കലിപ്പ്…
രചന : പ്രവീൺ ചന്ദ്രൻ
:::::::::::::::::::::::::
ഫേയ്സ്ബുക്ക് പോസ്റ്റുകൾ നോക്കുന്നതിനി ടെയാണ് ആ പോസ്റ്റ് അരുൺ ശ്രദ്ധിക്കുന്നത്…
അത് വായിച്ചതും അവന്റെ ഉളളിലെ തീ വ്ര ഹി ന്ദു ഉണർന്നു…അവനും ആ പോസ്റ്റിനടിയിൽ കമന്റിട്ടു..
“ഹി ന്ദുവിനെ തോണ്ടാൻ വന്നാ നിങ്ങളെ ഈ ഭൂമിയിൽ വച്ചേ ക്കില്ല”
എന്നിട്ടും കലിപ്പു തീരാതെ അവൻ അത് കുറെ വാട്ട്സ് ആപ് ഗ്രൂപ്പുകളിലും ഇൻസ്റ്റാ ഗ്രാമിലും ഷെയർ ചെയ്തു… അത് കഴിഞ്ഞതും മനസ്സിന് ഒരാശ്വാസം പോലെ അവന് തോന്നി…
ഇതേ സമയം തൊട്ടടുത്ത വീട്ടിലെ ഷമീറിനും സമാന അനുഭവം ഉണ്ടായി.. അവനും ഒരു നിമിഷം മ ത ഭ്രാ ന്ത നായി മാറി…
“ഇ സ്ലാ മിനെ കുറിച്ച് നിങ്ങൾക്കെന്തറിയാം… കൂടുതൽ ഉണ്ടാക്കല്ലേ വിവരമറിയും”
അവനും അത് മറ്റു ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്തു
പോസ്റ്റിംങ്ങും ഷെയറിംഗും കഴിഞ്ഞ് രണ്ടു പേരും പുറത്തേക്കിറങ്ങി…
തൊട്ടടുത്ത് തന്നെയായിരുന്നു അവരുടെ വീടുകൾ…
ഷമീറിനെ കണ്ടതും അരുണിന്റെ കൈകൾ തരിച്ചു.. മുഖത്തെ രക്തയോട്ടം കൂടി കൂടി വന്നു… അവൻ ചുറ്റും പരതി കൈയിൽ കിട്ടിയത് ഒരു ക്രിക്കറ്റ് ബാറ്റാണ്… അവൻ ആ ബാറ്റെടുത്ത് ഷമീറിന്റെ അടുത്തേക്ക് ആഞ്ഞു നടന്നു..
അവന്റെ ആ വരവ് കണ്ട് കാര്യം മനസ്സിലാക്കിയ ഷമീർ കയ്യിലുണ്ടായിരുന്ന സ്റ്റംമ്പിൽ പിടിമുറുക്കി… അവനും മുന്നേ കരുതിയിരുന്നു.. അവന്റെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകി…
അരുണിന്റെ പോക്ക് കണ്ട് പരിഭ്രമിച്ച അവന്റെ അമ്മ അവനെ പുറകീന്ന് വിളിച്ചു…പക്ഷെ അവനത് കേൾക്കുവാനുളള താൽപര്യം ഉണ്ടായിരുന്നില്ല…
അടുത്തെത്തും തോറും രണ്ടു പേരുടേയും കണ്ണുകളിലെ തീഷ്ണത കൂടി കൂടി വന്നു…
നാട്ടുകാരിൽ ചിലർ ഒരു പോരിനുളള കോളൊത്ത് വരുന്നത് കണ്ട് പല്ലിളിച്ചു…
ഷമീറിന് അഭിമുഖമായി അരുൺ നിന്നു..
“ഷമീർ നീ ഇന്ന് നിന്നെ ഞാൻ അ ടിച്ച് നാ ശാക്കും..”
ഒരു ദയയുമില്ലാതെയുളള അരുണിന്റെ ആ സംസാരം ഷമീറിനെ ചൊടിപ്പിച്ചു…
“പിന്നെ.. എന്റെ കൈ എന്താ മാങ്ങ പറിക്കാൻ പോകുമോ…നിന്റെ മുഖം നീ സൂക്ഷിച്ചോ?”
പിന്നെ അവിടെ നടന്നത് തീപ്പൊരി പോരാട്ടമായിരുന്നു…
അവസാനം പന്ത് മതിലിനപ്പുറത്തേക്ക് അടിച്ചാൽ ഔട്ട് എന്ന ഡബ്ലൂ പി സ് നിയമം വഴി അരുൺ ഔട്ടാവുമ്പോൾ ഷമീറിന്റെ മുഖത്ത് വശ്യമായ ചിരി വിടർന്നു…
അരുണിന്റെ അടുത്തേക്ക് കട്ട കലിപ്പോടെ ഷമീർ എത്തി അവന്റെ മുഖത്ത് നോക്കി ഒട്ടും ദയയില്ലാതെ അവൻ പറഞ്ഞു…
“വൈകീട്ട് വീട്ടിലേക്ക് വാ ഉമ്മ അനക്ക് ഇഷ്ടമുളള പത്തിരീം കോഴിക്കറീം ഉണ്ടാക്കിയിട്ടുണ്ട്” പക്ഷെ അരുൺ അതിനു തയ്യാറല്ലായിരുന്നു…
അവന്റെ ബലിഷ്ഠമായ കൈകൾ ഷമീറിന്റെ ഷോൾഡറിൽ വീണു..
“ഉമ്മയോട് അത് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ.. ഇന്ന് ക്രിസ്മസ് അല്ലേ നമുക്ക് ജോയിയുടെ വീട്ടിൽ പോകാം അവൻ ഓണത്തിനും പെരുന്നാളിനും നമ്മുടെ വീട്ടിൽ വന്ന് മൂക്ക് മുട്ടെ തിന്നിട്ട് പോയതല്ലേ?”
അരുൺ ആ പറഞ്ഞതിനോട് അവന് പൂർണ്ണ യോചിപ്പായിരുന്നത് കൊണ്ട് അടുത്ത കലിപ്പിലേക്ക് അവർ തിരിഞ്ഞു….
**സത്യത്തിൽ ഇത് തന്നെയല്ലേ നമ്മുടെ സമൂഹത്തിൽ നടക്കുന്നത്…
സോഷ്യൽ മിഡിയയിൽ മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന പലരും നേരിൽ കാണുമ്പോൾ ഒരു പ്രശ്നവുമില്ലാതെ തോളത്ത് കയ്യിട്ടു നടക്കുന്നു എന്നതാണ് സത്യം…
നിങ്ങളൊന്ന് ആ മൊബൈൽ താഴെ വച്ച് ഒന്ന് പുറത്തിറങ്ങി നോക്കൂ..
ആമിനാത്തോട് കുശലം പറഞ്ഞിരിക്കുന്ന ജാനകിയേടത്തിയെ നിങ്ങൾക്ക് കാണാം,
മീൻകാരൻ കാദറിക്കയുടെ കയ്യിൽ നിന്നും മീൻ വിലപേശിവാങ്ങുന്ന റോസിലിചേച്ചിയെ നിങ്ങൾക്ക് കാണാം..
തോളത്ത് കൈയിട്ട് സ്കൂളിലേക്ക് പോകുന്ന കുട്ടനേയും ലിൻസണേയും നിങ്ങൾക്ക് കാണാം…
പീടിക തിണ്ണയിൽ ബഡായി പറഞ്ഞിരിക്കുന്ന സുലൈമാനേയും കണ്ണനേയും ജോസഫിനേയും നിങ്ങൾക്ക് കാണാം…
പിന്നെ ആർക്കാ ആളുകളെ തമ്മിലടിപ്പിക്കാൻ ഇത്ര തിടുക്കം.. സൂക്കർ അണ്ണനോ?