അതും പറഞ്ഞു ടീച്ചർതിരികെ നടന്നു. കൈ കഴുകുന്ന പൈപ്പിന്റെ അടുത്ത് തന്നെയാണ് ടീച്ചേഴ്സിന്റ റൂം…

രചന: റഹീം പുത്തൻചിറ

:::::::::::::::::::::::

“ഡാ നീ ഭക്ഷണം കഴിച്ചാ”… ഉച്ച സമയത്ത് പൈപ്പിൻ ചുവട്ടിൽ പരുങ്ങി നിന്ന എന്നെ നോക്കി രേണു ടീച്ചർ ചോദിച്ചു…

ഞാൻ മുഖം താഴ്ത്തി ഒന്നും മിണ്ടാതെ നിന്നു..

“ഇവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം.”

അതും പറഞ്ഞു ടീച്ചർതിരികെ നടന്നു. കൈ കഴുകുന്ന പൈപ്പിന്റെ അടുത്ത് തന്നെയാണ് ടീച്ചേഴ്സിന്റ റൂം…അതുകൊണ്ടാണ് ടീച്ചർ എന്നെ കണ്ടത്… തിരികെ വന്ന ടീച്ചറുടെ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു..

“ഇന്നാ കഴിച്ചോ… ആരോടും പറയേണ്ട ഞാൻ തന്നതാണെന്നു… നീ കഴിക്കുമെങ്കിൽ ഞാൻ എന്നും കൊണ്ടു വരാം…”. അതും പറഞ്ഞു ടീച്ചർ നടന്നു.

ഞാൻ അപ്പുറത്തെ നെല്ലി മരത്തിന്റെ ചുവട്ടിൽ പോയിരുന്നു ഭക്ഷണം കഴിച്ചു.വാട്ടിയ വാഴ ഇലയിൽ കുറച്ചു ചോറും, മുട്ട പൊരിച്ചതും, ചെമ്മീൻ ചമ്മന്തിയും. കഴിക്കുന്നതിനിടയിൽ അറിയാതെ കണ്ണുകൾ നിറഞ്ഞു…

അമ്മ കാലത്തു പണിക്ക് പോകുന്ന ദിവസങ്ങളിൽ കഞ്ഞിയുണ്ടാക്കി വെക്കുമായിരുന്നു.പക്ഷെ രണ്ടു ദിവസമായി അമ്മക്ക് വയ്യ… അതുകൊണ്ട് രണ്ടു ദിവസമായി ഉച്ച ഭക്ഷണം കഴിക്കാറില്ല .

പിന്നീട് പല ദിവസങ്ങളിലും ടീച്ചർ ഭക്ഷണം കൊണ്ടു വന്നിരുന്നു..ആരുമറിയാതെയായിരുന്നു എനിക്കത് തന്നിരുന്നത്… ഞാനും അതു ആഗ്രഹിച്ചു.ആ ഭക്ഷണ കാര്യം ഞങ്ങളിൽ മാത്രം ഒതുങ്ങി… ക്ലാസുകൾ പലതും മാറിയിട്ടും രേണു ടീച്ചർ മാത്രം എന്റെ ക്ലാസ്സിൽ പഠിപ്പിക്കാൻ വന്നിട്ടില്ല…എങ്കിലും സ്കൂളിന്റെ ഇടനാഴിയിൽ വെച്ചു കാണുമ്പോൾ ഒരു ചിരി സമ്മാനിക്കുമായിരുന്നു…

വർഷങ്ങൾ കഴിഞ്ഞു സ്കൂൾ ജീവിതം അവസാനിച്ചിട്ടും ഇന്നും അതോർക്കുന്നു…

ടീച്ചറേ നിങ്ങൾ എന്നെ ഒരു ക്ലാസ്സിലും പഠിപ്പിച്ചിട്ടില്ല…എങ്കിലും എന്റെ പട്ടിണി മാറ്റിയിരുന്നു… ഞാൻ ഏതു ക്ലാസ്സിലാണെന്നു പോലും ചിലപ്പോൾ നിങ്ങൾക്ക് അറിയുമായിരുന്നില്ല… എന്നിട്ടും നിങ്ങൾ എന്നെ ഊട്ടി… എനിക്കായി ഒരു നേരത്തെ ഭക്ഷണം മാറ്റിവെച്ചു…അതിലൂടെ വലിയൊരു പാഠം പഠിപ്പിച്ചു.വിശക്കുന്നവന് ഭക്ഷണം നൽകണം എന്നത്..ഒരു കാര്യം ഉറപ്പുണ്ട്. എനിക്ക് മാത്രമായിരിക്കില്ല ടീച്ചർ ഭക്ഷണം തന്നിട്ടുണ്ടാവുക. എന്നെപോലെ ഒരുപാട് പേരുണ്ടാകും… പഠിപ്പിച്ച പാഠം മറന്നാലും ഈ പാഠം ആരും മറക്കില്ല…കൂടെ ടീച്ചറേയും…

വർഷത്തിൽ ഒരു ദിവസം മാത്രമല്ല ടീച്ചറെ ഞാൻ നിങ്ങളെ ഓർക്കുന്നത്…വിശക്കുമ്പോഴെല്ലാം നിങ്ങളുടെ മുഖമാണ് മനസ്സിൽ വരുന്നത്.. അതുകൊണ്ട് ടീച്ചറെ ഓർക്കാൻ ഒരു ദിവസത്തിന്റെ ആവിശ്യമില്ല… എങ്കിലും നേരുന്നു… ടീച്ചറുടെ ജീവിതം എന്നും സന്തോഷത്തിന്റെ ദിനങ്ങൾ ആയിരിക്കട്ടെ….