ഓനെന്തൊക്കെ പറഞ്ഞാലും അടുത്ത ബരവിന് ഓൻ നിന്നെക്കൂട്ടിബന്നാലേ ഈ പടികേറാൻ ഞാൻ സമ്മയ്ക്കൂ…

ജുബൈരിയത്ത്…

രചന : ഭാഗ്യലക്ഷ്മി. കെ. സി

::::::::::::::::::::::::

എടീ ജുബൈരീ നീയെന്നും ഒരുങ്ങിയില്ലേ..?

നസറീ, ഞാനിതാ ബര്ന്ന്..

ജുബൈരി തട്ടമെടുത്ത് തലയിലിട്ട് കണ്ണാടിയിൽ നോക്കി. കണ്ണുകളിൽ സുറുമയിട്ടപ്പോൾ ജുബൈരിയത്തിന് അവളുടെ നിക്കാഹിന് ഒരുങ്ങിയതോ൪മ്മ വന്നു.

ഒപ്പം പഠിച്ചവരൊക്കെ കളിപറഞ്ഞും ചിരിച്ചും അണിയിച്ചൊരുക്കിയും ഒപ്പന പാടിയും ആ൪ഭാടമായിട്ടായിരുന്നു തന്റെ വിവാഹം. അതൊക്കെ ഓ൪ക്കാൻ തന്നെ എന്തൊരു ചേലാണ്…പക്ഷേ ഓ൪മ്മകൾ, സഹീ൪ അവളുടെ കരണത്തടിച്ച് സലാലയിലേക്ക് പെട്ടിയുമെടുത്ത് ഇറങ്ങിപ്പോയ എപ്പിസോഡിലെത്തുമ്പോഴേക്കും ജുബൈരിയത്തിന് തന്റെ കണ്ണുകൾ തോരുന്നത് അറിയാൻപാടില്ലാതാവും..

ഇനിയും ഫ്ലാഷ്ബേക്ക് ഓ൪ത്തിരുന്നാൽ നസ്രിയ വന്ന് കഴുത്തിന് പിടിക്കുമെന്ന് പതംപറഞ്ഞ് ജുബൈരിയത്ത് അറപൂട്ടി പുറത്തിറങ്ങി.

നിന്റെ കമ്മല് പുതിയതാടീ..?

ഏയ്, നമ്മ ലുലുമാളില് പോയപ്പോ ബാങ്ങിയതല്ലേടീ..

നെനക്കെന്താ ഇന്നും കണ്ണില് കരട് പോയാ..? ഒരു ചൊമപ്പ്..?

ജ്ജ് നടക്ക് നസറീ..

ജുബൈരിയത്ത് ഹൈഹീൽഡ്‌‌ ചെരിപ്പിന്മേൽ കയറിനിന്ന് ബാലൻസ് ചെയ്ത് നടക്കാൻ തുടങ്ങി.

നസ്രിയ അവളുടെ നടപ്പും നോക്കി പിറകേ നടന്നു. ഒരുപാത്രം അത്തറെടുത്ത് ദേഹത്ത് പുരട്ടിയിട്ടുണ്ട് പെണ്ണ്.. നടക്കുമ്പോൾ നാഗവല്ലി നടക്കുമ്പോലെ കിലും കിലും എന്ന് ശബ്ദം കേൾക്കാം. ഇടയ്ക്കിടെ സഹീറിനെ ഓ൪ത്ത് കണ്ണീരൊലിപ്പിക്കലാണ് മൂപ്പത്തിയുടെ പ്രധാന ഹോബി.

സിവിൽ എഞ്ചിനീയറിങ് കഴിഞ്ഞതാന്ന് പറഞ്ഞിട്ടെന്താ കാര്യം. തലയിൽ ഐമ്പത് പൈശേന്റെ വെളിവില്ല…

നസ്രിയ പിറുപിറുത്തു.

ആരുടെയെങ്കിലും നിക്കാഹാണെന്ന് കേട്ടാൽ മതി. ഉടനെ ഇറങ്ങിക്കോളും. കോയിബിരിയാണി ഇതുവരെ കാണാത്തതുപോലെ മൂക്കുമുട്ടെ തട്ടും. ചിരിയും കളിയും കണ്ടാൽ സഹീ൪ ദിവസവും വിളിച്ച് പഞ്ചാരപ്പാലിൽ തേനൊഴിച്ച് കൊടുക്കുന്നതുപോലെ സന്തോഷിച്ച മുഖത്തോടെയാണ്. പക്ഷേ ആരെങ്കിലും ചോദിച്ചാലോ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതുപോലെയാകുമെന്ന് പേടിച്ച് ആരും സഹീറിന്റെ കാര്യം കമാന്ന് മിണ്ടില്ല.

പക്ഷേ എന്തൊക്കെ പറഞ്ഞാലും ജുബൈരിയത്തിന്റെ ബാപ്പാക്ക് ഓള് കയിഞ്ഞേ ബാക്കി മൂന്ന് മക്കളോടും പിരിശമുള്ളൂ..

ജ്ജ് എന്താണ്ടാ ആലോയ്ക്ക്ണത്..?

ജുബൈരിയത്ത് നസ്രിയയെ തിരിഞ്ഞുനോക്കി.

റോഡിലൂടെ ഒറ്റ ഓട്ട൪ഷയും പോണില്ലാലാന്ന് ബിജാരിക്കോന്ന്..

അത് ബര്വെടീ..നമുക്ക് കൊ൪ച്ചേരം കൂടി നോക്കാ..

ജൂബൈരീ, നീ കല്യാണത്തിന് പോന്നത് നിന്റെ പുയ്യാപ്ലേന്റെ ബീട്ടില് പറഞ്ഞിനാ..?

അവളുടെ മുഖത്തൊരു വാട്ടം മിന്നിമറഞ്ഞു. അവൾ തലയാട്ടിക്കൊണ്ട് പറഞ്ഞു:

ബാപ്പ ഇന്നലെ ആട്ത്തെ ഉമ്മീന ബിളിച്ചേരം പറഞ്ഞിനി.

ജുബൈരിയത്ത് സഹീറിന്റെ ഉമ്മയെ ഓ൪ത്തു. തന്റെ കൈപിടിച്ച് വീട്ടിലേക്ക് കയറ്റി ബന്ധുക്കളോടും നാട്ടുകാരോടുമൊക്കെ പരിചയപ്പെടുത്തി ദേഹത്ത് മിന്നുന്ന മാലയും വളയുമൊക്കെ തൊട്ടുനോക്കി, പുതിയപെണ്ണ് നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി സംതൃപ്തിയോടെ ചിരിച്ച ആ ചിരി താൻ നാല് മാസം കഴിഞ്ഞ് ആ വീട്ടിൽനിന്നും ഇറങ്ങിവരുന്നതുവരെ ഉണ്ടായിരുന്നു.

ഇപ്പോഴും താനങ്ങട് ചെല്ലുന്നതും കാത്തിരിക്കയാണ് ആ പാവം. ദിവസവും വിളിക്കുമായിരുന്നു. സഹീർ വഴക്കുപറഞ്ഞാണ് അതൊക്കെ നി൪ത്തിയത്. എന്നാലും ‌തരംകിട്ടിയാൽ വിളിക്കും. ബാപ്പ തന്നെ കൂട്ടാൻ വന്നപ്പോൾ ആരും കേൾക്കാതെ ചെവിയിൽ ഉമ്മി പറഞ്ഞു:

അന്റെ സഹീറിന്റെ പെണ്ണാ ജ്ജ്..ഓനെന്തൊക്കെ പറഞ്ഞാലും അടുത്ത ബരവിന് ഓൻ നിന്നെക്കൂട്ടിബന്നാലേ ഈ പടികേറാൻ ഞാൻ സമ്മയ്ക്കൂ…

അതാണ് തന്റെയും പ്രതീക്ഷ. പക്ഷേ സഹീർ ഇനി നാലഞ്ച് കൊല്ലത്തേക്ക് നാട്ടിലേക്ക് വരില്ല എന്നാണത്രേ റഫീക്കാക്കാനോട് പറഞ്ഞത്. അത്രയുംനാൾ എങ്ങനെ പിടിച്ചുനിൽക്കും.. ഇപ്പോൾത്തന്നെ ഓരോരുത്തരും ചോദിക്കാൻ തുടങ്ങി.

ജുബൈരീ, ആ ഓട്ട൪ഷേല് ആരൂല്ലാന്ന് തോന്നണ്.. കൈകാട്ടിയാട്ടെ..

അവ൪ അതിൽ കയറി കല്യാണവീട്ടിലെത്തി.അവിടെ നിറയെ അതിഥികളെ സത്കരിക്കുന്ന തിരക്കായിരുന്നു. മണവാട്ടിപ്പെണ്ണിന് ചുറ്റും സുന്ദരികളായ പെൺകുട്ടികൾ ചമഞ്ഞൊരുങ്ങി കറങ്ങിനടക്കുന്നു. അടുക്കളയുടെ പിറകിലെ മുറ്റത്തുനിന്നും വരുന്ന പലവിധ വിഭവങ്ങളുടെ ഗന്ധം മൂക്കിൽ തുളച്ചുകയറുന്നു. ജുബൈരിയത്ത് ഓരോനിമിഷവും ഒരുവ൪ഷം മുമ്പ് കഴിഞ്ഞ തന്റെ കല്യാണത്തെക്കുറിച്ച് ഓ൪ത്തുകൊണ്ടിരുന്നു.

ബന്ധുക്കളൊക്കെ വന്ന് വിശേഷം ചോദിക്കുമ്പോൾ ജുബൈരിയത്ത് നസ്രിയയുടെ പിറകിലേക്ക് നീങ്ങിനിൽക്കും. സ൪ബത്ത് കൊണ്ടുവരുമ്പോഴും ചിരിയുടെ അമിട്ട് പൊട്ടുമ്പോഴും പുതിയപെണ്ണിനെ കളിയാക്കുമ്പോഴും സകലതും മറന്ന് അവൾ മുന്നിലേക്ക് വരും.

നസ്രിയ കണക്കിന് കളിയാക്കിയാലും അവൾക്കൊരു കൂസലുമില്ല. എല്ലാം അറിയുന്നവൾ അവൾ മാത്രമാണ്. മനസ്സ് തുറക്കുന്നതും ഓ൪മ്മവെച്ചനാൾ മുതൽ ഒപ്പമുള്ള അയൽവക്കത്തെ ഈ കൂട്ടുകാരിയോടാണ്.

പെട്ടെന്ന് ജുബൈരിയത്തിന്റെ ഫോൺ റിങ്‌ ചെയ്തു. സഹീറിന്റെ ഉമ്മയാണ്. ആളുകളുടെ ബഹളത്തിൽ അവൾക്കൊന്നും കേൾക്കാനായില്ല.

ഉമ്മീ, ഞാൻ കല്യാണപ്പൊരയ്ക്കാണ് ഉള്ളത്..പിന്നെ ബിളിക്കാ.. ഒന്നും കേക്കണില്ല..

ഓ.. നിന്റെ ഉമ്മിക്ക് നിന്നെ നല്ലോണം പിടിച്ചിനല്ലാ..

നസ്രിയ കളിയാക്കി.

നസറീ, അതല്ല.. എന്തോ അത്യാവശ്യം പറയാനാണ് ഉമ്മി വിളിച്ചത് എന്ന് തോന്നുന്നു..

അതിനിടയിൽ ആരൊക്കെയോ ബിരിയാണി ബെയ്ക്കാൻ വിളിച്ചു. അത് കേട്ടതും ജുബൈരിയത്ത് നസ്രിയയുടെ കൈയും പിടിച്ച് ഓടിപ്പോയി സീറ്റ് പിടിച്ചു. വിഭവങ്ങളെല്ലാം ആവോളം വാങ്ങിക്കഴിക്കുമ്പോഴും നസ്രിയ ജുബൈരിയത്തിനെ കളിയാക്കുന്നുണ്ടായിരുന്നു.

ഒന്ന് പതിയെ തിന്നെന്റെ ജുബൈരീ..അന്ന ബെറുതേയല്ല സഹീ൪ ഇട്ടിട്ടുപോയത്..

അത് കേട്ടപ്പോൾ ജുബൈരിയത്തിന്റെ കണ്ണ് നിറഞ്ഞു. അവൾ കഴിക്കുന്നത് നി൪ത്തി. തന്റെ കല്യാണം കഴിഞ്ഞ് സത്ക്കാരത്തിനായി ബന്ധുവീടുകളിലൊക്കെ പോകുമ്പോൾ സഹീ൪ വല്ലാതെ ശാസിക്കുമായിരുന്നു,

പതിയെ കഴിക്കണം,‌ ഉച്ചത്തിൽ ചിരിക്കാൻ പാടില്ല. ബൈക്കിൽ ഒരുവശത്ത് മാത്രം കാലിട്ട് ഇരിക്കണം. പക്വതയോടെ പെരുമാറണം…

പക്ഷേ അതൊന്നും തനിക്ക് പ്രധാനമായിത്തോന്നിയില്ലായിരുന്നു. ഒടുക്കം ഒരുദിവസം കവിളത്ത് ഒരടി പൊട്ടിയപ്പോഴാണ് സഹീറിന് തന്നെ മടുത്തുതുടങ്ങിയത് താനറിഞ്ഞത്. അന്ന് ഒന്നും മിണ്ടിയില്ലെങ്കിലും അടുത്തദിവസം വല്ലതും പറഞ്ഞ് പരിഭവം മാറ്റാമെന്ന് കരുതിയിരിക്കുമ്പോഴാണ് രാവിലെ തന്നെ സഹീ൪ പെട്ടിയുമെടുത്ത് ഇറങ്ങിപ്പോകുന്നത് കണ്ടത്.

തന്നോടൊരു വാക്കുപോലും പറയാതെ പോയതോ൪ത്തപ്പോൾ ജുബൈരിയത്തിന്റെ തൊണ്ടയിൽ എന്തോ തടഞ്ഞു. അവൾ പെട്ടെന്ന് എഴുന്നേറ്റു. കൈകഴുകി,‌ പുറത്തിറങ്ങി മൊബൈൽ എടുത്തു. ബാപ്പയും വിളിച്ചിട്ടുണ്ട്. മിസ്കാൾ കണ്ടപ്പോൾ ജുബൈരിയത്തിന് തലകറങ്ങുന്നതുപോലെ തോന്നി.

നസറീ,‌ എന്തോ കുഴപ്പമുണ്ട്,‌ ബാപ്പയും വിളിച്ചിട്ടുണ്ട്.

നീ പേടിക്കാതെ.. അങ്ങോട്ട് വിളിച്ചുനോക്ക്..

ജുബൈരിയത്ത് പെട്ടെന്ന് തന്നെ സഹീറിന്റെ ഉമ്മയെ വിളിച്ചു.പക്ഷേ ഫോണെടുത്തത് സഹീറാണ്.

ഹലോ..

ജുബൈരിയത്തിന് തന്റെ കാതുകളെ വിശ്വസിക്കാൻ വയ്യാതായി.

കല്യാണമൊക്കെ കഴിഞ്ഞോ..പെട്ടെന്ന് തന്നെ വീട്ടിൽപ്പോയി ബാഗുമെടുത്ത് ഇങ്ങോട്ട് വന്നോളൂ..എന്നെയിവിടെ ഉമ്മി അകത്ത് കയറ്റാതെ പുറത്തിരുത്തിയിരിക്കുകയാ..

സഹീ൪ ചിരിച്ചുകൊണ്ട് പറഞ്ഞു.

ജുബൈരിയത്തിന് ചിരിക്കണോ കരയണോ എന്നറിയാതെയായി.

പക്ഷേ അടുത്തനിമിഷം വീണ്ടും സഹീ൪ തന്നോട് എങ്ങനെ പെരുമാറുമെന്ന ചിന്തയിൽ അവളുരുകി.

ഹലോ..എന്തേ ഉത്തരമൊന്നുമില്ലാത്തത്..?

അവന്റെ ‌ചോദ്യത്തിന് അവൾ വിറയാ൪ന്ന ശബ്ദത്തിൽ പറഞ്ഞു:

വേണ്ടിക്കാ, ഇനിയും ഞാൻ കാരണം നാണക്കേടാവണ്ട…

നസ്രിയ അവളുടെ കൈയിൽ നുള്ളി ദേഷ്യഭാവത്തിൽ ആംഗ്യം കാണിച്ചു.

അത് കൂട്ടാക്കാതെ കണ്ണീ൪ തുടച്ച് ബൈ പറയാൻ പോകുമ്പോൾ ‌സഹീ൪ പറഞ്ഞു:

അതൊന്നും സാരമില്ലെടോ.. ഞാൻ അതൊക്കെ വലിയ കാര്യമായി കണ്ടത് എന്റെ വിവരമില്ലായ്മയാണെന്ന് മനസ്സിലാക്കാൻ അല്പം താമസിച്ചുപോയി. ഞാൻ ബാപ്പയെ വിളിച്ച് ക്ഷമ ചോദിച്ചിട്ടുണ്ട്. ബാപ്പ നീ വരാൻ അവിടെ കാത്തുനിൽക്കയാണ്. നിന്നെ കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞിട്ടുണ്ട്..അതോ ഞാൻ നേരിട്ട് വരണോ..?

വേണ്ട.. ഞാൻ വന്നോളാം..

ജുബൈരിയത്തിന്റെ കണ്ണിൽ വിരിഞ്ഞ ചിരിനോക്കി നസ്രിയയും ചിരിച്ചു.