കുറച്ചധികം സമയമായി തുടർന്നു പോരുന്ന മൗനം അവസാനിപ്പിച്ചുകൊണ്ട് ഗായത്രി അന്വേഷിച്ചു….

ഗായത്രി…

രചന : അപ്പു

::::::::::::::::::::::::::::::::

“എന്താ അർജുൻ..? താനെന്തിനാ എന്നെ അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞത്..? “

കുറച്ചധികം സമയമായി തുടർന്നു പോരുന്ന മൗനം അവസാനിപ്പിച്ചുകൊണ്ട് ഗായത്രി അന്വേഷിച്ചു. വിളറിയ ഒരു ചിരിയോടെ അർജുൻ അവളെ നോക്കി.

“സോറി.. തന്നോട് ക്ഷമ പറഞ്ഞാൽ തീരുന്ന ഒരു തെറ്റല്ല ഞാൻ ചെയ്തത് എന്ന് എനിക്കറിയാം. എന്നിട്ടും ഞാൻ വിളിച്ചപ്പോൾ താൻ എന്നെ കാണാനായി വന്നല്ലോ..!”

അർജുൻ പറയാൻ തുടങ്ങി. ഗായത്രി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

” അപ്പോൾ എന്നോട് ചെയ്ത ചതി എത്രത്തോളം എന്നെ ബാധിച്ചു എന്ന് നിനക്ക് വ്യക്തമായി അറിയാം. എന്നിട്ടും നീ വിളിച്ചപ്പോൾ കാണാൻ വന്നത് എന്റെ സാമാന്യ മര്യാദയാണ്. “

പുച്ഛത്തോടെ തന്നെ അവൾ പറയുമ്പോൾ അർജുന്റെ മുഖം കുറ്റബോധത്താൽ കുനിഞ്ഞു.

” നീ ഇങ്ങനെ തലകുനിഞ്ഞു നിൽക്കേണ്ട ഒരാളല്ല അർജുൻ.. ഒന്നുമില്ലെങ്കിലും എന്നെ ചതിക്കാൻ ഒരുപാട് കൂട്ടു നിന്ന ആളല്ലേ..? “

പരിഹാസത്തോടെ അവൾ പറയുമ്പോൾ തന്റെ പരാജയം പൂർണ്ണമായത് പോലെയാണ് അർജുന് തോന്നിയത്.

” എന്ത്‌ പറഞ്ഞാലും ഞാൻ ചെയ്ത തെറ്റ് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല എന്ന് എനിക്കറിയാം.പക്ഷേ താൻ എന്നോട് ക്ഷമിക്കണം. ഇതല്ലാതെ എനിക്ക് ഇപ്പോൾ പറയാൻ മറ്റൊരു വാക്കുകളും ഇല്ല. കഴിഞ്ഞതൊക്കെ നീ മറക്കണം.. “

അവന്റെ സ്വരം അങ്ങേയറ്റം ദയനീയമായിരുന്നു.

“ഞാൻ ക്ഷമിക്കണം എന്നല്ലേ..? ഞാൻ എന്താണ് നിന്നോട് ക്ഷമിക്കേണ്ടത് എന്നുകൂടി നീ പറഞ്ഞു തരുമോ..? അച്ഛനും അമ്മയും ഒരു സുപ്രഭാതത്തിൽ ഒരു ആക്സിഡന്റ് രൂപത്തിൽ എന്നെ വിട്ടു പോയപ്പോൾ, ഈ ഭൂമിയിൽ തനിച്ചാക്കപ്പെട്ട എന്നെ, ഒന്ന് കാണാനോ ആശ്വസിപ്പിക്കാൻ നീ ശ്രമിക്കാത്തത് ഞാൻ ക്ഷമിക്കണം. അതോ ഞങ്ങളുടെ സ്വത്ത് മാത്രം മോഹിച്ച ഒപ്പം കൂടിയ ബന്ധുക്കളോടൊപ്പം ചേർന്ന് എന്നെ നീ ചതിക്കാൻ കൂട്ടുന്നത് ഞാൻ ക്ഷമിക്കണം. അങ്ങനെയല്ലേ..? “

അടക്കാനാവാത്ത കോപത്തോടെ അവൾ പൊട്ടിത്തെറിച്ചു. അവനു അവളുടെ മുഖത്ത് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

” നീ എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും എന്നോട് ചെയ്ത ചതി ഒരിക്കലും, എനിക്ക് ക്ഷമിക്കാനോ പൊറുക്കാനോ കഴിയില്ല.ഞാൻ മറക്കണമെന്ന് നീ പറഞ്ഞില്ലേ..? ഞാനെന്താ മറന്നു കളയേണ്ടത്..? മൂന്നുനാലു വർഷമായി ഉണ്ടായിരുന്ന നമ്മുടെ പ്രണയമോ..? ആ പ്രണയം എന്റെ മാത്രം തോന്നലായിരുന്നു എന്ന് വളരെ നാളുകൾക്കു മുൻപ് തന്നെ എനിക്ക് മനസ്സിലായതാണ്. കോടീശ്വരനായ എന്റെ അച്ഛന്റെ സ്വത്ത് മാത്രം മോഹിച്ചു എന്നോടൊപ്പം ചേർന്നതാണ് നീയെന്ന് മനസ്സിലാക്കാൻ എനിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. മുൻപ് എനിക്കതിന് കഴിയാതെ പോയത് പ്രണയം കൊണ്ട് എന്റെ കണ്ണ് മൂടപ്പെട്ടതു കൊണ്ടാണ്. നീ കൂടി അവർക്കൊപ്പം ചേർന്ന് എന്നെ ഭ്രാന്താശുപത്രിയുടെ സെല്ലിൽ അടച്ചത് ഞാൻ മറന്നു കളയണം. അവിടെ ഞാൻ അനുഭവിച്ച ഓരോ ദിവസത്തെയും യാതനകൾ ഞാൻ മറന്നു കളയണം. നിനക്ക് ഇതൊക്കെ എന്റെ മുഖത്ത് നോക്കി പറയാൻ എങ്ങനെ സാധിക്കുന്നു അർജുൻ..? “

വേദനയോടെയും കണ്ണീരോടെയും അവൾ ചോദിക്കുമ്പോൾ താൻ ഉരുകി തീരുന്നത് പോലെയാണ് അർജുനു തോന്നിയത്.

“ആ ഭ്രാന്താശുപത്രിയിൽ ഞാൻ കിടക്കുമ്പോഴും ഞാൻ പ്രതീക്ഷിച്ചത് എന്നെ രക്ഷിക്കാൻ നീ വരുമെന്നായിരുന്നു. അത് വെറുമൊരു പ്രതീക്ഷയായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത് നമ്മുടെ ഒരു സുഹൃത്ത് എന്നെ കാണാൻ വന്നപ്പോൾ ആയിരുന്നു.എന്റെ വീട്ടുകാർ ഒരുക്കിയ കെണിയിൽ നിനക്ക് ചെറുതല്ലാത്ത ഒരു പങ്കുണ്ടെന്ന് ഞാൻ അറിഞ്ഞത് അന്നായിരുന്നു. അതിന് അവരുടെ പക്കൽ നിന്ന് നിനക്ക് നല്ല പ്രതിഫലവും കിട്ടിയിട്ടുണ്ട് എന്ന് ഞാൻ അറിഞ്ഞു. സത്യം പറഞ്ഞാൽ ജീവിതം തന്നെ മടുത്തു പോയത് അന്നായിരുന്നു. ആ സെല്ലിനു ഉള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങേണ്ട എന്നു പോലും എനിക്ക് തോന്നി. അവിടെത്തന്നെ ഈ ജന്മം ഒടുങ്ങട്ടെ എന്നാണ് കരുതിയത്.. “

അത്രയും പറഞ്ഞുകൊണ്ട് അവൾ ഒന്നു ദീർഘനിശ്വാസം ഉതിർത്തു. അവൻ ശ്രദ്ധയോടെ അവളുടെ ഓരോ വാക്കുകളും കേട്ടു നിന്നു.

” ആരുമില്ലാത്തവർക്ക് ദൈവം തുണ എന്നു പറയുന്ന പഴഞ്ചൊല്ല് എത്രത്തോളം അർഥവത്താണെന്ന് എനിക്ക് മനസ്സിലായത് എന്റെ ജീവിതം കൊണ്ടു തന്നെയാണ്. അങ്ങനെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരാളുണ്ട്.മിത്ര.. എന്റെ ആത്മാർത്ഥ സുഹൃത്ത് എന്ന് എനിക്ക് നെഞ്ചിൽ കൈ വച്ച് ഉറപ്പോടെ പറയാൻ പറ്റുന്ന ഒരാൾ..!”

അവൾ പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് അർജുന്റെ ശ്രദ്ധ അവളുടെ മുഖത്തേക്ക് ആയി.

” ആരാണ് മിത്ര എന്നൊരു ചോദ്യം നിന്റെ കണ്ണിൽ എനിക്ക് വായിക്കാൻ പറ്റും.എന്നെ നിങ്ങളൊക്കെ കൂടി കൊണ്ടുപോയി അടച്ചിട്ട ഭ്രാന്താശുപത്രിയിലെ ഡോക്ടറായിരുന്നു മിത്ര.അവിടുത്തെ പുതിയ അപ്പോയിന്റ്മെന്റ് ആയിരുന്നു അവൾ.എന്തുകൊണ്ടാണെന്ന് അറിയില്ല എന്നോട് ഒരു സൗഹൃദം സ്ഥാപിക്കാൻ അവൾക്ക് വല്ലാത്തൊരു തിടുക്കമായിരുന്നു. ആശുപത്രിയിൽ ഞാൻ കണ്ടതിൽ വെച്ച് മനുഷ്യത്വമുള്ള ഒരേ ഒരാൾ ഒരുപക്ഷേ അവളായിരിക്കും. അതുകൊണ്ടുതന്നെ അവിടെ എനിക്കുള്ള ഒരേയൊരു ആശ്രയവും അവളായിരുന്നു. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ ഞാൻ അവളോട് പങ്കുവച്ചു. പതിയെ പതിയെ എന്റെ മനസ്സിന് ആശ്വാസം തരുന്ന,എന്നെ ഞാനായി തന്നെ മനസ്സിലാക്കുന്ന ഒരാളായി അവൾ മാറി. എന്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അതിന് കാരണം അവളാണ്. ഒരു ടീച്ചർ ആകണം എന്നായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ അച്ഛനും സമൂഹത്തിലുള്ള ഹൈ പ്രൊഫൈൽ പലപ്പോഴും എന്നെ ആ ആഗ്രഹത്തിൽ നിന്ന് പിന്നോട്ട് വലിച്ചു. എന്തിനേറെ പറയുന്നു നീ തന്നെ എന്നോട് പറഞ്ഞിട്ടില്ലേ, ഇട്ടു മൂടാൻ സ്വത്തുള്ള നീ എന്തിനാണ് പിള്ളേരെ പഠിപ്പിക്കാൻ പോകുന്നത് എന്ന്..? ഒരിക്കൽപോലും അങ്ങനെയൊരു ചോദ്യം എന്നോട് ചോദിക്കാതിരുന്ന ഒരാളാണ് മിത്ര. എന്റെ ആഗ്രഹം എന്താണോ അതിനൊപ്പം സഞ്ചരിക്കണം എന്ന് എന്നെ പ്രേരിപ്പിച്ച ഒരാൾ..!”

പുഞ്ചിരിയോടെ അവൾ പറഞ്ഞതൊക്കെ കേൾക്കുമ്പോൾ അർജുനു വല്ലാത്ത അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു. അവളുടെ ജീവിതത്തിൽ തന്നെക്കാൾ പ്രാധാന്യമുള്ള മറ്റ് എന്തൊക്കെയോ ഉണ്ട് എന്ന് അവന് ആ നിമിഷം മനസ്സിലായി.

” എടോ കഴിഞ്ഞില്ലേ..? നമ്മൾ ലേറ്റ് ആവുന്നുണ്ട് കേട്ടോ.. “

പെട്ടെന്ന് അവർക്ക് അടുത്തേക്ക് വന്നുകൊണ്ട് ഒരു ചെറുപ്പക്കാരൻ പറയുന്നത് കേട്ട് അർജുന്റെ ശ്രദ്ധ അവന്റെ മേലേക്ക് ആയി. അതിനെക്കാൾ ഏറെ അവനെ അമ്പരപ്പിച്ചത് ഗായത്രിയുടെ ചുണ്ടിലെ ചിരിയായിരുന്നു.

” ഇപ്പൊ വരാം.. “

അവൾ ഒരു ചിരിയോടെ പറഞ്ഞത് കേട്ട് അവൻ തല കുലുക്കിക്കൊണ്ട് തിരിഞ്ഞു നടന്നു.

“അതാരാ..?”

പെട്ടെന്ന് അർജുൻ ചോദിച്ചത് കേട്ട് ഗായത്രി ഒന്ന് ചിരിച്ചു.

“മിത്രൻ.. എന്റെ പ്രാണപ്രിയൻ. കുറച്ചു കൂടി വിശദമാക്കി പറഞ്ഞാൽ എന്റെ ആത്മമിത്രം മിത്രയുടെ സഹോദരനാണ്. മിത്രയോടൊപ്പം തന്നെ എന്നെയും ആ കുടുംബത്തിലേക്ക് ചേർത്തുപിടിച്ച ഒരാൾ..! ജീവിതത്തിൽ ഇനി ഒരു കൂട്ടു വേണോ എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. പക്ഷേ മിത്രേട്ടന്റെ ഇഷ്ടം അറിഞ്ഞപ്പോൾ, ആ കുടുംബം മുഴുവൻ ഞങ്ങളുടെ ഒന്നുചേരൽ ആഗ്രഹിക്കുന്നു എന്നറിഞ്ഞപ്പോൾ, അതിനെ എതിർക്കാൻ എന്തുകൊണ്ടോ കഴിഞ്ഞില്ല. എന്നുവച്ച് അവർ ആരും എന്നെക്കൊണ്ട് നിർബന്ധിച്ച് എടുത്ത തീരുമാനം ഒന്നുമല്ല കേട്ടോ. എനിക്കിഷ്ടമാണ് മിത്രേട്ടനെ. പക്ഷേ എനിക്ക് എന്റേതായ ഒരുപാട് കുറവുകൾ ഉണ്ടല്ലോ.. അതുകൊണ്ട് മാത്രം പിൻവലിഞ്ഞു നിന്നതായിരുന്നു ഞാൻ. ആൾക്ക് അതൊന്നും പ്രശ്നമല്ല എന്ന് പറഞ്ഞതോടെ എനിക്കും മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല. അടുത്തയാഴ്ച ഞങ്ങളുടെ വിവാഹമാണ്. ഒരുപാട് തിരക്കുകൾക്കിടയിൽ നിന്നാണ് നിന്റെ കോൾ വന്നപ്പോൾ ഞാൻ ഓടി വന്നത്. അതൊരിക്കലും നിന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്. സത്യം പറഞ്ഞാൽ നിന്നെ കാണാൻ വരണമെന്ന് എനിക്ക് യാതൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല. പക്ഷേ എന്റെ മനസ്സിൽ നാളുകളായി ഞാൻ കൂട്ടി വെച്ചിരിക്കുന്നതൊക്കെ നിന്നോട് തുറന്നു പറയണമെന്ന് എന്നെ പ്രേരിപ്പിച്ചത് ആ മനുഷ്യനാണ്. അദ്ദേഹത്തിന്റെ നിർബന്ധം കൊണ്ട് മാത്രമാണ് ഞാൻ നിന്നെ കാണാൻ എത്തിയത്. ആ കൂട്ടത്തിൽ ഒരു കാര്യം നിന്നെ ഓർമ്മിപ്പിക്കണം എന്നുണ്ടായിരുന്നു. ഇനി ഒരിക്കലും എന്റെ ജീവിതത്തിലേക്ക് നീ കടന്നു വരരുത്. ഞങ്ങളുടേതായ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. അവിടെ ഒരിക്കലും നീ ഞങ്ങൾക്ക് ഒരു ബാധ്യതയായി ഉണ്ടാകാൻ പാടില്ല.. “

അത് പറഞ്ഞുകൊണ്ട് ഗായത്രി തിരിഞ്ഞു നടക്കുമ്പോൾ തനിക്ക് കൈമോശം വന്നിരിക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു നിധിയായിരുന്നു എന്നൊരു തോന്നൽ അർജുനു ഉണ്ടായിരുന്നു…