവുമുണ്ടായില്ല..കല്യാണത്തിന് വീട്ടിൽ നിന്നും ഒരുപാട് നിർബന്ധം വന്നിട്ടും ഞാൻ ഒഴിഞ്ഞുമാറുന്നത് നിന്നെ മറക്കാൻ പറ്റാത്തതിന്റെ പേരിലാണെന്നറിഞ്ഞ് അമ്മയും ചേച്ചിയും നിന്നെ അന്വേഷിച്ചു പോകാൻ പറഞ്ഞിട്ട് ഞാൻ വന്നിരുന്നു നിങ്ങളുടെ നാട്ടിൽ. പക്ഷേ അപ്പോഴേക്കും നിന്റെ കല്യാണം കഴിഞ്ഞിരുന്നു. അവരുടെ പിടിവാശിക്ക് മുന്നിൽ ആണ് ഞാൻ കീർത്തനയെ വിവാഹം കഴിച്ചത്. എന്റെ എല്ലാ കാര്യങ്ങളും ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്.മാനസികമായി അടുക്കാൻ ഇപ്പോഴും പറ്റിയിട്ടില്ലെന്ന് പറയാം.”
“ഒക്കെ രാഹുൽ പിന്നെ കാണാം .എനിക്ക് തിരക്കുണ്ട്”.
ആമിക്ക് മനസ്സിൽ എന്തോ വല്ലാത്ത വേദന തോന്നി. ഇത് എങ്ങോട്ടാണ് പോകുന്നതെന്നോർത്ത് അവൾ ആകെ അസ്വസ്ഥയായി.. പിന്നീട് രാഹുൽന്റെ മെസ്സേജുകൾക്കൊന്നും അവൾ മറുപടി കൊടുത്തില്ല. കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും രാഹുലിന്റെ ശബ്ദം ആമിയെ തേടിയെത്തി.
“എനിക്ക് ഭ്രാന്ത് പിടിക്കുന്നു ആമീ….ഇപ്പോൾ നീ മാത്രമേ ഉള്ളൂ എനിക്ക് ചുറ്റും.എനിക്ക് നിന്നെ കാണാൻ തോന്നുന്നു എന്താ പറ്റുന്നതെന്ന് എനിക്ക് തന്നെ മനസ്സിലാവുന്നില്ല. ഇന്നലെ ഞാൻ കീർത്തനയോട് കുറെ ദേഷ്യപ്പെട്ടു എന്തൊക്കെയോ എറിഞ്ഞുടച്ചു.. ചോദിക്കാൻ വന്ന അമ്മയെ എതിർത്തു സംസാരിച്ചു. എനിക്ക് ഭ്രാന്ത് പിടിക്കുന്നു ആമീ”
അതുകേട്ട് ആമി ആകെ തളർന്നുപോയി
‘ താൻ എന്താ പറയാ’. എന്തായാലും ഇതിങ്ങനെ തുടർന്നു പോയാൽ ശരിയാവില്ല. ഒരു മറുപടി കൊടുത്തേ മതിയാവൂ.ആമി ഉറച്ച തീരുമാനമെടുത്തു.
“രാഹുൽ… ഞാൻ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞ ഒരു വാക്കിന്റെ പേരിലല്ലേ നീ ഇത്രയും പ്രശ്നം ഉണ്ടാക്കിയത്..
“നീ എന്താ വിചാരിച്ചത്..എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണെന്നോ..? ഞാൻ ഇന്നും അതോർത്ത് ഇരിക്കുകയാണെന്നോ..? അതൊക്കെ ഏതൊരാൾക്കും ആ പ്രായത്തിൽ തോന്നുന്നതല്ലേ..എന്നേ മറന്നു കഴിഞ്ഞതാണ് അതൊക്കെ. എന്റെ മനസ്സിൽ ഇപ്പോൾ ശരത്തേട്ടനും എന്റെ മോളും മാത്രമേ ഉള്ളൂ. ഒരു ഓർമയായി പോലും നീ ഇല്ല.പ്രണയം എല്ലാവർക്കും ഉണ്ടാവും, എന്നുവെച് അതെപ്പോഴും ഓർത്തിരിക്കുന്നവരുണ്ടോ? അങ്ങനെയുണ്ടെങ്കിൽ ഞാനതിൽ പെടില്ല. ഇനിയും ഇത് പറഞ്ഞുകൊണ്ടാണ് രാഹുൽ വരുന്നതെങ്കിൽ.. ഒരു ബ്ലോക്ക് ബട്ടൺ മതി എനിക്കീ സൗഹൃദം അവസാനിപ്പിക്കാൻ..ഓക്കേ ബൈ..”
പറഞ്ഞു കഴിഞ്ഞതും ആമി പൊട്ടിക്കരഞ്ഞുപോയി. ‘അപ്പുറത്ത് നിന്റെ അവസ്ഥ എന്തായിരിക്കും എന്ന് എനിക്ക് ഊഹിക്കാം .. സോറി രാഹുൽ..എനിക്കിത് പറഞ്ഞേ പറ്റൂ. അല്ലെങ്കിൽ നമ്മളെ സ്നേഹിക്കുന്നവരെ ഒക്കെ നമുക്ക് നഷ്ടപ്പെടും.. അതു പാടില്ല.സമൂഹത്തിൽ ഒരിക്കലും തെറ്റുകാരായി നമ്മൾ മാറരുത്. എന്റെ മനസ്സിന്റെ ഒരുകോണിൽ എപ്പോഴും നീയുണ്ട്. അത് എന്റെ മരണം വരെ ഉണ്ടാകും. അത് ശരിയാണോ എന്നെനിക്കറിയില്ല. ശരിയല്ലെന്നു പറയാൻ ആർക്കും അവകാശവുമില്ല. ഞാനും ഒരുപാട് വാശിപിടിച്ചതാ വിവാഹം വേണ്ടെന്നു പറഞ്ഞ്. എന്റെ കല്യാണത്തിന് അമ്മ തിടുക്കം കൂട്ടിയത് പിണങ്ങി നിന്നിരുന്ന അമ്മ വീട്ടുകാർ ഇനി വിവാഹത്തിനേ വരൂ എന്ന ഒറ്റക്കാരണത്താൽ ആയിരുന്നു. ഞാൻ അറിഞ്ഞിരുന്നു,നീ എന്നെ തിരക്കി വന്നതെല്ലാം എന്റെ കുട്ടുകാരി ലക്ഷ്മി വഴി,,പക്ഷേ ഒരുപാട് വൈകിപ്പോയിരിന്നില്ലേ നമ്മൾ ഒന്നിക്കേണ്ടവരല്ലെടോ..ഇതാണ് നമുക്ക് വിധിച്ചത്..ഈ ജന്മത്തിൽ ആമി ശരത്തിന്റെതാണ്..രാഹുൽ കീർത്തനയുടെയും. അടുത്ത ജന്മത്തിനായി കാത്തിരിക്കാം നമുക്ക് …അതെ പാടുള്ളു…കാത്തിരിക്കുകയാണ് ഞാൻ രാഹുലിന്റെ ആമിയായി ജനിക്കാൻ…ആ അടുത്ത ജന്മത്തിനായ്…”