വികാരനിർഭരമായി പറഞ്ഞുകൊണ്ട് അവൾ എന്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങി

ചട്ടുകാലി…

രചന : അപ്പു

:::::::::::::::::::::::::

വിവാഹ പന്തലിൽ വച്ചാണ് അവളെ ആദ്യമായി കാണുന്നത്. നല്ല രീതിയിൽ തന്നെ ഒരു തേപ്പ് കിട്ടിയിട്ടുള്ളത് കൊണ്ട് പെണ്ണുകാണാനും വിവാഹമുറപ്പിക്കാനും ഒന്നും ഞാൻ പോയിരുന്നില്ല. പെണ്ണിന്റെ ഫോട്ടോ പോലും ഞാൻ കണ്ടിരുന്നില്ല.
അത് കാണിക്കാൻ വന്നവരോട്,

“എനിക്ക് ഫോട്ടോ ഒന്നും കാണണ്ട. കല്യാണ നിശ്ചയവും വേണ്ട. നേരെ വിവാഹം നടത്തിയാൽ മതി.കല്യാണപ്പന്തലിൽ വച്ച് എനിക്ക് പെണ്ണിനെ കണ്ടാൽ മതി..”

ആ ഒരു മറുപടി കൊടുത്ത് പറഞ്ഞു വിടുമ്പോൾ ഞാൻ എനിക്ക് തന്നെ കുഴി തോണ്ടുകയായിരുന്നു എന്ന് ആ സമയത്ത് അറിയില്ലായിരുന്നു.

സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും മുഖത്ത് കാണുന്ന ചിരി എന്നെ കളിയാക്കി കൊണ്ടുള്ളതാണ് എന്ന് മനസ്സിലാക്കാൻ അധികം ബുദ്ധിയൊന്നും വേണ്ടല്ലോ. ഞാൻ അത്ര വലിയ സൗന്ദര്യമുള്ള ആളൊന്നുമല്ല. പക്ഷേ അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരാൾ തന്നെയാണ്.

എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതും ഈ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഉണ്ടായതാണ്. കൃത്യമായി പറഞ്ഞാൽ എന്റെ കോളേജിൽ ജൂനിയറായി പഠിച്ചതായിരുന്നു എന്റെ കാമുകി. കോളേജിലെ തന്നെ കാണാൻ കൊള്ളാവുന്ന, മിടുക്കിയായ ഒരു പെൺകുട്ടി. ഞങ്ങൾ തമ്മിൽ പെർഫെക്ട് മാച്ച് ആയിരുന്നുവെന്ന് പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

പക്ഷേ ഈ മാച്ച് കൊണ്ട് മാത്രം കാര്യമില്ലല്ലോ. പഠനം കഴിഞ്ഞ് ഉടനെ ക്യാമ്പസ് സെലക്ഷൻ വഴി എനിക്ക് ജോലി കിട്ടി. ശരിക്കും പറഞ്ഞാൽ പഠിച്ചിറങ്ങി ഒരു വർഷം വെറുതെ നടക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ എത്രയും വേഗം അവളെ സ്വന്തമാക്കണമെന്ന് ഒരു മോഹം ഉള്ളതു കൊണ്ട് എന്റെ ആഗ്രഹം ഒരു വശത്തേക്ക് മാറ്റിവെച്ചു. ജോലി കിട്ടി കഴിഞ്ഞതിനു ശേഷം ഇടയ്ക്കൊക്കെ കറങ്ങാൻ പോകാറുണ്ടായിരുന്നു.ലാവിഷായ ഒരു ജീവിതം..!

ജീവിതത്തിന്റെ അവസാനം വരെയും ഇങ്ങനെ പോകും എന്നാണ് കരുതിയത്. പക്ഷേ അതിനിടയ്ക്ക് ദൈവം ഒരു പണി തന്നു. ശരിക്കും പറഞ്ഞാൽ പണി തന്നത് ദൈവമല്ല അവൾ തന്നെയായിരുന്നു.

ആ ഇടയ്ക്കാണ് അവൾക്കൊരു വിവാഹാലോചന വരുന്നത്. പയ്യൻ അമേരിക്കയിൽ എൻജിനീയർ എങ്ങാണ്ടാണ്. അത് കണ്ടതോടെ അവൾക്ക് പതിയെ അവനിലേക്ക് ഒരു ചാഞ്ചാട്ടം..നല്ല ശമ്പളവും സ്ഥിരമായി അമേരിക്കയിലുള്ള താമസവും ഒക്കെ എന്റെ മുന്നിൽ വളരെ വലുതാണല്ലോ.. അതുകൊണ്ടുതന്നെ അവൾ എന്നെ നൈസ് ആയി തേച്ചു. എന്നിട്ട് എല്ലാ കാമുകിമാരെയും പോലെ ഒരു ഡയലോഗും.

” നമുക്ക് ഒന്നിക്കാൻ വിധി ഉണ്ടാവില്ല. എന്നും എന്റെ മനസ്സിൽ ഉണ്ടാകും. അടുത്ത ജന്മത്തിൽ ഞാൻ നിന്റേത് മാത്രമായിരിക്കും..!”

വികാരനിർഭരമായി പറഞ്ഞുകൊണ്ട് അവൾ എന്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങി. അതിനുശേഷം ജീവിതത്തിലേക്ക് തിരിച്ചു വരാൻ എനിക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. കാരണം അന്നൊക്കെ എന്റെ ഒരു ദിവസം തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതും ഒക്കെ അവളിലായിരുന്നു. പെട്ടെന്ന് ഒരു ദിവസം അവളില്ലാതായപ്പോൾ ആ ശൂന്യത വളരെ വലുതായിരുന്നു.

പിന്നീട് ജോലിയിൽ മാത്രം ശ്രദ്ധിച്ചു.അത് എന്റെ കരിയർ ഒരുപാട് ഗുണം ചെയ്യുകയും ചെയ്തു. ഇപ്പോൾ രണ്ടു വർഷത്തോളമായി. എന്റെ ജാതകത്തിലും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് പറഞ്ഞാണ് അമ്മ വിവാഹ ആലോചന തുടങ്ങിയത്.

ഓർമ്മകളിൽ നിന്ന് തിരികെ വരുമ്പോൾ അവന്റെ ഭാര്യ, മീര തൊട്ടടുത്തു തന്നെയുണ്ട്. അവളെ കാണുന്തോറും അവനു ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു.

” ഏട്ടനെ ചായ കുടിക്കാൻ വരാൻ പറഞ്ഞു.. “

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമാണ്. തലേന്ന് എന്തൊക്കെയോ ഒഴിവു കഴിവുകൾ പറഞ്ഞു മാറി കിടക്കുകയായിരുന്നു.ഇന്നും അത് നടക്കില്ല. നാണം കുണുങ്ങി അവൾ മുന്നിൽ നിൽക്കുന്നത് കാണുമ്പോൾ വല്ലാതെ ദേഷ്യം തോന്നുന്നുണ്ട്.പക്ഷേ പ്രകടിപ്പിക്കാൻ വഴിയില്ല. ഒന്നും മിണ്ടാതെ അവൾക്ക് പിന്നാലെ ചെന്നു.

” എടാ നിനക്ക് അധികം ലീവ് ഒന്നുമില്ലല്ലോ.. അതുകൊണ്ട് നാളെ തന്നെ മോളുടെ വീട്ടിലേക്ക് പോണം. അവിടെ ഒരു ദിവസം തങ്ങുകയും വേണം. “

അച്ഛൻ പറഞ്ഞത് കേട്ട് അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി. പക്ഷേ അച്ഛന്റെ വാക്കുകൾ കേട്ട് സന്തോഷത്തോടെ ഇരിക്കുന്ന അവളെ കണ്ടപ്പോൾ ഒന്നും പറയാൻ തോന്നിയില്ല.

രാത്രിയിൽ കട്ടിലിൽ മറുഭാഗത്ത് കിടക്കുന്ന അവളെ നോക്കി കണ്ണുരുട്ടി. അവൾക്കൊപ്പം ഒരു ബെഡിൽ കിടക്കുന്നത് എന്നെ സംബന്ധിച്ച് പ്രയാസമായിരുന്നു.

” എന്റെ കൂടെ ഈ ബെഡിൽ കിടക്കാൻ പറ്റില്ല. “

എന്ന് പറഞ്ഞു കഴിഞ്ഞ നിമിഷം അവൾ കൂർപ്പിച്ചു നോക്കുന്നത് കണ്ടു.

” അത്രയ്ക്ക് ബുദ്ധിമുട്ടാണെങ്കിൽ ഏട്ടൻ നിലത്ത് കിടന്നോ.. എനിക്ക് എന്തായാലും നിലത്ത് കിടക്കാൻ പറ്റില്ല. അറിയാലോ എന്റെ കാല് വയ്യാത്തതാണ്. നിലത്ത് തണുപ്പടിച്ചാൽ എനിക്ക് അസുഖം വരും.. “

വളരെ കൂളായി മുഖത്ത് നോക്കി പറയുന്നത് കേട്ടപ്പോൾ ദേഷ്യം കൂടിയതേയുള്ളൂ.

” അങ്ങനെ നിന്റെ ഇഷ്ടത്തിന് താഴെത്തിറങ്ങി കിടക്കാൻ അല്ല ഞാൻ എന്റെ മുറിയിൽ കട്ടിൽ വാങ്ങിയിട്ടത്. ഇത് എന്റെ ആവശ്യത്തിന് ഞാൻ വാങ്ങിയിട്ട സാധനം ആണ്. അതുകൊണ്ട് എനിക്ക് താല്പര്യമില്ലാത്തവരാണ് പുറത്തേക്ക് പോകേണ്ടത്.. അവളുടെ കാലു വയ്യ പോലും.. എന്നെ പറ്റിച്ച് എന്നും എന്റെ ജീവിതത്തിൽ നിൽക്കാം എന്നൊന്നും നീ കരുതണ്ട.. “

ഞാൻ പറയുന്നത് കേട്ട് അവൾ പകപ്പോടെ നോക്കുന്നത് കണ്ടു.

” ഞാൻ ഏട്ടനെ എങ്ങനെ പറ്റിച്ചു എന്നാണ്..?”

ആദ്യത്തെ അമ്പരപ്പ് വിട്ടു മാറിയപ്പോൾ അവൾ അന്വേഷിച്ചു.

” ഇതിനെ പിന്നെ പറ്റിപ്പ് എന്നല്ലാതെ എന്തു പറയാനാണ്..? നിന്റെ കാലിന് ഇങ്ങനെയൊരു കുഴപ്പമുണ്ടെന്ന് നീയോ നിന്റെ വീട്ടുകാരോ എന്നോട് പറഞ്ഞോ..? “

ദേഷ്യത്തോടെ ചോദിച്ചു.

“അത് ഞങ്ങളുടെ കുറ്റമല്ലല്ലോ. ഇവിടെ നിന്ന് അച്ഛനും അമ്മയും ഒക്കെ കാണാനായി വീട്ടിലേക്ക് വന്നതല്ലേ. അപ്പോഴും ഏട്ടനല്ലേ വരാതിരുന്നത്..? അന്ന് അച്ഛനോടും അമ്മയോടും ഒക്കെ കാര്യങ്ങളൊക്കെ വിശദമായി തന്നെ പറഞ്ഞിരുന്നതാണ്..”

സങ്കടം വരുന്നുണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ അവൾ വാശിയോടെ പറഞ്ഞു.

” ഇനി കുറ്റം മുഴുവൻ എന്റെ അച്ഛന്റെയും അമ്മയുടെയും തലയിൽ കൊണ്ടിട്ടോ.. “

അറിയാതെ തന്നെ ഒച്ച ഉയർന്നു വരുന്നുണ്ടായിരുന്നു. ആ ശബ്ദം കേട്ടിട്ട് ആകണം മുറിയിൽ വന്ന് അച്ഛൻ തട്ടി വിളിച്ചത്. ഈ ബഹളങ്ങളൊക്കെ അവർ കേൾക്കുന്നതിൽ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും, അവൾ പറഞ്ഞതിൽ സത്യമുണ്ടോ എന്ന് അറിയണമായിരുന്നു.

” എന്താടാ എന്താ ഇവിടെ പ്രശ്നം..? രാത്രിയായാൽ നിനക്കൊക്കെ കിടന്നുറങ്ങാൻ പാടില്ലേ..? അയലത്തൊക്കെ ആളുകളുള്ളതാണ്.. “

അച്ഛൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു.

“എന്തായാലും നിങ്ങൾ ഇങ്ങോട്ട് വന്നത് നന്നായി. എനിക്ക് നിങ്ങളോട് രണ്ടാളോടും ഒരു കാര്യം ചോദിക്കാനുണ്ട്.. ഇവൾ ചട്ടുകാലിയാണ് എന്നുള്ള വിവരം എന്നോട് പറയാതെ മറച്ചുവച്ചത് എന്തിനാണ്..? മോനുവേണ്ടി അച്ഛനും അമ്മയും കൂടി കഷ്ടപ്പെട്ട് കണ്ടുപിടിച്ചു കൊണ്ടുവന്ന ആളു കൊള്ളാം.. നാളെ ഒരു സമയത്ത് ഞാൻ കിടപ്പിലായി പോയാൽ എന്നെ നോക്കാൻ പോലും ഇവൾക്ക് പറ്റില്ല. ഈ വയ്യാത്ത കാലും കൊണ്ട് അവൾ എന്ത് ചെയ്യാനാണ്..?”

ദേഷ്യത്തോടെ ചോദിച്ചപ്പോൾ അമ്മയും അച്ഛനും പരിഭ്രമത്തോടെ പരസ്പരം നോക്കുന്നത് കണ്ടു.

” എടാ നീ പെണ്ണിനെ കാണണ്ട എന്ന് പറഞ്ഞതുകൊണ്ട് അല്ലേ..? പിന്നെ ബ്രോക്കർ നിന്നോട് കാര്യങ്ങളൊക്കെ പറഞ്ഞു കാണും എന്നാണ് ഞങ്ങൾ കരുതിയത്. അല്ലാതെ മനപ്പൂർവ്വം മറച്ചുവച്ചത് ഒന്നുമല്ല.. “

അമ്മ നിസ്സഹായതയോടെ പറയുന്നത് കേട്ടപ്പോഴും ദേഷ്യം ഒന്നു മാറിയിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ അവളോടുള്ള പ്രവർത്തിയിൽ അത് മുഴച്ചു നിൽക്കുക തന്നെ ചെയ്തു.

അപ്പോഴും എന്റെ വീട്ടിലെ ഓരോ ജോലികളിലും സഹായിച്ചുകൊണ്ട് എനിക്ക് ചുറ്റും കറങ്ങുന്ന അവൾ വല്ലാത്ത അത്ഭുതമായിരുന്നു. വയ്യാത്ത കാലും കൊണ്ട് അവൾ ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യുന്നു എന്നോർത്ത് പലപ്പോഴും അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. പക്ഷേ അതൊന്നും അവളോട് പ്രകടിപ്പിക്കാൻ നിന്നിട്ടില്ല. അവളോടുള്ള ഇഷ്ടക്കേട് എന്റെ ഓരോ പ്രവർത്തികളിലും ഉണ്ടായിരുന്നു.

പക്ഷേ ഒരു ദിവസം ഓഫീസിൽ നിന്ന് വരുമ്പോൾ ബൈക്കിന് കുറുകെ ഒരു പട്ടി വട്ടം ചാടി. കാലിൽ പ്ലാസ്റ്ററിട്ട് ഒരു മാസത്തോളം റസ്റ്റ് എടുക്കേണ്ടി വന്നു. കാല് നിലത്തു കുത്താൻ പറ്റാതെ ഞാൻ ആകെ ബുദ്ധിമുട്ടി. പക്ഷേ അപ്പോഴൊന്നും ഒരു പരാതിയോ പരിഭവമോ പറയാതെ എന്നെ പരിപാലിച്ചത് അവൾ ആയിരുന്നു.

കാലിലെ പ്ലാസ്റ്റർ എടുത്തു മാറ്റിയെങ്കിലും, നടക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. അന്നൊക്കെ ഓരോരുത്തരും കളിയാക്കി ചിരിക്കുന്നത് കണ്ടപ്പോഴാണ് അവൾ ജീവിതത്തിൽ ഇതുവരെ എത്രത്തോളം കളിയാക്കലുകൾ ഏറ്റുവാങ്ങിയിട്ടുണ്ടാകും എന്ന് ഓർമ്മവന്നത്.

പുതിയൊരു പ്രതീക്ഷയോടെ ഒരു ജീവിതത്തിലേക്ക് കയറി വന്നിട്ടും, ഞാൻ അവൾക്ക് ഇതുവരെ സ്നേഹം കൊടുത്തിട്ടില്ല എന്ന് ഓർത്തു. കിട്ടുന്ന അവസരങ്ങളിൽ ഒക്കെ അവളെ കുറ്റപ്പെടുത്തുകയും കളിയാക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ.

അന്ന് വൈകുന്നേരം ഓഫീസിൽ നിന്ന് വീട്ടിലെത്തി അവളെ ചേർത്ത് പിടിക്കുമ്പോൾ അത്ഭുതത്തോടെയാണ് അവൾ നോക്കിയത്. ചെയ്ത തെറ്റുകൾ ഒക്കെ ഏറ്റുപറഞ്ഞു ക്ഷമ ചോദിക്കുമ്പോൾ, പുതിയൊരു ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷ അവളുടെ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു. ആ പ്രതീക്ഷയ്ക്ക് അങ്ങനെ ഏൽപ്പിക്കാതെ ഒന്നിച്ച് ചുവടുവയ്ക്കുകയാണ് പുതിയൊരു ജീവിതത്തിന് വേണ്ടി..!