രചന: സജി തൈപറമ്പ്
::::::::::::::::
“ഹോ! എന്തൊരു ക ഴ പ്പാ ,അങ്ങോട്ട് മാറ് ,നീ ഇങ്ങനെ തടവിയാലൊന്നും എന്റെ വേദന മാറില്ല”
സുദേവൻ അസഹനീയതയോടെ കൈ കുടഞ്ഞു.
“എന്നാൽ പിന്നെയൊരു കാര്യം ചെയ്യ് ,ആ വേലാൻ വൈദ്യന്റെയടുത്തോട്ട് പോകാം അയാള് കിഴിവച്ചാലെ ഈ നീര് കുറയു”
ഭാര്യ സുമിത്ര, തന്റെ അഭിപ്രായം പറഞ്ഞു.
“അതൊന്നും വേണ്ട, നീ അമ്മയെ ഒന്ന് വിളിച്ച് പറ, ഞാൻ ആക്സിഡൻറായി കൈ ഉളുക്കി ഇരിക്കുവാണെന്ന് ,അപ്പോൾ അമ്മ എന്തെങ്കിലും മരുന്നുമായിട്ട് വരും”
“പിന്നെ .. എന്നിട്ട് വേണം അമ്മ ആകെ പേടിക്കാൻ ,എന്റെ സുധേട്ടാ.. ഈ നിസ്സാര കാര്യത്തിനാണോ എല്ലാരെയും വിളിച്ചറിയിക്കുന്നത്”
സുമിത്ര അയാളെ പരിഹസിച്ചു.
“നിനക്ക് വയ്യെങ്കിൽ ഞാൻ വിളിക്കാം”
അയാൾ ഫോണെടുത്ത് തറവാട്ടിലേക്ക് വിളിച്ചു
“മോനേ… എന്തുണ്ടെടാ വിശേഷം സുമിത്രയും ,പിള്ളേരുമൊക്കെ എന്തെടുക്കുന്നു”
ലക്ഷ്മിയമ്മ വാത്സല്യത്തോടെ ചോദിച്ചു.
സുദേവൻ ആക്സിഡന്റിനെ കുറിച്ച് വാചാലനായി .
“അയ്യോ മോനേ.. അമ്മ ദാ വരുന്നു”
അവരതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
“ഡീ ശ്രീദേവീ .. ഞാൻ സുദേവന്റെടുത്തോട്ട് പോകുവാ, നീ പൈക്കളെ ഒന്ന് നോക്കിക്കോണേ, ചിലപ്പോൾ ഞാൻ വരാൻ രണ്ടീസം വൈകിയേക്കും”
ഇളയ മരുമകളെ ,വീടും പറമ്പും ഏല്പിച്ചിട്ട് ലക്ഷ്മിയമ്മ മൂത്ത മകന്റെയടുത്തേക്ക് പോകാനിറങ്ങി.
നിരാശനായി ദിവാൻ കോട്ടിൽ ചടഞ്ഞ് കൂടി കിടന്ന സുദേവൻ അമ്മയെ കണ്ടപ്പോൾ ഉന്മേഷത്തോടെ ചാടിയെഴുന്നേറ്റു.
“സുമിത്രേ.. നീ അടുക്കളയിൽ പോയി കുറച്ച് വെള്ളം ചൂടാക്ക് , ഞാൻ അപ്പോഴേക്കും ഈ കൊട്ടംചുക്കാദി തൈലം ഒന്ന് കയ്യിൽ തേച്ചു പിടിപ്പിക്കട്ടെ”
ലക്ഷ്മി അമ്മ, ചികിത്സ ആരംഭിച്ചു.
“അമ്മാവനും, കുഞ്ഞമ്മയും ഒക്കെ എന്തു പറയുന്നു അമ്മേ..”
സുദേവൻ, അമ്മയുടെ മടിയിൽ കിടന്നു, തറവാട്ടിലെ വിശേഷങ്ങൾ അന്വേഷിച്ചു.
“അശോകൻ , ഓഫീസിൽ നിന്ന് വന്നിട്ടില്ലായിരുന്നു, ഗീത, ഞാൻ ഇറങ്ങുമ്പോൾ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു “
“അമ്മയ്ക്ക് അവരെയൊക്കെ കൂടി കൂട്ടാമായിരുന്നില്ലേ?
“വിവരം അറിയുമ്പോൾ അവരൊക്കെ ചിലപ്പോൾ നാളെ വന്നേക്കും”
സുദേവന് , തറവാട്ടിൽ ഉള്ള എല്ലാവരെയും ഒന്നിച്ച് കാണാൻ കൊതിയായിരുന്നു.
എപ്പോഴും സജീവമായിരുന്ന കൂട്ടുകുടുംബത്തിൽ നിന്നും, അണു കുടുംബത്തിലേക്ക് പറിച്ചുനട്ട കാലം മുതൽ, സുദേവനെ , ഏകാന്തത വല്ലാതെ മടുപ്പിച്ചിരുന്നു.
പിറ്റേന്ന്, തറവാട്ടിൽ ഉള്ള എല്ലാവരും എത്തിയിരുന്നു, അനിയനും, അനിയത്തിയും, ഇളയമ്മയും, അമ്മാവനും ,അമ്മായിയും ഒപ്പം അമ്മാവൻ കൊണ്ടുവന്ന ഒരു നാട്ടുവൈദ്യനും ഉണ്ടായിരുന്നു.
“നല്ല ഒന്നാന്തരം മർമ്മ വിദഗ്ധനാ , രണ്ടുദിവസം ആളിവിടെ നിന്ന് ചികിത്സയ്ക്കട്ടെ , നിന്റെ എല്ലാ വേദനകളും പമ്പകടക്കും”
അമ്മാവൻ താൻ കൊണ്ടുവന്ന വൈദ്യന്റെ കേമത്തം വിളമ്പി.
എല്ലാവരും എത്തി കഴിഞ്ഞപ്പോഴാണ് ആ വലിയ വീട്ടിൽ ആളനക്കമുണ്ടായത്.
തനിക്കും ഭാര്യയ്ക്കും നാലു വയസ്സുള്ള കുട്ടിക്കും മാത്രമായിട്ട് എന്തിന് താൻ 4000 സ്ക്വയർ ഫീറ്റ് വീട് വെച്ചു എന്ന് സുദേവൻ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു.
വീടിൻറെ വലിപ്പവും സൗകര്യവും ഒരിക്കലും ഒരു മനുഷ്യന് സന്തോഷം നൽകില്ല എന്നയാൾ മനസ്സിലാക്കുകയായിരുന്നു.
അധികം വലിപ്പം ഇല്ലെങ്കിലും, പഴയതാണെങ്കിലും തറവാടിന്റെ നാല് ചുവരുകൾക്കുള്ളിൽ അയാൾ ഒരിക്കൽ പൂർണ സന്തോഷവാനായിരുന്നു.
ചുറ്റിനും സ്നേഹനിധികളായ പ്രിയപ്പെട്ടവർ, സങ്കടം വരുമ്പോൾ നെറുകിൽ തലോടി ആശ്വസിപ്പിക്കാൻ ഒരുപാട് കൈത്തലങ്ങൾ ഉണ്ടായിരുന്നു.
എന്നിട്ടും , പിന്നീടെപ്പോഴോ തനിക്കും തൻറെ പ്രിയതമയ്ക്കും സ്വകാര്യത വേണമെന്ന് തോന്നിയപ്പോഴാണ്, നാട്ടിൽ നിന്നും നഗരത്തിലേക്ക് ചേക്കേറി, സ്വപ്നഭവനം ഉണ്ടാക്കി അവിടെ താമസമാക്കിയത്.
“അശോകാ… നമുക്ക് പോകണ്ടേ ?വീട്ടിൽ, പൈക്കളും, കോഴിയും താറാവും ഒക്കെ എന്തായോ ആവോ?
ലക്ഷ്മിയമ്മ, ആങ്ങളയോട് ചോദിച്ചു.
അത് കേട്ടപ്പോൾ, സുദേവന്റെ നെഞ്ചിൽ ഒരു വേദന തിങ്ങി.
കഴിഞ്ഞ രണ്ടു ദിവസങ്ങൾ താൻ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നു .
എല്ലാവരും കൂടി വന്നപ്പോൾ ,താൻ തറവാട്ടിലേക്ക് തിരിച്ചെത്തിയ പ്രതീതിയായിരുന്നു.
ഇനി വീണ്ടും താൻ, നിശബ്ദമായ ലോകത്തിലേക്ക് മൂക്കുകുത്തി വീഴും.
പതിവുപോലെ രാവിലെ ഓഫീസിൽ പോയി, വൈകുന്നേരം തിരിച്ച് വരും , തനിക്ക് ചായയും തന്നിട്ട് അന്നത്തെ വിശേഷങ്ങൾ ചോദിച്ചു ഭാര്യ സുമിത്ര തന്റെ ജോലിയിൽ വ്യാപൃതയാവും.
നാട്ടിലെ പോലെ ഈ നഗരത്തിൽ തനിക്ക് പരിചയക്കാർ ഇല്ലാത്തതുകൊണ്ട് താൻ വീട്ടിൽ തന്നെ കുത്തിയിരുന്നു ,ടെലിവിഷനെയും മൊബൈൽ ഫോണിനെയും വീണ്ടും ആശ്രയിക്കേണ്ടിവരും.
വീണ്ടും വിരസതയാർന്ന ജീവിതത്തിലേക്ക് പോകുന്നതോർത്ത് അയാൾ വിഷണ്ണനായി.
“സുദേവാ … തറവാട്ടിൽ നീ ഉപയോഗിച്ചുകൊണ്ടിരുന്ന മുറി ,ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്, നിനക്ക് എപ്പോൾ വേണമെങ്കിലും അവിടേക്ക് വരാം, എത്ര ദിവസം വേണമെങ്കിലും താമസിക്കുകയും ചെയ്യാം”
യാത്ര പറഞ്ഞിറങ്ങുമ്പോൾ വാതിൽക്കൽ, നിരാശ പൂണ്ട്നിൽക്കുന്ന മരുമകനെ നോക്കി, അമ്മാവൻ അയാളോട് പറഞ്ഞു .
സന്തോഷത്തോടെ സുദേവൻ ഭാര്യ സുമിത്രയെ നോക്കി.
അപ്പോൾ സുമിത്രയുടെ മുഖത്ത് നിർവികാരത തളംകെട്ടി നിൽക്കുകയായിരുന്നു.